അധ്യായം 5
“ദൈവത്തെയാണ് അധിപതിയായി അനുസരിക്കേണ്ടത്”
അപ്പോസ്തലന്മാർ എല്ലാ സത്യക്രിസ്ത്യാനികൾക്കും മാതൃകയായിരിക്കേണ്ട ഒരു നിലപാട് സ്വീകരിക്കുന്നു
ആധാരം: പ്രവൃത്തികൾ 5:12–6:7
1-3. (എ) അപ്പോസ്തലന്മാരെ സൻഹെദ്രിന്റെ മുമ്പിൽ ഹാജരാക്കിയത് എന്തുകൊണ്ട്, ആത്യന്തികമായി അതിൽ ഉൾപ്പെട്ടിരുന്ന സംഗതി എന്തായിരുന്നു? (ബി) അപ്പോസ്തലന്മാരുടെ നിലപാട് നമുക്കു താത്പര്യമുള്ള വിഷയമായിരിക്കുന്നത് എന്തുകൊണ്ട്?
സൻഹെദ്രിനിലെ അംഗങ്ങൾ കോപംകൊണ്ടു ജ്വലിക്കുകയാണ്! യേശുവിന്റെ അപ്പോസ്തലന്മാർ വിചാരണയ്ക്കായി ആ കോടതിമുമ്പാകെ നിൽക്കുന്നു. എന്താണ് കാരണം? മഹാപുരോഹിതനും സൻഹെദ്രിന്റെ അധ്യക്ഷനുമായ യോസേഫ് കയ്യഫ ശക്തമായ ഭാഷയിൽ അവരോട് ഇങ്ങനെ പറയുന്നു: “ഈ നാമത്തിൽ ഇനി പഠിപ്പിക്കരുതെന്നു ഞങ്ങൾ നിങ്ങളോടു കർശനമായി ആജ്ഞാപിച്ചതല്ലേ?” യേശുവിനോടുള്ള ദേഷ്യവും വെറുപ്പും കാരണം ആ പേര് ഉച്ചരിക്കാൻപോലും അയാൾ കൂട്ടാക്കുന്നില്ല. തുടർന്ന് അയാൾ ഇങ്ങനെ പറയുന്നു: “എന്നിട്ടും നിങ്ങൾ യരുശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ട് നിറച്ചിരിക്കുന്നു. ആ മനുഷ്യന്റെ മരണത്തിനു ഞങ്ങളെ ഉത്തരവാദികളാക്കാൻ നിങ്ങൾ തീരുമാനിച്ചിരിക്കുകയാണല്ലേ?” (പ്രവൃ. 5:28) അയാൾ പറഞ്ഞതിന്റെ സാരം ഇതായിരുന്നു: പ്രസംഗം നിറുത്തുക; അല്ലെങ്കിൽ ശിക്ഷ അനുഭവിക്കേണ്ടിവരും!
2 അപ്പോസ്തലന്മാർ ഇപ്പോൾ എന്തു നിലപാട് എടുക്കുമായിരുന്നു? യേശുവാണ് പ്രസംഗിക്കാനുള്ള നിയമനം അവർക്കു നൽകിയത്; യേശുവാകട്ടെ, ദൈവം അധികാരപ്പെടുത്തിയ വ്യക്തിയും. (മത്താ. 28:18-20) അപ്പോസ്തലന്മാർ മനുഷ്യഭയത്തിനു വശംവദരായി മൗനംപാലിക്കുമോ? അതോ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് പ്രസംഗം തുടരാൻ ധൈര്യം കാണിക്കുമോ? ആത്യന്തികമായി അതിൽ ഉൾപ്പെട്ടിരുന്ന സംഗതി ഇതാണ്: അവർ ആരെ അനുസരിക്കും, ദൈവത്തെയോ മനുഷ്യരെയോ? യാതൊരു സന്ദേഹവുമില്ലാതെ എല്ലാ അപ്പോസ്തലന്മാർക്കുംവേണ്ടി പത്രോസ് മറുപടി പറഞ്ഞു. ധൈര്യത്തോടെയുള്ള പത്രോസിന്റെ വാക്കുകൾ വ്യക്തവും ശക്തവും ആയിരുന്നു.
3 സൻഹെദ്രിന്റെ ഭീഷണികളെ അപ്പോസ്തലന്മാർ എങ്ങനെ നേരിട്ടുവെന്നത് സത്യക്രിസ്ത്യാനികളായ നമുക്ക് അങ്ങേയറ്റം താത്പര്യമുള്ള വിഷയമാണ്. പ്രസംഗിക്കാനുള്ള നിയമനം നമുക്കുമുണ്ട്. ഈ ദിവ്യനിയമനം നിറവേറ്റാൻ ശ്രമിക്കവെ, നമുക്കും എതിർപ്പു നേരിട്ടേക്കാം. (മത്താ. 10:22) പ്രസംഗവേലയ്ക്ക് വിലക്ക് ഏർപ്പെടുത്താനോ അതു നിരോധിക്കാനോ എതിരാളികൾ ശ്രമിച്ചേക്കാം. അപ്പോൾ നാം എന്തു ചെയ്യും? അപ്പോസ്തലന്മാരുടെ നിലപാടിനെയും സൻഹെദ്രിന്റെ മുമ്പാകെ അവർ വിചാരണ ചെയ്യപ്പെടുന്നതിലേക്കു നയിച്ച സാഹചര്യത്തെയും കുറിച്ചു പരിചിന്തിക്കുന്നത് നമുക്കു പ്രയോജനം ചെയ്യും. a
‘യഹോവയുടെ ദൂതൻ വാതിൽ തുറന്നു’ (പ്രവൃ. 5:12-21എ)
4, 5. കയ്യഫയും സദൂക്യരും ‘അസൂയ നിറഞ്ഞവരായിത്തീർന്നത്’ എന്തുകൊണ്ട്?
