അധ്യായം 4
“സാധാരണക്കാരും വലിയ പഠിപ്പില്ലാത്തവരും” ആയ മനുഷ്യർ
അപ്പോസ്തലന്മാർ ധീരമായ നിലപാടെടുക്കുന്നു; യഹോവ അനുഗ്രഹിക്കുന്നു
ആധാരം: പ്രവൃത്തികൾ 3:1–5:11
1, 2. ദേവാലയകവാടത്തിനടുത്ത് പത്രോസും യോഹന്നാനും എന്ത് അത്ഭുതമാണു ചെയ്തത്?
അപരാഹ്നസൂര്യന്റെ കിരണങ്ങൾ ആൾക്കൂട്ടത്തിനിടയിലൂടെ അരിച്ചിറങ്ങുന്നു. ഭക്തരായ ജൂതന്മാരും ക്രിസ്തുശിഷ്യന്മാരും ദേവാലയമുറ്റത്തേക്ക് പ്രവഹിക്കുകയാണ്. ‘പ്രാർഥനയ്ക്കുള്ള സമയം’ ആകാറായി. a (പ്രവൃ. 2:46; 3:1) പത്രോസും യോഹന്നാനും ആളുകൾക്കിടയിലൂടെ സാവധാനം “സുന്ദരം” എന്ന പേരിൽ അറിയപ്പെടുന്ന ദേവാലയവാതിലിന് അടുത്തേക്കു നീങ്ങുന്നു. ആളുകളുടെ വർത്തമാനങ്ങളും കാലടിശബ്ദങ്ങളും കൊണ്ട് മുഖരിതമാണ് അന്തരീക്ഷം. അപ്പോഴതാ, മറ്റൊരു ശബ്ദം: മധ്യവയസ്കനായ ഒരു മുടന്തൻ ഭിക്ഷ യാചിക്കുകയാണ്.—പ്രവൃ. 3:2; 4:22.
2 പത്രോസും യോഹന്നാനും അടുത്ത് എത്താറായപ്പോൾ ജന്മനാ മുടന്തനായ ആ മനുഷ്യൻ തന്റെ പതിവു ശൈലിയിൽ ഭിക്ഷയ്ക്കായി യാചിച്ചു. അപ്പോസ്തലന്മാർ മെല്ലെനിന്നു. പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ അയാൾ അവരെത്തന്നെ നോക്കുകയാണ്. അപ്പോൾ പത്രോസ് പറഞ്ഞു: “സ്വർണവും വെള്ളിയും എന്റെ കൈയിലില്ല; എന്നാൽ എനിക്കുള്ളതു ഞാൻ നിനക്കു തരുന്നു: നസറെത്തുകാരനായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ പറയുന്നു, എഴുന്നേറ്റ് നടക്കുക!” പത്രോസ് വലതുകൈ പിടിച്ച് അയാളെ എഴുന്നേൽപ്പിച്ചു. ജീവിതത്തിൽ ആദ്യമായി അയാൾ എഴുന്നേറ്റു നിൽക്കുകയാണ്! (പ്രവൃ. 3:6, 7) അതുകണ്ട ജനക്കൂട്ടത്തിന്റെ വികാരം ഒന്നു സങ്കൽപ്പിച്ചുനോക്കൂ! സുഖംപ്രാപിച്ച തന്റെ കാലുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് പേടിച്ചുപേടിച്ച് ചുവടുകൾ വെക്കുന്ന ആ മനുഷ്യനെ നിങ്ങൾക്ക് കാണാനാകുന്നുണ്ടോ? തുള്ളിച്ചാടിക്കൊണ്ട് അയാൾ ഉച്ചത്തിൽ ദൈവത്തെ സ്തുതിച്ചു.
3. ജന്മനാ മുടന്തനായിരുന്ന മനുഷ്യന്റെയും ജനക്കൂട്ടത്തിന്റെയും മുമ്പാകെ എന്തു വിശിഷ്ടാവസരമാണ് ഉണ്ടായിരുന്നത്?
3 ആശ്ചര്യഭരിതരായ ജനക്കൂട്ടം ശലോമോന്റെ മണ്ഡപം എന്നു വിളിക്കപ്പെടുന്നിടത്ത് നിന്നിരുന്ന പത്രോസിന്റെയും യോഹന്നാന്റെയും അടുക്കൽ ഓടിക്കൂടി. മുമ്പൊരിക്കൽ യേശു പഠിപ്പിച്ച അതേ സ്ഥലത്തു നിന്നുകൊണ്ട് പത്രോസ് അപ്പോൾ, തൊട്ടുമുമ്പു നടന്ന സംഭവത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരോട് പറഞ്ഞു. (യോഹ. 10:23) താൻ സുഖപ്പെടുത്തിയ ആ മനുഷ്യനും ജനക്കൂട്ടത്തിനും പത്രോസ് പൊന്നിനെക്കാളും വെള്ളിയെക്കാളും ഒക്കെ വിലയുള്ള ഒന്നു നൽകി. മാനസാന്തരപ്പെടാനും പാപമോചനംനേടാനും യഹോവ നിയമിച്ചിരിക്കുന്ന ‘ജീവനായകനായ’ യേശുക്രിസ്തുവിന്റെ അനുഗാമികളായിത്തീരാനും ഉള്ള അവസരം! ശാരീരിക സൗഖ്യത്തെക്കാൾ വിശേഷപ്പെട്ട ഒന്നായിരുന്നു അത്.—പ്രവൃ. 3:15.
4. (എ) മുടന്തനായ മനുഷ്യനെ സുഖപ്പെടുത്തിയ സംഭവം എന്തിനുള്ള വേദിയൊരുക്കി? (ബി) ഏതു രണ്ടു ചോദ്യത്തിന് നാം ഉത്തരം കണ്ടെത്തും?
4 അവിസ്മരണീയമായ ഒരു ദിവസം! മുടന്തനായിരുന്ന ഒരാൾ സൗഖ്യം പ്രാപിച്ചു, അയാൾക്കിപ്പോൾ നടക്കാനാകുന്നു. മറ്റ് ആയിരക്കണക്കിന് ആളുകൾക്ക് ആത്മീയ സൗഖ്യം നേടാനും അങ്ങനെ “യഹോവയ്ക്ക് ഇഷ്ടപ്പെട്ട വിധത്തിൽ നടക്കാനും” ഉള്ള അവസരം ലഭിച്ചു. (കൊലോ. 1:9, 10) മാത്രമല്ല, അന്നു നടന്ന സംഭവങ്ങൾ, ക്രിസ്തുശിഷ്യന്മാരും പ്രസംഗിക്കാനുള്ള കല്പന അനുസരിക്കുന്നതിൽനിന്ന് അവരെ തടയാൻ ശ്രമിച്ച പ്രമാണിമാരും തമ്മിലുള്ള ഒരു സംവാദത്തിനു വേദിയൊരുക്കുകയും ചെയ്തു. (പ്രവൃ. 1:8) ആകട്ടെ, ജനക്കൂട്ടത്തോടു സാക്ഷീകരിക്കാനായി “സാധാരണക്കാരും വലിയ പഠിപ്പില്ലാത്തവരും” ആയ പത്രോസും യോഹന്നാനും അവലംബിച്ച രീതിയിൽനിന്നും അവരുടെ മനോഭാവത്തിൽനിന്നും നമുക്ക് എന്തു പഠിക്കാനാകും? b (പ്രവൃ. 4:13) അവരും മറ്റു ശിഷ്യന്മാരും എതിർപ്പിനെ നേരിട്ടവിധം നമുക്ക് എങ്ങനെ അനുകരിക്കാം?
സ്വന്തം ‘ശക്തികൊണ്ടല്ല’ (പ്രവൃ. 3:11-26)
5. പത്രോസ് ജനക്കൂട്ടത്തോട് സംസാരിച്ച വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
5 ജനക്കൂട്ടത്തോടു സംസാരിക്കുമ്പോൾ, യേശുവിനെ കൊല്ലാൻ മുറവിളികൂട്ടിയ ചിലരും അവിടെ ഉണ്ടായിരിക്കുമെന്ന് പത്രോസിനും യോഹന്നാനും അറിയാമായിരുന്നു. (മർക്കോ. 15:8-15; പ്രവൃ. 3:13-15) ആ സ്ഥിതിക്ക്, യേശുവിന്റെ നാമത്തിലാണ് മുടന്തനായ മനുഷ്യൻ സൗഖ്യംപ്രാപിച്ചതെന്ന കാര്യം തുറന്നുപറയാൻ പത്രോസിന് എത്ര ധൈര്യം ആവശ്യമായിരുന്നിരിക്കണം! സത്യത്തിൽ വെള്ളം ചേർക്കാൻ ശ്രമിക്കാതെ, ക്രിസ്തുവിന്റെ മരണത്തിൽ ആ ജനക്കൂട്ടത്തിന് ഒരു പങ്കുണ്ടെന്ന് പത്രോസ് വെട്ടിത്തുറന്നു പറഞ്ഞു. എന്നാൽ പത്രോസ് അവരോട് ശത്രുത വെച്ചുപുലർത്തിയില്ല; കാരണം, അവർ “അറിവില്ലായ്മ കാരണമാണ് അങ്ങനെയൊക്കെ ചെയ്തതെന്ന്” പത്രോസിന് അറിയാമായിരുന്നു. (പ്രവൃ. 3:17) അതുകൊണ്ട് സഹോദരന്മാരോടെന്നപോലെ പത്രോസ് അവരോട് അഭ്യർഥിക്കുകയും രാജ്യാനുഗ്രഹങ്ങൾക്ക് ഊന്നൽനൽകി സംസാരിക്കുകയും ചെയ്തു. അവർ മാനസാന്തരപ്പെട്ട് ക്രിസ്തുവിൽ വിശ്വസിക്കുന്നപക്ഷം യഹോവയിൽനിന്ന് “ഉന്മേഷകാലങ്ങൾ” ആസ്വദിക്കാനാകുമെന്ന് പത്രോസ് പറഞ്ഞു. (പ്രവൃ. 3:19) നാമും, വരാനിരിക്കുന്ന ദിവ്യന്യായവിധിയെക്കുറിച്ച് ആളുകളോട് ധൈര്യത്തോടെ പ്രഖ്യാപിക്കണം. അതേസമയം, പരുഷമായോ കർക്കശമായോ കുറ്റംവിധിക്കുന്ന വിധത്തിലോ അവരോടു സംസാരിക്കരുത്. അവർ നമ്മുടെ സഹോദരങ്ങളായിത്തീരും എന്ന പ്രതീക്ഷയോടെവേണം സാക്ഷീകരിക്കാൻ. അതെ, പത്രോസിനെപ്പോലെ നാമും രാജ്യസന്ദേശത്തിന്റെ ക്രിയാത്മകവശങ്ങൾക്കായിരിക്കണം ഊന്നൽനൽകേണ്ടത്.
6. പത്രോസും യോഹന്നാനും താഴ്മയും എളിമയും കാണിച്ചത് എങ്ങനെ?
6 എളിമയുള്ളവരായിരുന്നു അപ്പോസ്തലന്മാർ. അത്ഭുതംചെയ്തത് സ്വന്തം കഴിവുകൊണ്ടാണെന്ന് അവർ വീമ്പിളക്കിയില്ല. പത്രോസ് ജനക്കൂട്ടത്തോട് ഇപ്രകാരം ചോദിച്ചു: “ഞങ്ങളുടെ ശക്തികൊണ്ടോ ഭക്തികൊണ്ടോ ആണ് ഞങ്ങൾ ഇയാളെ നടത്തിയത് എന്ന ഭാവത്തിൽ നിങ്ങൾ ഞങ്ങളെ നോക്കുന്നതും എന്തിനാണ്?” (പ്രവൃ. 3:12) ശുശ്രൂഷയിൽ തങ്ങൾ എന്തെങ്കിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിൽ, അത് സ്വന്തം ശക്തിയാലല്ല മറിച്ച്, ദൈവത്തിന്റെ ശക്തിയാലാണെന്ന് പത്രോസിനും മറ്റ് അപ്പോസ്തലന്മാർക്കും അറിയാമായിരുന്നു. അതുകൊണ്ട് എല്ലാ മഹത്ത്വവും അവർ എളിമയോടെ യഹോവയിലേക്കും യേശുവിലേക്കും തിരിച്ചുവിട്ടു.
7, 8. (എ) ആളുകൾക്ക് എന്തിനുള്ള അവസരം നീട്ടിക്കൊടുക്കാൻ നമുക്കാകും? (ബി) ‘എല്ലാ കാര്യങ്ങളും പൂർവസ്ഥിതിയിലാക്കും’ എന്ന വാഗ്ദാനം ഇന്ന് എങ്ങനെ നിവൃത്തിയേറുന്നു?
7 രാജ്യപ്രസംഗവേലയിൽ ഏർപ്പെടുമ്പോൾ നാമും അവരെപ്പോലെ എളിമയുള്ളവരായിരിക്കണം. ഈ ആധുനിക നാളിൽ, അത്ഭുത രോഗശാന്തി നടത്താൻ ദൈവാത്മാവ് ക്രിസ്ത്യാനികളെ സഹായിക്കുന്നില്ലെന്നത് ശരിയാണ്. എന്നുവരികിലും, പത്രോസിനെപ്പോലെ നമുക്കും, ദൈവത്തിലും ക്രിസ്തുവിലും വിശ്വാസം അർപ്പിക്കാൻ ആളുകളെ സഹായിക്കാനും മഹത്തായ ഒരു ക്ഷണം അവർക്കു വെച്ചുനീട്ടാനും സാധിക്കും: പാപമോചനം നേടി, യഹോവയിൽനിന്നുള്ള ഉന്മേഷകാലങ്ങൾ ആസ്വദിക്കാനുള്ള ക്ഷണം! ഈ ക്ഷണം സ്വീകരിച്ച് ഓരോ വർഷവും ലക്ഷങ്ങളാണ് സ്നാനമേറ്റ് ക്രിസ്തുശിഷ്യരായിത്തീരുന്നത്.
