അധ്യായം 2
“നിങ്ങൾ . . . എന്റെ സാക്ഷികളായിരിക്കും”
പ്രസംഗവേലയ്ക്ക് നേതൃത്വം വഹിക്കാൻ യേശു ശിഷ്യന്മാരെ സജ്ജരാക്കിയ വിധം
ആധാരം: പ്രവൃത്തികൾ 1:1-26
1-3. യേശു അപ്പോസ്തലന്മാരെ വിട്ടു പോയത് എങ്ങനെ, ഏതു ചോദ്യങ്ങൾ ഉദിക്കുന്നു?
കഴിഞ്ഞുപോയ വാരങ്ങൾ അപ്പോസ്തലന്മാരെ സംബന്ധിച്ചിടത്തോളം ആഹ്ലാദഭരിതമായിരുന്നു. അത് ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന് അവർ ആഗ്രഹിക്കുന്നു. അതീവ ദുഃഖിതരായിരുന്ന അവർ, യേശുവിന്റെ പുനരുത്ഥാനത്തോടെ ഇപ്പോൾ ആഹ്ലാദത്തിന്റെ കൊടുമുടിയിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ 40 ദിവസത്തിനിടയിൽ യേശു പലവട്ടം തന്റെ അനുഗാമികൾക്ക് പ്രത്യക്ഷനായി; അവർക്ക് കൂടുതലായ പ്രബോധനവും പ്രോത്സാഹനവും നൽകി. പക്ഷേ, ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്: യേശു അവർക്ക് അവസാനമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
2 ഇപ്പോൾ, ഒലിവുമലയിൽ ഒരുമിച്ചായിരിക്കുമ്പോൾ യേശു പറയുന്നതെല്ലാം അപ്പോസ്തലന്മാർ ശ്രദ്ധിച്ചുകേൾക്കുന്നു. എന്നാൽ അത് പെട്ടെന്ന് അവസാനിച്ചതുപോലെ അവർക്കു തോന്നുന്നു. സംസാരിച്ചുതീർന്നശേഷം യേശു കൈകൾ ഉയർത്തി അവരെ അനുഗ്രഹിക്കുന്നു. തുടർന്ന്, യേശു മെല്ലെ ആകാശത്തേക്ക് ഉയരുന്നു! അത്ഭുതംകൂറുന്ന കണ്ണുകളോടെ അപ്പോസ്തലന്മാർ ഉറ്റുനോക്കുകയാണ്. അവസാനം, ഒരു മേഘം യേശുവിനെ മറയ്ക്കുന്നു. ഇപ്പോൾ, അവർക്ക് യേശുവിനെ കാണാൻ കഴിയുന്നില്ല. എന്നിട്ടും, അവർ ആകാശത്തേക്കുതന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്.—ലൂക്കോ. 24:50; പ്രവൃ. 1:9, 10.
3 ഈ സംഭവം യേശുവിന്റെ അപ്പോസ്തലന്മാരുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. അവരുടെ കർത്താവ് അവരെ വിട്ട് സ്വർഗത്തിലേക്കു പോയിരിക്കുന്നു. അവർ ഇപ്പോൾ എന്തു ചെയ്യും? താൻ തുടങ്ങിവെച്ച വേല ഏറ്റെടുക്കാൻ യേശു അവരെ സജ്ജരാക്കിയിരുന്നു എന്നതിനു സംശയമില്ല. പ്രധാനപ്പെട്ട ഈ വേലയ്ക്കായി യേശു എങ്ങനെയാണ് അവരെ ഒരുക്കിയത്? അവർ അതനുസരിച്ച് പ്രവർത്തിച്ചോ? ഇന്നത്തെ ക്രിസ്ത്യാനികളുടെ കാര്യത്തിൽ അതിന് എന്തു പ്രസക്തിയാണുള്ളത്? പ്രവൃത്തികൾ ഒന്നാം അധ്യായത്തിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമുണ്ട്.
“ബോധ്യം വരുത്തുന്ന അനേകം തെളിവുകൾ” (പ്രവൃ. 1:1-5)
4. ലൂക്കോസ് പ്രവൃത്തികളുടെ പുസ്തകം തുടങ്ങുന്നതെങ്ങനെ?
4 തെയോഫിലൊസ് എന്ന വ്യക്തിയെ സംബോധന ചെയ്തുകൊണ്ടാണ് ലൂക്കോസ് പ്രവൃത്തികളുടെ പുസ്തകം ആരംഭിക്കുന്നത്. ലൂക്കോസ് തന്റെ സുവിശേഷം എഴുതിയതും ഇദ്ദേഹത്തിനുതന്നെയാണ്. a പ്രവൃത്തികളുടെ പുസ്തകം വാസ്തവത്തിൽ ആ സുവിശേഷത്തിന്റെ ഒരു തുടർച്ചയാണ്; കാരണം, സുവിശേഷത്തിന്റെ അവസാനഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങൾ ചുരുക്കിപ്പറഞ്ഞുകൊണ്ടാണ് ലൂക്കോസ് ആ വിവരണം ആരംഭിക്കുന്നത്. പുതിയ ചില വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
5, 6. (എ) യേശുവിന്റെ അനുഗാമികളുടെ വിശ്വാസം ശക്തമായി നിലനിറുത്താൻ എന്തു സഹായിക്കുമായിരുന്നു? (ബി) ഇന്നത്തെ ക്രിസ്ത്യാനികളുടെ വിശ്വാസം ‘ബോധ്യം വരുത്തുന്ന അനേകം തെളിവുകളിൽ’ അധിഷ്ഠിതമായിരിക്കുന്നത് എങ്ങനെ?
