വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യായം 27

‘ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ സമഗ്ര​മാ​യി അറിയി​ക്കു​ന്നു’

‘ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ സമഗ്ര​മാ​യി അറിയി​ക്കു​ന്നു’

റോമിൽ തടവി​ലാ​ണെ​ങ്കി​ലും പൗലോസ്‌ തുടർന്നും പ്രസം​ഗി​ക്കു​ന്നു

ആധാരം: പ്രവൃ​ത്തി​കൾ 28:11-31

1. പൗലോ​സി​നും കൂട്ടാ​ളി​കൾക്കും എന്ത്‌ ഉറപ്പുണ്ട്‌, എന്തു​കൊണ്ട്‌?

 വർഷം ഏതാണ്ട്‌ എ.ഡി. 59. “സീയൂസ്‌പുത്രന്മാർ” എന്ന ചിഹ്നമുള്ള ഒരു കപ്പൽ—സാധ്യ​ത​യ​നു​സ​രിച്ച്‌ വളരെ വലി​യൊ​രു ധാന്യ​ക്കപ്പൽ—മെഡി​റ്റ​റേ​നി​യൻ കടലിലെ മാൾട്ട ദ്വീപിൽനിന്ന്‌ ഇറ്റലി​യി​ലേക്കു പോകു​ക​യാണ്‌. യാത്രി​ക​രാ​യി അതിൽ തടവു​കാ​ര​നായ പൗലോസ്‌ അപ്പോ​സ്‌ത​ല​നും അദ്ദേഹ​ത്തിന്‌ അകമ്പടി​യാ​യി വന്ന കാവൽപ്പ​ട​യാ​ളി​ക​ളും അതു​പോ​ലെ സഹക്രി​സ്‌ത്യാ​നി​ക​ളായ ലൂക്കോ​സും അരിസ്‌തർഹോ​സും ഉണ്ട്‌. (പ്രവൃ. 27:2) ആ കപ്പലിലെ ജോലി​ക്കാർ സംരക്ഷ​ണ​ത്തി​നാ​യി ആശ്രയം​വെ​ച്ചി​രു​ന്നത്‌ സമു​ദ്ര​ദേ​വ​ന്മാ​രായ കാസ്റ്റർ, പോള​ക്‌സ്‌ (ഗ്രീക്ക്‌ ദേവനായ സിയൂ​സി​ന്റെ ഇരട്ടപ്പു​ത്ര​ന്മാർ) എന്നിവ​രിൽ ആയിരു​ന്നെ​ങ്കിൽ പൗലോ​സും കൂട്ടാ​ളി​ക​ളും സേവി​ച്ചി​രു​ന്നത്‌ സത്യ​ദൈ​വ​മായ യഹോ​വയെ ആണ്‌. (പ്രവൃ. 28:11-ന്റെ പഠനക്കു​റിപ്പ്‌ കാണുക, nwtsty) പൗലോസ്‌ റോമിൽ സീസറി​ന്റെ മുമ്പാകെ നിൽക്കു​മെ​ന്നും അവിടെ അദ്ദേഹം സത്യത്തി​നു സാക്ഷ്യം വഹിക്കു​മെ​ന്നും അവർക്കു വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തത്‌ യഹോ​വ​യാണ്‌.—പ്രവൃ. 23:11; 27:24.

2, 3. പൗലോ​സി​ന്റെ കപ്പൽ ഏതു വഴിക്കാ​ണു പോകു​ന്നത്‌, ഈ യാത്ര​യിൽ ഉടനീളം അദ്ദേഹ​ത്തിന്‌ ആരുടെ സഹായം ലഭിച്ചു?

2 പ്രാധാ​ന്യ​ത്തിൽ ഏതാണ്ട്‌ ആതൻസി​നും റോമി​നും ഒപ്പം നിൽക്കുന്ന, സിസി​ലി​യി​ലെ മനോഹര നഗരമായ സുറക്കൂ​സ​യിൽ കപ്പൽ എത്തി. അവി​ടെ​നിന്ന്‌ മൂന്നു ദിവസ​ത്തി​നു​ശേഷം അവർ തെക്കൻ ഇറ്റലി​യി​ലെ രേഗ്യൊ​നി​ലേക്കു പുറ​പ്പെട്ടു. തുടർന്ന്‌ ഒരു തെക്കൻ കാറ്റിന്റെ സഹായ​ത്തോ​ടെ ഏറ്റവും കുറഞ്ഞ സമയം​കൊണ്ട്‌ അവർ ഇറ്റലി​യി​ലെ പുത്യൊ​ലി തുറമു​ഖത്ത്‌ (ആധുനി​ക​കാല നേപ്പിൾസി​നു സമീപം) എത്തി. 320 കിലോ​മീ​റ്റർവ​രുന്ന ഈ യാത്ര​യ്‌ക്ക്‌ വെറും രണ്ടു ദിവസമേ വേണ്ടി​വ​ന്നു​ള്ളൂ.—പ്രവൃ. 28:12, 13.

3 പൗലോസ്‌ ഇപ്പോൾ റോമി​ലേ​ക്കുള്ള തന്റെ യാത്ര​യു​ടെ അവസാ​ന​ഘ​ട്ട​ത്തിൽ എത്തിയി​രി​ക്കു​ന്നു. അവിടെ അദ്ദേഹം നീറോ ചക്രവർത്തി​യു​ടെ മുമ്പാകെ ഹാജരാ​കും. ഈ യാത്ര​യിൽ ഉടനീളം “ഏതു സാഹച​ര്യ​ത്തി​ലും ആശ്വാസം തരുന്ന” ദൈവം പൗലോ​സി​നോ​ടൊ​പ്പം ഉണ്ടായി​രു​ന്നു. (2 കൊരി. 1:3) ദൈവ​ത്തിൽനി​ന്നുള്ള ആ സഹായം അദ്ദേഹ​ത്തിന്‌ തുടർന്നും ലഭിക്കു​ന്നത്‌ എങ്ങനെ​യെ​ന്നും അതു​പോ​ലെ ഒരു മിഷന​റി​യെ​ന്ന​നി​ല​യിൽ തീക്ഷ്‌ണ​ത​യ്‌ക്കു മങ്ങലേൽക്കാ​തെ അദ്ദേഹം പ്രവർത്തി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും നാം ഇനി കാണാൻ പോകു​ക​യാണ്‌.

“പൗലോ​സി​നു ധൈര്യ​മാ​യി, പൗലോസ്‌ ദൈവ​ത്തി​നു നന്ദി പറഞ്ഞു” (പ്രവൃ. 28:14, 15)

4, 5. (എ) പുത്യൊ​ലി​യിൽ എത്തിയ പൗലോ​സി​നെ​യും കൂട്ടാ​ളി​ക​ളെ​യും സഹോ​ദ​രങ്ങൾ എങ്ങനെ കൈ​ക്കൊ​ണ്ടു, പൗലോ​സിന്‌ ഏറെ സ്വാത​ന്ത്ര്യം അനുവ​ദി​ച്ചു​കി​ട്ടി​യത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം? (ബി) ജയിലിൽ ആയിരി​ക്കു​മ്പോൾപ്പോ​ലും നല്ല പെരു​മാ​റ്റ​ത്തി​ലൂ​ടെ ക്രിസ്‌ത്യാ​നി​കൾ എങ്ങനെ പ്രയോ​ജനം നേടി​യേ​ക്കാം?

