അധ്യായം 24
“ധൈര്യമായിരിക്കുക!”
പൗലോസിനെ വധിക്കാനുള്ള ജൂതന്മാരുടെ ഗൂഢാലോചന; ഫേലിക്സിന്റെ മുമ്പാകെയുള്ള പൗലോസിന്റെ പ്രതിവാദം
ആധാരം: പ്രവൃത്തികൾ 23:11–24:27
1, 2. യരുശലേമിൽ താൻ നേരിടുന്ന ഉപദ്രവങ്ങൾ പൗലോസിനെ അതിശയിപ്പിക്കുന്നില്ലാത്തത് എന്തുകൊണ്ട്?
യരുശലേമിലെ ക്ഷുഭിതരായ ജനങ്ങളുടെ കൈയിൽനിന്നു രക്ഷപ്പെട്ടെങ്കിലും പൗലോസ് ഇപ്പോഴും തടവിൽത്തന്നെയാണ്. താൻ നേരിടുന്ന ഉപദ്രവങ്ങൾ തീക്ഷ്ണതയുള്ള ഈ അപ്പോസ്തലനെ തെല്ലും അതിശയിപ്പിക്കുന്നില്ല; കാരണം, ഈ നഗരത്തിൽവെച്ച് “ജയിൽവാസവും കഷ്ടതകളും” ഉണ്ടാകുമെന്ന് അദ്ദേഹത്തോടു മുൻകൂട്ടിപ്പറഞ്ഞിരുന്നു. (പ്രവൃ. 20:22, 23) തനിക്ക് എന്താണു സംഭവിക്കാൻ പോകുന്നതെന്ന് പൗലോസിനു വ്യക്തമല്ലായിരുന്നെങ്കിലും യേശുവിന്റെ നാമത്തിനുവേണ്ടി താൻ ഇനിയും കഷ്ടം സഹിക്കേണ്ടിവരുമെന്ന് അദ്ദേഹം അറിഞ്ഞിരുന്നു.—പ്രവൃ. 9:16.
2 പൗലോസ് ബന്ധനസ്ഥനാകുകയും ‘ജനതകളിൽപ്പെട്ടവരുടെ കൈകളിൽ ഏൽപ്പിക്കപ്പെടുകയും’ ചെയ്യുമെന്ന് ക്രിസ്തീയ പ്രവാചകന്മാരും അദ്ദേഹത്തിനു മുന്നറിയിപ്പു നൽകിയിരുന്നു. (പ്രവൃ. 21:4, 10, 11) ജൂതന്മാരുടെ ഒരു കൂട്ടം അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചിട്ട് അധികമായിരുന്നില്ല. അതുകഴിഞ്ഞ് താമസിയാതെ സൻഹെദ്രിനിലെ അംഗങ്ങൾ പൗലോസിന്റെ പേരിൽ ഉഗ്രമായി തർക്കിച്ചു; അദ്ദേഹത്തെ “പിച്ചിച്ചീന്തുമോ” എന്നു തോന്നുംവിധം കാര്യങ്ങൾ അത്രമാത്രം വഷളായിത്തീർന്നിരുന്നു. ഇപ്പോൾ റോമൻ പടയാളികളുടെ പാളയത്തിൽ ഒരു തടവുകാരനായി കഴിയുന്ന അദ്ദേഹം കൂടുതൽ ആരോപണങ്ങളെയും വിചാരണകളെയും നേരിടാൻ പോകുകയാണ്. (പ്രവൃ. 21:31; 23:10) അപ്പോസ്തലന് ഏറെ പ്രോത്സാഹനം ആവശ്യമായ ഒരു സമയം!
3. പ്രസംഗവേലയിൽ തുടരുന്നതിന് നമുക്ക് എങ്ങനെയാണ് പ്രോത്സാഹനം ലഭിക്കുന്നത്?
3 ഈ അവസാന നാളുകളിൽ, “ക്രിസ്തുയേശുവിനോടുള്ള യോജിപ്പിൽ ദൈവഭക്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഉപദ്രവം സഹിക്കേണ്ടിവരും” എന്ന് നമുക്ക് അറിയാം. (2 തിമൊ. 3:12) അതുകൊണ്ട് പ്രസംഗവേലയിൽ തുടരുന്നതിന് നമുക്കും പ്രോത്സാഹനം ആവശ്യമാണ്. ‘വിശ്വസ്തനും വിവേകിയും ആയ അടിമയുടെ’ കരുതലുകളായ പ്രസിദ്ധീകരണങ്ങളിലൂടെയും യോഗങ്ങളിലൂടെയും നമുക്കു തക്കസമയത്ത് പ്രോത്സാഹനവും ആശ്വാസവും ലഭിക്കുന്നു. അതേപ്രതി നാം എത്ര നന്ദിയുള്ളവരാണ്! (മത്താ. 24:45) സന്തോഷവാർത്തയുടെ ശത്രുക്കൾ ഒരിക്കലും വിജയിക്കില്ലെന്ന് യഹോവ നമുക്ക് ഉറപ്പുനൽകിയിരിക്കുന്നു. ഒരു കൂട്ടമെന്നനിലയിൽ ദൈവദാസന്മാരെ നശിപ്പിക്കാനോ അവരുടെ പ്രസംഗപ്രവർത്തനത്തിനു തടയിടാനോ ഒരു ശത്രുവിനും കഴിയില്ല. (യശ. 54:17; യിരെ. 1:19) ആകട്ടെ, പൗലോസ് അപ്പോസ്തലന്റെ കാര്യത്തിൽ എന്തു സംഭവിച്ചു? എതിർപ്പിന്മധ്യേ സന്തോഷവാർത്ത സമഗ്രമായി അറിയിക്കുന്നതിൽ തുടരാൻ പൗലോസിനു പ്രോത്സാഹനം ലഭിച്ചോ? അങ്ങനെയെങ്കിൽ, അദ്ദേഹത്തിന് അതു ലഭിച്ചത് എങ്ങനെയാണ്? അദ്ദേഹം അതിനോട് എങ്ങനെ പ്രതികരിച്ചു?
