അധ്യായം 23
“എനിക്കു പറയാനുള്ളതു കേട്ടുകൊള്ളുക”
ക്ഷുഭിതരായ ജനക്കൂട്ടത്തിന്റെയും സൻഹെദ്രിന്റെയും മുമ്പാകെ പൗലോസ് സത്യത്തിനുവേണ്ടി പ്രതിവാദംചെയ്യുന്നു
ആധാരം: പ്രവൃത്തികൾ 21:18–23:10
1, 2. പൗലോസ് അപ്പോസ്തലൻ യരുശലേമിലേക്കു വരാൻ ഇടയായ സാഹചര്യം എന്താണ്, അവിടെ അദ്ദേഹം എന്തെല്ലാം വെല്ലുവിളികൾ നേരിടും?
യരുശലേം! വീണ്ടും ഒരിക്കൽക്കൂടി പൗലോസ് അതിന്റെ ജനസാന്ദ്രമായ ഇടുങ്ങിയ തെരുവീഥികളിലൂടെ നടന്നുനീങ്ങുകയാണ്. മറ്റേതൊരു സ്ഥലത്തെക്കാളും ദൈവജനത്തിന്റെ ചരിത്രത്തിൽ ഇടംനേടിയിട്ടുള്ള ഒരു നഗരമാണ് ഇത്. അതിന്റെ മഹത്ത്വപൂർണമായ ഭൂതകാലത്തിൽ അഭിമാനംകൊള്ളുന്നവരാണ് അവിടത്തെ നിവാസികളിൽ അനേകരും. അവിടെയുള്ള ക്രിസ്ത്യാനികളിൽ പലരുടെയും കാര്യത്തിലും അതുതന്നെ സത്യമാണെന്ന് പൗലോസിന് അറിയാം. യഹോവ തന്റെ ജനവുമായി ഇടപെട്ടിരുന്ന രീതിക്ക് മാറ്റംവന്നിരിക്കുന്നുവെന്നു മനസ്സിലാക്കിയിട്ടും തങ്ങളുടെ ചിന്താഗതിയിൽ പൊരുത്തപ്പെടുത്തൽ വരുത്താൻ അവർക്കു കഴിയുന്നില്ല. ഇവിടെയുള്ള ക്രിസ്ത്യാനികൾക്ക് ഭൗതിക സഹായം എത്തിച്ചുകൊടുക്കുന്നതിനാണ് എഫെസൊസിൽനിന്ന് വീണ്ടും ഈ മഹാനഗരത്തിലേക്കു വരാൻ പൗലോസ് തീരുമാനിച്ചത്. എന്നാൽ ഭൗതിക സഹായത്തിനു പുറമേ അവർക്ക് ആത്മീയ സഹായവും ആവശ്യമാണെന്ന് പൗലോസ് ഇപ്പോൾ തിരിച്ചറിയുന്നു. (പ്രവൃ. 19:21) മുന്നിലുള്ള അപകടങ്ങൾ ഗണ്യമാക്കാതെയാണ് തന്റെ ഉദ്യമം പൂർത്തിയാക്കുന്നതിനായി അദ്ദേഹം ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
2 ഏതു തരത്തിലുള്ള പ്രശ്നങ്ങളായിരിക്കും പൗലോസിന് ഇപ്പോൾ യരുശലേമിൽ നേരിടേണ്ടിവരുക? ഒന്ന് ക്രിസ്തുവിന്റെ അനുഗാമികളിൽനിന്നുതന്നെ ഉള്ളതാണ്; പൗലോസിനെക്കുറിച്ചു കേട്ട ചില വാർത്തകൾ അവരെ അസ്വസ്ഥരാക്കിയിരുന്നു. എന്നാൽ അതിനെക്കാൾ വലിയ വെല്ലുവിളികൾ ക്രിസ്തുവിന്റെ ശത്രുക്കളിൽനിന്ന് അദ്ദേഹത്തിനു നേരിടേണ്ടിവരുമായിരുന്നു. അവർ പൗലോസിന് എതിരെ വ്യാജാരോപണങ്ങൾ കൊണ്ടുവരുകയും അദ്ദേഹത്തെ അടിക്കുകയും അദ്ദേഹത്തിന് ജീവഹാനി വരുത്താൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു. ഇതൊക്കെ അങ്ങേയറ്റം ഭീതിദമായ അനുഭവങ്ങൾ ആയിരിക്കുമെങ്കിലും സത്യത്തിനുവേണ്ടി പ്രതിവാദംചെയ്യാനുള്ള അവസരങ്ങൾ അതിലൂടെ പൗലോസിനു ലഭിക്കുമായിരുന്നു. അത്തരം വെല്ലുവിളികളെ നേരിടവെ, അദ്ദേഹം പ്രകടമാക്കിയ താഴ്മയും ധൈര്യവും വിശ്വാസവും ഇന്നത്തെ ക്രിസ്ത്യാനികൾക്ക് അനുകരണീയമായ ഒരു മാതൃകയായി ഉതകുന്നു. അത് എങ്ങനെയെന്ന് നമുക്കു നോക്കാം.
“അവർ ദൈവത്തെ മഹത്ത്വപ്പെടുത്തി” (പ്രവൃ. 21:18-20എ)
3-5. (എ) പൗലോസ് യരുശലേമിൽ ഏതു യോഗത്തിൽ സംബന്ധിച്ചു, അവർ അവിടെ എന്തു ചർച്ചചെയ്തു? (ബി) യരുശലേമിലെ ആ യോഗത്തിൽനിന്ന് നമുക്ക് എന്തെല്ലാം പാഠങ്ങൾ ഉൾക്കൊള്ളാനാകും?