4 യേശുവിന്റെ നാമത്തിൽ മേലാൽ പ്രസംഗിക്കരുതെന്ന് സൻഹെദ്രിൻ ആദ്യം കല്പിച്ചപ്പോൾ പത്രോസും യോഹന്നാനും പറഞ്ഞത് ഓർക്കുക: “ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു കഴിയില്ല.” (പ്രവൃ. 4:20) ആ സംഭവത്തിനുശേഷം അവർ മറ്റ് അപ്പോസ്തലന്മാരോടൊപ്പം ദേവാലയത്തിൽച്ചെന്ന് വീണ്ടും പ്രസംഗിക്കാൻ തുടങ്ങി. രോഗികളെ സുഖപ്പെടുത്തുന്നതും ഭൂതങ്ങളെ പുറത്താക്കുന്നതും പോലുള്ള വലിയ അത്ഭുതങ്ങൾ അവർ പ്രവർത്തിച്ചു. ജൂതന്മാർ സാധാരണമായി കൂടിവരാറുള്ള, ദേവാലയത്തിന്റെ കിഴക്കുഭാഗത്തെ ‘ശലോമോന്റെ മണ്ഡപത്തിൽവെച്ചാണ്’ അവർ അതു ചെയ്തത്. എന്തിന്, പത്രോസിന്റെ നിഴൽപോലും രോഗസൗഖ്യം വരുത്തിയിട്ടുണ്ടാവണം! സുഖംപ്രാപിച്ച പലരും ആത്മീയ സൗഖ്യമേകുന്ന വചനങ്ങൾ ശ്രദ്ധിച്ചു. അങ്ങനെ, “കർത്താവിൽ വിശ്വസിച്ച സ്ത്രീപുരുഷന്മാരുടെ എണ്ണം കൂടിക്കൂടിവന്നു.”—പ്രവൃ. 5:12-15.
5 കയ്യഫയും അയാൾ ഉൾപ്പെട്ടിരുന്ന സദൂക്യഗണവും ‘അസൂയ മൂത്ത്’ അപ്പോസ്തലന്മാരെ പിടിച്ചു ജയിലിലടച്ചു. (പ്രവൃ. 5:17, 18) സദൂക്യരെ രോഷംകൊള്ളിച്ചത് എന്തായിരുന്നു? യേശു പുനരുത്ഥാനം പ്രാപിച്ചെന്നും യേശുവിൽ വിശ്വസിച്ചാൽമാത്രമേ രക്ഷപ്രാപിക്കാൻ സാധിക്കുവെന്നും അപ്പോസ്തലന്മാർ പഠിപ്പിച്ചിരുന്നു. എന്നാൽ സദൂക്യർ പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നില്ല. മാത്രമല്ല, ജനങ്ങൾ യേശുവിനെ നേതാവായി സ്വീകരിച്ചാൽ റോമാക്കാരുടെ പ്രതികാരത്തിന് ഇരയാകേണ്ടിവരുമെന്ന ഭയവും അവർക്കുണ്ടായിരുന്നു. (യോഹ. 11:48) സദൂക്യർ അപ്പോസ്തലന്മാരുടെ വായടയ്ക്കാൻ തുനിഞ്ഞിറങ്ങിയതിൽ ഒട്ടും അതിശയിക്കാനില്ല.
6. യഹോവയുടെ ദാസന്മാരെ ഉപദ്രവിക്കുന്നതിന് ഇന്ന് മുഖ്യമായും പ്രേരണചെലുത്തുന്നത് ആരാണ്, ഇതു നമ്മെ അതിശയിപ്പിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
6 ഇന്നും യഹോവയുടെ ദാസന്മാരെ ഉപദ്രവിക്കുന്നതിന് മുഖ്യമായും പ്രേരണചെലുത്തുന്നത് മതമണ്ഡലത്തിൽനിന്നുള്ള എതിരാളികൾ തന്നെയാണ്. ഗവൺമെന്റുതലത്തിലുള്ള സ്വാധീനവും അതുപോലെ മാധ്യമങ്ങളെയും ഉപയോഗിച്ച് പലപ്പോഴും അവർ നമ്മുടെ പ്രസംഗവേലയ്ക്ക് തടയിടാൻ ശ്രമിക്കുന്നു. ഇതിൽ നാം ആശ്ചര്യപ്പെടേണ്ടതുണ്ടോ? ഇല്ല. വ്യാജമതത്തിന്റെ കാപട്യം തുറന്നുകാണിക്കുന്നതാണ് നമ്മുടെ സന്ദേശം. ആത്മാർഥതയുള്ള ആളുകൾ സത്യം സ്വീകരിക്കുന്നതിലൂടെ ബൈബിൾവിരുദ്ധമായ വിശ്വാസങ്ങളിൽനിന്നും ആചാരങ്ങളിൽനിന്നും സ്വതന്ത്രരാകുന്നു. (യോഹ. 8:32) നമ്മുടെ സന്ദേശം മതനേതാക്കന്മാരിൽ അസൂയയും വെറുപ്പും ഉളവാക്കുന്നതിൽ അത്ഭുതപ്പെടാനില്ല!
7, 8. ദൂതന്മാർ നൽകിയ നിർദേശം അപ്പോസ്തലന്മാരിൽ എന്തു ഫലം ഉളവാക്കി, നാം നമ്മോടുതന്നെ ഏതു ചോദ്യം ചോദിക്കണം?
