ഭരണസംഘത്തിൽനിന്നുള്ള കത്ത്
പ്രിയ രാജ്യഘോഷകന്,
നിങ്ങൾ ഒരു അപ്പോസ്തലനാണെന്നു സങ്കൽപ്പിക്കുക. ഒലിവുമലയിൽ നിൽക്കുകയാണ് നിങ്ങൾ. ഇപ്പോൾ യേശു നിങ്ങൾക്കു പ്രത്യക്ഷനാകുന്നു. തന്റെ സ്വർഗാരോഹണത്തിനു തൊട്ടുമുമ്പായി യേശു ഇങ്ങനെ പറയുന്നു: “പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾക്കു ശക്തി കിട്ടും. അങ്ങനെ നിങ്ങൾ യരുശലേമിലും യഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും എന്റെ സാക്ഷികളായിരിക്കും.” (പ്രവൃ. 1:8) ആകട്ടെ, നിങ്ങളുടെ പ്രതികരണം എന്തായിരിക്കും?
ലഭിച്ചിരിക്കുന്ന നിയമനം എത്ര വലുതാണെന്ന് ഓർക്കുമ്പോൾ നിങ്ങൾ അമ്പരന്നുപോയേക്കാം. ‘ഞങ്ങൾക്ക്—ശിഷ്യന്മാരുടെ ഈ ചെറിയ കൂട്ടത്തിന്—“ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും” സാക്ഷികളായിരിക്കാൻ എങ്ങനെ സാധിക്കും?’ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. മരിക്കുന്നതിന്റെ തലേരാത്രി യേശു നൽകിയ മുന്നറിയിപ്പ് നിങ്ങളുടെ മനസ്സിലേക്കു വരാനിടയുണ്ട്: “അടിമ യജമാനനെക്കാൾ വലിയവനല്ലെന്നു ഞാൻ പറഞ്ഞ കാര്യം മറക്കരുത്. അവർ എന്നെ ഉപദ്രവിച്ചെങ്കിൽ നിങ്ങളെയും ഉപദ്രവിക്കും. അവർ എന്റെ വചനം അനുസരിച്ചെങ്കിൽ നിങ്ങളുടേതും അനുസരിക്കും. എന്നാൽ എന്നെ അയച്ച വ്യക്തിയെ അറിയാത്തതുകൊണ്ട് അവർ എന്റെ പേര് നിമിത്തം ഇതൊക്കെ നിങ്ങളോടു ചെയ്യും.” (യോഹ. 15:20, 21) ഇപ്പോൾ നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘അത്തരം എതിർപ്പും ഉപദ്രവവും ഉണ്ടാകുമ്പോൾ എനിക്ക് എങ്ങനെ സന്തോഷവാർത്ത സമഗ്രമായി അറിയിക്കാൻ കഴിയും?’
യഹോവയുടെ സാക്ഷികളായ നമ്മുടെ സാഹചര്യവും സമാനമായ ഒന്നാണ്. “ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെ” ‘എല്ലാ ജനതകളിലുംപെട്ട ആളുകളെ’ സന്തോഷവാർത്ത സമഗ്രമായി അറിയിക്കാനുള്ള നിയോഗം നമുക്ക് ഇന്നുണ്ട്. (മത്താ. 28:19, 20) എന്നാൽ ഈ വേല നമുക്ക് എങ്ങനെ പൂർത്തീകരിക്കാനാകും—അതും, എതിർപ്പുണ്ടാകുമെന്ന് മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന സ്ഥിതിക്ക്?
എ.ഡി. ഒന്നാം നൂറ്റാണ്ടിലെ അപ്പോസ്തലന്മാരും മറ്റു ക്രിസ്ത്യാനികളും യഹോവയുടെ സഹായത്താൽ അവരുടെ നിയമനം നിറവേറ്റി. അതിനെക്കുറിച്ചുള്ള ഉദ്വേഗജനകമായ വിവരണമാണ് അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ എന്ന പുസ്തകത്തിൽ നാം കാണുന്നത്. ആ വിവരണം വിശകലനം ചെയ്യാനും അതിലെ വികാരോജ്ജ്വലമായ സംഭവങ്ങൾ അനുഭവിച്ചറിയാനും നിങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം നൂറ്റാണ്ടിലെയും ആധുനിക നാളിലെയും ദൈവദാസന്മാർ തമ്മിൽ വളരെയധികം സമാനതകൾ ഉണ്ടെന്ന് അറിയുമ്പോൾ നിങ്ങൾ വിസ്മയഭരിതരാകും! നാം ചെയ്യുന്ന വേലയുടെ കാര്യത്തിൽ മാത്രമല്ല, അത് സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന വിധത്തിലും ഈ സമാനതകൾ നിങ്ങൾക്കു കാണാനാകും. അവയെക്കുറിച്ച് ആഴമായി ചിന്തിക്കുന്നത്, ദൈവമായ യഹോവ ഇന്നും തന്റെ സംഘടനയുടെ ഭൂമിയിലെ ഭാഗത്തെ നയിക്കുന്നുണ്ടെന്ന നിങ്ങളുടെ വിശ്വാസത്തെ ബലിഷ്ഠമാക്കും, തീർച്ച!
യഹോവ നിങ്ങളെ സഹായിക്കുകയും പരിശുദ്ധാത്മാവിന്റെ ശക്തി നിങ്ങളെ പുലർത്തുകയും ചെയ്യുമെന്ന വിശ്വാസത്തെ ബലിഷ്ഠമാക്കാൻ പ്രവൃത്തികളുടെ പുസ്തകത്തിന്റെ പരിചിന്തനം നിങ്ങളെ സഹായിക്കട്ടെ എന്നാണ് ഞങ്ങളുടെ പ്രാർഥന. അങ്ങനെ, ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത ‘സമഗ്രമായി അറിയിക്കാനും’ മറ്റുള്ളവരെ ജീവന്റെ പാതയിലേക്ക് ആനയിക്കാനും നിങ്ങൾ പ്രചോദിതരാകട്ടെ!—പ്രവൃ. 28:23; 1 തിമൊ. 4:16.
നിങ്ങളുടെ സഹോദരന്മാർ,
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം