അധ്യായം 19
“പ്രസംഗിച്ചുകൊണ്ടിരിക്കുക; മിണ്ടാതിരിക്കരുത്”
പൗലോസ് അഹോവൃത്തിക്കായി വേല ചെയ്യുന്നു; ശുശ്രൂഷയ്ക്ക് മുൻഗണന നൽകുന്നു
ആധാരം: പ്രവൃത്തികൾ 18:1-22
1-3. പൗലോസ് കൊരിന്തിൽ വന്നത് എന്തിന്, അവിടെ അദ്ദേഹം എന്തെല്ലാം വെല്ലുവിളികൾ നേരിടുന്നു?
പൗലോസ് അപ്പോസ്തലൻ ഇപ്പോൾ കൊരിന്തിലാണ്. എ.ഡി. 51-നോടടുത്ത സമയം. ധാരാളം ഗ്രീക്കുകാരും റോമാക്കാരും ജൂതന്മാരും താമസിക്കുന്ന സമ്പന്നമായ ഒരു വാണിജ്യകേന്ദ്രമായിരുന്നു കൊരിന്ത്. a വ്യാപാര ഇടപാടുകൾക്കോ ഒരു തൊഴിൽ കണ്ടെത്തുന്നതിനോ അല്ല പൗലോസ് അവിടെ എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വരവിന് സുപ്രധാനമായ ഒരു ഉദ്ദേശ്യമുണ്ട്—ദൈവരാജ്യത്തെക്കുറിച്ച് സമഗ്രമായി അറിയിക്കുക! പൗലോസിന് ഇപ്പോൾ താമസിക്കാൻ ഒരിടം കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നാൽ താൻ ആർക്കും ഒരു ഭാരമാകരുതെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ട്. ശുശ്രൂഷകൊണ്ട് ഉപജീവനംകഴിക്കുന്നവനാണെന്ന ഒരു ധാരണ ഉളവാക്കാൻ പൗലോസ് ആഗ്രഹിക്കുന്നില്ല. അദ്ദേഹം ഇപ്പോൾ എന്തു ചെയ്യും?
2 പൗലോസിന് ഒരു തൊഴിൽ അറിയാം—കൂടാരപ്പണി. അതത്ര എളുപ്പമുള്ള ഒരു തൊഴിലല്ലെങ്കിലും അഹോവൃത്തിക്കായി അധ്വാനിക്കാൻ അദ്ദേഹം തയ്യാറാണ്. എന്നാൽ തിരക്കേറിയ ഈ വാണിജ്യ നഗരത്തിൽ പണി കണ്ടെത്താൻ പൗലോസിനു സാധിക്കുമോ? അനുയോജ്യമായ ഒരു താമസസ്ഥലം കണ്ടെത്താൻ അദ്ദേഹത്തിനു കഴിയുമോ? ഇത്തരം വെല്ലുവിളികളൊക്കെ ഉണ്ടെങ്കിലും തന്റെ വരവിന്റെ മുഖ്യ ഉദ്ദേശ്യം, അതായത് ശുശ്രൂഷ, പൗലോസ് മറന്നുകളയുന്നില്ല.
3 പൗലോസ് കൊരിന്തിൽ കുറെക്കാലം താമസിച്ചു. അദ്ദേഹത്തിന്റെ ശുശ്രൂഷയ്ക്ക് നല്ല ഫലം ലഭിക്കുകയും ചെയ്തു. പൗലോസിന്റെ കൊരിന്തിലെ പ്രവർത്തനത്തിൽനിന്ന് നമുക്കു പലതും പഠിക്കാനാകും. നമ്മുടെ പ്രദേശത്ത് ദൈവരാജ്യത്തെക്കുറിച്ച് സമഗ്രമായി അറിയിക്കാൻ അദ്ദേഹത്തിന്റെ മാതൃക നമ്മെ എങ്ങനെ സഹായിക്കും?
“അവരും പൗലോസിനെപ്പോലെ കൂടാരപ്പണിക്കാരായിരുന്നു” (പ്രവൃ. 18:1-4)
4, 5. (എ) കൊരിന്തിൽ ആയിരിക്കെ പൗലോസ് എവിടെയാണ് താമസിച്ചത്, അവിടെ അദ്ദേഹം എന്തു തൊഴിൽ ചെയ്തു? (ബി) എങ്ങനെയായിരിക്കാം പൗലോസ് ഒരു കൂടാരപ്പണിക്കാരനായത്?