3 യരുശലേമിൽ എത്തിയതിന്റെ പിറ്റേന്ന് പൗലോസും സംഘവും സഭയിൽ നേതൃത്വം വഹിച്ചിരുന്ന മൂപ്പന്മാരെ കാണാൻ പോയി. അപ്പോസ്തലന്മാരെക്കുറിച്ചൊന്നും ആ വിവരണത്തിൽ പരാമർശിച്ചിട്ടില്ല; സാധ്യതയനുസരിച്ച് ആ സമയമായപ്പോഴേക്കും അവരൊക്കെ പ്രസംഗവേലയ്ക്കായി മറ്റു പല ദേശങ്ങളിലേക്കും പോയിരുന്നു. എന്നിരുന്നാലും യേശുവിന്റെ സഹോദരനായ യാക്കോബ് അപ്പോഴും അവിടെയുണ്ടായിരുന്നു. (ഗലാ. 2:9) പൗലോസിനോടൊപ്പം “മൂപ്പന്മാരെല്ലാം” കൂടിവന്ന ആ യോഗത്തിൽ ആധ്യക്ഷ്യംവഹിച്ചത് മിക്കവാറും യാക്കോബ് ആയിരിക്കണം.—പ്രവൃ. 21:18.
4 പൗലോസ് ആ മൂപ്പന്മാരെ വന്ദനം ചെയ്തിട്ട് ‘തന്റെ ശുശ്രൂഷയിലൂടെ ജനതകൾക്കിടയിൽ ദൈവം ചെയ്ത കാര്യങ്ങളെക്കുറിച്ച്’ അവരോടു വിവരിച്ചു. (പ്രവൃ. 21:19) കേട്ട കാര്യങ്ങൾ അവർക്ക് അത്യന്തം പ്രോത്സാഹജനകമായിരുന്നിരിക്കണം. ഇന്ന് മറ്റു ദേശങ്ങളിലെ രാജ്യവേലയുടെ പുരോഗതിയെക്കുറിച്ചു കേൾക്കുന്നത് നമുക്കും പ്രോത്സാഹനം പകരുന്നില്ലേ?—സുഭാ. 25:25.
5 താൻ യൂറോപ്പിൽനിന്നു കൊണ്ടുവന്ന സംഭാവനയെക്കുറിച്ച് യോഗത്തിനിടയിൽ പൗലോസ് പരാമർശിച്ചിരിക്കണം. ദൂരദേശങ്ങളിലുള്ള ആ സഹോദരങ്ങൾ തങ്ങളെക്കുറിച്ച് എത്ര ചിന്തയുള്ളവരാണെന്നു മനസ്സിലാക്കിയപ്പോൾ അവിടെ കൂടിയിരുന്നവർക്ക് വളരെയേറെ സന്തോഷവും വിലമതിപ്പും തോന്നിയെന്നതിനു സംശയമില്ല. പൗലോസിന്റെ വാക്കുകൾ കേട്ട് “അവർ (മൂപ്പന്മാർ) ദൈവത്തെ മഹത്ത്വപ്പെടുത്തി” എന്ന് വിവരണം പറയുന്നു. (പ്രവൃ. 21:20എ) സമാനമായി ഇന്നും ദുരന്തങ്ങളാലും ഗുരുതരമായ രോഗങ്ങളാലും കഷ്ടപ്പെടുന്നവർ, സഹവിശ്വാസികളിൽനിന്നുള്ള സമയോചിതമായ സഹായത്തെയും പ്രോത്സാഹനങ്ങളെയും വളരെയധികം വിലമതിക്കുന്നു.
പലരും ഇപ്പോഴും “കണിശമായി നിയമം പാലിക്കുന്നവരാണ്” (പ്രവൃ. 21:20ബി, 21)
6. പൗലോസ് ഏതു പ്രശ്നത്തെക്കുറിച്ച് അറിയുന്നു?
6 അടുത്തതായി, പൗലോസിനോടു ബന്ധപ്പെട്ട് യഹൂദ്യയിൽ ഒരു പ്രശ്നം ഉരുത്തിരിഞ്ഞിരിക്കുന്നതായി മൂപ്പന്മാർ അദ്ദേഹത്തോടു പറയുന്നു: “സഹോദരാ, ജൂതന്മാരായ ആയിരക്കണക്കിനു വിശ്വാസികളുണ്ടെന്ന് അറിയാമല്ലോ. അവർ എല്ലാവരും വളരെ കണിശമായി നിയമം പാലിക്കുന്നവരാണ്. എന്നാൽ മക്കളെ പരിച്ഛേദന ചെയ്യിക്കുകയോ ആചാരങ്ങൾ അനുഷ്ഠിക്കുകയോ വേണ്ടെന്നു പറഞ്ഞുകൊണ്ട് പൗലോസ് ജനതകൾക്കിടയിലുള്ള ജൂതന്മാരെയെല്ലാം മോശയുടെ നിയമം ഉപേക്ഷിക്കാൻ പഠിപ്പിക്കുന്നു എന്നൊരു വാർത്ത അവർ കേട്ടിട്ടുണ്ട്.” a—പ്രവൃ. 21:20ബി, 21.
7, 8. (എ) യഹൂദ്യയിലുള്ള പല ക്രിസ്ത്യാനികൾക്കും തെറ്റായ എന്തു വീക്ഷണമാണ് ഉണ്ടായിരുന്നത്? (ബി) ആ ജൂത ക്രിസ്ത്യാനികളുടെ ചിന്താഗതി വിശ്വാസത്യാഗം അല്ലായിരുന്നത് എന്തുകൊണ്ട്?
7 മോശയുടെ നിയമം നീങ്ങിപ്പോയിട്ട് 20-ലേറെ വർഷം കഴിഞ്ഞിരുന്നെങ്കിലും അതു പിൻപറ്റണമെന്ന് ഇത്രയധികം ക്രിസ്ത്യാനികൾ ഇപ്പോഴും ശഠിച്ചിരുന്നത് എന്തുകൊണ്ടാണ്? (കൊലോ. 2:14) എ.ഡി. 49-ൽ യരുശലേമിലെ അപ്പോസ്തലന്മാരും മൂപ്പന്മാരും, ജനതകളിൽനിന്നുള്ള വിശ്വാസികൾ പരിച്ഛേദനയേൽക്കുകയും മോശയുടെ നിയമം പിൻപറ്റുകയും ചെയ്യേണ്ടതില്ലെന്ന് സഭകളെ എഴുതി അറിയിച്ചിരുന്നു. (പ്രവൃ. 15:23-29) എന്നിരുന്നാലും ആ കത്തിൽ ജൂത പശ്ചാത്തലത്തിൽനിന്ന് വിശ്വാസികളായിത്തീർന്നവരെപ്പറ്റി ഒന്നും പരാമർശിച്ചിരുന്നില്ല. മോശയുടെ നിയമം പ്രാബല്യത്തിലില്ലെന്ന വസ്തുതയെക്കുറിച്ച് അവരിൽ പലർക്കും വ്യക്തമായ ഒരു ഗ്രാഹ്യമില്ലായിരുന്നുതാനും.
8 തെറ്റായ അത്തരമൊരു ചിന്താഗതി വെച്ചുപുലർത്തിയിരുന്നതിനാൽ ആ ജൂത വിശ്വാസികൾ ക്രിസ്ത്യാനികളായിരിക്കാൻ യോഗ്യരല്ലെന്നു വരുമായിരുന്നോ? ഒരിക്കലുമില്ല. ഒരു കാലത്ത് പുറജാതി ദൈവങ്ങളെ ആരാധിച്ചിരുന്നവരോ ആ മതത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും ഇപ്പോഴും പിൻപറ്റുന്നവരോ ആയിരുന്നില്ല അവർ. സുപ്രധാനമായി അവർ കണക്കാക്കിയിരുന്ന മോശയുടെ നിയമം വാസ്തവത്തിൽ അവർക്കു നൽകിയത് യഹോവതന്നെ ആയിരുന്നു; ആ നിയമസംഹിത അതിൽത്തന്നെ തെറ്റായ ഒന്നായിരുന്നില്ല; അത് ഭൂതങ്ങളിൽനിന്നുള്ളതും ആയിരുന്നില്ല. എന്നാൽ ആ നിയമം പഴയ ഉടമ്പടി പ്രകാരമുള്ളതായിരുന്നു; ക്രിസ്ത്യാനികളാകട്ടെ, പുതിയ ഉടമ്പടിയിൻകീഴിൽ ഉള്ളവരും. സത്യാരാധനയോടുള്ള ബന്ധത്തിൽ നിയമ ഉടമ്പടി പ്രകാരമുള്ള ആചാരങ്ങൾ കാലഹരണപ്പെട്ടിരുന്നു. മോശയുടെ നിയമം പിൻപറ്റണമെന്നു വാദിച്ചിരുന്ന എബ്രായ ക്രിസ്ത്യാനികൾക്ക് ക്രിസ്തീയ പഠിപ്പിക്കലുകളുടെ ശരിയായ ഗ്രാഹ്യം ഇല്ലായിരുന്നു; ദൈവാംഗീകാരം നേടുന്നതിന് പഴയ ഉടമ്പടി പ്രകാരമുള്ള ആചാരങ്ങൾ തുടർന്നും പിൻപറ്റേണ്ടതുണ്ടെന്നും അവർ കരുതിയിരുന്നു. നിയമ ഉടമ്പടിയെക്കുറിച്ച് ദൈവം പുതുതായി വെളിപ്പെടുത്തിക്കൊടുത്ത കാര്യങ്ങൾക്കു ചേർച്ചയിൽ അവർ തങ്ങളുടെ ചിന്താഗതിയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടിയിരുന്നു. b—യിരെ. 31:31-34; ലൂക്കോ. 22:20.
പ്രവൃ. 21:22-26)
‘താങ്കളെപ്പറ്റി കേട്ടതൊന്നും ശരിയല്ല’ (9. മോശയുടെ നിയമത്തെക്കുറിച്ച് പൗലോസ് എന്തു പഠിപ്പിച്ചു?
9 “മക്കളെ പരിച്ഛേദന ചെയ്യിക്കുകയോ ആചാരങ്ങൾ അനുഷ്ഠിക്കുകയോ വേണ്ടെന്ന്” പൗലോസ് ജനതകളുടെ ഇടയിലുള്ള ജൂതന്മാരെ പഠിപ്പിക്കുന്നുവെന്ന ശ്രുതിയുടെ കാര്യമോ? പൗലോസ് ജനതകളുടെ അപ്പോസ്തലനായിരുന്നു. അതുകൊണ്ട് അവരോടു സംസാരിച്ചപ്പോൾ മോശയുടെ നിയമത്തിനു കീഴ്പെടേണ്ടതില്ലെന്ന തീരുമാനത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. മോശയുടെ നിയമത്തോടുള്ള കീഴ്പെടൽ എന്ന നിലയിൽ പരിച്ഛേദനയേൽക്കാൻ ജനതകളിൽപ്പെട്ട ക്രിസ്ത്യാനികളെ നിർബന്ധിക്കുന്നത് തെറ്റാണെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി. (ഗലാ. 5:1-7) താൻ പോയ നഗരങ്ങളിലെല്ലാം ജൂതന്മാരോടും അദ്ദേഹം സന്തോഷവാർത്ത പ്രസംഗിച്ചു. കേൾക്കാൻ മനസ്സുകാണിച്ചവരോടൊക്കെ അദ്ദേഹം, യേശുവിന്റെ മരണം മോശയുടെ നിയമത്തിനു നീക്കംവരുത്തിയെന്നും അതുകൊണ്ട് ആ നിയമത്തിന്റെ പ്രവൃത്തികളാലല്ല, വിശ്വാസത്താലാണ് നീതീകരണം സാധ്യമാകുന്നതെന്നും തീർച്ചയായും വിശദീകരിച്ചിരിക്കണം.—റോമ. 2:28, 29; 3:21-26.
10. മോശയുടെ നിയമത്തോടും പരിച്ഛേദനയോടും ഉള്ള ബന്ധത്തിൽ സന്തുലിതമായ എന്തു വീക്ഷണമാണ് പൗലോസിന് ഉണ്ടായിരുന്നത്?
10 എന്നിരുന്നാലും ശബത്തിൽ വേലചെയ്യാതിരിക്കുകയോ ചില ആഹാരസാധനങ്ങൾ വർജിക്കുകയോ ചെയ്യുന്നതുപോലുള്ള ചില ജൂത ആചാരങ്ങൾ പിൻപറ്റാൻ ആഗ്രഹിച്ചിരുന്നവരോട് പൗലോസ് സമാനുഭാവം കാണിച്ചു. (റോമ. 14:1-6) പരിച്ഛേദനയോടുള്ള ബന്ധത്തിലും അദ്ദേഹം തന്റേതായ നിയമങ്ങളൊന്നും വെച്ചില്ല. എന്തിന്, തിമൊഥെയൊസിന്റെ അപ്പൻ ഒരു ഗ്രീക്കുകാരൻ ആയിരുന്നതിനാൽ ജൂതന്മാർ ഒരുപക്ഷേ, അദ്ദേഹത്തെ അംഗീകരിക്കാതിരിക്കുമോ എന്നു വിചാരിച്ച് തിമൊഥെയൊസിനെ പരിച്ഛേദന കഴിപ്പിക്കാൻപോലും പൗലോസ് മനസ്സുകാണിച്ചിരുന്നു. (പ്രവൃ. 16:3) വ്യക്തിപരമായ തീരുമാനത്തിനു വിട്ടിരുന്ന ഒരു കാര്യമായിരുന്നു പരിച്ഛേദന. അതേക്കുറിച്ച് ഗലാത്യയിലുള്ളവരോട് പൗലോസ് പറഞ്ഞു: “പരിച്ഛേദനയേൽക്കുന്നതോ പരിച്ഛേദനയേൽക്കാതിരിക്കുന്നതോ അല്ല, സ്നേഹത്തിലൂടെ പ്രവർത്തിക്കുന്ന വിശ്വാസമാണു പ്രധാനം.” (ഗലാ. 5:6) എന്നിരുന്നാലും മോശയുടെ നിയമത്തിൻ കീഴിൽ വരുന്നതിനോ യഹോവയുടെ അംഗീകാരം നേടുന്നതിനുള്ള ഒരു നിബന്ധനയെന്നനിലയിലോ പരിച്ഛേദനയേൽക്കുന്നത് വിശ്വാസരാഹിത്യത്തിന്റെ തെളിവായിരിക്കുമായിരുന്നു.
11. മൂപ്പന്മാർ പൗലോസിന് എന്തു നിർദേശം നൽകി, അത് അനുസരിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരുന്നത്? (അടിക്കുറിപ്പു കാണുക.)
11 അതുകൊണ്ട് പൗലോസിനെക്കുറിച്ചു കേട്ടതൊക്കെ വളച്ചൊടിച്ച വാർത്തകളായിരുന്നു. അതു പക്ഷേ, ജൂത ക്രിസ്ത്യാനികളെ വളരെ അസ്വസ്ഥരാക്കി. അക്കാരണത്താൽ മൂപ്പന്മാർ പൗലോസിന് പിൻവരുന്ന നിർദേശം നൽകി: “നേർച്ച നേർന്നിട്ടുള്ള നാലു പേർ ഇവിടെയുണ്ട്. ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടുപോയി അവരുടെ തല വടിപ്പിക്കുക. അവരോടൊപ്പം താങ്കളും ആചാരപ്രകാരം സ്വയം ശുദ്ധീകരിക്കണം; അവരുടെ ചെലവുകൾ വഹിക്കുകയും വേണം. താങ്കളെപ്പറ്റി കേട്ടതൊന്നും ശരിയല്ലെന്നും താങ്കളും നിയമം പാലിച്ചുകൊണ്ട് നേരോടെ നടക്കുന്നയാളാണെന്നും അപ്പോൾ എല്ലാവർക്കും മനസ്സിലാകും.” c—പ്രവൃ. 21:23, 24.
12. യരുശലേമിലെ മൂപ്പന്മാരുടെ നിർദേശത്തോടുള്ള പൗലോസിന്റെ പ്രതികരണം അദ്ദേഹം വഴക്കവും സഹകരണ മനോഭാവവും ഉള്ളവനായിരുന്നുവെന്ന് തെളിയിക്കുന്നത് എങ്ങനെ?
12 യഥാർഥ പ്രശ്നം, മോശയുടെ നിയമം പിൻപറ്റുന്നതു സംബന്ധിച്ച ജൂത ക്രിസ്ത്യാനികളുടെ ശാഠ്യമാണ്, തന്നെക്കുറിച്ചുള്ള ശ്രുതികളല്ല എന്ന് പൗലോസിനു വേണമെങ്കിൽ വാദിക്കാമായിരുന്നു. എന്നിരുന്നാലും, ദൈവിക തത്ത്വങ്ങളുടെ ലംഘനം ഉൾപ്പെട്ടിട്ടില്ലാത്തിടത്തോളം മൂപ്പന്മാർ പറയുന്നത് അനുസരിക്കാൻ അദ്ദേഹം മനസ്സൊരുക്കമുള്ളവനായിരുന്നു. മുമ്പ് അദ്ദേഹം ഇങ്ങനെ എഴുതിയിരുന്നു: “ഞാൻ നിയമത്തിനു കീഴിലല്ലെങ്കിലും നിയമത്തിൻകീഴിലുള്ളവരെ നേടാൻവേണ്ടി ഞാൻ അവർക്കു നിയമത്തിൻകീഴിലുള്ളവനെപ്പോലെയായി.” (1 കൊരി. 9:20) ഈ അവസരത്തിൽ യരുശലേമിലെ മൂപ്പന്മാരോടു സഹകരിച്ചുകൊണ്ട് പൗലോസ് “നിയമത്തിൻകീഴിലുള്ളവനെപ്പോലെയായി.” ഇന്ന് മൂപ്പന്മാരോടു സഹകരിച്ചു പ്രവർത്തിക്കാനും നമ്മുടേതായ വിധത്തിൽ കാര്യങ്ങൾ ചെയ്യണമെന്ന് വാശിപിടിക്കാതിരിക്കാനും പൗലോസ് അങ്ങനെ നമുക്ക് നല്ലൊരു മാതൃകവെക്കുന്നു.—എബ്രാ. 13:17.
“ഇവൻ ജീവനോടിരിക്കാൻ പാടില്ല” (പ്രവൃ. 21:27–22:30)
13. (എ) ചില ജൂതന്മാർ ആലയത്തിൽവെച്ച് ജനത്തെ ഇളക്കിയത് എന്തുകൊണ്ട്? (ബി) പൗലോസിന്റെ ജീവൻ സംരക്ഷിക്കപ്പെട്ടത് എങ്ങനെ?