7 വിചാരണകാത്ത് തടവിൽ കഴിയവെ, ശത്രുക്കളുടെ കയ്യാൽ രക്തസാക്ഷിത്വം വരിക്കേണ്ടിവരുമെന്ന് അപ്പോസ്തലന്മാർ ചിന്തിച്ചിരിക്കാം. (മത്താ. 24:9) പക്ഷേ, അന്നു രാത്രി തികച്ചും അസാധാരണമായ ഒരു സംഭവം ഉണ്ടായി—‘യഹോവയുടെ ദൂതൻ ജയിലിന്റെ വാതിൽ തുറന്ന് അവരെ പുറത്ത് കൊണ്ടുവന്നു.’ b (പ്രവൃ. 5:19) തുടർന്ന്, “ദേവാലയത്തിൽ ചെന്ന് ജീവന്റെ വചനങ്ങളെല്ലാം ജനത്തെ അറിയിക്കുക” എന്ന വ്യക്തമായ നിർദേശം ദൂതൻ അവർക്കു നൽകി. (പ്രവൃ. 5:20) തങ്ങൾ ചെയ്തുകൊണ്ടിരുന്നത് ശരിയായിരുന്നെന്ന് ആ ദൂതന്റെ വാക്കുകൾ അപ്പോസ്തലന്മാരെ ബോധ്യപ്പെടുത്തി എന്നതിനു സംശയമില്ല. മാത്രമല്ല, എന്തൊക്കെ സംഭവിച്ചാലും ഉറച്ചുനിൽക്കാൻ അത് അവർക്ക് കരുത്തു പകരുകയും ചെയ്തിരിക്കണം. അങ്ങനെ, അവർ ഉറച്ച വിശ്വാസത്തോടും ധൈര്യത്തോടും കൂടെ “അതിരാവിലെ ദേവാലയത്തിൽ ചെന്ന് പഠിപ്പിക്കാൻതുടങ്ങി.”—പ്രവൃ. 5:21.
8 ‘സമാനമായ സാഹചര്യങ്ങളിൽ പ്രസംഗവേല തുടരാൻ ആവശ്യമായ വിശ്വാസവും ധൈര്യവും എനിക്കുണ്ടോ?’ എന്ന് നാം നമ്മോടുതന്നെ ചോദിക്കണം. ‘ദൈവരാജ്യത്തെക്കുറിച്ച് സമഗ്രമായി അറിയിക്കുകയെന്ന’ ഈ സുപ്രധാന വേലയ്ക്ക് ദൂതന്മാരുടെ പിന്തുണയും വഴിനടത്തിപ്പും ഉണ്ടെന്ന അറിവ് നമുക്കു കരുത്തു പകരും.—പ്രവൃ. 28:23; വെളി. 14:6, 7.
“ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയാണ് അനുസരിക്കേണ്ടത്” (പ്രവൃ. 5:21ബി-33)
9-11. പ്രസംഗം നിറുത്താൻ സൻഹെദ്രിൻ കർശനമായി കല്പിച്ചപ്പോൾ അപ്പോസ്തലന്മാർ എങ്ങനെ പ്രതികരിച്ചു, ഇത് ക്രിസ്ത്യാനികൾക്ക് ഒരു മാതൃകയായിരിക്കുന്നത് എങ്ങനെ?
9 കയ്യഫയും സൻഹെദ്രിനിലെ മറ്റുള്ളവരും അപ്പോസ്തലന്മാരെ വിചാരണ ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ്. സംഭവിച്ചതൊന്നും അറിയാതെ, ആ തടവുകാരെ കോടതിമുമ്പാകെ ഹാജരാക്കാൻ അവർ ഭടന്മാരെ ജയിലിലേക്ക് അയയ്ക്കുന്നു. അവർ ചെന്നപ്പോൾ “ജയിൽ ഭദ്രമായി പൂട്ടിക്കിടക്കുന്നതാണു കണ്ടത്, കാവൽഭടന്മാർ വാതിൽക്കൽ നിൽക്കുന്നുമുണ്ടായിരുന്നു.” പക്ഷേ, തടവുകാരെ കാണാനില്ല! അപ്പോൾ ഭടന്മാർക്കുണ്ടായ അമ്പരപ്പ് ഒന്ന് ആലോചിച്ചുനോക്കൂ! (പ്രവൃ. 5:23) അപ്പോസ്തലന്മാർ ദേവാലയത്തിൽ യേശുക്രിസ്തുവിനെക്കുറിച്ച് സാക്ഷീകരിക്കുകയാണെന്ന് പെട്ടെന്നുതന്നെ കാവൽക്കാരുടെ മേധാവിക്ക് അറിവു ലഭിക്കുന്നു. ഇതേ കാര്യത്തിനാണ് അവരെ തടവിലാക്കിയിരുന്നതെന്ന് ഓർക്കണം! ഉടനെ കാവൽക്കാരുടെ മേധാവി തന്റെ ഭടന്മാരോടൊപ്പം ദേവാലയത്തിലേക്കു ചെന്ന് തടവുകാരെ പിടിച്ച് സൻഹെദ്രിന്റെ മുമ്പാകെ കൊണ്ടുവരുന്നു.
