അധ്യായം 3
അവർ “പരിശുദ്ധാത്മാവ് നിറഞ്ഞവരായി”
പെന്തിക്കോസ്തുനാളിൽ പരിശുദ്ധാത്മാവ് പകരപ്പെട്ടതിന്റെ ഫലങ്ങൾ
ആധാരം: പ്രവൃത്തികൾ 2:1-47
1. പെന്തിക്കോസ്ത് പെരുന്നാളിനെക്കുറിച്ചു വിവരിക്കുക.
യരുശലേം വീഥികൾ ആഹ്ലാദത്തിമിർപ്പിലാണ്. a ദേവാലയത്തിലെ യാഗപീഠത്തിൽനിന്ന് പുക ഉയരുന്നുണ്ട്. പശ്ചാത്തലത്തിൽ ലേവ്യരുടെ ഗീതാലാപനം കേൾക്കാം. ഹല്ലേൽ സങ്കീർത്തനങ്ങൾ (സങ്കീർത്തനങ്ങൾ 113 മുതൽ 118 വരെ) ആലപിക്കുകയാണ് അവർ; ഒരുപക്ഷേ, ഗാനപ്രതിഗാനരൂപത്തിൽ ആയിരിക്കാം അത്. തെരുവുകൾ സന്ദർശകരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഏലാം, മെസൊപ്പൊത്താമ്യ, കപ്പദോക്യ, പൊന്തൊസ്, ഈജിപ്ത്, റോം തുടങ്ങിയ വിദൂരസ്ഥലങ്ങളിൽനിന്നുള്ളവരാണ് അവർ. b എന്തിനാണ് അവർ വന്നിരിക്കുന്നത്? പെന്തിക്കോസ്ത് പെരുന്നാളാണ്. “ആദ്യവിളകളുടെ ദിവസം” എന്നും പെന്തിക്കോസ്തിനെ വിളിച്ചിരുന്നു. (സംഖ്യ 28:26) ബാർളിക്കൊയ്ത്തിന്റെ അവസാനത്തെയും ഗോതമ്പുകൊയ്ത്തിന്റെ ആരംഭത്തെയും കുറിക്കുന്ന വാർഷികോത്സവമാണ് അത്. ആഹ്ലാദകരമായ ഒരു അവസരം!
2. എ.ഡി. 33-ലെ പെന്തിക്കോസ്തിൽ എന്ത് അത്ഭുതം നടക്കുന്നു?
2 എ.ഡി. 33-ലെ ഒരു വസന്തകാലദിനം. സമയം രാവിലെ ഏതാണ്ട് ഒൻപതുമണി. വരും നൂറ്റാണ്ടുകളിൽപ്പോലും അനുസ്മരിക്കപ്പെടാനിരിക്കുന്ന ഒരു അത്ഭുതം സംഭവിക്കുന്നു. “പെട്ടെന്ന് ആകാശത്തുനിന്ന് കൊടുങ്കാറ്റിന്റെ ഇരമ്പൽപോലെ ഒരു ശബ്ദം ഉണ്ടായി.” (പ്രവൃ. 2:2) യേശുവിന്റെ 120-ഓളം ശിഷ്യന്മാർ കൂടിയിരുന്ന വീട് ആ ശബ്ദത്തിൽ പ്രകമ്പനംകൊണ്ടു. പിന്നെ സംഭവിച്ചത് ഒരു അത്ഭുതമായിരുന്നു. നാക്കിന്റെ രൂപത്തിൽ തീനാളങ്ങൾപോലുള്ള എന്തോ ദൃശ്യമാകുകയും ശിഷ്യന്മാരിൽ ഓരോരുത്തരുടെയും മേൽ വന്ന് നിൽക്കുകയും ചെയ്തു. c അപ്പോൾ ശിഷ്യന്മാർ “പരിശുദ്ധാത്മാവ് നിറഞ്ഞവരായി” വ്യത്യസ്തഭാഷകളിൽ സംസാരിച്ചുതുടങ്ങി! ആ വീട്ടിൽനിന്നിറങ്ങിയ ശിഷ്യന്മാർ തെരുവുകളിൽ കണ്ടുമുട്ടിയ സന്ദർശകരോട് “അവരുടെ ഭാഷകളിൽ” സംസാരിച്ചു. അതുകേട്ട് അവരെല്ലാം അമ്പരന്നുപോയി.—പ്രവൃ. 2:1-6.
