അധ്യായം 18
‘ദൈവത്തെ അന്വേഷിച്ച് കണ്ടെത്തുക’
പൗലോസ് ശ്രോതാക്കൾക്ക് യോജിക്കാനാകുന്ന വിവരങ്ങൾ ഉപയോഗിക്കുന്നു; അവതരണത്തിൽ പൊരുത്തപ്പെടുത്തൽ വരുത്തുന്നു
ആധാരം: പ്രവൃത്തികൾ 17:16-34
1-3. (എ) ആതൻസിൽ എത്തിയ പൗലോസ് അപ്പോസ്തലൻ അങ്ങേയറ്റം അസ്വസ്ഥനാകുന്നത് എന്തുകൊണ്ട്? (ബി) പൗലോസിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
അങ്ങേയറ്റം അസ്വസ്ഥനാണ് പൗലോസ്. അദ്ദേഹം ഇപ്പോൾ ഗ്രീസിലെ ആതൻസിലാണ്. ഒരു കാലത്ത് സോക്രട്ടീസും പ്ലേറ്റോയും അരിസ്റ്റോട്ടിലും ഒക്കെ പഠിപ്പിച്ചിരുന്ന, സുപ്രസിദ്ധമായ വിദ്യാകേന്ദ്രമാണ് അത്. ആതൻസുകാർ പൊതുവെ മതഭക്തരാണ്. അവർക്ക് ആരാധനാമൂർത്തികളായി അനവധി ദൈവങ്ങളുണ്ട്. ക്ഷേത്രങ്ങളിലും പൊതുചത്വരങ്ങളിലും തെരുവോരങ്ങളിലും അങ്ങനെ എവിടെ നോക്കിയാലും വിഗ്രഹങ്ങളുടെ നീണ്ട നിരതന്നെ പൗലോസിനു കാണാനാകുന്നു. സത്യദൈവമായ യഹോവ വിഗ്രഹാരാധനയെ എങ്ങനെ വീക്ഷിക്കുന്നുവെന്ന് പൗലോസിന് അറിയാം. (പുറ. 20:4, 5) ഇക്കാര്യത്തിൽ യഹോവയുടെ അതേ വീക്ഷണമാണ് വിശ്വസ്തനായ ഈ അപ്പോസ്തലനുമുള്ളത്; അതെ, അദ്ദേഹം വിഗ്രഹങ്ങളെ അങ്ങേയറ്റം വെറുക്കുന്നു!
2 അവിടത്തെ ചന്തസ്ഥലത്ത് കാണുന്ന കാഴ്ച പൗലോസിനെ ഏറെ ഞെട്ടിക്കുന്നു. വടക്കുപടിഞ്ഞാറെ മൂലയിൽ, പ്രധാന കവാടത്തിന് അടുത്തായി ഹെർമിസ് ദേവന്റെ ലിംഗസ്തംഭങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്നു. ചന്തസ്ഥലത്ത് എവിടെയും ദേവമന്ദിരങ്ങൾ കാണാം. വിഗ്രഹാരാധനയിൽ ആണ്ടുകിടക്കുന്ന ഇങ്ങനെയൊരു സ്ഥലത്ത് തീക്ഷ്ണതയുള്ള ഈ അപ്പോസ്തലൻ എങ്ങനെയായിരിക്കും പ്രസംഗിക്കുന്നത്? സംയമനം പാലിക്കാനും ആതൻസുകാർക്കുംകൂടെ യോജിക്കാൻ കഴിയുന്ന ഒരു പൊതുവിഷയം കണ്ടെത്തി സംസാരിക്കാനും അദ്ദേഹത്തിനു കഴിയുമോ? സത്യദൈവത്തെ അന്വേഷിച്ച് കണ്ടെത്തുന്നതിന് ആരെയെങ്കിലും സഹായിക്കുന്നതിൽ പൗലോസ് വിജയിക്കുമോ?
3 പ്രവൃത്തികൾ 17:22-31-ൽ നാം കാണുന്ന, ആതൻസിലെ വിദ്യാസമ്പന്നരായ ആളുകളോടുള്ള പൗലോസിന്റെ പ്രഭാഷണം വാക്ചാതുര്യത്തോടും നയത്തോടും വിവേകത്തോടും കൂടെ എങ്ങനെ ആളുകളോടു സംസാരിക്കാം എന്നതിന്റെ ഒരു ഉത്തമ മാതൃകയാണ്. ശ്രോതാക്കൾക്കുംകൂടി യോജിക്കാനാകുന്ന ഒരു പൊതുവിഷയത്തെക്കുറിച്ചു സംസാരിക്കാനും അങ്ങനെ യുക്തിസഹമായി ചിന്തിക്കാൻ അവരെ സഹായിക്കാനും എങ്ങനെ കഴിയും എന്നതിനെക്കുറിച്ച് പൗലോസിന്റെ മാതൃകയിൽനിന്ന് നമുക്കു പഠിക്കാനാകും.
“ചന്തസ്ഥലത്ത്” പഠിപ്പിക്കുന്നു (പ്രവൃ. 17:16-21)
4, 5. ആതൻസിൽ പൗലോസ് എവിടെയാണ് പ്രസംഗിച്ചത്, അദ്ദേഹത്തിന്റെ ശ്രോതാക്കൾ എങ്ങനെയുള്ളവരായിരുന്നു?
4 ഏതാണ്ട് എ.ഡി. 50-ൽ, തന്റെ രണ്ടാം മിഷനറി പര്യടനത്തിന്റെ ഭാഗമായാണ് പൗലോസ് ആതൻസ് സന്ദർശിക്കുന്നത്. a ശീലാസും തിമൊഥെയൊസും ബരോവയിൽനിന്നു വരുന്നതിനായി കാത്തിരിക്കെ, പൗലോസ് പതിവുപോലെ സിനഗോഗിൽ ചെന്ന് ‘ജൂതന്മാരോടു ന്യായവാദം ചെയ്തു.’ അവിടെ ജൂതന്മാരല്ലാത്തവരോടു പ്രസംഗിക്കുന്നതിനും അദ്ദേഹം ഒരു വഴി കണ്ടെത്തി—“ചന്തസ്ഥലത്ത്” പോയി പ്രസംഗിക്കുക. (പ്രവൃ. 17:17) അക്രോപോളിസിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്തിരുന്ന, ഏതാണ്ട് 12 ഏക്കർ വിസ്തൃതിയുള്ള പ്രദേശമായിരുന്നു ഈ ചന്തസ്ഥലം. വെറുമൊരു കച്ചവടസ്ഥലം എന്നതിനെക്കാൾ, ആളുകൾ സമ്മേളിച്ചിരുന്ന ഒരു പൊതുചത്വരംകൂടി ആയിരുന്നു ഇത്. “നഗരത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ-സാംസ്കാരിക കേന്ദ്രം” എന്നാണ് ഇതിനെ ഒരു പരാമർശഗ്രന്ഥം വിശേഷിപ്പിക്കുന്നത്. അവിടെ കൂടിവരാനും ബൗദ്ധിക ചർച്ചകളിൽ ഏർപ്പെടാനും ആതൻസുകാർ പൊതുവെ തത്പരരായിരുന്നു.
5 കൈകാര്യംചെയ്യാൻ അത്ര എളുപ്പമല്ലാത്ത ഒരു കൂട്ടത്തെയാണ് ചന്തസ്ഥലത്ത് പൗലോസ് കണ്ടുമുട്ടിയത്. അക്കൂട്ടത്തിൽ എപ്പിക്കൂര്യരും സ്തോയിക്കരും ഉണ്ടായിരുന്നു; ഇരുകൂട്ടരുടെയും ആശയഗതികൾ പരസ്പരവിരുദ്ധങ്ങളായിരുന്നു. b ജീവൻ ആകസ്മികമായി ഉളവായതാണെന്നാണ് എപ്പിക്കൂര്യർ വിശ്വസിച്ചിരുന്നത്. ജീവിതത്തെക്കുറിച്ചുള്ള അവരുടെ വീക്ഷണം ഇങ്ങനെ സംക്ഷേപിക്കാം: “ദേവന്മാരെ ഭയക്കേണ്ടതില്ല; മരണത്തെ തുടർന്ന് സുഖദുഃഖങ്ങൾ അനുഭവിക്കാനാവില്ല; തിന്മയെ അതിജീവിച്ച് നന്മയെ നേടാനാകും.” സ്തോയിക്കരാകട്ടെ, ന്യായത്തിനും യുക്തിക്കും പ്രാധാന്യം കല്പിച്ചിരുന്നു. ദൈവം ഒരു വ്യക്തിയാണെന്ന് അവർ അംഗീകരിച്ചിരുന്നില്ല. ക്രിസ്തുവിന്റെ അനുഗാമികൾ പഠിപ്പിച്ചിരുന്ന പുനരുത്ഥാനത്തിൽ എപ്പിക്കൂര്യരും സ്തോയിക്കരും വിശ്വസിച്ചിരുന്നില്ല. പൗലോസ് പ്രസംഗിച്ച, സത്യക്രിസ്ത്യാനിത്വത്തിന്റെ ഉത്കൃഷ്ടമായ സത്യങ്ങളോട് ഒരുതരത്തിലും യോജിക്കാത്തവയായിരുന്നു ഈ രണ്ടു കൂട്ടരുടെയും തത്ത്വചിന്തകൾ.
6, 7. വിദ്യാസമ്പന്നരായ ചില ഗ്രീക്കുകാർ പൗലോസിന്റെ പഠിപ്പിക്കലുകളോട് എങ്ങനെ പ്രതികരിച്ചു, സമാനമായ എന്ത് അനുഭവം നമുക്ക് ഇന്ന് ഉണ്ടായേക്കാം?
6 വിദ്യാസമ്പന്നരായ ആ ഗ്രീക്കുകാർ പൗലോസിന്റെ പഠിപ്പിക്കലുകളോട് എങ്ങനെയാണു പ്രതികരിച്ചത്? ചിലർ പൗലോസിനെ “വിടുവായൻ” എന്നു വിളിച്ചു. “വിടുവായൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അക്ഷരാർഥം “വിത്തു കൊത്തിപ്പെറുക്കുന്നവൻ” എന്നാണ്. (പ്രവൃ. 17:18-ന്റെ പഠനക്കുറിപ്പ് കാണുക, nwtsty) ഈ ഗ്രീക്ക് പദത്തെക്കുറിച്ച് ഒരു പണ്ഡിതൻ പറയുന്നു: “ധാന്യമണികളും മറ്റും കൊത്തിപ്പെറുക്കി നടക്കുന്ന ഒരു ചെറിയ പക്ഷിയെ കുറിക്കാനാണ് ആദ്യമൊക്കെ ഈ പദം ഉപയോഗിച്ചിരുന്നത്. പിന്നീട് അത്, ചന്തസ്ഥലങ്ങളിൽ മറ്റുള്ളവർ വലിച്ചെറിയുന്ന ഭക്ഷണസാധനങ്ങളും മറ്റു പാഴ്വസ്തുക്കളും പെറുക്കിനടക്കുന്നവരെ കുറിക്കാനായി ഉപയോഗിച്ചിരുന്നു. പിൽക്കാലത്ത് ഈ പദം, എവിടെനിന്നെങ്കിലുമൊക്കെ കേട്ടതും എന്നാൽ പരസ്പര ബന്ധമില്ലാത്തതും ആയ കാര്യങ്ങൾ പറയുന്നവരെ കുറിക്കാൻ ഉപയോഗിച്ചുതുടങ്ങി.” പൗലോസിനെ “വിടുവായൻ” എന്നു വിളിച്ചപ്പോൾ ഫലത്തിൽ, അദ്ദേഹം ന്യായാന്യായങ്ങൾ ചിന്തിക്കാതെ, കേട്ട കാര്യങ്ങൾ സ്വന്തമെന്നപോലെ പറഞ്ഞുനടക്കുന്ന വെറുമൊരു വിഡ്ഢിയാണെന്ന് പറയുകയായിരുന്നു അവർ. എന്നാൽ ഇത്തരത്തിൽ ഒരു പരിഹാസപ്പേര് വിളിച്ചതിന്റെ പേരിലൊന്നും പതറുന്ന ആളായിരുന്നില്ല പൗലോസ്. അതേക്കുറിച്ച് ഈ അധ്യായത്തിലൂടെ നാം കാണുന്നതായിരിക്കും.
7 യഹോവയുടെ സാക്ഷികളായ നമുക്കും ഇന്ന് സമാനമായ അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. ബൈബിളധിഷ്ഠിത വിശ്വാസങ്ങളുടെ പേരിൽ ആളുകൾ നമ്മെ പരിഹാസപ്പേരുകൾ വിളിച്ച് അധിക്ഷേപിച്ചേക്കാം. ഉദാഹരണത്തിന് പരിണാമം ഒരു വസ്തുതയാണെന്നും അതിൽ വിശ്വസിക്കാത്തവർ വിഡ്ഢികളാണെന്നും വരുത്തിത്തീർക്കാൻ വിദ്യാഭ്യാസരംഗത്തെ ചില പ്രമുഖർ ശ്രമിക്കുന്നു. ഫലത്തിൽ പരിണാമസിദ്ധാന്തത്തിൽ വിശ്വസിക്കാത്തവരെ അജ്ഞരായി അവർ മുദ്രകുത്തുന്നു. ബൈബിളിൽനിന്നു കാര്യങ്ങൾ അവതരിപ്പിക്കുകയും പ്രകൃതിയിലെ രൂപകല്പനയെ തെളിവായി നിരത്തുകയും ചെയ്യുന്ന നാം ‘വിടുവായന്മാരാണെന്നുള്ള’ ധാരണ ആളുകളിൽ ഉളവാക്കാനാണ് അത്തരക്കാർ ശ്രമിക്കുന്നത്. എന്നാൽ ഇതുകൊണ്ടൊന്നും പതറുന്നവരല്ല നാം. ഭൂമിയിലെ ജീവൻ ബുദ്ധിവൈഭവമുള്ള ഒരു രൂപരചയിതാവ്, അതായത് ദൈവമായ യഹോവ, സൃഷ്ടിച്ചതാണെന്ന നമ്മുടെ വിശ്വാസത്തെക്കുറിച്ച് നാം ബോധ്യത്തോടെതന്നെ പ്രതിവാദംചെയ്യും.—വെളി. 4:11.
