അധ്യായം 14
“ഞങ്ങൾ ഒറ്റക്കെട്ടായി തീരുമാനിച്ചിരിക്കുന്നു”
ഭരണസംഘം ഒരു തീരുമാനത്തിലെത്തുന്നു; അത് സഭകളുടെ ഐക്യത്തിനു സംഭാവനചെയ്യുന്നു
ആധാരം: പ്രവൃത്തികൾ 15:13-35
1, 2. (എ) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭയുടെ ഭരണസംഘം അഭിമുഖീകരിച്ച ഗൗരവമേറിയ ചോദ്യങ്ങൾ ഏവ? (ബി) ശരിയായ തീരുമാനത്തിലെത്താൻ ആ സഹോദരന്മാർക്ക് എന്തെല്ലാം സഹായം ലഭിച്ചു?
ആകാംക്ഷാനിർഭരമായ നിമിഷങ്ങൾ! യരുശലേമിലെ ആ മുറിയിൽ കൂടിവന്നിരിക്കുന്ന അപ്പോസ്തലന്മാരും മൂപ്പന്മാരും സുപ്രധാനമായ ഒരു തീരുമാനമെടുക്കേണ്ട ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. പരിച്ഛേദനയെക്കുറിച്ചുള്ള വിവാദം ചില ചോദ്യങ്ങളുയർത്തിയിരുന്നു: ക്രിസ്ത്യാനികൾ മോശയുടെ നിയമം അനുസരിക്കേണ്ടതുണ്ടോ? ജൂതക്രിസ്ത്യാനികൾക്കും ജനതകളിൽനിന്നുള്ള ക്രിസ്ത്യാനികൾക്കും ഇടയിൽ ഒരു വേർതിരിവിന്റെ ആവശ്യമുണ്ടോ?
2 നേതൃത്വമെടുക്കുന്ന പുരുഷന്മാർ തെളിവുകളെല്ലാം പരിശോധിച്ചുകഴിഞ്ഞിരിക്കുന്നു. ദൈവത്തിന്റെ പ്രാവചനിക വചനങ്ങളും അതുപോലെതന്നെ ജനതകളിൽപ്പെട്ടവരുടെമേൽ യഹോവയുടെ അനുഗ്രഹമുണ്ടെന്നു ബോധ്യപ്പെടുത്തുന്ന ശക്തമായ സാക്ഷ്യപ്പെടുത്തലുകളും അവരുടെ മനസ്സിലുണ്ട്. ഈ കാര്യത്തെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായങ്ങളും അവർ തുറന്നുപ്രകടിപ്പിച്ചിരിക്കുന്നു. യഹോവയുടെ ആത്മാവ് അവരെ നയിക്കുന്നുവെന്നു വ്യക്തമാക്കുംവിധം അത്രയേറെ തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ ഈ പുരുഷന്മാർ ദൈവാത്മാവിന്റെ വഴിനടത്തിപ്പിനു കീഴ്പെടുമോ?
3. പ്രവൃത്തികൾ 15-ാം അധ്യായത്തിലെ വിവരണം പരിശോധിക്കുന്നത് നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
3 ഇക്കാര്യത്തിൽ പരിശുദ്ധാത്മാവിന്റെ മാർഗനിർദേശം അനുസരിക്കുന്നതിന് നല്ല വിശ്വാസവും ധൈര്യവും ആവശ്യമായിരുന്നു; കാരണം, അവർ കൈക്കൊള്ളുന്ന തീരുമാനം അവരോടുള്ള ജൂത മതനേതാക്കന്മാരുടെ വിദ്വേഷം വർധിപ്പിക്കുമായിരുന്നു. മാത്രമല്ല, ദൈവജനം തുടർന്നും മോശയുടെ നിയമം അനുസരിക്കണമെന്നു ശഠിച്ചിരുന്ന, സഭയിൽത്തന്നെയുള്ളവരുടെ എതിർപ്പും അവർക്കു നേരിടേണ്ടിവരുമായിരുന്നു. ആകട്ടെ, ഭരണസംഘം ഇപ്പോൾ എന്തു ചെയ്യും? നമുക്കു നോക്കാം. ഇന്ന് യഹോവയുടെ സാക്ഷികളുടെ ഭരണസംഘം അവരുടെ മാതൃക പിൻപറ്റുന്നത് എങ്ങനെയെന്നും നാം കാണും. ക്രിസ്ത്യാനികളെന്നനിലയിൽ ജീവിതത്തിൽ തീരുമാനങ്ങളും വെല്ലുവിളികളും നേരിടുമ്പോൾ അതേ മാതൃകയാണ് നാമും പിൻപറ്റേണ്ടത്.
“പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്ന കാര്യങ്ങളും . . . യോജിക്കുന്നു” (പ്രവൃ. 15:13-21)
4, 5. ഏതു പ്രവാചക വചനങ്ങളാണ് യാക്കോബ് ഉദ്ധരിച്ചത്?
