അധ്യായം 16
‘മാസിഡോണിയയിലേക്കു വരുക’
നിയമനം സ്വീകരിക്കുകയും ഉപദ്രവം സന്തോഷത്തോടെ സഹിക്കുകയും ചെയ്യുന്നത് അനുഗ്രഹങ്ങൾ കൈവരുത്തുന്നു
ആധാരം: പ്രവൃത്തികൾ 16:6-40
1-3. (എ) പൗലോസിനെയും സംഘത്തെയും പരിശുദ്ധാത്മാവ് വഴിനയിച്ചത് എങ്ങനെ? (ബി) ഏതു സംഭവങ്ങൾ നാം പരിചിന്തിക്കും?
മാസിഡോണിയയിലെ ഫിലിപ്പി എന്ന പട്ടണത്തിൽനിന്ന് ഒരു കൂട്ടം സ്ത്രീകൾ നടന്നുനീങ്ങുകയാണ്. അധികം താമസിയാതെ അവർ ഗാൻഗൈറ്റ്സ് എന്ന ചെറിയൊരു നദിയുടെ തീരത്തെത്തുന്നു. പതിവുപോലെ, ഇസ്രായേലിന്റെ ദൈവത്തോടു പ്രാർഥിക്കാനായി അവർ നദീതീരത്ത് ചെന്നിരിക്കുന്നു. യഹോവ അവരെ നിരീക്ഷിക്കുന്നുണ്ട്.—2 ദിന. 16:9; സങ്കീ. 65:2.
2 അതേസമയം, ഫിലിപ്പിയിൽനിന്ന് 800-ലധികം കിലോമീറ്റർ കിഴക്കുള്ള തെക്കൻ ഗലാത്യയിലെ ലുസ്ത്രയിൽനിന്നും ഒരു കൂട്ടം പുരുഷന്മാർ യാത്രതിരിക്കുന്നു. ദിവസങ്ങൾ യാത്രചെയ്ത് അവർ പടിഞ്ഞാറേക്കു പോകുന്ന ഒരു പ്രധാന റോമൻ വീഥിയിലെത്തുന്നു. ഏഷ്യ സംസ്ഥാനത്തിലെ ഏറ്റവും ജനവാസമുള്ള പ്രദേശത്തേക്കു നയിക്കുന്നതാണ് ആ വീഥി. പൗലോസും ശീലാസും തിമൊഥെയൊസും അടങ്ങുന്ന ആ സംഘം വളരെ ഉത്സാഹത്തിലാണ്. ആ പാതയിലൂടെ സഞ്ചരിച്ച് എഫെസൊസിലും അടുത്തുള്ള പട്ടണങ്ങളിലും എത്തുകയാണ് അവരുടെ ലക്ഷ്യം. അവിടെയുള്ള ആയിരക്കണക്കിനാളുകൾ ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത കേൾക്കേണ്ടതുണ്ട്. എന്നാൽ ഉദ്ദേശിച്ചതുപോലെയല്ല കാര്യങ്ങൾ നടക്കുന്നത്. അങ്ങോട്ടു യാത്രതിരിക്കുംമുമ്പുതന്നെ പരിശുദ്ധാത്മാവ് ഏതോ വിധത്തിൽ അവരെ തടയുന്നു; ഏഷ്യയിൽ പ്രസംഗിക്കുന്നതിൽനിന്ന് അവരെ വിലക്കുന്നു. എന്തുകൊണ്ട്? യേശുക്രിസ്തു ദൈവാത്മാവുമുഖാന്തരം അവരെ മറ്റൊരിടത്തേക്കു നയിക്കാൻ ആഗ്രഹിക്കുന്നു—ഏഷ്യാമൈനറിലൂടെ, ഈജിയൻ കടലിനപ്പുറത്തുള്ള ഗാൻഗൈറ്റ്സ് എന്ന ആ ചെറിയ നദിയുടെ തീരത്തേക്ക്.
3 അസാധാരണമായ ഒരു യാത്രയായിരുന്നു അത്. യേശു പൗലോസിനെയും കൂട്ടരെയും മാസിഡോണിയയിലേക്കു നയിച്ച വിധത്തിൽനിന്ന് നമുക്കു വിലപ്പെട്ട പല പാഠങ്ങളും പഠിക്കാനാകും. ഏതാണ്ട് എ.ഡി. 49-ൽ പൗലോസ് ആരംഭിച്ച രണ്ടാം മിഷനറി പര്യടനത്തിലെ ചില സംഭവങ്ങൾ നമുക്കിപ്പോൾ പരിശോധിക്കാം.
“ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു” (പ്രവൃ. 16:6-15)
4, 5. (എ) പൗലോസും സംഘവും ബിഥുന്യക്ക് അടുത്തെത്തുമ്പോൾ എന്തു സംഭവിക്കുന്നു? (ബി) ശിഷ്യന്മാർ എന്തു തീരുമാനമെടുത്തു, ഫലമെന്തായിരുന്നു?
