അധ്യായം 26
“നിങ്ങളിൽ ആരുടെയും ജീവൻ നഷ്ടപ്പെടില്ല”
പൗലോസ് കപ്പലപകടത്തിൽപ്പെട്ടു; അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസവും ആളുകളോടുള്ള സ്നേഹവും
ആധാരം: പ്രവൃത്തികൾ 27:1–28:10
1, 2. പൗലോസിന്റെ യാത്ര ഏതുതരത്തിലുള്ള ഒന്നായിരിക്കും, അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോകുന്ന ചില ചിന്തകൾ എന്തായിരിക്കാം?
പൗലോസ് വീണ്ടുംവീണ്ടും ഗവർണറായ ഫെസ്തൊസിന്റെ ആ വാക്കുകളെക്കുറിച്ചു ചിന്തിക്കുകയാണ്; പൗലോസിന്റെ കാര്യത്തിൽ ആ വാക്കുകൾക്ക് വലിയ പ്രസക്തിയുണ്ടായിരുന്നു. “സീസറിന്റെ അടുത്തേക്കുതന്നെ നിന്നെ വിടാം” എന്ന് ഗവർണറായ ഫെസ്തൊസ് അദ്ദേഹത്തോടു പറഞ്ഞിരുന്നു. രണ്ടു വർഷമായി തടവറയുടെ ബന്ധനത്തിൽ കഴിഞ്ഞിരുന്ന പൗലോസിന് റോമിലേക്കുള്ള ഈ ദീർഘയാത്ര തെല്ലൊരു ആശ്വാസമായിരുന്നിരിക്കണം. (പ്രവൃ. 25:12) എന്നാൽ പൗലോസിന്റെ സമുദ്രയാത്രകൾ എല്ലായ്പോഴും അത്ര ആനന്ദപൂർണമൊന്നും ആയിരുന്നിട്ടില്ല. സീസറിന്റെ മുമ്പാകെ ഹാജരാകാനുള്ള ഈ യാത്രയാകട്ടെ, ഭാവിയെക്കുറിച്ച് ഗൗരവമേറിയ പല ചോദ്യങ്ങളും അദ്ദേഹത്തിന്റെ മനസ്സിലേക്കു കൊണ്ടുവന്നിരിക്കണം.
2 പൗലോസിനു പലപ്പോഴും ‘കടലിലെ ആപത്തിനെ’ നേരിടേണ്ടി വന്നിട്ടുണ്ട്; മൂന്നു തവണ അദ്ദേഹം കപ്പലപകടത്തിൽപ്പെട്ടു; ഒരു രാത്രിയും പകലും മുഴുവൻ അദ്ദേഹം കടലിലൂടെ ഒഴുകിനടന്നു. (2 കൊരി. 11:25, 26) എന്നാൽ ഇപ്പോഴത്തെ ഈ യാത്രയാകട്ടെ, എല്ലാവിധ സ്വാതന്ത്ര്യങ്ങളോടുംകൂടെ അദ്ദേഹം നടത്തിയിട്ടുള്ള മിഷനറി പര്യടനങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. പൗലോസ് ഇപ്പോൾ ഒരു തടവുകാരനാണ്. കൂടാതെ, കൈസര്യയിൽനിന്ന് റോംവരെയുള്ള 3,000-ത്തിലേറെ കിലോമീറ്റർ വരുന്ന ദൂരം അദ്ദേഹത്തിനു പിന്നിടേണ്ടതുമുണ്ട്. ഈ യാത്ര അദ്ദേഹത്തിന് സുരക്ഷിതമായി പൂർത്തിയാക്കാനാകുമോ? അഥവാ, അതിനു കഴിഞ്ഞാൽത്തന്നെ റോമിൽ അദ്ദേഹത്തിന് അനുകൂലമായ ഒരു വിധി ലഭിക്കുമോ? സാത്താന്യ ലോകത്തിലെ, അന്നത്തെ ഏറ്റവും പ്രബലനായ ഭരണാധികാരിയുടെ മുമ്പാകെയാണ് അദ്ദേഹം ന്യായംവിധിക്കപ്പെടാൻ പോകുന്നത് എന്നോർക്കുക.
3. പൗലോസിന്റെ ദൃഢനിശ്ചയം എന്തായിരുന്നു, ഈ അധ്യായത്തിൽ നാം എന്തു പരിചിന്തിക്കും?
3 പൗലോസിനെക്കുറിച്ച് ഇത്രയെല്ലാം വായിച്ചു കഴിഞ്ഞ സ്ഥിതിക്ക് നിങ്ങൾക്ക് എന്തു തോന്നുന്നു, തനിക്ക് സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചോർത്ത് അദ്ദേഹം നിരാശയുടെ പടുകുഴിയിൽ വീണുപോയിരിക്കുമോ? അതിനു തീരെ സാധ്യതയില്ല! കഷ്ടതകൾ വരുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, അവ ഏതു തരത്തിലുള്ളതാണെന്ന് നിശ്ചയമില്ലായിരുന്നെങ്കിലും. തന്റെ നിയന്ത്രണത്തിൽ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെട്ട് അദ്ദേഹം എന്തിനു ശുശ്രൂഷയിലെ സന്തോഷം നഷ്ടപ്പെടുത്തണം? (മത്താ. 6:27, 34) ലഭിക്കുന്ന എല്ലാ അവസരങ്ങളിലും, അത് ലൗകിക അധികാരികളുടെ മുമ്പാകെ ആണെങ്കിൽപ്പോലും, ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കണം എന്നതാണ് തന്നെ സംബന്ധിച്ച ദൈവേഷ്ടമെന്ന് പൗലോസിന് അറിയാമായിരുന്നു. (പ്രവൃ. 9:15) എന്തെല്ലാം പ്രയാസങ്ങൾ നേരിട്ടാലും തന്റെ നിയോഗം നിറവേറ്റാൻ അദ്ദേഹം ദൃഢചിത്തനായിരുന്നു. നമ്മുടെ കാര്യത്തിലും അത് അങ്ങനെതന്നെയല്ലേ? അതുകൊണ്ട് പൗലോസിന്റെ മാതൃകയിൽനിന്ന് എങ്ങനെ പ്രയോജനം നേടാമെന്നു ചിന്തിച്ചുകൊണ്ട് ചരിത്രപ്രധാനമായ ഈ യാത്രയിൽ നമുക്ക് അദ്ദേഹത്തെ അനുഗമിക്കാം.
