അധ്യായം 25
“ഞാൻ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ ആഗ്രഹിക്കുന്നു!”
സന്തോഷവാർത്തയ്ക്കുവേണ്ടി പ്രതിവാദംചെയ്യുന്നതിൽ പൗലോസ് മാതൃകവെക്കുന്നു
ആധാരം: പ്രവൃത്തികൾ 25:1–26:32
1, 2. (എ) പൗലോസ് ഇപ്പോൾ ഏത് സാഹചര്യത്തിലാണ്? (ബി) പൗലോസ് സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ അപേക്ഷിച്ചതിനോടുള്ള ബന്ധത്തിൽ ഏതു ചോദ്യം ഉയർന്നുവരുന്നു?
കൈസര്യയിൽ പൗലോസ് ഇപ്പോഴും ശക്തമായ കാവലിൽത്തന്നെയാണ്. രണ്ടു വർഷംമുമ്പ് യഹൂദ്യയിൽ മടങ്ങിയെത്തി ദിവസങ്ങൾക്കകംതന്നെ ജൂതന്മാർ അദ്ദേഹത്തെ മൂന്നു പ്രാവശ്യമെങ്കിലും കൊല്ലാൻ ശ്രമിച്ചിരുന്നു. (പ്രവൃ. 21:27-36; 23:10, 12-15, 27) അദ്ദേഹത്തിന്റെ ശത്രുക്കൾക്ക് ഇതുവരെ വിജയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും അവർ തങ്ങളുടെ ശ്രമം തുടരുകയാണ്. ഇപ്പോൾ അവരുടെ കൈയിൽ അകപ്പെടുമെന്നു തോന്നിയതിനാൽ, പൗലോസ് റോമൻ ഗവർണറായ ഫെസ്തൊസിനോട് പറഞ്ഞു: “ഞാൻ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ ആഗ്രഹിക്കുന്നു!”—പ്രവൃ. 25:11.
2 റോമൻ ചക്രവർത്തിയുടെ മുമ്പാകെ അപ്പീലിനു പോകാനുള്ള പൗലോസിന്റെ തീരുമാനത്തെ യഹോവ പിന്തുണച്ചോ? അതറിയുന്നതു പ്രധാനമാണ്; കാരണം ഈ അവസാനകാലത്ത് സന്തോഷവാർത്ത സമഗ്രമായി അറിയിക്കുന്നവരാണ് നാമും. ‘സന്തോഷവാർത്തയ്ക്കുവേണ്ടി വാദിച്ച് അതു നിയമപരമായി സ്ഥാപിച്ചെടുക്കുന്നതിൽ’ പൗലോസ് നമുക്ക് ഒരു മാതൃകവെച്ചത് എങ്ങനെയെന്ന് ഈ അധ്യായത്തിലൂടെ നാം മനസ്സിലാക്കും.—ഫിലി. 1:7.
‘ന്യായാസനത്തിനു മുമ്പാകെ നിൽക്കുന്നു’ (പ്രവൃ. 25:1-12)
3, 4. (എ) പൗലോസിനെ യരുശലേമിലേക്കു കൊണ്ടുവരാൻ ജൂതന്മാർ അപേക്ഷിച്ചതിന്റെ കാരണം എന്തായിരുന്നു, പൗലോസ് മരണത്തിൽനിന്ന് എങ്ങനെ രക്ഷപ്പെട്ടു? (ബി) പൗലോസിന്റെ കാര്യത്തിലെന്നപോലെ ഇന്നത്തെ ദൈവദാസന്മാരെയും യഹോവ പരിപാലിക്കുന്നത് എങ്ങനെ?
3 അധികാരമേറ്റ് മൂന്നു ദിവസം കഴിഞ്ഞപ്പോൾ യഹൂദ്യയുടെ പുതിയ ഗവർണറായ ഫെസ്തൊസ് യരുശലേമിലേക്കു പോയി. a അപ്പോൾ മുഖ്യപുരോഹിതന്മാരും ജൂതപ്രമാണികളും അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് പൗലോസിനെതിരെ ഗൗരവമേറിയ ആരോപണങ്ങൾ ഉന്നയിച്ചു. ആ പുതിയ ഭരണാധികാരി, തങ്ങളുമായും അതുപോലെ മുഴു ജൂതജനതയുമായും സമാധാനബന്ധം പുലർത്താനുള്ള സമ്മർദത്തിൻകീഴിലാണെന്ന് അവർക്കറിയാമായിരുന്നു. അതുകൊണ്ട് അവർ ഇപ്പോൾ ഫെസ്തൊസിനോട് ഒരു സഹായം അഭ്യർഥിക്കുന്നു: പൗലോസിനെ യരുശലേമിൽ കൊണ്ടുവന്ന് അവിടെവെച്ച് വിചാരണചെയ്യുക. എന്നാൽ ഈ അപേക്ഷയ്ക്കു പിന്നിൽ ഒരു ഗൂഢോദ്ദേശ്യമുണ്ടായിരുന്നു. കൈസര്യയിൽനിന്ന് യരുശലേമിലേക്ക് കൊണ്ടുവരുന്നവഴി പൗലോസിനെ വധിക്കുക എന്നതായിരുന്നു അത്. എന്നാൽ ഫെസ്തൊസ് അവരുടെ അപേക്ഷ കൈക്കൊണ്ടില്ല. പകരം, അദ്ദേഹം പറഞ്ഞു: “പൗലോസ് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്കിടയിലെ അധികാരപ്പെട്ടവർക്ക് എന്നോടൊപ്പം (കൈസര്യയിലേക്കു) വന്ന് അതു ബോധിപ്പിക്കാവുന്നതാണ്.” (പ്രവൃ. 25:5) അങ്ങനെ പൗലോസ് ഒരിക്കൽക്കൂടി മരണത്തിൽനിന്നു രക്ഷപ്പെട്ടു.
