അധ്യായം 17
‘പൗലോസ് തിരുവെഴുത്തുകളിൽനിന്ന് അവരോടു ന്യായവാദം ചെയ്തു’
ഫലപ്രദമായ പഠിപ്പിക്കലിന് ആധാരം; ബരോവക്കാരുടെ ഉത്തമ മാതൃക
ആധാരം: പ്രവൃത്തികൾ 17:1-15
1, 2. ഫിലിപ്പിയിൽനിന്ന് തെസ്സലോനിക്യയിലേക്കു പോകുന്നത് ആരൊക്കെയാണ്, അവരുടെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകൾ എന്തായിരിക്കാം?
റോമൻ എഞ്ചിനീയർമാരുടെ വൈദഗ്ധ്യത്തെ വിളിച്ചോതുന്നതാണ് മനോഹരമായ ആ പാത. ആയിരക്കണക്കിന് ആളുകൾ സഞ്ചരിച്ചിട്ടുള്ള ആ വഴി മലനിരകളെ കീറിമുറിച്ച് കടന്നുപോകുന്നു. കഴുതകളുടെ കരച്ചിലും രഥചക്രങ്ങളുടെ ശബ്ദവും സൈനികർ, വ്യാപാരികൾ, ശില്പികൾ എന്നിങ്ങനെ വ്യത്യസ്ത തുറകളിൽനിന്നുള്ള സഞ്ചാരികളുടെ സംസാരവും കൊണ്ട് മുഖരിതമാണ് അവിടമെങ്ങും. പൗലോസും ശീലാസും തിമൊഥെയൊസും ഇപ്പോൾ ഈ പാതയിലൂടെ ഫിലിപ്പിയിൽനിന്ന് തെസ്സലോനിക്യയിലേക്കു നടന്നുനീങ്ങുകയാണ്; 130-ലേറെ കിലോമീറ്റർ വരുന്ന ഒരു യാത്ര. ഒട്ടും സുഖകരമായ ഒരു യാത്രയല്ലത്, പ്രത്യേകിച്ച് പൗലോസിനും ശീലാസിനും. ഫിലിപ്പിയിൽവെച്ച് അടികൊണ്ടതിന്റെ മുറിവുകൾ ഇപ്പോഴും ഉണങ്ങിയിട്ടില്ല.—പ്രവൃ. 16:22, 23.
2 എന്നാൽ ബുദ്ധിമുട്ടുകളൊക്കെ മറന്ന് അവർക്ക് എങ്ങനെയാണ് മുന്നോട്ടുപോകാൻ കഴിയുന്നത്? വഴിമധ്യേയുള്ള അവരുടെ സംഭാഷണം അതിനു സഹായിക്കുന്നുണ്ട് എന്നതിനു സംശയമില്ല. ഫിലിപ്പിയിൽ ആ ജയിലധികാരിയും അദ്ദേഹത്തിന്റെ കുടുംബവും വിശ്വാസികളായിത്തീർന്ന സംഭവം ഇപ്പോഴും അവരുടെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. ദൈവത്തിന്റെ വചനം തുടർന്നും പ്രസംഗിക്കാൻ ആ അനുഭവം അവർക്ക് കൂടുതലായ പ്രചോദനമേകിയിട്ടുണ്ട്. എന്നിരുന്നാലും തീരദേശ പട്ടണമായ തെസ്സലോനിക്യയോട് അടുക്കവെ, അവിടത്തെ ജൂതന്മാരുടെ പ്രതികരണം എന്തായിരിക്കുമെന്ന ചിന്ത അവരുടെ മനസ്സിനെ മഥിക്കുന്നുണ്ടാകണം. ഫിലിപ്പിയിലുണ്ടായ അതേ അനുഭവം ഇവിടെയും ആവർത്തിക്കപ്പെടുമോ?
3. പ്രസംഗിക്കാനുള്ള ധൈര്യം ആർജിക്കുന്ന കാര്യത്തിൽ പൗലോസിന്റെ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം?
3 തെസ്സലോനിക്യയിലേക്കു പോകുമ്പോൾ തനിക്കു തോന്നിയ വികാരങ്ങളെക്കുറിച്ച് പൗലോസ് പിന്നീട് അവർക്കുള്ള തന്റെ കത്തിൽ തുറന്നുപറയുകയുണ്ടായി: “നിങ്ങൾക്ക് അറിയാവുന്നതുപോലെ, ആദ്യം ഞങ്ങൾക്കു ഫിലിപ്പിയിൽവെച്ച് ഉപദ്രവമേൽക്കുകയും ആളുകൾ ഞങ്ങളോട് അപമര്യാദയായി പെരുമാറുകയും ചെയ്തെങ്കിലും, നമ്മുടെ ദൈവത്തിന്റെ സഹായത്താൽ ഞങ്ങൾ ധൈര്യമാർജിച്ച് വലിയ എതിർപ്പുകൾക്കു നടുവിലും ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത നിങ്ങളെ അറിയിച്ചു.” (1 തെസ്സ. 2:2) അതു കാണിക്കുന്നത് ഫിലിപ്പിയിൽവെച്ച് ഉപദ്രവങ്ങൾ നേരിട്ടതിനാൽ തെസ്സലോനിക്യയിലേക്കു പോകുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് അൽപ്പം ആശങ്ക ഉണ്ടായിരുന്നിരിക്കാമെന്നാണ്. പൗലോസിന്റെ വികാരങ്ങൾ മനസ്സിലാക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? സന്തോഷവാർത്ത പ്രസംഗിക്കുന്നത് ബുദ്ധിമുട്ടായി നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ആവശ്യമായ ധൈര്യവും ശക്തിയും ആർജിക്കുന്നതിനായി പൗലോസ് യഹോവയിൽ ആശ്രയിച്ചു. അദ്ദേഹത്തിന്റെ അനുഭവം പരിചിന്തിക്കുന്നത് അങ്ങനെ ചെയ്യാൻ നിങ്ങളെയും സഹായിക്കും.—1 കൊരി. 4:16.