3. (എ) എ.ഡി. 33-ലെ പെന്തിക്കോസ്ത് സത്യാരാധനയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്നു പറയുന്നത് എന്തുകൊണ്ട്? (ബി) പത്രോസിന്റെ പ്രസംഗവും ‘സ്വർഗരാജ്യത്തിന്റെ താക്കോലുകളും’ തമ്മിലുള്ള ബന്ധമെന്ത്?
3 ഉദ്വേഗജനകമായ ഈ വിവരണം സത്യാരാധനയുടെ ചരിത്രത്തിലെ നാഴികക്കല്ലായിമാറിയ ഒരു സംഭവത്തിലേക്കാണ് വിരൽചൂണ്ടുന്നത്: ആത്മീയ ഇസ്രായേലിന്റെ അഥവാ അഭിഷിക്ത ക്രിസ്തീയ സഭയുടെ സ്ഥാപനം. (ഗലാ. 6:16) എന്നാൽ, അതുമാത്രമല്ല അന്നു സംഭവിച്ചത്. അന്നു കൂടിവന്ന ജനക്കൂട്ടത്തോടു സംസാരിച്ചപ്പോൾ പത്രോസ് ‘സ്വർഗരാജ്യത്തിന്റെ (മൂന്ന്) താക്കോലുകളിൽ’ ആദ്യത്തേത് ഉപയോഗിച്ചു. മൂന്നു വിഭാഗം ആളുകൾക്ക് ചില പ്രത്യേക പദവികളിലേക്കുള്ള വാതിൽ തുറന്നുകൊടുക്കുന്നവയായിരുന്നു ആ താക്കോലുകൾ. (മത്താ. 16:18, 19) ഒന്നാമത്തെ താക്കോൽ, ജൂതന്മാർക്കും ജൂതമതം സ്വീകരിച്ചവർക്കും സന്തോഷവാർത്ത സ്വീകരിച്ച് ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടാനുള്ള അവസരം തുറന്നുകൊടുത്തു. d അങ്ങനെ, അവർ മിശിഹൈക രാജ്യത്തിൽ രാജാക്കന്മാരും പുരോഹിതന്മാരുമായി ഭരിക്കാനുള്ള പ്രത്യാശയോടെ ആത്മീയ ഇസ്രായേലിന്റെ ഭാഗമായിത്തീരുമായിരുന്നു. (വെളി. 5:9, 10) കാലാന്തരത്തിൽ, ആ പദവി ശമര്യക്കാർക്കും പിന്നീട് ജനതകളിൽപ്പെട്ടവർക്കും ലഭിക്കുമായിരുന്നു. എന്നാൽ എ.ഡി. 33-ലെ പെന്തിക്കോസ്തുനാളിൽ നടന്ന ആ നിർണായക സംഭവങ്ങളിൽനിന്ന് ഇന്നത്തെ ക്രിസ്ത്യാനികൾക്ക് എന്തു പഠിക്കാനാകും?
“അവർ ഒരിടത്ത് കൂടിയിരിക്കുകയായിരുന്നു” (പ്രവൃ. 2:1-4)
4. എ.ഡി. 33-ൽ സ്ഥാപിതമായ സഭയും ഇന്നത്തെ ക്രിസ്തീയ സഭയും തമ്മിലുള്ള ബന്ധമെന്ത്?
4 ഒരു മേൽമുറിയിൽ ‘ഒരുമിച്ചുകൂടിയിരുന്ന,’ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട 120-ഓളം ശിഷ്യന്മാരിൽനിന്നായിരുന്നു ക്രിസ്തീയ സഭയുടെ തുടക്കം. (പ്രവൃ. 2:1) ആ ദിവസം അവസാനിച്ചപ്പോഴേക്കും ക്രിസ്തീയ സഭയിലെ സ്നാനമേറ്റ അംഗങ്ങളുടെ എണ്ണം ആയിരങ്ങളായിത്തീർന്നിരുന്നു. ദൈവഭയമുള്ള സ്ത്രീപുരുഷന്മാർ അടങ്ങുന്ന ഒരു സംഘടനയുടെ ചെറിയൊരു തുടക്കം മാത്രമായിരുന്നു അത്! ഇന്ന് അത് അനുദിനം വളർന്നുകൊണ്ടിരിക്കുന്നു! ഈ സംഘടനയെ, അതായത് ഇന്നത്തെ ക്രിസ്തീയ സഭയെയാണ്, ‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കാൻ’ ദൈവം ഉപയോഗിക്കുന്നത്.—മത്താ. 24:14.
5. ഒന്നാം നൂറ്റാണ്ടിലായാലും ഇന്നായാലും ക്രിസ്തീയ സഭയുമായുള്ള സഹവാസത്തിന്റെ പ്രയോജനം എന്ത്?