4 യേശുവിന്റെ അർധസഹോദരനും ശിഷ്യനുമായ യാക്കോബ് എല്ലാവരെയും പ്രതിനിധീകരിച്ചു സംസാരിക്കുന്നു. a ആ യോഗത്തിന് ആധ്യക്ഷ്യംവഹിച്ചിരുന്നത് അദ്ദേഹമായിരുന്നിരിക്കണം. ഒരു സംഘമെന്നനിലയിൽ അവർ എത്തിച്ചേർന്ന നിഗമനത്തിന്റെ രത്നച്ചുരുക്കമായിരുന്നിരിക്കണം യാക്കോബിന്റെ വാക്കുകൾ. അവിടെ കൂടിയിരുന്നവരോട് യാക്കോബ് പറഞ്ഞു: “ജനതകളിൽപ്പെട്ടവരിൽനിന്ന് തന്റെ പേരിനായി ഒരു ജനത്തെ എടുക്കാൻ ദൈവം ആദ്യമായി അവരിലേക്കു ശ്രദ്ധതിരിച്ചതിനെക്കുറിച്ച് ശിമ്യോൻ നന്നായി വിവരിച്ചല്ലോ. പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്ന കാര്യങ്ങളും ഇതിനോടു യോജിക്കുന്നു.”—പ്രവൃ. 15:14, 15.
5 ശിമ്യോന്റെ അഥവാ ശിമോൻ പത്രോസിന്റെ പ്രഭാഷണവും, ബർന്നബാസും പൗലോസും നിരത്തിയ തെളിവുകളും, ചർച്ചചെയ്തുകൊണ്ടിരുന്ന വിഷയത്തിന്മേൽ കൂടുതലായ വെളിച്ചം പകരുന്ന തിരുവെഴുത്തുകൾ യാക്കോബിന്റെ മനസ്സിലേക്കു കൊണ്ടുവന്നിരിക്കണം. (യോഹ. 14:26) “പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്ന കാര്യങ്ങളും ഇതിനോടു യോജിക്കുന്നു” എന്നു പറഞ്ഞശേഷം യാക്കോബ് ആമോസ് 9:11, 12 ഉദ്ധരിക്കുകയുണ്ടായി. എബ്രായ തിരുവെഴുത്തുകളിൽ, ‘പ്രവാചകപുസ്തകങ്ങൾ’ എന്ന് പൊതുവെ അറിയപ്പെടുന്നവയുടെ ഗണത്തിലാണ് ആമോസിന്റെ പുസ്തകം ഉൾപ്പെടുത്തിയിരിക്കുന്നത്. (പ്രവൃ. 15:16-18) യാക്കോബ് ഉദ്ധരിച്ച വാക്കുകൾ ആമോസിന്റെ പുസ്തകത്തിൽ ഇന്ന് കാണുന്നതിൽനിന്ന് കുറച്ചൊക്കെ വ്യത്യസ്തമാണ്; അദ്ദേഹം ഉദ്ധരിച്ചത് എബ്രായ തിരുവെഴുത്തുകളുടെ ഗ്രീക്ക് പരിഭാഷയായ സെപ്റ്റുവജിന്റിൽ നിന്നായിരിക്കാമെന്നതാണ് അതിനു കാരണം.
6. ആ ചർച്ചയിൽ തിരുവെഴുത്തുകൾ എന്തു പങ്കുവഹിച്ചു?
6 യഹോവ ‘ദാവീദിന്റെ കൂടാരം’ വീണ്ടും പണിയുന്ന, അതായത് ദാവീദിന്റെ വംശപരമ്പരയിലുള്ള രാജത്വം മിശിഹൈക രാജ്യത്തിലൂടെ പുനഃസ്ഥാപിക്കുന്ന, സമയം വരുമെന്ന് ആമോസ് പ്രവാചകൻ മുൻകൂട്ടി പറഞ്ഞിരുന്നു. (യഹ. 21:26, 27) സ്വന്തജനമെന്നനിലയിൽ ജഡിക ജൂതന്മാരുമായിമാത്രം യഹോവ ഇടപെടുന്ന ഒരു കാലം വീണ്ടും വരുമെന്ന് അത് അർഥമാക്കിയോ? ഇല്ല. ദൈവത്തിന്റെ ‘നാമത്തിൽ അറിയപ്പെടുന്നതിന്’ “എല്ലാ ജനതകളിലും” നിന്നുള്ളവർ കൂട്ടിച്ചേർക്കപ്പെടുമെന്ന് ആ പ്രവചനം സൂചിപ്പിച്ചു. “നമുക്കും (ജൂത ക്രിസ്ത്യാനികൾക്കും) അവർക്കും (ജനതകളിൽനിന്നുള്ള വിശ്വാസികൾക്കും) തമ്മിൽ ദൈവം ഒരു വ്യത്യാസവും കല്പിച്ചിട്ടില്ല. അവരുടെ വിശ്വാസം കാരണം അവരുടെ ഹൃദയങ്ങളെ ദൈവം ശുദ്ധീകരിച്ചിരിക്കുന്നു” എന്ന് അൽപ്പംമുമ്പ് പത്രോസ് സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. (പ്രവൃ. 15:9) മറ്റു വാക്കുകളിൽ പറഞ്ഞാൽ, ജൂതന്മാരിൽനിന്നും ജനതകളിൽനിന്നും ഉള്ളവർ രാജ്യാവകാശികളായിത്തീരണമെന്നതാണ് ദൈവേഷ്ടം. (റോമ. 8:17; എഫെ. 2:17-19) അതിനായി ജനതകളിൽനിന്നുള്ള വിശ്വാസികൾ പരിച്ഛേദനയേൽക്കണമെന്നോ ജൂതമതത്തിലേക്കു പരിവർത്തനം ചെയ്യണമെന്നോ ബൈബിൾ പ്രവചനങ്ങളൊന്നും പറയുന്നില്ല.