8. (എ) പൗലോസിന്റെ പ്രസംഗം കേട്ട ചിലരുടെ പ്രതികരണം എന്തായിരുന്നു? (ബി) പൗലോസിനെ അരയോപഗസിലേക്കു കൊണ്ടുപോയി എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥം എന്തായിരിക്കാം? (അടിക്കുറിപ്പു കാണുക.)
8 ചന്തസ്ഥലത്ത് പൗലോസിന്റെ പ്രസംഗം കേട്ട മറ്റു ചിലരുടെ പ്രതികരണം വ്യത്യസ്തമായിരുന്നു. “ഇയാൾ അന്യദൈവങ്ങളെക്കുറിച്ച് പറയുന്നവനാണെന്നു തോന്നുന്നു” എന്ന് അവർ പറഞ്ഞു. (പ്രവൃ. 17:18) വാസ്തവത്തിൽ പൗലോസ് ആതൻസുകാരോട് ഏതെങ്കിലും പുതിയ ദേവന്മാരെക്കുറിച്ചു പറഞ്ഞോ? ആതൻസുകാരുടെ ആ ആരോപണം നിസ്സാരമായ ഒന്നായിരുന്നില്ല; കാരണം, നൂറ്റാണ്ടുകൾക്കുമുമ്പ് സോക്രട്ടീസിനെ വിചാരണചെയ്ത് വധശിക്ഷയ്ക്കു വിധിച്ചത് സമാനമായ ഒരു ആരോപണത്തിന്റെ പേരിലുംകൂടിയാണ്. അവർ പൗലോസിനെ അരയോപഗസിലേക്ക് പിടിച്ചുകൊണ്ടുപോയി അദ്ദേഹം പ്രസംഗിച്ച ആ പുതിയ ആശയങ്ങൾക്ക് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടതിൽ ഒട്ടും അതിശയമില്ല. c തിരുവെഴുത്തുകളെക്കുറിച്ച് യാതൊന്നും അറിയാത്ത ആ ആളുകളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പൗലോസിന് എങ്ങനെ കഴിയുമായിരുന്നു?
‘നിങ്ങൾ ദൈവഭയമുള്ളവരാണെന്ന് എനിക്കു മനസ്സിലായി’ (പ്രവൃ. 17:22, 23)
9-11. (എ) ശ്രോതാക്കൾക്കുംകൂടി യോജിക്കാൻ കഴിയുന്ന വിഷയം സംസാരിക്കാൻ പൗലോസ് ശ്രമിച്ചത് എങ്ങനെ? (ബി) ശുശ്രൂഷയിൽ നമുക്ക് എങ്ങനെ പൗലോസിനെ അനുകരിക്കാം?
9 ആതൻസിൽ ധാരാളം വിഗ്രഹങ്ങൾ കണ്ടത് പൗലോസിനെ അങ്ങേയറ്റം അസ്വസ്ഥനാക്കി എന്ന കാര്യം ഓർക്കുക. എന്നാൽ വിഗ്രഹാരാധനയെ നിശിതമായി വിമർശിക്കുന്നതിനു പകരം അദ്ദേഹം സംയമനം പാലിച്ചു. തന്റെ ശ്രോതാക്കൾക്കുംകൂടി യോജിക്കാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ട് വളരെ നയപരമായി അവരുടെ മനസ്സുകളെ സ്വാധീനിക്കാൻ പൗലോസ് ശ്രമിച്ചു. പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പ്രഭാഷണം ആരംഭിച്ചത്: “ആതൻസിലെ പുരുഷന്മാരേ, നിങ്ങൾ എല്ലാ വിധത്തിലും മറ്റുള്ളവരെക്കാൾ ദൈവഭയമുള്ളവരാണെന്ന് എനിക്കു മനസ്സിലായി.” (പ്രവൃ. 17:22) ‘നിങ്ങൾ വളരെ മതഭക്തരാണ്’ എന്നാണ് ഫലത്തിൽ പൗലോസ് അവരോടു പറഞ്ഞത്. മതകാര്യങ്ങളിലുള്ള അവരുടെ താത്പര്യത്തെ പൗലോസ് ബുദ്ധിപൂർവം അഭിനന്ദിച്ചു. വ്യാജോപദേശങ്ങളാൽ അന്ധരാക്കപ്പെട്ടിരിക്കുന്ന ചിലർക്കുപോലും സ്വീകാര്യക്ഷമമായ ഹൃദയം ഉണ്ടായിരുന്നേക്കാം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. താനും “വിശ്വാസമില്ലാതിരുന്ന കാലത്ത് അറിവില്ലാതെ” പ്രവർത്തിച്ചവനാണെന്ന കാര്യം പൗലോസ് ഓർത്തിരിക്കണം.—1 തിമൊ. 1:13.
10 ആതൻസുകാരുടെ മതഭക്തിയുടെ വളരെ വ്യക്തമായ തെളിവാണ് താൻ കണ്ട “അജ്ഞാതദൈവത്തിന്” എന്ന് എഴുതിയിരിക്കുന്ന യാഗപീഠം എന്നു പറഞ്ഞുകൊണ്ട് അവർക്കുംകൂടി യോജിക്കാനാകുന്ന വിധത്തിൽ പൗലോസ് തന്റെ പ്രഭാഷണം തുടർന്നു. ഒരു ഗ്രന്ഥം പറയുന്നതനുസരിച്ച് “‘അജ്ഞാതദൈവങ്ങൾക്കായി’ യാഗപീഠങ്ങൾ നിർമിക്കുന്ന രീതി ഗ്രീക്കുകാർക്കും മറ്റും ഉണ്ടായിരുന്നു. തങ്ങൾക്ക് അറിയാത്ത ഏതെങ്കിലും ഒരു ദേവനെ ആരാധിക്കാതിരിക്കുകയും അങ്ങനെ ആ ദേവന്റെ കോപത്തിനു പാത്രമായിത്തീരുകയും ചെയ്യുമോ എന്ന ഭയത്താലാണ് അവരതു ചെയ്തിരുന്നത്.” അങ്ങനെയൊരു യാഗപീഠം സ്ഥാപിക്കുകവഴി തങ്ങൾക്ക് അറിയില്ലാത്ത ഒരു ദൈവം ഉണ്ടെന്ന് അവർ അംഗീകരിക്കുകയായിരുന്നു. ഈ യാഗപീഠത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ട് പൗലോസ് തന്റെ വിഷയത്തിലേക്കു കടന്നു. “നിങ്ങൾ ആരാധിക്കുന്ന ആ ദൈവത്തെക്കുറിച്ചാണ് എനിക്കു നിങ്ങളോടു സംസാരിക്കാനുള്ളത്” എന്ന് പൗലോസ് പറഞ്ഞു. (പ്രവൃ. 17:23) ശക്തമായ ആ ന്യായവാദം വളരെ സമർഥമായ രീതിയിലാണ് പൗലോസ് അവരുടെ മുമ്പാകെ അവതരിപ്പിച്ചത്. ചിലർ ആരോപിച്ചതുപോലെ അദ്ദേഹം ഏതെങ്കിലും പുതിയ ദേവനെക്കുറിച്ചു സംസാരിക്കുകയായിരുന്നില്ല. അവർക്ക് അജ്ഞാതനായ ആ ദൈവത്തെക്കുറിച്ച്, അതായത് സത്യദൈവത്തെക്കുറിച്ച് ആണ് പൗലോസ് സംസാരിച്ചത്.