4 പുത്യൊ​ലി​യിൽ എത്തിയ പൗലോ​സും കൂട്ടാ​ളി​ക​ളും അവി​ടെ​യുള്ള “സഹോ​ദ​ര​ന്മാ​രെ കണ്ടു. അവർ നിർബ​ന്ധി​ച്ച​പ്പോൾ ഏഴു ദിവസം . . . അവരോ​ടൊ​പ്പം താമസി​ച്ചു.” (പ്രവൃ. 28:14) ആതിഥ്യ​ത്തി​ന്റെ എത്ര ശ്രേഷ്‌ഠ മാതൃക! തങ്ങൾ കാണിച്ച ആ സ്‌നേ​ഹ​ത്തി​നും കരുത​ലി​നും പ്രതി​ഫ​ല​മാ​യി അവർക്ക്‌ പൗലോ​സിൽനി​ന്നും കൂട്ടാ​ളി​ക​ളിൽനി​ന്നും ഏറെ പ്രോ​ത്സാ​ഹനം നേടാ​നാ​യി. എന്നാൽ ഒരു തടവു​കാ​ര​നായ പൗലോ​സിന്‌ എങ്ങനെ​യാണ്‌ ഇത്രയ​ധി​കം സ്വാത​ന്ത്ര്യം അനുവ​ദി​ച്ചു​കി​ട്ടി​യത്‌? സാധ്യ​ത​യ​നു​സ​രിച്ച്‌ അകമ്പടി വന്ന ആ പടയാ​ളി​ക​ളു​ടെ വിശ്വാ​സം അദ്ദേഹം ആർജി​ച്ചെ​ടു​ത്തി​രു​ന്നു.

5 സമാന​മായ അനുഭ​വങ്ങൾ യഹോ​വ​യു​ടെ ദാസന്മാർക്ക്‌ ഇന്നും ഉണ്ടാകാ​റുണ്ട്‌. ജയിലി​ലോ തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലോ ആയിരി​ക്കെ അവർ കാഴ്‌ച​വെച്ച നല്ല പെരു​മാ​റ്റം പലപ്പോ​ഴും കൂടു​ത​ലായ സ്വാത​ന്ത്ര്യ​വും പ്രത്യേക പരിഗ​ണ​ന​യും ലഭിക്കാൻ ഇടയാ​ക്കി​യി​ട്ടുണ്ട്‌. റൊമാ​നി​യ​യിൽ കവർച്ച​ക്കു​റ്റ​ത്തിന്‌ 75 വർഷം തടവു​ശി​ക്ഷ​യ്‌ക്കു വിധി​ക്ക​പ്പെട്ട ഒരാൾ ബൈബിൾ പഠിക്കു​ക​യും ജീവി​ത​ത്തിൽ ശ്രദ്ധേ​യ​മായ മാറ്റങ്ങൾ വരുത്തു​ക​യും ചെയ്‌തു. അത്‌ ജയില​ധി​കൃ​ത​രു​ടെ ശ്രദ്ധയിൽപ്പെട്ടു. തത്‌ഫ​ല​മാ​യി, ജയിലി​ലേ​ക്കുള്ള സാധനങ്ങൾ വാങ്ങാ​നും മറ്റും അവർ അയാളെ ഒറ്റയ്‌ക്ക്‌ പുറത്തു​വി​ടു​മാ​യി​രു​ന്നു! എന്നാൽ അതിലു​പ​രി​യാ​യി ഇത്തരത്തി​ലുള്ള നമ്മുടെ നല്ല പെരു​മാ​റ്റം യഹോ​വ​യ്‌ക്ക്‌ മഹത്ത്വം കരേറ്റു​ന്നു എന്നതാണു വാസ്‌തവം.—1 പത്രോ. 2:12.

6, 7. റോമി​ലെ സഹോ​ദ​ര​ന്മാർ അസാധാ​ര​ണ​മായ സ്‌നേഹം കാണി​ച്ചത്‌ എങ്ങനെ?

6 പുത്യൊ​ലി​യിൽനിന്ന്‌ പൗലോ​സും കൂട്ടാ​ളി​ക​ളും റോമി​ലേ​ക്കുള്ള പ്രധാ​ന​വീ​ഥി​യായ അപ്പീയൻ പാതയി​ലൂ​ടെ, സാധ്യ​ത​യ​നു​സ​രിച്ച്‌ ഏതാണ്ട്‌ 50 കിലോ​മീ​റ്റർ നടന്ന്‌ കാപു​വ​യിൽ എത്തി. ലാവാ​ശി​ലകൾ പാകിയ പ്രസി​ദ്ധ​മായ ആ വഴിയി​ലൂ​ടെ നീങ്ങവെ, ഇറ്റലി​യു​ടെ ഗ്രാമീ​ണ​ഭം​ഗി​യും ഇടയ്‌ക്ക്‌ പലയി​ട​ങ്ങ​ളി​ലും മെഡി​റ്റ​റേ​നി​യന്റെ കടലോ​ര​ക്കാ​ഴ്‌ച​ക​ളും അവർക്ക്‌ ആസ്വദി​ക്കാ​നാ​യി. ഈ യാത്രി​കർ പൊ​ന്റൈൻ ചതുപ്പു​നി​ല​ങ്ങ​ളും പിന്നിട്ട്‌ അപ്യയി​ലെ ചന്തസ്ഥലത്ത്‌ എത്തി. എന്നാൽ റോമി​ലുള്ള സഹോ​ദ​ര​ന്മാർ പൗലോ​സും കൂട്ടാ​ളി​ക​ളും “വരു​ന്നെന്ന്‌ അറിഞ്ഞ്‌” അവരെ സ്വീക​രി​ക്കാ​നാ​യി പുറ​പ്പെട്ടു. ചിലർ ഏതാണ്ട്‌ 60 കിലോ​മീ​റ്റർ യാത്ര​ചെ​യ്‌ത്‌ അപ്യയി​ലെ ചന്തസ്ഥലം​വ​രെ​പ്പോ​ലും വന്നു. മറ്റുള്ളവർ റോമിൽനിന്ന്‌ ഏതാണ്ട്‌ 50 കിലോ​മീ​റ്റർ പിന്നിട്ട്‌ ഒരു വിശ്ര​മ​കേ​ന്ദ്ര​മായ ത്രിസ​ത്ര​ത്തിൽ കാത്തു​നി​ന്നു. സഹോ​ദ​ര​സ്‌നേ​ഹ​ത്തി​ന്റെ എത്ര ഉദാത്ത​മായ മാതൃക!—പ്രവൃ. 28:15.