4 കൊരിന്തിൽ എത്തി അധികം താമസിയാതെ പൗലോസ് അക്വിലയെയും പ്രിസ്കില്ലയെയും (പ്രിസ്ക) കണ്ടുമുട്ടി. ജൂത പശ്ചാത്തലത്തിൽനിന്നുള്ള ആ ദമ്പതികൾ അതിഥിപ്രിയരായിരുന്നു. “ജൂതന്മാരെല്ലാം റോം വിട്ട് പോകണമെന്ന” ക്ലൗദ്യൊസ് ചക്രവർത്തിയുടെ കല്പനയെ തുടർന്നാണ് അവർ കൊരിന്തിൽ താമസമാക്കിയത്. (പ്രവൃ. 18:1, 2) അക്വിലയും പ്രിസ്കില്ലയും പൗലോസിനെ തങ്ങളുടെ വീട്ടിൽ താമസിപ്പിച്ചു. കൂടാതെ, തങ്ങളോടൊപ്പം ജോലി ചെയ്യാനും അവർ അദ്ദേഹത്തെ അനുവദിച്ചു. “അവരും പൗലോസിനെപ്പോലെ കൂടാരപ്പണിക്കാരായിരുന്നു. അതുകൊണ്ട് പൗലോസ് അവരുടെ വീട്ടിൽ താമസിച്ച് അവരോടൊപ്പം ജോലി ചെയ്തു” എന്ന് തിരുവെഴുത്തുകളിൽ നാം വായിക്കുന്നു. (പ്രവൃ. 18:3) കൊരിന്തിലെ ശുശ്രൂഷക്കാലത്ത് ഉടനീളം അതിഥിപ്രിയരും ദയാവായ്പുള്ളവരും ആയ ഈ ദമ്പതികളോടൊപ്പമാണ് പൗലോസ് താമസിച്ചത്. അവരുടെ വീട്ടിൽ താമസിക്കുമ്പോഴായിരിക്കണം, പിന്നീട് ബൈബിൾ കാനോന്റെ ഭാഗമായിത്തീർന്ന ചില കത്തുകൾ അദ്ദേഹം എഴുതിയത്. b
5 ‘ഗമാലിയേലിന്റെ കാൽക്കലിരുന്ന്’ വിദ്യ അഭ്യസിച്ച പൗലോസ് എങ്ങനെയാണ് ഒരു കൂടാരപ്പണിക്കാരൻ ആയിത്തീർന്നത്? (പ്രവൃ. 22:3) ഒന്നാം നൂറ്റാണ്ടിലെ ജൂതന്മാർ തങ്ങളുടെ മക്കളെ ഒരു തൊഴിൽ പഠിപ്പിക്കുന്നത് അന്തസ്സിനു നിരക്കാത്ത ഒരു കാര്യമായി വീക്ഷിച്ചിരുന്നില്ല. ഉയർന്ന വിദ്യാഭ്യാസം ലഭിച്ചിരുന്നവർക്കുപോലും ഒരു തൊഴിൽ അറിയാമായിരുന്നു. പൗലോസ് കിലിക്യയിലെ തർസൊസിൽനിന്നുള്ളവൻ ആയിരുന്നതുകൊണ്ട് ചെറുപ്പത്തിൽത്തന്നെ കൂടാരപ്പണി പഠിച്ചിരിക്കാം. കൂടാരം നിർമിക്കാൻ ഉപയോഗിച്ചിരുന്ന സിലിഷ്യം എന്ന ഒരുതരം തുണിക്ക് പ്രശസ്തമായിരുന്നു കിലിക്യ. കൂടാരപ്പണിയിൽ എന്തൊക്കെയാണ് ഉൾപ്പെട്ടിരുന്നത്? കൂടാരം നിർമിക്കുന്നതിന് ആവശ്യമായ കട്ടിയുള്ള പരുക്കൻ തുണി മുറിച്ച് തുന്നിയെടുക്കേണ്ടതുണ്ടായിരുന്നു. ചില സന്ദർഭങ്ങളിൽ അതു സ്വന്തമായി നെയ്തെടുക്കുകപോലും വേണമായിരുന്നു. എന്തുതന്നെയായാലും വളരെ ശ്രമകരമായ ഒരു ജോലിയായിരുന്നു അത്.
6, 7. (എ) കൂടാരപ്പണിയെ പൗലോസ് എങ്ങനെ വീക്ഷിച്ചു, സമാനമായ വീക്ഷണമാണ് അക്വിലയ്ക്കും പ്രിസ്കില്ലയ്ക്കും ഉണ്ടായിരുന്നതെന്ന് നമുക്ക് എങ്ങനെ അറിയാം? (ബി) പൗലോസ്, അക്വില, പ്രിസ്കില്ല എന്നിവരുടെ മാതൃക ഇന്നത്തെ ക്രിസ്ത്യാനികൾ അനുകരിക്കുന്നത് എങ്ങനെ?
6 എന്നാൽ പൗലോസിന്റെ ജീവിതത്തിലെ മുഖ്യസംഗതി കൂടാരപ്പണിയായിരുന്നില്ല, ശുശ്രൂഷയായിരുന്നു. ആരിൽനിന്നും “പ്രതിഫലമൊന്നും വാങ്ങിക്കാതെ” സന്തോഷവാർത്ത ഘോഷിക്കാൻ കഴിയേണ്ടതിനു മാത്രമാണ് അദ്ദേഹം കൂടാരപ്പണി ചെയ്തത്. (2 കൊരി. 11:7) ആകട്ടെ, അക്വിലയും പ്രിസ്കില്ലയും തങ്ങളുടെ തൊഴിലിനെ എങ്ങനെയാണ് വീക്ഷിച്ചത്? ക്രിസ്ത്യാനികളെന്നനിലയിൽ അവർക്കും ഇക്കാര്യത്തിൽ പൗലോസിന്റെ അതേ വീക്ഷണമാണ് ഉണ്ടായിരുന്നത്. എ.ഡി. 52-ൽ പൗലോസ് കൊരിന്തിൽനിന്ന് എഫെസൊസിലേക്കു പോയപ്പോൾ അങ്ങോട്ടു താമസംമാറ്റാൻപോലും അവർ തയ്യാറായി. അവിടെ അവരുടെ വീട് യോഗങ്ങൾക്കായി ഉപയോഗിച്ചിരുന്നു. (1 കൊരി. 16:19) പിന്നീട് അവർ റോമിലേക്കു പോയെങ്കിലും വീണ്ടും എഫെസൊസിലേക്കുതന്നെ മടങ്ങിവന്നു. തീക്ഷ്ണരായ ഈ ദമ്പതികൾ രാജ്യതാത്പര്യങ്ങൾക്ക് ഒന്നാം സ്ഥാനം നൽകുകയും മറ്റുള്ളവർക്കായി തങ്ങളെത്തന്നെ ഉഴിഞ്ഞുവെക്കുകയും ചെയ്തു. അങ്ങനെ, അവർ ‘ജനതകളുടെ എല്ലാ സഭകളുടെയും’ കൃതജ്ഞതയ്ക്കു പാത്രമായി.—റോമ. 16:3-5; 2 തിമൊ. 4:19.
7 പൗലോസ്, അക്വില, പ്രിസ്കില്ല എന്നിവരുടെ മാതൃക ഇന്നത്തെ ക്രിസ്ത്യാനികളും അനുകരിക്കുന്നു. “ആർക്കും ഒരു ഭാരമാകാതിരിക്കാൻ” തീക്ഷ്ണരായ ശുശ്രൂഷകർ ജോലിചെയ്ത് നിത്യവൃത്തിക്ക് വക കണ്ടെത്തുന്നു. (1 തെസ്സ. 2:9) മുഴുസമയ രാജ്യഘോഷകരായ പലരും അതിനായി അംശകാല ജോലികളിലോ വർഷത്തിന്റെ ഏതെങ്കിലും പ്രത്യേക സമയങ്ങളിൽമാത്രം ചെയ്യാനാകുന്ന തൊഴിലുകളിലോ ഏർപ്പെടുന്നു. അക്വിലയെയും പ്രിസ്കില്ലയെയും പോലെ അതിഥിപ്രിയരായ അനേകം ദൈവദാസന്മാർ ഇന്ന് തങ്ങളുടെ ഭവനങ്ങൾ സർക്കിട്ട് മേൽവിചാരകന്മാർക്കായി തുറന്നുകൊടുക്കുന്നു. അത്തരത്തിൽ “അതിഥികളെ സത്കരിക്കുന്നത്” എത്രമാത്രം പ്രോത്സാഹനമേകുന്നതും കരുത്തുപകരുന്നതും ആണെന്ന് അവർക്കറിയാം.—റോമ. 12:13.
പ്രവൃ. 18:5-8)
‘കുറെ കൊരിന്തുകാരും വിശ്വസിച്ചു’ (8, 9. ജൂതന്മാരെ സന്തോഷവാർത്ത അറിയിച്ചത് വലിയ എതിർപ്പിന് ഇടയാക്കിയപ്പോൾ പൗലോസ് എന്തു ചെയ്തു, പിന്നീട് അദ്ദേഹം എവിടെ പ്രസംഗിച്ചു?
8 ശുശ്രൂഷ നിറവേറ്റവെ, ഉപജീവനത്തിനുള്ള വക കണ്ടെത്താൻവേണ്ടിമാത്രമാണ് പൗലോസ് തന്റെ തൊഴിലിനെ ആശ്രയിച്ചതെന്ന കാര്യം, മാസിഡോണിയയിൽനിന്ന് ശീലാസും തിമൊഥെയൊസും സഹായവുമായി എത്തിയപ്പോൾ വ്യക്തമായിത്തീർന്നു. (2 കൊരി. 11:9) ആ സഹായം ലഭിച്ച ഉടൻതന്നെ പൗലോസ് “ദൈവവചനം പ്രസംഗിക്കുന്നതിൽ മുഴുകി.” (പ്രവൃ. 18:5) എന്നാൽ ജൂതന്മാരെ സന്തോഷവാർത്ത അറിയിച്ചത് വലിയ എതിർപ്പിന് ഇടയാക്കി. ക്രിസ്തുവിനെക്കുറിച്ചുള്ള ജീവരക്ഷാകരമായ സന്ദേശം സ്വീകരിക്കാൻ വിസമ്മതിച്ച അവരുടെ കാര്യത്തിൽ തനിക്ക് ഇനി യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നുള്ളതിന്റെ സൂചനയായി പൗലോസ് തന്റെ വസ്ത്രം കുടഞ്ഞിട്ട് അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ രക്തം നിങ്ങളുടെ തലമേൽത്തന്നെ ഇരിക്കട്ടെ. ഞാൻ കുറ്റക്കാരനല്ല. ഇനിമുതൽ ഞാൻ ജനതകളിൽപ്പെട്ടവരുടെ അടുത്തേക്കു പോകുകയാണ്”—പ്രവൃ. 18:6; യഹ. 3:18, 19.