5 ക്രിസ്തീയ സഭ അതിലെ അംഗങ്ങൾക്ക്, അതായത് അഭിഷിക്തർക്കും പിന്നീടു കൂട്ടിച്ചേർക്കപ്പെട്ട ‘വേറെ ആടുകൾക്കും’ ആത്മീയബലത്തിന്റെ ഒരു ഉറവുകൂടിയാണ്. (യോഹ. 10:16) ക്രിസ്തീയ സഭയിലെ അംഗങ്ങൾ പരസ്പരം നൽകുന്ന പിന്തുണയെ താൻ എത്രമാത്രം വിലമതിക്കുന്നെന്ന് റോമിലെ ക്രിസ്ത്യാനികൾക്ക് എഴുതിയപ്പോൾ പൗലോസ് വ്യക്തമാക്കുകയുണ്ടായി: “നിങ്ങളെ കാണാൻ എനിക്ക് അത്രമാത്രം ആഗ്രഹമുണ്ട്. അങ്ങനെയാകുമ്പോൾ എന്തെങ്കിലും ആത്മീയസമ്മാനം നൽകി എനിക്കു നിങ്ങളെ ബലപ്പെടുത്താമല്ലോ. ശരിക്കും പറഞ്ഞാൽ എന്റെ വിശ്വാസത്താൽ നിങ്ങൾക്കും നിങ്ങളുടെ വിശ്വാസത്താൽ എനിക്കും പരസ്പരം പ്രോത്സാഹനം ലഭിക്കണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്.”—റോമ. 1:11, 12.
6, 7. എല്ലാ ജനതകളോടും പ്രസംഗിക്കാനുള്ള യേശുവിന്റെ കല്പന ഇന്ന് ക്രിസ്തീയ സഭ നിർവഹിക്കുന്നത് എങ്ങനെ?
6 ഇന്നത്തെ ക്രിസ്തീയ സഭയ്ക്കും ഒന്നാം നൂറ്റാണ്ടിലെ സഭയുടെ അതേ ലക്ഷ്യങ്ങളാണുള്ളത്. പ്രയാസകരവും അതേസമയം ആവേശജനകവുമായ ഒരു നിയമനം യേശു ശിഷ്യന്മാർക്കു നൽകുകയുണ്ടായി. യേശു അവരോടു പറഞ്ഞു: “എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുകയും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാനപ്പെടുത്തുകയും ഞാൻ നിങ്ങളോടു കല്പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുകയും വേണം.”—മത്താ. 28:19, 20.
7 ഈ വേല നിർവഹിക്കാൻ ഇന്ന് യഹോവ ഉപയോഗിക്കുന്നത് യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയ സഭയെയാണ്. വ്യത്യസ്ത ഭാഷക്കാരോട് സന്തോഷവാർത്ത അറിയിക്കുന്നത് അത്ര എളുപ്പമല്ല എന്നതു ശരിതന്നെ. എന്നാൽ യഹോവയുടെ സാക്ഷികൾ ആ ലക്ഷ്യത്തിൽ 1,000-ത്തിലേറെ ഭാഷകളിൽ ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയിരിക്കുന്നു. ക്രിസ്തീയ സഭയോടൊത്ത് സജീവമായി സഹവസിക്കുകയും പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ ക്രമമായി പങ്കെടുക്കുകയും ചെയ്യുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ, നിങ്ങൾക്ക് സന്തോഷിക്കാൻ വകയുണ്ട്; കാരണം, യഹോവയുടെ നാമത്തിനു സമഗ്രസാക്ഷ്യം നൽകാനുള്ള അതുല്യപദവി ലഭിച്ചിരിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് നിങ്ങൾ.
8. ക്രിസ്തീയസഭയിലൂടെ നമുക്ക് എന്തു സഹായം ലഭിക്കുന്നു?