13 പൗലോസ് ആലയത്തിൽ ചെന്നപ്പോഴും പ്രശ്നങ്ങൾ ഉണ്ടായി. നേർച്ചയുടെ കാലം തികയാറായപ്പോൾ ഏഷ്യയിൽനിന്നുള്ള ചില ജൂതന്മാർ അദ്ദേഹത്തെ അവിടെ കണ്ടിട്ട് അദ്ദേഹം ജനതകളിൽപ്പെട്ടവരെ ആലയത്തിൽ കൊണ്ടുവരുന്നുവെന്നു പറഞ്ഞ് ജനത്തെ ഇളക്കി. റോമൻ സൈന്യാധിപൻ തക്കസമയത്ത് ഇടപെട്ടതുകൊണ്ടാണ് പൗലോസിനു ജീവഹാനി സംഭവിക്കാതിരുന്നത്. ആ സൈന്യാധിപൻ പക്ഷേ, പൗലോസിനെ ബന്ധനസ്ഥനാക്കി. തുടർന്നുള്ള നാലു വർഷത്തിലേറെ പൗലോസ് തടവിലായിരുന്നു. എന്നാൽ പൗലോസിനെ ബന്ധിതനാക്കിയതോടെ പ്രശ്നങ്ങൾ തീർന്നില്ല. ആ ജൂതന്മാരോട് സൈന്യാധിപൻ പൗലോസിനെ ആക്രമിക്കുന്നതിന്റെ കാരണം ആരാഞ്ഞപ്പോൾ അവർ പല ആരോപണങ്ങളും ഉന്നയിച്ചു; പക്ഷേ, ആ ബഹളത്തിനിടയിൽ അവർ പറയുന്നതൊന്നും അയാൾക്കു വ്യക്തമായില്ല. സാഹചര്യം കൂടുതൽ വഷളായതിനാൽ പടയാളികൾക്ക് അദ്ദേഹത്തെ അവിടെനിന്ന് എടുത്തുകൊണ്ടു പോകേണ്ടിവന്നു. അവർ പടയാളികളുടെ പാളയത്തിലേക്കു കടക്കാറായപ്പോൾ പൗലോസ് സൈന്യാധിപനോട്, “ഈ ജനത്തോടു സംസാരിക്കാൻ എന്നെ അനുവദിക്കേണമേ എന്നു ഞാൻ അങ്ങയോട് അപേക്ഷിക്കുകയാണ്” എന്നു പറഞ്ഞു. (പ്രവൃ. 21:39) അയാൾ അതിന് അനുമതി നൽകി. അങ്ങനെ പൗലോസ് തന്റെ വിശ്വാസത്തെക്കുറിച്ച് ധൈര്യപൂർവം സംസാരിക്കാൻതുടങ്ങി.
14, 15. (എ) പൗലോസ് ജൂതന്മാരോട് എന്താണു വിശദീകരിച്ചത്? (ബി) പൗലോസിനോടുള്ള ജൂതന്മാരുടെ കോപത്തിനു കാരണം കണ്ടുപിടിക്കുന്നതിനായി ആ സൈന്യാധിപൻ എന്തെല്ലാം മാർഗങ്ങൾ അവലംബിച്ചു?
14 “എനിക്കു പറയാനുള്ളതു കേട്ടുകൊള്ളുക,” പൗലോസ് പറഞ്ഞു. (പ്രവൃ. 22:1) എബ്രായ ഭാഷയിലാണ് അദ്ദേഹം അവരോടു സംസാരിച്ചത്. അത് ആ ജനത്തെ അൽപ്പമൊന്നു ശാന്തരാക്കി. താൻ ഇപ്പോൾ ക്രിസ്തുവിന്റെ അനുഗാമിയായിരിക്കുന്നതിന്റെ കാരണം അദ്ദേഹം അവരോട് വ്യക്തമായി വിശദീകരിച്ചു. ആ ജൂതന്മാർക്കു വേണമെങ്കിൽ പരിശോധിച്ച് ഉറപ്പുവരുത്താമായിരുന്ന കാര്യങ്ങളാണ് പൗലോസ് തന്റെ പ്രഭാഷണത്തിൽ ഉൾപ്പെടുത്തിയത്. അദ്ദേഹം പ്രശസ്ത പണ്ഡിതനായ ഗമാലിയേലിന്റെ കാൽക്കലിരുന്ന് പഠിച്ചിട്ടുള്ളവനും ക്രിസ്തുവിന്റെ അനുഗാമികളെ ഉപദ്രവിച്ചിട്ടുള്ളവനും ആയിരുന്നുവെന്ന വസ്തുത സാധ്യതയനുസരിച്ച് അവിടെ കൂടിയിരുന്ന ചിലർക്കെങ്കിലും അറിയാമായിരുന്നു. എന്നാൽ ദമസ്കൊസിലേക്കു പോകുന്ന വഴി, പുനരുത്ഥാനംപ്രാപിച്ച ക്രിസ്തു അദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തോടു സംസാരിച്ചു. പൗലോസിന്റെ കൂടെ യാത്ര ചെയ്തിരുന്നവർ ഒരു വെളിച്ചം കാണുകയും ഒരു ശബ്ദം കേൾക്കുകയും ചെയ്തു, കേട്ട കാര്യങ്ങൾ അവർക്കു വ്യക്തമായി മനസ്സിലായില്ലെങ്കിലും. (പ്രവൃ. 9:7-ന്റെയും 22:9-ന്റെയും പഠനക്കുറിപ്പ് കാണുക, nwtsty) ആ ദർശനത്തെത്തുടർന്ന് അന്ധനായിത്തീർന്ന പൗലോസിനെ കൂടെയുണ്ടായിരുന്നവർ ദമസ്കൊസിലേക്കു കൂട്ടിക്കൊണ്ടു പോയി. അവിടെവെച്ച്, ആ പ്രദേശത്തെ ജൂതന്മാർക്ക് പരിചയമുള്ള അനന്യാസ് എന്നൊരാൾ അത്ഭുതകരമായി അദ്ദേഹത്തിനു കാഴ്ച മടക്കിക്കൊടുത്തു.