4 പൗലോസ് പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോഴെല്ലാം യഹോവ, കർത്താവായ യേശുക്രിസ്തുവിലൂടെ അദ്ദേഹത്തെ ശക്തീകരിച്ചു. ഒരു ദർശനത്തിൽ യേശു പൗലോസിനോട്, “ധൈര്യമായിരിക്കുക!” എന്നു പറഞ്ഞത് നിങ്ങൾ ഓർക്കുന്നുണ്ടാകും. (പ്രവൃ. 23:11) ഇന്നത്തെ ദൈവദാസന്മാരും പ്രതിബന്ധങ്ങളും ഭീഷണികളും നേരിടുന്നു. കഷ്ടങ്ങൾ ഉണ്ടാകുമ്പോഴെല്ലാം യഹോവ നമ്മെ അത്ഭുതകരമായി സംരക്ഷിക്കുന്നില്ലെങ്കിലും ജ്ഞാനവും സഹിച്ചുനിൽക്കാനാവശ്യമായ ശക്തിയും യഹോവ നമുക്കു പ്രദാനംചെയ്യുന്നു. സ്നേഹവാനായ ദൈവം നൽകുന്ന ‘അസാധാരണശക്തിയിൽ’ നമുക്ക് എല്ലായ്പോഴും ആശ്രയിക്കാനാകും.—2 കൊരി. 4:7.
5. ഫെസ്തൊസ് പൗലോസിനോട് എങ്ങനെ പെരുമാറി?
5 കുറച്ചു ദിവസങ്ങൾക്കുശേഷം ഫെസ്തൊസ് കൈസര്യയിൽ തന്റെ ‘ന്യായാസനത്തിൽ ഇരുന്നു.’ b പൗലോസിനെ അദ്ദേഹത്തിന്റെ മുമ്പാകെ കൊണ്ടുവന്നു. പൗലോസിന്റെ ആരോപകരും അവിടെ ഹാജരായിരുന്നു. തനിക്കെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കേട്ട് പൗലോസ് ഇങ്ങനെ പ്രതികരിച്ചു: “ജൂതന്മാരുടെ നിയമത്തിനോ ദേവാലയത്തിനോ സീസറിനോ എതിരായി ഞാൻ ഒരു പാപവും ചെയ്തിട്ടില്ല.” ഒരു കുറ്റവും ചെയ്തിട്ടില്ലാത്ത പൗലോസിനെ അപ്പോൾ വിട്ടയയ്ക്കേണ്ടതായിരുന്നു. എന്നാൽ ഫെസ്തൊസ് എന്താണു ചെയ്തത്? ജൂതന്മാരുടെ പ്രീതിനേടാൻ ആഗ്രഹിച്ച അദ്ദേഹം പൗലോസിനോടു ചോദിച്ചു: “യരുശലേമിലേക്കു വരാനും ഇക്കാര്യങ്ങൾ സംബന്ധിച്ച് എന്റെ മുമ്പാകെ വിചാരണ നേരിടാനും നിനക്കു സമ്മതമാണോ?” (പ്രവൃ. 25:6-9) എന്തൊരു അന്യായം! പൗലോസിനെ യരുശലേമിലേക്കു കൊണ്ടുപോയിരുന്നെങ്കിൽ ഈ ആരോപകർതന്നെ അദ്ദേഹത്തെ വിചാരണചെയ്ത് മരണശിക്ഷ വിധിക്കുമെന്നുള്ളത് ഉറപ്പായിരുന്നു. ന്യായം നടപ്പാക്കുന്നതിനു പകരം, ഈ സാഹചര്യത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ഒരു അവസരമായാണ് ഫെസ്തൊസ് കണ്ടത്. മുൻ ഗവർണറായിരുന്ന പൊന്തിയൊസ് പീലാത്തൊസും ഇതേ വിധത്തിൽ പ്രവർത്തിച്ചിട്ടുണ്ട്, പൗലോസിനെക്കാൾ പ്രമുഖനായ ഒരു തടവുകാരന്റെ കാര്യത്തിൽ. (യോഹ. 19:12-16) നമ്മുടെ കാലത്തും ന്യായാധിപന്മാർ ഇത്തരത്തിൽ രാഷ്ട്രീയ സമ്മർദങ്ങൾക്കു വഴിപ്പെട്ടേക്കാം. അതുകൊണ്ട് ദൈവജനവുമായി ബന്ധപ്പെട്ട കേസുകളിൽ കോടതികൾ അന്യായമായി തീർപ്പുകല്പിക്കുന്നെങ്കിൽ നാം അതിശയിക്കേണ്ടതില്ല.