8 “എല്ലാ കാര്യങ്ങളും പൂർവസ്ഥിതിയിലാക്കുന്ന” കാലത്തെക്കുറിച്ച് പത്രോസ് പറഞ്ഞിരുന്നു. ആ കാലത്താണ് നാം ജീവിക്കുന്നത്. “പണ്ടുള്ള വിശുദ്ധപ്രവാചകന്മാരിലൂടെ ദൈവം പറഞ്ഞ” വചനത്തിന്റെ നിവൃത്തിയായി 1914-ൽ ദൈവരാജ്യം സ്വർഗത്തിൽ സ്ഥാപിതമായി. (പ്രവൃ. 3:21; സങ്കീ. 110:1-3; ദാനി. 4:16, 17) അതേത്തുടർന്ന് അധികം താമസിയാതെ ക്രിസ്തു, ഭൂമിയിൽ കാര്യങ്ങൾ പൂർവസ്ഥിതിയിലാക്കുന്ന ഒരു ആത്മീയവേലയ്ക്ക് നേതൃത്വം നൽകാൻ തുടങ്ങി. അതിന്റെ ഫലമായി ദൈവരാജ്യത്തിന്റെ പ്രജകളായിത്തീരാനിരിക്കുന്ന ദശലക്ഷങ്ങൾ ഒരു ആത്മീയ പറുദീസയിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്നു. ജീർണിച്ച പഴയ വ്യക്തിത്വം ഉരിഞ്ഞുകളഞ്ഞ് അവർ ‘ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് സൃഷ്ടിച്ചിരിക്കുന്ന പുതിയ വ്യക്തിത്വം ധരിച്ചിരിക്കുന്നു.’ (എഫെ. 4:22-24) മുടന്തനെ സുഖപ്പെടുത്തിയ സംഭവത്തിലെന്നപോലെ, വിസ്മയാവഹമായ ഈ നേട്ടങ്ങളും കൈവരിച്ചിരിക്കുന്നത് മനുഷ്യശ്രമങ്ങളാലല്ല, മറിച്ച് ദൈവാത്മാവിനാലാണ്. പത്രോസിനെപ്പോലെ നാമും മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ ദൈവവചനം ധൈര്യത്തോടെ, ഫലകരമായി ഉപയോഗിക്കണം. ക്രിസ്തുവിന്റെ ശിഷ്യനാകാൻ ആരെയെങ്കിലും സഹായിക്കാൻ നമുക്കു കഴിഞ്ഞാൽ അത് നമ്മുടെ സ്വന്തം ശക്തിയാലല്ല, ദൈവത്തിന്റെ ശക്തിയാലായിരിക്കും.
“സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു കഴിയില്ല” (പ്രവൃ. 4:1-22)
9-11. (എ) പത്രോസിന്റെയും യോഹന്നാന്റെയും സന്ദേശം കേട്ടപ്പോൾ ജൂത നേതാക്കന്മാർ എങ്ങനെ പ്രതികരിച്ചു? (ബി) അപ്പോസ്തലന്മാർ എന്തു ചെയ്യാൻ ദൃഢചിത്തരായിരുന്നു?
9 പത്രോസിന്റെ പ്രസംഗവും സുഖംപ്രാപിച്ച മനുഷ്യന്റെ ആഹ്ലാദപ്രകടനവും ജനക്കൂട്ടത്തെ ഇളക്കിമറിച്ചു. ദേവാലയത്തിലെ കാവൽക്കാരുടെ മേധാവിയും—ദേവാലയത്തിന്റെ സുരക്ഷാച്ചുമതല ഇദ്ദേഹത്തിനായിരുന്നു—മുഖ്യപുരോഹിതന്മാരും വിവരമറിയാൻ ഉടൻ സംഭവസ്ഥലത്തേക്കു തിരിച്ചു. സാധ്യതയനുസരിച്ച്, ഇവർ സദൂക്യരായിരുന്നു—റോമാക്കാരുമായി സമാധാനബന്ധം നിലനിറുത്താൻ പ്രവർത്തിച്ചിരുന്ന രാഷ്ട്രീയ സ്വാധീനമുള്ള സമ്പന്ന വിഭാഗം. പരീശന്മാർക്കു പ്രിയപ്പെട്ട അലിഖിത നിയമങ്ങളെ എതിർത്തിരുന്ന ഈ മതഭേദം, പുനരുത്ഥാനത്തിലുള്ള വിശ്വാസത്തെ പുച്ഛിച്ചുതള്ളിയിരുന്നു. c ആ സ്ഥിതിക്ക്, യേശു പുനരുത്ഥാനം പ്രാപിച്ചെന്ന് ധൈര്യപൂർവം ദേവാലയത്തിൽനിന്നു പഠിപ്പിക്കുന്ന പത്രോസിനെയും യോഹന്നാനെയും കണ്ടപ്പോൾ അവർക്ക് എത്രമാത്രം അമർഷം തോന്നിയിരിക്കണം!
10 കോപാകുലരായ എതിരാളികൾ പത്രോസിനെയും യോഹന്നാനെയും ജയിലിലടച്ചു; പിറ്റേദിവസം അവരെ ജൂതന്മാരുടെ ഉന്നത കോടതിയുടെ മുമ്പിൽ ഹാജരാക്കി. അഹംഭാവികളായ ആ അധികാരികളുടെ നോട്ടത്തിൽ, ദേവാലയത്തിൽ പഠിപ്പിക്കാൻവേണ്ട യോഗ്യതയൊന്നുമില്ലാത്ത, “സാധാരണക്കാരും വലിയ പഠിപ്പില്ലാത്തവരും” ആയ ആളുകളായിരുന്നു പത്രോസും യോഹന്നാനും. അവർ അക്കാലത്തെ പ്രശസ്ത മതപാഠശാലകളിൽ പഠിച്ചിട്ടില്ലായിരുന്നു. എന്നിട്ടും അവർ ധൈര്യത്തോടും ബോധ്യത്തോടും കൂടെ സംസാരിച്ചുവെന്നത് കോടതിയെ ആശ്ചര്യപ്പെടുത്തി. പത്രോസിനും യോഹന്നാനും ഇത്ര ഫലപ്രദമായി സംസാരിക്കാൻ കഴിഞ്ഞത് എങ്ങനെയാണ്? ‘അവർ യേശുവിന്റെകൂടെയുണ്ടായിരുന്നവരാണ്’ എന്നതാണ് ഒരു കാരണം. (പ്രവൃ. 4:13) ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടാണ് അവരുടെ ഗുരു പഠിപ്പിച്ചത്.—മത്താ. 7:28, 29.
11 മേലാൽ പ്രസംഗിക്കരുതെന്ന് ജൂതന്മാരുടെ കോടതി അപ്പോസ്തലന്മാരോടു കല്പിച്ചു. അന്നത്തെ സമൂഹത്തിൽ കോടതിയുടെ ഉത്തരവുകൾക്ക് വലിയ വിലയുണ്ടായിരുന്നു. ഏതാനും ആഴ്ചകൾക്കുമുമ്പ് ഈ കോടതിയുടെ മുമ്പിൽ യേശുവിനെ ഹാജരാക്കിയപ്പോൾ അതിലെ അംഗങ്ങളാണ്, “ഇവൻ മരിക്കണം” എന്നു പ്രഖ്യാപിച്ചത്. (മത്താ. 26:59-66) പക്ഷേ, അതൊന്നും പത്രോസിനെയും യോഹന്നാനെയും ഭയപ്പെടുത്തിയില്ല. ധനികരും വിദ്യാസമ്പന്നരും സ്വാധീനശക്തിയുള്ളവരും ആയ ആ മനുഷ്യരുടെ മുമ്പാകെ നിന്ന് അവർ നിർഭയം, എന്നാൽ ആദരവോടെ ഇങ്ങനെ പ്രസ്താവിച്ചു: “ദൈവത്തിനു പകരം നിങ്ങളെ അനുസരിക്കുന്നതു ദൈവമുമ്പാകെ ശരിയാണോ? നിങ്ങൾതന്നെ ചിന്തിച്ചുനോക്കൂ. ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു കഴിയില്ല.”—പ്രവൃ. 4:19, 20.
12. ധൈര്യവും ബോധ്യവും വർധിപ്പിക്കാൻ നമ്മെ എന്തു സഹായിക്കും?
12 സമാനമായ ധൈര്യം കാണിക്കാൻ നിങ്ങൾക്കും സാധിക്കുമോ? ധനികരോ വിദ്യാസമ്പന്നരോ സ്വാധീനശക്തിയുള്ളവരോ ആയ ആളുകളോടു സാക്ഷീകരിക്കാൻ അവസരം കിട്ടുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുക? വിശ്വാസത്തിന്റെ പേരിൽ കുടുംബാംഗങ്ങളോ സഹപാഠികളോ സഹജോലിക്കാരോ നിങ്ങളെ കളിയാക്കുന്നെങ്കിലോ? നിങ്ങൾക്കപ്പോൾ പേടി തോന്നുമോ? അത്തരം ഭയത്തെ മറികടക്കാൻ നിങ്ങൾക്കു സാധിക്കും എന്നോർക്കുക. യേശു ഭൂമിയിലായിരുന്നപ്പോൾ, ആദരവോടും ബോധ്യത്തോടും കൂടെ വിശ്വാസത്തെക്കുറിച്ച് പ്രതിവാദം പറയാൻ അപ്പോസ്തലന്മാരെ പഠിപ്പിക്കുകയുണ്ടായി. (മത്താ. 10:11-18) “വ്യവസ്ഥിതിയുടെ അവസാനകാലംവരെ” താൻ കൂടെയുണ്ടാകുമെന്ന് പുനരുത്ഥാനത്തിനുശേഷം യേശു ശിഷ്യന്മാർക്കു വാക്കുകൊടുക്കുകയും ചെയ്തു. (മത്താ. 28:20) വിശ്വാസത്തെക്കുറിച്ചു പ്രതിവാദം പറയേണ്ടത് എങ്ങനെയെന്ന് യേശുവിന്റെ മാർഗനിർദേശത്തിൻകീഴിൽ “വിശ്വസ്തനും വിവേകിയും ആയ അടിമ” നമ്മെ പഠിപ്പിക്കുന്നു. (മത്താ. 24:45-47; 1 പത്രോ. 3:15) നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും പോലുള്ള യോഗങ്ങളിലൂടെയും jw.org വെബ്സൈറ്റിൽ വരുന്ന “ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ” പോലുള്ള ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിലൂടെയും ആണ് അത്തരം പ്രബോധനങ്ങൾ നമുക്കു ലഭിക്കുന്നത്. ഈ കരുതലുകൾ നിങ്ങൾ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ടോ? എങ്കിൽ, നിങ്ങളുടെ ധൈര്യവും ബോധ്യവും വർധിക്കുകതന്നെ ചെയ്യും. മാത്രമല്ല, ആ അപ്പോസ്തലന്മാരെപ്പോലെ, കാണുകയും കേൾക്കുകയും ചെയ്യുന്ന അത്ഭുതകരമായ ആത്മീയ സത്യങ്ങളെക്കുറിച്ചു സംസാരിക്കുന്നതിൽനിന്നു നിങ്ങളെ തടയാൻ യാതൊന്നിനെയും നിങ്ങൾ അനുവദിക്കുകയുമില്ല.