8 ഈ ദുർഘടകാലത്ത് സന്തോഷത്തോടെ മുന്നേറാൻ നമ്മെ സഹായിക്കുന്നതിനായി യഹോവ ചെയ്തിരിക്കുന്ന ഒരു കരുതലാണ് ലോകവ്യാപകമായുള്ള സഹോദരീസഹോദരന്മാരുടെ സമൂഹം. എബ്രായ ക്രിസ്ത്യാനികൾക്ക് പൗലോസ് ഇങ്ങനെ എഴുതി: “സ്നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും വേണ്ടി പരസ്പരം എങ്ങനെ പ്രചോദിപ്പിക്കാമെന്നു നന്നായി ചിന്തിക്കുക. അതുകൊണ്ട് ചിലർ ശീലമാക്കിയിരിക്കുന്നതുപോലെ നമ്മുടെ യോഗങ്ങൾക്കു കൂടിവരാതിരിക്കരുത്; പകരം നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാം. ആ ദിവസം അടുത്തടുത്ത് വരുന്നതു കാണുമ്പോൾ നമ്മൾ ഇതു കൂടുതൽക്കൂടുതൽ ചെയ്യേണ്ടതാണ്.” (എബ്രാ. 10:24, 25) നമുക്കു പ്രോത്സാഹനം ലഭിക്കാനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും ഉള്ള ഒരു ദിവ്യക്രമീകരണമാണ് ക്രിസ്തീയ സഭ. അതുകൊണ്ട് നിങ്ങളുടെ ആത്മീയ സഹോദരങ്ങളോട് പറ്റിനിൽക്കുക. ക്രിസ്തീയ യോഗങ്ങളിൽ കൂടിവരുന്നത് ഒരിക്കലും മുടക്കരുത്!
‘അവരുടെ ഭാഷകളിൽ സംസാരിക്കുന്നതു കേട്ടു’ (പ്രവൃ. 2:5-13)
9, 10. മറ്റൊരു ഭാഷ സംസാരിക്കുന്നവരെ സന്തോഷവാർത്ത അറിയിക്കാൻ ചിലർ എന്തു ശ്രമം ചെയ്തിരിക്കുന്നു?
9 എ.ഡി. 33-ലെ പെന്തിക്കോസ്തിൽ സന്നിഹിതരായിരുന്ന, ജൂതന്മാരും ജൂതമതത്തിലേക്ക് പരിവർത്തനം ചെയ്തവരും അടങ്ങുന്ന ആ ജനക്കൂട്ടത്തിന്റെ ആഹ്ലാദം ഒന്നു ഭാവനയിൽ കാണുക! കൂടിവന്നവരിൽ മിക്കവരും പൊതുവായ ഒരു ഭാഷ—ഗ്രീക്കോ എബ്രായയോ—സംസാരിച്ചിരുന്നിരിക്കാം. എന്നാൽ ഇപ്പോൾ ‘അവരുടെ ഭാഷകളിൽ സംസാരിക്കുന്നത്’ അവർ കേൾക്കുന്നു! (പ്രവൃ. 2:6) തങ്ങളുടെ മാതൃഭാഷയിൽ സന്തോഷവാർത്ത കേട്ടത് തീർച്ചയായും അവരുടെ ഹൃദയത്തെ സ്പർശിച്ചിട്ടുണ്ടാകണം. ഇന്ന് ക്രിസ്ത്യാനികൾക്ക് അന്യഭാഷകൾ സംസാരിക്കാനുള്ള അത്ഭുതപ്രാപ്തിയില്ല എന്നതു ശരിതന്നെ. എന്നാൽ എല്ലാ ജനതകളിലുംപെട്ട ആളുകളോട് രാജ്യദൂത് ഘോഷിക്കാൻ പലരും പ്രത്യേക ശ്രമം ചെയ്യുന്നുണ്ട്. എങ്ങനെ? അടുത്തുള്ള ഒരു അന്യഭാഷാസഭയിലോ മറ്റൊരു ദേശത്തോ സേവിക്കുന്നതിനുവേണ്ടി ചിലർ ഒരു പുതിയ ഭാഷ പഠിച്ചിരിക്കുന്നു. അവർ ചെയ്യുന്ന ശ്രമം ആ ഭാഷക്കാരായ പലരും വളരെ മതിപ്പോടെയാണ് കാണുന്നത്.
10 ക്രിസ്റ്റീൻ എന്ന സഹോദരിയുടെ കാര്യമെടുക്കുക. മറ്റ് ഏഴു സാക്ഷികളോടൊപ്പം അവർ ഒരു ഗുജറാത്തി ഭാഷാ കോഴ്സിൽ ചേർന്നു. പിന്നീട്, ഗുജറാത്തി സംസാരിക്കുന്ന ഒരു സഹജോലിക്കാരിയെ കണ്ടപ്പോൾ ക്രിസ്റ്റീൻ അവളെ ഗുജറാത്തിയിൽ അഭിവാദനം ചെയ്തു. അത്ഭുതപ്പെട്ടുപോയ ആ യുവതി, ക്രിസ്റ്റീൻ ഇത്ര ബുദ്ധിമുട്ടുള്ള ഗുജറാത്തി ഭാഷ പഠിക്കുന്നത് എന്തിനാണെന്നു ചോദിച്ചു. അത് നല്ലൊരു സാക്ഷ്യം നൽകുന്നതിൽ കലാശിച്ചു. ആ യുവതി ഇങ്ങനെ അഭിപ്രായപ്പെട്ടു: “നിങ്ങൾ അറിയിക്കുന്ന സന്ദേശം പ്രാധാന്യമുള്ള ഒന്നുതന്നെയായിരിക്കണം.”