6, 7. പൗലോസ് സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ അപേക്ഷിച്ചത് എന്തുകൊണ്ട്, അതുവഴി അദ്ദേഹം ഇന്നത്തെ സത്യക്രിസ്ത്യാനികൾക്ക് എന്തു മാതൃകവെച്ചു?
6 ജൂതന്മാരുടെ ഇംഗിതത്തിനു വഴങ്ങാനുള്ള ഫെസ്തൊസിന്റെ ആഗ്രഹം പൗലോസിന്റെ ജീവൻ അപകടത്തിലാക്കുമായിരുന്നു. അതുകൊണ്ട് ഒരു റോമൻ പൗരനെന്നനിലയിൽ തനിക്കുള്ള അവകാശം പൗലോസ് പ്രയോജനപ്പെടുത്തി. അദ്ദേഹം ഫെസ്തൊസിനോടു പറഞ്ഞു: “ഞാൻ സീസറിന്റെ ന്യായാസനത്തിനു മുമ്പാകെയാണു നിൽക്കുന്നത്. എന്നെ ന്യായം വിധിക്കേണ്ടത് ഇവിടെവെച്ചാണ്. അങ്ങയ്ക്കു നന്നായി അറിയാവുന്നതുപോലെ ജൂതന്മാരോടു ഞാൻ ഒരു അന്യായവും ചെയ്തിട്ടില്ല. . . . ഞാൻ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ ആഗ്രഹിക്കുന്നു!” ഒരിക്കൽ അപ്പീലിന് അപേക്ഷിച്ചാൽ അതിനു മാറ്റംവരുത്താൻ കഴിയുമായിരുന്നില്ല. “നീ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ അപേക്ഷിച്ചല്ലോ; അതുകൊണ്ട് സീസറിന്റെ അടുത്തേക്കുതന്നെ നിന്നെ വിടാം” എന്നു പറഞ്ഞുകൊണ്ട് ഫെസ്തൊസ് അക്കാര്യം ഊന്നിപ്പറഞ്ഞു. (പ്രവൃ. 25:10-12) ഒരു ഉന്നതാധികാരിയുടെ മുമ്പാകെ അപ്പീലിന് അപേക്ഷിച്ചുകൊണ്ട് പൗലോസ് ഇന്നത്തെ സത്യക്രിസ്ത്യാനികൾക്കായി ഒരു മാതൃകവെച്ചു. ‘നിയമത്തിന്റെ പേരും പറഞ്ഞ് കുഴപ്പങ്ങൾ ഉണ്ടാക്കാൻ’ എതിരാളികൾ ശ്രമിക്കുമ്പോൾ യഹോവയുടെ സാക്ഷികൾ സന്തോഷവാർത്ത പ്രസംഗിക്കുന്നതിനുള്ള തങ്ങളുടെ അവകാശം സ്ഥാപിച്ചെടുക്കുന്നതിനായി നിയമവഴികൾ തേടുന്നു. c—സങ്കീ. 94:20.
7 അങ്ങനെ, ചെയ്യാത്ത കുറ്റത്തിന് രണ്ടിലേറെ വർഷം തടവുശിക്ഷ അനുഭവിച്ച പൗലോസിന് ഒടുവിൽ റോമിൽ ചെന്ന് പ്രതിവാദം നടത്താനുള്ള അവസരം ലഭിച്ചു. എന്നാൽ അങ്ങോട്ടു പോകുന്നതിനുമുമ്പ് മറ്റൊരു ഭരണാധികാരി അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചു.
“ഞാൻ അനുസരണക്കേടു കാണിച്ചില്ല” (പ്രവൃ. 25:13–26:23)
8, 9. അഗ്രിപ്പ രാജാവ് കൈസര്യയിൽ എത്തിയത് എന്തിന്?