പ്രവൃ. 17:1-3)
‘പൗലോസ് തിരുവെഴുത്തുകളിൽനിന്ന് അവരോടു ന്യായവാദം ചെയ്തു’ (4. പൗലോസ് മൂന്നാഴ്ചയിലേറെ തെസ്സലോനിക്യയിൽ തങ്ങിയിരിക്കാമെന്നു പറയാനാകുന്നത് എന്തുകൊണ്ട്?
4 തെസ്സലോനിക്യയിലായിരിക്കെ, പൗലോസ് മൂന്നു ശബത്തുകളിൽ സിനഗോഗിൽ പോയി പ്രസംഗിച്ചതിനെക്കുറിച്ച് വിവരണം പറയുന്നു. അദ്ദേഹം മൂന്നാഴ്ചമാത്രമേ അവിടെ ഉണ്ടായിരുന്നുള്ളുവെന്നാണോ അതിനർഥം? അങ്ങനെയായിരിക്കണമെന്നില്ല. അവിടെ എത്തിയശേഷം എത്ര ദിവസത്തിനുശേഷമാണ് പൗലോസ് ആദ്യമായി സിനഗോഗിൽ പോയതെന്ന് നമുക്കറിയില്ല. കൂടാതെ, തെസ്സലോനിക്യയിലായിരിക്കെ പൗലോസും കൂടെയുള്ളവരും അഹോവൃത്തിക്കുള്ള വക കണ്ടെത്താനായി വേലചെയ്തതായും അദ്ദേഹത്തിന്റെ കത്തുകൾ വ്യക്തമാക്കുന്നുണ്ട്. (1 തെസ്സ. 2:9; 2 തെസ്സ. 3:7, 8) മാത്രമല്ല, അവിടെയായിരിക്കെ ഫിലിപ്പിയിലെ സഹോദരങ്ങളിൽനിന്ന് പൗലോസിന് രണ്ടു പ്രാവശ്യം സഹായം ലഭിച്ചതായും നാം കാണുന്നു. (ഫിലി. 4:16) അതുകൊണ്ട് അദ്ദേഹം മൂന്നാഴ്ചയിലേറെ തെസ്സലോനിക്യയിൽ തങ്ങിയിരിക്കാൻ സാധ്യതയുണ്ട്.
5. ആളുകൾക്ക് ബോധ്യംവരുംവിധം പൗലോസ് സംസാരിച്ചത് എങ്ങനെ?
5 സിനഗോഗിൽ പോയ പൗലോസ് ധൈര്യപൂർവം അവിടെ കൂടിവന്നവരോട് പ്രസംഗിച്ചു. തന്റെ പതിവനുസരിച്ച് അദ്ദേഹം “തിരുവെഴുത്തുകളിൽനിന്ന് അവരോടു ന്യായവാദം ചെയ്തു. ക്രിസ്തു കഷ്ടം സഹിക്കുകയും മരിച്ചവരിൽനിന്ന് ഉയിർക്കുകയും ചെയ്യേണ്ടത് ആവശ്യമായിരുന്നു എന്നു പൗലോസ് വിശദീകരിക്കുകയും തിരുവെഴുത്തുകൾ ഉപയോഗിച്ച് തെളിയിക്കുകയും ചെയ്തു. ‘ഞാൻ നിങ്ങളോടു പറയുന്ന ഈ യേശുതന്നെയാണു ക്രിസ്തു’ എന്നു പൗലോസ് പറഞ്ഞു.” (പ്രവൃ. 17:2, 3) തന്റെ ശ്രോതാക്കളെ വികാരംകൊള്ളിക്കാൻ പൗലോസ് ശ്രമിച്ചില്ല. യുക്തിസഹമായ ന്യായങ്ങൾ നിരത്തിക്കൊണ്ട് അവർക്കു ബോധ്യംവരുംവിധമാണ് അദ്ദേഹം സംസാരിച്ചത്. അവിടെ കൂടിവന്നിരുന്നവർക്ക് തിരുവെഴുത്തുകൾ പരിചയമുണ്ടെന്നും അവർ അവയെ ആദരിക്കുന്നവരാണെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാൽ അവർക്ക് തിരുവെഴുത്തുകളെക്കുറിച്ച് ശരിയായ ഗ്രാഹ്യം ഇല്ലായിരുന്നു. അതുകൊണ്ട് നസറെത്തിലെ യേശുവാണ് വാഗ്ദത്ത മിശിഹ അഥവാ ക്രിസ്തു എന്ന് തിരുവെഴുത്തുകളിൽനിന്നു വിശദീകരിക്കുകയും തെളിയിക്കുകയും ചെയ്തുകൊണ്ട് പൗലോസ് അവരുമായി ന്യായവാദംചെയ്തു.
6. യേശു തിരുവെഴുത്തുകളിൽനിന്ന് ന്യായവാദംചെയ്തത് എങ്ങനെ, എന്തായിരുന്നു അതിന്റെ ഫലം?
6 ഇക്കാര്യത്തിൽ പൗലോസ് പിൻപറ്റിയത് യേശുവിന്റെ മാതൃകയാണ്. യേശു പഠിപ്പിച്ചിരുന്നത് തിരുവെഴുത്തുകളെ ആധാരമാക്കിയായിരുന്നു. ഉദാഹരണത്തിന് മനുഷ്യപുത്രൻ കഷ്ടം സഹിക്കുകയും മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്ന് യേശു തിരുവെഴുത്തുകളിൽനിന്ന് തന്റെ അനുഗാമികൾക്കു വിശദീകരിച്ചുകൊടുത്തു. (മത്താ. 16:21) പുനരുത്ഥാനശേഷം യേശു തന്റെ ശിഷ്യന്മാർക്കു പ്രത്യക്ഷനായി. താൻ പറഞ്ഞതു സത്യമാണെന്ന് അവർക്കു ബോധ്യമാകാൻ അതു ധാരാളം മതിയായിരുന്നു. എന്നിരുന്നാലും യേശു കൂടുതലായ തെളിവ് അവർക്കു നൽകി. അതേക്കുറിച്ചു നാം ഇങ്ങനെ വായിക്കുന്നു: “മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും തിരുവെഴുത്തുകളിൽ തന്നെക്കുറിച്ച് പറഞ്ഞിരുന്നതെല്ലാം യേശു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.” എന്തായിരുന്നു ഫലം? “യേശു വഴിയിൽവെച്ച് നമ്മളോടു സംസാരിക്കുകയും തിരുവെഴുത്തുകൾ നമുക്കു വ്യക്തമായി വിശദീകരിച്ചുതരുകയും ചെയ്തപ്പോൾ നമ്മുടെ ഹൃദയം ജ്വലിക്കുകയായിരുന്നു, അല്ലേ” എന്ന് അതു കേട്ട ശിഷ്യന്മാർ പറയുകയുണ്ടായി.—ലൂക്കോ. 24:13, 27, 32.
7. നാം തിരുവെഴുത്തുകളെ ആധാരമാക്കി പഠിപ്പിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
7 ദൈവവചനത്തിലെ സന്ദേശത്തിന് ശക്തിയുണ്ട്. (എബ്രാ. 4:12) അതുകൊണ്ട് യേശുവിനെയും പൗലോസിനെയും മറ്റ് അപ്പോസ്തലന്മാരെയും പോലെ ഇന്നത്തെ ക്രിസ്ത്യാനികളും തിരുവെഴുത്തുകളെ ആധാരമാക്കിയാണ് പഠിപ്പിക്കുന്നത്. പഠിപ്പിക്കുന്ന കാര്യങ്ങൾക്ക് ബൈബിൾ തുറന്ന് തെളിവു കാണിക്കുകയും തിരുവെഴുത്തുകൾ വിശദീകരിച്ചുകൊടുക്കുകയും ചെയ്തുകൊണ്ട് ആളുകളുമായി നാമും ന്യായവാദംചെയ്യുന്നു. നാം വഹിക്കുന്ന സന്ദേശം നമ്മുടെ സ്വന്തമല്ല. അതുകൊണ്ട് പ്രസംഗവേലയിൽ ഏർപ്പെടുമ്പോൾ കൂടെക്കൂടെ ബൈബിൾ ഉപയോഗിക്കുന്നെങ്കിൽ, നാം ഘോഷിക്കുന്നത് നമ്മുടെ സ്വന്തം ആശയങ്ങളല്ല, ദൈവിക പഠിപ്പിക്കലുകളാണെന്ന് ആളുകൾ തിരിച്ചറിയാനിടയാകും. കൂടാതെ, ഈ സന്ദേശം ദൈവത്തിൽനിന്നുള്ളതാണെന്നും അതുകൊണ്ടുതന്നെ വിശ്വാസയോഗ്യമാണെന്നും നാം മനസ്സിൽപ്പിടിക്കണം. അങ്ങനെ ചെയ്യുന്നത് പൗലോസിനെപ്പോലെ ധൈര്യത്തോടെ സന്തോഷവാർത്ത പ്രസംഗിക്കാൻ ആത്മവിശ്വാസം നൽകുകയില്ലേ?
‘ചിലർ വിശ്വാസികളായിത്തീർന്നു’ (പ്രവൃ. 17:4-9)
8-10. (എ) തെസ്സലോനിക്യയിലെ ആളുകൾ ഏതെല്ലാം വിധങ്ങളിൽ സന്തോഷവാർത്തയോടു പ്രതികരിച്ചു? (ബി) ചില ജൂതന്മാർ പൗലോസിനോട് അസൂയപ്പെട്ടത് എന്തുകൊണ്ട്? (സി) ജൂത എതിരാളികൾ എന്തു ചെയ്തു?
8 യേശുവിന്റെ പിൻവരുന്ന വാക്കുകളുടെ സത്യത പൗലോസ് അതിനോടകംതന്നെ മനസ്സിലാക്കിയിരുന്നു: “അടിമ യജമാനനെക്കാൾ വലിയവനല്ലെന്നു ഞാൻ പറഞ്ഞ കാര്യം മറക്കരുത്. അവർ എന്നെ ഉപദ്രവിച്ചെങ്കിൽ നിങ്ങളെയും ഉപദ്രവിക്കും. അവർ എന്റെ വചനം അനുസരിച്ചെങ്കിൽ നിങ്ങളുടേതും അനുസരിക്കും.” (യോഹ. 15:20) ആളുകളുടെ വ്യത്യസ്തമായ പ്രതികരണങ്ങൾ ഇപ്പോൾ തെസ്സലോനിക്യയിലും പൗലോസിനു കാണാനാകുന്നു. ചിലർ ദൈവവചനം അനുസരിക്കുന്നതിൽ അത്യന്തം ശുഷ്കാന്തിയുള്ളവരായിരുന്നു; എന്നാൽ മറ്റു ചിലർ അതിനെ എതിർത്തു. അനുകൂലമായി പ്രതികരിച്ചവരെക്കുറിച്ച് ലൂക്കോസ് പറയുന്നു: “അവരിൽ ചിലർ (ജൂതന്മാർ) വിശ്വാസികളായിത്തീർന്ന് (ക്രിസ്ത്യാനികളായിത്തീർന്ന്) പൗലോസിന്റെയും ശീലാസിന്റെയും കൂടെ ചേർന്നു. ദൈവഭക്തരായ ഒരു വലിയ കൂട്ടം ഗ്രീക്കുകാരും പ്രമുഖരായ കുറെ സ്ത്രീകളും അങ്ങനെതന്നെ ചെയ്തു.” (പ്രവൃ. 17:4) തിരുവെഴുത്തുകളുടെ ശരിയായ അർഥം മനസ്സിലാക്കാൻ കഴിഞ്ഞതിൽ ഈ പുതിയ ശിഷ്യന്മാർ സന്തോഷിച്ചുവെന്നതിനു സംശയമില്ല.
9 പൗലോസ് പറഞ്ഞത് ചിലയാളുകൾ വിലമതിച്ചെങ്കിലും മറ്റു ചിലർ അദ്ദേഹത്തിനുനേരെ പല്ലുകടിച്ചു. പൗലോസിന്റെ പ്രസംഗം കേട്ട് ‘ഒരു വലിയ കൂട്ടം ഗ്രീക്കുകാർ’ വിശ്വാസികളായിത്തീർന്നത് തെസ്സലോനിക്യയിലുള്ള ചില ജൂതന്മാരിൽ അസൂയ ജനിപ്പിച്ചു. അവർ ഗ്രീക്കുകാരായ ജനതകളിൽപ്പെട്ടവരെ എബ്രായ തിരുവെഴുത്തുകൾ പഠിപ്പിക്കുകയും അവരെ സ്വന്തം ആളുകളായി കണക്കാക്കുകയും ചെയ്തിരുന്നു. അവരെ ജൂതമതത്തിലേക്കു പരിവർത്തനം ചെയ്യിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അങ്ങനെയിരിക്കെയാണ് പൗലോസ് ആ ഗ്രീക്കുകാരെയെല്ലാം തന്റെ പക്ഷം ചേർത്തത്, അതും സിനഗോഗിൽവെച്ച്! ആ ജൂതന്മാർക്ക് അത് എങ്ങനെ സഹിക്കാനാകും?
10 തുടർന്ന് എന്തു സംഭവിച്ചുവെന്ന് ലൂക്കോസ് വിവരിക്കുന്നു: “എന്നാൽ അസൂയ മൂത്ത ജൂതന്മാർ ചന്തസ്ഥലങ്ങളിൽ കറങ്ങിനടക്കുന്ന ചില ദുഷ്ടന്മാരെ കൂട്ടിവരുത്തി നഗരത്തെ ഇളക്കി. പൗലോസിനെയും ശീലാസിനെയും പിടിച്ച് ജനമധ്യത്തിലേക്കു കൊണ്ടുവരാൻവേണ്ടി അവർ യാസോന്റെ വീട് ആക്രമിച്ചു. അവരെ (പൗലോസിനെയും ശീലാസിനെയും) കിട്ടാതെവന്നപ്പോൾ അവർ യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുത്തേക്കു ബലമായി കൊണ്ടുചെന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞു: ‘ഭൂലോകത്തെ കീഴ്മേൽ മറിച്ചവർ ഇതാ, ഇവിടെയും എത്തിയിരിക്കുന്നു. യാസോൻ അവരെ സ്വീകരിച്ച് അവർക്ക് ആതിഥ്യമരുളി. യേശു എന്ന വേറൊരു രാജാവുണ്ടെന്നു പറഞ്ഞ് ഇവരൊക്കെ സീസറിന്റെ നിയമങ്ങളെ ധിക്കരിക്കുന്നു.’” (പ്രവൃ. 17:5-7) ആകട്ടെ, ഈ ആക്രമണം പൗലോസിനെയും കൂടെയുള്ളവരെയും എങ്ങനെ ബാധിക്കുമായിരുന്നു?
11. പൗലോസിനും സഹരാജ്യഘോഷകർക്കും എതിരെ എന്തെല്ലാം ആരോപണങ്ങളാണ് ജൂതന്മാർ കൊണ്ടുവന്നത്, ചക്രവർത്തിയുടെ ഏതു നിയമം ആ ആരോപകരുടെ മനസ്സിലുണ്ടായിരുന്നിരിക്കണം? (അടിക്കുറിപ്പു കാണുക.)
11 കോപാക്രാന്തരായ ആളുകൾ കൂട്ടംചേർന്നാൽ അവർ എന്തിനും മടിക്കില്ല. അവർ അക്രമാസക്തരും അനിയന്ത്രിതരും ആയിത്തീരും—രൗദ്രഭാവത്തോടെ കരകവിഞ്ഞൊഴുകുന്ന ഒരു നദിപോലെ. പൗലോസിനും ശീലാസിനും നേരെ ആ ജൂതന്മാർ പ്രയോഗിച്ച ‘ആയുധവും’ അതുതന്നെയായിരുന്നു; അവർ നഗരത്തെ ആകെ “ഇളക്കി.” മാത്രമല്ല, പൗലോസും ശീലാസും ഗൗരവമേറിയ കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് അധികാരികളെ ബോധ്യപ്പെടുത്താനും അവർ ശ്രമിച്ചു. പൗലോസും സഹരാജ്യഘോഷകരും ‘ഭൂലോകത്തെ കീഴ്മേൽ മറിച്ചു’ എന്നതായിരുന്നു അവർക്കെതിരെയുള്ള ആദ്യത്തെ ആരോപണം; വാസ്തവത്തിൽ, തെസ്സലോനിക്യയിൽ ജനത്തെ ‘ഇളക്കിയത്’ അവരല്ലായിരുന്നു! രണ്ടാമത്തെ ആരോപണമാകട്ടെ, അതിനെക്കാൾ ഗൗരവമേറിയതായിരുന്നു. മിഷനറിമാർ മറ്റൊരു രാജാവിനെക്കുറിച്ച്, അതായത് യേശുവിനെക്കുറിച്ച് ഘോഷിക്കുകയും അങ്ങനെ ചക്രവർത്തിയുടെ ആജ്ഞ ലംഘിക്കുകയും ചെയ്യുന്നു എന്നതായിരുന്നു അത്. a
12. തെസ്സലോനിക്യയിലെ ക്രിസ്ത്യാനികൾക്ക് എതിരെയുള്ള ആരോപണങ്ങൾ ഗൗരവമായ ഫലങ്ങൾ ഉളവാക്കാൻപോന്നവയായിരുന്നുവെന്ന് എങ്ങനെ അറിയാം?
12 സമാനമായ ഒരു ആരോപണമായിരുന്നു യേശുവിന്റെ കാര്യത്തിലും മതനേതാക്കന്മാർ കൊണ്ടുവന്നത്. പീലാത്തൊസിനോട് അവർ പറഞ്ഞു: “ഈ മനുഷ്യൻ ഞങ്ങളുടെ ജനതയെ വഴിതെറ്റിക്കുകയും . . . താൻ ക്രിസ്തുവെന്ന രാജാവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.” (ലൂക്കോ. 23:2) ഇത്ര വലിയൊരു രാജ്യദ്രോഹം താൻ വെച്ചുപൊറുപ്പിക്കുന്നുവെന്ന് ചക്രവർത്തി ധരിക്കുമോ എന്നു ഭയന്നായിരിക്കണം പീലാത്തൊസ് യേശുവിനെ മരണത്തിനു വിധിച്ചത്. സമാനമായി, തെസ്സലോനിക്യയിൽ ക്രിസ്ത്യാനികൾക്ക് എതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളും കടുത്ത ശിക്ഷാവിധിക്ക് അവരെ അർഹരാക്കിത്തീർക്കുന്നവയായിരുന്നു. ഒരു പരാമർശഗ്രന്ഥം ഇങ്ങനെ പറയുന്നു: “ഈ ആരോപണം, ലഭിക്കാവുന്നതിലേക്കും വലിയ ശിക്ഷയ്ക്കുതന്നെ അവരെ അർഹരാക്കുമായിരുന്നു; കാരണം, ‘ചക്രവർത്തിക്ക് എതിരെ ഉപജാപപ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന ആരോപണത്തിൽ അൽപ്പമെങ്കിലും കഴമ്പുണ്ടായിരുന്നാൽപ്പോലും കുറ്റാരോപിതന് വധശിക്ഷ ഉറപ്പായിരുന്നു.’” ജൂതന്മാരുടെ വിദ്വേഷപൂരിതമായ ഈ നീക്കങ്ങൾ വിജയിക്കുമായിരുന്നോ?
13, 14. (എ) ജനക്കൂട്ടത്തിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടത് എന്തുകൊണ്ട്? (ബി) ക്രിസ്തുവിന്റെ വാക്കുകൾക്കു ചേർച്ചയിൽ പൗലോസ് ജാഗ്രതയോടെ പ്രവർത്തിച്ചത് എങ്ങനെ, നമുക്ക് എങ്ങനെ പൗലോസിന്റെ മാതൃക അനുകരിക്കാം?
13 തെസ്സലോനിക്യയിൽ പ്രസംഗവേലയ്ക്കു തടയിടാൻ ആ ജനക്കൂട്ടത്തിനു കഴിഞ്ഞില്ല. എന്തുകൊണ്ട്? ഒരു സംഗതി അവർക്ക് പൗലോസിനെയും ശീലാസിനെയും കണ്ടെത്താനായില്ല എന്നതായിരുന്നു. മാത്രമല്ല, ആരോപണങ്ങളുടെ സത്യത അധികാരികളെ ബോധ്യപ്പെടുത്താനും അവർക്കു കഴിഞ്ഞിട്ടുണ്ടാവില്ല. ആ അധികാരികൾ, തങ്ങളുടെ മുമ്പാകെ കൊണ്ടുവന്ന യാസോനെയും മറ്റുള്ളവരെയും “ജാമ്യത്തിൽ വിട്ടയച്ചു.” (പ്രവൃ. 17:8, 9) പൗലോസാകട്ടെ, “പാമ്പുകളെപ്പോലെ ജാഗ്രതയുള്ളവരും പ്രാവുകളെപ്പോലെ നിഷ്കളങ്കരും ആയിരിക്കുക” എന്ന യേശുവിന്റെ ബുദ്ധിയുപദേശം പിൻപറ്റിക്കൊണ്ട് എതിരാളികൾക്കു പിടികൊടുക്കാതെ ബുദ്ധിപൂർവം പ്രവർത്തിച്ചു; മറ്റു സ്ഥലങ്ങളിൽ പോയി തുടർന്നും സന്തോഷവാർത്ത അറിയിക്കേണ്ടതിനായിരുന്നു അത്. (മത്താ. 10:16) അതെ, പൗലോസ് ധൈര്യം കാണിച്ചു; അതേസമയം ജാഗ്രതവെടിഞ്ഞു പ്രവർത്തിച്ചതുമില്ല. ഇന്ന് ക്രിസ്ത്യാനികൾക്ക് എങ്ങനെയാണ് പൗലോസിന്റെ മാതൃക അനുകരിക്കാനാകുന്നത്?
14 ആധുനികകാലത്തും ക്രൈസ്തവമതത്തിലെ പുരോഹിതവർഗം യഹോവയുടെ സാക്ഷികൾക്കെതിരെ പലപ്പോഴും ജനക്കൂട്ടത്തെ ഇളക്കിവിട്ടിട്ടുണ്ട്. അവർ സാക്ഷികളുടെമേൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ചുകൊണ്ട് അവർക്കെതിരെ നടപടിയെടുക്കാൻ അധികാരികളുടെമേൽ സമ്മർദംചെലുത്തുകയും ചെയ്തിരിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ കാര്യംപോലെതന്നെ ഇന്നും യഹോവയുടെ ജനത്തെ എതിർക്കുന്നവരെ ഭരിക്കുന്നത് അസൂയയാണ്. എന്നാൽ സത്യക്രിസ്ത്യാനികൾ പ്രശ്നങ്ങളിൽ ചെന്നുചാടാതിരിക്കാൻ ജാഗ്രതപാലിക്കുന്നു. കോപാക്രാന്തരും ന്യായബോധമില്ലാത്തവരുമായ ആളുകളോട് ഒരു ഏറ്റുമുട്ടലിനു ശ്രമിക്കാതെ അവരെ ഒഴിവാക്കാൻ നാം പരമാവധി ശ്രമിക്കുന്നു. ഒരുപക്ഷേ, സ്ഥിതിഗതികൾ ശാന്തമായശേഷം അത്തരം സ്ഥലങ്ങളിലേക്കു മടങ്ങിച്ചെന്നേക്കാമെങ്കിലും സമാധാനത്തോടെ വേല തുടരുക എന്നതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം.
അവർ “മഹാമനസ്കരായിരുന്നു” (പ്രവൃ. 17:10-15)
15. ബരോവക്കാർ സന്തോഷവാർത്തയോട് എങ്ങനെ പ്രതികരിച്ചു?
15 പൗലോസിന്റെയും ശീലാസിന്റെയും സുരക്ഷയെ കരുതി സഹോദരന്മാർ അവരെ ഏതാണ്ട് 65 കിലോമീറ്റർ അകലെയുള്ള ബരോവയിലേക്ക് അയച്ചു. അവിടെയെത്തിയ പൗലോസ് സിനഗോഗിൽ ചെന്ന് കൂടിവന്നിരുന്നവരോട് സംസാരിച്ചു. കേൾക്കാൻ മനസ്സുകാണിച്ച ആളുകളെ അവിടെ കണ്ടെത്തിയതിൽ അദ്ദേഹത്തിന് എത്ര സന്തോഷം തോന്നിയിരിക്കണം! ബരോവയിലെ ജൂതന്മാർ “തെസ്സലോനിക്യക്കാരെക്കാൾ മഹാമനസ്കരായിരുന്നു. അവർ വളരെ ഉത്സാഹത്തോടെ ദൈവവചനം സ്വീകരിക്കുകയും കേട്ട കാര്യങ്ങൾ അങ്ങനെതന്നെയാണോ എന്ന് ഉറപ്പാക്കാൻ ദിവസവും ശ്രദ്ധയോടെ തിരുവെഴുത്തുകൾ പരിശോധിക്കുകയും ചെയ്തു” എന്ന് ലൂക്കോസ് എഴുതി. (പ്രവൃ. 17:10, 11) തെസ്സലോനിക്യയിൽ സത്യം സ്വീകരിച്ചവരെ ഏതെങ്കിലുംവിധത്തിൽ തരംതാഴ്ത്തിക്കൊണ്ടുള്ള ഒരു പരാമർശമായിരുന്നോ അത്? ഒരിക്കലുമല്ല; കാരണം, പൗലോസ് പിന്നീട് തെസ്സലോനിക്യക്കാർക്ക് ഇങ്ങനെ എഴുതി: “വാസ്തവത്തിൽ അതുകൊണ്ടാണു ഞങ്ങൾ ഇടവിടാതെ ദൈവത്തിനു നന്ദി പറയുന്നതും. കാരണം ഞങ്ങളിൽനിന്ന് കേട്ട ദൈവവചനം നിങ്ങൾ സ്വീകരിച്ചതു മനുഷ്യരുടെ വാക്കുകളായിട്ടല്ല, അത് യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ ദൈവത്തിന്റെതന്നെ വചനമായിട്ടാണ്. വിശ്വാസികളായ നിങ്ങളിൽ അതു പ്രവർത്തിക്കുന്നുമുണ്ട്.”—1 തെസ്സ. 2:13.
16. ബരോവക്കാരെ ‘മഹാമനസ്കർ’ എന്നു വിശേഷിപ്പിച്ചത് തികച്ചും ഉചിതമായിരുന്നത് എന്തുകൊണ്ട്?
16 എന്നാൽ ബരോവയിലുള്ള ജൂതന്മാരെ ലൂക്കോസ് എന്തുകൊണ്ടാണ് ‘മഹാമനസ്കർ’ എന്നു വിശേഷിപ്പിച്ചത്? പുതിയൊരു കാര്യമാണ് കേട്ടതെങ്കിലും അവർ സംശയാലുക്കളോ അങ്ങേയറ്റം വിമർശനമനോഭാവമുള്ളവരോ ആയിരുന്നില്ല. അതേസമയം കേൾക്കുന്നതെന്തും കണ്ണുമടച്ചു വിശ്വസിക്കുന്ന രീതിയും അവർക്കില്ലായിരുന്നു. ആദ്യം, പൗലോസിനു പറയാനുള്ളതെല്ലാം അവർ അതീവ ശ്രദ്ധയോടെ കേട്ടു. തുടർന്ന് പൗലോസ് വിശദീകരിച്ചുകൊടുത്ത തിരുവെഴുത്തുകൾ പരിശോധിച്ചു നോക്കിക്കൊണ്ട് തങ്ങൾ കേട്ട കാര്യം ശരിയാണെന്ന് അവർ ഉറപ്പുവരുത്തി. കൂടാതെ, അവർ തികഞ്ഞ ആത്മാർഥതയോടും നിഷ്ഠയോടും കൂടെ ദൈവവചനം പഠിക്കുകയും ചെയ്തു, ശബത്തുദിവസങ്ങളിൽ മാത്രമല്ല എല്ലാ ദിവസവും. പുതുതായി കേട്ട ഈ കാര്യത്തിനു ചേർച്ചയിൽ തിരുവെഴുത്തുകൾ എന്തു വെളിപ്പെടുത്തുന്നുവെന്നു മനസ്സിലാക്കാൻ അവർ “വളരെ ഉത്സാഹത്തോടെ” പഠനത്തിൽ മുഴുകി. പഠിച്ചതിനനുസൃതമായി മാറ്റങ്ങൾ വരുത്താനുള്ള താഴ്മയും അവർക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ‘അവരിൽ അനേകർ വിശ്വാസികളായിത്തീർന്നത്.’ (പ്രവൃ. 17:12) അവരെ ‘മഹാമനസ്കർ’ എന്ന് ലൂക്കോസ് വിശേഷിപ്പിച്ചതിൽ ഒട്ടും അതിശയിക്കാനില്ല!
17. ബരോവക്കാരുടെ മാതൃക അഭിനന്ദനാർഹമായിരിക്കുന്നത് എന്തുകൊണ്ട്, വിശ്വാസത്തിൽ വന്ന് വർഷങ്ങൾക്കുശേഷവും നമുക്ക് എങ്ങനെ അവരെ അനുകരിക്കുന്നതിൽ തുടരാം?
17 സന്തോഷവാർത്തയോടുള്ള തങ്ങളുടെ പ്രതികരണം ദൈവവചനത്തിന്റെ ഭാഗമാകുമെന്നും വരുംതലമുറകൾക്ക് ഒരു മാതൃകയായി വർത്തിക്കുമെന്നും ബരോവക്കാർ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല; അവരിൽനിന്ന് പൗലോസ് പ്രതീക്ഷിച്ചതും അവർ ചെയ്യാൻ ദൈവമായ യഹോവ ആഗ്രഹിച്ചതും അവർ ചെയ്തു, അത്രമാത്രം. ബരോവക്കാരുടെ മാതൃക അനുകരിക്കാനാണ് നാമും ഇന്ന് ആളുകളെ പ്രോത്സാഹിപ്പിക്കുന്നത്, അതായത് തിരുവെഴുത്തുകൾ ശ്രദ്ധാപൂർവം പരിശോധിക്കാൻ. അങ്ങനെയാകുമ്പോൾ അവരുടെ വിശ്വാസം ദൈവവചനത്തിൽ ആഴമായി വേരുറച്ചതായിരിക്കും. എന്നാൽ ഒരിക്കൽ വിശ്വാസികളായിത്തീർന്നാൽ പിന്നെ ‘മഹാമനസ്കരായിരിക്കേണ്ടതില്ല’ എന്നാണോ? അല്ല. വാസ്തവത്തിൽ, വിശ്വാസികളായിത്തീരുന്നതോടെ യഹോവയിൽനിന്നു പഠിക്കാനും പഠിക്കുന്നത് സത്വരം ബാധകമാക്കാനും ശുഷ്കാന്തി കാണിക്കേണ്ടത് അധികം പ്രധാനമായിത്തീരുന്നു. അതുവഴി തന്റെ ഹിതത്തിനു ചേർച്ചയിൽ നമ്മെ മനയാനും അഭ്യസിപ്പിക്കാനും നാം യഹോവയെ അനുവദിക്കുകയായിരിക്കും. (യശ. 64:8) അങ്ങനെ നമുക്ക് സ്വർഗീയ പിതാവായ ദൈവത്തിന് പ്രയോജനമുള്ളവരും ദൈവത്തെ പൂർണമായി പ്രസാദിപ്പിക്കുന്നവരും ആയി നിലകൊള്ളാനാകും.
18, 19. (എ) പൗലോസ് ബരോവ വിട്ട് പോയത് എന്തുകൊണ്ട്, അദ്ദേഹം അനുകരണാർഹമാംവിധം സ്ഥിരോത്സാഹം കാണിച്ചത് എങ്ങനെ? (ബി) അടുത്തതായി പൗലോസ് ആരോടാണ് പ്രസംഗിക്കുന്നത്, എവിടെ?
18 പൗലോസ് ഏറെനാൾ ബരോവയിൽ തങ്ങിയില്ല. അദ്ദേഹം “ബരോവയിലും ദൈവവചനം അറിയിക്കുകയാണെന്നു തെസ്സലോനിക്യയിലെ ജൂതന്മാർ കേട്ടപ്പോൾ, ജനത്തെ ഇളക്കി കലഹമുണ്ടാക്കാൻ അവർ അവിടെയും എത്തി. ഉടൻതന്നെ സഹോദരന്മാർ പൗലോസിനെ കടൽത്തീരത്തേക്കു യാത്രയാക്കി. എന്നാൽ ശീലാസും തിമൊഥെയൊസും അവിടെത്തന്നെ താമസിച്ചു. കൂട്ടുപോയവർ പൗലോസിനെ ആതൻസ് വരെ കൊണ്ടുചെന്നാക്കി. ശീലാസും തിമൊഥെയൊസും കഴിവതും വേഗം തന്റെ അടുത്ത് എത്തണമെന്നു പറയാൻ പൗലോസ് അവരെ ഏൽപ്പിച്ചു” എന്നു നാം വായിക്കുന്നു. (പ്രവൃ. 17:13-15) സന്തോഷവാർത്തയുടെ ആ ശത്രുക്കൾ അത്ര പെട്ടെന്നൊന്നും പിന്മാറുന്നവരായിരുന്നില്ല. പൗലോസിനെ തെസ്സലോനിക്യയിൽനിന്നു തുരത്തിയ അവർ ബരോവയിൽ എത്തി അവിടെയും പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു. എന്നാൽ അതും ഫലം കണ്ടില്ല. തനിക്ക് വിസ്തൃതമായ ഒരു പ്രവർത്തനപ്രദേശമുണ്ടെന്ന് പൗലോസിന് അറിയാമായിരുന്നു. അതുകൊണ്ട് ഒരിടത്തു പ്രശ്നമുണ്ടായപ്പോൾ പ്രസംഗിക്കുന്നതിനായി അദ്ദേഹം മറ്റൊരിടത്തേക്കു പോയി. അത്തരത്തിൽ പ്രവർത്തിക്കാൻ നമുക്കും ദൃഢചിത്തരായിരിക്കാം. അങ്ങനെയാകുമ്പോൾ പ്രസംഗവേലയ്ക്കു തടയിടാൻ തുനിയുന്നവരുടെ ശ്രമങ്ങളെ വിഫലമാക്കാൻ നമുക്കു കഴിയും.
19 തെസ്സലോനിക്യയിലും ബരോവയിലും ഉള്ള ജൂതന്മാരെ സന്തോഷവാർത്ത സമഗ്രമായി അറിയിച്ചപ്പോൾ, ധൈര്യത്തോടെ സാക്ഷീകരിക്കുന്നതിന്റെയും തിരുവെഴുത്തുകളിൽനിന്ന് ന്യായവാദംചെയ്യുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പൗലോസ് പലതും പഠിച്ചു. പല കാര്യങ്ങൾ നമുക്കും പഠിക്കാനായി. അടുത്തതായി, തികച്ചും വ്യത്യസ്തരായ ഒരു കൂട്ടം ആളുകളെയാണ് അദ്ദേഹം കണ്ടുമുട്ടുന്നത്—ആതൻസിലെ ജനതകളിൽപ്പെട്ടവരെ. അവിടെ പൗലോസിന്റെ അനുഭവം എന്തായിരിക്കും? അടുത്ത അധ്യായത്തിലൂടെ അതാണു നാം കാണാൻ പോകുന്നത്.
a ഒരു പണ്ഡിതൻ പറയുന്നതനുസരിച്ച് “പുതിയൊരു രാജാവോ രാജത്വമോ വരുന്നതിനെക്കുറിച്ചുള്ള” ഏതൊരു പ്രവചനവും സീസർ അക്കാലത്ത് നിയമംമൂലം നിരോധിച്ചിരുന്നു, “പ്രത്യേകിച്ച് നിലവിലുള്ള ചക്രവർത്തിയെ സ്ഥാനഭ്രഷ്ടനാക്കുകയോ ന്യായംവിധിക്കുകയോ ചെയ്യുന്നതിനെക്കുറിച്ചുള്ള” പ്രവചനങ്ങൾ. പൗലോസ് അപ്പോസ്തലന്റെ സന്ദേശം ആ ആജ്ഞയുടെ ലംഘനമാണെന്നു വരുത്തിത്തീർക്കാനായിരിക്കണം അദ്ദേഹത്തിന്റെ ശത്രുക്കൾ ശ്രമിച്ചത്. “ സീസറുമാരും പ്രവൃത്തികളുടെ പുസ്തകവും” എന്ന ചതുരം കാണുക.