4 ഏഷ്യയിൽ പ്രസംഗിക്കുന്നതിൽനിന്ന് പരിശുദ്ധാത്മാവ് വിലക്കിയതിനാൽ പൗലോസും സംഘവും വടക്കുള്ള ബിഥുന്യയിലെ പട്ടണങ്ങളിൽ പ്രസംഗിക്കാൻ തീരുമാനിച്ചു. അധികം ജനവാസമില്ലാത്ത ഫ്രുഗ്യ, ഗലാത്യ പ്രദേശങ്ങളിലെ കല്ലുപാകാത്ത വഴികളിലൂടെ ബിഥുന്യ ലക്ഷ്യമാക്കി അവർ ദിവസങ്ങളോളം സഞ്ചരിച്ചിരിക്കാം. എന്നാൽ അവർ ബിഥുന്യക്ക് അടുത്തെത്തിയപ്പോൾ യേശു പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് വീണ്ടും അവരെ തടഞ്ഞു. (പ്രവൃ. 16:6, 7) പൗലോസും സംഘവും അപ്പോൾ ആകെ ആശയക്കുഴപ്പത്തിലായിട്ടുണ്ടാകണം. എന്ത് പ്രസംഗിക്കണമെന്നും എങ്ങനെ പ്രസംഗിക്കണമെന്നും അവർക്ക് അറിയാം, എന്നാൽ എവിടെ പ്രസംഗിക്കണമെന്ന് അറിയില്ല. ആദ്യം ഏഷ്യയിലേക്കുള്ള വാതിലിൽ അവർ മുട്ടി, പക്ഷേ ഫലമുണ്ടായില്ല. ഇപ്പോൾ ബിഥുന്യയിലേക്കുള്ള വാതിലിലും മുട്ടിനോക്കി, അതും തുറന്നില്ല. എന്നാൽ പൗലോസ് പിന്മാറാൻ തയ്യാറല്ലായിരുന്നു. ഏതെങ്കിലും ഒരു വാതിൽ തുറന്നുകിട്ടുന്നതുവരെ മുട്ടിക്കൊണ്ടിരിക്കാൻ അദ്ദേഹം തീരുമാനിച്ചുറച്ചിരുന്നു. ഇപ്പോൾ, തികച്ചും ബുദ്ധിശൂന്യമെന്നു തോന്നിയേക്കാവുന്ന ഒരു തീരുമാനം അവർ എടുക്കുന്നു: ത്രോവാസിലേക്കു പോകുക. അങ്ങനെ അവർ പടിഞ്ഞാറേക്കു തിരിഞ്ഞ്, പട്ടണങ്ങൾ ഓരോന്നും പിന്നിട്ട് 550 കിലോമീറ്റർ നടന്ന് അവസാനം മാസിഡോണിയയിലേക്കുള്ള വാതിൽക്കൽ—ത്രോവാസ് തുറമുഖത്ത്—എത്തുന്നു. (പ്രവൃ. 16:8) ഇപ്പോൾ മൂന്നാമതൊരു വാതിലിൽ പൗലോസ് മുട്ടുന്നു. അതാ, ആ വാതിൽ മലർക്കെ തുറക്കുന്നു!
5 തുടർന്ന് എന്താണു സംഭവിച്ചതെന്ന് ത്രോവാസിൽവെച്ചു പൗലോസിന്റെ സംഘത്തോടൊപ്പം ചേർന്ന സുവിശേഷ എഴുത്തുകാരനായ ലൂക്കോസ് വിവരിക്കുന്നു: “രാത്രി പൗലോസിന് ഒരു ദിവ്യദർശനം ഉണ്ടായി. മാസിഡോണിയക്കാരനായ ഒരാൾ തന്റെ മുന്നിൽനിന്ന്, ‘മാസിഡോണിയയിലേക്കു വന്ന് ഞങ്ങളെ സഹായിക്കണേ’ എന്ന് അപേക്ഷിക്കുന്നതായി പൗലോസ് കണ്ടു. ഈ ദർശനം ലഭിച്ചപ്പോൾ, മാസിഡോണിയക്കാരോടു സന്തോഷവാർത്ത അറിയിക്കാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു ഞങ്ങൾക്കു മനസ്സിലായി; ഉടനെ ഞങ്ങൾ അവിടേക്കു പുറപ്പെട്ടു.” a (പ്രവൃ. 16:9, 10) അങ്ങനെ അവസാനം എവിടെ പ്രസംഗിക്കണമെന്ന് പൗലോസിനു മനസ്സിലായി. തന്റെ യാത്ര പാതിവഴിയിൽ ഉപേക്ഷിക്കാതിരുന്നതിൽ പൗലോസിന് എത്രമാത്രം സന്തോഷം തോന്നിയിരിക്കണം! ഒട്ടും വൈകാതെ, അവർ നാലുപേരും മാസിഡോണിയയിലേക്കു കപ്പൽകയറി.
6, 7. (എ) പൗലോസിന്റെ യാത്രയിൽ സംഭവിച്ച കാര്യങ്ങളിൽനിന്നും നമുക്ക് എന്തു പഠിക്കാനാകും? (ബി) പൗലോസിന്റെ അനുഭവം നമുക്ക് എന്ത് ഉറപ്പാണ് നൽകുന്നത്?