പ്രവൃ. 27:1-7എ)
‘കാറ്റ് പ്രതികൂലമായിരുന്നു’ (4. ഏതു തരം കപ്പലിലാണ് പൗലോസ് യാത്ര തുടങ്ങിയത്, സഹവിശ്വാസികളിൽ ആരെല്ലാം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു?
4 പൗലോസിനെയും മറ്റു ചില തടവുകാരെയും യൂലിയൊസ് എന്ന റോമൻ സൈനികോദ്യോഗസ്ഥന്റെ ചുമതലയിലാണ് ഏൽപ്പിച്ചിരുന്നത്. കൈസര്യയിൽ വന്ന ഒരു ചരക്കുകപ്പലിൽ അവരെ കൊണ്ടുപോകാൻ അദ്ദേഹം തീരുമാനിച്ചു. ലെസ്ബോസ് ദ്വീപിലെ മിതുലേന പട്ടണത്തിനു മറുകരയായി, ഏഷ്യാമൈനറിന്റെ പടിഞ്ഞാറൻ തീരത്തുള്ള അദ്രമുത്യ തുറമുഖത്തുനിന്നു വന്നതായിരുന്നു ആ കപ്പൽ. ആദ്യം വടക്കോട്ടും പിന്നെ പടിഞ്ഞാറോട്ടും പോകുമായിരുന്ന ആ കപ്പൽ ചരക്ക് ഇറക്കുന്നതിനും കയറ്റുന്നതിനും ആയി ഇടയ്ക്കുള്ള പല തുറമുഖങ്ങളിലും നങ്കൂരമിടുമായിരുന്നു. അത്തരം ചരക്കുകപ്പലുകൾ യാത്രയ്ക്ക് ഒട്ടും സുഖകരമായിരുന്നില്ല, തടവുകാരുടെ കാര്യത്തിൽ പ്രത്യേകിച്ചും. (“ സമുദ്രയാത്രകളും വാണിജ്യപാതകളും” എന്ന ചതുരം കാണുക.) എന്തായാലും ആ കപ്പലിൽ ക്രിസ്ത്യാനിയായി പൗലോസ് മാത്രമല്ല ഉണ്ടായിരുന്നത്. കുറഞ്ഞത് രണ്ടു സഹവിശ്വാസികളെങ്കിലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു—അരിസ്തർഹോസും ഈ വിവരണം എഴുതിയ ലൂക്കോസും. ഈ വിശ്വസ്ത കൂട്ടാളികൾ സ്വന്തം ചെലവിൽ പൗലോസിനോടൊപ്പം യാത്രചെയ്യുകയായിരുന്നോ അതോ അദ്ദേഹത്തിന്റെ സഹായികളായി പൗലോസിനെ അനുഗമിക്കുകയായിരുന്നോ എന്നു നമുക്കറിയില്ല.—പ്രവൃ. 27:1, 2.
5. സീദോനിൽ എത്തിയപ്പോൾ പൗലോസിന് എന്തിനുള്ള അവസരം ലഭിച്ചു, നമുക്ക് അതിൽനിന്ന് എന്തു പഠിക്കാവുന്നതാണ്?
5 ഒരു ദിവസം മുഴുവൻ വടക്കോട്ടു യാത്രചെയ്ത് ഏതാണ്ട് 110 കിലോമീറ്റർ താണ്ടി കപ്പൽ സിറിയയുടെ തീരത്തുള്ള സീദോനിൽ എത്തി. ഒരു സാധാരണ കുറ്റവാളിയോട് എന്നപോലെ ആയിരുന്നില്ല സാധ്യതയനുസരിച്ച് യൂലിയൊസ് പൗലോസിനോട് ഇടപെട്ടത്; പൗലോസ് ഒരു റോമൻ പൗരനായിരുന്നതിനാലും അതുവരെ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാലും ആയിരിക്കാം അത്. (പ്രവൃ. 22:27, 28; 26:31, 32) സീദോനിലുള്ള സഹവിശ്വാസികളെ പോയി കാണുന്നതിന് യൂലിയൊസ് പൗലോസിനെ അനുവദിച്ചു. ദീർഘകാലമായി തടവിൽ കഴിഞ്ഞിരുന്ന തങ്ങളുടെ പ്രിയ അപ്പോസ്തലന് ആതിഥ്യമരുളാൻ അവസരം ലഭിച്ചതിൽ ആ സഹോദരങ്ങൾക്ക് എത്ര സന്തോഷം തോന്നിയിരിക്കണം! ഇതുപോലെ സ്നേഹപൂർവം ആതിഥ്യം കാണിക്കാനും അങ്ങനെ പ്രോത്സാഹനം നേടാനും കഴിയുന്ന സാഹചര്യങ്ങളെക്കുറിച്ച് നിങ്ങൾക്കു ചിന്തിക്കാനാകുമോ?—പ്രവൃ. 27:3.
6-8. സീദോനിൽനിന്ന് ക്നീദോസിലേക്കുള്ള പൗലോസിന്റെ യാത്രയെക്കുറിച്ച് വിവരിക്കുക, സന്തോഷവാർത്ത പ്രസംഗിക്കുന്നതിനുള്ള ഏതെല്ലാം അവസരങ്ങൾ അദ്ദേഹം പ്രയോജനപ്പെടുത്തിയിരിക്കാം?