7 ക്ഷീണിച്ച്‌ അവശരാ​യി എത്തുന്ന യാത്രി​കർക്ക്‌ ഒട്ടും സുഖ​പ്ര​ദ​മായ ഒരു ഇടത്താ​വ​ള​മാ​യി​രു​ന്നില്ല അപ്യയി​ലെ ചന്തസ്ഥലം. റോമൻ എഴുത്തു​കാ​ര​നായ ഹോ​രെസ്‌ ആ സ്ഥലത്തെ “നാവി​ക​രു​ടെ​യും പരുക്കൻ സ്വഭാ​വ​മുള്ള സത്രം സൂക്ഷി​പ്പു​കാ​രു​ടെ​യും ആസ്ഥാനം” എന്നാണ്‌ വിശേ​ഷി​പ്പി​ച്ചി​ട്ടു​ള്ളത്‌. അവിടത്തെ “ദുർഗന്ധം വമിക്കുന്ന മലിന​ജ​ല​ത്തെ​ക്കു​റി​ച്ചും” അദ്ദേഹം എഴുതി​യി​ട്ടുണ്ട്‌. എന്തിന്‌, അവി​ടെ​നിന്ന്‌ ആഹാരം കഴിക്കാൻപോ​ലും അദ്ദേഹം വിസമ്മ​തി​ച്ചി​രു​ന്നു! എന്നാൽ ഇത്തരം ബുദ്ധി​മു​ട്ടു​ക​ളൊ​ന്നും വകവെ​ക്കാ​തെ​യാണ്‌ റോമിൽനി​ന്നുള്ള സഹോ​ദ​ര​ന്മാർ അപ്യയി​ലെ ചന്തസ്ഥലത്ത്‌ എത്തി കാത്തു​നി​ന്നത്‌! പൗലോ​സി​ന്റെ​യും കൂട്ടാ​ളി​ക​ളു​ടെ​യും യാത്ര​യു​ടെ ഈ അവസാ​ന​ഘ​ട്ട​ത്തിൽ സുരക്ഷി​ത​രാ​യി അവരെ റോമി​ലേക്ക്‌ കൂട്ടി​ക്കൊ​ണ്ടു​പോ​കാൻ അവർ ആഗ്രഹി​ച്ചു.

8. സഹോ​ദ​ര​ന്മാ​രെ “കണ്ടപ്പോൾ” പൗലോസ്‌ ദൈവ​ത്തി​നു നന്ദിപ​റ​ഞ്ഞത്‌ എന്തു​കൊണ്ട്‌?

8 “അവരെ കണ്ടപ്പോൾ പൗലോ​സി​നു ധൈര്യ​മാ​യി, പൗലോസ്‌ ദൈവ​ത്തി​നു നന്ദി പറഞ്ഞു” എന്ന്‌ വിവരണം പറയുന്നു. (പ്രവൃ. 28:15) ഈ പ്രിയ സഹോ​ദ​ര​ന്മാ​രെ കണ്ടപ്പോൾത്തന്നെ പൗലോ​സിന്‌ ആശ്വാ​സ​വും ധൈര്യ​വും തോന്നി. അവരിൽ ചിലരെ അദ്ദേഹ​ത്തിന്‌ അടുത്ത്‌ അറിയാ​മാ​യി​രു​ന്നി​രി​ക്കണം. എന്തു​കൊ​ണ്ടാണ്‌ അദ്ദേഹം ദൈവ​ത്തി​നു നന്ദിപ​റ​ഞ്ഞത്‌? അവർ കാണിച്ച നിസ്സ്വാർഥ​മായ ഈ സ്‌നേഹം ദൈവാ​ത്മാ​വി​ന്റെ ഫലത്തിന്റെ ഒരു വശമാ​ണെന്ന്‌ അദ്ദേഹ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. (ഗലാ. 5:22) ഇന്നും സഹവി​ശ്വാ​സി​കൾക്കു​വേണ്ടി ഇത്തരം ത്യാഗങ്ങൾ ചെയ്യാ​നും പ്രയാ​സ​ത്തി​ലാ​യി​രി​ക്കു​ന്ന​വർക്ക്‌ ആശ്വാസം പകരാ​നും പരിശു​ദ്ധാ​ത്മാവ്‌ ക്രിസ്‌ത്യാ​നി​കളെ പ്രേരി​പ്പി​ക്കു​ന്നു.—1 തെസ്സ. 5:11, 14.

9. പൗലോ​സി​നെ സ്വീക​രി​ക്കാൻ എത്തിയ സഹോ​ദ​ര​ന്മാ​രു​ടെ മനോ​ഭാ​വം നമുക്ക്‌ എങ്ങനെ പ്രതി​ഫ​ലി​പ്പി​ക്കാം?

9 ഉദാഹ​ര​ണ​ത്തിന്‌ ദൈവ​സേ​വ​ന​ത്തി​നാ​യി തങ്ങളെ​ത്തന്നെ ഉഴിഞ്ഞു​വെ​ച്ചി​ട്ടുള്ള സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രോ​ടും മിഷന​റി​മാ​രോ​ടും മറ്റു മുഴു​സമയ ശുശ്രൂ​ഷ​ക​രോ​ടും അതിഥി​പ്രി​യം കാണി​ക്കാൻ പരിശു​ദ്ധാ​ത്മാ​വി​നാൽ പ്രചോ​ദി​ത​രാ​യി പല സഹോ​ദ​ര​ങ്ങ​ളും മുന്നോ​ട്ടു​വ​രാ​റുണ്ട്‌. നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘സർക്കിട്ട്‌ മേൽവി​ചാ​ര​ക​നും ഭാര്യ​ക്കും ആതിഥ്യ​മ​രു​ളി​ക്കൊണ്ട്‌ അവരുടെ സന്ദർശ​നത്തെ കൂടു​ത​ലാ​യി പിന്തു​ണ​യ്‌ക്കാൻ എനിക്കു കഴിയു​മോ? ശുശ്രൂ​ഷ​യിൽ അവരോ​ടൊ​പ്പം പ്രവർത്തി​ക്കാൻ എനിക്കു ക്രമീ​ക​രി​ക്കാ​നാ​കു​മോ?’ അങ്ങനെ ചെയ്യു​ന്ന​പക്ഷം നിങ്ങൾക്ക്‌ സമൃദ്ധ​മായ അനു​ഗ്ര​ഹങ്ങൾ കൊയ്യാ​നാ​കും എന്നതിനു സംശയ​മില്ല. റോമി​ലെ സഹോ​ദ​ര​ന്മാ​രു​ടെ കാര്യ​ത്തി​ലും അതു സത്യമാ​യി​രു​ന്നു. പൗലോ​സും കൂട്ടാ​ളി​ക​ളും തങ്ങൾക്കു​ണ്ടായ പ്രോ​ത്സാ​ഹ​ജ​ന​ക​മായ അനുഭ​വങ്ങൾ പങ്കു​വെ​ച്ച​പ്പോൾ അവർക്ക്‌ എത്രമാ​ത്രം സന്തോഷം തോന്നി​യി​രി​ക്കണം!—പ്രവൃ. 15:3, 4.