10 കോപാക്രാന്തരായ മതനേതാക്കന്മാർ, പ്രസംഗം നിറുത്താൻ അപ്പോസ്തലന്മാരോട് കർശനമായി കല്പിച്ചതിനെക്കുറിച്ച് ഈ അധ്യായത്തിന്റെ തുടക്കത്തിൽ നാം കണ്ടിരുന്നല്ലോ. എന്നാൽ അപ്പോസ്തലന്മാരുടെ പ്രതികരണം എന്തായിരുന്നു? അവരെയെല്ലാം പ്രതിനിധാനംചെയ്ത് പത്രോസ് ധൈര്യത്തോടെ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ മനുഷ്യരെയല്ല, ദൈവത്തെയാണ് അധിപതിയായി അനുസരിക്കേണ്ടത്.” (പ്രവൃ. 5:29, അടിക്കുറിപ്പ്) എക്കാലത്തെയും ക്രിസ്ത്യാനികൾക്ക് അനുകരിക്കാനുള്ള ഒരു മാതൃകയായി അത് നിലകൊള്ളുന്നു. ഭരണാധികാരികൾ ദൈവം ആവശ്യപ്പെടുന്നത് വിലക്കുകയോ ദൈവം വിലക്കുന്നത് ആവശ്യപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ അവരെ അനുസരിക്കാൻ നാം ബാധ്യസ്ഥരല്ല. അതുകൊണ്ട് “ഉന്നതാധികാരികൾ” നമ്മുടെ സാക്ഷീകരണവേല നിരോധിച്ചാലും സന്തോഷവാർത്ത പ്രസംഗിക്കുകയെന്ന ദിവ്യനിയോഗം നാം നിറവേറ്റുകതന്നെചെയ്യും. (റോമ. 13:1) ദൈവരാജ്യത്തെക്കുറിച്ചു സമഗ്രമായി അറിയിക്കാൻ നാം വിവേചനയോടെ മറ്റു മാർഗങ്ങൾ തേടുമെന്നുമാത്രം.
11 അപ്പോസ്തലന്മാരുടെ ധീരമായ നിലപാട് സൻഹെദ്രിനിലെ അംഗങ്ങളുടെ രോഷം ആളിക്കത്താൻ ഇടയാക്കി. അവരെ ‘കൊന്നുകളയാൻതന്നെ’ ആ ന്യായാധിപന്മാർ തീരുമാനിച്ചു. (പ്രവൃ. 5:33) രക്തസാക്ഷികളാകേണ്ടിവരുമെന്ന് ധീരരും തീക്ഷ്ണതയുള്ളവരും ആയ ആ രാജ്യഘോഷകർക്ക് ഏറെക്കുറെ ഉറപ്പായി. പക്ഷേ, തികച്ചും അസാധാരണമായ ഒരു വിധത്തിൽ അവർക്ക് സഹായം ലഭിക്കാൻ പോകുകയായിരുന്നു!
പ്രവൃ. 5:34-42)
“നിങ്ങൾക്ക് അതു പരാജയപ്പെടുത്താനാകില്ല” (12, 13. (എ) മറ്റു ന്യായാധിപന്മാർക്ക് ഗമാലിയേൽ എന്ത് ഉപദേശം നൽകി, അവർ എന്തു ചെയ്തു? (ബി) ദുഷ്കരസാഹചര്യങ്ങളിൽ യഹോവ തന്റെ ജനത്തിനുവേണ്ടി എന്തു ചെയ്തേക്കാം, ‘നീതി നിമിത്തം നാം കഷ്ടത സഹിക്കാൻ’ ദൈവം അനുവദിച്ചാൽ ഏതു കാര്യങ്ങൾ സംബന്ധിച്ച് നമുക്ക് ഉറപ്പുള്ളവരായിരിക്കാം?
12 “എല്ലാവരും ആദരിച്ചിരുന്ന, നിയമം പഠിപ്പിക്കുന്ന” ഗമാലിയേൽ അപ്പോസ്തലന്മാർക്കുവേണ്ടി സംസാരിക്കാൻ മുന്നോട്ടുവരുന്നു. c സൻഹെദ്രിനിൽ അദ്ദേഹത്തിന് ആദരണീയമായ ഒരു സ്ഥാനം ഉള്ളതുകൊണ്ടായിരിക്കണം, “അൽപ്പസമയത്തേക്ക് അപ്പോസ്തലന്മാരെ പുറത്ത് നിറുത്താൻ” കല്പിക്കുകപോലും ചെയ്തുകൊണ്ട് അദ്ദേഹം കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നു. (പ്രവൃ. 5:34) നേതാക്കന്മാരുടെ മരണത്തെത്തുടർന്ന് കെട്ടടങ്ങിയ മുൻകാല വിപ്ലവങ്ങളെക്കുറിച്ചു പരാമർശിച്ചശേഷം, അപ്പോസ്തലന്മാരുടെ കാര്യത്തിൽ തത്കാലം അൽപ്പം ക്ഷമയും സഹിഷ്ണുതയും കാണിക്കാൻ ഗമാലിയേൽ കോടതിയോട് അഭ്യർഥിക്കുന്നു; കാരണം അവരുടെ നേതാവ് മരിച്ചിട്ട് അധികമായിട്ടില്ലായിരുന്നു. ബോധ്യംവരുത്തുന്ന വാദമായിരുന്നു ഗമാലിയേലിന്റേത്: “ഈ മനുഷ്യരുടെ കാര്യത്തിൽ ഇടപെടാതെ അവരെ വിട്ടേക്കുക. കാരണം ഈ ആശയവും പ്രവൃത്തിയും ഒക്കെ മനുഷ്യരിൽനിന്നുള്ളതാണെങ്കിൽ അതു താനേ പരാജയപ്പെട്ടുകൊള്ളും. എന്നാൽ ദൈവത്തിൽനിന്നുള്ളതാണെങ്കിൽ നിങ്ങൾക്ക് അതു പരാജയപ്പെടുത്താനാകില്ല. അതു മാത്രമല്ല, നിങ്ങൾ ദൈവത്തോടു പോരാടുന്നവരാണെന്നുവരും.” (പ്രവൃ. 5:38, 39) ന്യായാധിപന്മാർ ആ ഉപദേശം ചെവിക്കൊണ്ടു. എന്നാൽ അപ്പോസ്തലന്മാരെ വിട്ടയയ്ക്കുന്നതിനു മുമ്പായി അവർ അവരെ അടിപ്പിക്കുകയും “യേശുവിന്റെ നാമത്തിൽ സംസാരിക്കരുതെന്ന്” അവരോട് ആജ്ഞാപിക്കുകയും ചെയ്തു.—പ്രവൃ. 5:40.