“അവർ . . . ദൈവത്തോടു പ്രാർഥിച്ചു” (പ്രവൃ. 4:23-31)
13, 14. എതിർപ്പ് നേരിടുമ്പോൾ നാം എന്തു ചെയ്യണം, എന്തുകൊണ്ട്?
13 മോചിതരായ ഉടനെ പത്രോസും യോഹന്നാനും സഭയിൽച്ചെന്ന് തങ്ങളുടെ സഹോദരങ്ങളെ കണ്ടു. അവർ ഒരുമിച്ച് ‘ദൈവത്തോടു പ്രാർഥിക്കുകയും’ പ്രസംഗവേല തുടരാനുള്ള ധൈര്യത്തിനായി അപേക്ഷിക്കുകയും ചെയ്തു. (പ്രവൃ. 4:24) ദൈവേഷ്ടം ചെയ്യാൻ ശ്രമിക്കവെ സ്വന്തം ശക്തിയിൽ ആശ്രയിക്കുന്നത് എത്ര ബുദ്ധിശൂന്യമാണെന്ന് പത്രോസിന് നന്നായി അറിയാമായിരുന്നു; കാരണം ഏതാനും ആഴ്ചകൾക്കുമുമ്പാണ് പത്രോസ്, “മറ്റെല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും ഒരിക്കലും ഞാൻ അങ്ങയെ ഉപേക്ഷിക്കില്ല” എന്ന് ആത്മവിശ്വാസത്തോടെ പറയുകയും എന്നാൽ മനുഷ്യഭയത്തിനു വശംവദനായി, തന്റെ ഗുരുവും സുഹൃത്തും ആയ യേശുവിനെ തള്ളിപ്പറയുകയും ചെയ്തത്. എന്നിരുന്നാലും പത്രോസ് തന്റെ തെറ്റിൽനിന്നു പാഠം പഠിച്ചു.—മത്താ. 26:33, 34, 69-75.
14 ക്രിസ്തുവിന്റെ സാക്ഷി എന്നനിലയിലുള്ള നിയമനം നിവർത്തിക്കാൻ നിശ്ചയദാർഢ്യം മാത്രം പോരാ. നിങ്ങളുടെ വിശ്വാസം തകർക്കാനോ നിങ്ങളുടെ പ്രസംഗവേല തടയാനോ എതിരാളികൾ ശ്രമിക്കുമ്പോൾ പത്രോസിന്റെയും യോഹന്നാന്റെയും മാതൃക അനുകരിക്കുക. ശക്തിക്കായി യഹോവയോടു പ്രാർഥിക്കുക. സഭയുടെ പിന്തുണ തേടുക. നിങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മൂപ്പന്മാരോടും പക്വതയുള്ള മറ്റ് സഹോദരങ്ങളോടും പറയാവുന്നതാണ്. പിടിച്ചുനിൽക്കാൻ ആവശ്യമായ കരുത്തുപകരാൻ മറ്റുള്ളവരുടെ പ്രാർഥനകൾക്കാകും.—എഫെ. 6:18; യാക്കോ. 5:16.
15. കുറച്ചുകാലത്തേക്ക് പ്രസംഗവേല നിറുത്തിക്കളഞ്ഞവർ നിരുത്സാഹിതരാകേണ്ടതില്ലാത്തത് എന്തുകൊണ്ട്?
15 സമ്മർദത്തിനു വഴങ്ങി കുറച്ചുകാലത്തേക്ക് പ്രസംഗവേല നിറുത്തിക്കളഞ്ഞ ഒരാളാണോ നിങ്ങൾ? എങ്കിൽ നിരുത്സാഹിതനാകേണ്ടതില്ല. യേശുവിന്റെ മരണത്തെത്തുടർന്ന് അപ്പോസ്തലന്മാരും കുറച്ചുകാലത്തേക്ക് പ്രസംഗവേല നിറുത്തിക്കളഞ്ഞെന്ന് ഓർക്കുക; പക്ഷേ, പെട്ടെന്നുതന്നെ അവർ വേല പുനരാരംഭിച്ചു. (മത്താ. 26:56; 28:10, 16-20) അതുപോലെ നിങ്ങളും, സംഭവിച്ചുപോയ തെറ്റുകൾ ഓർത്ത് നിരാശപ്പെടുന്നതിനു പകരം അതിൽനിന്നു പാഠം ഉൾക്കൊള്ളുകയും അത് മറ്റുള്ളവരെ ബലപ്പെടുത്താനായി ഉപയോഗിക്കുകയും ചെയ്യുക.