‘എല്ലായി​ട​ത്തും എതിർത്ത്‌ സംസാ​രി​ക്കു​ന്നു’ (പ്രവൃ. 28:16-22)

10. റോമിൽ പൗലോസ്‌ ഏതു സാഹച​ര്യ​ത്തി​ലാ​യി​രു​ന്നു, അവിടെ എത്തിയ ഉടൻതന്നെ അദ്ദേഹം എന്തു​ചെ​യ്‌തു?

10 അങ്ങനെ ഒടുവിൽ ആ യാത്രി​കർ റോമി​ലെത്തി. അവിടെ “ഒരു പടയാ​ളി​യു​ടെ കാവലിൽ ഇഷ്ടമു​ള്ളി​ടത്ത്‌ താമസി​ക്കാൻ പൗലോ​സിന്‌ അനുവാ​ദം ലഭിച്ചു.” (പ്രവൃ. 28:16) വീട്ടു​ത​ട​ങ്ക​ലിൽ കഴിയു​ന്ന​വ​രു​ടെ കാര്യ​ത്തിൽ, അവർ രക്ഷപ്പെ​ടാ​തി​രി​ക്കാൻ കാവൽനിൽക്കുന്ന പടയാ​ളി​യു​മാ​യി ഒരു ചങ്ങല​കൊണ്ട്‌ ബന്ധിക്കുന്ന രീതി​യു​ണ്ടാ​യി​രു​ന്നു. പൗലോസ്‌ ബന്ധിത​നാ​യി​രു​ന്നെ​ങ്കി​ലും രാജ്യ​ഘോ​ഷ​ക​നായ അദ്ദേഹ​ത്തി​ന്റെ വായട​യ്‌ക്കാൻ ആ ചങ്ങലയ്‌ക്കു കഴിയു​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ റോമിൽ എത്തി മൂന്നു ദിവസം കഴിഞ്ഞ​പ്പോൾത്തന്നെ അദ്ദേഹം റോമി​ലുള്ള ജൂത പ്രമാ​ണി​മാ​രെ വിളി​ച്ചു​കൂ​ട്ടി; തന്നെ അവർക്കു പരിച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ഒരു സാക്ഷ്യം നൽകു​ന്ന​തി​നും വേണ്ടി​യാണ്‌ അദ്ദേഹം അതു ചെയ്‌തത്‌.

11, 12. റോമി​ലെ ജൂതന്മാ​രോട്‌ സംസാ​രി​ക്കവെ, അവർക്ക്‌ ഉണ്ടായി​രു​ന്നി​രി​ക്കാൻ ഇടയുള്ള മുൻവി​ധി അകറ്റാൻ പൗലോസ്‌ എന്തു​ചെ​യ്‌തു?

11 പൗലോസ്‌ അവരോ​ടു പറഞ്ഞു: “സഹോ​ദ​ര​ന്മാ​രേ, ഞാൻ നമ്മുടെ ജനത്തി​നോ നമ്മുടെ പൂർവി​ക​രു​ടെ ആചാര​ങ്ങൾക്കോ എതിരാ​യി ഒന്നും ചെയ്‌തി​ട്ടില്ല. എന്നിട്ടും യരുശ​ലേ​മിൽവെച്ച്‌ ഒരു തടവു​കാ​ര​നാ​യി എന്നെ റോമാ​ക്കാ​രു​ടെ കൈയിൽ ഏൽപ്പിച്ചു. വിസ്‌ത​രി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ മരണശിക്ഷ അർഹി​ക്കു​ന്ന​തൊ​ന്നും ഞാൻ ചെയ്‌തി​ട്ടി​ല്ലെന്ന്‌ അവർക്കു മനസ്സി​ലാ​യി. അതു​കൊണ്ട്‌ എന്നെ വിട്ടയ​യ്‌ക്കാൻ അവർ ആഗ്രഹി​ച്ചു. എന്നാൽ ജൂതന്മാർ അതിനെ എതിർത്ത​പ്പോൾ സീസറി​ന്റെ മുമ്പാകെ അപ്പീലി​നു പോകാൻ ഞാൻ നിർബ​ന്ധി​ത​നാ​യി. അല്ലാതെ എന്റെ ജനതയ്‌ക്കെ​തി​രെ എന്തെങ്കി​ലും പരാതി​യു​ള്ള​തു​കൊ​ണ്ടല്ല ഞാൻ അതു ചെയ്‌തത്‌.”—പ്രവൃ. 28:17-19.

12 ആ ജൂതന്മാ​രെ “സഹോ​ദ​ര​ന്മാ​രേ” എന്ന്‌ അഭിസം​ബോ​ധന ചെയ്‌ത​തി​ലൂ​ടെ അവരുടെ മനസ്സിൽ ഉണ്ടായി​രു​ന്നി​രി​ക്കാൻ ഇടയുള്ള ഏതൊരു മുൻവി​ധി​യെ​യും തരണം​ചെ​യ്‌തു​കൊണ്ട്‌ അവരു​മാ​യി ഒരു യോജി​പ്പി​ലെ​ത്താൻ പൗലോസ്‌ ശ്രമി​ക്കു​ക​യാ​യി​രു​ന്നു. (1 കൊരി. 9:20) കൂടാതെ, താൻ അവിടെ എത്തിയി​രി​ക്കു​ന്നത്‌ തന്റെ സഹജൂ​ത​ന്മാർക്കെ​തി​രെ എന്തെങ്കി​ലും ആരോ​പണം ഉന്നയി​ക്കാ​നല്ല, മറിച്ച്‌ സീസറി​ന്റെ മുമ്പാകെ അപ്പീലി​നു പോകാൻവേണ്ടി ആണെന്നും അദ്ദേഹം വ്യക്തമാ​ക്കി. എന്നാൽ പൗലോ​സി​ന്റെ അപ്പീലി​നെ​ക്കു​റിച്ച്‌ ആ ജൂതന്മാർ അറിയു​ന്നത്‌ അപ്പോൾമാ​ത്ര​മാണ്‌. (പ്രവൃ. 28:21) യഹൂദ്യ​യി​ലുള്ള ജൂതന്മാർക്ക്‌ ഇക്കാര്യം അവരെ അറിയി​ക്കാൻ കഴിയാ​തെ​പോ​യത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം? ഒരു പരാമർശ​ഗ്രന്ഥം അതേക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “ശൈത്യ​കാ​ല​ത്തി​നു​ശേഷം ഇറ്റലി​യിൽ ആദ്യ​മെ​ത്തി​യത്‌ പൗലോസ്‌ യാത്ര​ചെയ്‌ത കപ്പലാ​യി​രി​ക്കണം. യരുശ​ലേ​മി​ലെ ജൂത അധികാ​രി​ക​ളു​ടെ പ്രതി​നി​ധി​കൾക്ക്‌ അവിടെ എത്തുന്ന​തി​നോ പ്രസ്‌തുത കാര്യം സംബന്ധി​ച്ചുള്ള ഒരു കത്ത്‌ എത്തിച്ചു​കൊ​ടു​ക്കു​ന്ന​തി​നോ കഴിഞ്ഞി​ട്ടു​ണ്ടാ​വില്ല.”

13, 14. പൗലോസ്‌ രാജ്യ​സ​ന്ദേ​ശ​ത്തി​ലേക്ക്‌ ശ്രദ്ധ ആകർഷി​ച്ചത്‌ എങ്ങനെ, നമുക്ക്‌ അദ്ദേഹ​ത്തി​ന്റെ മാതൃക എങ്ങനെ അനുക​രി​ക്കാം?

13 ആ ജൂതന്മാ​രു​ടെ ജിജ്ഞാസ ഉണർത്താൻപോന്ന ഒരു പ്രസ്‌താ​വന നടത്തി​ക്കൊണ്ട്‌ പൗലോസ്‌ ഇപ്പോൾ രാജ്യ​സ​ന്ദേ​ശ​ത്തി​ലേക്ക്‌ അവരുടെ ശ്രദ്ധ ആകർഷി​ച്ചു. “ഇസ്രാ​യേ​ലി​ന്റെ പ്രത്യാശ കാരണ​മാണ്‌ എന്നെ ഈ ചങ്ങല​കൊണ്ട്‌ ബന്ധിച്ചി​രി​ക്കു​ന്നത്‌,” അദ്ദേഹം പറഞ്ഞു. (പ്രവൃ. 28:20) ആ പ്രത്യാശ, മിശി​ഹ​യോ​ടും മിശി​ഹൈ​ക​രാ​ജ്യ​ത്തോ​ടും ബന്ധപ്പെ​ട്ട​താ​യി​രു​ന്നു; അതേക്കു​റി​ച്ചാണ്‌ ക്രിസ്‌ത്യാ​നി​കൾ ഘോഷി​ച്ചി​രു​ന്നത്‌. അതു​കേ​ട്ട​പ്പോൾ ആ ജൂത മൂപ്പന്മാർ, “എല്ലായി​ട​ത്തും ആളുകൾ ഈ മതവി​ഭാ​ഗത്തെ എതിർത്താ​ണു സംസാ​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ഇതെപ്പറ്റി നിനക്കു പറയാ​നു​ള്ളതു കേൾക്കാൻ ഞങ്ങൾക്ക്‌ ആഗ്രഹ​മുണ്ട്‌” എന്ന്‌ അദ്ദേഹ​ത്തോ​ടു പറഞ്ഞു.—പ്രവൃ. 28:22.

14 സന്തോ​ഷ​വാർത്ത പങ്കു​വെ​ക്കാ​നുള്ള അവസരം ലഭിക്കു​മ്പോൾ പൗലോ​സി​നെ​പ്പോ​ലെ നമുക്കും ചിന്തോ​ദ്ദീ​പ​ക​മായ പ്രസ്‌താ​വ​ന​ക​ളോ ചോദ്യ​ങ്ങ​ളോ ഉപയോ​ഗി​ച്ചു​കൊണ്ട്‌ നമ്മുടെ ശ്രോ​താ​ക്ക​ളു​ടെ താത്‌പ​ര്യം ഉണർത്താ​നാ​കും. തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ ന്യായ​വാ​ദം ചെയ്യൽ, ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ വിദ്യാ​ഭ്യാ​സ​ത്തിൽനി​ന്നു പ്രയോ​ജനം നേടുക, വായി​ക്കു​ന്ന​തി​ലും പഠിപ്പി​ക്കു​ന്ന​തി​ലും അർപ്പി​ത​രാ​യി​രി​ക്കുക തുടങ്ങിയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ സഹായ​ക​മായ നല്ല നിർദേ​ശങ്ങൾ നമുക്കു കാണാ​വു​ന്ന​താണ്‌. ആകട്ടെ, നിങ്ങൾ ഇത്തരം പ്രസി​ദ്ധീ​ക​ര​ണങ്ങൾ നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ടോ?

സന്തോ​ഷ​വാർത്ത ‘സമഗ്ര​മാ​യി അറിയി​ക്കു​ന്ന​തിൽ’ നമുക്ക്‌ ഒരു മാതൃക (പ്രവൃ. 28:23-29)

15. പൗലോ​സി​ന്റെ സാക്ഷീ​ക​ര​ണ​ത്തിൽനിന്ന്‌ നമുക്കു പഠിക്കാ​നാ​കുന്ന നാലു കാര്യങ്ങൾ ഏവ?

15 അങ്ങനെ റോമി​ലുള്ള ജൂതന്മാർ ഒരു ദിവസം നിശ്ചയിച്ച്‌ പൗലോസ്‌ താമസി​ക്കു​ന്നി​ടത്തു വന്നു. അവർ “ധാരാളം ആളുകൾ” ഉണ്ടായി​രു​ന്നു. “ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ സമഗ്ര​മാ​യി അറിയി​ച്ചു​കൊ​ണ്ടും മോശ​യു​ടെ നിയമ​ത്തിൽനി​ന്നും പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളിൽനി​ന്നും യേശു​വി​നെ​ക്കു​റിച്ച്‌ ബോധ്യം വരുത്തുന്ന വാദങ്ങൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടും രാവി​ലെ​മു​തൽ വൈകു​ന്നേ​രം​വരെ” പൗലോസ്‌ അവർക്കു കാര്യങ്ങൾ വിശദീ​ക​രി​ച്ചു​കൊ​ടു​ത്തു. (പ്രവൃ. 28:23) പൗലോ​സി​ന്റെ ഈ മാതൃ​ക​യിൽനിന്ന്‌ നാലു കാര്യങ്ങൾ നമുക്കു പഠിക്കാ​നാ​കും. ഒന്നാമ​താ​യി, ദൈവ​രാ​ജ്യ​ത്തെ കേന്ദ്രീ​ക​രി​ച്ചാണ്‌ അദ്ദേഹം സംസാ​രി​ച്ചത്‌. രണ്ടാമ​താ​യി, “ബോധ്യം വരുത്തുന്ന വാദങ്ങൾ” നിരത്തി​ക്കൊണ്ട്‌ ശ്രോ​താ​ക്ക​ളു​ടെ ഹൃദയത്തെ സ്‌പർശി​ക്കും​വി​ധം സംസാ​രി​ക്കാൻ അദ്ദേഹം ശ്രമിച്ചു. മൂന്നാ​മ​താ​യി, അദ്ദേഹം തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ ന്യായ​വാ​ദം​ചെ​യ്‌തു. നാലാ​മ​താ​യി, “രാവി​ലെ​മു​തൽ വൈകു​ന്നേ​രം​വരെ” സാക്ഷീ​ക​രി​ച്ചു​കൊണ്ട്‌ അദ്ദേഹം ആത്മത്യാഗ മനോ​ഭാ​വം പ്രകട​മാ​ക്കി. അനുക​ര​ണാർഹ​മായ എത്ര നല്ലൊരു മാതൃക! പൗലോ​സി​ന്റെ ആ സാക്ഷീ​ക​രണം എന്തു ഫലമു​ള​വാ​ക്കി? “ചിലർക്കു പൗലോസ്‌ പറഞ്ഞ കാര്യങ്ങൾ ബോധ്യ​മാ​യി.” മറ്റുള്ളവർ അദ്ദേഹത്തെ വിശ്വ​സി​ച്ചില്ല. അങ്ങനെ അഭി​പ്രാ​യ​വ്യ​ത്യാ​സം ഉണ്ടായിട്ട്‌ ‘അവർ പിരി​ഞ്ഞു​പോ​യി’ എന്ന്‌ ലൂക്കോസ്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.—പ്രവൃ. 28:24, 25എ.