8 പൗലോസ് അപ്പീലിനായി ഫെസ്തൊസിനോട് അപേക്ഷിച്ച് കുറെദിവസം കഴിഞ്ഞപ്പോൾ അഗ്രിപ്പ രാജാവും സഹോദരി ബർന്നീക്കയും കൂടി പുതിയ ഗവർണർക്ക് “അഭിനന്ദനങ്ങൾ അറിയിക്കാനായി” എത്തി. d റോമൻ ഭരണകാലത്ത്, പുതുതായി നിയമിതരാകുന്ന ഗവർണർമാർക്ക് ആശംസ അർപ്പിക്കാൻ അധികാരികൾ അവരെ സന്ദർശിക്കുന്ന പതിവുണ്ടായിരുന്നു. ഫെസ്തൊസിന് അഭിവാദനം അർപ്പിക്കുകവഴി, ഭാവിയിൽ പ്രയോജനം ചെയ്തേക്കാവുന്ന രാഷ്ട്രീയബന്ധവും സൗഹൃദവും ശക്തിപ്പെടുത്തുകയായിരുന്നു അഗ്രിപ്പ.—പ്രവൃ. 25:13.
9 ഫെസ്തൊസിൽനിന്ന് പൗലോസിനെക്കുറിച്ചു കേട്ടപ്പോൾ അഗ്രിപ്പ രാജാവിന് പൗലോസ് പറയുന്നതു കേൾക്കാൻ ആകാംക്ഷയായി. അങ്ങനെ, പിറ്റേന്ന് പൗലോസിനെ അവരുടെ മുമ്പാകെ ഹാജരാക്കി. എന്നാൽ ആ ഭരണാധികാരികളുടെ അധികാരത്തെയും പ്രൗഢിയെയും ഒക്കെ നിഷ്പ്രഭമാക്കുന്നതായിരുന്നു വെറുമൊരു തടവുകാരനായ പൗലോസ് അന്നു നടത്തിയ പ്രഭാഷണം.—പ്രവൃ. 25:22-27.
10, 11. അഗ്രിപ്പ രാജാവിനോട് പൗലോസ് ആദരവു കാണിച്ചത് എങ്ങനെ, തന്റെ മുൻകാല ജീവിതത്തെക്കുറിച്ചുള്ള എന്തെല്ലാം കാര്യങ്ങൾ പൗലോസ് രാജാവിനോടു പറഞ്ഞു?
10 പൗലോസ് ആദ്യംതന്നെ, തനിക്കു പ്രതിവാദം നടത്താൻ അവസരം നൽകിയതിന് അഗ്രിപ്പ രാജാവിന് നന്ദിപറഞ്ഞു. ജൂതന്മാരുടെ ആചാരങ്ങളെയും അവർക്കിടയിലെ തർക്കങ്ങളെയും കുറിച്ച് നന്നായി അറിയാവുന്നവനെന്നനിലയിൽ അഗ്രിപ്പയെ പൗലോസ് പ്രശംസിച്ചു. തുടർന്ന് തന്റെ മുൻകാല ജീവിതത്തെക്കുറിച്ച് പൗലോസ് വിവരിച്ചു. “ഞങ്ങളുടെ മതത്തിൽ ഏറ്റവുമധികം നിഷ്ഠ പുലർത്തുന്ന വിഭാഗമായ പരീശന്മാരിൽപ്പെട്ടവനായിരുന്നു ഞാൻ” എന്ന് അദ്ദേഹം പറഞ്ഞു. (പ്രവൃ. 26:5) ഒരു പരീശനെന്നനിലയിൽ പൗലോസ് മിശിഹയുടെ വരവിനായി പ്രതീക്ഷിച്ചിരുന്നു. ആ മിശിഹ യേശുക്രിസ്തുവാണെന്ന കാര്യം ഇപ്പോൾ ഒരു ക്രിസ്ത്യാനിയെന്നനിലയിൽ അദ്ദേഹം ധൈര്യസമേതം വ്യക്തമാക്കി. പൗലോസിനും അദ്ദേഹത്തിന്റെ ആരോപകർക്കും പൊതുവായി ഉണ്ടായിരുന്ന ഒരു വിശ്വാസത്തിന്റെ പേരിൽ, അതായത് അവരുടെ പൂർവികരോടു ദൈവം ചെയ്ത വാഗ്ദാനം നിവൃത്തിയേറുമെന്ന പ്രത്യാശനിമിത്തം ആയിരുന്നു അദ്ദേഹം അപ്പോൾ വിചാരണയെ നേരിടുന്നത്. പൗലോസിന്റെ ആ വിശദീകരണം കേട്ടപ്പോൾ അദ്ദേഹം പറയുന്നതു കേൾക്കാൻ അഗ്രിപ്പ രാജാവിന് ഏറെ താത്പര്യമായി. e
11 ക്രിസ്ത്യാനികളോടുള്ള തന്റെ ക്രൂരമായ പെരുമാറ്റം ഓർത്തുകൊണ്ട് പൗലോസ് പറഞ്ഞു: “നസറെത്തുകാരനായ യേശുവിന്റെ പേരിന് എതിരായി പലതും ചെയ്യേണ്ടതുണ്ടെന്ന് ഉറച്ച് വിശ്വസിച്ച ഒരാളാണു ഞാൻ. . . . അവരോടുള്ള (ക്രിസ്തുവിന്റെ അനുഗാമികളോടുള്ള) കടുത്ത ദേഷ്യം കാരണം അവരെ ഉപദ്രവിക്കാൻ ഞാൻ ദൂരെയുള്ള നഗരങ്ങൾവരെ പോയി.” (പ്രവൃ. 26:9-11) പൗലോസ് പറഞ്ഞതിൽ ഒട്ടും അതിശയോക്തിയില്ലായിരുന്നു. ക്രിസ്ത്യാനികൾക്കു നേരെയുള്ള അദ്ദേഹത്തിന്റെ ക്രൂരമായ പെരുമാറ്റത്തെക്കുറിച്ച് പലർക്കും അറിയാമായിരുന്നു. (ഗലാ. 1:13, 23) ‘ഇയാൾക്ക് ഇത്തരത്തിലൊരു മാറ്റം വന്നത് എങ്ങനെയായിരിക്കും?’ എന്ന് അഗ്രിപ്പ ചിന്തിച്ചിരിക്കണം.