5 യേശുവിന്റെ അനുഗാമികളുടെ വിശ്വാസം ശക്തമായി നിലനിറുത്താൻ എന്തു സഹായിക്കുമായിരുന്നു? പ്രവൃത്തികൾ 1:3-ൽ നാം ഇങ്ങനെ വായിക്കുന്നു: “ബോധ്യം വരുത്തുന്ന അനേകം തെളിവുകൾ യേശു അവർക്കു നൽകി.” ബൈബിളിൽ, “വൈദ്യനായ” ലൂക്കോസ് മാത്രമേ ‘ബോധ്യം വരുത്തുന്ന തെളിവുകൾ’ എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്ക് പദം ഉപയോഗിച്ചിട്ടുള്ളൂ. (കൊലോ. 4:14) വൈദ്യശാസ്ത്ര രംഗത്ത് ഉപയോഗിച്ചിരുന്ന ഒരു പദമാണ് ഇത്. വസ്തുനിഷ്ഠമായ, ഈടുറ്റ തെളിവുകളെയാണ് ഇത് കുറിക്കുന്നത്. അത്തരത്തിലുള്ള തെളിവുകളാണ് യേശു നൽകിയത്. പലപ്രാവശ്യം യേശു തന്റെ അനുഗാമികൾക്കു പ്രത്യക്ഷനായി; ചിലപ്പോൾ ഒന്നോ രണ്ടോ പേർക്ക്, മറ്റു ചിലപ്പോൾ എല്ലാ അപ്പോസ്തലന്മാർക്കും. ഒരവസരത്തിൽ, 500-ലധികം ശിഷ്യന്മാർക്ക് യേശു പ്രത്യക്ഷപ്പെടുകയുണ്ടായി. (1 കൊരി. 15:3-6) അതെ, ബോധ്യം വരുത്തുന്ന തെളിവുകൾതന്നെ!
6 ഇന്ന് സത്യക്രിസ്ത്യാനികളുടെ വിശ്വാസവും ‘ബോധ്യം വരുത്തുന്ന അനേകം തെളിവുകളിൽ’ അധിഷ്ഠിതമാണ്. യേശു ഭൂമിയിൽ ജീവിച്ചിരുന്നെന്നും നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചെന്നും പിന്നീട് ഉയിർത്തെഴുന്നേറ്റെന്നും ഉള്ളതിന് തെളിവുകളുണ്ടോ? തീർച്ചയായും! ആവശ്യമായ സർവതെളിവുകളും, ദൈവപ്രചോദിതമായ തിരുവെഴുത്തുകളിൽ കാണുന്ന ആശ്രയയോഗ്യമായ ദൃക്സാക്ഷിവിവരണങ്ങളിൽ ഉണ്ട്. ഈ വിവരണങ്ങൾ പ്രാർഥനാപൂർവം പഠിക്കുന്നത് നമ്മുടെ വിശ്വാസത്തെ കരുത്തുറ്റതാക്കും; കാരണം, ഈടുറ്റ തെളിവുകളാണല്ലോ യഥാർഥ വിശ്വാസത്തെ അന്ധമായ വിശ്വാസത്തിൽനിന്നു വ്യത്യസ്തമാക്കുന്നത്. നിത്യജീവൻ നേടാൻ യഥാർഥ വിശ്വാസം കൂടിയേ തീരൂ.—യോഹ. 3:16.
7. പ്രസംഗ-പഠിപ്പിക്കൽ വേലയിൽ യേശു ശിഷ്യന്മാർക്കായി എന്തു മാതൃക വെച്ചു?
7 യേശു ശിഷ്യന്മാരോട് “ദൈവരാജ്യത്തെക്കുറിച്ച്” സംസാരിക്കുകയും ചെയ്തു. ഉദാഹരണത്തിന്, മിശിഹ കഷ്ടം സഹിച്ച് മരിക്കേണ്ടിവരും എന്നു കാണിക്കുന്ന പ്രവചനങ്ങൾ യേശു അവർക്ക് വിശദീകരിച്ചുകൊടുത്തു. (ലൂക്കോ. 24:13-32, 46, 47) മിശിഹ എന്ന തന്റെ സ്ഥാനത്തെക്കുറിച്ചു വ്യക്തമാക്കിയപ്പോൾ ദൈവരാജ്യം എന്ന വിഷയം യേശു ഊന്നിപ്പറയുകയുണ്ടായി; കാരണം യേശുവായിരുന്നല്ലോ അതിന്റെ നിയുക്തരാജാവ്. ദൈവരാജ്യമായിരുന്നു എല്ലായ്പോഴും യേശുവിന്റെ പ്രസംഗവേലയുടെ മുഖ്യവിഷയം. ഇന്ന് യേശുവിന്റെ അനുയായികളും അതേ വിഷയത്തെ ആസ്പദമാക്കിയാണ് പ്രസംഗിക്കുന്നത്.—മത്താ. 24:14; ലൂക്കോ. 4:43.
“ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും” (പ്രവൃ. 1:6-12)
8, 9. (എ) യേശുവിന്റെ അപ്പോസ്തലന്മാർക്ക് ഏത് രണ്ടു തെറ്റിദ്ധാരണകളാണ് ഉണ്ടായിരുന്നത്? (ബി) യേശു അവരെ തിരുത്തിയത് എങ്ങനെ, ഇന്നത്തെ ക്രിസ്ത്യാനികൾക്ക് അതിൽനിന്ന് എന്തു പഠിക്കാനാകും?
8 ഒലിവുമലയിൽവെച്ച് നടന്ന ആ അവസാന കൂടിക്കാഴ്ചയിൽ അപ്പോസ്തലന്മാർ യേശുവിനോട് ഇങ്ങനെ ചോദിച്ചു: “കർത്താവേ, അങ്ങ് ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുകൊടുക്കുന്നത് ഇപ്പോഴാണോ?” (പ്രവൃ. 1:6) അവരുടെ തെറ്റായ രണ്ടു ധാരണകളാണ് ഈ ചോദ്യത്തിലൂടെ വെളിവായത്: (1) ദൈവം ജഡിക ഇസ്രായേലിന് രാജ്യം പുനഃസ്ഥാപിച്ചുകൊടുക്കും; (2) ദൈവരാജ്യം ‘ഇപ്പോൾ,’ അതായത് ഉടൻതന്നെ ഭരണം തുടങ്ങും. ആകട്ടെ, യേശു അവരുടെ തെറ്റിദ്ധാരണ തിരുത്തിയത് എങ്ങനെയാണ്?
9 ആദ്യത്തെ തെറ്റിദ്ധാരണ പെട്ടെന്നുതന്നെ മാറിക്കൊള്ളും എന്ന് സാധ്യതയനുസരിച്ച് യേശുവിന് അറിയാമായിരുന്നു; കാരണം, വെറും പത്തു ദിവസത്തിനുശേഷം, ആത്മീയ ഇസ്രായേൽ എന്ന ഒരു പുതിയ ജനതയുടെ പിറവിക്ക് അവർ സാക്ഷ്യം വഹിക്കുമായിരുന്നു! ജഡിക ഇസ്രായേലുമായുള്ള ദൈവത്തിന്റെ പ്രത്യേകബന്ധം ഏതാണ്ട് അവസാനിച്ചിരുന്നു. ഇനി, രണ്ടാമത്തെ തെറ്റിദ്ധാരണയുടെ കാര്യമോ? യേശു സ്നേഹപൂർവം അവരെ ഇങ്ങനെ ഓർമിപ്പിച്ചു: “പിതാവിന്റെ അധികാരപരിധിയിൽപ്പെട്ട സമയങ്ങളെയും കാലങ്ങളെയും കുറിച്ച് നിങ്ങൾ അറിയേണ്ട ആവശ്യമില്ല.” (പ്രവൃ. 1:7) സമയം നിശ്ചയിക്കുകയും അതു പാലിക്കുകയും ചെയ്യുന്നതിൽ യഹോവയ്ക്കു തുല്യനായി മറ്റാരുമില്ല. ഈ വ്യവസ്ഥിതി അവസാനിക്കുന്ന “ദിവസവും മണിക്കൂറും” “പിതാവിനല്ലാതെ ആർക്കും” അറിയില്ലെന്ന് ഭൂമിയിലായിരിക്കെ യേശു പറയുകയുണ്ടായി. പുത്രനുപോലും അപ്പോൾ അത് അറിയില്ലായിരുന്നു. (മത്താ. 24:36) അതുകൊണ്ട് അന്ത്യം എപ്പോൾ വരും എന്നതിനെക്കുറിച്ച് ആകുലപ്പെടുന്ന ക്രിസ്ത്യാനികൾ വാസ്തവത്തിൽ, തങ്ങൾ അറിയേണ്ടതില്ലാത്ത ഒരു കാര്യത്തെപ്പറ്റിയാണ് ഉത്കണ്ഠപ്പെടുന്നത്.
10. അപ്പോസ്തലന്മാരുടെ ഏതു മനോഭാവം നമുക്കും ഉണ്ടായിരിക്കണം, എന്തുകൊണ്ട്?
10 യേശുവിന്റെ അപ്പോസ്തലന്മാർക്ക് തെറ്റായ ചില ധാരണകൾ ഉണ്ടായിരുന്നുവെന്നു കരുതി നാം ഒരിക്കലും അവരെ തുച്ഛീകരിക്കരുത്. അവർ വിശ്വാസത്തിന്റെ മികച്ച മാതൃകകളായിരുന്നു. അവർ താഴ്മയോടെ തിരുത്തൽ സ്വീകരിച്ചു. തെറ്റായ ധാരണകളിൽനിന്ന് ഉരുത്തിരിഞ്ഞ ആ ചോദ്യംപോലും വാസ്തവത്തിൽ അവരുടെ നല്ല മനോഭാവത്തെയാണ് കാണിക്കുന്നത്. “എപ്പോഴും ഉണർന്നിരിക്കുക” എന്ന് കൂടെക്കൂടെ യേശു തന്റെ അനുഗാമികളെ ഓർമിപ്പിച്ചിരുന്നു. (മത്താ. 24:42; 25:13; 26:41) അതിനുചേർച്ചയിൽ, ആത്മീയമായി ഉണർന്നിരുന്ന അവർ യഹോവ നടപടിയെടുക്കാൻ പോകുന്നുവെന്നു സൂചിപ്പിക്കുന്ന തെളിവിനായി കാത്തിരിക്കുകയായിരുന്നു. ഇന്ന് നമുക്കും അതേ മനോഭാവമുണ്ടായിരിക്കണം. ‘അവസാനകാലം’ പാരമ്യത്തിലെത്തിനിൽക്കുന്ന ഇക്കാലത്ത് അതു സർവപ്രധാനമാണ്!—2 തിമൊ. 3:1-5.