“ഗൂഢാലോചന” തകരുന്നു (പ്രവൃ. 23:11-34)
4, 5. പൗലോസിന് എന്തു പ്രോത്സാഹനം ലഭിച്ചു, അതു സമയോചിതമായിരുന്നത് എന്തുകൊണ്ട്?
4 സൻഹെദ്രിനിൽനിന്ന് വിടുവിക്കപ്പെട്ട അന്നു രാത്രി പൗലോസ് അപ്പോസ്തലന് ആവശ്യമായ പ്രോത്സാഹനം ലഭിക്കുകതന്നെ ചെയ്തു. അതേക്കുറിച്ച് തിരുവെഴുത്ത് പറയുന്നു: “കർത്താവ് പൗലോസിന്റെ അടുത്ത് വന്ന്, ‘ധൈര്യമായിരിക്കുക! യരുശലേമിലെങ്ങും നീ എന്നെക്കുറിച്ച് സമഗ്രമായി പ്രസംഗിക്കുന്നതുപോലെതന്നെ റോമിലും പ്രസംഗിക്കേണ്ടതുണ്ട്’ എന്നു പറഞ്ഞു.” (പ്രവൃ. 23:11) യേശുവിന്റെ പ്രോത്സാഹജനകമായ ആ വാക്കുകൾ കേട്ടപ്പോൾ താൻ വിടുവിക്കപ്പെടുമെന്ന് പൗലോസിന് ഉറപ്പായി. താൻ സുരക്ഷിതമായി റോമിൽ എത്തുമെന്നും അവിടെ യേശുവിന് സാക്ഷ്യംവഹിക്കാൻ തനിക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹത്തിനു മനസ്സിലായി.
5 തക്കസമയത്താണ് പൗലോസിന് ആ പ്രോത്സാഹനം ലഭിച്ചത്. തൊട്ടടുത്ത ദിവസം, 40-ലേറെ ജൂതന്മാർ “ഒരു രഹസ്യപദ്ധതി ഉണ്ടാക്കി. പൗലോസിനെ കൊല്ലാതെ ഇനി തിന്നുകയോ കുടിക്കുകയോ ചെയ്യില്ലെന്ന് അവർ ശപഥമെടുത്തു.” അവർ ‘ഗൂഢാലോചന നടത്തി ശപഥം ചെയ്തു’ എന്നതു കാണിക്കുന്നത് പൗലോസിനെ കൊന്നുകളയാൻ അവർ അത്രമാത്രം ഉറച്ചിരുന്നുവെന്നാണ്. ആ ഗൂഢാലോചന പരാജയപ്പെട്ടാൽ അതു തങ്ങളുടെമേൽ ശാപം വരുത്തിവെക്കുമെന്ന് അവർ വിശ്വസിച്ചു. (പ്രവൃ. 23:12-15) പൗലോസിനെ സംബന്ധിച്ച കാര്യങ്ങൾ വിശദമായി ചോദിച്ചറിയാനെന്ന മട്ടിൽ, മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ഇടപെട്ട് അദ്ദേഹത്തെ സൻഹെദ്രിനു മുമ്പാകെ വരുത്തിക്കുക എന്നതായിരുന്നു അവരുടെ ഗൂഢപദ്ധതി. പൗലോസിനെ അങ്ങോട്ടു കൊണ്ടുപോകുമ്പോൾ പതിയിരുന്ന് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം.
6. പൗലോസിനെ കൊല്ലാനുള്ള ഗൂഢാലോചന തകർന്നത് എങ്ങനെ, ഈ വിവരണത്തിൽനിന്ന് ഇന്നത്തെ യുവജനങ്ങൾക്ക് എന്തു പഠിക്കാം?
6 എന്നാൽ പൗലോസിന്റെ പെങ്ങളുടെ മകൻ ഈ ഗൂഢാലോചനയെക്കുറിച്ചു കേൾക്കുകയും വിവരം പൗലോസിനെ അറിയിക്കുകയും ചെയ്തു. ഇക്കാര്യം റോമൻ സൈന്യാധിപനായ ക്ലൗദ്യൊസ് ലുസിയാസിനെ അറിയിക്കാൻ പൗലോസ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. (പ്രവൃ. 23:16-22) പേരെടുത്തു പറഞ്ഞിട്ടില്ലാത്ത ഈ യുവാവിനെപ്പോലെ, നിസ്സ്വാർഥം ദൈവജനത്തിന്റെ ക്ഷേമത്തിനായി ധൈര്യപൂർവം പ്രവർത്തിക്കുന്ന, രാജ്യതാത്പര്യങ്ങളുടെ ഉന്നമനത്തിനായി വിശ്വസ്തതയോടെ തങ്ങളാലാവുന്നതെല്ലാം ചെയ്യുന്ന ചെറുപ്പക്കാർ യഹോവയ്ക്ക് എത്ര പ്രിയങ്കരരാണ്!
7, 8. പൗലോസിന്റെ സുരക്ഷയ്ക്കായി ക്ലൗദ്യൊസ് ലുസിയാസ് എന്തെല്ലാം ക്രമീകരണങ്ങൾ ചെയ്തു?
7 പൗലോസിനെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് അറിഞ്ഞപ്പോൾ അദ്ദേഹത്തെ യരുശലേമിൽനിന്ന് സുരക്ഷിതമായി കൈസര്യയിൽ എത്തിക്കാൻ സൈന്യാധിപനായ ക്ലൗദ്യൊസ് ലുസിയാസ് ഉത്തരവിട്ടു. അന്നു രാത്രിതന്നെ കാലാൾപ്പടയും കുന്തക്കാരും കുതിരപ്പടയാളികളും അടങ്ങുന്ന 470 സൈനികരുടെ അകമ്പടിയോടെ പൗലോസിനെ അങ്ങോട്ട് അയച്ചു. അവിടെ എത്തിയാൽ അവർ അദ്ദേഹത്തെ ഗവർണറായ ഫേലിക്സിനു കൈമാറണമായിരുന്നു. a യഹൂദ്യയുടെ റോമൻ ഭരണാസ്ഥാനമായ കൈസര്യയിൽ വളരെയേറെ ജൂതന്മാർ താമസിച്ചിരുന്നെങ്കിലും ജനസംഖ്യയിൽ ഏറിയപങ്കും ജനതകളിൽപ്പെട്ടവരായിരുന്നു. ലഹളകളും മതത്തിന്റെ പേരിലുള്ള പ്രശ്നങ്ങളും സർവസാധാരണമായിരുന്ന യരുശലേമിൽനിന്ന് വ്യത്യസ്തമായി സമാധാനപരമായ ഒരു അന്തരീക്ഷമാണ് കൈസര്യയിൽ ഉണ്ടായിരുന്നത്. യഹൂദ്യയിലെ റോമൻ സൈന്യത്തിന്റെ മുഖ്യ ആസ്ഥാനവും കൈസര്യയായിരുന്നു.
8 റോമാക്കാരുടെ നിയമം അനുശാസിച്ചിരുന്ന പ്രകാരം ലുസിയാസ്, കാര്യങ്ങൾ വിവരിച്ചുകൊണ്ടുള്ള ഒരു കത്ത് ഫേലിക്സിന് എഴുതി. ജൂതന്മാർ പൗലോസിനെ ‘കൊല്ലാൻ ശ്രമിച്ചപ്പോൾ’ അദ്ദേഹം ഒരു റോമൻ പൗരനാണെന്നു മനസ്സിലാക്കി താൻ തത്ക്ഷണം അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നുവെന്ന് ആ കത്തിൽ അയാൾ പരാമർശിച്ചു. “മരണമോ തടവോ അർഹിക്കുന്ന” ഒരു കുറ്റവും അദ്ദേഹത്തിൽ കണ്ടെത്തിയിട്ടില്ലെന്നും എന്നാൽ അദ്ദേഹത്തിന് എതിരെ ഒരു ഗൂഢാലോചന നടന്നിരിക്കുന്നതിനാൽ അദ്ദേഹത്തെ അങ്ങോട്ട് അയയ്ക്കുകയാണെന്നും ലുസിയാസ് അതിൽ എഴുതി. അതുവഴി, പരാതിക്കാർക്കു പറയാനുള്ളതു നേരിൽ കേട്ട് ഉചിതമായി ന്യായംവിധിക്കാനും ഫേലിക്സിന് കഴിയുമത്രേ.—പ്രവൃ. 23:25-30.
9. (എ) ഒരു റോമൻ പൗരനെന്നനിലയിലുള്ള പൗലോസിന്റെ അവകാശങ്ങൾ ലംഘിക്കപ്പെട്ടത് എങ്ങനെ? (ബി) പൗരാവകാശങ്ങൾ നാം പ്രയോജനപ്പെടുത്തേണ്ടത് എന്തുകൊണ്ട്?