16, 17. യരുശലേമിലെ ക്രിസ്തുശിഷ്യന്മാർ നടത്തിയ പ്രാർഥനയിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
16 അധികാരസ്ഥാനത്തുള്ളവർ നമ്മെ അടിച്ചമർത്തുമ്പോൾ നാം എന്താണ് പ്രാർഥിക്കേണ്ടത്? പരിശോധനകൾ ഒഴിവാക്കിത്തരുന്നതിനായി യേശുവിന്റെ ശിഷ്യന്മാർ പ്രാർഥിച്ചില്ല; കാരണം, “അവർ എന്നെ ഉപദ്രവിച്ചെങ്കിൽ നിങ്ങളെയും ഉപദ്രവിക്കും” എന്ന യേശുവിന്റെ വാക്കുകൾ അവർക്ക് ഓർമയുണ്ടായിരുന്നു. (യോഹ. 15:20) എതിരാളികളുടെ ഭീഷണികൾ “ശ്രദ്ധിക്കേണമേ” എന്നാണ് വിശ്വസ്തരായ ഈ ശിഷ്യന്മാർ യഹോവയോട് അപേക്ഷിച്ചത്. (പ്രവൃ. 4:29) കാര്യങ്ങൾ സംബന്ധിച്ച് ശരിയായ വീക്ഷണം ഉള്ളവരായിരിക്കാൻ ശിഷ്യന്മാർക്കായി; തങ്ങൾക്കു നേരിട്ട ഉപദ്രവം യഥാർഥത്തിൽ പ്രവചനനിവൃത്തിയാണെന്ന് അവർ തിരിച്ചറിഞ്ഞു. മനുഷ്യഭരണാധികാരികൾ എന്തുതന്നെ ചെയ്താലും, മാതൃകാപ്രാർഥനയിൽ യേശു പഠിപ്പിച്ചതുപോലെ ദൈവത്തിന്റെ ഇഷ്ടം നിറവേറുമെന്ന് അവർക്ക് അറിയാമായിരുന്നു.—മത്താ. 6:9, 10.
17 ദൈവേഷ്ടം ചെയ്യാനുള്ള സഹായത്തിനായി ശിഷ്യന്മാർ യഹോവയോടു പ്രാർഥിച്ചു: “അങ്ങയുടെ വചനം പൂർണധൈര്യത്തോടെ പ്രസംഗിച്ചുകൊണ്ടിരിക്കാൻ അങ്ങയുടെ ഈ ദാസരെ പ്രാപ്തരാക്കേണമേ.” ആ പ്രാർഥനയ്ക്ക് യഹോവ എങ്ങനെയാണ് ഉത്തരം കൊടുത്തത്? ഉടനെതന്നെ, “അവർ കൂടിവന്ന സ്ഥലം കുലുങ്ങി. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ സംസാരിച്ചു.” (പ്രവൃ. 4:29-31) ദൈവേഷ്ടം നിറവേറുന്നത് തടയാൻ യാതൊരു ശക്തിക്കുമാവില്ല. (യശ. 55:11) വചനം പ്രസംഗിക്കുന്നത് എത്രതന്നെ അസാധ്യമെന്നു തോന്നിയാലും, ശത്രു എത്രതന്നെ ശക്തനാണെങ്കിലും, ദൈവത്തോടു പ്രാർഥിക്കുന്നെങ്കിൽ ധൈര്യത്തോടെ ദൈവവചനം ഘോഷിക്കുന്നതിനുള്ള ശക്തി ദൈവം തരുമെന്നുള്ളത് തീർച്ചയാണ്.
“മനുഷ്യനോടല്ല, ദൈവത്തോടാണ്” കണക്കുബോധിപ്പിക്കേണ്ടത് (പ്രവൃ. 4:32–5:11)
18. യരുശലേമിലെ ക്രിസ്ത്യാനികൾ പരസ്പരം സഹായിക്കുന്നതിനായി എന്തു ചെയ്തു?
18 യരുശലേമിൽ പുതുതായി രൂപംകൊണ്ട സഭ പെട്ടെന്നുതന്നെ വളർന്ന് 5,000-ത്തിലേറെ അംഗങ്ങളുള്ള ഒരു സഭയായിമാറി. d വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നു വന്നവരായിരുന്നെങ്കിലും “ഒരേ മനസ്സും ഹൃദയവും ഉള്ളവരായിരുന്നു” ശിഷ്യന്മാർ. അതെ, ചിന്താഗതിയിൽ ഐക്യമുള്ളവരായിരുന്നു അവർ. (പ്രവൃ. 4:32; 1 കൊരി. 1:10) തങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കണമെന്ന് യഹോവയോടു പ്രാർഥിക്കുക മാത്രമല്ല ശിഷ്യന്മാർ ചെയ്തത്. അവർ ആത്മീയമായും ആവശ്യമായിവന്നപ്പോൾ ഭൗതികമായും പരസ്പരം സഹായിച്ചു. (1 യോഹ. 3:16-18) ബർന്നബാസ് എന്ന് അപ്പോസ്തലന്മാർ വിളിച്ചിരുന്ന യോസേഫ് എന്ന ശിഷ്യൻ തനിക്കുള്ള നിലം വിറ്റ് പണം മുഴുവൻ അപ്പോസ്തലന്മാരെ ഏൽപ്പിച്ചു. വിദൂരസ്ഥലങ്ങളിൽനിന്നുള്ളവർക്ക് തങ്ങളുടെ പുതിയ വിശ്വാസത്തെക്കുറിച്ച് കൂടുതലായി മനസ്സിലാക്കുന്നതിന് കുറച്ചുനാൾകൂടെ യരുശലേമിൽ താമസിക്കാൻ വേണ്ട സഹായം ചെയ്തുകൊടുക്കാനാണ് അത്തരം സംഭാവനകൾ വിനിയോഗിച്ചത്.
19. യഹോവ അനന്യാസിനെയും സഫീറയെയും കൊന്നുകളഞ്ഞത് എന്തുകൊണ്ട്?