6 ഈ വിവരണത്തിൽനിന്ന് എന്തു പാഠമാണ് നമുക്ക് ഉൾക്കൊള്ളാനാകുന്നത്? പൗലോസ് ഏഷ്യയിലേക്കു യാത്രതിരിച്ചശേഷംമാത്രമാണ് ദൈവാത്മാവ് ഇടപെട്ടത്, പൗലോസ് ബിഥുന്യക്ക് അടുത്തെത്തിയശേഷംമാത്രമാണ് യേശു ഇടപെട്ടത്, പൗലോസ് ത്രോവാസിൽ എത്തിയശേഷംമാത്രമാണ് യേശു അദ്ദേഹത്തെ മാസിഡോണിയയിലേക്കു നയിച്ചത്. സഭയുടെ തലയായ യേശു ഇന്ന് നമ്മെ നയിക്കുന്നതും ഇതേ വിധത്തിലായിരിക്കാം. (കൊലോ. 1:18) ഉദാഹരണത്തിന്, ഒരു മുൻനിരസേവകനായി സേവിക്കുന്നതിനെയോ രാജ്യഘോഷകരുടെ ആവശ്യം കൂടുതലുള്ള ഒരു സ്ഥലത്തേക്കു മാറിത്താമസിക്കുന്നതിനെയോ കുറിച്ച് കുറെക്കാലമായി നാം ചിന്തിക്കുന്നുണ്ടായിരിക്കാം. എന്നിരുന്നാലും, നമ്മുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നതിനുവേണ്ട പടികൾ നാം സ്വീകരിച്ചശേഷംമാത്രമായിരിക്കും യേശു ദൈവാത്മാവുമുഖാന്തരം നമ്മെ നയിക്കുക. ഉദാഹരണത്തിന്, ഒരു കാർ ഓടിക്കൊണ്ടിരിക്കുമ്പോൾമാത്രമേ അതിന്റെ ദിശ തിരിച്ചുവിടാൻ ഡ്രൈവർക്കു കഴിയുകയുള്ളൂ. സമാനമായി, നാം മുന്നോട്ടു നീങ്ങുന്നെങ്കിൽ, അതായത് ലാക്കിൽ എത്തിച്ചേരാൻ ആത്മാർഥമായി ശ്രമിക്കുന്നെങ്കിൽ മാത്രമേ നമ്മുടെ ശുശ്രൂഷ വികസിപ്പിക്കുന്നതിൽ യേശു നമ്മെ നയിക്കുകയുള്ളൂ.
7 എന്നാൽ നമ്മുടെ ശ്രമങ്ങൾക്ക് ഉടനടി ഫലം ലഭിക്കുന്നില്ലെങ്കിലോ? ദൈവാത്മാവ് നമ്മെ നയിക്കുന്നില്ലെന്നു കരുതി നാം പിന്മാറണമോ? പൗലോസിനും ശുശ്രൂഷയിൽ തടസ്സങ്ങൾ നേരിട്ടു. എന്നുവരികിലും ഏതെങ്കിലുമൊരു വാതിൽ തുറന്നുകിട്ടുന്നതുവരെ പൗലോസ് മുട്ടിക്കൊണ്ടിരുന്നു. സമാനമായി നാമും “പ്രവർത്തനത്തിനുള്ള ഒരു വലിയ വാതിൽ” തുറന്നുകിട്ടുംവരെ സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. അപ്പോൾ നമുക്കും പൗലോസിനെപ്പോലെ അനുഗ്രഹങ്ങൾ കൊയ്യാനാകും.—1 കൊരി. 16:9.
8. (എ) ഫിലിപ്പി പട്ടണത്തെക്കുറിച്ചു വിവരിക്കുക. (ബി) പൗലോസ് ‘ഒരു പ്രാർഥനാസ്ഥലത്ത്’ പ്രസംഗിച്ചതുകൊണ്ട് എന്തു ഫലമുണ്ടായി?
8 മാസിഡോണിയയിൽ എത്തിച്ചേർന്ന പൗലോസും സംഘവും അവിടെയുള്ള ഫിലിപ്പി പട്ടണത്തിലേക്കു പോയി. ഫിലിപ്പിയിലെ ആളുകൾ തങ്ങൾ റോമൻ പൗരന്മാരാണെന്നതിൽ അഭിമാനംകൊണ്ടിരുന്നു. ഉദ്യോഗത്തിൽനിന്നു വിരമിച്ച് അവിടെ താമസമാക്കിയിരുന്ന റോമൻ സൈനികരെ സംബന്ധിച്ചിടത്തോളം മാസിഡോണിയയിലെ റോം ആയിരുന്നു ഫിലിപ്പി. നഗരകവാടത്തിനു വെളിയിൽ നദിക്കരികെ “ഒരു പ്രാർഥനാസ്ഥലമുണ്ടെന്ന്” മിഷനറിമാർ കരുതി. b ശബത്തു ദിവസം അവിടം സന്ദർശിച്ച അവർക്ക് ദൈവത്തെ ആരാധിക്കാൻ കൂടിവന്നിരുന്ന അനേകം സ്ത്രീകളെ കാണാനായി. അവർ അവിടെയിരുന്ന് ആ സ്ത്രീകളോടു സംസാരിക്കാൻ തുടങ്ങി. ലുദിയ എന്നുപേരുള്ള ഒരു സ്ത്രീയും അക്കൂട്ടത്തിലുണ്ടായിരുന്നു. എല്ലാം കേട്ടുകൊണ്ട് അവിടെ ഇരിക്കുകയായിരുന്ന ‘ലുദിയയുടെ ഹൃദയം യഹോവ തുറന്നു.’ കേട്ട കാര്യങ്ങളാൽ പ്രചോദിതയായ ലുദിയ തന്റെ ഭവനത്തിലുള്ളവരോടൊപ്പം സ്നാനമേറ്റു. പിന്നീട് പൗലോസിനെയും കൂടെയുള്ളവരെയും തന്റെ വീട്ടിൽ വന്നുതാമസിക്കാൻ ലുദിയ നിർബന്ധിക്കുകയും അതിന് അവർ സമ്മതിക്കുകയും ചെയ്തു. c—പ്രവൃ. 16:13-15.
9. ഇന്ന് പലരും പൗലോസിന്റെ മാതൃക പിൻപറ്റിയിരിക്കുന്നത് എങ്ങനെ, അവർ എന്ത് അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു?