15 താൻ യരുശലേമിൽ മടങ്ങിയെത്തിയപ്പോൾ ആലയത്തിൽവെച്ച് യേശു തനിക്കു പ്രത്യക്ഷനായ കാര്യം പൗലോസ് തുടർന്ന് വിശദീകരിച്ചു. അതു കേട്ട് ആ ജൂതന്മാർ അങ്ങേയറ്റം കോപാക്രാന്തരായി. “ഇങ്ങനെയുള്ളവനെ ഈ ഭൂമിയിൽ വെച്ചേക്കരുത്, ഇവൻ ജീവനോടിരിക്കാൻ പാടില്ല” എന്ന് അവർ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു. (പ്രവൃ. 22:22) പൗലോസിനെ രക്ഷിക്കാനായി അദ്ദേഹത്തെ പടയാളികളുടെ പാളയത്തിലേക്കു കൊണ്ടുപോകാൻ ആ സൈന്യാധിപൻ ആജ്ഞാപിച്ചു. അദ്ദേഹത്തിന്റെ നേരെയുള്ള ജൂതന്മാരുടെ കോപത്തിനു കാരണം കണ്ടുപിടിക്കുന്നതിനായി അദ്ദേഹത്തെ ചാട്ടയ്ക്കടിച്ച് തെളിവെടുക്കാൻ അയാൾ ഉത്തരവിട്ടു. എന്നിരുന്നാലും താൻ ഒരു റോമൻ പൗരനാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് നിയമം അനുശാസിക്കുന്ന സംരക്ഷണത്തിനുള്ള അവകാശം പൗലോസ് പ്രയോജനപ്പെടുത്തി. യഹോവയുടെ സാക്ഷികളും സമാനമായി തങ്ങളുടെ വിശ്വാസത്തിനുവേണ്ടി, ലഭ്യമായ നിയമസംരക്ഷണം ഉപയോഗപ്പെടുത്താറുണ്ട്. (“ റോമൻ നിയമവും റോമൻ പൗരന്മാരും” എന്ന ചതുരവും “ ആധുനികകാല ” എന്ന ചതുരവും കാണുക.) പൗലോസ് ഒരു റോമൻ പൗരനാണെന്നു കേട്ടപ്പോൾ അദ്ദേഹത്തിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിന് മറ്റെന്തെങ്കിലും മാർഗം അവലംബിക്കേണ്ടതുണ്ടെന്ന് ആ സൈന്യാധിപൻ തിരിച്ചറിഞ്ഞു. പിറ്റേന്ന് അയാൾ അദ്ദേഹത്തെ ജൂതന്മാരുടെ പരമോന്നത കോടതിയായ സൻഹെദ്രിനു മുമ്പാകെ കൊണ്ടുവന്നു. പൗലോസിനെ വിചാരണചെയ്യുന്നതിനായി പ്രത്യേകം വിളിച്ചുകൂട്ടിയതായിരുന്നു ആ സഭ. നിയമപോരാട്ടങ്ങൾ
“ഞാൻ ഒരു പരീശനാണ്” (പ്രവൃ. 23:1-10)
16, 17. (എ) പൗലോസ് സൻഹെദ്രിനെ അഭിസംബോധനചെയ്തപ്പോൾ എന്തു സംഭവിച്ചുവെന്ന് വിവരിക്കുക. (ബി) തന്നെ അടിച്ച സാഹചര്യത്തിൽ പൗലോസ് താഴ്മ പ്രകടമാക്കിയത് എങ്ങനെ?
16 സൻഹെദ്രിനോടു പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട് പൗലോസ് തന്റെ പ്രതിവാദം ആരംഭിച്ചു: “സഹോദരന്മാരേ, ഈ നിമിഷംവരെ ദൈവമുമ്പാകെ തികച്ചും ശുദ്ധമായ മനസ്സാക്ഷിയോടെയാണു ഞാൻ ജീവിച്ചിട്ടുള്ളത്.” (പ്രവൃ. 23:1) അത്രമാത്രം പറയാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ; അപ്പോഴേക്കും എന്തു സംഭവിച്ചുവെന്ന് വിവരണം പറയുന്നു: “ഇതു കേട്ട് മഹാപുരോഹിതനായ അനന്യാസ് അടുത്ത് നിന്നവരോടു പൗലോസിന്റെ മുഖത്ത് അടിക്കാൻ ആജ്ഞാപിച്ചു.” (പ്രവൃ. 23:2) എത്ര വലിയൊരു അവഹേളനം! എത്ര മുൻവിധിപരമായ പെരുമാറ്റം! വാസ്തവത്തിൽ, അങ്ങനെ ചെയ്യുകവഴി അവർ പൗലോസിനെ ഒരു നുണയനെന്നു മുദ്രകുത്തുകയായിരുന്നു, തെളിവുകളൊന്നും പരിഗണിക്കാതെതന്നെ. പൗലോസ് അതിനോട് പിൻവരുംവിധം പ്രതികരിച്ചതിൽ അതിശയിക്കാനില്ല: “വെള്ള തേച്ച ചുവരേ, ദൈവം നിന്നെ അടിക്കും. എന്നെ നിയമപ്രകാരം ന്യായം വിധിക്കാൻ ഇരിക്കുന്ന നീ നിയമം ലംഘിച്ചുകൊണ്ട് എന്നെ അടിക്കാൻ കല്പിക്കുന്നോ?” —പ്രവൃ. 23:3.