7, 8. (എ) യാക്കോബ് എന്തു നിർദേശം മുന്നോട്ടുവെച്ചു? (ബി) യാക്കോബിന്റെ വാക്കുകളെ നാം എങ്ങനെ മനസ്സിലാക്കണം?
7 പരിചിന്തിച്ച തിരുവെഴുത്തു തെളിവുകളുടെയും താൻ കേട്ട സാക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിൽ യാക്കോബ് പറയുന്നു: “അതുകൊണ്ട് ജനതകളിൽനിന്ന് ദൈവത്തിലേക്കു തിരിയുന്നവരെ ബുദ്ധിമുട്ടിക്കരുത് എന്നാണ് എന്റെ അഭിപ്രായം. പക്ഷേ വിഗ്രഹങ്ങളാൽ മലിനമായത്, ലൈംഗിക അധാർമികത, ശ്വാസംമുട്ടി ചത്തത്, രക്തം എന്നിവ ഒഴിവാക്കാൻ അവർക്ക് എഴുതണം. കാലങ്ങളായി മോശയുടെ പുസ്തകങ്ങൾ ശബത്തുതോറും സിനഗോഗുകളിൽ വായിക്കുകയും അങ്ങനെ നഗരംതോറും അതു പ്രസംഗിക്കപ്പെടുകയും ചെയ്യുന്നതാണല്ലോ.”—പ്രവൃ. 15:19-21.
8 ‘അതുകൊണ്ട് എന്റെ അഭിപ്രായം ഇതാണ്’ എന്നു പറഞ്ഞപ്പോൾ, യാക്കോബ് ഏകപക്ഷീയമായി ഒരു തീരുമാനമെടുത്തുകൊണ്ട് മറ്റു സഹോദരന്മാരുടെമേൽ തന്റെ അധികാരം—ഒരുപക്ഷേ, ആ യോഗത്തിന്റെ അധ്യക്ഷനെന്നനിലയിൽ—അടിച്ചേൽപ്പിക്കുകയായിരുന്നോ? ഒരിക്കലുമല്ല! “എന്റെ അഭിപ്രായം” എന്ന യാക്കോബിന്റെ വാക്കുകൾ കാണിക്കുന്നത് കേട്ട കാര്യങ്ങളുടെയും അതുപോലെ തിരുവെഴുത്തുകളുടെയും അടിസ്ഥാനത്തിൽ എന്തു ചെയ്യാമെന്നതു സംബന്ധിച്ച് അവരുടെ പരിഗണനയ്ക്കായി അദ്ദേഹം ഒരു നിർദേശം മുന്നോട്ടുവെക്കുകമാത്രം ആയിരുന്നുവെന്നാണ്.
9. യാക്കോബിന്റെ നിർദേശം നല്ലതായിരുന്നത് എന്തുകൊണ്ട്?