9 ലുദിയയുടെ സ്നാനം ആ മിഷനറിമാർക്കു കൈവരുത്തിയ സന്തോഷത്തെക്കുറിച്ചൊന്നു ചിന്തിക്കുക! ‘മാസിഡോണിയയിലേക്കു വരാനുള്ള’ ക്ഷണം സ്വീകരിച്ചതിൽ പൗലോസ് എത്ര സന്തോഷിച്ചുകാണും! ദൈവഭക്തരായ ആ സ്ത്രീകളുടെ പ്രാർഥനയ്ക്ക് ഉത്തരമരുളാൻ യഹോവ തന്നെയും തന്റെ സഹകാരികളെയും ഉപയോഗിച്ചതിൽ അദ്ദേഹം തീർച്ചയായും നന്ദിയുള്ളവൻ ആയിരുന്നിരിക്കണം! സമാനമായി ഇന്നും അനേകം സഹോദരീസഹോദരന്മാർ—ചെറുപ്പക്കാരും പ്രായമായവരും ഏകാകികളും വിവാഹിതരും—രാജ്യപ്രചാരകരുടെ ആവശ്യം അധികമുള്ള സ്ഥലങ്ങളിലേക്ക് മാറിത്താമസിച്ചിരിക്കുന്നു. അവർക്ക് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടിവരാറുണ്ട് എന്നതു സത്യംതന്നെ. എന്നാൽ ലുദിയയെപ്പോലുള്ള ആളുകൾ ബൈബിൾസത്യം സ്വീകരിക്കുന്നതു കാണുമ്പോൾ ലഭിക്കുന്ന സന്തോഷത്തോടുള്ള താരതമ്യത്തിൽ അവ ഒന്നുമല്ല. ജീവിതത്തിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തിക്കൊണ്ട് ആവശ്യമേറെയുള്ള ഒരു പ്രദേശത്തേക്കു കടന്നുചെല്ലാൻ നിങ്ങൾ തയ്യാറാണോ? അങ്ങനെയെങ്കിൽ നിങ്ങൾക്ക് ധാരാളം അനുഗ്രഹങ്ങൾ ആസ്വദിക്കാനാകും. 20-നുമേൽ പ്രായമുള്ള ഏരൺ എന്ന യുവസഹോദരന്റെ കാര്യമെടുക്കുക. മധ്യ അമേരിക്കയിലുള്ള ഒരു രാജ്യത്തേക്കു മാറിത്താമസിച്ച ഏരൺ പറയുന്നു: “മറ്റൊരു ദേശത്തു സേവിക്കുന്നത് ആത്മീയമായി വളരാനും യഹോവയോടു കൂടുതൽ അടുക്കാനും എന്നെ സഹായിച്ചിരിക്കുന്നു. വയൽസേവനത്തിൽനിന്നു ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല, എനിക്ക് ഇപ്പോൾ എട്ടു ബൈബിൾപഠനമുണ്ട്!” ആവശ്യമേറെയുള്ള സ്ഥലങ്ങളിലേക്കു മാറിത്താമസിച്ചിരിക്കുന്ന അനേകർക്കും ഇതുതന്നെയാണ് പറയാനുള്ളത്.
“ജനം . . . അവർക്കെതിരെ ഇളകി” (പ്രവൃ. 16:16-24)
10. പൗലോസിന്റെയും സഹകാരികളുടെയും പ്രവർത്തനത്തിനെതിരെ എതിർപ്പ് ഇളക്കിവിടാനായി ഭൂതങ്ങൾ കരുക്കൾ നീക്കിയത് എങ്ങനെ?
10 സാത്താനും അവന്റെ ഭൂതങ്ങളും സ്വൈരവിഹാരം നടത്തിയിരുന്ന ഒരു പ്രദേശത്താണ് ഇപ്പോൾ സന്തോഷവാർത്ത വേരുപിടിക്കുന്നത്. അതു കണ്ട് സാത്താൻ അങ്ങേയറ്റം ക്ഷുഭിതനായിത്തീർന്നിരിക്കണം. അതുകൊണ്ടുതന്നെ പൗലോസിന്റെയും സഹകാരികളുടെയും പ്രവർത്തനത്തിനെതിരെ എതിർപ്പ് ഇളക്കിവിടാനായി ഭൂതങ്ങൾ പ്രവർത്തിച്ചതിൽ അതിശയമില്ല. പൗലോസും സംഘവും പ്രാർഥനാസ്ഥലം സന്ദർശിക്കുമ്പോഴെല്ലാം, ഭാവിഫലം പറഞ്ഞുകൊണ്ട് യജമാനന്മാർക്കു വളരെയധികം ആദായം ഉണ്ടാക്കിക്കൊടുത്തിരുന്ന ഭൂതബാധിതയായ ഒരു പെൺകുട്ടി, “ഇവർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ; രക്ഷയ്ക്കുള്ള വഴി നിങ്ങളെ അറിയിക്കുന്നവർ” എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അവരുടെ പിന്നാലെ ചെല്ലുമായിരുന്നു. ആ പെൺകുട്ടിയുടെ പ്രവചനങ്ങളും പൗലോസിന്റെ പഠിപ്പിക്കലുകളും ഒരേ ഉറവിൽനിന്നാണെന്ന ധാരണ കേൾവിക്കാരിൽ ഉളവാക്കാൻ വേണ്ടിയായിരുന്നിരിക്കണം ഭൂതം ആ പെൺകുട്ടിയെക്കൊണ്ട് അങ്ങനെ പറയിച്ചിരുന്നത്. ക്രിസ്തുവിന്റെ യഥാർഥ ശിഷ്യന്മാരിൽനിന്ന് ആളുകളുടെ ശ്രദ്ധ അകറ്റാനായിരുന്നു ഈ തന്ത്രം. എന്നാൽ ഭൂതത്തെ പുറത്താക്കിക്കൊണ്ട് പൗലോസ് അവളുടെ വായടച്ചു.—പ്രവൃ. 16:16-18.
11. ദാസിപ്പെൺകുട്ടിയിൽനിന്നു ഭൂതത്തെ പുറത്താക്കിയതിനെത്തുടർന്ന് പൗലോസിനും ശീലാസിനും എന്തു സംഭവിച്ചു?