13 അന്നത്തെപ്പോലെ ഇന്നും, തന്റെ ജനത്തിന് ഗുണംചെയ്യുന്ന വിധത്തിൽ പ്രവർത്തിക്കാൻ യഹോവ ഗമാലിയേലിനെപ്പോലുള്ള ഉന്നത വ്യക്തികളെ ഉപയോഗിച്ചേക്കാം. (സുഭാ. 21:1) ശക്തരായ ഭരണാധികാരികളെയും ന്യായാധിപന്മാരെയും നിയമകർത്താക്കളെയും തന്റെ ഇഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നതിന് യഹോവയ്ക്ക് തന്റെ ആത്മാവിനെ ഉപയോഗിക്കാനാകും. (നെഹ. 2:4-8) എന്നാൽ ‘നീതി നിമിത്തം നാം കഷ്ടത സഹിക്കാൻ’ ദൈവം അനുവദിച്ചാൽത്തന്നെ രണ്ടു കാര്യം സംബന്ധിച്ച് നമുക്ക് ഉറപ്പുള്ളവരായിരിക്കാം. (1 പത്രോ. 3:14) ഒന്ന്, പിടിച്ചുനിൽക്കാൻവേണ്ട ശക്തി ദൈവം നമുക്കു നൽകും. (1 കൊരി. 10:13) രണ്ട്, എതിരാളികൾക്ക് ദൈവത്തിന്റെ പ്രവൃത്തി “പരാജയപ്പെടുത്താനാകില്ല.”—യശ. 54:17.
14, 15. (എ) ദേഹോപദ്രവം സഹിക്കേണ്ടിവന്നിട്ടും അപ്പോസ്തലന്മാരുടെ മനോഭാവം എന്തായിരുന്നു, എന്തുകൊണ്ട്? (ബി) യഹോവയുടെ ജനം സന്തോഷത്തോടെ കഷ്ടത സഹിക്കുന്നവരാണെന്നു കാണിക്കുന്ന ഒരു ഉദാഹരണം പറയുക.
14 ദേഹോപദ്രവം അപ്പോസ്തലന്മാരുടെ മനോവീര്യം കെടുത്തിയോ? അത് അവരുടെ നിശ്ചയദാർഢ്യം ദുർബലമാക്കിയോ? ഒരിക്കലുമില്ല! “സന്തോഷിച്ചുകൊണ്ട് അവർ സൻഹെദ്രിന്റെ മുന്നിൽനിന്ന് പോയി” എന്ന് വിവരണം പറയുന്നു. (പ്രവൃ. 5:41) എന്തുകൊണ്ടാണ് അവർ ‘സന്തോഷിച്ചത്?’ തീർച്ചയായും അടിയുടെ വേദനകൊണ്ടല്ല. യഹോവയോട് വിശ്വസ്തത പാലിക്കുകയും തങ്ങളുടെ മാതൃകാപുരുഷനായ യേശുവിന്റെ കാലടികൾ പിന്തുടരാൻ ശ്രമിക്കുകയും ചെയ്തതുകൊണ്ടാണ് ഉപദ്രവം സഹിക്കേണ്ടിവന്നതെന്ന് അവർക്ക് അറിയാമായിരുന്നു; അതാണ് അവർക്കു സന്തോഷം പകർന്നത്.—മത്താ. 5:11, 12.
15 സന്തോഷവാർത്തയെപ്രതി കഷ്ടതകളുണ്ടായാൽ ഒന്നാം നൂറ്റാണ്ടിലെ നമ്മുടെ സഹോദരങ്ങളെപ്പോലെ സന്തോഷത്തോടെ നാം അത് സഹിക്കും. (1 പത്രോ. 4:12-14) ഭീഷണികളോ ഉപദ്രവങ്ങളോ ജയിൽശിക്ഷയോ ഒന്നും നമുക്കു സന്തോഷം തരുന്ന കാര്യങ്ങളല്ല എന്നതു ശരിതന്നെ. എന്നാൽ അപ്പോഴും വിശ്വസ്തത പാലിക്കുന്നെങ്കിൽ അത് നമുക്ക് ആത്മസംതൃപ്തി പകരും. സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കു കീഴിൽ വർഷങ്ങളോളം കടുത്ത ഉപദ്രവം സഹിക്കേണ്ടിവന്ന ആളാണ് ഹെൻറിക് ഡോർനിക്. 1944 ആഗസ്റ്റിൽ അദ്ദേഹത്തെയും സഹോദരനെയും തടങ്കൽപ്പാളയത്തിലേക്ക് അയയ്ക്കാൻ അധികാരികൾ തീരുമാനിച്ചു. അന്ന് എതിരാളികൾ ഇങ്ങനെ പറഞ്ഞതായി അദ്ദേഹം റിപ്പോർട്ടു ചെയ്യുന്നു: “പ്രേരണചെലുത്തി ഇവരെ എന്തിനെങ്കിലും സമ്മതിപ്പിക്കുക അസാധ്യമാണ്. രക്തസാക്ഷികളാകേണ്ടിവന്നാൽ അവർക്ക് അതിൽ സന്തോഷമേയുള്ളൂ.” അതേക്കുറിച്ച് ഡോർനിക് സഹോദരൻ പറഞ്ഞതു ശ്രദ്ധിക്കുക: “ഒരു രക്തസാക്ഷിയാകണമെന്ന മോഹമൊന്നും ഇല്ലായിരുന്നെങ്കിലും യഹോവയോടുള്ള വിശ്വസ്തത കാക്കുന്നതിന് ധീരതയോടെ, അന്തസ്സായി കഷ്ടത സഹിക്കാൻ എനിക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.”—യാക്കോ. 1:2-4.