16-18. റോമി​ലെ ജൂതന്മാ​രു​ടെ പ്രതി​കൂ​ല​മായ പ്രതി​ക​രണം പൗലോ​സി​നെ അത്ഭുത​പ്പെ​ടു​ത്താ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌, ആളുകൾ രാജ്യ​സ​ന്ദേശം തിരസ്‌ക​രി​ക്കു​മ്പോൾ നാം എന്തു മനോ​ഭാ​വം പ്രകട​മാ​ക്കണം?

16 ആളുക​ളു​ടെ ഈ പ്രതി​ക​രണം പൗലോ​സി​നെ ഒട്ടും അതിശ​യി​പ്പി​ച്ചില്ല; കാരണം, അത്‌ ബൈബിൾ പ്രവച​ന​ങ്ങൾക്കു ചേർച്ച​യി​ലാ​യി​രു​ന്നു. മാത്രമല്ല, മുമ്പ്‌ അദ്ദേഹ​ത്തിന്‌ ഇത്തരം അനുഭ​വങ്ങൾ ഉണ്ടായി​ട്ടു​മുണ്ട്‌. (പ്രവൃ. 13:42-47; 18:5, 6; 19:8, 9) അതു​കൊണ്ട്‌ താൻ പറഞ്ഞതു വിശ്വ​സി​ക്കാൻ കൂട്ടാ​ക്കാ​തെ പിരി​ഞ്ഞു​പോ​കു​ന്ന​വ​രോ​ടാ​യി അദ്ദേഹം പറഞ്ഞു: “യശയ്യ പ്രവാ​ച​ക​നി​ലൂ​ടെ പരിശു​ദ്ധാ​ത്മാവ്‌ നിങ്ങളു​ടെ പൂർവി​ക​രോ​ടു പറഞ്ഞത്‌ എത്ര ശരിയാണ്‌: ‘പോയി ഈ ജനത്തോ​ടു പറയുക: “നിങ്ങൾ കേൾക്കും, പക്ഷേ മനസ്സി​ലാ​ക്കില്ല. നിങ്ങൾ നോക്കും, പക്ഷേ കാണില്ല. കാരണം ഈ ജനത്തിന്റെ ഹൃദയം തഴമ്പി​ച്ചി​രി​ക്കു​ന്നു.”’” (പ്രവൃ. 28:25ബി-27) “തഴമ്പിച്ച” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മൂലപദം, രാജ്യ​സ​ന്ദേശം ഉള്ളി​ലേക്കു കടക്കാ​ത്ത​വി​ധം “തടിച്ച” ഹൃദയ​ത്തെ​യാണ്‌ സൂചി​പ്പി​ക്കു​ന്നത്‌. എത്ര പരിതാ​പ​ക​ര​മായ ഒരവസ്ഥ!

17 എന്നാൽ ആ ജൂതന്മാ​രിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, ‘ജനതക​ളിൽപ്പെ​ട്ടവർ ശ്രദ്ധി​ക്കും’ എന്ന്‌ ഉപസം​ഹാ​ര​മാ​യി പൗലോസ്‌ പറഞ്ഞു. (പ്രവൃ. 28:28; സങ്കീ. 67:2; യശ. 11:10) അക്കാര്യ​ത്തെ​ക്കു​റിച്ച്‌ അദ്ദേഹ​ത്തിന്‌ ആധികാ​രി​ക​മാ​യി​ത്തന്നെ പറയാ​നാ​കു​മാ​യി​രു​ന്നു; കാരണം, ജനതക​ളിൽപ്പെട്ട അനേകർ രാജ്യ​സ​ന്ദേ​ശ​ത്തോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​ന്നത്‌ പൗലോസ്‌ നേരിൽ കണ്ടിരു​ന്നു!—പ്രവൃ. 13:48; 14:27.

18 ആളുകൾ സന്തോ​ഷ​വാർത്ത തിരസ്‌ക​രി​ക്കു​മ്പോൾ പൗലോ​സി​നെ​പ്പോ​ലെ​തന്നെ നാമും അതിൽ വിഷമി​ക്കേ​ണ്ട​തില്ല. എന്തായാ​ലും, ചുരു​ക്കം​പേർ മാത്രമേ ജീവനി​ലേ​ക്കുള്ള പാത കണ്ടെത്തു​ക​യു​ള്ളു​വെന്ന്‌ നമുക്ക​റി​യാം. (മത്താ. 7:13, 14) എന്നാൽ ശരിയായ മനോ​നി​ല​യു​ള്ളവർ സത്യാ​രാ​ധ​ന​യ്‌ക്കു​വേണ്ടി ഒരു നിലപാ​ടെ​ടു​ക്കു​മ്പോൾ നമുക്കു സന്തോ​ഷി​ക്കാം, തുറന്ന​മ​ന​സ്സോ​ടെ അവരെ സ്വാഗ​തം​ചെ​യ്യാം!—ലൂക്കോ. 15:7.

‘അവരോ​ടു ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ച്ചു’ (പ്രവൃ. 28:30, 31)

19. വീട്ടു​ത​ട​ങ്ക​ലിൽ ആയിരു​ന്നെ​ങ്കി​ലും പൗലോസ്‌ തന്റെ സമയം എങ്ങനെ നന്നായി വിനി​യോ​ഗി​ച്ചു?

19 “പൗലോസ്‌ രണ്ടു വർഷം ആ വാടക​വീ​ട്ടിൽ താമസി​ച്ചു. അവിടെ വന്ന എല്ലാവ​രെ​യും പൗലോസ്‌ ദയയോ​ടെ സ്വീക​രിച്ച്‌ അവരോ​ടു തികഞ്ഞ ധൈര്യ​ത്തോ​ടെ, തടസ്സ​മൊ​ന്നും കൂടാതെ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ക​യും കർത്താ​വായ യേശു​ക്രി​സ്‌തു​വി​നെ​ക്കു​റിച്ച്‌ പഠിപ്പി​ക്കു​ക​യും ചെയ്‌തു​പോ​ന്നു” എന്ന ക്രിയാ​ത്മ​ക​വും ഹൃദ്യ​വും ആയ വാക്കു​ക​ളോ​ടെ​യാണ്‌ ലൂക്കോസ്‌ തന്റെ വിവരണം അവസാ​നി​പ്പി​ക്കു​ന്നത്‌. (പ്രവൃ. 28:30, 31) സ്‌നേ​ഹ​പൂർവ​ക​മായ കരുത​ലി​ന്റെ​യും വിശ്വാ​സ​ത്തി​ന്റെ​യും തീക്ഷ്‌ണ​ത​യു​ടെ​യും എത്ര നല്ലൊരു മാതൃ​ക​യാ​യി​രു​ന്നു പൗലോസ്‌!