11 ശുശ്രൂഷയിൽ നമുക്ക് എങ്ങനെ പൗലോസിന്റെ മാതൃക അനുകരിക്കാം? നാം ചുറ്റുപാടും ഒന്ന് നിരീക്ഷിക്കുന്നെങ്കിൽ, കണ്ടുമുട്ടുന്ന വ്യക്തി മതഭക്തനാണോ എന്നതിന്റെ ചില തെളിവുകൾ നമുക്കു ലഭിച്ചേക്കാം. ഒരുപക്ഷേ, അദ്ദേഹം ധരിച്ചിരിക്കുന്നതോ വീട്ടിലോ മുറ്റത്തോ പ്രദർശിപ്പിച്ചിരിക്കുന്നതോ ആയ മതപരമായ വസ്തുക്കൾ നമുക്ക് കാണാനായേക്കും. നമുക്ക് ഇങ്ങനെ അദ്ദേഹത്തോടു പറയാൻ കഴിഞ്ഞേക്കും: ‘നിങ്ങൾ മതഭക്തിയുള്ള ഒരാളാണെന്ന് എനിക്കു മനസ്സിലായി. ദൈവഭക്തിയുള്ള ഒരാളെ കണ്ടെത്താൻ കഴിഞ്ഞതിൽ എനിക്കു സന്തോഷമുണ്ട്.’ ഇപ്രകാരം ആ വ്യക്തി ഒരു മതഭക്തനാണെന്ന് അംഗീകരിക്കുകവഴി പൊതുവായ ഒരു അടിസ്ഥാനത്തെ ആധാരമാക്കി ചർച്ച മുന്നോട്ടുകൊണ്ടുപോകാൻ നമുക്കു സാധിക്കും. ശക്തമായ മതവിശ്വാസങ്ങൾ ഉള്ളവരാണ് എന്നതിന്റെ പേരിൽ ആളുകളെ നാം മുൻവിധിയോടെ വീക്ഷിക്കേണ്ടതില്ല. ഇന്ന് നമ്മുടെ സഹാരാധകരായിരിക്കുന്നവരിൽ പലരും ഒരുകാലത്ത് വ്യാജമതവിശ്വാസങ്ങൾ തികഞ്ഞ ആത്മാർഥതയോടെ പിൻപറ്റിയിരുന്നവരാണ്.
“ദൈവം നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല” (പ്രവൃ. 17:24-28)
12. ശ്രോതാക്കളുടെ പശ്ചാത്തലം കണക്കിലെടുത്ത് പൗലോസ് തന്റെ സമീപനത്തിൽ മാറ്റം വരുത്തിയത് എങ്ങനെ?
12 ശ്രോതാക്കൾക്കുംകൂടി യോജിക്കാനാകുന്ന വിധത്തിൽ സംസാരിച്ചു തുടങ്ങിയ പൗലോസിന് അതേ രീതിയിൽ തന്റെ പ്രഭാഷണം മുന്നോട്ടുകൊണ്ടുപോകാനായോ? തന്റെ ശ്രോതാക്കൾ ഗ്രീക്ക് തത്ത്വചിന്തകളെക്കുറിച്ച് അവഗാഹമുള്ളവരും അതേസമയം തിരുവെഴുത്തുകളെക്കുറിച്ച് യാതൊന്നും അറിയാത്തവരുമാണെന്ന് പൗലോസിന് അറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹം തന്റെ സമീപനത്തിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തി. ആദ്യമായി, തിരുവെഴുത്തുകളിൽനിന്ന് നേരിട്ട് ഉദ്ധരിക്കാതെതന്നെ അതിലെ പഠിപ്പിക്കലുകൾ പൗലോസ് അവരുടെ ശ്രദ്ധയിൽപ്പെടുത്തി. രണ്ടാമതായി, ‘നമ്മൾ,’ ‘നമ്മിൽ’ എന്നീ പദങ്ങൾ ഉപയോഗിച്ചുകൊണ്ട് ശ്രോതാക്കളുടെ കൂട്ടത്തിൽ തന്നെയും ഉൾപ്പെടുത്തി അദ്ദേഹം സംസാരിച്ചു. മൂന്നാമതായി, ഗ്രീക്ക് സാഹിത്യകൃതികളിൽനിന്ന് ഉദ്ധരിച്ചുകൊണ്ട് താൻ പഠിപ്പിക്കുന്ന ചില കാര്യങ്ങൾ അവരുടെതന്നെ ലിഖിതങ്ങളിൽ ഉണ്ടെന്ന് പൗലോസ് വ്യക്തമാക്കി. പൗലോസിന്റെ ശക്തമായ ആ പ്രഭാഷണം നമുക്കൊന്നു പരിശോധിക്കാം. ആതൻസുകാർക്ക് അജ്ഞാതനായിരുന്ന ദൈവത്തെക്കുറിച്ചുള്ള സുപ്രധാനമായ ഏതെല്ലാം സത്യങ്ങളാണ് അദ്ദേഹം അവരെ അറിയിച്ചത്?
13. പ്രപഞ്ചത്തിന്റെ ഉൽപത്തിയെക്കുറിച്ച് പൗലോസ് എന്തു പറഞ്ഞു, അദ്ദേഹം പറഞ്ഞതിന്റെ സാരം എന്തായിരുന്നു?
13 ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു. “ലോകവും അതിലുള്ളതൊക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗത്തിനും ഭൂമിക്കും നാഥനായതുകൊണ്ട് മനുഷ്യർ പണിത ദേവാലയങ്ങളിൽ വസിക്കുന്നില്ല” എന്ന് പൗലോസ് പറഞ്ഞു. d (പ്രവൃ. 17:24) പ്രപഞ്ചം ആകസ്മികമായി ഉളവായതല്ല. സകലതും സൃഷ്ടിച്ചത് സത്യദൈവമാണ്. (സങ്കീ. 146:6) അഥീനയുടെയും മറ്റ് ദേവന്മാരുടെയും മഹത്ത്വം ക്ഷേത്രങ്ങളെയും മന്ദിരങ്ങളെയും യാഗപീഠങ്ങളെയും ആശ്രയിച്ചാണിരുന്നത്. എന്നാൽ തികച്ചും വ്യത്യസ്തനാണ് സത്യദൈവം. സ്വർഗത്തിന്റെയും ഭൂമിയുടെയും പരമാധീശ കർത്താവാകയാൽ ദൈവം മനുഷ്യനിർമിതമായ ആലയങ്ങളിൽ ഒതുങ്ങുന്നവനല്ല. (1 രാജാ. 8:27) പൗലോസ് പറഞ്ഞതിന്റെ സാരം ഇതായിരുന്നു: മനുഷ്യനിർമിതമായ ക്ഷേത്രങ്ങളിൽ കാണപ്പെടുന്ന മനുഷ്യനിർമിത വിഗ്രഹങ്ങളെക്കാളെല്ലാം മഹത്ത്വമേറിയവനാണ് സത്യദൈവം.—യശ. 40:18-26.