11, 12. (എ) യേശു അനുഗാമികൾക്ക് എന്തു നിയമനം നൽകി? (ബി) പ്രസംഗനിയമനം നൽകിയതിനോട് അനുബന്ധിച്ച് യേശു പരിശുദ്ധാത്മാവിനെക്കുറിച്ചു പറഞ്ഞത് ഉചിതമായിരുന്നത് എന്തുകൊണ്ട്?
11 അപ്പോസ്തലന്മാർ ഏതു കാര്യത്തിലാണ് ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്ന് യേശു അവരെ ഓർമിപ്പിക്കുകയുണ്ടായി: “പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾക്കു ശക്തി കിട്ടും. അങ്ങനെ നിങ്ങൾ യരുശലേമിലും യഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും എന്റെ സാക്ഷികളായിരിക്കും.” (പ്രവൃ. 1:8) ആദ്യം, യേശു വധിക്കപ്പെട്ട യരുശലേമിൽ യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള വാർത്ത ഉദ്ഘോഷിക്കേണ്ടിയിരുന്നു. അതിനുശേഷം, യഹൂദ്യയിൽ എല്ലായിടത്തും പിന്നെ ശമര്യയിലും തുടർന്ന് മറ്റു ഭാഗങ്ങളിലും ആ വാർത്ത അറിയിക്കേണ്ടിയിരുന്നു.
12 പരിശുദ്ധാത്മാവിന്റെ സഹായത്തെക്കുറിച്ച് ഒരിക്കൽക്കൂടി ഉറപ്പുനൽകിയശേഷമാണ് യേശു പ്രസംഗനിയമനത്തെക്കുറിച്ചു പറഞ്ഞത് എന്ന കാര്യം ശ്രദ്ധിക്കുക. പ്രവൃത്തികളുടെ പുസ്തകത്തിൽ ‘പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള’ പരാമർശം 40-ലേറെ പ്രാവശ്യം നാം കാണുന്നു; അതിലൊന്നാണ് ഇത്. പരിശുദ്ധാത്മാവിന്റെ സഹായമില്ലാതെ ദൈവേഷ്ടം നിവർത്തിക്കാൻ നമുക്കാവില്ലെന്ന് ഈ ബൈബിൾ പുസ്തകം വീണ്ടുംവീണ്ടും നമ്മെ ഓർമിപ്പിക്കുന്നു. ആ സ്ഥിതിക്ക്, പരിശുദ്ധാത്മാവിനുവേണ്ടി പതിവായി പ്രാർഥിക്കുന്നത് എത്ര പ്രധാനമാണ്! (ലൂക്കോ. 11:13) എന്നത്തെക്കാളുമധികം ഇന്ന് നമുക്കത് ആവശ്യമാണ്.
13. ഇന്ന് ദൈവജനത്തിനു ലഭിച്ചിരിക്കുന്ന പ്രസംഗനിയമനം എത്ര ബൃഹത്താണ്, നാം അത് സർവാത്മനാ സ്വീകരിക്കേണ്ടത് എന്തുകൊണ്ട്?
13 “ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും” എന്ന പദപ്രയോഗത്തിന് ഇന്ന് പുതിയ അർഥം കൈവന്നിരിക്കുകയാണ്. എന്നുവരികിലും, യഹോവയുടെ സാക്ഷികൾ, സകലതരം ആളുകളെയും സന്തോഷവാർത്ത അറിയിക്കാനുള്ള നിയമനം മനസ്സോടെ ഏറ്റെടുത്തിരിക്കുന്നു; കാരണം, ദൈവത്തിന്റെ ഇഷ്ടം അതാണെന്ന് അവർക്കറിയാം—കഴിഞ്ഞ അധ്യായത്തിൽ നാം അതെക്കുറിച്ച് കണ്ടിരുന്നല്ലോ. (1 തിമൊ. 2:3, 4) എന്നാൽ നിങ്ങളുടെ കാര്യത്തിൽ അതു സത്യമാണോ? ജീവരക്ഷാകരമായ ഈ വേലയിൽ നിങ്ങൾ തിരക്കോടെ ഏർപ്പെടുന്നുണ്ടോ? ഇതിനെക്കാൾ സംതൃപ്തിദായകമായ മറ്റൊരു വേലയില്ല! ഇതു ചെയ്യുന്നതിനുള്ള ശക്തി യഹോവ നിങ്ങൾക്കു നൽകും. ഫലപ്രദമായവിധത്തിൽ ഈ വേല ചെയ്യുന്നതിന് നാം അവലംബിക്കേണ്ട രീതികളെയും നമുക്ക് ഉണ്ടായിരിക്കേണ്ട മനോഭാവത്തെയും കുറിച്ച് പ്രവൃത്തികളുടെ പുസ്തകത്തിൽനിന്ന് നമ്മൾ പലതും പഠിക്കും.