9 യാക്കോബ് മുന്നോട്ടുവെച്ചത് തീർച്ചയായും നല്ലൊരു നിർദേശമായിരുന്നു; പിന്നീട് അപ്പോസ്തലന്മാരും മൂപ്പന്മാരും അതു സ്വീകരിച്ചു എന്നതിൽനിന്ന് അതു വ്യക്തമാണ്. ആ തീരുമാനത്തിന്റെ പ്രയോജനം എന്തായിരുന്നു? ജനതകളിൽപ്പെട്ട ക്രിസ്ത്യാനികളെ ‘ബുദ്ധിമുട്ടിക്കാത്ത’ ഒന്നായിരുന്നു അത്; കാരണം മോശയുടെ നിയമം അവരുടെമേൽ അടിച്ചേൽപ്പിക്കുന്നതിനെ അത് വിലക്കി. (പ്രവൃ. 15:19) അതേസമയം, വർഷങ്ങളായി “മോശയുടെ പുസ്തകങ്ങൾ ശബത്തുതോറും സിനഗോഗുകളിൽ” വായിച്ചുകേട്ടിരുന്ന ജൂത ക്രിസ്ത്യാനികളുടെ മനസ്സാക്ഷിയെ മാനിച്ചുകൊണ്ടുള്ള ഒരു തീരുമാനവുമായിരുന്നു അത്. b (പ്രവൃ. 15:21) ആ നിർദേശം രണ്ടു പശ്ചാത്തലത്തിൽനിന്നുമുള്ള ക്രിസ്ത്യാനികൾക്കിടയിലെ ബന്ധം ബലിഷ്ഠമാക്കുമായിരുന്നു. അതിലെല്ലാമുപരിയായി അത് യഹോവയെ പ്രസാദിപ്പിക്കുമായിരുന്നു; കാരണം യഹോവയുടെ ഉദ്ദേശ്യത്തിനു ചേർച്ചയിലുള്ള ഒരു തീരുമാനമായിരുന്നു അത്. ക്രിസ്തീയ സഭയുടെ ഐക്യത്തിനും സുസ്ഥിതിക്കും ഭീഷണി ഉയർത്തിയ ഒരു പ്രശ്നം എത്ര ഉചിതമായാണ് പരിഹരിക്കപ്പെട്ടത്! ഇന്നത്തെ ക്രിസ്തീയ സഭയ്ക്ക് എത്ര നല്ല മാതൃക!
10. ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘത്തിന്റെ മാതൃക ഇന്നത്തെ ഭരണസംഘം പിൻപറ്റുന്നത് എങ്ങനെ?
10 മുൻ അധ്യായത്തിൽ കണ്ടതുപോലെ, ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘത്തെപ്പോലെതന്നെ ഇന്നത്തെ യഹോവയുടെ സാക്ഷികളുടെ ഭരണസംഘവും തീരുമാനങ്ങളെടുക്കുമ്പോൾ മാർഗനിർദേശത്തിനായി അഖിലാണ്ഡ പരമാധികാരിയായ യഹോവയിലേക്കും ക്രിസ്തീയ സഭയുടെ തലയായ യേശുക്രിസ്തുവിലേക്കും നോക്കുന്നു. c (1 കൊരി. 11:3) എങ്ങനെയാണ് അവരതു ചെയ്യുന്നത്? 1974 മുതൽ ഭരണസംഘാംഗമായി സേവിച്ച് 2006 മാർച്ചിൽ തന്റെ ഭൗമിക ജീവിതം പൂർത്തിയാക്കിയ ആൽബർട്ട് ഡി. ഷ്രോഡർ അത് ഇങ്ങനെ വിശദീകരിച്ചു: “ഭരണസംഘം ബുധനാഴ്ചകളിൽ കൂടിവരും, യഹോവയുടെ ആത്മാവിന്റെ വഴിനടത്തിപ്പിനായി പ്രാർഥിച്ചുകൊണ്ടാണ് ആ മീറ്റിങ് ആരംഭിക്കുന്നത്. ദൈവവചനമായ ബൈബിളിനു ചേർച്ചയിൽ ഓരോ കാര്യവും കൈകാര്യംചെയ്യാനും ഓരോ തീരുമാനവും കൈക്കൊള്ളാനും ഭരണസംഘം പ്രത്യേകം ശ്രദ്ധിക്കുന്നു.” അതുപോലെ 2003 മാർച്ചിൽ തന്റെ ഭൗമിക ജീവിതം പൂർത്തിയാക്കിയ, ദീർഘകാലം ഭരണസംഘത്തിൽ സേവിച്ച മിൽട്ടൻ ജി. ഹെൻഷൽ, വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 101-ാമത്തെ ക്ലാസ്സിന്റെ ബിരുദദാന ചടങ്ങിൽ വിദ്യാർഥികളോട് പ്രസക്തമായ ഒരു ചോദ്യം ചോദിക്കുകയുണ്ടായി: “സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിനു മുമ്പു ദൈവവചനമായ ബൈബിളിന്റെ ബുദ്ധിയുപദേശം ആരായുന്ന ഭരണസംഘമുള്ള മറ്റൊരു സ്ഥാപനം ഇന്നു ഭൂമുഖത്തുണ്ടോ?” ഉത്തരം വ്യക്തമാണ്.
“ചിലരെ തിരഞ്ഞെടുത്ത്” അയയ്ക്കുന്നു (പ്രവൃ. 15:22-29)
11. ഭരണസംഘത്തിന്റെ തീരുമാനം സഭകളെ അറിയിച്ചത് എങ്ങനെ?