20, 21. റോമി​ലെ പൗലോ​സി​ന്റെ ശുശ്രൂ​ഷ​യിൽനിന്ന്‌ ചിലർ എങ്ങനെ പ്രയോ​ജനം നേടി​യെന്നു പറയുക.

20 പൗലോസ്‌ ദയാപൂർവം സ്വീക​രി​ച്ച​വ​രിൽ ഒരാൾ കൊ​ലോ​സ്യ​യിൽനിന്ന്‌ ഒളി​ച്ചോ​ടിയ ഒനേസി​മൊസ്‌ എന്ന അടിമ​യാ​യി​രു​ന്നു. ഒരു ക്രിസ്‌ത്യാ​നി​യാ​യി​ത്തീ​രാൻ പൗലോസ്‌ അദ്ദേഹത്തെ സഹായി​ച്ചു. അദ്ദേഹ​മാ​കട്ടെ പൗലോ​സിന്‌ പ്രിയ​ങ്ക​ര​നായ ഒരു ‘വിശ്വസ്‌ത സഹോ​ദ​ര​നാ​യി​ത്തീർന്നു.’ ‘ഞാൻ ജന്മം കൊടുത്ത എന്റെ മകൻ’ എന്നു​പോ​ലും പൗലോസ്‌ അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ പറയു​ക​യു​ണ്ടാ​യി. (കൊലോ. 4:9; ഫിലേ. 10-12) ഒനേസി​മൊസ്‌ പൗലോ​സിന്‌ പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ ഒരു ഉറവാ​യി​രു​ന്നു എന്നതിനു സംശയ​മില്ല! a

21 പൗലോ​സി​ന്റെ നല്ല മാതൃ​ക​യിൽനിന്ന്‌ മറ്റുള്ള​വ​രും പ്രയോ​ജനം നേടി. ഫിലി​പ്പി​യി​ലു​ള്ള​വർക്ക്‌ അദ്ദേഹം ഇങ്ങനെ എഴുതി: “എന്റെ ഇപ്പോ​ഴത്തെ സാഹച​ര്യം വാസ്‌ത​വ​ത്തിൽ സന്തോ​ഷ​വാർത്ത​യു​ടെ വളർച്ച​യ്‌ക്കു കാരണ​മാ​യി എന്നു നിങ്ങൾ അറിയ​ണ​മെന്നു ഞാൻ ആഗ്രഹി​ക്കു​ന്നു. കാരണം എന്റെ ചങ്ങലകൾ ക്രിസ്‌തു​വി​ലുള്ള വിശ്വാ​സ​ത്തി​ന്റെ പേരി​ലാ​ണെന്ന കാര്യം ചക്രവർത്തി​യു​ടെ അംഗര​ക്ഷ​ക​രും മറ്റെല്ലാ​വ​രും അറിഞ്ഞു. കർത്താ​വി​ലുള്ള സഹോ​ദ​ര​ന്മാർ മിക്കവ​രും എന്റെ ചങ്ങലകൾ കാരണം മനോ​ബ​ല​മു​ള്ള​വ​രാ​യി, പേടി​യി​ല്ലാ​തെ ദൈവ​വ​ചനം സംസാ​രി​ക്കാൻ മുമ്പ​ത്തേ​തി​ലും ധൈര്യം കാണി​ക്കു​ന്നു.”—ഫിലി. 1:12-14.

22. റോമി​ലെ തന്റെ തടവു​കാ​ലം പൗലോസ്‌ പ്രയോ​ജ​ന​പ്പെ​ടു​ത്തി​യത്‌ എങ്ങനെ?

22 ഇന്ന്‌ ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഭാഗമാ​യി​രി​ക്കുന്ന പ്രധാ​ന​പ്പെട്ട കത്തുകൾ എഴുതാൻ റോമിൽ തടവി​ലാ​യി​രുന്ന ആ സമയം പൗലോസ്‌ പ്രയോ​ജ​ന​പ്പെ​ടു​ത്തി. b ആ കത്തുകൾ ലഭിച്ച ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ അതു വളരെ​യ​ധി​കം പ്രയോ​ജനം ചെയ്‌തു. പൗലോ​സി​ന്റെ കത്തുകൾ നമുക്കും പ്രയോ​ജനം ചെയ്യും, കാരണം ദൈവ​ത്താൽ പ്രചോ​ദി​ത​മാ​യി പൗലോസ്‌ അന്ന്‌ എഴുതിയ കാര്യങ്ങൾ ഇന്നു നമ്മളെ​യും സഹായി​ക്കു​ന്ന​താണ്‌.—2 തിമൊ. 3:16, 17.

23, 24. പൗലോ​സി​നെ​പ്പോ​ലെ ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾ അന്യാ​യ​മാ​യി തടവു​ശിക്ഷ അനുഭ​വി​ക്കു​മ്പോൾപ്പോ​ലും ക്രിയാ​ത്മക മനോ​ഭാ​വം കാണി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

23 പൗലോസ്‌ മോചി​ത​നായ സമയം കൃത്യ​മാ​യി പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ പരാമർശി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും, ഏതാണ്ട്‌ നാലു വർഷം അദ്ദേഹം തടവി​ലാ​യി​രു​ന്നു—രണ്ടു വർഷം കൈസ​ര്യ​യി​ലും രണ്ടു വർഷം റോമി​ലും. c (പ്രവൃ. 23:35; 24:27) എന്നാൽ ആ സമയ​ത്തെ​ല്ലാം ദൈവ​സേ​വ​ന​ത്തിൽ തന്നാലാ​വു​ന്ന​തെ​ല്ലാം ചെയ്‌തു​കൊണ്ട്‌ അദ്ദേഹം ഒരു ക്രിയാ​ത്മക മനോ​ഭാ​വം നിലനി​റു​ത്തി. സമാന​മാ​യി ഇന്നും വിശ്വാ​സ​ത്തി​ന്റെ പേരിൽ അന്യാ​യ​മാ​യി തടവു​ശിക്ഷ അനുഭ​വി​ക്കേ​ണ്ടി​വ​രുന്ന ദൈവ​ദാ​സ​ന്മാർ തങ്ങളുടെ സന്തോഷം നഷ്ടമാ​കാ​തെ സൂക്ഷി​ക്കു​ക​യും ആളുക​ളു​മാ​യി സന്തോ​ഷ​വാർത്ത പങ്കു​വെ​ക്കു​ക​യും ചെയ്യുന്നു. ക്രിസ്‌തീയ നിഷ്‌പ​ക്ഷ​ത​യു​ടെ പേരിൽ സ്‌പെ​യി​നിൽ തടവി​ലായ അഡോൾഫോ​യു​ടെ കാര്യം​തന്നെ എടുക്കുക. ഒരു ഓഫീസർ അദ്ദേഹ​ത്തോട്‌ ഇങ്ങനെ പറഞ്ഞു: “താൻ ഞങ്ങളെ അത്ഭുത​പ്പെ​ടു​ത്തു​ന്നു. ഞങ്ങൾ തന്റെ ജീവിതം ഇത്ര​യെ​ല്ലാം ദുരി​ത​പൂർണ​മാ​ക്കി​യി​ട്ടും തന്റെ സന്തോ​ഷ​ത്തിന്‌ ഒരു കുറവും വന്നിട്ടി​ല്ല​ല്ലോ; മാത്രമല്ല, മര്യാ​ദ​വിട്ട്‌ ഒരിക്കൽപ്പോ​ലും സംസാ​രി​ച്ചി​ട്ടു​മില്ല.”