9 ഇനിയിപ്പോൾ പൗലോസ് എവിടെ പ്രസംഗിക്കും? ജൂതമതത്തിലേക്കു പരിവർത്തനംചെയ്ത തീസിയോസ് യുസ്തൊസ് എന്നൊരാൾ തന്റെ ഭവനം പൗലോസിനായി തുറന്നുകൊടുത്തു; അങ്ങനെ, ഇപ്പോൾ സിനഗോഗിനോടു ചേർന്നുള്ള ആ വീട്ടിൽവെച്ച് പൗലോസ് പ്രസംഗിക്കാൻ തുടങ്ങി. (പ്രവൃ. 18:7) കൊരിന്തിൽ ആയിരിക്കെ പൗലോസ് താമസിച്ചത് അക്വിലയുടെയും പ്രിസ്കില്ലയുടെയും വീട്ടിലാണെങ്കിലും പ്രസംഗപ്രവർത്തനം നടത്തിയത് യുസ്തൊസിന്റെ വീട് കേന്ദ്രീകരിച്ചായിരുന്നു.
10. ജനതകളിൽപ്പെട്ടവരോടുമാത്രമേ പ്രസംഗിക്കൂ എന്ന കടുംപിടുത്തമൊന്നും പൗലോസിന് ഇല്ലായിരുന്നുവെന്ന് നമുക്ക് എങ്ങനെ അറിയാം?
10 താൻ ജനതകളിൽപ്പെട്ടവരുടെ അടുക്കലേക്കു പോകുകയാണെന്നു പറഞ്ഞപ്പോൾ പൗലോസ് എന്താണ് അർഥമാക്കിയത്? ജൂതന്മാരോടും ജൂതമതത്തിലേക്കു പരിവർത്തനംചെയ്തവരോടും, എന്തിന് അവരിൽ അനുകൂലമായി പ്രതികരിച്ചേക്കാവുന്നവരോടുപോലും, മേലാൽ പ്രസംഗിക്കുകയില്ല എന്നാണോ അദ്ദേഹം ഉദ്ദേശിച്ചത്? അതിനു തീരെ സാധ്യതയില്ല; കാരണം, “സിനഗോഗിന്റെ അധ്യക്ഷനായ ക്രിസ്പൊസും വീട്ടിലുള്ള എല്ലാവരും കർത്താവിൽ വിശ്വസിച്ചു” എന്ന് തിരുവെഴുത്തുകളിൽ നാം വായിക്കുന്നു. “ദൈവവചനം കേട്ട കുറെ കൊരിന്തുകാരും വിശ്വസിച്ച് സ്നാനമേറ്റു” എന്നും ബൈബിൾ പറയുന്നു. അതു കാണിക്കുന്നത് സിനഗോഗിൽ വന്നിരുന്ന പലരും ക്രിസ്പൊസിനോടൊപ്പം വിശ്വാസികളായിത്തീർന്നിരിക്കാം എന്നാണ്. (പ്രവൃ. 18:8) തീസിയോസ് യുസ്തൊസിന്റെ ഭവനം അങ്ങനെ, കൊരിന്തിൽ പുതുതായി രൂപംകൊണ്ട ക്രിസ്തീയ സഭയ്ക്ക് കൂടിവരാനുള്ള ഒരു സ്ഥലമായി മാറി. ലൂക്കോസിന്റെ തനതു ശൈലിയിൽ, അതായത് കാലാനുക്രമത്തിൽ, ആണ് പ്രവൃത്തികളുടെ പുസ്തകത്തിലെ വിവരണം എഴുതിയിരിക്കുന്നതെങ്കിൽ പൗലോസ് തന്റെ വസ്ത്രം കുടഞ്ഞതിനുശേഷമാണ് മേൽപ്പറഞ്ഞ ജൂതന്മാരും ജൂതമതം സ്വീകരിച്ചവരും വിശ്വാസികളായിത്തീർന്നത്. സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റംവരുത്താൻ പൗലോസ് എത്രമാത്രം മനസ്സൊരുക്കമുള്ളവനായിരുന്നു എന്ന് അതു വ്യക്തമാക്കുന്നു.
11. ക്രൈസ്തവ ലോകത്തിലെ ആളുകളോട് സന്തോഷവാർത്ത ഘോഷിക്കുമ്പോൾ യഹോവയുടെ സാക്ഷികൾ പൗലോസിനെ അനുകരിക്കുന്നത് എങ്ങനെ?
11 ഇന്ന് പല രാജ്യങ്ങളിലും ക്രൈസ്തവ സഭകൾ വലിയൊരു സ്വാധീനശക്തിയായി വളർന്നിരിക്കുന്നു; സഭാംഗങ്ങളുടെമേൽ അവയ്ക്ക് വലിയ സ്വാധീനമുണ്ട്. ചില ദേശങ്ങളിൽ ക്രൈസ്തവ മിഷനറിമാർ വ്യാപകമായി മതപരിവർത്തനം നടത്തിയിരിക്കുന്നു. ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന പലരും പാരമ്പര്യങ്ങളുടെ ചട്ടക്കൂടുകൾക്കുള്ളിലാണ്, ഒന്നാം നൂറ്റാണ്ടിൽ കൊരിന്തിലുണ്ടായിരുന്ന ജൂതന്മാരെപ്പോലെതന്നെ. എന്നിരുന്നാലും യഹോവയുടെ സാക്ഷികളായ നാം പൗലോസിനെപ്പോലെ, അത്തരം ആളുകളെ തിരുവെഴുത്തുകളിലുള്ള ഗ്രാഹ്യം വർധിപ്പിക്കാൻ സഹായിച്ചുകൊണ്ട് അവരോട് തീക്ഷ്ണതയോടെ സന്തോഷവാർത്ത ഘോഷിക്കാൻ ശ്രമിക്കുന്നു. അവർ നമ്മെ എതിർക്കുകയോ മതനേതാക്കന്മാർ നമ്മെ ഉപദ്രവിക്കുകയോ ചെയ്യുമ്പോൾപ്പോലും നാം മടുത്തു പിന്മാറുന്നില്ല. ‘ദൈവത്തിന്റെ കാര്യത്തിൽ ശുഷ്കാന്തിയുണ്ടായിരിക്കുകയും പക്ഷേ അതു ശരിയായ അറിവിന്റെ അടിസ്ഥാനത്തിലല്ലാതിരിക്കുകയും’ ചെയ്യുന്നവരുടെ ഇടയിലും സൗമ്യരായ അനേകർ ഉണ്ടായിരുന്നേക്കാം. അവരെ നാം അന്വേഷിച്ചു കണ്ടെത്തേണ്ടതുണ്ട്.—റോമ. 10:2.