11 പരിച്ഛേദനസംബന്ധിച്ച പ്രശ്നത്തിന് യരുശലേമിലെ ഭരണസംഘം ഐകകണ്ഠ്യേന ഒരു തീരുമാനമെടുത്തു. എന്നാൽ സഭകളെല്ലാം ഒരുപോലെ ആ തീരുമാനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതിന് അതു വളരെ വ്യക്തവും പ്രോത്സാഹജനകവും ആയ വിധത്തിൽ അതേസമയം നയത്തോടെ അവരെ അറിയിക്കേണ്ടിയിരുന്നു. അതിനായി ഭരണസംഘം എന്താണു ചെയ്തത്? വിവരണം പറയുന്നു: “തങ്ങൾക്കിടയിൽനിന്ന് ചിലരെ തിരഞ്ഞെടുത്ത് പൗലോസിനോടും ബർന്നബാസിനോടും ഒപ്പം അന്ത്യോക്യയിലേക്ക് അയയ്ക്കാൻ അപ്പോസ്തലന്മാരും മൂപ്പന്മാരും സഭ മുഴുവനും തീരുമാനിച്ചു. അങ്ങനെ അവർ സഹോദരങ്ങൾക്കിടയിൽ നേതൃത്വം വഹിച്ചിരുന്ന, ബർശബാസ് എന്ന് അറിയപ്പെട്ടിരുന്ന യൂദാസിനെയും ശീലാസിനെയും അയച്ചു.” കൂടാതെ, അന്ത്യോക്യ, സിറിയ, കിലിക്യ എന്നിവിടങ്ങളിലുള്ള സഭകളിൽ വായിക്കുന്നതിന് ഒരു എഴുത്തും അവരുടെ കൈവശം കൊടുത്തയച്ചു.—പ്രവൃ. 15:22-26.
12, 13. (എ) യൂദാസിനെയും ശീലാസിനെയും അയച്ചതുമുഖാന്തരം എന്തു പ്രയോജനമുണ്ടായി? (ബി) ഭരണസംഘം കത്ത് കൊടുത്തുവിട്ടതിന്റെ പ്രയോജനം എന്തായിരുന്നു?
12 ‘സഹോദരങ്ങൾക്കിടയിൽ നേതൃത്വം വഹിച്ചിരുന്നവരെന്നനിലയിൽ’ യൂദാസും ശീലാസും ഭരണസംഘത്തിന്റെ പ്രതിനിധികളായി വർത്തിക്കാൻ തികച്ചും യോഗ്യരായിരുന്നു. തങ്ങൾ അറിയിക്കുന്ന സന്ദേശം, പരിച്ഛേദനസംബന്ധിച്ച് ഉന്നയിക്കപ്പെട്ട ചോദ്യത്തിനുള്ള ഒരു മറുപടി എന്നതിനെക്കാൾ, ഭരണസംഘത്തിൽനിന്നുള്ള വ്യക്തമായ ചില മാർഗനിർദേശങ്ങളാണെന്ന് നാലു പേരടങ്ങുന്ന ആ പ്രതിനിധിസംഘം വിശദീകരിക്കുമായിരുന്നു. ‘തിരഞ്ഞെടുക്കപ്പെട്ട’ ഈ സഹോദരന്മാരുടെ സന്ദർശനം, ഭരണസംഘം ഉൾപ്പെടെ യരുശലേമിലുള്ള ജൂത ക്രിസ്ത്യാനികളും മറ്റു സഭകളിലുള്ള ജനതകളിൽപ്പെട്ട ക്രിസ്ത്യാനികളും തമ്മിൽ ഒരു ഉറ്റബന്ധം വളരുന്നതിന് സഹായിക്കുമായിരുന്നു. ആ പുരുഷന്മാരെ അയയ്ക്കാൻ ഭരണസംഘം എടുത്ത തീരുമാനം ജ്ഞാനപൂർവകവും സ്നേഹനിർഭരവും ആയ ഒന്നായിരുന്നു. അത് ദൈവജനത്തിന്റെ ഇടയിൽ സമാധാനവും ഐക്യവും ഉന്നമിപ്പിച്ചുവെന്നതിനു സംശയമില്ല.