14, 15. (എ) ക്രിസ്തുവിന്റെ മടങ്ങിവരവിനെക്കുറിച്ച് ദൂതന്മാർ എന്തു പറഞ്ഞു, അവർ പറഞ്ഞതിന്റെ അർഥമെന്താണ്? (അടിക്കുറിപ്പും കാണുക.) (ബി) ക്രിസ്തു, പോയ “വിധത്തിൽത്തന്നെ” മടങ്ങിവന്നു എന്നു പറയുന്നത് എന്തുകൊണ്ട്?
14 യേശു സ്വർഗാരോഹണം ചെയ്തതിനെക്കുറിച്ച് ഈ അധ്യായത്തിന്റെ തുടക്കത്തിൽ നാം കണ്ടു. യേശു മേഘങ്ങൾക്കിടയിൽ മറഞ്ഞിട്ടും, ആ 11 അപ്പോസ്തലന്മാർ ആകാശത്തേക്കു നോക്കിക്കൊണ്ട് അവിടെത്തന്നെ നിൽക്കുകയായിരുന്നു. അപ്പോൾ, രണ്ടു ദൂതന്മാർ പ്രത്യക്ഷപ്പെട്ട് ശാസന കലർന്ന സ്വരത്തിൽ ഇങ്ങനെ പറഞ്ഞു: “ഗലീലക്കാരേ, നിങ്ങൾ എന്തിനാണ് ആകാശത്തേക്കു നോക്കിനിൽക്കുന്നത്? നിങ്ങളുടെ അടുത്തുനിന്ന് ആകാശത്തേക്ക് എടുക്കപ്പെട്ട ഈ യേശു, ആകാശത്തേക്കു പോകുന്നതായി നിങ്ങൾ കണ്ട അതേ വിധത്തിൽത്തന്നെ വരും.” (പ്രവൃ. 1:11) ചില മതങ്ങൾ പഠിപ്പിക്കുന്നതുപോലെ, അതേ ശരീരത്തിൽ യേശു മടങ്ങിവരുമെന്നാണോ ദൂതന്മാർ ഉദ്ദേശിച്ചത്? ഒരിക്കലുമല്ല. അത് നമുക്കെങ്ങനെ അറിയാം?
15 യേശു അതേ രൂപത്തിൽ വരുമെന്നല്ല, പകരം “അതേ വിധത്തിൽ” വരുമെന്നാണ് ദൂതന്മാർ പറഞ്ഞത്. b അങ്ങനെയെങ്കിൽ, ഏതു വിധത്തിലാണ് യേശു പോയത്? ദൂതന്മാർ ആ പ്രസ്താവന നടത്തുമ്പോഴേക്കും യേശു അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. ഭൗമിക മണ്ഡലം വിട്ട് യേശു തന്റെ സ്വർഗീയ പിതാവിന്റെ അടുക്കലേക്കു പോയി എന്ന കാര്യം ഏതാനും പേർ—അതെ, യേശുവിന്റെ അപ്പോസ്തലന്മാർ—മാത്രമേ തിരിച്ചറിഞ്ഞുള്ളൂ. യേശു മടങ്ങിവരുന്നതും അതേ വിധത്തിൽ ആയിരിക്കേണ്ടിയിരുന്നു. അങ്ങനെതന്നെയാണ് സംഭവിച്ചതും. ഇന്ന് ആത്മീയ ഉൾക്കാഴ്ചയുള്ളവർ മാത്രമാണ് യേശു രാജ്യാധികാരത്തോടെ ‘വന്നിരിക്കുന്ന’ കാര്യം തിരിച്ചറിയുന്നത്. (ലൂക്കോ. 17:20) യേശുവിന്റെ സാന്നിധ്യം തിരിച്ചറിയിക്കുന്ന തെളിവ് നാം മനസ്സിലാക്കുകയും അതിനെക്കുറിച്ച് മറ്റുള്ളവരോടു പറയുകയും വേണം. അങ്ങനെ അവരും, നാം ജീവിക്കുന്ന ഈ കാലത്തിന്റെ അടിയന്തിരത മനസ്സിലാക്കാനിടയാകും.