6 സീദോനിൽനിന്നു പുറപ്പെട്ട കപ്പൽ പൗലോസിന്റെ സ്വദേശമായ തർസൊസിന് സമീപത്തുകൂടി കിലിക്യ പിന്നിട്ട് യാത്ര തുടർന്നു. അവർ കടന്നുപോയ മറ്റു സ്ഥലങ്ങളെക്കുറിച്ചൊന്നും ലൂക്കോസ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ‘കാറ്റ് പ്രതികൂലമായിരുന്നുവെന്ന’ വിശദാംശം അദ്ദേഹം വിവരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. (പ്രവൃ. 27:4, 5) പ്രതികൂലമായ ആ സാഹചര്യത്തിലും സന്തോഷവാർത്ത പങ്കുവെക്കാനുള്ള എല്ലാ അവസരങ്ങളും പൗലോസ് പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നതിനു സംശയമില്ല. സഹതടവുകാരോടും കപ്പൽജോലിക്കാരും പടയാളികളും ഉൾപ്പെടെ കപ്പലിലുള്ള മറ്റുള്ളവരോടും മാർഗമധ്യേ തുറമുഖങ്ങളിൽ കണ്ടുമുട്ടിയവരോടും അദ്ദേഹം സാക്ഷീകരിച്ചു. അതുപോലെ നാമും ഇന്ന് സന്തോഷവാർത്ത അറിയിക്കാൻ ലഭിക്കുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ടോ?
7 തുടർന്ന് കപ്പൽ ഏഷ്യാമൈനറിന്റെ തെക്കൻ തീരത്തുള്ള മിറ തുറമുഖത്ത് എത്തി. അവിടെനിന്ന് മറ്റൊരു കപ്പലിൽ വേണമായിരുന്നു പൗലോസിനും മറ്റും റോമിലേക്കു പോകാൻ. (പ്രവൃ. 27:6) അക്കാലത്ത് റോമിന് ആവശ്യമായ ധാന്യം ലഭിച്ചിരുന്നത് ഈജിപ്തിൽനിന്ന് ആയിരുന്നു. അവിടെനിന്നുള്ള ധാന്യക്കപ്പലുകൾ മിറ തുറമുഖത്ത് എത്തുക പതിവായിരുന്നു. അത്തരമൊരു കപ്പൽ കണ്ട യൂലിയൊസ് തടവുകാരെയും പടയാളികളെയും അതിൽ കയറ്റി. ആദ്യം അവർ സഞ്ചരിച്ചിരുന്നതിനെക്കാൾ വളരെ വലുതായിരുന്നിരിക്കണം ഈ കപ്പൽ. വിലപിടിപ്പുള്ള ചരക്കിനു (ഗോതമ്പ്) പുറമേ, കപ്പൽ ജോലിക്കാരും പടയാളികളും തടവുകാരും സാധ്യതയനുസരിച്ച് റോമിലേക്കു പോകുന്ന മറ്റുള്ളവരും ഉൾപ്പെടെ 276 യാത്രികരും അതിലുണ്ടായിരുന്നു. ഈ പുതിയ കപ്പലിൽ പൗലോസിന് ഇപ്പോൾ കൂടുതൽ ആളുകളോട് സാക്ഷീകരിക്കുന്നതിനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. അദ്ദേഹം അത് പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നതിനു സംശയമില്ല.
8 അടുത്തതായി കപ്പൽ ഏഷ്യാമൈനറിന്റെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള ക്നീദോസ് തുറമുഖം ലക്ഷ്യമാക്കി നീങ്ങി. കാറ്റ് അനുകൂലമാണെങ്കിൽ സാധാരണഗതിയിൽ ഒറ്റ ദിവസംകൊണ്ട് അവിടെ എത്താനാകും. എന്നാൽ ‘വളരെ പ്രയാസപ്പെട്ട് കുറെ ദിവസംകൊണ്ടാണ് ക്നീദോസിൽ എത്തിയത്’ എന്ന് ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നു. (പ്രവൃ. 27:7എ) കാലാവസ്ഥ അത്ര മോശമായിത്തീർന്നിരുന്നു. (“ മെഡിറ്ററേനിയൻ കടലും പ്രതികൂല കാലാവസ്ഥയും” എന്ന ചതുരം കാണുക.) പ്രക്ഷുബ്ധമായ കടലിലൂടെ പ്രയാസപ്പെട്ട് മുന്നോട്ടു നീങ്ങുന്ന കപ്പലിലെ ആ യാത്രികരുടെ അവസ്ഥയെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ!
“കൊടുങ്കാറ്റിൽപ്പെട്ട് . . . ആടിയുലഞ്ഞു” (പ്രവൃ. 27:7ബി-26)
9, 10. ക്രേത്ത ദ്വീപിനു സമീപത്തുവെച്ച് എന്തെല്ലാം പ്രയാസങ്ങൾ നേരിട്ടു?
9 ക്നീദോസിൽനിന്ന് പടിഞ്ഞാറോട്ടു പോകാനാണ് കപ്പിത്താൻ ഉദ്ദേശിച്ചിരുന്നതെങ്കിലും “കാറ്റ് അനുകൂലമല്ലാഞ്ഞതുകൊണ്ട്” അതിനു സാധിച്ചില്ലെന്ന് ദൃക്സാക്ഷിയായ ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നു. (പ്രവൃ. 27:7ബി) കപ്പൽ കരയിൽനിന്ന് അകന്നതോടെ തീരം ചേർന്നുള്ള ഒഴുക്ക് പ്രയോജനപ്പെടുത്താൻ കഴിയാതെയായി. അപ്പോഴാണ് വടക്കുപടിഞ്ഞാറൻ ദിശയിൽനിന്നു വീശിയടിച്ച ശക്തമായ ഒരു കാറ്റ് കപ്പലിന്റെ ദിശ തെക്കോട്ട് തിരിച്ചുവിട്ടത്, അതും ഒരുപക്ഷേ, അനിയന്ത്രിതമായ വേഗത്തിൽ. എന്നാൽ ക്രേത്തയുടെ കിഴക്കേ അറ്റത്തുള്ള ശൽമോന മുനമ്പ് പിന്നിട്ടതോടെ സ്ഥിതിഗതികൾ അൽപ്പം മെച്ചപ്പെട്ടു. എന്തായിരുന്നു കാരണം? കപ്പൽ ക്രേത്ത ദ്വീപിന്റെ തെക്കുഭാഗത്ത് എത്തിയതിനാൽ ശക്തമായ കാറ്റിൽനിന്ന് തെല്ലൊരു സംരക്ഷണം ലഭിച്ചു. മുമ്പ് കാറ്റ് അനുകൂലമല്ലാതിരുന്നപ്പോൾ സൈപ്രസ് ദ്വീപും ഇത്തരത്തിൽ അവർക്കു തുണയായിരുന്നിട്ടുണ്ട്. ഇപ്പോൾ ക്രേത്തയുടെ മറപറ്റി സഞ്ചരിക്കുന്ന അവർക്ക് അൽപ്പം ആശ്വാസം തോന്നിയിരിക്കണം. എന്നാൽ കപ്പൽ കടലിലായിരിക്കുന്നിടത്തോളം അവർക്ക് പൂർണമായി ആശ്വസിക്കാനാകുമായിരുന്നില്ല; കാരണം, ശൈത്യകാലം അടുത്തുവരുകയായിരുന്നു.