14. ദൈവം മനുഷ്യരെ ആശ്രയിക്കുന്നില്ല എന്ന് പൗലോസ് വ്യക്തമാക്കിയത് എങ്ങനെ?
14 ദൈവം മനുഷ്യരെ ആശ്രയിക്കുന്നില്ല. വിഗ്രഹാരാധകർ അവരുടെ വിഗ്രഹങ്ങളെ മോടിയേറിയ വസ്ത്രങ്ങൾകൊണ്ട് അലങ്കരിക്കുകയും അവയ്ക്ക് വിലയേറിയ കാഴ്ചകൾ അർപ്പിക്കുകയും ഭക്ഷണപാനീയങ്ങൾ നിവേദിക്കുകയും ചെയ്യുക പതിവായിരുന്നു. അവയ്ക്ക് ഇതെല്ലാം ആവശ്യമാണെന്ന മട്ടിലായിരുന്നു അവർ അങ്ങനെ ചെയ്തിരുന്നത്. എന്നാൽ ദേവന്മാർക്ക് മനുഷ്യരിൽനിന്നുള്ള യാതൊരു ശുശ്രൂഷയും ആവശ്യമില്ലെന്ന് ചിന്തിക്കുന്നവരായിരുന്നിരിക്കണം പൗലോസിന്റെ ശ്രോതാക്കളായ ചില തത്ത്വചിന്തകർ. അങ്ങനെയാണെങ്കിൽ പൗലോസിന്റെ പിൻവരുന്ന വാക്കുകളോട് അവർ തീർച്ചയായും യോജിച്ചിരിക്കണം: “ദൈവത്തിന് ഒന്നിന്റെയും ആവശ്യമില്ല, മനുഷ്യരുടെ ശുശ്രൂഷയും ആവശ്യമില്ല. കാരണം, ദൈവമാണ് എല്ലാവർക്കും ജീവനും ശ്വാസവും മറ്റു സകലവും നൽകുന്നത്.” അതെ, സ്രഷ്ടാവിന് മനുഷ്യരിൽനിന്ന് ഭൗതികമായ ഒന്നും ആവശ്യമില്ല. വാസ്തവത്തിൽ, മനുഷ്യർക്ക് ആവശ്യമായതെല്ലാം അവർക്കു നൽകുന്നത് ദൈവമാണ്, “ജീവനും ശ്വാസവും” അതുപോലെ സൂര്യപ്രകാശം, മഴ, ഫലഭൂയിഷ്ഠമായ മണ്ണ് എന്നിങ്ങനെ “സകലവും.” (പ്രവൃ. 17:25; ഉൽപ. 2:7) അതുകൊണ്ട് ദാതാവായ ദൈവം സ്വീകർത്താക്കളായ മനുഷ്യരെ ആശ്രയിക്കുന്നില്ല.
15. ഗ്രീക്കുകാരല്ലാത്തവരെക്കാൾ തങ്ങൾ ശ്രേഷ്ഠരാണെന്ന ആതൻസുകാരുടെ ചിന്താഗതിയെ പൗലോസ് എങ്ങനെ കൈകാര്യം ചെയ്തു, അദ്ദേഹത്തിന്റെ മാതൃകയിൽനിന്ന് സുപ്രധാനമായ എന്തു പാഠം നമുക്കു പഠിക്കാം?
15 ദൈവം മനുഷ്യനെ സൃഷ്ടിച്ചു. ഗ്രീക്കുകാരല്ലാത്തവരെക്കാൾ തങ്ങൾ എന്തുകൊണ്ടും ശ്രേഷ്ഠരാണെന്ന് ആതൻസുകാർ വിശ്വസിച്ചിരുന്നു. എന്നാൽ ദേശത്തിന്റെയോ വർഗത്തിന്റെയോ പേരിൽ അഹങ്കരിക്കുന്നത് ബൈബിൾസത്യത്തിനു വിരുദ്ധമാണ്. (ആവ. 10:17) വളരെ നയത്തോടും വൈദഗ്ധ്യത്തോടും കൂടെയാണ് പൗലോസ് ഈ വിഷയം കൈകാര്യംചെയ്തത്. “ദൈവം ഒരു മനുഷ്യനിൽനിന്ന് എല്ലാ ജനതകളെയും ഉണ്ടാക്കി” എന്ന് അദ്ദേഹം പറഞ്ഞപ്പോൾ, അത് ശ്രോതാക്കളെ ചിന്തിക്കാൻ പ്രേരിപ്പിച്ചു എന്നതിനു സംശയമില്ല. (പ്രവൃ. 17:26) മനുഷ്യവർഗത്തിന്റെ ജനയിതാവായ ആദാമിനെക്കുറിച്ചുള്ള ഉൽപത്തി വിവരണത്തെക്കുറിച്ചാണ് പൗലോസ് അപ്പോൾ പരാമർശിച്ചത്. (ഉൽപ. 1:26-28) എല്ലാ മനുഷ്യരും ഒരു പൊതുപൂർവികനിൽനിന്നുള്ളവർ ആയതിനാൽ ഏതെങ്കിലും ഒരു വർഗത്തിലോ ദേശത്തിലോ ഉള്ളവർ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരല്ല. പൗലോസിന്റെ ശ്രോതാക്കൾക്ക് ആ വസ്തുത അംഗീകരിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ മാതൃകയിൽനിന്ന് സുപ്രധാനമായ ഒരു പാഠം നാം പഠിക്കുന്നു: ശുശ്രൂഷയിൽ നാം നയവും ന്യായബോധവും കാണിക്കും; അതേസമയം ബൈബിൾസത്യങ്ങൾ ആളുകൾക്ക് കൂടുതൽ സ്വീകാര്യമാക്കിത്തീർക്കുന്നതിനായി നാം അവയിൽ വെള്ളം ചേർക്കുകയുമില്ല.
16. മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്?