12, 13. (എ) തന്റെ പരിവർത്തനത്തിന് ഇടയാക്കിയ സംഭവം പൗലോസ് വിവരിച്ചത് എങ്ങനെ? (ബി) പൗലോസ് ‘മുടിങ്കോലിൽ തൊഴിക്കുകയായിരുന്നത്’ എങ്ങനെ?
12 പൗലോസിന്റെ തുടർന്നുള്ള വാക്കുകൾ അഗ്രിപ്പയുടെ സംശയത്തിന് ഉത്തരമേകി: “ഒരിക്കൽ ഞാൻ മുഖ്യപുരോഹിതന്മാരിൽനിന്ന് അനുമതിയും അധികാരവും വാങ്ങി ദമസ്കൊസിലേക്കു പോകുകയായിരുന്നു. അപ്പോൾ രാജാവേ, വഴിയിൽവെച്ച് നട്ടുച്ചനേരത്ത് സൂര്യപ്രകാശത്തെയും വെല്ലുന്ന ഒരു വെളിച്ചം ആകാശത്തുനിന്ന് എന്റെയും എന്റെകൂടെ യാത്ര ചെയ്തിരുന്നവരുടെയും ചുറ്റും മിന്നുന്നതു ഞാൻ കണ്ടു. ഞങ്ങൾ എല്ലാവരും നിലത്ത് വീണുപോയി. അപ്പോൾ, ‘ശൗലേ, ശൗലേ, നീ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്? മുടിങ്കോലിൽ തൊഴിക്കുന്നതു നിനക്കു ദോഷം ചെയ്യും’ എന്ന് എബ്രായ ഭാഷയിൽ ഒരു ശബ്ദം എന്നോടു പറഞ്ഞു. ‘പ്രഭോ, അങ്ങ് ആരാണ്’ എന്നു ഞാൻ ചോദിച്ചപ്പോൾ കർത്താവ് എന്നോടു പറഞ്ഞു: ‘നീ ഉപദ്രവിക്കുന്ന യേശുവാണു ഞാൻ.’” f—പ്രവൃ. 26:12-15.
13 ഈ ദർശനം ഉണ്ടാകുന്നതിനുമുമ്പ്, ഒരുതരത്തിൽപ്പറഞ്ഞാൽ പൗലോസ് ‘മുടിങ്കോലിൽ തൊഴിക്കുകയായിരുന്നു.’ മുടിങ്കോലിന്റെ കൂർത്ത അഗ്രത്തിൽ തൊഴിക്കുന്ന ഒരു ചുമട്ടുമൃഗത്തിന് മുറിവേൽക്കുമായിരുന്നു. സമാനമായി, ദൈവേഷ്ടത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നതിലൂടെ പൗലോസ് തനിക്കുതന്നെ ആത്മീയഹാനി വരുത്തുകയായിരുന്നു; തികഞ്ഞ ആത്മാർഥതയോടെയാണെങ്കിലും തെറ്റായ മാർഗത്തിലാണ് അദ്ദേഹം ചരിച്ചിരുന്നത്. എന്നാൽ പൗലോസ് ദമസ്കൊസിലേക്കു പോകവെ, ഉയിർത്തെഴുന്നേറ്റ യേശു അദ്ദേഹത്തിനു പ്രത്യക്ഷപ്പെടുകയും ചിന്താഗതിക്കു മാറ്റംവരുത്താൻ പൗലോസിനെ സഹായിക്കുകയും ചെയ്തു.—യോഹ. 16:1, 2.
14, 15. ജീവിതത്തിൽ താൻ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് പൗലോസ് എന്തു പറഞ്ഞു?