പ്രവൃ. 1:13-26)
“ആരെയാണ് അങ്ങ് തിരഞ്ഞെടുത്തിരിക്കുന്നതെന്നു കാണിച്ചുതരേണമേ” (16-18. (എ) ആരാധനയ്ക്കായുള്ള ക്രിസ്തീയ കൂടിവരവുകളെക്കുറിച്ച് പ്രവൃത്തികൾ 1:13, 14-ൽനിന്ന് എന്തു പഠിക്കാനാകും? (ബി) യേശുവിന്റെ അമ്മയായ മറിയയിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും? (സി) ക്രിസ്തീയ യോഗങ്ങൾ ഇന്ന് ജീവത്പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
16 അപ്പോസ്തലന്മാർ യരുശലേമിലേക്ക് ‘വലിയ സന്തോഷത്തോടെ മടങ്ങിയതിൽ’ അതിശയിക്കാനില്ല. (ലൂക്കോ. 24:52) എന്നാൽ ക്രിസ്തുവിന്റെ വഴിനടത്തിപ്പിനോടും നിർദേശങ്ങളോടും അവർ എങ്ങനെ പ്രതികരിക്കുമായിരുന്നു? അവർ ഒരു ‘മേൽമുറിയിൽ’ കൂടിവന്നതായി പ്രവൃത്തികൾ 1:13, 14-ൽ നാം വായിക്കുന്നു. അത്തരം കൂടിവരവുകളെക്കുറിച്ചുള്ള ചില വിശദാംശങ്ങളും നമുക്ക് അതിൽനിന്നു പഠിക്കാനാകും. അക്കാലത്ത് പലസ്തീനിലെ പല വീടുകൾക്കും മുകളിലൊരു മുറിയുണ്ടായിരുന്നു. അതിലേക്കുള്ള ഗോവണി പുറത്തായിരുന്നു. ഇവിടെ പറഞ്ഞിരിക്കുന്ന “മേൽമുറി” പ്രവൃത്തികൾ 12:12-ൽ പരാമർശിച്ചിരിക്കുന്ന വീടിന്റെ (മർക്കോസിന്റെ അമ്മ മറിയയുടെ വീട്) മുകളിലായിരുന്നോ? എന്തായിരുന്നാലും, ക്രിസ്തുവിന്റെ അനുഗാമികൾക്കു കൂടിവരാൻ പറ്റുന്ന ഒരു സാധാരണ സ്ഥലമായിരുന്നിരിക്കാം അത്. എന്നാൽ ആരാണ് അവിടെ കൂടിവന്നത്, അവർ എന്താണ് ചെയ്തത്?
17 അപ്പോസ്തലന്മാരോ പുരുഷന്മാരോ മാത്രമല്ല അവിടെ കൂടിവന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. യേശുവിന്റെ അമ്മ മറിയ ഉൾപ്പെടെ ‘ചില സ്ത്രീകളും’ അവിടെ ഉണ്ടായിരുന്നു. ബൈബിളിൽ മറിയയെക്കുറിച്ചുള്ള അവസാനത്തെ പരാമർശമാണിത്. പ്രത്യേക സ്ഥാനമാനങ്ങളൊന്നും പ്രതീക്ഷിക്കാതെ, എളിമയോടെ തന്റെ ആത്മീയ സഹോദരീസഹോദരന്മാരോടൊപ്പം ആരാധനയ്ക്കായി മറിയയും കൂടിവന്നിരിക്കുന്നു. യേശുവിന്റെ ജീവിതകാലത്തൊന്നും യേശുവിൽ വിശ്വസിക്കാതിരുന്ന യേശുവിന്റെ നാലു സഹോദരന്മാരും ഇപ്പോൾ അമ്മയായ മറിയയോടൊപ്പമുണ്ട്. അത് മറിയയ്ക്ക് എത്ര പ്രോത്സാഹനം പകർന്നിരിക്കണം! (മത്താ. 13:55; യോഹ. 7:5) യേശു മരിച്ച് ഉയിർത്തെഴുന്നേറ്റശേഷമാണ് യേശുവിന്റെ സഹോദരന്മാർ വിശ്വാസികളായിത്തീർന്നത്.—1 കൊരി. 15:7.
18 ആകട്ടെ, ഈ ശിഷ്യന്മാർ കൂടിവന്നത് എന്തിനാണ്? അവർ “ഒരേ മനസ്സോടെ പ്രാർഥനയിൽ മുഴുകിയിരുന്നു” എന്ന് ബൈബിൾ പറയുന്നു. (പ്രവൃ. 1:14) കൂടിവരവുകൾ എന്നും ക്രിസ്തീയ ആരാധനയുടെ ഒരു അവിഭാജ്യ ഘടകമായിരുന്നിട്ടുണ്ട്. പരസ്പരം പ്രോത്സാഹിപ്പിക്കാനും പ്രബോധനങ്ങളും ഉപദേശങ്ങളും കൈക്കൊള്ളാനും അതിലുപരി, നമ്മുടെ സ്വർഗീയ പിതാവായ യഹോവയെ ഒത്തൊരുമിച്ച് ആരാധിക്കാനും വേണ്ടിയാണ് നാം കൂടിവരുന്നത്. ആ സമയത്തെ നമ്മുടെ പ്രാർഥനയും സ്തുതിഗീതങ്ങളും യഹോവയെ അതിയായി സന്തോഷിപ്പിക്കുന്നു. മാത്രമല്ല, നമ്മെ സംബന്ധിച്ചിടത്തോളം, അത് ജീവത്പ്രധാനവുമാണ്. പ്രോത്സാഹനമേകുന്ന, പവിത്രമായ ഇത്തരം കൂടിവരവുകൾ നമുക്ക് ഒരിക്കലും മുടക്കാതിരിക്കാം.—എബ്രാ. 10:24, 25.