11 ആ ദാസിപ്പെൺകുട്ടിയുടെ യജമാനന്മാർ തങ്ങളുടെ വരുമാനമാർഗം നിലച്ചുപോയെന്നു കണ്ട് കോപാകുലരായി. അവർ പൗലോസിനെയും ശീലാസിനെയും വലിച്ചിഴച്ച് മജിസ്റ്റ്രേട്ടുമാരുടെ (റോമൻ പ്രതിനിധികളായ അധികാരികളുടെ) കോടതികൂടിയിരുന്ന ചന്തസ്ഥലത്ത് കൊണ്ടുവന്നു. അധികാരികളുടെ മുൻവിധിയും ദേശസ്നേഹവും മുതലെടുത്തുകൊണ്ട് ആ യജമാനന്മാർ ഇങ്ങനെ പറഞ്ഞു: ‘റോമാക്കാരായ നമുക്ക് അംഗീകരിക്കാനാകാത്ത ആചാരങ്ങൾ പഠിപ്പിച്ചുകൊണ്ട് ജൂതന്മാരായ ഇവർ നമ്മുടെ നഗരത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നു.’ അതു കേൾക്കേണ്ട താമസം, ചന്തസ്ഥലത്തുണ്ടായിരുന്ന “ജനം ഒന്നടങ്കം അവർക്കെതിരെ (പൗലോസിനും ശീലാസിനും എതിരെ) ഇളകി.” അധികാരികൾ അവരെ “വടികൊണ്ട് അടിക്കാൻ” കല്പിക്കുകയും ചെയ്തു. തുടർന്ന് അവരെ വലിച്ചിഴച്ച് ജയിലിലേക്കു കൊണ്ടുപോയി. അടികൊണ്ടു മുറിവേറ്റ അവരെ ജയിലധികാരി ജയിലിന്റെ ഉള്ളറയിലാക്കി അവരുടെ കാലുകൾ തടിവിലങ്ങിൽ ഇട്ട് പൂട്ടി. (പ്രവൃ. 16:19-24) ആ അറയുടെ വാതിലടഞ്ഞപ്പോൾ പൗലോസിനും ശീലാസിനും പരസ്പരം കാണാൻപോലും കഴിയാത്തത്ര കൂരിരുട്ടായിരുന്നിരിക്കണം അവിടെ. എന്നാൽ യഹോവ അവരെ കാണുന്നുണ്ടായിരുന്നു.—സങ്കീ. 139:12.
12. (എ) ആദിമകാല ക്രിസ്ത്യാനികൾ ഉപദ്രവത്തെ എങ്ങനെയാണ് വീക്ഷിച്ചത്, എന്തുകൊണ്ട്? (ബി) സാത്താനും അവന്റെ പിണിയാളുകളും ഇന്നും ഏതു തരത്തിലുള്ള എതിർപ്പുകൾ കൊണ്ടുവരുന്നു?
12 ‘അവർ നിങ്ങളെ ഉപദ്രവിക്കും’ എന്ന് യേശു തന്റെ അനുഗാമികളോടു വർഷങ്ങൾക്കുമുമ്പ് പറഞ്ഞിരുന്നു. (യോഹ. 15:20) അതുകൊണ്ട് എതിർപ്പുകൾ നേരിടാൻ തയ്യാറായാണ് പൗലോസും സംഘവും മാസിഡോണിയയിലേക്കു കടന്നുചെന്നത്. ഉപദ്രവം ആഞ്ഞടിച്ചപ്പോൾ അവർ അതിനെ കണ്ടത് യഹോവയുടെ അംഗീകാരമില്ലായ്മയുടെ സൂചനയായിട്ടല്ല, സാത്താന്റെ ക്രോധത്തിന്റെ ഒരു പ്രകടനമായിട്ടാണ്. ഫിലിപ്പിയിൽ ഉപയോഗിച്ചതുപോലുള്ള തന്ത്രങ്ങളാണ് ഇന്നും സാത്താന്റെ പിണിയാളുകൾ പ്രയോഗിക്കുന്നത്. നമ്മെ എതിർക്കുന്ന ചിലർ സ്കൂളിലും ജോലിസ്ഥലത്തും ഒക്കെ നുണപ്രചാരണങ്ങൾ നടത്തിക്കൊണ്ട് നമുക്കെതിരെ എതിർപ്പിനു തിരികൊളുത്തുന്നു. ചില രാജ്യങ്ങളിൽ മതമണ്ഡലത്തിൽനിന്നുള്ള എതിരാളികൾ ഫലത്തിൽ ഇങ്ങനെ പറഞ്ഞുകൊണ്ട് കോടതികളിൽ നമുക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നു: ‘“പാരമ്പര്യ വിശ്വാസികളായ” നമുക്ക് അംഗീകരിക്കാനാകാത്ത ആചാരങ്ങൾ പഠിപ്പിച്ചുകൊണ്ട് ഈ സാക്ഷികൾ പ്രശ്നമുണ്ടാക്കുന്നു.’ ചില സ്ഥലങ്ങളിൽ നമ്മുടെ സഹാരാധകർ മർദനത്തിന് ഇരയാകുകയും തടവിലാക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ യഹോവ ഇതെല്ലാം കാണുന്നുണ്ട്.—1 പത്രോ. 3:12.
‘വൈകാതെ അവർ സ്നാനമേറ്റു’ (പ്രവൃ. 16:25-34)
13. “രക്ഷ ലഭിക്കാൻ ഞാൻ എന്തു ചെയ്യണം” എന്ന് ജയിലധികാരി ചോദിക്കാൻ ഇടയായത് എങ്ങനെ?
13 അന്നത്തെ ആ സംഭവങ്ങളുടെ ഫലമായുണ്ടായ വേദനയിൽനിന്നും നടുക്കത്തിൽനിന്നും പൂർണമായി മുക്തരാകാൻ പൗലോസിനും ശീലാസിനും കുറച്ചുസമയം വേണ്ടിവന്നിരിക്കണം. എന്നിരുന്നാലും അർധരാത്രിയോടെ അവർ ‘പ്രാർഥിക്കാനും ദൈവത്തെ പാടി സ്തുതിക്കാനും’ തുടങ്ങി. പെട്ടെന്ന് ജയിലിന്റെ അടിസ്ഥാനം ഇളകുമാറ് വലിയൊരു ഭൂകമ്പമുണ്ടായി. ഉറക്കമുണർന്ന ജയിലധികാരി കണ്ടത് ജയിലിന്റെ വാതിലുകൾ തുറന്നുകിടക്കുന്നതാണ്. തടവുകാർ രക്ഷപ്പെട്ടെന്നുതന്നെ അയാൾ വിചാരിച്ചു. താൻ ശിക്ഷിക്കപ്പെടുമല്ലോ എന്നു കരുതി അയാൾ തന്റെ “വാൾ ഊരി സ്വയം കുത്തി മരിക്കാൻ ഒരുങ്ങി.” അപ്പോൾ പൗലോസ് ഉറക്കെ വിളിച്ചുപറഞ്ഞു: “അരുത്, സാഹസമൊന്നും കാണിക്കരുത്; ഞങ്ങളെല്ലാം ഇവിടെത്തന്നെയുണ്ട്.” ഭയന്നുവിറച്ച് ജയിലധികാരി അവരോട്, “യജമാനന്മാരേ, രക്ഷ ലഭിക്കാൻ ഞാൻ എന്തു ചെയ്യണം” എന്നു ചോദിച്ചു. പൗലോസിനും ശീലാസിനും അദ്ദേഹത്തെ രക്ഷിക്കാൻ സാധിക്കില്ലായിരുന്നു, യേശുവിനുമാത്രമേ അതിനു കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് അവർ ഇങ്ങനെ മറുപടി പറഞ്ഞു: “കർത്താവായ യേശുവിൽ വിശ്വസിക്കുക; താങ്കൾക്കു . . . രക്ഷ ലഭിക്കും.”—പ്രവൃ. 16:25-31.
14. (എ) പൗലോസും ശീലാസും ജയിലധികാരിയെ എങ്ങനെ സഹായിച്ചു? (ബി) ഉപദ്രവങ്ങൾ സന്തോഷത്തോടെ സഹിച്ചതിന്റെ ഫലമായി പൗലോസിനും ശീലാസിനും എന്ത് അനുഗ്രഹം ലഭിച്ചു?
14 ജയിലധികാരി ആത്മാർഥമായാണോ അപ്രകാരം ചോദിച്ചത്? പൗലോസിന് അദ്ദേഹത്തിന്റെ ആത്മാർഥതയിൽ സംശയമില്ലായിരുന്നു. തിരുവെഴുത്തുകളെക്കുറിച്ച് അറിവില്ലാത്ത ജനതകളിൽപ്പെട്ട ഒരാളായിരുന്നു അദ്ദേഹം. ഒരു ക്രിസ്ത്യാനിയായിത്തീരണമെങ്കിൽ ആദ്യം അദ്ദേഹം അടിസ്ഥാന തിരുവെഴുത്തുസത്യങ്ങൾ പഠിക്കുകയും അവ അംഗീകരിക്കുകയും ചെയ്യണമായിരുന്നു. അതുകൊണ്ട് പൗലോസും ശീലാസും സമയമെടുത്ത് “യഹോവയുടെ വചനം” അദ്ദേഹത്തിനു വിശദീകരിച്ചു കൊടുത്തു. തിരുവെഴുത്തുകളെക്കുറിച്ച് പഠിപ്പിക്കുന്നതിൽ മുഴുകിയ അവർ മർദനമേറ്റതിന്റെ വേദന കുറച്ചു സമയത്തേക്കെങ്കിലും മറന്നിരിക്കണം. എന്നാൽ ജയിലധികാരി അവരുടെ പുറത്തെ ആഴമേറിയ മുറിവുകൾ ശ്രദ്ധിക്കുകയും അവ കഴുകി വൃത്തിയാക്കുകയും ചെയ്തു. ഒട്ടുംതാമസിയാതെ അദ്ദേഹവും വീട്ടിലുള്ള എല്ലാവരും സ്നാനമേറ്റു. ഉപദ്രവങ്ങൾ സന്തോഷത്തോടെ സഹിച്ചതിന് പൗലോസിനും ശീലാസിനും എത്ര വലിയ അനുഗ്രഹമാണു ലഭിച്ചത്!—പ്രവൃ. 16:32-34.
15. (എ) ഇന്ന് അനേകം സാക്ഷികളും പൗലോസിന്റെയും ശീലാസിന്റെയും മാതൃക എങ്ങനെയാണ് പിൻപറ്റിയിരിക്കുന്നത്? (ബി) നമ്മുടെ പ്രദേശത്തുള്ളവരെ നാം വീണ്ടുംവീണ്ടും സന്ദർശിക്കേണ്ടത് എന്തുകൊണ്ട്?