14 പൗലോസ് തന്റെ ജീവിതത്തിൽ വലുതും നിർണായകവും ആയ മാറ്റങ്ങൾതന്നെ വരുത്തി. അഗ്രിപ്പയോട് അദ്ദേഹം പറഞ്ഞു: “സ്വർഗത്തിൽനിന്ന് ലഭിച്ച ആ ദർശനത്തോടു ഞാൻ അനുസരണക്കേടു കാണിച്ചില്ല. മാനസാന്തരപ്പെടണമെന്നും മാനസാന്തരത്തിനു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ട് ദൈവത്തിലേക്കു തിരിയണമെന്നും ഉള്ള സന്ദേശം ഞാൻ ആദ്യം ദമസ്കൊസിലുള്ളവരോടും പിന്നെ യരുശലേമിലുള്ളവരോടും യഹൂദ്യ ദേശമെങ്ങുമുള്ളവരോടും തുടർന്ന് മറ്റു ജനതകളിൽപ്പെട്ടവരോടും അറിയിച്ചു.” (പ്രവൃ. 26:19, 20) അന്ന് ആ നട്ടുച്ചനേരത്ത് ദർശനത്തിലൂടെ യേശുക്രിസ്തു നൽകിയ നിയോഗം വർഷങ്ങളായി പൗലോസ് നിറവേറ്റുകയായിരുന്നു. എന്തായിരുന്നു അതിന്റെ ഫലം? പൗലോസ് പ്രസംഗിച്ച സന്തോഷവാർത്തയോട് അനുകൂലമായി പ്രതികരിച്ചവർ തങ്ങളുടെ അധാർമികവും സത്യവിരുദ്ധവും ആയ പ്രവൃത്തികളെപ്രതി അനുതപിക്കുകയും ദൈവത്തിലേക്കു തിരിയുകയും ചെയ്തു. അവർ സമൂഹത്തിലെ ക്രമസമാധാനത്തിനു ഭംഗംവരുത്താത്തവരും നിയമങ്ങളെ ആദരിക്കുന്നവരും ആയ നല്ല പൗരന്മാരായിത്തീർന്നു.
15 പൗലോസിന്റെ ജൂത എതിരാളികൾ പക്ഷേ, ഇക്കാര്യങ്ങൾക്കൊന്നും ഒരു വിലയും കല്പിച്ചില്ല. പൗലോസ് പറഞ്ഞു: “അതുകൊണ്ടാണ് ജൂതന്മാർ ദേവാലയത്തിൽവെച്ച് എന്നെ പിടികൂടി കൊല്ലാൻ ശ്രമിച്ചത്. എന്നാൽ ഈ ദിവസംവരെ ദൈവത്തിന്റെ സഹായത്താൽ, ചെറിയവരെന്നോ വലിയവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരോടും ഞാൻ സന്തോഷവാർത്ത അറിയിച്ചുകൊണ്ടിരിക്കുന്നു.”—പ്രവൃ. 26:21, 22.
16. നമ്മുടെ വിശ്വാസങ്ങളെക്കുറിച്ച് ന്യായാധിപന്മാരോടും ഭരണാധികാരികളോടും സംസാരിക്കുമ്പോൾ നമുക്ക് എങ്ങനെ പൗലോസിന്റെ മാതൃക അനുകരിക്കാം?
16 സത്യക്രിസ്ത്യാനികളെന്നനിലയിൽ നാം വിശ്വാസത്തിനുവേണ്ടി സംസാരിക്കാൻ ‘എപ്പോഴും ഒരുങ്ങിയിരിക്കേണ്ടതുണ്ട്.’ (1 പത്രോ. 3:15) ന്യായാധിപന്മാരോടും ഭരണാധികാരികളോടും നമ്മുടെ വിശ്വാസങ്ങളെക്കുറിച്ചു സംസാരിക്കുമ്പോൾ, പൗലോസ് അഗ്രിപ്പയോടും ഫെസ്തൊസിനോടും സംസാരിച്ചവിധം അനുകരിക്കുന്നത് സഹായകമായിരുന്നേക്കാം. ബൈബിൾസത്യം നമ്മുടെതന്നെയോ നമ്മുടെ സന്ദേശത്തിനു ശ്രദ്ധകൊടുത്തവരുടെയോ ജീവിതം മെച്ചപ്പെടുത്തിയിരിക്കുന്നത് എങ്ങനെയെന്ന് ആദരപൂർവം വിശദീകരിക്കുന്നത് അധികാരികളുടെ മനോഭാവത്തിനു മാറ്റംവരുത്തിയേക്കാം.
പ്രവൃ. 26:24-32)
“നീ എന്നെ ഒരു ക്രിസ്ത്യാനിയാക്കുമല്ലോ” (17. പൗലോസിന്റെ പ്രതിവാദത്തോട് ഫെസ്തൊസ് എങ്ങനെ പ്രതികരിച്ചു, സമാനമായ എന്തു മനോഭാവം ഇന്നും കാണാറുണ്ട്?