16. സന്തോഷവാർത്ത സമഗ്രമായി അറിയിക്കാൻ തങ്ങൾ ദൃഢചിത്തരാണെന്ന് അപ്പോസ്തലന്മാർ കാണിച്ചത് എങ്ങനെ, അവരുടെ പ്രസംഗരീതി ഇന്നു നാം അനുകരിക്കുന്നത് എങ്ങനെ?
16 സാക്ഷീകരണം പുനരാരംഭിക്കുന്നതിന് അപ്പോസ്തലന്മാർ ഒട്ടും അമാന്തിച്ചില്ല. “അവർ ദിവസവും ദേവാലയത്തിലും വീടുതോറും ക്രിസ്തുവായ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത” ധൈര്യസമേതം ഘോഷിച്ചു. d (പ്രവൃ. 5:42) തീക്ഷ്ണരായ ഈ രാജ്യഘോഷകർ, സമഗ്രമായി സന്തോഷവാർത്ത അറിയിക്കാൻ ദൃഢചിത്തരായിരുന്നു. അതിനുവേണ്ടി അവർ, യേശുക്രിസ്തു കല്പിച്ചതനുസരിച്ച് വീടുതോറും പോയി. (മത്താ. 10:7, 11-14) അങ്ങനെയാണ് അവർ യരുശലേമിനെ തങ്ങളുടെ ഉപദേശംകൊണ്ട് നിറച്ചത്. അപ്പോസ്തലന്മാരുടെ ഈ രീതി പിൻപറ്റുന്നതിനു പേരുകേട്ടവരാണ് യഹോവയുടെ സാക്ഷികൾ. സന്തോഷവാർത്ത കേൾക്കാനുള്ള അവസരം എല്ലാവർക്കും നൽകാനായി പ്രദേശത്തെ ഓരോ വീടും സന്ദർശിച്ചുകൊണ്ട് സമഗ്രമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് നാമും തെളിയിക്കുന്നു. വീടുതോറുമുള്ള ഈ വേലയുടെമേൽ യഹോവയുടെ അനുഗ്രഹമുണ്ടോ? തീർച്ചയായും! ഈ അവസാനകാലത്ത്, ദശലക്ഷങ്ങളാണ് രാജ്യസന്ദേശം സ്വീകരിച്ചിരിക്കുന്നത്; അവരിൽ അനേകരും ആദ്യമായി സന്തോഷവാർത്ത കേട്ടത് സാക്ഷികൾ അവരുടെ വീട്ടിൽ ചെന്നപ്പോഴാണ്.
‘പ്രധാനപ്പെട്ട കാര്യം’ നിർവഹിക്കാനായി യോഗ്യതയുള്ള പുരുഷന്മാർ (പ്രവൃ. 6:1-6)
17-19. ഭിന്നതയുണ്ടാക്കുമായിരുന്ന ഏതു പ്രശ്നം ക്രിസ്തീയ സഭയിൽ സംജാതമായി, അതു പരിഹരിക്കാൻ അപ്പോസ്തലന്മാർ എന്തു നിർദേശമാണ് മുന്നോട്ടുവെച്ചത്?
17 ഇപ്പോൾ, പുതുതായി സ്ഥാപിതമായ സഭയുടെ ഐക്യത്തിന് ഭീഷണി ഉയർത്താൻപോന്ന ഒരു പ്രശ്നം ക്രിസ്തീയ സഭയ്ക്ക് ഉള്ളിൽനിന്നുതന്നെ ഉയർന്നുവരുന്നു! എന്തായിരുന്നു അത്? സ്നാനമേറ്റ് ശിഷ്യരായിത്തീർന്ന പലരും യരുശലേമിൽനിന്നുള്ളവരായിരുന്നില്ല. സ്വദേശത്തേക്കു മടങ്ങിപ്പോകുന്നതിനുമുമ്പ് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ അവർ ആഗ്രഹിച്ചു. അവരുടെ ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുംവേണ്ട പണം യരുശലേമിലെ ശിഷ്യന്മാർ മനസ്സോടെ ദാനംചെയ്തു. (പ്രവൃ. 2:44-46; 4:34-37) എന്നാൽ ഇപ്പോൾ, “ദിവസവുമുള്ള ഭക്ഷ്യവിതരണത്തിൽ” ഗ്രീക്ക് ഭാഷ സംസാരിക്കുന്ന വിധവമാർ അവഗണിക്കപ്പെടുകയും എബ്രായ ഭാഷ സംസാരിക്കുന്ന വിധവമാർക്ക് പരിഗണന ലഭിക്കുകയും ചെയ്യുന്നതായി ഒരു പരാതി ഉയർന്നുവരുന്നു. (പ്രവൃ. 6:1) അതെ, പക്ഷഭേദം കാണിച്ചു എന്നതായിരുന്നു പ്രശ്നം. ഭിന്നതയ്ക്ക് ഇടയാക്കാവുന്ന വലിയൊരു പ്രശ്നമായിരുന്നു അത്. അതുകൊണ്ട് അത് നയപൂർവം കൈകാര്യം ചെയ്യേണ്ടിയിരുന്നു.