24 കാലാ​ന്ത​ര​ത്തിൽ, അഡോൾഫോ അധികാ​രി​ക​ളു​ടെ വിശ്വാ​സം ആർജിച്ചു. തടവറ​യു​ടെ വാതിൽ തുറന്നി​ടാൻപോ​ലും അവർക്കു മടിയി​ല്ലാ​യി​രു​ന്നു. ബൈബിൾക്കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചോദി​ക്കു​ന്ന​തി​നാ​യി പട്ടാള​ക്കാർ അദ്ദേഹത്തെ സന്ദർശി​ച്ചി​രു​ന്നു. കാവൽക്കാ​രിൽ ഒരാൾ അഡോൾഫോ​യു​ടെ ജയില​റ​യിൽ വന്ന്‌ ബൈബിൾ വായി​ക്കു​ക​പോ​ലും ചെയ്യു​മാ​യി​രു​ന്നു. അധികാ​രി​ക​ളിൽ ആരെങ്കി​ലും അതുവഴി വന്നാൽ വിവരം അറിയി​ക്കാ​നുള്ള ചുമതല അഡോൾഫോ​യെ ഏൽപ്പി​ച്ചി​ട്ടാണ്‌ അയാൾ അങ്ങനെ ചെയ്‌തി​രു​ന്നത്‌. അങ്ങനെ ജയിൽപ്പു​ള്ളി കാവൽക്കാ​രന്റെ ‘കാവലാ​ളാ​യി!’ വിശ്വ​സ്‌ത​രായ ഇത്തരം സാക്ഷി​ക​ളു​ടെ നല്ല മാതൃക പ്രയാ​സ​ക​ര​മായ സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും “പേടി​യി​ല്ലാ​തെ ദൈവ​വ​ചനം സംസാ​രി​ക്കാൻ” നമ്മെ പ്രചോ​ദി​പ്പി​ക്കട്ടെ!

25, 26. പൗലോ​സിന്‌ 30 വർഷത്തിൽ കുറഞ്ഞ സമയം​കൊണ്ട്‌ ഏതു പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യാണ്‌ കാണാ​നാ​യത്‌, നമ്മുടെ നാളിൽ അതിന്‌ എന്തു സമാന​ത​യുണ്ട്‌?

25 വീട്ടു​ത​ട​ങ്ക​ലിൽ കഴിയുന്ന ഒരു ക്രിസ്‌തീയ അപ്പോ​സ്‌തലൻ, തന്നെ സന്ദർശി​ക്കുന്ന എല്ലാവ​രോ​ടും ‘ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ന്നു’—പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തി​ലെ ജീവസ്സുറ്റ വിവര​ണ​ങ്ങൾക്ക്‌ എത്ര ഹൃദയ​സ്‌പർശി​യായ ഒരു ഉപസം​ഹാ​രം! ഒന്നാമത്തെ അധ്യാ​യ​ത്തിൽ യേശു തന്റെ അനുഗാ​മി​കൾക്കു നൽകിയ നിയോ​ഗ​ത്തെ​ക്കു​റി​ച്ചു നാം വായിച്ചു: “പരിശു​ദ്ധാ​ത്മാവ്‌ നിങ്ങളു​ടെ മേൽ വരു​മ്പോൾ നിങ്ങൾക്കു ശക്തി കിട്ടും. അങ്ങനെ നിങ്ങൾ യരുശ​ലേ​മി​ലും യഹൂദ്യ​യിൽ എല്ലായി​ട​ത്തും ശമര്യ​യി​ലും ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങൾവ​രെ​യും എന്റെ സാക്ഷി​ക​ളാ​യി​രി​ക്കും.” (പ്രവൃ. 1:8) യേശു ആ നിയോ​ഗം നൽകി​യിട്ട്‌ 30 വർഷം​പോ​ലും തികഞ്ഞി​രു​ന്നില്ല; അതി​നോ​ടകം രാജ്യ​സ​ന്ദേശം ‘ആകാശ​ത്തിൻകീ​ഴി​ലുള്ള എല്ലാ സൃഷ്ടി​ക​ളു​ടെ ഇടയി​ലും ഘോഷി​ക്ക​പ്പെ​ട്ടി​രു​ന്നു.’ d (കൊലോ. 1:23) ദൈവാ​ത്മാ​വി​ന്റെ ശക്തിയു​ടെ എത്ര വലിയ തെളിവ്‌!—സെഖ. 4:6.

26 അതേ ആത്മാവ്‌ ഇന്ന്‌, ക്രിസ്‌തു​വി​ന്റെ സഹോ​ദ​ര​ന്മാ​രിൽ ശേഷി​ക്കു​ന്ന​വ​രെ​യും അവരുടെ സഹകാ​രി​ക​ളായ ‘വേറെ ആടുക​ളെ​യും’ 240 ദേശങ്ങ​ളിൽ ‘ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ സമഗ്ര​മാ​യി അറിയി​ക്കു​ന്ന​തിന്‌’ ശക്തി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. (യോഹ. 10:16; പ്രവൃ. 28:23) ആ പ്രവർത്ത​ന​ത്തിൽ നിങ്ങളാ​ലാ​വു​ന്ന​തെ​ല്ലാം നിങ്ങൾ ചെയ്യു​ന്നു​ണ്ടോ?

a ഒനേസിമൊസിനെ തന്നോ​ടൊ​പ്പം നിറു​ത്താൻ പൗലോസ്‌ ആഗ്രഹി​ച്ചു. എന്നാൽ അത്‌ റോമൻ നിയമ​ത്തി​ന്റെ ലംഘന​വും ഒനേസി​മൊ​സി​ന്റെ യജമാ​ന​നും ഒരു ക്രിസ്‌ത്യാ​നി​യും ആയ ഫിലേ​മോ​ന്റെ അവകാ​ശ​ത്തി​ന്മേ​ലുള്ള ഒരു കടന്നു​ക​യ​റ്റ​വും ആയിരി​ക്കു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ പൗലോസ്‌ ഒനേസി​മൊ​സി​നെ ഒരു കത്തുമാ​യി ഫിലേ​മോ​ന്റെ അടുക്ക​ലേക്ക്‌ അയച്ചു. അടിമ​യായ ഒനേസി​മൊ​സി​നെ ഒരു ആത്മീയ സഹോ​ദ​ര​നാ​യി സ്വീക​രി​ക്കാൻ പൗലോസ്‌ ആ കത്തിലൂ​ടെ ഫിലേ​മോ​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.—ഫിലേ. 13-19.