19-21. (എ) സഭാപരമായ കാര്യങ്ങളിൽ പത്രോസ് സുപ്രധാനമായ ഒരു പങ്കുവഹിച്ചു എന്നതിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ബി) യൂദാസിനു പകരം മറ്റൊരാളെ തിരഞ്ഞെടുക്കേണ്ടിവന്നത് എന്തുകൊണ്ടാണ്, ആ സാഹചര്യം കൈകാര്യംചെയ്ത വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
19 ഈ ശിഷ്യന്മാരുടെ മുമ്പാകെ ഇപ്പോൾ സംഘാടനത്തോടു ബന്ധപ്പെട്ട ഗൗരവമുള്ള ഒരു പ്രശ്നം ഉയർന്നുവന്നിരിക്കുകയാണ്. അതു കൈകാര്യം ചെയ്യുന്നതിന് നേതൃത്വമെടുക്കുന്നത് അപ്പോസ്തലനായ പത്രോസാണ്. (15-26 വാക്യങ്ങൾ) തന്റെ കർത്താവിനെ മൂന്നു വട്ടം തള്ളിപ്പറഞ്ഞ പത്രോസ് ഏതാനും ആഴ്ചകൾക്കുള്ളിൽ എത്ര മാറിയിരിക്കുന്നു! (മർക്കോ. 14:72) പത്രോസിന്റെ ഈ അനുഭവം തെറ്റുചെയ്യാൻ പ്രവണതയുള്ളവരായ നമുക്കും ആശ്വാസമേകുന്നു. അതെ, യഹോവ “നല്ലവനും” യഥാർഥ പശ്ചാത്താപമുള്ളവരോട് “ക്ഷമിക്കാൻ സന്നദ്ധനും” ആണെന്ന വസ്തുത നമുക്ക് എല്ലായ്പോഴും മനസ്സിൽപ്പിടിക്കാം.—സങ്കീ. 86:5.
20 യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനു പകരം മറ്റൊരാൾ ആ സ്ഥാനം ഏറ്റെടുക്കേണ്ടതുണ്ടെന്ന് പത്രോസ് മനസ്സിലാക്കുന്നു. പക്ഷേ, അത് ആരായിരിക്കും? യേശുവിന്റെ ശുശ്രൂഷയിൽ ഉടനീളം യേശുവിനോടൊപ്പം ഉണ്ടായിരിക്കുകയും യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിക്കുകയും ചെയ്ത ഒരാളായിരിക്കണമായിരുന്നു പുതിയ അപ്പോസ്തലൻ. (പ്രവൃ. 1:21, 22) യേശുവിന്റെ പിൻവരുന്ന വാഗ്ദാനത്തിനു ചേർച്ചയിലായിരുന്നു അത്: “എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങളും 12 സിംഹാസനത്തിൽ ഇരുന്ന് ഇസ്രായേലിന്റെ 12 ഗോത്രത്തെയും ന്യായം വിധിക്കും.” (മത്താ. 19:28) യേശുവിന്റെ ഭൗമിക ശുശ്രൂഷക്കാലത്ത് യേശുവിനെ അനുഗമിച്ച 12 പേർ, യേശുവിന്റെ 12 അപ്പോസ്തലന്മാർ, പുതിയ യരുശലേമിന്റെ ‘12 അടിസ്ഥാനശിലകൾ’ ആയിരിക്കണമെന്ന് യഹോവ ഉദ്ദേശിച്ചിരുന്നതായി കാണപ്പെടുന്നു. (വെളി. 21:2, 14) “അവന്റെ മേൽവിചാരകസ്ഥാനം മറ്റൊരാൾ ഏറ്റെടുക്കട്ടെ” എന്ന പ്രവചനം യൂദാസിനെക്കുറിച്ച് ഉള്ളതായിരുന്നുവെന്ന് മനസ്സിലാക്കാൻ ദൈവം പത്രോസിനെ സഹായിക്കുകയായിരുന്നു.—സങ്കീ. 109:8.
21 പുതിയ അപ്പോസ്തലനെ എങ്ങനെയാണ് തിരഞ്ഞെടുത്തത്? ബൈബിൾക്കാലങ്ങളിൽ നറുക്കിടുന്നത് ഒരു സാധാരണ രീതിയായിരുന്നു. ഇവിടെയും അതുതന്നെയാണ് ചെയ്തത്. (സുഭാ. 16:33) എന്നാൽ നറുക്കിന്റെ ഇത്തരത്തിലുള്ള ഉപയോഗത്തെക്കുറിച്ച് ബൈബിളിൽ കാണുന്ന അവസാനത്തെ പരാമർശമാണിത്. തെളിവനുസരിച്ച്, പരിശുദ്ധാത്മാവ് പകരപ്പെട്ടതോടെ ഈ രീതി മേലാൽ ആവശ്യമില്ലാതായിത്തീർന്നു. ആകട്ടെ, ഈ സാഹചര്യത്തിൽ അപ്പോസ്തലന്മാർ അങ്ങനെ ചെയ്തതിന്റെ കാരണമെന്തായിരുന്നു? അപ്പോസ്തലന്മാരുടെ പ്രാർഥന ശ്രദ്ധിക്കുക: “എല്ലാവരുടെയും ഹൃദയങ്ങളെ അറിയുന്ന യഹോവേ, . . . ഈ രണ്ടു പുരുഷന്മാരിൽ ആരെയാണ് അങ്ങ് തിരഞ്ഞെടുത്തിരിക്കുന്നതെന്നു കാണിച്ചുതരേണമേ.” (പ്രവൃ. 1:23-25) പുതിയ അപ്പോസ്തലൻ ആരായാലും അയാൾ യഹോവ തിരഞ്ഞെടുക്കുന്ന ആളായിരിക്കണം എന്ന് അവർ ആഗ്രഹിച്ചു. മത്ഥിയാസിന് നറുക്കു വീണു. അങ്ങനെയാണ് മത്ഥിയാസ് ‘12 അപ്പോസ്തലന്മാരിൽ’ ഒരാളായത്. c സാധ്യതയനുസരിച്ച്, യേശു പ്രസംഗിക്കാൻ അയച്ച 70 ശിഷ്യന്മാരിൽ ഒരാളായിരുന്നു മത്ഥിയാസ്.—പ്രവൃ. 6:2.