18 വളർന്നുകൊണ്ടിരിക്കുന്ന ക്രിസ്തീയ സഭയുടെ ഭരണസംഘമായി പ്രവർത്തിച്ചിരുന്ന അപ്പോസ്തലന്മാർ, തങ്ങൾ “ദൈവവചനം പഠിപ്പിക്കുന്നതു നിറുത്തിയിട്ട് . . . ഭക്ഷണം വിളമ്പാൻ പോകുന്നതു ശരിയല്ല” എന്ന് തിരിച്ചറിഞ്ഞു. (പ്രവൃ. 6:2) പ്രശ്നം പരിഹരിക്കുന്നതിനായി അപ്പോസ്തലന്മാർ എന്താണ് ചെയ്തത്? ഈ “പ്രധാനപ്പെട്ട കാര്യത്തിനുവേണ്ടി” “ദൈവാത്മാവും ജ്ഞാനവും നിറഞ്ഞ” ഏഴു പുരുഷന്മാരെ കണ്ടെത്താൻ അവർ ശിഷ്യന്മാരോട് ആവശ്യപ്പെട്ടു. (പ്രവൃ. 6:3) യോഗ്യരായ പുരുഷന്മാരെത്തന്നെ നിയമിക്കണമായിരുന്നു; കാരണം, സാധ്യതയനുസരിച്ച് ഭക്ഷ്യവിതരണം മാത്രമല്ല, പണം കൈകാര്യം ചെയ്യുന്നതും സാധനങ്ങൾ വാങ്ങുന്നതും കൃത്യമായ രേഖ സൂക്ഷിക്കുന്നതുമെല്ലാം അതിൽ ഉൾപ്പെട്ടിരുന്നു. തിരഞ്ഞെടുക്കപ്പെട്ട പുരുഷന്മാർക്കെല്ലാം ഗ്രീക്ക് പേരുകളാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് വിവേചനത്തിന് ഇരയായ വിധവമാർക്ക് അവർ കൂടുതൽ സ്വീകാര്യരായിരുന്നിരിക്കണം. ശുപാർശകൾ പ്രാർഥനാപൂർവം വിലയിരുത്തിയശേഷം അപ്പോസ്തലന്മാർ ആ ഏഴു പേരെ അതിനായി നിയമിച്ചു. e
19 ഭക്ഷ്യവിതരണത്തിന്റെ ചുമതല ലഭിച്ചു എന്നത് ആ ഏഴു പുരുഷന്മാരെ സന്തോഷവാർത്ത പ്രസംഗിക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാക്കിയോ? ഒരിക്കലുമില്ല! തിരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാൾ സ്തെഫാനൊസ് ആയിരുന്നു. ധീരനും പ്രഗത്ഭനും ആയ ഒരു രാജ്യഘോഷകനായിട്ടാണ് ബൈബിൾ സ്തെഫാനൊസിനെ തിരിച്ചറിയിക്കുന്നത്. (പ്രവൃ. 6:8-10) ഫിലിപ്പോസും ആ ഏഴു പേരിൽപ്പെടുന്നു. തിരുവെഴുത്തുകൾ ഫിലിപ്പോസിനെ ‘സുവിശേഷകൻ’ എന്നാണു വിളിക്കുന്നത്. (പ്രവൃ. 21:8) അതൊക്കെയും കാണിക്കുന്നത്, ആ ഏഴു പുരുഷന്മാർ രാജ്യഘോഷണത്തിൽ തീക്ഷ്ണതയോടെ പങ്കെടുക്കുന്നതിൽ തുടർന്നു എന്നാണ്.
20. ഇന്ന് യഹോവയുടെ സാക്ഷികൾ അപ്പോസ്തലന്മാർവെച്ച മാതൃക പിന്തുടരുന്നത് എങ്ങനെ?
20 ഇന്ന് യഹോവയുടെ സാക്ഷികൾ, അപ്പോസ്തലന്മാർവെച്ച മാതൃകയാണ് പിന്തുടരുന്നത്. സഭയിലെ ഉത്തരവാദിത്വങ്ങൾക്കായി ശുപാർശചെയ്യപ്പെടുന്ന സഹോദരങ്ങൾ, ദൈവികജ്ഞാനം പ്രകടിപ്പിക്കുകയും പരിശുദ്ധാത്മാവ് തങ്ങളിൽ പ്രവർത്തിക്കുന്നുണ്ട് എന്നതിനു തെളിവുനൽകുകയും വേണം. തിരുവെഴുത്തു യോഗ്യതകളിൽ എത്തിച്ചേരുന്ന പുരുഷന്മാരെ ഭരണസംഘത്തിന്റെ മേൽനോട്ടത്തിൽ മൂപ്പന്മാരോ ശുശ്രൂഷാദാസന്മാരോ ആയി നിയമിക്കുന്നു. f (1 തിമൊ. 3:1-9, 12, 13) ഇവർ നിയമിക്കപ്പെടുന്നത് പരിശുദ്ധാത്മാവിനാലാണ് എന്നു പറയാനാകും. കഠിനാധ്വാനികളായ ഈ പുരുഷന്മാർ ധാരാളം ‘പ്രധാനപ്പെട്ട കാര്യങ്ങൾ’ നിർവഹിക്കുന്നു. ഉദാഹരണത്തിന്, സഭയിലെ പ്രായമേറിയ വിശ്വസ്ത സഹോദരങ്ങൾക്ക് സഹായം ആവശ്യമായിവരുന്ന ചില സാഹചര്യങ്ങളിൽ മൂപ്പന്മാർ അതിനുള്ള ക്രമീകരണം ചെയ്യാറുണ്ട്. (യാക്കോ. 1:27) ചില മൂപ്പന്മാർ രാജ്യഹാളുകളുടെ നിർമാണത്തിലും കൺവെൻഷനുകൾ സംഘടിപ്പിക്കുന്നതിലും സജീവമായി പങ്കെടുക്കുന്നു. മറ്റു ചിലർ, ആശുപത്രി ഏകോപനസമിതിയോടൊത്ത് പ്രവർത്തിക്കുന്നു. ശുശ്രൂഷാദാസന്മാരാകട്ടെ, ഇടയവേലയോ പഠിപ്പിക്കലോ നേരിട്ട് ഉൾപ്പെട്ടിട്ടില്ലാത്ത നിരവധി ചുമതലകൾ നിർവഹിക്കുന്നു. എന്നാൽ ഈ നിയമിത പുരുഷന്മാരെല്ലാവരും, സഭാപരവും സംഘടനാപരവും ആയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുമ്പോൾത്തന്നെ, ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുക എന്ന തങ്ങളുടെ ദൈവദത്ത നിയോഗവും നിറവേറ്റേണ്ടതുണ്ട്.—1 കൊരി. 9:16.