17 പൗലോസിന്റെ പ്രചോദനാത്മകമായ പ്രഭാഷണം കേട്ട ആ ഭരണാധികാരികൾക്ക് പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് എന്താണു സംഭവിച്ചത് എന്നു നോക്കുക: “പൗലോസ് ഇങ്ങനെ സ്വന്തം ഭാഗം വാദിച്ചുകൊണ്ടിരിക്കുമ്പോൾ ഫെസ്തൊസ് വിളിച്ചുപറഞ്ഞു: ‘പൗലോസേ, നിനക്കു ഭ്രാന്താണ്! അറിവ് കൂടിപ്പോയിട്ടു നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു!’” (പ്രവൃ. 26:24) ഫെസ്തൊസിനെപ്പോലെ പ്രതികരിക്കുന്നവരെ ഇന്നും കാണാറുണ്ട്. ബൈബിൾസത്യങ്ങൾ യഥാർഥമായി പഠിപ്പിക്കുന്നവരെ പലരും മതഭ്രാന്തരായി കണക്കാക്കുന്നു. ലോകപ്രകാരം ജ്ഞാനികളായവർക്ക് പുനരുത്ഥാനം സംബന്ധിച്ച ബൈബിൾ പഠിപ്പിക്കൽ അംഗീകരിക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്.
18. ഫെസ്തൊസിനോട് പൗലോസ് എന്തു മറുപടി പറഞ്ഞു, അത് അഗ്രിപ്പയിൽ എന്തു പ്രതികരണം ഉളവാക്കി?
18 ആ ഗവർണറോട് പൗലോസ് ഇങ്ങനെ ഉത്തരം പറഞ്ഞു: “അഭിവന്ദ്യനായ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല. സുബോധത്തോടെയാണു ഞാൻ സംസാരിക്കുന്നത്. ഞാൻ പറയുന്നതു മുഴുവൻ സത്യമാണ്. രാജാവിനു കാര്യങ്ങൾ നന്നായി അറിയാവുന്നതുകൊണ്ടാണു ഞാൻ അദ്ദേഹത്തോട് ഇത്ര സ്വാതന്ത്ര്യത്തോടെ സംസാരിക്കുന്നത്. . . . അഗ്രിപ്പ രാജാവേ, അങ്ങ് പ്രവാചകന്മാരിൽ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെന്ന് എനിക്ക് അറിയാം.” അപ്പോൾ അഗ്രിപ്പ പൗലോസിനോട്, “അൽപ്പസമയംകൊണ്ട് നീ എന്നെ ഒരു ക്രിസ്ത്യാനിയാക്കുമല്ലോ” എന്നു പറഞ്ഞു. (പ്രവൃ. 26:25-28) അദ്ദേഹം അതു പറഞ്ഞത് ആത്മാർഥതയോടെയാണെങ്കിലും അല്ലെങ്കിലും പൗലോസിന്റെ സാക്ഷ്യത്തിന് രാജാവിന്റെമേൽ വലിയ സ്വാധീനംചെലുത്താൻ കഴിഞ്ഞുവെന്നാണ് അതു കാണിക്കുന്നത്.
19. പൗലോസിനെക്കുറിച്ച് ഫെസ്തൊസും അഗ്രിപ്പയും എന്തു നിഗമനത്തിൽ എത്തി?
19 തുടർന്ന് ആ യോഗത്തിനു സമാപ്തി കുറിച്ചുകൊണ്ട് അഗ്രിപ്പയും ഫെസ്തൊസും പോകാനായി എഴുന്നേറ്റു. “അവർ അവിടെനിന്ന് പോകുമ്പോൾ, ‘മരണശിക്ഷയോ ജയിൽശിക്ഷയോ അർഹിക്കുന്നതൊന്നും ഈ മനുഷ്യൻ ചെയ്തിട്ടില്ല’ എന്നു തമ്മിൽ പറഞ്ഞു. ‘സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ അപേക്ഷിച്ചില്ലായിരുന്നെങ്കിൽ ഇയാളെ ഇപ്പോൾ വിട്ടയയ്ക്കാമായിരുന്നു’ എന്ന് അഗ്രിപ്പ ഫെസ്തൊസിനോടു പറഞ്ഞു.” (പ്രവൃ. 26:31, 32) പൗലോസ് നിരപരാധിയാണെന്ന കാര്യം അവർക്ക് ബോധ്യപ്പെട്ടിരുന്നു. ഒരുപക്ഷേ, ഈ സംഭവത്തോടെ ക്രിസ്ത്യാനികളോടുള്ള അവരുടെ മനോഭാവത്തിനു മാറ്റംവന്നിരിക്കണം.
20. പൗലോസ് ഉന്നതാധികാരികളുടെ മുമ്പാകെ ഹാജരായതുകൊണ്ട് എന്തെല്ലാം പ്രയോജനങ്ങളുണ്ടായി?