11. മറ്റു ഭാഷക്കാരോട് സന്തോഷവാർത്ത അറിയിക്കാൻ നമുക്ക് എങ്ങനെ തയ്യാറാകാം?
11 നമുക്ക് എല്ലാവർക്കും പുതിയൊരു ഭാഷ പഠിക്കാൻ പറ്റില്ല എന്നതു ശരിതന്നെ. എന്നാൽ മറ്റു ഭാഷക്കാരോട് സന്തോഷവാർത്ത അറിയിക്കാൻ നമുക്കു സാധിക്കും. എങ്ങനെ? JW ഭാഷാസഹായി ആപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ പ്രദേശത്ത് മറ്റൊരു ഭാഷ സംസാരിക്കുന്ന ആളുകളെ അഭിവാദനം ചെയ്യാൻ പഠിക്കാം. ആ ഭാഷക്കാർക്ക് താത്പര്യം തോന്നാൻ സാധ്യതയുള്ള ചില പദപ്രയോഗങ്ങളും നിങ്ങൾക്കു പഠിക്കാം. അവരെ jw.org പരിചയപ്പെടുത്തുക. അവരുടെ ഭാഷയിൽ എത്രത്തോളം വീഡിയോകളും പ്രസിദ്ധീകരണങ്ങളും ലഭ്യമായിട്ടുണ്ടെന്നു കാണിച്ചുകൊടുക്കാം. ശുശ്രൂഷയിൽ ഈ ഉപകരണങ്ങളൊക്കെ ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്? ഒന്നാം നൂറ്റാണ്ടിൽ മറ്റു ദേശങ്ങളിൽനിന്ന് വന്നവർ “അവരുടെ ഭാഷകളിൽ” സന്തോഷവാർത്ത കേട്ടപ്പോൾ അതിശയിച്ചുപോയി. അപ്പോൾ അന്നത്തെ നമ്മുടെ സഹോദരങ്ങൾക്കു തോന്നിയ അതേ സന്തോഷം നമുക്കും ലഭിക്കും.
“പത്രോസ് . . . എഴുന്നേറ്റുനിന്നു” (പ്രവൃ. 2:14-37)
12. (എ) എ.ഡി. 33-ലെ പെന്തിക്കോസ്തിൽ നടന്ന അത്ഭുതകരമായ സംഭവത്തെക്കുറിച്ച് യോവേൽ പ്രവാചകൻ സൂചിപ്പിച്ചിരുന്നത് എങ്ങനെ? (ബി) യോവേൽ പ്രവചനത്തിന് ഒന്നാം നൂറ്റാണ്ടിൽ ഒരു നിവൃത്തി പ്രതീക്ഷിച്ചിരുന്നത് എന്തുകൊണ്ട്?
12 വ്യത്യസ്ത ദേശക്കാരായ ആ ജനത്തോടു സംസാരിക്കുന്നതിനായി ‘പത്രോസ് എഴുന്നേറ്റുനിന്നു.’ (പ്രവൃ. 2:14) അന്യഭാഷകളിൽ സംസാരിക്കാനുള്ള പ്രാപ്തി, യോവേൽ പ്രവചനത്തിലെ വാക്കുകളുടെ നിവൃത്തിയായി ദൈവം നൽകിയതാണെന്ന് പത്രോസ് ശ്രോതാക്കൾക്കു വിശദീകരിച്ചുകൊടുത്തു. പ്രവചനം ഇങ്ങനെ പറയുന്നു: “ഞാൻ എല്ലാ തരം ആളുകളുടെ മേലും എന്റെ ആത്മാവിനെ പകരും.” (യോവേ. 2:28) “ഞാൻ പിതാവിനോട് അപേക്ഷിക്കുമ്പോൾ പിതാവ് മറ്റൊരു സഹായിയെ നിങ്ങൾക്കു തരും” എന്ന് സ്വർഗാരോഹണത്തിനുമുമ്പ് യേശുവും തന്റെ ശിഷ്യന്മാരോടു പറഞ്ഞിരുന്നു. ആ സഹായി ‘പരിശുദ്ധാത്മാവ്’ ആണെന്ന് യേശു വ്യക്തമാക്കി.—യോഹ. 14:16, 17.