“ഈ നഗരത്തിൽ എനിക്ക് ഇനിയും അനേകരുണ്ട്” (പ്രവൃ. 18:9-17)
12. ദർശനത്തിൽ പൗലോസിന് എന്ത് ഉറപ്പു ലഭിച്ചു?
12 കൊരിന്തിൽ തന്റെ ശുശ്രൂഷ തുടരണമോ എന്നതു സംബന്ധിച്ച് പൗലോസിന് എന്തെങ്കിലും സംശയം ഉണ്ടായിരുന്നെങ്കിൽ രാത്രിയിൽ കർത്താവായ യേശു ദർശനത്തിൽ അദ്ദേഹത്തോടു സംസാരിച്ചതോടെ അതു മാറിയിരിക്കണം. യേശു പൗലോസിനോട് ഇപ്രകാരം പറഞ്ഞു: “പേടിക്കേണ്ടാ. പ്രസംഗിച്ചുകൊണ്ടിരിക്കുക; മിണ്ടാതിരിക്കരുത്. ഞാൻ നിന്റെകൂടെയുണ്ട്. ആരും നിന്നെ ആക്രമിക്കുകയോ അപായപ്പെടുത്തുകയോ ഇല്ല. ഈ നഗരത്തിൽ എനിക്ക് ഇനിയും അനേകരുണ്ട്.” (പ്രവൃ. 18:9, 10) എത്ര പ്രോത്സാഹജനകമായ ദർശനം! ആക്രമണങ്ങളിൽനിന്ന് പൗലോസിനെ സംരക്ഷിക്കുമെന്നും പട്ടണത്തിൽ യോഗ്യരായ അനേകർ ഇനിയും ഉണ്ടെന്നും കർത്താവുതന്നെ അദ്ദേഹത്തിന് ഉറപ്പുകൊടുത്തിരിക്കുന്നു! ആകട്ടെ, പൗലോസ് അപ്പോൾ എന്തു ചെയ്തു? “പൗലോസ് ദൈവത്തിന്റെ വചനം പഠിപ്പിച്ചുകൊണ്ട് ഒരു വർഷവും ആറു മാസവും അവിടെ താമസിച്ചു” എന്ന് നാം വായിക്കുന്നു.—പ്രവൃ. 18:11.
13. ന്യായാസനത്തെ സമീപിക്കവെ, പൗലോസ് ഏതു സംഭവത്തെക്കുറിച്ച് ഓർത്തിരിക്കാം, എന്നാൽ സ്തെഫാനൊസിന് ഉണ്ടായതുപോലുള്ള ഒരനുഭവം തനിക്ക് ഉണ്ടാകില്ല എന്നു പ്രതീക്ഷിക്കാൻ അദ്ദേഹത്തിന് എന്തു കാരണമുണ്ടായിരുന്നു?
13 കൊരിന്തിൽ ഏതാണ്ട് ഒരു വർഷം ചെലവഴിച്ചു കഴിഞ്ഞപ്പോൾ, കർത്താവിന്റെ പിന്തുണയുടെ തെളിവ് പൗലോസിന് കൂടുതൽ വ്യക്തമായിത്തീരുന്നു. “ജൂതന്മാർ പൗലോസിന് എതിരെ സംഘടിച്ച് പൗലോസിനെ ന്യായാസനത്തിനു മുമ്പാകെ കൊണ്ടുചെന്നു.” (പ്രവൃ. 18:12) നീലയും വെള്ളയും നിറങ്ങളിലുള്ള മാർബിൾ ശിലകളാൽ നിർമിതമായ, ധാരാളം കൊത്തുപണികളുള്ള ഒരു ഉയർന്ന വേദിയായിരുന്നിരിക്കാം ആ നീതിപീഠമെന്നും അത് കൊരിന്തിലെ ചന്തസ്ഥലത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതിചെയ്തിരുന്നിരിക്കാമെന്നും കരുതപ്പെടുന്നു. ആ നീതിപീഠത്തിനു മുൻവശത്തുള്ള തുറസ്സായ സ്ഥലത്ത് ധാരാളം ആളുകൾക്ക് കൂടിവരാനാകുമായിരുന്നു. പ്രസ്തുത നീതിപീഠം സിനഗോഗിൽനിന്ന് ഏതാനും ചുവടുമാത്രം അകലെയായിരുന്നിരിക്കാമെന്നാണ് പുരാവസ്തു ഖനനങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ യുസ്തൊസിന്റെ വീടിനടുത്തായിരുന്നിരിക്കണം ഈ ന്യായാസനം. പൗലോസിനെ അങ്ങോട്ടു കൊണ്ടുപോകുമ്പോൾ, ആദ്യത്തെ ക്രിസ്തീയ രക്തസാക്ഷിയായി അറിയപ്പെടുന്ന സ്തെഫാനൊസിനെ കല്ലെറിഞ്ഞു കൊന്ന സംഭവത്തെക്കുറിച്ച് അദ്ദേഹം ഓർത്തിരിക്കണം. അന്ന് ശൗൽ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം ‘സ്തെഫാനൊസിന്റെ വധത്തെ അനുകൂലിച്ചിരുന്നു.’ (പ്രവൃ. 8:1) സ്തെഫാനൊസിന്റെ അനുഭവം പൗലോസിന് ഉണ്ടാകുമോ? ഒരിക്കലുമില്ല; കാരണം, ‘ആരും നിന്നെ അപായപ്പെടുത്തുകയില്ല’ എന്ന ഉറപ്പ് അദ്ദേഹത്തിനു ലഭിച്ചിരുന്നു.—പ്രവൃ. 18:10.