20 ഈ വിവരണത്തിൽ നാം കണ്ട ശക്തരായ ആ ഭരണാധികാരികൾ രണ്ടു പേരും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത സ്വീകരിച്ചെന്നു തോന്നുന്നില്ല. എന്നാൽ പൗലോസ് അപ്പോസ്തലൻ ആ അധികാരികളുടെ മുമ്പാകെ ഹാജരായതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായോ? തീർച്ചയായും. പൗലോസിനെ യഹൂദ്യയിലെ ‘രാജാക്കന്മാരുടെയും ഗവർണർമാരുടെയും മുന്നിൽ ഹാജരാക്കിയത്,’ മറ്റു രീതിയിൽ സാക്ഷ്യം ലഭിക്കുന്നതിന് സാധ്യതയില്ലാതിരുന്ന റോമൻ അധികാരികൾക്കുപോലും സന്തോഷവാർത്ത കേൾക്കാൻ അവസരമേകി. (ലൂക്കോ. 21:12, 13) കൂടാതെ, പൗലോസിന്റെ അനുഭവങ്ങളും പരിശോധനകളിന്മധ്യേ അദ്ദേഹം കാണിച്ച വിശ്വസ്തതയും സഹവിശ്വാസികൾക്ക് വളരെയധികം പ്രോത്സാഹനം പകർന്നു.—ഫിലി. 1:12-14.
21. എതിർപ്പുകൾ ഗണ്യമാക്കാതെ രാജ്യവേലയിൽ മുന്നേറുന്നത് എന്തു സത്ഫലങ്ങൾ കൈവരുത്തിയേക്കാം?
21 ഇന്നും അതു സത്യമാണ്. പരിശോധനകളും എതിർപ്പുകളും ഗണ്യമാക്കാതെ രാജ്യവേലയിൽ നാം മുന്നേറുമ്പോൾ പല സത്ഫലങ്ങളും നമുക്കു ലഭിച്ചേക്കാം. മറ്റു രീതിയിൽ കണ്ടുമുട്ടാൻ കഴിയാത്ത അധികാരികൾക്കുപോലും സാക്ഷ്യം നൽകാൻ നമുക്കു സാധിച്ചേക്കും. നാം വിശ്വസ്തതയോടെ സഹിച്ചുനിൽക്കുന്നത് സന്തോഷവാർത്ത സമഗ്രമായി അറിയിക്കുന്ന വേലയിൽ സധൈര്യം മുന്നേറാൻ നമ്മുടെ ക്രിസ്തീയ സഹോദരങ്ങളെ പ്രചോദിപ്പിക്കുകയും അവർക്കൊരു പ്രോത്സാഹനമായി ഉതകുകയും ചെയ്തേക്കാം.
a “ റോമൻ നാടുവാഴിയായ പൊർക്യൊസ് ഫെസ്തൊസ്” എന്ന ചതുരം കാണുക.
b ഉയർന്ന ഒരു വേദിയിൽ സ്ഥാപിച്ചിട്ടുള്ള ഇരിപ്പിടമായിരുന്നു ‘ന്യായാസനം.’ ഉയരത്തിലുള്ള ആ ഇരിപ്പിടം, ന്യായാധിപന്റെ തീർപ്പുകൾ അന്തിമവും ആദരിക്കപ്പെടേണ്ടതും ആണെന്ന് സൂചിപ്പിച്ചു. യേശുവിന് എതിരെയുള്ള ആരോപണങ്ങൾക്കു തീർപ്പുകല്പിക്കാനായി പീലാത്തൊസും ഇതുപോലൊരു ന്യായാസനത്തിലാണ് ഇരുന്നത്.
c “ സത്യാരാധനയ്ക്കായി മേൽക്കോടതികളിൽ—ഇക്കാലത്ത്” എന്ന ചതുരം കാണുക.
d “ ഹെരോദ് അഗ്രിപ്പ രണ്ടാമൻ രാജാവ്” എന്ന ചതുരം കാണുക.
e ക്രിസ്ത്യാനിയെന്നനിലയിൽ, പൗലോസ് യേശുവിനെ മിശിഹയായി അംഗീകരിച്ചിരുന്നു. എന്നാൽ യേശുവിനെ തള്ളിക്കളഞ്ഞ ജൂതന്മാരാകട്ടെ, അതുനിമിത്തം പൗലോസിനെ ഒരു വിശ്വാസത്യാഗിയായാണ് വീക്ഷിച്ചിരുന്നത്.—പ്രവൃ. 21:21, 27, 28.
f “നട്ടുച്ചനേരത്ത്” യാത്രചെയ്യുകയായിരുന്നുവെന്ന പൗലോസിന്റെ വാക്കുകളെക്കുറിച്ച് ഒരു ബൈബിൾ പണ്ഡിതൻ പറയുന്നു: “അത്ര അത്യാവശ്യമൊന്നും ഇല്ലെങ്കിൽ സാധാരണഗതിയിൽ യാത്രക്കാർ നട്ടുച്ചനേരത്ത് വിശ്രമിക്കുകയാണു ചെയ്യാറ്. ക്രിസ്ത്യാനികളെ ഉപദ്രവിക്കുന്നതിലെ പൗലോസിന്റെ വ്യഗ്രതയാണ് അതു സൂചിപ്പിക്കുന്നത്.”