9 ലുസിയാസ് കത്തിൽ എഴുതിയിരുന്നതെല്ലാം സത്യമായിരുന്നോ? ഭാഗികമായിമാത്രം. തന്നെക്കുറിച്ച് ഗവർണർക്ക് നല്ലൊരു ധാരണ ലഭിക്കുംവിധമാണ് അയാൾ കാര്യങ്ങൾ അവതരിപ്പിച്ചത്. വാസ്തവത്തിൽ, പൗലോസ് റോമൻ പൗരനാണെന്ന് അറിഞ്ഞിട്ടൊന്നുമല്ല അയാൾ അദ്ദേഹത്തിന്റെ രക്ഷയ്ക്കെത്തിയത്. കൂടാതെ ‘രണ്ടു ചങ്ങലകൊണ്ട് ബന്ധിക്കാനും’ പിന്നീട് ‘ചാട്ടയ്ക്ക് അടിച്ച് ചോദ്യം ചെയ്യാനും’ താൻ കല്പിച്ചതിനെക്കുറിച്ച് അയാൾ ഒന്നും പറഞ്ഞതുമില്ല. (പ്രവൃ. 21:30-34; 22:24-29) അങ്ങനെ പെരുമാറുകവഴി ലുസിയാസ്, ഒരു റോമൻ പൗരനെന്നനിലയിലുള്ള പൗലോസിന്റെ അവകാശങ്ങൾ ലംഘിക്കുകയായിരുന്നു. ഇന്ന് സാത്താൻ എതിരാളികളുടെ മതഭ്രാന്ത് കരുവാക്കി ഉപദ്രവത്തിന് ആക്കംകൂട്ടാൻ ശ്രമിക്കുന്നു. പലപ്പോഴും അത്തരം സാഹചര്യങ്ങളിൽ നമ്മുടെ പൗരാവകാശങ്ങൾ നിഷേധിക്കപ്പെടാറുണ്ട്. എന്നാൽ പൗലോസിനെപ്പോലെ, ദൈവജനത്തിന് ഇന്നും, ഓരോ രാജ്യത്തും അനുവദിക്കപ്പെട്ടിട്ടുള്ള പൗരാവകാശങ്ങൾ പ്രയോജനപ്പെടുത്താനും നിയമസംരക്ഷണം തേടാനും കഴിയും.
“ഞാൻ സന്തോഷത്തോടെ എനിക്കുവേണ്ടി വാദിക്കും” (പ്രവൃ. 23:35–24:21)
10. പൗലോസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ എന്തെല്ലാമായിരുന്നു?
10 യരുശലേമിൽനിന്ന് പരാതിക്കാർ എത്തുന്നതുവരെ പൗലോസിനെ കൈസര്യയിൽ “ഹെരോദിന്റെ കൊട്ടാരത്തിൽ കാവലിൽ” സൂക്ഷിച്ചു. (പ്രവൃ. 23:35) അഞ്ചു ദിവസം കഴിഞ്ഞപ്പോൾ മഹാപുരോഹിതനായ അനന്യാസും വാഗ്മിയായ തെർത്തുല്ലൊസും ഒരു സംഘം മൂപ്പന്മാരും അവിടെ എത്തി. തെർത്തുല്ലൊസ് ആദ്യംതന്നെ, ഫേലിക്സ് ജൂതന്മാർക്കുവേണ്ടി ചെയ്ത കാര്യങ്ങളെപ്രതി അയാളെ പ്രശംസിച്ചു. ഫേലിക്സിന്റെ പ്രീതി പിടിച്ചുപറ്റുകയായിരുന്നു അയാളുടെ ലക്ഷ്യം. b തുടർന്ന് അയാൾ കാര്യത്തിലേക്കു കടന്നു. “ഈ മനുഷ്യൻ ഒരു ഒഴിയാബാധയും ഭൂലോകത്തെങ്ങുമുള്ള ജൂതന്മാർക്കിടയിൽ പ്രക്ഷോഭങ്ങൾ ഇളക്കിവിടുന്നവനും നസറെത്തുകാരുടെ മതവിഭാഗത്തിന്റെ നേതാവും ആണെന്നു ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. ദേവാലയം അശുദ്ധമാക്കാനും ഇയാൾ ശ്രമിച്ചു,” അയാൾ പൗലോസിനെക്കുറിച്ചു പരാതിപ്പെട്ടു. “ഇക്കാര്യങ്ങൾ സത്യമാണെന്നു തറപ്പിച്ചുപറഞ്ഞുകൊണ്ട് ജൂതന്മാരും കുറ്റാരോപണത്തിൽ പങ്കുചേർന്നു.” (പ്രവൃ. 24:5, 6, 9) കലാപം ഇളക്കിവിടുന്നവൻ, അപകടകരമായ ഒരു മതഭേദത്തിന്റെ നേതാവ്, ആലയം അശുദ്ധമാക്കുന്നവൻ—തീർച്ചയായും മരണശിക്ഷാർഹമായ കുറ്റങ്ങൾതന്നെ!
11, 12. തനിക്കെതിരെയുള്ള ആരോപണങ്ങൾ പൗലോസ് ഖണ്ഡിച്ചത് എങ്ങനെ?
11 അടുത്തത് പൗലോസിന്റെ ഊഴമായിരുന്നു. “ഞാൻ സന്തോഷത്തോടെ എനിക്കുവേണ്ടി വാദിക്കും” എന്ന് പറഞ്ഞുതുടങ്ങിയ അദ്ദേഹം തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ചു. അദ്ദേഹം ആലയം അശുദ്ധമാക്കുകയോ കലാപം ഇളക്കിവിടുകയോ ചെയ്തിട്ടില്ലായിരുന്നു. ‘കുറെ വർഷങ്ങളായി’ താൻ യരുശലേമിൽ ഇല്ലായിരുന്നുവെന്നും ഇപ്പോൾ “ദാനധർമങ്ങൾ”—ക്ഷാമവും ഉപദ്രവവും നിമിത്തം ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന ക്രിസ്ത്യാനികൾക്കുള്ള സംഭാവനകൾ—എത്തിച്ചുകൊടുക്കുന്നതിനാണ് അവിടെ എത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് താൻ “ആചാരപ്രകാരം ശുദ്ധി” വരുത്തിയിരുന്നെന്നും “ദൈവത്തിന്റെയും മനുഷ്യരുടെയും മുന്നിൽ” ഒരുതരത്തിലും കുറ്റക്കാരനാകാതിരിക്കാൻ മനസ്സാക്ഷിപൂർവം ശ്രമിച്ചിട്ടുണ്ടെന്നും പൗലോസ് വ്യക്തമാക്കി.—പ്രവൃ. 24:10-13, 16-18.