15 പൗലോസിനെയും ശീലാസിനെയും പോലെ ഇന്നും യഹോവയുടെ സാക്ഷികളായ അനേകർ വിശ്വാസത്തെപ്രതി തടവിലായിരിക്കെ സന്തോഷവാർത്ത പ്രസംഗിക്കുകയും നല്ല ഫലങ്ങൾ കൊയ്യുകയും ചെയ്തിട്ടുണ്ട്. നമ്മുടെ വേലയ്ക്ക് നിരോധനമുണ്ടായിരുന്ന ഒരു രാജ്യത്തെ കാര്യംതന്നെ എടുക്കുക. ഒരു സമയത്ത് അവിടെയുണ്ടായിരുന്ന 40 ശതമാനം സാക്ഷികളും സത്യം പഠിച്ചത് ജയിലിലായിരിക്കെയാണ്. (യശ. 54:17) ജയിലധികാരിയുടെ കാര്യത്തിൽ, ഭൂകമ്പമുണ്ടായശേഷംമാത്രമാണ് അദ്ദേഹം സഹായം ആവശ്യപ്പെട്ടതെന്ന് ഓർക്കുക. സമാനമായി, ജീവിതത്തെ പിടിച്ചുലയ്ക്കുന്ന ഏതെങ്കിലും സംഭവത്തെ തുടർന്നായിരിക്കാം, മുമ്പൊരിക്കലും സന്തോഷവാർത്തയ്ക്കു ചെവികൊടുത്തിട്ടില്ലാത്ത ചിലർ സുവിശേഷം ശ്രദ്ധിക്കാൻ തയ്യാറാകുന്നത്. മടുത്തുപോകാതെ, നമ്മുടെ പ്രദേശത്തുള്ളവരെ വീണ്ടുംവീണ്ടും സന്ദർശിക്കുന്നതിലൂടെ അവരെ സഹായിക്കാൻ എപ്പോഴും തയ്യാറാണെന്നു കാണിക്കുകയായിരിക്കും നാം.
‘ഞങ്ങളെ ഇപ്പോൾ രഹസ്യമായി വിട്ടയയ്ക്കുന്നോ?’ (പ്രവൃ. 16:35-40)
16. പൗലോസിനെയും ശീലാസിനെയും അടിപ്പിച്ച് ജയിലിലാക്കിയതിന്റെ പിറ്റേ ദിവസം കാര്യങ്ങൾ നേരെ തിരിഞ്ഞത് എങ്ങനെ?
16 പൗലോസിനെയും ശീലാസിനെയും അടിപ്പിച്ച് ജയിലിലാക്കിയതിന്റെ പിറ്റേന്ന് രാവിലെ, അവരെ വിട്ടയയ്ക്കാൻ അധികാരികൾ ഉത്തരവിട്ടു. എന്നാൽ പൗലോസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “റോമാക്കാരായ ഞങ്ങളെ അവർ വിചാരണ ചെയ്യാതെ പരസ്യമായി അടിപ്പിച്ച് ജയിലിലാക്കി; എന്നിട്ട് ഇപ്പോൾ രഹസ്യമായി വിട്ടയയ്ക്കുന്നോ? അതു പറ്റില്ല, അവർതന്നെ വന്ന് ഞങ്ങളെ പുറത്ത് കൊണ്ടുപോകട്ടെ.” പൗലോസും ശീലാസും റോമൻ പൗരന്മാരാണെന്നു കേട്ടപ്പോൾ, അവരുടെ പൗരാവകാശം തങ്ങൾ മാനിച്ചില്ല എന്ന കാരണത്താൽ അധികാരികൾ ഭയപ്പെട്ടു. d അതോടെ കാര്യങ്ങൾ നേരെ തിരിഞ്ഞു. ശിഷ്യന്മാരെ പരസ്യമായി അടിപ്പിച്ച അധികാരികൾ ഇപ്പോൾ അവരോട് പരസ്യമായി ക്ഷമാപണം നടത്തേണ്ട സ്ഥിതിയിലായി. ഫിലിപ്പി വിട്ടുപോകണമെന്ന് അവർ പൗലോസിനോടും ശീലാസിനോടും അപേക്ഷിച്ചു. അവർ അതിനു സമ്മതിച്ചെങ്കിലും പുതുതായി സത്യം സ്വീകരിച്ച ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചശേഷമാണ് അവർ അവിടം വിട്ട് പോയത്.
17. പൗലോസിന്റെയും ശീലാസിന്റെയും സഹിഷ്ണുത നിരീക്ഷിച്ച പുതിയ ശിഷ്യന്മാർക്ക് സുപ്രധാനമായ ഏതു പാഠം പഠിക്കാൻ കഴിഞ്ഞു?
17 പൗലോസും ശീലാസും റോമൻ പൗരന്മാരാണെന്ന് അധികാരികൾ നേരത്തേതന്നെ അറിയുകയും അവരുടെ അവകാശം മാനിക്കുകയും ചെയ്തിരുന്നെങ്കിൽ സാധ്യതയനുസരിച്ച് അവർക്ക് അടിയേൽക്കേണ്ടി വരില്ലായിരുന്നു. (പ്രവൃ. 22:25, 26) എന്നാൽ അത്, ക്രിസ്തുവിനുവേണ്ടി കഷ്ടം സഹിക്കുന്നതിൽനിന്ന് ഒഴിവാകാൻ ആ പുരുഷന്മാർ തങ്ങളുടെ അവകാശം ഉപയോഗപ്പെടുത്തി എന്ന ധാരണ ഫിലിപ്പിയിലുള്ള ശിഷ്യന്മാർക്കു നൽകുമായിരുന്നു. റോമൻ പൗരന്മാരല്ലാത്ത ശിഷ്യന്മാരുടെ വിശ്വാസത്തെ അത് എങ്ങനെ ബാധിക്കുമായിരുന്നു? പ്രഹരമേൽക്കുന്നതിൽനിന്ന് അവർക്കു നിയമസംരക്ഷണം ലഭിക്കുമായിരുന്നില്ലല്ലോ. അതുകൊണ്ട് പൗലോസും ശീലാസും ഉപദ്രവം സഹിച്ചുകൊണ്ട് ക്രിസ്തുശിഷ്യന്മാർക്ക് ഉപദ്രവത്തിന്മധ്യേ സഹിച്ചുനിൽക്കാൻ കഴിയുമെന്ന് സ്വന്തം മാതൃകയാൽ കാണിച്ചുകൊടുത്തു. എന്നാൽ പിന്നീട് പൗലോസും ശീലാസും തങ്ങളുടെ പൗരാവകാശം അംഗീകരിച്ചുകിട്ടാൻ ആവശ്യപ്പെട്ടതുമൂലം, നിയമവിരുദ്ധമായി പ്രവർത്തിച്ച ആ അധികാരികൾ പൊതുജനസമക്ഷം തങ്ങളുടെ തെറ്റു സമ്മതിക്കാൻ നിർബന്ധിതരായി. ക്രിസ്ത്യാനികൾക്ക് എതിരെയുള്ള ഉപദ്രവങ്ങൾ തടയാനും ഭാവിയിൽ ഇതുപോലെയുള്ള ആക്രമണങ്ങൾ നേരിടുന്നപക്ഷം ഒരു പരിധിവരെയുള്ള നിയമസംരക്ഷണം ഉറപ്പുവരുത്താനും അത് ഇടയാക്കി.
18. (എ) ഇന്നത്തെ ക്രിസ്തീയ മേൽവിചാരകന്മാർ പൗലോസിന്റെ മാതൃക പിൻപറ്റുന്നത് എങ്ങനെ? (ബി) ഇന്ന് നാം ‘സന്തോഷവാർത്തയ്ക്കുവേണ്ടി വാദിച്ച് അതു നിയമപരമായി സ്ഥാപിച്ചെടുക്കുന്നത്’ എങ്ങനെ?
18 ഇന്ന് ക്രിസ്തീയ സഭയിലെ മേൽവിചാരകന്മാരും തങ്ങളുടെ മാതൃകയാൽ സഭാംഗങ്ങളെ നയിക്കുന്നു. സഹവിശ്വാസികൾ ചെയ്യാൻ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ചെയ്തുകാണിക്കാൻ ക്രിസ്തീയ ഇടയന്മാർ ഒരുക്കമുള്ളവരാണ്. നമ്മുടെ പ്രയോജനത്തിനായി നിയമപരമായ അവകാശങ്ങൾ എപ്പോൾ, എങ്ങനെ ഉപയോഗിക്കണമെന്ന് പൗലോസിനെപ്പോലെ നാം ശ്രദ്ധാപൂർവം തൂക്കിനോക്കുന്നു. നമ്മുടെ ആരാധനയ്ക്കുള്ള തടസ്സങ്ങൾ നീങ്ങിക്കിട്ടാനായി ആവശ്യമെങ്കിൽ നാം പ്രാദേശികതലത്തിലോ ദേശീയതലത്തിലോ അന്താരാഷ്ട്രതലത്തിലോ ഉള്ള കോടതികളെ സമീപിക്കുന്നു. നമ്മുടെ ലക്ഷ്യം സാമൂഹിക പരിഷ്കരണമല്ല, പകരം ഫിലിപ്പിയിലെ തടവിൽനിന്ന് മോചിതനായി ഏതാണ്ട് പത്തു വർഷത്തിനുശേഷം പൗലോസ് അവിടത്തെ സഭയ്ക്ക് എഴുതിയതുപോലെ ‘സന്തോഷവാർത്തയ്ക്കുവേണ്ടി വാദിച്ച് അതു നിയമപരമായി സ്ഥാപിച്ചെടുക്കുക’ എന്നതാണ്. (ഫിലി. 1:7) എന്നാൽ കോടതിവിധികൾ എന്തുതന്നെയായാലും പൗലോസിനെയും സഹകാരികളെയും പോലെ ദൈവാത്മാവ് നയിക്കുന്നിടത്തെല്ലാം “സന്തോഷവാർത്ത അറിയിക്കാൻ” നാം ദൃഢചിത്തരാണ്.—പ്രവൃ. 16:10.
a “ ലൂക്കോസ്—പ്രവൃത്തികളുടെ പുസ്തകത്തിന്റെ എഴുത്തുകാരൻ” എന്ന ചതുരം കാണുക.
b ഫിലിപ്പി ഒരു സൈനിക കോളനിയായിരുന്നതിനാൽ അവിടെ ഒരു സിനഗോഗ് സ്ഥാപിക്കാൻ ജൂതന്മാർക്ക് അനുവാദമില്ലായിരുന്നിരിക്കാം. അല്ലെങ്കിൽ ആ പട്ടണത്തിൽ പത്ത് ജൂത പുരുഷന്മാർപോലും ഉണ്ടായിരുന്നിരിക്കില്ല; ഒരു പട്ടണത്തിൽ സിനഗോഗ് സ്ഥാപിക്കണമെങ്കിൽ അത്രയും പുരുഷന്മാരെങ്കിലും ഉണ്ടായിരിക്കണമായിരുന്നു.
c “ ലുദിയ—പർപ്പിൾ നിറത്തിലുള്ള തുണികൾ വിൽക്കുന്നവൾ” എന്ന ചതുരം കാണുക.
d റോമൻ നിയമപ്രകാരം ശരിയായ വിചാരണ ലഭിക്കാനുള്ള അവകാശം ഓരോ പൗരനും ഉണ്ടായിരുന്നു; കുറ്റക്കാരനെന്നു തെളിയാത്തപക്ഷം ഒരു കാരണവശാലും പരസ്യമായി ശിക്ഷിക്കപ്പെടാൻ പാടില്ലായിരുന്നു.