13, 14. ശ്രോതാക്കളുടെ ഹൃദയത്തെ സ്പർശിക്കുംവിധം സംസാരിക്കാൻ പത്രോസ് ശ്രമിച്ചത് എങ്ങനെ, നമുക്ക് അത് എങ്ങനെ അനുകരിക്കാം?
13 “നിങ്ങൾ സ്തംഭത്തിൽ തറച്ചുകൊന്ന ഈ യേശുവിനെ ദൈവം കർത്താവും ക്രിസ്തുവും ആക്കിയെന്ന യാഥാർഥ്യം ഇസ്രായേൽഗൃഹം മുഴുവനും അറിയട്ടെ” എന്ന ശക്തമായ വാക്കുകളോടെയാണ് പത്രോസ് തന്റെ പ്രസംഗം ഉപസംഹരിക്കുന്നത്. (പ്രവൃ. 2:36) യേശുവിനെ സ്തംഭത്തിൽ തറച്ചുകൊന്നപ്പോൾ, പത്രോസിന്റെ ശ്രോതാക്കളിൽ മിക്കവരും അവിടെ ഉണ്ടായിരുന്നില്ലെങ്കിലും ഒരു ജനതയെന്ന നിലയിൽ അവർ അതിന് ഉത്തരവാദികളായിരുന്നു. എന്നിട്ടും, പത്രോസ് ആദരവോടെ, ഹൃദയസ്പർശിയായ വിധത്തിലാണ് ആ സഹജൂതന്മാരെ അഭിസംബോധനചെയ്തു സംസാരിച്ചത്. ശ്രോതാക്കളെ മാനസാന്തരത്തിലേക്ക് നയിക്കുകയായിരുന്നു പത്രോസിന്റെ ലക്ഷ്യം; അല്ലാതെ, അവരെ കുറ്റപ്പെടുത്തുകയല്ലായിരുന്നു. പത്രോസിന്റെ വാക്കുകൾ അവരെ ദേഷ്യംപിടിപ്പിച്ചോ? ഒരിക്കലുമില്ല. പകരം, “മനസ്സാക്ഷിക്കുത്തു തോന്നിയ” അവർ പത്രോസിനോട് ഇങ്ങനെ ചോദിച്ചു: “ഞങ്ങൾ എന്താണു ചെയ്യേണ്ടത്?” പത്രോസിന്റെ വാക്കുകൾ അവരുടെ മനസ്സിൽത്തട്ടാനുള്ള ഒരു കാരണം, ആദരവോടെയുള്ള പത്രോസിന്റെ സമീപനം ആയിരിക്കണം; അത് അവർ മാനസാന്തരപ്പെടാൻ ഇടയാക്കുകയും ചെയ്തു.—പ്രവൃ. 2:37.
14 ഹൃദയസ്പർശിയായ വിധത്തിൽ സന്തോഷവാർത്ത അറിയിക്കുന്ന കാര്യത്തിൽ നമുക്കു പത്രോസിന്റെ മാതൃക അനുകരിക്കാനാകും. വീട്ടുകാരൻ പറയുന്ന തിരുവെഴുത്തുവിരുദ്ധമായ എല്ലാ വീക്ഷണങ്ങളും നാം അപ്പോൾത്തന്നെ തിരുത്തേണ്ടതില്ല. പകരം, നമുക്കു യോജിക്കാൻ കഴിയുന്ന ആശയങ്ങളെ അടിസ്ഥാനമാക്കി അവരോടു സംസാരിക്കാവുന്നതാണ്. അതിനുശേഷം, ദൈവവചനത്തിൽനിന്ന് നയപൂർവം കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കാനാകും. ഈ വിധത്തിൽ ബൈബിൾസത്യങ്ങൾ അവതരിപ്പിക്കുമ്പോൾ, ആത്മാർഥഹൃദയമുള്ളവർ ശ്രദ്ധിക്കാൻ ഏറെ സാധ്യതയുണ്ട്.
‘നിങ്ങൾ സ്നാനമേൽക്കൂ’ (പ്രവൃ. 2:38-47)
15. (എ) പത്രോസ് എന്തു പ്രസ്താവനയാണ് നടത്തിയത്, അതുകേട്ട ആളുകൾ എന്തു ചെയ്തു? (ബി) പെന്തിക്കോസ്തുനാളിൽ സന്തോഷവാർത്ത കേട്ട ആയിരക്കണക്കിനാളുകൾ അന്നുതന്നെ സ്നാനമേൽക്കാൻ യോഗ്യരായിത്തീർന്നത് എങ്ങനെ?