12 എന്നിരുന്നാലും, തന്റെ പൂർവികരുടെ ദൈവത്തെ താൻ സേവിക്കുന്നത് “മതവിഭാഗം എന്ന് ഇവർ വിളിക്കുന്ന ഈ മാർഗത്തിലാണ്” എന്ന് പൗലോസ് സമ്മതിച്ചുപറഞ്ഞു. എന്നാൽ, “നിയമത്തിൽ പറഞ്ഞിരിക്കുന്നതും പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നതും ആയ എല്ലാ കാര്യങ്ങളും” താൻ വിശ്വസിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ, തനിക്കെതിരെ ആരോപണം ഉന്നയിച്ചവരെപ്പോലെതന്നെ താനും, “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം” ഉണ്ടെന്ന പ്രത്യാശ വെച്ചുപുലർത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് തന്റെ ആരോപകരെ വെല്ലുവിളിച്ചുകൊണ്ട് പൗലോസ് പറഞ്ഞു: “ഞാൻ സൻഹെദ്രിന്റെ മുമ്പാകെ നിന്നപ്പോൾ എന്നിൽ എന്തെങ്കിലും കുറ്റം കണ്ടെത്തിയെങ്കിൽ അത് ഈ നിൽക്കുന്നവർ പറയട്ടെ. അവരുടെ ഇടയിൽ നിന്നപ്പോൾ, ‘മരിച്ചവരുടെ പുനരുത്ഥാനത്തിൽ ഞാൻ വിശ്വസിക്കുന്നതുകൊണ്ടാണ് ഇന്നു നിങ്ങൾ എന്നെ ന്യായം വിധിക്കുന്നത്’ എന്നു വിളിച്ചുപറഞ്ഞതല്ലാതെ മറ്റൊന്നും ഞാൻ ചെയ്തിട്ടില്ല.”—പ്രവൃ. 24:14, 15, 20, 21.
13-15. അധികാരികളുടെ മുമ്പാകെ ധൈര്യസമേതം സാക്ഷീകരിക്കുന്നതിൽ പൗലോസ് നമുക്ക് ഒരു മാതൃകയായിരിക്കുന്നത് എങ്ങനെ?
13 ആരാധനയുടെപേരിൽ നാം ലൗകികാധികാരികളുടെ മുമ്പാകെ ഹാജരാക്കപ്പെടുകയും കലാപം ഇളക്കിവിടുന്നവർ, രാജ്യദ്രോഹികൾ, ‘അപകടകരമായ ഒരു മതവിഭാഗത്തിലെ’ അംഗങ്ങൾ എന്നിങ്ങനെയുള്ള വ്യാജാരോപണങ്ങൾക്ക് ഇരയാകുകയും ചെയ്യുന്നെങ്കിൽ എന്തു ചെയ്യണം എന്നതിന്റെ നല്ലൊരു മാതൃകയാണ് പൗലോസ് വെച്ചത്. തെർത്തുല്ലൊസിനെപ്പോലെ പൗലോസ് ഗവർണറുടെ പ്രീതി പിടിച്ചുപറ്റുന്നതിനായി മുഖസ്തുതി പറഞ്ഞില്ല. അദ്ദേഹം ശാന്തത കൈവിടാതെ തികഞ്ഞ ആദരവോടെ പെരുമാറി. ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത വാക്കുകൾ ഉപയോഗിച്ച് തനിക്കു പറയാനുള്ളത് അദ്ദേഹം വ്യക്തവും സത്യസന്ധവും ആയി അവതരിപ്പിച്ചു. താൻ ആലയത്തെ അശുദ്ധമാക്കിയെന്ന് ആരോപിച്ച “ഏഷ്യ സംസ്ഥാനത്തുനിന്നുള്ള ചില ജൂതന്മാർ” അവിടെ ഹാജരായിട്ടില്ലെന്നും നിയമം അനുസരിച്ച് തന്റെ സാന്നിധ്യത്തിലാണ് അവർ പരാതി ബോധിപ്പിക്കേണ്ടതെന്നും പൗലോസ് പറഞ്ഞു.—പ്രവൃ. 24:18, 19.
14 ഏറ്റവും പ്രധാനമായി, തന്റെ വിശ്വാസങ്ങളെക്കുറിച്ച് സാക്ഷീകരിക്കുന്നതിൽനിന്ന് പൗലോസ് പിന്മാറിനിന്നില്ല. പുനരുത്ഥാനത്തിലുള്ള തന്റെ വിശ്വാസത്തെക്കുറിച്ച് അദ്ദേഹം ധൈര്യപൂർവം വീണ്ടും സംസാരിച്ചു. സൻഹെദ്രിനു മുമ്പാകെ വളരെയധികം പ്രശ്നം സൃഷ്ടിച്ച ഒരു വിഷയമായിരുന്നു അത് എന്നോർക്കണം. (പ്രവൃ. 23:6-10) പൗലോസ് പ്രതിവാദം നടത്തിയപ്പോൾ പുനരുത്ഥാന പ്രത്യാശയ്ക്ക് ഊന്നൽ നൽകിയത് എന്തുകൊണ്ടായിരിക്കും? യേശുവിനെയും യേശുവിന്റെ പുനരുത്ഥാനത്തെയും കുറിച്ചായിരുന്നു പൗലോസ് പ്രസംഗിച്ചിരുന്നത്—ആ എതിരാളികൾ ഒരുതരത്തിലും അംഗീകരിക്കാത്ത ഒരു കാര്യം. (പ്രവൃ. 26:6-8, 22, 23) അതെ, പുനരുത്ഥാനം എന്ന വിഷയത്തെ—കുറെക്കൂടി കൃത്യമായി പറഞ്ഞാൽ യേശുവിലും യേശുവിന്റെ പുനരുത്ഥാനത്തിലും ഉള്ള വിശ്വാസത്തെ—കേന്ദ്രീകരിച്ചായിരുന്നു പ്രശ്നങ്ങളെല്ലാം.
15 പൗലോസിനെപ്പോലെ നമുക്കും സധൈര്യം സാക്ഷ്യം നൽകാനാകും. യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “എന്റെ പേര് നിമിത്തം സകലരും നിങ്ങളെ വെറുക്കും. എന്നാൽ അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷ നേടും.” ഈ വാക്കുകൾ നമുക്ക് ശക്തിപകരുന്നില്ലേ? എന്നാൽ എന്തു പറയും എന്നോർത്ത് നാം വ്യാകുലപ്പെടേണ്ടതുണ്ടോ? ഇല്ല, കാരണം യേശു പിൻവരുന്ന ഉറപ്പ് നമുക്കു നൽകിയിട്ടുണ്ട്: “അവർ നിങ്ങളെ ഏൽപ്പിച്ചുകൊടുക്കാൻ കൊണ്ടുപോകുമ്പോൾ, എന്തു പറയുമെന്നു മുൻകൂട്ടി ചിന്തിച്ച് ഉത്കണ്ഠപ്പെടേണ്ടാ. ആ സമയത്ത് പരിശുദ്ധാത്മാവ് നിങ്ങൾക്കു നൽകുന്നത് എന്തോ അതു പറയുക. കാരണം സംസാരിക്കുന്നതു നിങ്ങളല്ല, പരിശുദ്ധാത്മാവാണ്.”—മർക്കോ. 13:9-13.
‘ഫേലിക്സ് ഭയപ്പെട്ടു’ (പ്രവൃ. 24:22-27)
16, 17. (എ) പൗലോസിന്റെ കാര്യത്തിൽ ഫേലിക്സ് എന്തുചെയ്തു? (ബി) ഫേലിക്സിനു ഭയം തോന്നിയത് എന്തുകൊണ്ടായിരിക്കാം, എന്നിട്ടും അദ്ദേഹം കൂടെക്കൂടെ പൗലോസിനെ കണ്ടതിന്റെ കാരണമെന്ത്?
16 ഗവർണറായ ഫേലിക്സ് ക്രിസ്തീയ വിശ്വാസങ്ങളെക്കുറിച്ചു കേൾക്കുന്നത് ആദ്യമായിട്ടായിരുന്നില്ല. വിവരണം പറയുന്നു: “ഈ മാർഗത്തെക്കുറിച്ച് (ആദിമകാല ക്രിസ്ത്യാനിത്വത്തെ പരാമർശിക്കാൻ ഉപയോഗിച്ചിരുന്ന പദം) നന്നായി അറിയാമായിരുന്നിട്ടും, ‘സൈന്യാധിപനായ ലുസിയാസ് വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കാം’ എന്നു പറഞ്ഞ് ഫേലിക്സ് കേസ് മാറ്റിവെച്ചു. എന്നിട്ട് പൗലോസിനെ തടവിൽ സൂക്ഷിക്കാൻ സൈനികോദ്യോഗസ്ഥനോടു കല്പിച്ചു. എന്നാൽ പൗലോസിനു കുറച്ച് സ്വാതന്ത്ര്യം കൊടുക്കണമെന്നും പൗലോസിനെ പരിചരിക്കാൻ അദ്ദേഹത്തിന്റെ സ്നേഹിതരെ അനുവദിക്കണമെന്നും ഫേലിക്സ് നിർദേശിച്ചു.”—പ്രവൃ. 24:22, 23.
17 കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഫേലിക്സും ഭാര്യ ദ്രുസില്ലയും കൂടി (അവർ ഒരു ജൂതവംശജ ആയിരുന്നു) പൗലോസിനെ വിളിപ്പിച്ച്, “ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ച് കേട്ടു.” (പ്രവൃ. 24:24) എന്നാൽ ‘നീതി, ആത്മനിയന്ത്രണം, വരാനിരിക്കുന്ന ന്യായവിധി എന്നിവയെക്കുറിച്ച് പൗലോസ് പറഞ്ഞപ്പോൾ ഫേലിക്സ് ഭയപ്പെട്ടു.’ തന്റെ ദുഷിച്ച ജീവിതഗതിനിമിത്തം മനസ്സാക്ഷി ഫേലിക്സിനെ അലട്ടിയതുകൊണ്ടായിരിക്കാം അയാൾക്കു ഭയംതോന്നിയത്. അതുകൊണ്ട് “ഇപ്പോൾ പൊയ്ക്കൊള്ളൂ, സമയം കിട്ടുമ്പോൾ വീണ്ടും വിളിപ്പിക്കാം” എന്നു പറഞ്ഞ് അയാൾ പൗലോസിനെ മടക്കി അയച്ചു. അതിനുശേഷവും ഫേലിക്സ് പല തവണ പൗലോസിനെ കണ്ടു. സത്യത്തെക്കുറിച്ച് കേൾക്കാനുള്ള ആഗ്രഹംകൊണ്ടായിരുന്നില്ല, പൗലോസിൽനിന്ന് കൈക്കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചായിരുന്നു അയാൾ അങ്ങനെ ചെയ്തത്.—പ്രവൃ. 24:25, 26.