14, 15. (എ) പൗലോസിനെതിരെ ജൂതന്മാർ ഏത് ആരോപണം ഉന്നയിച്ചു, ഗല്ലിയോൻ വിചാരണ കൂടാതെ ആരോപണം തള്ളിക്കളഞ്ഞത് എന്തുകൊണ്ട്? (ബി) സോസ്ഥനേസിന് എന്തു സംഭവിച്ചു, അതിന്റെ ഫലം എന്തായിരുന്നിരിക്കാം?
14 പൗലോസ് ന്യായാസനത്തിങ്കൽ എത്തിയപ്പോൾ എന്തു സംഭവിച്ചു? അഖായയുടെ നാടുവാഴിയായിരുന്ന ഗല്ലിയോൻ ആയിരുന്നു അവിടത്തെ ന്യായാധിപൻ. റോമൻ തത്ത്വചിന്തകനായ സെനിക്കയുടെ ജ്യേഷ്ഠസഹോദരനായിരുന്നു അയാൾ. ജൂതന്മാർ പൗലോസിനെതിരെ പിൻവരുന്ന ആരോപണം ഉന്നയിച്ചു: “ഈ മനുഷ്യൻ നിയമവിരുദ്ധമായ വിധത്തിൽ ദൈവത്തെ ആരാധിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു.” (പ്രവൃ. 18:13) പൗലോസ് നിയമവിരുദ്ധമായി ആളുകളെ മതപരിവർത്തനം ചെയ്യിക്കുന്നു എന്നതായിരുന്നു ഫലത്തിൽ അവരുടെ ആരോപണം. എന്നാൽ പൗലോസ് യാതൊരു ‘അന്യായവും ഗുരുതരമായ കുറ്റകൃത്യവും’ ചെയ്തിട്ടില്ലെന്ന് ഗല്ലിയോൻ മനസ്സിലാക്കി. (പ്രവൃ. 18:14) ജൂതന്മാരുടെ തർക്കങ്ങളിൽ ഉൾപ്പെടാൻ ആഗ്രഹിക്കാതിരുന്ന ഗല്ലിയോൻ, പൗലോസ് ഒരു വാക്കുപോലും പറയുന്നതിനുമുമ്പ് വിചാരണ കൂടാതെ അവരുടെ ആരോപണം തള്ളിക്കളഞ്ഞു. അതിൽ കോപംപൂണ്ട് എതിരാളികൾ തങ്ങളുടെ ദേഷ്യം സിനഗോഗിന്റെ അധ്യക്ഷനായ സോസ്ഥനേസിനോടു തീർത്തു. അവർ അദ്ദേഹത്തെ പിടിച്ച് “ന്യായാസനത്തിനു മുന്നിൽവെച്ച് തല്ലി.” (പ്രവൃ. 18:17) സിനഗോഗിലെ പ്രമാണിയായിരുന്ന ക്രിസ്പൊസിനു പകരം സ്ഥാനമേറ്റ ആളായിരിക്കാം ഇയാൾ.
15 ആളുകൾ സോസ്ഥനേസിനെ തല്ലുന്നതു കണ്ടിട്ടും ഗല്ലിയോൻ മൗനംപാലിച്ചത് എന്തുകൊണ്ടായിരിക്കാം? പൗലോസിനെതിരെ ജനത്തെ ഇളക്കിയത് സോസ്ഥനേസ് ആയിരിക്കാമെന്നും അതുകൊണ്ട് അയാൾക്ക് ‘അർഹമായതാണ് കിട്ടുന്നതെന്നും’ ഗല്ലിയോൻ വിചാരിച്ചിരിക്കാം. അതെന്തുതന്നെയായാലും, ആ സംഭവം സാധ്യതയനുസരിച്ച് നല്ലൊരു ഫലമുളവാക്കി. ഏതാനും വർഷങ്ങൾക്കുശേഷം കൊരിന്തിലെ സഭയ്ക്ക് ആദ്യത്തെ കത്ത് എഴുതിയപ്പോൾ ‘നമ്മുടെ സഹോദരനായ സോസ്ഥനേസ്’ എന്ന് പൗലോസ് പറയുന്നുണ്ട്. (1 കൊരി. 1:1, 2) കൊരിന്തിൽവെച്ച് തല്ലുകൊണ്ട ആ സോസ്ഥനേസ് ആയിരിക്കുമോ ഇത്? അങ്ങനെയാണെങ്കിൽ, അന്നത്തെ ആ അനുഭവം ക്രിസ്ത്യാനിത്വം സ്വീകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കാം.
16. “പേടിക്കേണ്ടാ. പ്രസംഗിച്ചുകൊണ്ടിരിക്കുക; മിണ്ടാതിരിക്കരുത്. ഞാൻ നിന്റെകൂടെയുണ്ട്” എന്ന കർത്താവിന്റെ വാക്കുകൾ ശുശ്രൂഷയോടുള്ള ബന്ധത്തിൽ നമുക്ക് എന്ത് ഉറപ്പുനൽകുന്നു?
16 ജൂതന്മാർ പൗലോസിനെ തിരസ്കരിച്ചശേഷമാണ് കർത്താവായ യേശു പൗലോസിനോട്, “പേടിക്കേണ്ടാ. പ്രസംഗിച്ചുകൊണ്ടിരിക്കുക; മിണ്ടാതിരിക്കരുത്. ഞാൻ നിന്റെകൂടെയുണ്ട്” എന്നു പറഞ്ഞതെന്നോർക്കുക. (പ്രവൃ. 18:9, 10) ആ വാക്കുകൾ നാമും മനസ്സിൽപ്പിടിക്കണം, പ്രത്യേകിച്ച് ആളുകൾ നമ്മുടെ സന്ദേശം തിരസ്കരിക്കുമ്പോൾ. യഹോവ ആളുകളുടെ ഹൃദയം കാണുന്നുണ്ടെന്നും ആത്മാർഥഹൃദയരായ ആളുകളെ തന്നിലേക്ക് ആകർഷിക്കുന്നുണ്ടെന്നും ഉള്ള കാര്യം നാം മറക്കരുത്. (1 ശമു. 16:7; യോഹ. 6:44) ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെടുന്നതിനുള്ള എത്ര നല്ല കാരണം! ഓരോ വർഷവും ആയിരക്കണക്കിന് ആളുകളാണ് സ്നാനമേൽക്കുന്നത്, അതായത് ദിവസവും നൂറുകണക്കിനു പേർ! ‘എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കാനുള്ള’ കല്പന അനുസരിക്കുന്നവർക്ക് യേശു ഈ ഉറപ്പുനൽകുന്നു: “വ്യവസ്ഥിതിയുടെ അവസാനകാലംവരെ എന്നും ഞാൻ നിങ്ങളുടെകൂടെയുണ്ട്.”—മത്താ. 28:19, 20.
പ്രവൃ. 18:18-22)
“യഹോവയുടെ ഇഷ്ടമെങ്കിൽ” (17, 18. എഫെസൊസിലേക്കുള്ള യാത്രാമധ്യേ പൗലോസ് എന്തെല്ലാം കാര്യങ്ങൾ ചിന്തിച്ചിരിക്കാം?
17 പൗലോസിന്റെ എതിരാളികളോടുള്ള ഗല്ലിയോന്റെ നിലപാട് കൊരിന്തിൽ പുതുതായി രൂപംകൊണ്ട ക്രിസ്തീയ സഭയ്ക്ക് കുറച്ചുകാലത്തേക്കെങ്കിലും സമാധാനത്തോടെ പ്രവർത്തിക്കാൻ അവസരമേകിയിരിക്കുമോ എന്നറിയില്ല. എന്തായാലും പൗലോസ് കൊരിന്തിൽ ‘കുറെ ദിവസം താമസിച്ചശേഷമാണ്’ അവിടെനിന്നു പോയത്. എ.ഡി. 52-ലെ വസന്തകാലത്ത്, കൊരിന്തിന് ഏതാണ്ട് 11 കിലോമീറ്റർ കിഴക്കുള്ള കെംക്രെയ തുറമുഖത്തുനിന്ന് സിറിയയിലേക്കു പോകാൻ പൗലോസ് തീരുമാനിച്ചു. എന്നാൽ “ഒരു നേർച്ചയുണ്ടായിരുന്നതുകൊണ്ട്” കെംക്രെയയിൽനിന്നു പുറപ്പെടുന്നതിനുമുമ്പ് അദ്ദേഹം “തലമുടി പറ്റെ മുറിച്ചു.” c (പ്രവൃ. 18:18) അതിനുശേഷം പൗലോസ് അക്വിലയെയും പ്രിസ്കില്ലയെയും കൂട്ടി ഈജിയൻ കടലിന് അക്കരെയുള്ള ഏഷ്യാമൈനറിലെ എഫെസൊസിലേക്കു പോയി.