‘ദൈവവചനം കൂടുതൽക്കൂടുതൽ പ്രചരിച്ചു’ (പ്രവൃ. 6:7)
21, 22. പുതുതായി രൂപംകൊണ്ട സഭയുടെമേൽ യഹോവയുടെ അനുഗ്രഹം ഉണ്ടായിരുന്നെന്ന് നമുക്ക് എങ്ങനെ അറിയാം?
21 പുതുതായി രൂപംകൊണ്ട സഭ യഹോവയുടെ സഹായത്താൽ പുറമേനിന്നുള്ള എതിർപ്പിനെയും സഭയിൽനിന്നുതന്നെയുള്ള, ഭിന്നതയുളവാക്കുമായിരുന്ന ഒരു പ്രശ്നത്തെയും തരണംചെയ്തു. യഹോവയുടെ അനുഗ്രഹം പ്രകടമായിരുന്നു. തിരുവെഴുത്തുകൾ ഇങ്ങനെ പറയുന്നു: “ദൈവവചനം കൂടുതൽക്കൂടുതൽ പ്രചരിക്കുകയും യരുശലേമിൽ ശിഷ്യന്മാരുടെ എണ്ണം വളരെ വർധിക്കുകയും ചെയ്തു. വലിയൊരു കൂട്ടം പുരോഹിതന്മാരും വിശ്വാസം സ്വീകരിച്ചു.” (പ്രവൃ. 6:7) സഭയുടെ പുരോഗതി സംബന്ധിച്ച് പ്രവൃത്തികളുടെ പുസ്തകത്തിൽ കാണുന്ന പല രേഖകളിൽ ഒന്നു മാത്രമാണിത്. (പ്രവൃ. 9:31; 12:24; 16:5; 19:20; 28:31) ഇന്ന് രാജ്യപ്രസംഗവേലയുടെ പുരോഗതിയെക്കുറിച്ച് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നു ലഭിക്കുന്ന റിപ്പോർട്ടുകൾ നമുക്കും പ്രോത്സാഹനം പകരാറില്ലേ?
22 ആകട്ടെ, എ.ഡി. ഒന്നാം നൂറ്റാണ്ടിലെ, കോപാക്രാന്തരായ ആ മതനേതാക്കന്മാർ തങ്ങളുടെ ശ്രമം ഉപേക്ഷിച്ചോ? ഇല്ല. ചക്രവാളത്തിൽ, ഉപദ്രവത്തിന്റെ കാർമേഘം ഉരുണ്ടുകൂടുകയായിരുന്നു. സ്തെഫാനൊസ് കടുത്ത ഉപദ്രവത്തിന് ഇരയാകുമായിരുന്നു. ആ വിവരണമാണ് അടുത്ത അധ്യായത്തിൽ.
a “ സൻഹെദ്രിൻ—ജൂതന്മാരുടെ പരമോന്നത കോടതി” എന്ന ചതുരം കാണുക.
b പ്രവൃത്തികളുടെ പുസ്തകത്തിൽ ഏതാണ്ട് 20 തവണ ‘ദൂതൻ’ എന്ന പരാമർശം കാണാം. അതിൽ ആദ്യത്തേതാണ് ഇത്. പ്രവൃത്തികൾ 1:10-ൽ നേരിട്ടല്ലാതെയും ദൂതന്മാരെക്കുറിച്ചു പറഞ്ഞിട്ടുണ്ട്; ‘വെള്ളവസ്ത്രം ധരിച്ച പുരുഷന്മാർ’ എന്നാണ് അവിടെ കാണുന്നത്.
c “ ഗമാലിയേൽ—ആദരണീയനായ ഒരു റബ്ബി” എന്ന ചതുരം കാണുക.
d “ ‘വീടുതോറും’ പ്രസംഗിച്ചു” എന്ന ചതുരം കാണുക.
e തിരഞ്ഞെടുക്കപ്പെട്ടവർ, മൂപ്പന്മാർക്കു പൊതുവേ വേണ്ട യോഗ്യതകളുള്ളവർ ആയിരുന്നിരിക്കാം; കാരണം, ഈ ‘പ്രധാനപ്പെട്ട കാര്യം’ കൈകാര്യം ചെയ്യുന്നത് ഭാരിച്ച ഒരു ഉത്തരവാദിത്വമായിരുന്നു. എന്നാൽ ക്രിസ്തീയ സഭയിൽ മൂപ്പന്മാരെ അല്ലെങ്കിൽ മേൽവിചാരകന്മാരെ നിയമിച്ചുതുടങ്ങിയത് കൃത്യമായി എന്നുമുതലാണ് എന്നതിനെക്കുറിച്ച് തിരുവെഴുത്തുകളിൽ സൂചനയൊന്നുമില്ല.
f ഒന്നാം നൂറ്റാണ്ടിൽ മൂപ്പന്മാരെ നിയമിക്കാനുള്ള അധികാരം യോഗ്യതയുള്ള പുരുഷന്മാർക്ക് നൽകിയിരുന്നു. (പ്രവൃ. 14:23; 1 തിമൊ. 5:22; തീത്തോ. 1:5) ഇന്ന്, സർക്കിട്ട് മേൽവിചാരകന്മാരെ നിയമിക്കുന്നത് ഭരണസംഘമാണ്. മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും നിയമിക്കാനുള്ള ഉത്തരവാദിത്വം സർക്കിട്ട് മേൽവിചാരകന്മാർക്കാണ്.