22, 23. ഇന്ന് സഭയിൽ നേതൃത്വം വഹിക്കുന്നവരെ നാം അനുസരിക്കുകയും അവർക്കു കീഴ്പെടുകയും ചെയ്യേണ്ടത് എന്തുകൊണ്ട്?
22 ദൈവജനത്തിനിടയിൽ സംഘാടനം എത്ര പ്രധാനമാണെന്ന് നമ്മെ ഓർമിപ്പിക്കുന്നതാണ് മേൽപ്പറഞ്ഞ സംഭവം. ഇന്നും, ക്രിസ്തീയ സഭയിൽ മേൽവിചാരകന്മാരായി സേവിക്കുന്നതിന് പക്വതയുള്ള പുരുഷന്മാരെ തിരഞ്ഞെടുക്കാറുണ്ട്. മേൽവിചാരകന്മാർക്കുവേണ്ട തിരുവെഴുത്തു യോഗ്യതകൾ ശ്രദ്ധാപൂർവം വിലയിരുത്തിയശേഷം മൂപ്പന്മാർ പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനായി പ്രാർഥിക്കുന്നു. അതുകൊണ്ട് പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെട്ടവരായിട്ടാണ് അത്തരം പുരുഷന്മാരെ സഭ കാണുന്നത്. അവരുടെ നേതൃത്വത്തിന് കീഴ്പെട്ടിരിക്കുകയും അവരെ അനുസരിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ധർമം. അത് സഭയിൽ ഐക്യവും സഹകരണവും ഊട്ടിവളർത്തും.—എബ്രാ. 13:17.
23 യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിക്കുകയും സംഘടനാപരമായ മാറ്റങ്ങൾ നേരിൽ കാണുകയും ചെയ്തത് അടുത്തതായി നടക്കാനിരുന്ന ഒരു സുപ്രധാന സംഭവത്തിനായി ശിഷ്യന്മാരെ സജ്ജരാക്കി. ആ സംഭവത്തെക്കുറിച്ചു ചർച്ചചെയ്യുന്നതാണ് അടുത്ത അധ്യായം.
a “ബഹുമാനപ്പെട്ട തെയോഫിലൊസ്” എന്നാണ് ലൂക്കോസ് ഈ വ്യക്തിയെ തന്റെ സുവിശേഷത്തിൽ സംബോധന ചെയ്യുന്നത്. ആ സമയത്ത് അയാൾ അവിശ്വാസിയും സമൂഹത്തിലെ ഒരു പ്രമുഖ വ്യക്തിയും ആയിരുന്നിരിക്കണം എന്ന് ചിലർ നിഗമനംചെയ്യാൻ ഇത് ഇടയാക്കിയിരിക്കുന്നു. (ലൂക്കോ. 1:1) എന്നാൽ പ്രവൃത്തികളുടെ പുസ്തകത്തിൽ “തെയോഫിലൊസേ” എന്നാണ് ലൂക്കോസ് അയാളെ സംബോധന ചെയ്യുന്നത്. ആദരസൂചകമായ ഒരു സംബോധന ഒഴിവാക്കിയിട്ട്, ഇത്തരത്തിൽ ഒരു ആത്മീയസഹോദരന് എന്നപോലെ ഈ വിവരണം എഴുതിയിരിക്കുന്നത്, ലൂക്കോസിന്റെ സുവിശേഷം വായിച്ചശേഷം അയാൾ ഒരു വിശ്വാസിയായിത്തീർന്നതുകൊണ്ട് ആയിരിക്കാമെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.
b ‘വിധം’ എന്നർഥം വരുന്ന ട്രോപൊസ് എന്ന ഗ്രീക്ക് പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്; ‘രൂപം’ എന്നതിനെ കുറിക്കുന്ന മോർഫെ എന്ന പദമല്ല.
c പിന്നീട് പൗലോസിനെ “ജനതകളുടെ അപ്പോസ്തലൻ” ആയി നിയമിച്ചെങ്കിലും 12 അപ്പോസ്തലന്മാരുടെ കൂട്ടത്തിൽ പൗലോസിനെ ഉൾപ്പെടുത്തിയിരുന്നില്ല. (റോമ. 11:13; 1 കൊരി. 15:4-8) യേശുവിന്റെ ശുശ്രൂഷക്കാലത്ത് പൗലോസ് യേശുവിനോടൊപ്പം ഇല്ലാതിരുന്നതുകൊണ്ടുതന്നെ പൗലോസിന് ആ പ്രത്യേകപദവി ലഭിക്കുന്നതിനുള്ള യോഗ്യതയും ഇല്ലായിരുന്നു.