18. പൗലോസ് എന്തുകൊണ്ടാണ് “നീതി, ആത്മനിയന്ത്രണം, വരാനിരിക്കുന്ന ന്യായവിധി” എന്നിവയെക്കുറിച്ച് ഫേലിക്സിനോടും ഭാര്യയോടും സംസാരിച്ചത്?
18 പൗലോസ് എന്തുകൊണ്ടായിരിക്കാം ഫേലിക്സിനോടും ഭാര്യയോടും “നീതി, ആത്മനിയന്ത്രണം, വരാനിരിക്കുന്ന ന്യായവിധി” എന്നിവയെക്കുറിച്ചു സംസാരിച്ചത്? ‘ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിൽ’ ഉൾപ്പെട്ടിരിക്കുന്നത് എന്താണെന്ന് അറിയാൻ അവർ ആഗ്രഹിച്ചു എന്നോർക്കുക. അതുകൊണ്ട് അധാർമികതയും ക്രൂരതയും അനീതിയും നിറഞ്ഞ അവരുടെ ജീവിതത്തെക്കുറിച്ച് അറിയാമായിരുന്ന പൗലോസ് ഇപ്പോൾ, യേശുവിന്റെ ഒരു അനുഗാമിയായിത്തീരാൻ എന്താണ് ചെയ്യേണ്ടതെന്ന് അവർക്കു വിശദീകരിച്ചുകൊടുക്കുകയായിരുന്നു. പൗലോസ് പറഞ്ഞ കാര്യങ്ങൾ, ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങളും ഫേലിക്സിന്റെയും ഭാര്യയുടെയും ജീവിതഗതിയും തമ്മിലുള്ള വലിയ അന്തരം എടുത്തുകാണിച്ചു. എല്ലാ മനുഷ്യരും അവർ പറയുകയും ചെയ്യുകയും ചിന്തിക്കുകയും ചെയ്യുന്ന കാര്യങ്ങളെപ്രതി ദൈവമുമ്പാകെ കണക്കുബോധിപ്പിക്കേണ്ടവരാണെന്നും അതുകൊണ്ട് ഫേലിക്സ് പൗലോസിനെ എങ്ങനെ വിധിക്കും എന്നതിനെക്കാൾ, ദൈവമുമ്പാകെ ഫേലിക്സും ഭാര്യയും എങ്ങനെ ന്യായംവിധിക്കപ്പെടും എന്നതാണ് ഏറെ പ്രാധാന്യമർഹിക്കുന്നതെന്നും ഉള്ള യാഥാർഥ്യം തിരിച്ചറിയാൻ ഇത് അവരെ സഹായിച്ചിരിക്കണം. ഫേലിക്സ് ‘ഭയപ്പെട്ടതിൽ’ ഒട്ടും അതിശയിക്കാനില്ല!
19, 20. (എ) സത്യത്തിൽ താത്പര്യമുള്ളതായി കാണിക്കുകയും എന്നാൽ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ മനസ്സൊരുക്കമില്ലാതിരിക്കുകയും ചെയ്യുന്നവരോടുള്ള നമ്മുടെ സമീപനം എന്തായിരിക്കണം? (ബി) ഫേലിക്സിന് പൗലോസിനോട് ഒരു ആത്മാർഥതയുമില്ലായിരുന്നുവെന്ന് നമുക്ക് എങ്ങനെ അറിയാം?
19 ഫേലിക്സിനെപ്പോലെയുള്ള ആളുകളെ ശുശ്രൂഷയിൽ നാം കണ്ടുമുട്ടാറുണ്ട്. ആദ്യമൊക്കെ അവർ സത്യത്തിൽ താത്പര്യം കാണിക്കുന്നതായി തോന്നിയേക്കാം. എന്നാൽ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ അവർക്കു താത്പര്യമുണ്ടായിരിക്കില്ല. അത്തരക്കാരോട് ഇടപെടുമ്പോൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അതേസമയം പൗലോസിനെപ്പോലെ ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങളെക്കുറിച്ച് നയപൂർവം അവരോടു പറയുകയും വേണം. ഒരുപക്ഷേ, സത്യം അവരുടെ ഹൃദയത്തെ സ്പർശിച്ചെങ്കിലോ? എന്നാൽ തങ്ങളുടെ പാപപൂർണമായ ജീവിതം ഉപേക്ഷിക്കാൻ അവർക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് വ്യക്തമായാൽ നാം അവർക്കുവേണ്ടി സമയംകളയേണ്ടതില്ല. സത്യാന്വേഷികളായ ആളുകളെ കണ്ടെത്തുന്നതിന് നമുക്ക് ആ സമയം പ്രയോജനപ്പെടുത്താനാകും.