15 എ.ഡി. 33-ലെ ആവേശനിർഭരമായ പെന്തിക്കോസ്തുനാളിൽ താൻ പറഞ്ഞതു ശ്രദ്ധിച്ച ജൂതന്മാരോടും ജൂതമതത്തിലേക്കു പരിവർത്തനം ചെയ്തവരോടും പത്രോസ് ഇങ്ങനെ പറഞ്ഞു: ‘മാനസാന്തരപ്പെടൂ, നിങ്ങൾ സ്നാനമേൽക്കൂ.’ (പ്രവൃ. 2:38) അങ്ങനെ, ഏതാണ്ട് 3,000 പേർ സ്നാനമേറ്റു; സാധ്യതയനുസരിച്ച്, യരുശലേമിലും സമീപ പ്രദേശത്തും ഉള്ള ജലാശയങ്ങളിലായിരുന്നു സ്നാനം. e ആകട്ടെ, അവർ തിടുക്കത്തിൽ എടുത്ത ഒരു തീരുമാനമായിരുന്നോ അത്? ബൈബിൾ വിദ്യാർഥികളും ക്രിസ്തീയ കുടുംബത്തിലെ കുട്ടികളും യോഗ്യത പ്രാപിക്കുന്നതിനുമുമ്പ് സ്നാനമേൽക്കുന്നതിനെ ഈ വിവരണം ന്യായീകരിക്കുന്നുണ്ടോ? ഇല്ല. എ.ഡി. 33-ലെ പെന്തിക്കോസ്തിൽ സ്നാനമേറ്റ എല്ലാവരും ദൈവവചനം നന്നായി പഠിച്ചിട്ടുള്ളവരായിരുന്നു; അവർ യഹോവയ്ക്കു സമർപ്പിക്കപ്പെട്ട ഒരു ജനതയുടെ ഭാഗമായിരുന്നു; മാത്രമല്ല, അവർ നല്ല തീക്ഷ്ണതയുള്ളവരുമായിരുന്നു; കാരണം ദീർഘദൂരം യാത്രചെയ്താണ് അവരിൽ ചിലർ ഈ വാർഷികോത്സവത്തിന് എത്തിയത്. ദൈവത്തിന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽ യേശുക്രിസ്തു വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ചുള്ള സത്യം സ്വീകരിച്ചശേഷം ദൈവത്തെ തുടർന്നും സേവിക്കാൻ അവർ തയ്യാറായി—ക്രിസ്തുവിന്റെ സ്നാനമേറ്റ ശിഷ്യന്മാരെന്നനിലയിൽ.
16. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ആത്മത്യാഗപരമായ സ്നേഹം കാണിച്ചത് എങ്ങനെ?
16 ആ കൂട്ടത്തിന്റെമേൽ യഹോവയുടെ അനുഗ്രഹം ഉണ്ടായിരുന്നുവെന്നതു തീർച്ചയാണ്. വിവരണം പറയുന്നു: “വിശ്വാസികളായിത്തീർന്ന എല്ലാവരും ഒരുമിച്ച് കൂടിവരുകയും അവർക്കുള്ളതെല്ലാം പൊതുവകയായി കരുതുകയും അവരുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആ തുക ഓരോരുത്തരുടെയും ആവശ്യമനുസരിച്ച് വീതിച്ചുകൊടുക്കുകയും ചെയ്തു.” f (പ്രവൃ. 2:44, 45) സത്യക്രിസ്ത്യാനികളെല്ലാം അവരുടെ ആത്മത്യാഗപരമായ സ്നേഹം അനുകരിക്കാൻ ആഗ്രഹിക്കും എന്നതിൽ സംശയമില്ല.
17. സ്നാനപ്പെടാൻ യോഗ്യത നേടുന്നതിന് ഏതെല്ലാം പടികൾ സ്വീകരിക്കണം?