10 “പിന്നെ ഞങ്ങൾ തീരത്തോടു ചേർന്ന് കഷ്ടപ്പെട്ട് മുമ്പോട്ടു നീങ്ങി ശുഭതുറമുഖം എന്ന് അറിയപ്പെടുന്ന സ്ഥലത്ത് എത്തി” എന്ന് കൃത്യമായി ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നു. ക്രേത്തയുടെ മറപറ്റിയായിരുന്നു യാത്രയെങ്കിലും കപ്പലിന്റെ ഗതി നിയന്ത്രിക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നാൽ ഒടുവിൽ അവർ ഒരു ചെറിയ ഉൾക്കടലിൽ, സുരക്ഷിതമായി നങ്കൂരമിടാൻ കഴിയുന്ന ശുഭതുറമുഖത്ത് എത്തി. കരഭാഗം വടക്കോട്ടു തിരിയുന്നതിന് തൊട്ടടുത്തായിരുന്നു ഈ തുറമുഖം എന്നു കരുതപ്പെടുന്നു. അവർ എത്രകാലം അവിടെ തങ്ങി? “കുറെ ദിവസങ്ങൾ” എന്ന് ലൂക്കോസ് പറയുന്നു. യാത്രയ്ക്ക് ഒട്ടും പറ്റിയ ഒരു സമയമായിരുന്നില്ല അത്. സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളിലെ സമുദ്രയാത്ര ഏറെ അപകടംപിടിച്ചതായിരുന്നു.—പ്രവൃ. 27:8, 9.
11. പൗലോസ് സഹയാത്രികർക്ക് ഏതു നിർദേശം നൽകി, എന്നാൽ അന്തിമ തീരുമാനം എന്തായിരുന്നു?
11 മെഡിറ്ററേനിയൻ കടലിലൂടെ യാത്രചെയ്ത് പരിചയമുണ്ടായിരുന്ന പൗലോസിനോട് മുന്നോട്ടുള്ള യാത്രയെക്കുറിച്ച് സഹയാത്രികരിൽ ചിലരെങ്കിലും അഭിപ്രായം ആരാഞ്ഞിരിക്കാം. യാത്ര തുടരേണ്ടെന്ന് പൗലോസ് നിർദേശിച്ചു; കാരണം, ‘ചരക്കിനും കപ്പലിനും മാത്രമല്ല, ജീവനുതന്നെ ഭീഷണി’ ഉണ്ടാകാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാൽ കപ്പിത്താനും കപ്പലുടമയും യാത്ര തുടരാൻ ആഗ്രഹിച്ചു. എത്രയും വേഗം കുറെക്കൂടെ സുരക്ഷിതമായ ഒരു സ്ഥലത്ത് എത്തിച്ചേരുന്നതിനുവേണ്ടി ആയിരിക്കാം അത്. അവർ ഇക്കാര്യത്തിൽ യൂലിയൊസിന്റെ സമ്മതവും വാങ്ങി. എങ്ങനെയും ഫേനിക്സിൽ എത്താൻ നോക്കണമെന്നായിരുന്നു ഭൂരിപക്ഷത്തിന്റെ അഭിപ്രായവും. ക്രേത്തയുടെ തീരം ചേർന്ന് കുറെക്കൂടി മുന്നോട്ടു പോയാൽ എത്തുന്ന ഒരു സ്ഥലമായിരുന്നു അത്. ശൈത്യകാലം ചെലവഴിക്കാൻ കഴിയുംവിധം താരതമ്യേന വലുതും സൗകര്യപ്രദവും ആയ ഒരു തുറമുഖമായിരുന്നിരിക്കാം ഫേനിക്സ്. അതുകൊണ്ട് തെക്കൻ കാറ്റ് മന്ദമായി വീശിത്തുടങ്ങിയപ്പോൾ ‘ഇനി കുഴപ്പമൊന്നും ഉണ്ടാകില്ല’ എന്നു വിചാരിച്ച് അവർ യാത്ര പുറപ്പെട്ടു.—പ്രവൃ. 27:10-13.
12. ക്രേത്തയിൽനിന്നു പുറപ്പെട്ട കപ്പലിന് എന്ത് അപകടം നേരിട്ടു, ദുരന്തം ഒഴിവാക്കാൻ കപ്പൽ ജോലിക്കാർ എന്തെല്ലാം ചെയ്തു?