16 മനുഷ്യർക്കു താനുമായി ഒരു അടുത്ത ബന്ധമുണ്ടായിരിക്കാൻ ദൈവം ഉദ്ദേശിച്ചു. മനുഷ്യജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് പൗലോസിന്റെ ശ്രോതാക്കളിൽപ്പെട്ട തത്ത്വചിന്തകന്മാർ കാലങ്ങളായി വാദപ്രതിവാദങ്ങൾ നടത്തിയിരുന്നെങ്കിലും അതിന് തൃപ്തികരമായ ഒരു വിശദീകരണം നൽകാൻ അവർക്കു കഴിഞ്ഞിരുന്നില്ല. എന്നാൽ മനുഷ്യരെക്കുറിച്ചുള്ള സ്രഷ്ടാവിന്റെ ഉദ്ദേശ്യം പൗലോസ് വ്യക്തമാക്കി. പൗലോസ് ഇങ്ങനെ പറഞ്ഞു: “തന്നെ മനുഷ്യർ അന്വേഷിക്കാനും തപ്പിത്തിരഞ്ഞ് കണ്ടെത്താനും ദൈവം ആഗ്രഹിക്കുന്നു. വാസ്തവത്തിൽ, ദൈവം നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല.” (പ്രവൃ. 17:27) അതെ, ആതൻസുകാർക്ക് അജ്ഞാതനായിരുന്ന ആ ദൈവത്തെ കണ്ടെത്തുക സാധ്യമായിരുന്നു. ദൈവത്തെ കണ്ടെത്താനും ദൈവത്തെക്കുറിച്ച് പഠിക്കാനും ആഗ്രഹിക്കുന്നവർക്ക് ദൈവം സമീപസ്ഥനാണ്. (സങ്കീ. 145:18) “നമ്മിൽ” എന്നു പറഞ്ഞപ്പോൾ പൗലോസ്, ദൈവത്തെ ‘തപ്പിത്തിരയുകയും’ ‘അന്വേഷിക്കുകയും’ ചെയ്യേണ്ടവരുടെ കൂട്ടത്തിൽ തന്നെയുംകൂടി ഉൾപ്പെടുത്തുകയായിരുന്നു.
17, 18. മനുഷ്യർക്കു ദൈവത്തോട് ഒരടുപ്പം തോന്നേണ്ടത് എന്തുകൊണ്ട്, ശ്രോതാക്കളുടെ ഹൃദയത്തെ സ്പർശിക്കുംവിധം പൗലോസ് സംസാരിച്ചതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
17 മനുഷ്യർക്കു ദൈവത്തോട് ഒരടുപ്പം തോന്നേണ്ടതുണ്ട്. ദൈവം കാരണമാണ് “നമ്മൾ ജീവിക്കുകയും ചലിക്കുകയും നിലനിൽക്കുകയും ചെയ്യുന്നത്” എന്ന് പൗലോസ് പറയുകയുണ്ടായി. അദ്ദേഹം ഇങ്ങനെ പറഞ്ഞപ്പോൾ, ബി.സി. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ക്രേത്തൻ കവിയും “ആതൻസുകാരുടെ ആധ്യാത്മിക ഗുരുവും” ആയിരുന്ന എപ്പിമെനിദീസിന്റെ വാക്കുകൾ പരാമർശിക്കുകയായിരുന്നു എന്നാണ് ചില പണ്ഡിതന്മാർ പറയുന്നത്. മനുഷ്യർക്ക് ദൈവത്തോട് അടുപ്പം തോന്നേണ്ടതിന്റെ മറ്റൊരു കാരണവും പൗലോസ് വ്യക്തമാക്കി: “‘നമ്മളും അവന്റെ മക്കളാണ്’ എന്നു നിങ്ങളുടെ കവികളിൽ ചിലരും പറഞ്ഞിട്ടില്ലേ?” (പ്രവൃ. 17:28) അതെ, മനുഷ്യർക്കു ദൈവത്തോട് ഒരടുപ്പം തോന്നേണ്ടതാണ്; കാരണം, ദൈവം സൃഷ്ടിച്ച ഒരു മനുഷ്യനിൽനിന്നാണ് പിന്നീട് മുഴുമനുഷ്യവർഗവും ഉളവായത്. ശ്രോതാക്കളുടെ ഹൃദയത്തെ സ്പർശിക്കുംവിധം പൗലോസ് വളരെ ബുദ്ധിപൂർവം അവർ ഏറെ ആദരിച്ചിരുന്ന ഗ്രീക്ക് സാഹിത്യകൃതികളിൽനിന്ന് ഉദ്ധരിച്ചുവെന്നതു ശ്രദ്ധിക്കുക. e പൗലോസ് ചെയ്തതുപോലെതന്നെ നമുക്കും ചിലപ്പോഴൊക്കെ ചരിത്രപുസ്തകങ്ങളിൽനിന്നോ വിജ്ഞാനകോശങ്ങളിൽനിന്നോ മറ്റ് അംഗീകൃത ഉറവിടങ്ങളിൽനിന്നോ ഉദ്ധരിക്കാൻ കഴിഞ്ഞേക്കും. അത്തരം ഉറവിടങ്ങളിൽനിന്നുള്ള ഉദ്ധരണികൾ, ചില വ്യാജമതവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഉത്ഭവത്തെക്കുറിച്ച് സാക്ഷികളല്ലാത്തവരെ ബോധ്യപ്പെടുത്താൻ സഹായകമായിരുന്നേക്കാം.
18 പ്രഭാഷണത്തിന്റെ ഈ ഘട്ടംവരെ പൗലോസ്, വളരെ വിദഗ്ധമായി തന്റെ ശ്രോതാക്കൾക്കുംകൂടി യോജിക്കാൻ കഴിയുന്ന വിധത്തിൽ, ദൈവത്തെക്കുറിച്ചുള്ള അടിസ്ഥാനസത്യങ്ങൾ അറിയിക്കുകയായിരുന്നു. ഈ സുപ്രധാന വിവരങ്ങൾ മനസ്സിലാക്കിയ അവർ തുടർന്ന് എന്തു ചെയ്യാനാണ് അപ്പോസ്തലൻ പ്രതീക്ഷിക്കുന്നത്? തന്റെ പ്രഭാഷണം തുടരവെ, പെട്ടെന്നുതന്നെ അത് പൗലോസ് വ്യക്തമാക്കി.
‘എല്ലായിടത്തുമുള്ള മനുഷ്യർ മാനസാന്തരപ്പെടണം’ (പ്രവൃ. 17:29-31)
19, 20. (എ) മനുഷ്യനിർമിതമായ വിഗ്രഹങ്ങളെ ആരാധിക്കുന്നതിലെ വിഡ്ഢിത്തം പൗലോസ് നയത്തോടെ തുറന്നുകാണിച്ചത് എങ്ങനെ? (ബി) പൗലോസിന്റെ ശ്രോതാക്കൾ എന്തു നടപടി സ്വീകരിക്കണമായിരുന്നു?