13 ജനതകളിൽപ്പെട്ട ക്രിസ്ത്യാനികൾക്കുള്ള വ്യക്തമായ നിർദേശങ്ങൾ അടങ്ങുന്നതായിരുന്നു ആ കത്ത്. പരിച്ഛേദനയെക്കുറിച്ചു മാത്രമല്ല, യഹോവയുടെ അംഗീകാരവും അനുഗ്രഹവും ലഭിക്കുന്നതിന് അവർ എന്തു ചെയ്യണം എന്നതിനെക്കുറിച്ചും അതിൽ വ്യക്തമാക്കിയിരുന്നു. കത്തിന്റെ പ്രസക്തഭാഗം ഇങ്ങനെയായിരുന്നു: “നിങ്ങളെ കൂടുതൽ ഭാരപ്പെടുത്തരുതെന്നു പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയതുകൊണ്ട് പിൻവരുന്ന പ്രധാനകാര്യങ്ങൾ മാത്രം ശ്രദ്ധിക്കുക: വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ, രക്തം, ശ്വാസംമുട്ടി ചത്തത്, ലൈംഗിക അധാർമികത എന്നിവ ഒഴിവാക്കുക. ഈ കാര്യങ്ങളിൽനിന്ന് അകന്നിരുന്നാൽ നിങ്ങൾക്കു നല്ലതു വരും. നിങ്ങൾ എല്ലാവരും സുഖമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു!”—പ്രവൃ. 15:28, 29.
14. ഭിന്നിച്ച ഈ ലോകത്തിൽ യഹോവയുടെ ജനത്തിന് എങ്ങനെയാണ് ഐക്യത്തോടെ പ്രവർത്തിക്കാനാകുന്നത്?
14 ഇന്ന് ഭൂവ്യാപകമായുള്ള 1,00,000-ത്തിലേറെ സഭകളിൽ 80,00,000-ത്തിലധികം യഹോവയുടെ സാക്ഷികളുണ്ട്. വിശ്വാസത്തിലും പ്രവർത്തനത്തിലും ഉള്ള ഐക്യം അവരുടെ ഇടയിൽ ദൃശ്യമാണ്. വിഭാഗീയ ചിന്താഗതികൾ പ്രബലമായിരിക്കുന്ന പ്രക്ഷുബ്ധമായ ഈ ലോകത്തിൽ എങ്ങനെയാണ് അത്തരം ഐക്യം സാധ്യമാകുന്നത്? സഭയുടെ തലയായ യേശുക്രിസ്തു, ‘വിശ്വസ്തനും വിവേകിയും ആയ അടിമയിലൂടെ,’ അതായത് ഭരണസംഘത്തിലൂടെ, നൽകുന്ന വ്യക്തവും സമയോചിതവുമായ മാർഗനിർദേശങ്ങളാണ് മുഖ്യമായും ഈ ഐക്യത്തിനു നിദാനം. (മത്താ. 24:45-47) കൂടാതെ, ഭരണസംഘത്തിൽനിന്നു ലഭിക്കുന്ന നിർദേശങ്ങളോട് ലോകവ്യാപക സഹോദരവർഗം മനസ്സോടെ സഹകരിക്കുന്നതും ഐക്യത്തിന് ഇടയാക്കുന്നു.
“പ്രോത്സാഹനം ലഭിച്ച ശിഷ്യന്മാർ അതിയായി സന്തോഷിച്ചു” (പ്രവൃ. 15:30-35)
15, 16. പരിച്ഛേദനയുടെ പ്രശ്നം എങ്ങനെ പര്യവസാനിച്ചു, അതിന് ഇടയാക്കിയത് എന്ത്?
15 യരുശലേമിൽനിന്ന് അന്ത്യോക്യയിൽ എത്തിയ പ്രതിനിധിസംഘം “ശിഷ്യന്മാരെ മുഴുവൻ കൂട്ടിവരുത്തി അവർക്കു കത്തു കൈമാറി” എന്ന് പ്രവൃത്തികളുടെ പുസ്തകത്തിലെ വിവരണം തുടർന്നു പറയുന്നു. ഭരണസംഘത്തിൽനിന്നു ലഭിച്ച നിർദേശത്തോട് അവിടെയുള്ള സഹോദരങ്ങൾ എങ്ങനെയാണു പ്രതികരിച്ചത്? “(എഴുത്തു) വായിച്ച് പ്രോത്സാഹനം ലഭിച്ച ശിഷ്യന്മാർ അതിയായി സന്തോഷിച്ചു.” (പ്രവൃ. 15:30, 31) കൂടാതെ, യൂദാസും ശീലാസും “പല പ്രസംഗങ്ങൾ നടത്തി സഹോദരന്മാരെ പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്തു.” ഈ രണ്ടു പേരെയും “പ്രവാചകന്മാർ” എന്നാണു വിളിച്ചിരിക്കുന്നത്. ബർന്നബാസിന്റെയും പൗലോസിന്റെയും മറ്റുള്ളവരുടെയും കാര്യത്തിലെന്നപോലെ ദൈവേഷ്ടം അറിയിക്കുന്നവർ അഥവാ ഘോഷിക്കുന്നവർ എന്ന അർഥത്തിലാണ് അവർ പ്രവാചകന്മാർ ആയിരുന്നത്.—പ്രവൃ. 13:1; 15:32; പുറ. 7:1, 2.