19 സ്ഥലം വിറ്റ് പണം ദാനം ചെയ്തവരുടെ കൂട്ടത്തിൽ അനന്യാസും ഭാര്യ സഫീറയും ഉണ്ടായിരുന്നു. ‘കിട്ടിയ പണത്തിൽ കുറെ, രഹസ്യമായി മാറ്റിവെച്ചിട്ട്’ മുഴുവനും ദാനം ചെയ്യുകയാണെന്ന് അവർ നടിച്ചു. (പ്രവൃ. 5:2) യഹോവ അവരെ കൊന്നുകളഞ്ഞു; കൊടുത്ത തുക കുറഞ്ഞുപോയതുകൊണ്ടല്ല, ദുഷ്ടലാക്കോടെ കൊടുക്കുകയും ദൈവത്തെ കബളിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതുകൊണ്ട്. അവർ ‘നുണ പറഞ്ഞതു മനുഷ്യനോടല്ല, ദൈവത്തോടായിരുന്നു.’ (പ്രവൃ. 5:4) യേശു കുറ്റംവിധിച്ച കപടഭക്തരെപ്പോലെ, ദൈവത്തിന്റെ അംഗീകാരം നേടുന്നതിനെക്കാൾ മനുഷ്യരുടെ മുമ്പാകെ പേരുണ്ടാക്കാനായിരുന്നു അനന്യാസും സഫീറയും ശ്രമിച്ചത്.—മത്താ. 6:1-3.
20. ദൈവികകാര്യങ്ങൾക്കുവേണ്ടി സംഭാവനകൾ കൊടുക്കുന്നതു സംബന്ധിച്ച് നാം എന്തു പഠിച്ചു?
20 ഒന്നാം നൂറ്റാണ്ടിൽ യരുശലേമിൽ ഉണ്ടായിരുന്ന ഉദാരമനസ്കരായ വിശ്വസ്ത ശിഷ്യന്മാരെപ്പോലെ ഇന്ന് ദശലക്ഷക്കണക്കിന് സാക്ഷികൾ സ്വമനസ്സാലെയുള്ള സംഭാവനകളാൽ ലോകവ്യാപക പ്രസംഗവേലയെ പിന്തുണച്ചുകൊണ്ടാണിരിക്കുന്നത്. ഈ വേലയ്ക്കുവേണ്ടി സമയമോ പണമോ ചെലവഴിക്കാൻ ആരും ആരെയും നിർബന്ധിക്കുന്നില്ല. മനസ്സില്ലാമനസ്സോടെ, നിർബന്ധത്തിനു വഴങ്ങി ആരും തന്നെ സേവിക്കാൻ യഹോവ ആഗ്രഹിക്കുന്നില്ല. (2 കൊരി. 9:7) നമ്മുടെ സംഭാവനകൾ എത്ര വലുതാണ് എന്നതല്ല യഹോവ നോക്കുന്നത്, എന്തു മനോഭാവത്തോടെ കൊടുക്കുന്നു എന്നതാണ്. (മർക്കോ. 12:41-44) അനന്യാസിനെയും സഫീറയെയും പോലെ സ്വാർഥതാത്പര്യങ്ങളുടെപേരിലോ പേരുണ്ടാക്കാൻവേണ്ടിയോ ആയിരിക്കരുത് നാം യഹോവയെ സേവിക്കുന്നത്. പകരം, പത്രോസിനെയും യോഹന്നാനെയും ബർന്നബാസിനെയും പോലെ, ദൈവത്തോടും സഹമനുഷ്യനോടുമുള്ള ആത്മാർഥ സ്നേഹമായിരിക്കണം യഹോവയെ സേവിക്കാൻ എപ്പോഴും നമ്മെ പ്രചോദിപ്പിക്കേണ്ടത്.—മത്താ. 22:37-40.
a രാവിലെയും വൈകുന്നേരവും യാഗത്തോട് അനുബന്ധിച്ച് പ്രാർഥനയുണ്ടായിരുന്നു. ‘ഒൻപതാം മണി നേരം’ അഥവാ ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണിക്ക് ആയിരുന്നു വൈകുന്നേരത്തെ യാഗാർപ്പണം.
b “ പത്രോസ്—ചുറുചുറുക്കുള്ള ഒരു അപ്പോസ്തലൻ” എന്ന ചതുരവും “ യോഹന്നാൻ—യേശു സ്നേഹിച്ച ശിഷ്യൻ” എന്ന ചതുരവും കാണുക.
c “ മഹാപുരോഹിതനും മുഖ്യപുരോഹിതന്മാരും” എന്ന ചതുരം കാണുക.
d എ.ഡി. 33-ൽ യരുശലേമിൽ ഉണ്ടായിരുന്നത് വെറും 6,000-ത്തോളം പരീശന്മാരാണ്; സദൂക്യരുടെ എണ്ണമാകട്ടെ, അതിനെക്കാൾ കുറവായിരുന്നു. യേശുവിന്റെ ഉപദേശങ്ങൾ തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണെന്ന് ഇക്കൂട്ടർക്കു തോന്നിയതിന്റെ ഒരു കാരണം ഇതായിരിക്കാം.