12 എന്നാൽ പെട്ടെന്നാണ് സ്ഥിതിഗതികൾ വഷളായത്: വടക്കുകിഴക്കുനിന്ന് “ഈശാനമൂലൻ” എന്ന കൊടുങ്കാറ്റ് ആഞ്ഞടിച്ചു. കുറച്ചു സമയത്തേക്ക് അവർക്ക് ശുഭതുറമുഖത്തുനിന്ന് ഏതാണ്ട് 65 കിലോമീറ്റർ അകലെയുള്ള “കൗദ എന്ന് അറിയപ്പെടുന്ന ഒരു ചെറിയ ദ്വീപിന്റെ” മറപറ്റി സഞ്ചരിക്കാനായി. എന്നാൽ കപ്പൽ കൂടുതൽ തെക്കോട്ടു പോയി ആഫ്രിക്കയുടെ തീരത്തിനടുത്തുള്ള മണൽത്തിട്ടകളിൽ ചെന്നിടിക്കാൻ സാധ്യതയുണ്ടായിരുന്നു. ആ ദുരന്തം ഒഴിവാക്കുന്നതിനായി അവർ ആകുന്നതെല്ലാം ചെയ്തു. ആദ്യംതന്നെ ജോലിക്കാർ കപ്പലിനോടു ബന്ധിച്ചിരുന്ന തോണി വലിച്ചെടുത്തു; തോണിയിൽ വെള്ളം നിറഞ്ഞിരുന്നതുകൊണ്ടായിരിക്കാം അവർക്ക് അതിനായി നന്നേ കഷ്ടപ്പെടേണ്ടിവന്നു. എന്നിട്ട് കപ്പലിന്റെ വശങ്ങൾ പൊളിഞ്ഞുപോകാതിരിക്കാനായി കയറോ ചങ്ങലയോ ഉപയോഗിച്ച് അവർ കപ്പൽ ചുറ്റിക്കെട്ടി അതിന് ഉറപ്പുവരുത്തി. പിന്നെ അവർ പ്രധാന പായ താഴ്ത്തി. മാത്രമല്ല കൊടുങ്കാറ്റിനെ അതിജീവിക്കുന്നതിന് കപ്പലിന്റെ അണിയം കാറ്റിന് അഭിമുഖമായി നിറുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ അതിന് അവർക്ക് ഏറെ പണിപ്പെടേണ്ടിവന്നു. എത്ര ഭീതിദമായ ഒരനുഭവം! ഇത്രയൊക്കെ ചെയ്തിട്ടും കപ്പൽ ‘കൊടുങ്കാറ്റിൽപ്പെട്ട് ആടിയുലഞ്ഞുകൊണ്ടിരുന്നു.’ കപ്പൽ കഴിയുന്നത്ര പൊങ്ങിക്കിടക്കുന്നതിനായിരിക്കണം, മൂന്നാം ദിവസം അവർ കപ്പലിന്റെ പല ഉപകരണങ്ങളും കടലിലെറിഞ്ഞു.—പ്രവൃ. 27:14-19.
13. കൊടുങ്കാറ്റിന്റെ സമയത്ത് കപ്പലിനുള്ളിലെ സാഹചര്യം എന്തായിരുന്നിരിക്കാം?
13 ഭയവും ആശങ്കയും നിറഞ്ഞ ഒരു സാഹചര്യം. എന്നാൽ പൗലോസിനും കൂട്ടാളികൾക്കും തങ്ങൾ ഈ പ്രതിസന്ധിയെ തരണംചെയ്യുമെന്ന് ഉറപ്പുണ്ട്. പൗലോസ് അപ്പോസ്തലൻ റോമിൽ സാക്ഷ്യം നൽകുമെന്ന് കർത്താവ് അദ്ദേഹത്തോട് നേരത്തേ പറഞ്ഞിരുന്നു. ഇക്കാര്യത്തെക്കുറിച്ച് പിന്നീട് ഒരു ദൈവദൂതൻ അദ്ദേഹത്തോട് ഉറപ്പിച്ചു പറയുകയും ചെയ്തു. (പ്രവൃ. 19:21; 23:11) എന്നാൽ ശക്തമായ ആ കാറ്റ് രണ്ടാഴ്ചത്തേക്ക് നിറുത്താതെ ആഞ്ഞുവീശിക്കൊണ്ടിരുന്നു. തോരാത്ത മഴയും ഇരുണ്ടുമൂടിയ ആകാശവും നിമിത്തം അവർക്ക് സൂര്യനെയും നക്ഷത്രങ്ങളെയും കാണാൻ കഴിഞ്ഞില്ല. കപ്പൽ എവിടെയാണെന്നോ ഏതു ദിശയിൽ നീങ്ങുന്നുവെന്നോ മനസ്സിലാക്കാൻ കപ്പിത്താന് ഒരു മാർഗവുമില്ലായിരുന്നു. ആർക്കും ആഹാരം കഴിക്കണമെന്നുപോലും ഇല്ലായിരുന്നു. മഴയും തണുപ്പും കടൽച്ചൊരുക്കും ഭയവും എല്ലാം നിമിത്തം വലഞ്ഞിരുന്ന അത്തരമൊരു സാഹചര്യത്തിൽ തിന്നുകയോ കുടിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് ഒരുവന് എങ്ങനെ ചിന്തിക്കാനാകും?
14, 15. (എ) കപ്പലിലുള്ളവരോടു സംസാരിക്കവെ, താൻ നേരത്തേ നൽകിയ മുന്നറിയിപ്പിനെക്കുറിച്ച് പൗലോസ് പരാമർശിച്ചത് എന്തുകൊണ്ട്? (ബി) പൗലോസ് അറിയിച്ച പ്രത്യാശയുടെ സന്ദേശത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
14 അപ്പോൾ പൗലോസ് എഴുന്നേറ്റുനിന്ന് താൻ മുമ്പു നൽകിയ മുന്നറിയിപ്പിനെക്കുറിച്ച് അവരെ ഓർമിപ്പിച്ചു. എന്നാൽ, ‘ഞാൻ നേരത്തേ പറഞ്ഞില്ലായിരുന്നോ’ എന്നു ധ്വനിപ്പിക്കുംവിധമായിരുന്നില്ല അത്. പകരം, അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ ധൈര്യത്തോടിരിക്കണമെന്നു ഞാൻ ഇപ്പോൾ അപേക്ഷിക്കുന്നു. കപ്പൽ നശിക്കുമെങ്കിലും നിങ്ങളിൽ ആരുടെയും ജീവൻ നഷ്ടപ്പെടില്ല.” (പ്രവൃ. 27:21, 22) അദ്ദേഹത്തിന്റെ ആ വാക്കുകൾ കപ്പലിൽ ഉണ്ടായിരുന്നവർക്ക് എത്ര ആശ്വാസം പകർന്നിരിക്കണം! മറ്റുള്ളവരോട് പങ്കുവെക്കുന്നതിനായി യഹോവ തനിക്ക് പ്രത്യാശയുടെ ഒരു സന്ദേശം നൽകിയതിൽ പൗലോസിനും അങ്ങേയറ്റം സന്തോഷം തോന്നിയിരിക്കണം. ഓരോ വ്യക്തിയുടെയും ജീവനെക്കുറിച്ച് യഹോവയ്ക്കു ചിന്തയുണ്ട് എന്ന സത്യം നാം എപ്പോഴും മനസ്സിൽപ്പിടിക്കണം. യഹോവയുടെ ദൃഷ്ടിയിൽ എല്ലാവരും വിലയേറിയവരാണ്. അതേക്കുറിച്ച് പത്രോസ് അപ്പോസ്തലൻ ഇങ്ങനെ എഴുതിയിട്ടുണ്ട്: ‘ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാൻ (യഹോവ) ആഗ്രഹിക്കുന്നു.’ (2 പത്രോ. 3:9) അതുകൊണ്ട് യഹോവയിൽനിന്നുള്ള പ്രത്യാശയുടെ സന്ദേശം കഴിയുന്നത്ര ആളുകളുമായി പങ്കുവെക്കുന്നത് എത്ര അടിയന്തിരമാണ്! ആളുകളുടെ വിലയേറിയ ജീവനാണ് ഇപ്പോൾ അപകടത്തിലായിരിക്കുന്നത്!
15 കപ്പലിലുള്ള പലരോടും പൗലോസ്, ‘ദൈവം ചെയ്ത വാഗ്ദാനത്തിന്റെ പ്രത്യാശയെക്കുറിച്ച്’ അതിനോടകംതന്നെ സാക്ഷീകരിച്ചിരിക്കാൻ ഇടയുണ്ട്. (പ്രവൃ. 26:6; കൊലോ. 1:5) ഇപ്പോൾ കപ്പലപകടത്തിന് സാധ്യതയുള്ള ഈ സാഹചര്യത്തിൽ പ്രത്യാശയുടെ മറ്റൊരു സന്ദേശം അദ്ദേഹത്തിന് അവരോട് അറിയിക്കാൻ കഴിഞ്ഞു; അതിനാകട്ടെ ഈടുറ്റ അടിസ്ഥാനവുമുണ്ടായിരുന്നു. പൗലോസ് പറഞ്ഞു: “ഒരു ദൂതൻ ഇന്നലെ രാത്രി എന്റെ അരികെ നിന്നുകൊണ്ട് എന്നോട്, ‘പൗലോസേ, പേടിക്കേണ്ടാ! നീ സീസറിന്റെ മുമ്പാകെ നിൽക്കേണ്ടതാണ്. നിന്നോടൊപ്പം യാത്ര ചെയ്യുന്നവരെയും ദൈവം രക്ഷിക്കും’ എന്നു പറഞ്ഞു.” തുടർന്ന് പൗലോസ് അവരെ ഇങ്ങനെ ബലപ്പെടുത്തി: “അതുകൊണ്ട് പുരുഷന്മാരേ, ധൈര്യമായിരിക്കുക. ദൈവത്തിൽ എനിക്കു വിശ്വാസമുണ്ട്; ദൈവം എന്നോടു പറഞ്ഞതുപോലെതന്നെ സംഭവിക്കും. പക്ഷേ, ഒരു ദ്വീപിന് അടുത്തുവെച്ച് നമ്മുടെ കപ്പൽ തകരും.”—പ്രവൃ. 27:23-26.
പ്രവൃ. 27:27-44)
“എല്ലാവരും സുരക്ഷിതരായി കരയ്ക്ക് എത്തി” (16, 17. (എ) പൗലോസ് ഏത് അവസരം പ്രാർഥിക്കാനായി ഉപയോഗിച്ചു, എന്തായിരുന്നു അതിന്റെ ഫലം? (ബി) പൗലോസിന്റെ വാക്കുകൾ എങ്ങനെ നിവൃത്തിയേറി?
16 അങ്ങനെ ഭീതിജനകമായ രണ്ടാഴ്ച പിന്നിട്ടു. പെട്ടെന്ന് ആശയ്ക്കു വകയുള്ളതായി കപ്പൽജോലിക്കാർക്ക് തോന്നി; ഒരുപക്ഷേ, തിരമാലകൾ തീരത്ത് അടിക്കുന്ന ശബ്ദം അവർ കേട്ടിരിക്കണം. ഏതാണ്ട് 870 കിലോമീറ്റർ ലക്ഷ്യമില്ലാതെ ഒഴുകി നടന്ന അവരുടെ മുമ്പിൽ ഇപ്പോൾ ഇതാ പ്രത്യാശയുടെ ഒരു കിരണം! ഇനിയും ദൂരേക്ക് ഒഴുകി അകലാതിരിക്കുന്നതിനായി അമരത്തുനിന്ന് അവർ നങ്കൂരമിട്ടു. എന്നിട്ട് സാധിച്ചാൽ കരയോട് അടുപ്പിക്കാൻ കഴിയേണ്ടതിന് കപ്പലിന്റെ അണിയം ആ ദിശയിലേക്ക് ആക്കി. അതിനെത്തുടർന്ന് കപ്പൽജോലിക്കാർ അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പടയാളികൾ അവരെ തടഞ്ഞു. പൗലോസ് സൈനികോദ്യോഗസ്ഥനോടും മറ്റു പടയാളികളോടും പറഞ്ഞു: “ഇവർ കപ്പലിൽത്തന്നെ നിന്നില്ലെങ്കിൽ നിങ്ങൾക്കു രക്ഷപ്പെടാൻ കഴിയില്ല.” ഇപ്പോൾ സാഹചര്യങ്ങൾ അൽപ്പം മെച്ചപ്പെട്ട സ്ഥിതിക്ക് ആഹാരം കഴിക്കാൻ പൗലോസ് എല്ലാവരെയും നിർബന്ധിച്ചു. ആർക്കും ഒരപകടവും സംഭവിക്കില്ലെന്ന് പൗലോസ് ഉറപ്പുകൊടുക്കുകയും ചെയ്തു. പിന്നെ പൗലോസ് ‘എല്ലാവരുടെയും മുന്നിൽവെച്ച് ദൈവത്തോടു നന്ദി പറഞ്ഞു.’ (പ്രവൃ. 27:31, 35) ദൈവത്തിന് കൃതജ്ഞതയർപ്പിച്ചുകൊണ്ടു പ്രാർഥിക്കുകവഴി പൗലോസ്, ലൂക്കോസിനും അരിസ്തർഹോസിനും നമുക്കും ഒക്കെ അനുകരിക്കാൻ കഴിയുന്ന ഒരു മാതൃകയാണു വെച്ചത്. നിങ്ങളുടെ പരസ്യ പ്രാർഥനകളും ഇതുപോലെ മറ്റുള്ളവർക്ക് പ്രോത്സാഹനവും ആശ്വാസവും ഏകുന്ന വിധത്തിലുള്ളവയാണോ?