16 പ്രശ്നത്തിന് ഉചിതമായ ഒരു പരിഹാരം കണ്ടെത്താൻ നടത്തിയ ശ്രമങ്ങളെ യഹോവ അനുഗ്രഹിച്ചു എന്നതു വ്യക്തം. ആകട്ടെ, ആ പ്രശ്നം അത്ര നല്ല രീതിയിൽ പരിഹരിക്കാൻ സഹായിച്ചത് എന്താണ്? ദൈവവചനത്തിനും പരിശുദ്ധാത്മാവിന്റെ മാർഗനിർദേശത്തിനും ചേർച്ചയിൽ ഭരണസംഘം തക്കസമയത്ത് വ്യക്തമായ നിർദേശങ്ങൾ നൽകിയതാണ് പ്രധാനമായും അതിനു സഹായിച്ചത്. അതോടൊപ്പംതന്നെ സ്നേഹനിർഭരമായ വിധത്തിൽ ആ തീരുമാനങ്ങൾ സഭകളെ അറിയിച്ചതും ഗുണംചെയ്തു.
17. പൗലോസ്, ബർന്നബാസ്, യൂദാസ്, ശീലാസ് എന്നിവരുടെ മാതൃക സർക്കിട്ട് മേൽവിചാരകന്മാർ ഇന്ന് അനുകരിക്കുന്നത് എങ്ങനെ?
17 ആ മാതൃകയ്ക്കു ചേർച്ചയിൽ ഇന്നത്തെ ഭരണസംഘവും ലോകവ്യാപക സഹോദരസമൂഹത്തിന് കാലോചിതമായ നിർദേശങ്ങൾ പ്രദാനംചെയ്യുന്നു. അവർ എടുക്കുന്ന തീരുമാനങ്ങൾ വളച്ചുകെട്ടില്ലാതെ, വ്യക്തമായ രീതിയിൽ സഭകളെ അറിയിക്കുന്നു. അതിനുള്ള ഒരു മാർഗം സർക്കിട്ട് മേൽവിചാരകന്മാരുടെ സഭാസന്ദർശനമാണ്. ആത്മത്യാഗികളായ ഈ സഹോദരന്മാർ ഓരോ സഭയും സന്ദർശിച്ച് സഹോദരങ്ങൾക്ക് മാർഗനിർദേശവും പ്രോത്സാഹനവും നൽകുന്നു. പൗലോസിനെയും ബർന്നബാസിനെയും പോലെ അവർ, “പഠിപ്പിക്കുകയും മറ്റു പലരോടുമൊപ്പം യഹോവയുടെ വചനത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കുകയും” ചെയ്തുകൊണ്ട് ശുശ്രൂഷയിൽ വളരെ സമയം ചെലവഴിക്കുന്നു. (പ്രവൃ. 15:35) യൂദാസിനെയും ശീലാസിനെയും പോലെ അവർ “പല പ്രസംഗങ്ങൾ നടത്തി സഹോദരന്മാരെ പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും” ചെയ്യുന്നു.
18. ദൈവജനത്തിന്മേൽ യഹോവയുടെ അനുഗ്രഹം എല്ലായ്പോഴും ഉണ്ടായിരിക്കുന്നതിന് എന്ത് ആവശ്യമാണ്?
18 സഭകളുടെ കാര്യമോ? ഭിന്നിച്ച ഈ ലോകത്തിൽ സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാൻ ലോകമെമ്പാടുമുള്ള സഭകളെ സഹായിക്കുന്നത് എന്താണ്? ശിഷ്യനായ യാക്കോബ് ഇപ്രകാരം എഴുതി: “ഉയരത്തിൽനിന്നുള്ള ജ്ഞാനം ഒന്നാമതു ശുദ്ധമാണ്; പിന്നെ അതു സമാധാനപരവും വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളതും അനുസരിക്കാൻ ഒരുക്കമുള്ളതും കരുണയും സത്ഫലങ്ങളും നിറഞ്ഞതും ആണ്; . . . സമാധാനം ഉണ്ടാക്കുന്നവർക്കുവേണ്ടി നീതിയുടെ ഫലം വിതയ്ക്കുന്നതു സമാധാനമുള്ള ചുറ്റുപാടിലാണ്.” (യാക്കോ. 3:17, 18) അതെഴുതിയപ്പോൾ, യരുശലേമിലെ യോഗത്തിന്റെ കാര്യമാണോ യാക്കോബിന്റെ മനസ്സിലുണ്ടായിരുന്നതെന്ന് നമുക്കു കൃത്യമായി പറയാനാവില്ല. എന്നാൽ പ്രവൃത്തികൾ 15-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങളുടെ പരിചിന്തനത്തിൽനിന്ന് ഒരു കാര്യം വ്യക്തമാണ്: ഐക്യവും സഹകരണവും ഉണ്ടെങ്കിൽമാത്രമേ യഹോവയുടെ അനുഗ്രഹം ലഭിക്കുകയുള്ളൂ.