18 കെംക്രെയയിൽനിന്നുള്ള യാത്രാമധ്യേ, കൊരിന്തിൽവെച്ചുണ്ടായ അനുഭവങ്ങളെക്കുറിച്ച് പൗലോസ് ഓർത്തിരിക്കണം. പല നല്ല അനുഭവങ്ങളും ചാരിതാർഥ്യം തോന്നാനുള്ള അനവധി കാരണങ്ങളും അദ്ദേഹത്തിനുണ്ട്. 18 മാസക്കാലത്തെ പൗലോസിന്റെ ശുശ്രൂഷയ്ക്ക് നല്ല ഫലം ലഭിച്ചു. കൊരിന്തിൽ ആദ്യമായി ഒരു സഭ സ്ഥാപിതമാകുകയും യുസ്തൊസിന്റെ വീട്ടിൽ ആ സഭ കൂടിവരുകയും ചെയ്യുന്നു. യുസ്തൊസും, ക്രിസ്പൊസും കുടുംബവും, മറ്റനേകരും വിശ്വാസികളായിത്തീർന്നു. പുതുതായി വിശ്വാസം സ്വീകരിച്ച അവരെല്ലാവരും അദ്ദേഹത്തിനു പ്രിയപ്പെട്ടവരായിരുന്നു, കാരണം ക്രിസ്ത്യാനികളാകാൻ അവരെ സഹായിച്ചത് പൗലോസാണ്. പിന്നീട് അദ്ദേഹം അവർക്ക് എഴുതുകയും തന്റെ ഹൃദയത്തിൽ എഴുതപ്പെട്ടിരിക്കുന്ന ശുപാർശക്കത്തുകളെന്ന് അവരെ വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സത്യാരാധകരായിത്തീരാൻ നാം സഹായിച്ചവരോട് സമാനമായ ഒരടുപ്പം നമുക്കും തോന്നാറുണ്ട്. ജീവനുള്ള അത്തരം “ശുപാർശക്കത്തുകൾ” കാണുന്നത് എത്ര സംതൃപ്തിദായകമാണ്!—2 കൊരി. 3:1-3.
19, 20. എഫെസൊസിൽ എത്തിയ ഉടൻ പൗലോസ് എന്തു ചെയ്തു, ആത്മീയ ലാക്കുകൾവെച്ച് പ്രവർത്തിക്കുന്ന കാര്യത്തിൽ അദ്ദേഹത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
19 എഫെസൊസിൽ എത്തിയ ഉടൻതന്നെ പൗലോസ് ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെടാൻ തുടങ്ങി. അദ്ദേഹം “സിനഗോഗിൽ ചെന്ന് ജൂതന്മാരുമായി ന്യായവാദം ചെയ്തു.” (പ്രവൃ. 18:19) ഇത്തവണ പൗലോസ് എഫെസൊസിൽ കുറച്ചുകാലംമാത്രമേ താമസിക്കുന്നുള്ളൂ. കുറെനാൾകൂടി അവിടെ താമസിക്കാൻ നിർബന്ധിച്ചെങ്കിലും “പൗലോസ് സമ്മതിച്ചില്ല.” വിടവാങ്ങവെ പൗലോസ് അവരോട്, “യഹോവയുടെ ഇഷ്ടമെങ്കിൽ ഞാൻ വീണ്ടും നിങ്ങളുടെ അടുത്തേക്കു വരും” എന്നു പറഞ്ഞു. (പ്രവൃ. 18:20, 21) എഫെസൊസിൽ ഇനിയും കൂടുതലായി പ്രസംഗപ്രവർത്തനം നടക്കേണ്ടതുണ്ടെന്ന് പൗലോസ് തിരിച്ചറിഞ്ഞിരുന്നു. തിരിച്ചുവരാൻ അപ്പോസ്തലൻ ഉദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം കാര്യങ്ങൾ യഹോവയുടെ കരങ്ങളിൽ ഭരമേൽപ്പിച്ചു. നമുക്ക് അനുകരിക്കാൻ കഴിയുന്ന എത്ര നല്ല മാതൃക! ആത്മീയ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ നാം മുൻകൈയെടുത്തു പ്രവർത്തിക്കണം. എന്നിരുന്നാലും നാം യഹോവയുടെ മാർഗനിർദേശത്തിൽ എല്ലായ്പോഴും ആശ്രയിക്കുകയും ആ ഹിതത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയും വേണം.—യാക്കോ. 4:15.
20 അക്വിലയെയും പ്രിസ്കില്ലയെയും എഫെസൊസിൽ വിട്ടിട്ട് പൗലോസ് കടൽമാർഗം കൈസര്യയിൽ എത്തി. അവിടെനിന്ന് അദ്ദേഹം സാധ്യതയനുസരിച്ച് യരുശലേമിൽ ‘ചെന്ന്’ അവിടത്തെ സഭയെ വന്ദനംചെയ്തു. (പ്രവൃ. 18:22-ന്റെ പഠനക്കുറിപ്പ് കാണുക, nwtsty) അതിനുശേഷം പൗലോസ് സിറിയയിലെ അന്ത്യോക്യയിലേക്കു പോയി—അവിടം ആസ്ഥാനമാക്കിയാണല്ലോ അദ്ദേഹം പ്രവർത്തിച്ചിരുന്നത്. അങ്ങനെ തന്റെ രണ്ടാം മിഷനറി പര്യടനവും പൗലോസ് വിജയകരമായി പൂർത്തിയാക്കി. അദ്ദേഹത്തിന്റെ അടുത്ത മിഷനറി പര്യടനം എങ്ങനെയുള്ള ഒന്നായിരിക്കുമായിരുന്നു?
a “ കൊരിന്ത്—രണ്ടു സമുദ്രങ്ങളുടെ റാണി” എന്ന ചതുരം കാണുക.
b “ പ്രോത്സാഹനം പകർന്ന ദൈവപ്രചോദിതമായ കത്തുകൾ” എന്ന ചതുരം കാണുക.
c “ പൗലോസിന്റെ നേർച്ച” എന്ന ചതുരം കാണുക.