19 അടുത്തതായി പൗലോസ്, ശ്രോതാക്കളെ തങ്ങൾ കേട്ട കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നതിന് ഉദ്ബോധിപ്പിക്കുന്നു. ഗ്രീക്ക് കൃതിയിൽനിന്നുള്ള ആ ഉദ്ധരണിയെ വീണ്ടും പരാമർശിച്ചുകൊണ്ട് അദ്ദേഹം തുടർന്നു: “അതുകൊണ്ട്, നമ്മൾ ദൈവത്തിന്റെ മക്കളായ സ്ഥിതിക്ക്, മനുഷ്യരായ നമ്മുടെ കലാവിരുതും ഭാവനയും കൊണ്ട് പൊന്നിലോ വെള്ളിയിലോ കല്ലിലോ തീർത്ത എന്തെങ്കിലുംപോലെയാണു ദൈവം എന്നു വിചാരിക്കരുത്.” (പ്രവൃ. 17:29) മനുഷ്യൻതന്നെ ദൈവത്തിന്റെ സൃഷ്ടിയായിരിക്കെ മനുഷ്യന്റെ സൃഷ്ടിയായ വിഗ്രഹങ്ങൾക്ക് എങ്ങനെ ദൈവമാകാനാകും? മനുഷ്യനിർമിതമായ വിഗ്രഹങ്ങളെ ആരാധിക്കുന്നതിലെ വിഡ്ഢിത്തം വെളിവാക്കുന്നതായിരുന്നു നയത്തോടെയുള്ള പൗലോസിന്റെ ആ ന്യായവാദം. (സങ്കീ. 115:4-8; യശ. 44:9-20) “നമ്മൾ . . . വിചാരിക്കരുത്” എന്നു പറഞ്ഞതിലൂടെ തന്റെ വാക്കുകൾ അവരിൽ ഉളവാക്കുമായിരുന്ന വേദനയുടെ കാഠിന്യം അൽപ്പമൊന്നു കുറയ്ക്കാൻ അദ്ദേഹത്തിനു സാധിച്ചു.
20 അവരുടെ ഭാഗത്ത് പ്രവർത്തനം ആവശ്യമാണെന്ന് അപ്പോസ്തലന്റെ വാക്കുകൾ വ്യക്തമാക്കി. അദ്ദേഹം പറഞ്ഞു: “കഴിഞ്ഞ കാലങ്ങളിൽ ദൈവം അത്തരം അറിവില്ലായ്മ (അതായത്, വിഗ്രഹങ്ങളെ ആരാധിക്കുന്നത് ദൈവത്തിനു പ്രസാദകരമാണ് എന്നു വിചാരിച്ചത്) കാര്യമായെടുത്തില്ല എന്നതു സത്യമാണ്. എന്നാൽ ഇപ്പോൾ എല്ലായിടത്തുമുള്ള മനുഷ്യരോടു മാനസാന്തരപ്പെടാൻ ദൈവം പ്രഖ്യാപിക്കുന്നു.” (പ്രവൃ. 17:30) മാനസാന്തരത്തിനുള്ള ഈ ആഹ്വാനം അവരിൽ ചിലരെയെങ്കിലും ഞെട്ടിച്ചിരിക്കണം. എന്നാൽ അവർ തങ്ങളുടെ ജീവന് ദൈവത്തോടു കടപ്പെട്ടിരിക്കുന്നുവെന്നും അതിനാൽത്തന്നെ ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടവരാണെന്നും ഉള്ള കാര്യം ശക്തമായ ആ പ്രഭാഷണം വ്യക്തമാക്കി. അവർ ദൈവത്തെ അന്വേഷിക്കുകയും ദൈവത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കുകയും അവരുടെ ജീവിതം ആ സത്യത്തിനു ചേർച്ചയിൽ കൊണ്ടുവരുകയും ചെയ്യേണ്ടിയിരുന്നു. അതിന്റെ അർഥം ആ ആതൻസുകാർ വിഗ്രഹാരാധന ഒരു പാപമാണെന്നു തിരിച്ചറിഞ്ഞ് അതിൽനിന്നു പിന്മാറണം എന്നായിരുന്നു.
21, 22. പൗലോസ് തന്റെ പ്രഭാഷണം ഉപസംഹരിച്ചത് ഏതു ശക്തമായ വാക്കുകളോടെയാണ്, നമ്മെ സംബന്ധിച്ച് അതിന് എന്ത് അർഥമാണുള്ളത്?
21 പിൻവരുന്ന ശക്തമായ വാക്കുകളോടെയാണ് പൗലോസ് തന്റെ പ്രഭാഷണം അവസാനിപ്പിക്കുന്നത്: “താൻ നിയമിച്ച ഒരാളെ ഉപയോഗിച്ച് ഭൂലോകത്തെ മുഴുവൻ നീതിയോടെ ന്യായം വിധിക്കാൻ ദൈവം ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. ആ വ്യക്തിയെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതിലൂടെ ദൈവം സകലർക്കും അതിന് ഉറപ്പു നൽകുകയും ചെയ്തിരിക്കുന്നു.” (പ്രവൃ. 17:31) വരാനിരിക്കുന്ന ഒരു ന്യായവിധിദിവസം! സത്യദൈവത്തെ അന്വേഷിച്ചു കണ്ടെത്തുന്നതിനുള്ള എത്ര ശക്തമായ ഒരു കാരണം! ന്യായംവിധിക്കാനായി ദൈവം നിയമിച്ചിരിക്കുന്ന ആ പുരുഷന്റെ പേര് പൗലോസ് പറഞ്ഞില്ല. എന്നാൽ ആ ന്യായാധിപതിയെക്കുറിച്ച് ശ്രദ്ധേയമായ ചില കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തി: ഒരു മനുഷ്യനായി ജീവിച്ച്, മരിച്ച്, മരിച്ചവരിൽനിന്ന് ദൈവം ഉയിർപ്പിച്ച ഒരുവൻ!
22 പൗലോസിന്റെ ആ ഉപസംഹാര വാക്കുകൾ നമ്മെ സംബന്ധിച്ചും വളരെ അർഥവത്താണ്. ദൈവം നിയമിച്ചിട്ടുള്ള ആ ന്യായാധിപതി പുനരുത്ഥാനംപ്രാപിച്ച യേശുക്രിസ്തുവാണെന്ന് നമുക്കറിയാം. (യോഹ. 5:22) ആ ന്യായവിധിദിവസം ആയിരംവർഷം ദൈർഘ്യമുള്ളതാണെന്നും അത് ആസന്നമാണെന്നും നാം മനസ്സിലാക്കിയിരിക്കുന്നു. (വെളി. 20:4, 6) ആ ദിവസത്തെക്കുറിച്ച് നമുക്കു ഭയപ്പാടില്ല; കാരണം, വിശ്വസ്തരെന്നു വിധിക്കപ്പെടുന്നവർക്ക് അത് എണ്ണമറ്റ അനുഗ്രഹങ്ങൾ കൈവരുത്തും. മഹത്ത്വപൂർണമായ ഭാവിയെക്കുറിച്ചുള്ള നമ്മുടെ പ്രത്യാശ ഒരു യാഥാർഥ്യമായിത്തീരുമെന്നതിന് ഏറ്റവും വലിയ അത്ഭുതത്തിലൂടെതന്നെ—യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ—ദൈവം നമുക്ക് ഉറപ്പുനൽകിയിരിക്കുന്നു.