17 പൗലോസ് പ്രാർഥിച്ചു കഴിഞ്ഞപ്പോൾ “എല്ലാവരും മനക്കരുത്ത് വീണ്ടെടുത്ത് ഭക്ഷണം കഴിച്ചു.” (പ്രവൃ. 27:36) കരയോട് അടുക്കുമ്പോൾ കപ്പൽ കുറെക്കൂടി പൊങ്ങിക്കിടക്കേണ്ടതിന് അതിലുണ്ടായിരുന്ന ഗോതമ്പ് കടലിലെറിഞ്ഞുകൊണ്ട് അവർ കപ്പലിന്റെ ഭാരം പിന്നെയും കുറച്ചു. നേരം വെളുത്തപ്പോൾ അവർ നങ്കൂരങ്ങൾ അറുത്തുമാറ്റി; അമരത്തുള്ള പങ്കായത്തണ്ടുകൾ ബന്ധിച്ചിരുന്ന കയറുകൾ അഴിച്ചുവിട്ടു. കരയോടടുക്കവെ കപ്പൽ നിയന്ത്രിക്കാൻ കഴിയേണ്ടതിന് അണിയത്തുള്ള ചെറിയ പായ നിവർത്തിക്കെട്ടുകയും ചെയ്തു. താമസിയാതെ കപ്പലിന്റെ മുൻഭാഗം മണൽത്തിട്ടയിലോ ചെളിയിലോ പോയി ഉറച്ചു. പിൻഭാഗമാകട്ടെ ശക്തിയായി അടിച്ച തിരയിൽ തകരുകയും ചെയ്തു. തടവുകാർ രക്ഷപ്പെടാതിരിക്കേണ്ടതിന് അവരെ കൊന്നുകളയാൻ ചില പടയാളികൾ ആഗ്രഹിച്ചെങ്കിലും യൂലിയൊസ് അതിനു സമ്മതിച്ചില്ല. നീന്തിയോ പലകകളിലുംമറ്റും പിടിച്ചുകിടന്നോ കരപറ്റാൻ യൂലിയൊസ് എല്ലാവരോടും പറഞ്ഞു. പൗലോസ് പറഞ്ഞതുപോലെതന്നെ സംഭവിച്ചു, 276 പേരും രക്ഷപ്പെട്ടു! അതെ, “എല്ലാവരും സുരക്ഷിതരായി കരയ്ക്ക് എത്തി.” എന്നാൽ അവർ എത്തിയത് എവിടെയായിരുന്നു?—പ്രവൃ. 27:44.
“അസാധാരണമായ കരുണ കാണിച്ചു” (പ്രവൃ. 28:1-10)
18-20. മാൾട്ട നിവാസികൾ “അസാധാരണമായ കരുണ” കാണിച്ചത് എങ്ങനെ, പൗലോസിലൂടെ ദൈവം എന്ത് അത്ഭുതം പ്രവർത്തിച്ചു?
18 സിസിലിയുടെ തെക്കുള്ള മാൾട്ട ദ്വീപിലാണ് അവർ എത്തിച്ചേർന്നത്. (“ മാൾട്ട എവിടെയാണ്?” എന്ന ചതുരം കാണുക.) മറ്റൊരു ഭാഷക്കാരായ ആ ദ്വീപവാസികൾ അവരോട് “അസാധാരണമായ കരുണ കാണിച്ചു.” (പ്രവൃ. 28:2) നനഞ്ഞു വിറച്ച് അവിടെയെത്തിയ ഈ അപരിചിതർക്കുവേണ്ടി അവർ തീ കൂട്ടിക്കൊടുത്തു. മഴയും തണുപ്പും ഉണ്ടായിരുന്നെങ്കിലും തീ കാഞ്ഞത് അവർക്ക് വലിയ ആശ്വാസമായി. ഒരു അത്ഭുതത്തിനും അതു വഴിയൊരുക്കി.
19 അവർ തീ കാഞ്ഞുകൊണ്ടിരിക്കുമ്പോൾ, ഒരു ഉപകാരമാകട്ടെ എന്നു കരുതി പൗലോസ് കുറെ ചുള്ളിക്കമ്പുകൾ എടുത്ത് തീയിലിട്ടു. പെട്ടെന്ന് അതിനിടയിൽനിന്ന് ഒരു അണലി പുറത്തുചാടി പൗലോസിന്റെ കയ്യിൽ ചുറ്റി അദ്ദേഹത്തെ കടിച്ചു. അത് ദൈവത്തിൽനിന്നുള്ള ശിക്ഷയാണെന്ന് മാൾട്ടക്കാർ കരുതി. a
20 പാമ്പുകടിയേറ്റ പൗലോസിന്റെ ശരീരം ‘നീരുവെച്ച് വീങ്ങുമെന്ന്’ അവിടത്തുകാർ വിചാരിച്ചു. മൂലകൃതിയിൽ ഇവിടെ ഉപയോഗിച്ചിരിക്കുന്നത് “വൈദ്യശാസ്ത്രപരമായ ഒരു പദം” ആണെന്ന് ഒരു പരാമർശഗ്രന്ഥം പറയുന്നു. അങ്ങനെയൊരു പദം ‘വൈദ്യനായ ലൂക്കോസിന്റെ’ മനസ്സിലേക്ക് പെട്ടെന്നു വന്നതിൽ അതിശയിക്കാനില്ല. (പ്രവൃ. 28:6; കൊലോ. 4:14) എന്തായാലും പൗലോസ് ആ വിഷപ്പാമ്പിനെ കുടഞ്ഞുകളഞ്ഞു. അദ്ദേഹത്തിന് അപകടമൊന്നും സംഭവിച്ചതുമില്ല.
21. (എ) ലൂക്കോസിന്റെ ഈ വിവരണത്തിൽ കാര്യങ്ങൾ കൃത്യതയോടെ അവതരിപ്പിക്കുന്നതിന്റെ എന്തെല്ലാം ഉദാഹരണങ്ങൾ കാണാനാകും? (ബി) പൗലോസ് എന്ത് അത്ഭുതം പ്രവർത്തിച്ചു, മാൾട്ട നിവാസികൾ അതിനോട് എങ്ങനെ പ്രതികരിച്ചു?
21 ആ ദ്വീപവാസികളിൽ ഒരാളായിരുന്നു ധനികനായ പുബ്ലിയൊസ്. ധാരാളം ഭൂസ്വത്തുണ്ടായിരുന്ന അയാൾ മാൾട്ടയിലെ റോമൻ അധികാരികളിൽ പ്രധാനിയായിരുന്നിരിക്കണം. “ദ്വീപിന്റെ പ്രമാണി” എന്നാണ് ലൂക്കോസ് അയാളെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. ലൂക്കോസ് ഉപയോഗിച്ചിരിക്കുന്ന ഈ സ്ഥാനപ്പേര് മാൾട്ടക്കാരുടെ രണ്ട് ആലേഖനങ്ങളിൽ കണ്ടെത്താനായിട്ടുണ്ട്. മൂന്നു ദിവസം അയാൾ പൗലോസിനും കൂടെയുള്ളവർക്കും ആതിഥ്യമരുളി. പുബ്ലിയൊസിന്റെ അപ്പൻ ആ സമയത്ത് സുഖമില്ലാതെ കിടപ്പിലായിരുന്നു. കാര്യങ്ങൾ അതീവ കൃത്യതയോടെ വിവരിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം നമുക്ക് ഇവിടെ കാണാവുന്നതാണ്. രോഗത്തിന്റെ സ്വഭാവത്തെക്കുറിച്ച് കൃത്യമായ സൂചന നൽകുംവിധം, അയാൾ “പനിയും അതിസാരവും പിടിച്ച് കിടപ്പിലായിരുന്നു” എന്ന് ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നു. പൗലോസ് പ്രാർഥിച്ച് അയാളുടെമേൽ കൈകൾ വെച്ചപ്പോൾ അയാൾ സുഖംപ്രാപിച്ചു. ഈ അത്ഭുതം കണ്ടിട്ട് അവിടത്തെ നിവാസികളിൽ പലരും രോഗികളെ പൗലോസിന്റെ അടുക്കൽ കൊണ്ടുവന്നു. പൗലോസും കൂട്ടാളികളും അവിടെനിന്നു പോകുമ്പോൾ യാത്രയ്ക്ക് ആവശ്യമായതെല്ലാം അവർ സമ്മാനമായി നൽകി.—പ്രവൃ. 28:7-10.
22. (എ) റോമിലേക്കുള്ള യാത്രയെ സംബന്ധിച്ച ലൂക്കോസിന്റെ വിവരണത്തെ ഒരു പ്രൊഫസർ പ്രശംസിച്ചത് എങ്ങനെ? (ബി) അടുത്ത അധ്യായത്തിൽ നാം എന്തു പരിചിന്തിക്കും?
22 പൗലോസിന്റെ യാത്രയെക്കുറിച്ച് നാം ഇപ്പോൾ പരിചിന്തിച്ച വിവരണം അതീവ കൃത്യതയുള്ളതാണ്. ഒരു പ്രൊഫസർ അതേക്കുറിച്ച് ഇങ്ങനെ പറയുന്നു: “ബൈബിളിലെ വിവരണങ്ങളിൽ, . . . ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ഇത്രയേറെ സ്പഷ്ടവും വിശദവും ആയവ വേറെ ഇല്ലെന്നുതന്നെ പറയാം. ഒന്നാം നൂറ്റാണ്ടിലെ നാവികരുടെ വൈദഗ്ധ്യത്തെ വിളിച്ചോതുന്നതും മെഡിറ്ററേനിയൻ കടലിന്റെ കിഴക്കൻഭാഗത്തെ തനതു സവിശേഷതകൾ വരച്ചുകാട്ടുന്നതും ആയ അതിലെ വിശദാംശങ്ങളുടെ അതീവ കൃത്യത” കാണിക്കുന്നത് ഒരു ലിഖിതരേഖയെ ആസ്പദമാക്കിയായിരിക്കണം ലൂക്കോസ് അതെഴുതിയിട്ടുള്ളത് എന്നാണ്. പൗലോസിനോടൊപ്പം യാത്ര ചെയ്തപ്പോൾ ലൂക്കോസുതന്നെ അത്തരമൊരു രേഖ തയ്യാറാക്കിയിരിക്കാം. അങ്ങനെയെങ്കിൽ യാത്രയുടെ തുടർന്നുള്ള ഘട്ടത്തിൽ അദ്ദേഹത്തിന് ഇനിയും ധാരാളം എഴുതാൻ കഴിഞ്ഞിരിക്കണം. ഒടുവിൽ റോമിൽ എത്തുമ്പോൾ പൗലോസിന് എന്തായിരിക്കും സംഭവിക്കുക? നമുക്കു നോക്കാം.
a ആ ദ്വീപവാസികൾക്ക് അണലിയെക്കുറിച്ച് അറിയാമായിരുന്നു എന്ന വസ്തുത കാണിക്കുന്നത് അന്ന് അവിടെ അത്തരം പാമ്പുകൾ ഉണ്ടായിരുന്നുവെന്നാണ്. എന്നാൽ ഇന്ന് മാൾട്ടയിൽ അണലിപ്പാമ്പുകളില്ല. നൂറ്റാണ്ടുകൾകൊണ്ട് പരിസ്ഥിതിയിൽ വന്ന മാറ്റമായിരിക്കാം അതിനു കാരണം. അതല്ലെങ്കിൽ ജനസംഖ്യാ വർധന അണലികൾ അവിടെനിന്ന് അപ്രത്യക്ഷമാകാൻ ഇടയാക്കിയിരിക്കാം.