20 ഫേലിക്സിന്റെ കാര്യത്തിൽ, അയാളുടെ ആന്തരം എന്തായിരുന്നുവെന്ന് പിൻവരുന്ന വാക്കുകൾ വെളിപ്പെടുത്തുന്നു: “രണ്ടു വർഷം കഴിഞ്ഞപ്പോൾ ഫേലിക്സിന്റെ പിൻഗാമിയായി പൊർക്യൊസ് ഫെസ്തൊസ് സ്ഥാനമേറ്റു. ജൂതന്മാരുടെ പ്രീതി നേടാൻ ആഗ്രഹിച്ച ഫേലിക്സ് പൗലോസിനെ തടവുകാരനായിത്തന്നെ വിട്ടിട്ട് പോയി.” (പ്രവൃ. 24:27) ഫേലിക്സിന് പൗലോസിനോട് ഒരു ആത്മാർഥതയുമില്ലായിരുന്നു. ‘ഈ മാർഗക്കാരായ’ ആളുകൾ രാജ്യദ്രോഹികളോ വിപ്ലവകാരികളോ അല്ലെന്ന് അയാൾക്ക് അറിയാമായിരുന്നു. (പ്രവൃ. 19:23) പൗലോസ് റോമാക്കാരുടെ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നും അയാൾക്ക് നിശ്ചയമുണ്ടായിരുന്നു. എന്നിട്ടും, ‘ജൂതന്മാരുടെ പ്രീതി നേടാൻ ആഗ്രഹിച്ചതിനാൽ’ അയാൾ അപ്പോസ്തലനെ തടവിൽത്തന്നെ പാർപ്പിച്ചു.
21. പൊർക്യൊസ് ഫെസ്തൊസ് സ്ഥാനമേറ്റശേഷം പൗലോസിന് എന്തു സംഭവിച്ചു, പ്രയാസകരമായ അനുഭവങ്ങൾ ഉണ്ടായപ്പോൾ പൗലോസിന് ശക്തിപകർന്നത് എന്താണ്?
21 പ്രവൃത്തികളുടെ പുസ്തകം 24-ാം അധ്യായത്തിന്റെ അവസാന വാക്യം സൂചിപ്പിക്കുന്നതുപോലെ ഗവർണറായ ഫേലിക്സിന്റെ പിൻഗാമിയായി പൊർക്യൊസ് ഫെസ്തൊസ് സ്ഥാനമേറ്റപ്പോഴും പൗലോസ് ഒരു തടവുകാരനായിത്തന്നെ കഴിയുകയായിരുന്നു. തുടർന്നങ്ങോട്ട് വിചാരണകളുടെ ഒരു പരമ്പരതന്നെയായിരുന്നു; ഒന്നിനു പുറകേ ഒന്നായി പല അധികാരികളുടെയും മുമ്പാകെ പൗലോസിനു പോകേണ്ടിവന്നു. അതെ, ധീരനായ ഈ അപ്പോസ്തലൻ “രാജാക്കന്മാരുടെയും ഗവർണർമാരുടെയും മുന്നിൽ” പോകാൻ നിർബന്ധിതനായി. (ലൂക്കോ. 21:12) നാം കാണാൻപോകുന്നതുപോലെ അക്കാലത്തെ ഏറ്റവും ശക്തനായ ഭരണാധികാരിയുടെ മുമ്പാകെപോലും അദ്ദേഹം സാക്ഷ്യം നൽകുമായിരുന്നു. ഈ അനുഭവങ്ങളിലൂടെയെല്ലാം കടന്നുപോയപ്പോഴും പൗലോസ് അചഞ്ചലനായി തന്റെ വിശ്വാസം കാത്തു. “ധൈര്യമായിരിക്കുക!” എന്ന യേശുവിന്റെ വാക്കുകൾ അദ്ദേഹത്തിനു ശക്തിപകർന്നു എന്നതിനു സംശയമില്ല.
a “ ഫേലിക്സ്—യഹൂദ്യയുടെ നാടുവാഴി” എന്ന ചതുരം കാണുക.
b ജനതയ്ക്ക് ‘വളരെ സമാധാനം’ കൈവരുത്തിയതിനെപ്രതി തെർത്തുല്ലൊസ് ഫേലിക്സിന് നന്ദി പറഞ്ഞു. എന്നാൽ റോമിനെതിരെ കലാപം പൊട്ടിപ്പുറപ്പെടുന്നതുവരെയുള്ള കാലഘട്ടത്തിൽ യഹൂദ്യയിൽ ഏറ്റവും കുറച്ച് സമാധാനം ഉണ്ടായിരുന്നിട്ടുള്ളത് ഫേലിക്സിന്റെ ഭരണകാലത്താണ്. ആ ഭരണംകൊണ്ട് ഉണ്ടായിട്ടുള്ള പുരോഗതിക്ക് ജൂതജനത ‘അങ്ങേയറ്റം നന്ദിയുള്ളവരാണെന്ന’ പരാമർശവും സത്യവിരുദ്ധമായിരുന്നു. തങ്ങളുടെ ജീവിതം ദുരിതപൂർണമാക്കിയ, കലാപങ്ങളെ നിർദയം അടിച്ചമർത്തിയ ആ ഭരണാധികാരിയോട് മിക്ക ജൂതന്മാർക്കും വെറുപ്പായിരുന്നു എന്നതാണ് വാസ്തവം.—പ്രവൃ. 24:2, 3.