17 ക്രിസ്തീയ സമർപ്പണത്തിനും സ്നാനത്തിനും യോഗ്യത പ്രാപിക്കുന്നതിന് ഒരുവൻ തിരുവെഴുത്തധിഷ്ഠിതമായ പല പടികളും സ്വീകരിക്കേണ്ടതുണ്ട്. ആദ്യംതന്നെ, ദൈവവചനത്തെക്കുറിച്ചുള്ള പരിജ്ഞാനം നേടേണ്ടിയിരിക്കുന്നു. (യോഹ. 17:3) തുടർന്ന്, വിശ്വാസം പ്രകടമാക്കുകയും കഴിഞ്ഞകാല പാപങ്ങൾ സംബന്ധിച്ച് പശ്ചാത്തപിക്കുകയും, അതായത് ആത്മാർഥമായ ഖേദമുണ്ടെന്ന് തെളിയിക്കുകയും ചെയ്യേണ്ടതുണ്ട്. (പ്രവൃ. 3:19) കൂടാതെ, പരിവർത്തനംചെയ്യുകയും—അതായത് തിരിഞ്ഞുവരുകയും—ദൈവേഷ്ടത്തിനുചേർച്ചയിലുള്ള നല്ല പ്രവൃത്തികളിൽ ഏർപ്പെടുകയും വേണം. (റോമ. 12:2; എഫെ. 4:23, 24) ഈ പടികൾ സ്വീകരിച്ചശേഷമാണ് ഒരുവൻ പ്രാർഥനയിൽ ദൈവത്തിനു സമർപ്പിക്കുകയും തുടർന്ന് സ്നാനപ്പെടുകയും ചെയ്യുന്നത്.—മത്താ. 16:24; 1 പത്രോ. 3:21.
18. സ്നാനപ്പെടുന്ന ക്രിസ്തുശിഷ്യന്മാർക്ക് എന്തിനുള്ള പദവി ലഭിക്കുന്നു?
18 സമർപ്പിച്ചു സ്നാനമേറ്റ ഒരു ക്രിസ്തുശിഷ്യനാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കു ലഭിച്ചിരിക്കുന്ന പദവിയെപ്രതി കൃതജ്ഞത ഉള്ളവരായിരിക്കുക. പരിശുദ്ധാത്മാവ് നിറഞ്ഞവരായിത്തീർന്ന ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ കാര്യത്തിലെന്നപോലെ, തന്റെ ഹിതം ചെയ്യുന്നതിനും സമഗ്രസാക്ഷ്യം നൽകുന്നതിനും യഹോവയ്ക്ക് നിങ്ങളെയും ശക്തീകരിക്കാനാകും!
a “ യരുശലേം—ജൂതമതത്തിന്റെ കേന്ദ്രം” എന്ന ചതുരം കാണുക.
b “ റോം—ഒരു സാമ്രാജ്യത്തിന്റെ തലസ്ഥാനം” എന്ന ചതുരവും “ ജൂതന്മാർ—മെസൊപ്പൊത്താമ്യയിലും ഈജിപ്തിലും” എന്ന ചതുരവും “ ക്രിസ്ത്യാനിത്വം—പൊന്തൊസിൽ” എന്ന ചതുരവും കാണുക.
c ഇവ അക്ഷരാർഥത്തിലുള്ള തീനാളങ്ങൾ ആയിരുന്നില്ല; മറിച്ച്, ‘തീനാളങ്ങൾപോലുള്ളവയായിരുന്നു.’ അവയ്ക്ക് തീനാളങ്ങളുടേതുപോലുള്ള രൂപവും ശോഭയും ഉണ്ടായിരുന്നിരിക്കാം എന്നാണ് ആ വാക്കുകൾ സൂചിപ്പിക്കുന്നത്.
d “ ജൂതമതം സ്വീകരിച്ചവർ” എന്ന ചതുരം കാണുക.
e 1993 ആഗസ്റ്റ് 7-ന് യുക്രെയിനിലെ കീവിൽ നടന്ന യഹോവയുടെ സാക്ഷികളുടെ അന്താരാഷ്ട്ര കൺവെൻഷനിൽ 7,402 പേർ സ്നാനമേറ്റു. സ്റ്റേഡിയത്തിൽ നിർമിച്ചിരുന്ന ആറു കുളങ്ങളിലായി നടന്ന സ്നാനം രണ്ടേകാൽ മണിക്കൂറുകൊണ്ടാണ് പൂർത്തിയായത്.
f കൂടുതൽ ആത്മീയ പ്രബോധനം സ്വീകരിക്കുന്നതിനായി യരുശലേമിൽ തങ്ങിയ സന്ദർശകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു താത്കാലിക ക്രമീകരണമായിരുന്നു അത്. സ്വമനസ്സാലെയുള്ള സംഭാവനകളായിരുന്നു അവ; ഏതെങ്കിലും രൂപത്തിലുള്ള കമ്മ്യൂണിസവുമായി ഇതിനെ കൂട്ടിക്കുഴയ്ക്കരുത്.—പ്രവൃ. 5:1-4.