17 പൗലോസിനെ അടിച്ചതിൽ ആർക്കും ഒരു വിഷമവും തോന്നിയില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രതികരണം അവിടെയുണ്ടായിരുന്ന ചിലരെ ഞെട്ടിച്ചു. “ദൈവത്തിന്റെ മഹാപുരോഹിതനെയാണോ നീ അപമാനിക്കുന്നത്” അവർ അദ്ദേഹത്തോടു ചോദിച്ചു. എന്നാൽ താഴ്മയും മോശയുടെ നിയമത്തോടുള്ള ആദരവും വെളിവാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി: “സഹോദരന്മാരേ, ഇദ്ദേഹം മഹാപുരോഹിതനാണെന്നു ഞാൻ അറിഞ്ഞില്ല. ‘നിന്റെ ജനത്തിന്റെ അധികാരിയെ നിന്ദിക്കരുത്’ എന്ന് എഴുതിയിട്ടുണ്ടല്ലോ.” d (പ്രവൃ. 23:4, 5; പുറ. 22:28) തുടർന്ന് പൗലോസ് വ്യത്യസ്തമായ ഒരു സമീപനം സ്വീകരിച്ചു. സൻഹെദ്രിനിൽ പരീശന്മാരും സദൂക്യരും ഉണ്ടെന്നു തിരിച്ചറിഞ്ഞ അദ്ദേഹം പറഞ്ഞു: “സഹോദരന്മാരേ, ഞാൻ ഒരു പരീശനാണ്, പരീശകുടുംബത്തിൽ ജനിച്ചവൻ. മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള എന്റെ പ്രത്യാശ കാരണമാണ് എന്നെ ഇപ്പോൾ ന്യായം വിധിക്കുന്നത്.” —പ്രവൃ. 23:6.
18. താൻ ഒരു പരീശനാണെന്ന് പൗലോസ് പറഞ്ഞത് എന്തുകൊണ്ട്, ചില സാഹചര്യങ്ങളിൽ നമുക്കും സമാനമായ ഒരു ന്യായവാദ രീതി എങ്ങനെ ഉപയോഗിക്കാവുന്നതാണ്?
18 താൻ ഒരു പരീശനാണെന്ന് പൗലോസ് പറഞ്ഞത് എന്തുകൊണ്ടായിരിക്കാം? അദ്ദേഹം ഒരു “പരീശകുടുംബത്തിൽ” പിറന്നവനായിരുന്നു. അതുകൊണ്ടുതന്നെ പലരും അദ്ദേഹത്തെ ഒരു പരീശനായി കണക്കാക്കുമായിരുന്നു. e എന്നാൽ പൗലോസിന് എങ്ങനെയാണ് പുനരുത്ഥാനത്തെപ്പറ്റിയുള്ള പരീശവിശ്വാസത്തോട് ഏതെങ്കിലും തരത്തിൽ യോജിക്കാനാകുമായിരുന്നത്? മരണത്തെ അതിജീവിച്ച് സുഖദുഃഖങ്ങൾ അനുഭവിക്കാനാകുന്ന ഒരു ആത്മാവ് ഉണ്ടെന്നും നീതിമാന്മാരുടെ ആത്മാവ് വീണ്ടും മനുഷ്യനായി ജീവിക്കുമെന്നും പരീശന്മാർ വിശ്വസിച്ചിരുന്നതായി പറയപ്പെടുന്നു. പൗലോസിന്റെ വിശ്വാസം പക്ഷേ, അത്തരത്തിലുള്ള ഒന്നായിരുന്നില്ല. അദ്ദേഹം വിശ്വസിച്ചിരുന്നത് യേശു പഠിപ്പിച്ചതുപോലുള്ള പുനരുത്ഥാനത്തിലാണ്. (യോഹ. 5:25-29) എന്നിട്ടും, മരിച്ചവർക്ക് ഒരു ഭാവി ജീവിത പ്രത്യാശയുണ്ട് എന്ന കാര്യത്തിൽ പൗലോസ് അവരുമായി യോജിച്ചു. ഭാവി ജീവിതത്തിൽ വിശ്വസിക്കാതിരുന്ന സദൂക്യരുടെതിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു വിശ്വാസമായിരുന്നു അത്. മറ്റു മതത്തിൽപ്പെട്ടവരോടു സംസാരിക്കുമ്പോൾ ഇതേ ന്യായവാദ രീതി നമുക്കും പിൻപറ്റാവുന്നതാണ്. അവരെപ്പോലെതന്നെ നാമും ഒരു ദൈവത്തിൽ വിശ്വസിക്കുന്നുണ്ട് എന്ന് നമുക്കു പറയാം, വിശ്വസിക്കുന്നത് മറ്റൊരു ദൈവത്തിലാണെങ്കിലും.
19. സൻഹെദ്രിനിൽ ഭിന്നിപ്പ് ഉണ്ടായത് എന്തുകൊണ്ട്?
19 പൗലോസിന്റെ ആ പ്രസ്താവന സൻഹെദ്രിനിൽ ഭിന്നത ഉളവാക്കി. തിരുവെഴുത്തുകൾ ഇങ്ങനെ പറയുന്നു: “തുടർന്ന് അവിടെ വലിയ ഒച്ചപ്പാട് ഉണ്ടായി. പരീശന്മാരുടെ പക്ഷത്തുള്ള ചില ശാസ്ത്രിമാർ എഴുന്നേറ്റ് ശക്തമായി വാദിക്കാൻതുടങ്ങി. അവർ പറഞ്ഞു: ‘ഇയാളിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; എന്നാൽ ഒരു ആത്മവ്യക്തിയോ ദൈവദൂതനോ ഇയാളോടു സംസാരിച്ചിട്ടുണ്ടെങ്കിൽ—.’” (പ്രവൃ. 23:9) ഒരു ദൈവദൂതൻ അദ്ദേഹത്തോടു സംസാരിച്ചിരിക്കാമെന്ന പ്രസ്താവന സദൂക്യർക്ക് ഒട്ടും ഉൾക്കൊള്ളാനാകുമായിരുന്നില്ല; കാരണം, അവർ ദൂതന്മാരിൽ വിശ്വസിച്ചിരുന്നില്ല. (“ സദൂക്യരും പരീശന്മാരും” എന്ന ചതുരം കാണുക.) സാഹചര്യം അങ്ങേയറ്റം വഷളായതിനാൽ ആ സൈന്യാധിപൻ വീണ്ടും പൗലോസിന്റെ രക്ഷയ്ക്കെത്തി. (പ്രവൃ. 23:10) എന്നാൽ അതോടെ അപകടങ്ങളെല്ലാം പൂർണമായി ഒഴിഞ്ഞുപോയിരുന്നോ? പൗലോസിന് തുടർന്ന് എന്തു സംഭവിച്ചു? അടുത്ത അധ്യായത്തിലൂടെ അതാണു നാം കാണാൻ പോകുന്നത്.
a ജൂത ക്രിസ്ത്യാനികളുടെ വലിയൊരു ഗണംതന്നെ ഉണ്ടായിരുന്നതിനാൽ പല സഭകളും യോഗങ്ങൾ നടത്തിയിരുന്നത് വീടുകളിലായിരുന്നിരിക്കണം.
b ഏതാനും വർഷത്തിനുശേഷം പൗലോസ് അപ്പോസ്തലൻ എബ്രായർക്കുള്ള കത്തിൽ പുതിയ ഉടമ്പടിയുടെ ശ്രേഷ്ഠതയെക്കുറിച്ച് കാര്യകാരണസഹിതം വിവരിച്ചു. പുതിയ ഉടമ്പടി വന്നതോടെ പഴയ ഉടമ്പടി കാലഹരണപ്പെട്ടതായി അദ്ദേഹം അതിൽ വ്യക്തമാക്കി. കത്തിൽ പൗലോസ് നിരത്തിയ ബോധ്യം വരുത്തുന്ന വാദങ്ങൾ, മോശയുടെ നിയമം അനുസരിക്കണമെന്ന് ശഠിച്ചിരുന്ന ജൂതന്മാരോടു സംസാരിക്കുമ്പോൾ ജൂത ക്രിസ്ത്യാനികൾക്ക് ഉപയോഗിക്കാനാകുമായിരുന്നു. അതുപോലെ മോശയുടെ നിയമത്തിന് അമിത പ്രാധാന്യം കല്പിച്ചിരുന്ന ചില ക്രിസ്ത്യാനികളുടെ വിശ്വാസം ശക്തിപ്പെടുത്താനും പൗലോസിന്റെ ശക്തമായ ആ വാദങ്ങൾ ഉപകരിച്ചു.—എബ്രാ. 8:7-13.
c ആ പുരുഷന്മാർ നാസീർവ്രതം എടുത്തവരായിരുന്നുവെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. (സംഖ്യ 6:1-21) അത്തരമൊരു വ്രതം മോശയുടെ നിയമപ്രകാരം ഉള്ള ഒന്നായിരുന്നു; ആ നിയമമാകട്ടെ, നീങ്ങിപ്പോകുകയും ചെയ്തിരുന്നു. എന്നിരുന്നാലും ആ പുരുഷന്മാർ യഹോവയ്ക്കു നേർന്ന ഒരു നേർച്ച നിറവേറ്റുന്നതിൽ തെറ്റൊന്നുമില്ലെന്ന് പൗലോസ് ചിന്തിച്ചിരിക്കണം. അതുകൊണ്ട് അവരോടൊപ്പം പോകുന്നതും അവരുടെ ചെലവുകൾ വഹിക്കുന്നതും തെറ്റാകുമായിരുന്നില്ല. അവരുടെ നേർച്ച ഏതു തരത്തിലുള്ള ഒന്നായിരുന്നുവെന്ന് നമുക്ക് കൃത്യമായി അറിയില്ല. അതെന്തുതന്നെയായാലും, മൃഗയാഗം അർപ്പിക്കുന്നത് (നാസീർവ്രതക്കാർ ചെയ്തിരുന്നതുപോലെ) പാപമോചനം സാധ്യമാക്കും എന്നു വിശ്വസിച്ചുകൊണ്ട് പൗലോസ് അതിന്റെ ചെലവ് വഹിച്ചിരിക്കാൻ തീരെ സാധ്യതയില്ല; കാരണം, ക്രിസ്തു പൂർണതയുള്ള യാഗം അർപ്പിച്ചതിനാൽ, മൃഗയാഗങ്ങളുടെ പാപപരിഹാര മൂല്യം നഷ്ടപ്പെട്ടിരുന്നു. അവിടെ നടന്ന കാര്യങ്ങളുടെ വിശദാംശങ്ങൾ നമുക്ക് അറിയില്ല. എന്നാൽ ഒരു കാര്യം ഉറപ്പാണ്: തന്റെ മനസ്സാക്ഷിക്കു വിരുദ്ധമായ ഒരു കാര്യം ചെയ്യാൻ പൗലോസ് ഒരിക്കലും തയ്യാറാകുമായിരുന്നില്ല.
d പൗലോസിന്റെ കാഴ്ചക്കുറവുനിമിത്തം അദ്ദേഹം മഹാപുരോഹിതനെ തിരിച്ചറിഞ്ഞിരിക്കില്ല എന്ന് ചിലർ അഭിപ്രായപ്പെടുന്നു. അല്ലെങ്കിൽ അദ്ദേഹം യരുശലേമിൽനിന്നു പോയിട്ട് ഏറെക്കാലം കഴിഞ്ഞിരുന്നതിനാൽ അപ്പോഴത്തെ മഹാപുരോഹിതൻ ആരാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നിരിക്കാം. അതുമല്ലെങ്കിൽ തന്നെ അടിക്കാൻ ആജ്ഞാപിച്ചത് ആരാണെന്ന് ആ ആൾക്കൂട്ടത്തിനിടയിൽ പൗലോസ് കണ്ടില്ലായിരിക്കാം.
e എ.ഡി. 49-ൽ, ജനതകളിൽപ്പെട്ടവർ മോശയുടെ നിയമത്തിനു കീഴ്പെടേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് അപ്പോസ്തലന്മാരും മൂപ്പന്മാരും ചർച്ചചെയ്തപ്പോൾ അവിടെയുണ്ടായിരുന്ന ക്രിസ്ത്യാനികളിൽ ചിലർ ‘പരീശഗണത്തിൽനിന്നുള്ള വിശ്വാസികളായിരുന്നുവെന്ന്’ തിരുവെഴുത്തുകൾ പറയുന്നു. (പ്രവൃ. 15:5) അതു കാണിക്കുന്നത് അവർ ക്രിസ്ത്യാനികളായിത്തീർന്നതിനുശേഷവും, അവരുടെ മുൻ മതപശ്ചാത്തലത്തോടു ബന്ധപ്പെടുത്തി അവരെ തിരിച്ചറിയിച്ചിരുന്നുവെന്നാണ്.