‘ചിലർ വിശ്വാസികളായിത്തീർന്നു’ (പ്രവൃ. 17:32-34)
23. പൗലോസിന്റെ വാക്കുകളോട് ആളുകൾ എങ്ങനെയെല്ലാം പ്രതികരിച്ചു?
23 പൗലോസിന്റെ വാക്കുകളോട് ആളുകൾ പലതരത്തിലാണു പ്രതികരിച്ചത്. പുനരുത്ഥാനത്തെക്കുറിച്ചു കേട്ടപ്പോൾ “ചിലർ പൗലോസിനെ പരിഹസിച്ചു.” വേറെ ചിലർ മാന്യതയോടെ പെരുമാറിയെങ്കിലും മാനസാന്തരപ്പെട്ട് വിശ്വാസികളായിത്തീരാൻ തയ്യാറായില്ല. അവർ, “ഞങ്ങൾക്കു വീണ്ടും ഇതെക്കുറിച്ച് കേൾക്കണമെന്നുണ്ട്” എന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. (പ്രവൃ. 17:32) എന്നാൽ ഏതാനും ചിലർ അനുകൂലമായി പ്രതികരിച്ചു. “ചിലർ പൗലോസിനോടു ചേർന്ന് വിശ്വാസികളായിത്തീർന്നു. അക്കൂട്ടത്തിൽ അരയോപഗസ് കോടതിയിലെ ഒരു ന്യായാധിപനായ ദിയൊനുസ്യോസും ദമരിസ് എന്നൊരു സ്ത്രീയും മറ്റു ചിലരും ഉണ്ടായിരുന്നു” എന്ന് നാം വായിക്കുന്നു. (പ്രവൃ. 17:34) സമാനമായ പ്രതികരണങ്ങൾ ശുശ്രൂഷയിൽ നമുക്കും ലഭിക്കാറുണ്ട്. ചിലർ നമ്മെ പരിഹസിച്ചേക്കാം; മറ്റു ചിലരാകട്ടെ വളരെ നയപരമായി തങ്ങളുടെ താത്പര്യമില്ലായ്മ നമ്മെ അറിയിച്ചെന്നുവരാം. എന്നാൽ ചിലരെങ്കിലും രാജ്യസന്ദേശം സ്വീകരിക്കുകയും വിശ്വാസികളായിത്തീരുകയും ചെയ്യുന്നതു കാണുമ്പോൾ നമുക്ക് എത്രമാത്രം സന്തോഷം തോന്നുന്നു!
24. അരയോപഗസിൽവെച്ച് പൗലോസ് നടത്തിയ പ്രഭാഷണത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
24 പൗലോസിന്റെ പ്രഭാഷണം പരിചിന്തിക്കുന്നതിലൂടെ, എങ്ങനെ കാര്യങ്ങൾ യുക്തിസഹമായി വികസിപ്പിക്കാം, ബോധ്യംവരുംവിധം വാദമുഖങ്ങൾ നിരത്താം, ശ്രോതാക്കളെ കണക്കിലെടുത്തുകൊണ്ട് സംസാരിക്കാം എന്നൊക്കെ നമുക്കു പഠിക്കാനാകുന്നു. വ്യാജമത വിശ്വാസങ്ങളാൽ അന്ധരാക്കപ്പെട്ടിരിക്കുന്നവരോട് ക്ഷമയും നയവും പ്രകടമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു മനസ്സിലാക്കാനും നമുക്കു കഴിയുന്നു. ശ്രോതാക്കളുടെ പ്രീതി സമ്പാദിക്കുക എന്ന ലക്ഷ്യത്തിൽ ഒരിക്കലും ബൈബിൾസത്യത്തിൽ വെള്ളംചേർക്കരുത് എന്ന സുപ്രധാന പാഠവും നമുക്കു പഠിക്കാനാകുന്നു. പൗലോസ് അപ്പോസ്തലന്റെ മാതൃക അനുകരിക്കുന്നതിലൂടെ നമുക്ക് വയൽശുശ്രൂഷയിൽ ഫലപ്രദരായ അധ്യാപകരായിത്തീരാനാകും. മാത്രമല്ല, മേൽവിചാരകന്മാർക്ക് സഭയിൽ പഠിപ്പിക്കുന്നതിലും വൈദഗ്ധ്യം നേടാനാകും. അങ്ങനെ, ‘ദൈവത്തെ അന്വേഷിച്ചു കണ്ടെത്തുന്നതിന്’ മറ്റുള്ളവരെ സഹായിക്കാൻ നാമെല്ലാം ഏറെ സജ്ജരായിത്തീരും.—പ്രവൃ. 17:27.
a “ ആതൻസ്—പുരാതന ലോകത്തിന്റെ സാംസ്കാരിക കേന്ദ്രം” എന്ന ചതുരം കാണുക.
b “ എപ്പിക്കൂര്യരും സ്തോയിക്കരും” എന്ന ചതുരം കാണുക.
c അക്രോപോളിസിനു വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്തിരുന്ന അരയോപഗസിലാണ് ആതൻസിലെ പരമോന്നത ന്യായാധിപസഭ പരമ്പരാഗതമായി സമ്മേളിച്ചിരുന്നത്. “അരയോപഗസ്” എന്നത് ന്യായാധിപസഭയെയോ അത് കൂടിവന്നിരുന്ന കുന്നിനെയോ അർഥമാക്കിയിരുന്നിരിക്കാം. അതുകൊണ്ട് പൗലോസിനെ കൊണ്ടുപോയത് ഈ കുന്നിലേക്കോ അതിനു സമീപത്തേക്കോ ആണോ അതോ ഈ സഭകൂടിയ മറ്റെവിടേക്കെങ്കിലുമാണോ (ഒരുപക്ഷേ ചന്തസ്ഥലത്ത്) എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്.
d കോസ്മൊസ് എന്ന ഗ്രീക്ക് പദമാണ് “ലോകം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഭൗതിക പ്രപഞ്ചത്തെ കുറിക്കാനാണ് ഗ്രീക്കുകാർ ആ പദം ഉപയോഗിച്ചിരുന്നത്. തന്റെ ഗ്രീക്ക് ശ്രോതാക്കൾക്കുംകൂടെ യോജിക്കാൻ കഴിയുന്ന ഒരു വിഷയത്തെക്കുറിച്ചു സംസാരിക്കാൻ ആഗ്രഹിച്ച പൗലോസ് ആ അർഥത്തിലായിരിക്കാം പ്രസ്തുത പദം ഉപയോഗിച്ചത്.
e സ്തോയിക് കവിയായ അരേറ്റസിന്റെ ഫിനോമിന എന്ന കവിതയിൽനിന്നാണ് പൗലോസ് ഉദ്ധരിച്ചത്. സ്തോയിക് എഴുത്തുകാരനായ ക്ലീൻതസ് എഴുതിയ സീയൂസിന്റെ കീർത്തനം ഉൾപ്പെടെ മറ്റ് ഗ്രീക്ക് കൃതികളിലും സമാനമായ പദപ്രയോഗങ്ങൾ കാണാനാകുന്നു.