19, 20. (എ) അന്ത്യോക്യ സഭയിൽ സമാധാനവും ഐക്യവും ഉണ്ടായിരുന്നുവെന്ന് എങ്ങനെ തെളിഞ്ഞു? (ബി) പൗലോസിനും ബർന്നബാസിനും ഇപ്പോൾ എന്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാകുമായിരുന്നു?
19 അന്ത്യോക്യ സഭയിൽ ഇപ്പോൾ സമാധാനവും ഐക്യവും ഉണ്ടെന്നുള്ളത് വളരെ വ്യക്തമായിരുന്നു. യരുശലേമിൽനിന്നു വന്ന യൂദാസിനോടും ശീലാസിനോടും മറുത്തുനിൽക്കുന്നതിനു പകരം അവർ അവരുടെ സന്ദർശനത്തെ അത്യന്തം വിലമതിച്ചു. ബൈബിൾവിവരണം പറയുന്നു: “കുറച്ച് നാൾ (യൂദാസും ശീലാസും) അവിടെ തങ്ങി. പിന്നെ സഹോദരന്മാർ യാത്രാമംഗളങ്ങൾ നേർന്ന് അവരെ തിരികെ യരുശലേമിലേക്കു യാത്രയയച്ചു.” (പ്രവൃ. 15:33) ആ രണ്ടു പേരും മടങ്ങിവന്ന് തങ്ങളുടെ യാത്രയെക്കുറിച്ചു പറഞ്ഞതു കേട്ട് യരുശലേമിലെ സഹോദരന്മാരും സന്തോഷിച്ചുവെന്നതിനു സംശയമില്ല. യഹോവയുടെ അനർഹദയയാൽ അവർക്കു തങ്ങളുടെ ദൗത്യം സന്തോഷത്തോടെ പൂർത്തീകരിക്കാനായി.
20 അന്ത്യോക്യയിൽ തുടർന്ന പൗലോസിനും ബർന്നബാസിനും ഇപ്പോൾ സന്തോഷവാർത്ത അറിയിക്കുന്ന വേലയിൽ നേതൃത്വമെടുത്തുകൊണ്ട് അതിൽ ശ്രദ്ധകേന്ദ്രീകരിക്കാനാകുമായിരുന്നു. ഇന്ന് സഭകൾ സന്ദർശിക്കുന്ന സർക്കിട്ട് മേൽവിചാരകന്മാർ ഇക്കാര്യത്തിൽ അവരുടെ മാതൃക പിൻപറ്റുന്നു. (പ്രവൃ. 13:2, 3) യഹോവയുടെ ജനത്തിന് അത് എത്രയേറെ പ്രയോജനങ്ങളാണ് കൈവരുത്തുന്നത്! എന്നാൽ യഹോവ എങ്ങനെയാണ് തീക്ഷ്ണരായ ആ രണ്ടു സുവിശേഷകരെ തുടർന്നും ഉപയോഗിക്കുകയും അനുഗ്രഹിക്കുകയും ചെയ്തത്? അടുത്ത അധ്യായത്തിൽ അതാണ് നാം കാണാൻ പോകുന്നത്.
a “ യാക്കോബ്—‘കർത്താവിന്റെ സഹോദരൻ’” എന്ന ചതുരം കാണുക.
b യാക്കോബ് ഈ സന്ദർഭത്തിൽ “മോശയുടെ പുസ്തകങ്ങൾ” എന്നു പരാമർശിച്ചത് തികച്ചും ഉചിതമായിരുന്നു. ആ പുസ്തകങ്ങളിൽ നിയമങ്ങൾ മാത്രമല്ല, അതു നൽകുന്നതിനുമുമ്പ് ദൈവം ആളുകളോട് ഇടപെട്ട വിധവും തന്റെ ഹിതംസംബന്ധിച്ച് ദൈവം വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങളും വിവരിച്ചിരുന്നു. ഉദാഹരണത്തിന്, രക്തം, വ്യഭിചാരം, വിഗ്രഹാരാധന എന്നിവ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം ഉൽപത്തി പുസ്തകത്തിലെ വിവരണത്തിലൂടെ വ്യക്തമാക്കപ്പെട്ടിരുന്നു. (ഉൽപ. 9:3, 4; 20:2-9; 35:2, 4) ജൂതരെന്നോ ജനതകളിൽപ്പെട്ടവരെന്നോ ഉള്ള വ്യത്യാസമില്ലാതെ മനുഷ്യവർഗം ഒന്നടങ്കം പിൻപറ്റേണ്ട തത്ത്വങ്ങൾ അതുവഴി യഹോവ വെളിപ്പെടുത്തിയിരുന്നു.
c “ ഇന്ന് ഭരണസംഘം സംഘടിതമായിരിക്കുന്ന വിധം” എന്ന ചതുരം കാണുക.