അധ്യായം 15
‘സഭകളെ ശക്തിപ്പെടുത്തുന്നു’
വിശ്വാസത്തിൽ ഉറപ്പുള്ളവരായിരിക്കുന്നതിന് സഞ്ചാര ശുശ്രൂഷകർ സഭകളെ സഹായിക്കുന്നു
ആധാരം: പ്രവൃത്തികൾ 15:36–16:5
1-3. (എ) പൗലോസിന്റെ പുതിയ സഞ്ചാര കൂട്ടാളി ആരാണ്, അദ്ദേഹത്തെക്കുറിച്ച് നമുക്ക് എന്തറിയാം? (ബി) ഈ അധ്യായത്തിലൂടെ നാം എന്താണു പഠിക്കാൻപോകുന്നത്?
ആ ദുർഘടപാതയിലൂടെ മുന്നോട്ടു നീങ്ങവെ, പൗലോസ് അപ്പോസ്തലൻ ചിന്താഗ്രസ്തനായി തന്നോടൊപ്പമുള്ള ആ യുവാവിനെ നോക്കുന്നു. തിമൊഥെയൊസ് എന്നാണ് ആ യുവാവിന്റെ പേര്. ആരോഗ്യവും ചുറുചുറുക്കുമുള്ള ആ ചെറുപ്പക്കാരന് സാധ്യതയനുസരിച്ച് 20-നോടടുത്തോ അതിൽ അൽപ്പം കൂടുതലോ പ്രായമുണ്ട്. ഓരോ കാലടി വെക്കുമ്പോഴും തിമൊഥെയൊസ് തന്റെ പ്രിയപ്പെട്ടവരിൽനിന്ന് അകലേക്കു നീങ്ങുകയാണ്. അന്നു വൈകുന്നേരമായപ്പോഴേക്കും തിമൊഥെയൊസ് സ്വന്തം നാടായ ലുസ്ത്രയും അതുപോലെ ഇക്കോന്യയും ഒക്കെ പിന്നിട്ട് വളരെ അകലെ എത്തിയിരുന്നു. ഈ യാത്രയിൽ എന്തൊക്കെ പ്രതീക്ഷിക്കാം? ഇതു തന്റെ രണ്ടാം മിഷനറി പര്യടനമായതിനാൽ പൗലോസിന് അതേക്കുറിച്ച് ഒരു ഏകദേശ ധാരണയുണ്ട്. നിരവധി പ്രശ്നങ്ങളും അപകടങ്ങളും അഭിമുഖീകരിക്കേണ്ടിവരുമെന്ന് പൗലോസിന് അറിയാം. എന്നാൽ അതെല്ലാം നേരിടാൻ ഈ ചെറുപ്പക്കാരന് കഴിയുമോ?
2 തിമൊഥെയൊസിന്റെ കാര്യത്തിൽ പൗലോസിന് നല്ല വിശ്വാസമുണ്ട്, ഒരുപക്ഷേ ആ ചെറുപ്പക്കാരനു തന്നെക്കുറിച്ച് ഉള്ളതിലുമധികം. അടുത്തകാലത്തുണ്ടായ ചില സംഭവങ്ങൾ നല്ലൊരു സഞ്ചാര കൂട്ടാളി ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം പൗലോസിനെ കൂടുതലായി ബോധ്യപ്പെടുത്തിയിരിക്കുന്നു. സഭകൾ സന്ദർശിച്ച് അവയെ ശക്തിപ്പെടുത്തുകയെന്ന വേല ഭംഗിയായി ചെയ്യുന്നതിന് സഞ്ചാര ശുശ്രൂഷകരുടെ ഭാഗത്ത് അഭിപ്രായ ഐക്യവും നല്ല നിശ്ചയദാർഢ്യവും ആവശ്യമാണെന്ന് പൗലോസിന് അറിയാം. എന്തുകൊണ്ടായിരിക്കും പൗലോസ് അങ്ങനെ വിചാരിക്കുന്നത്? മുമ്പ് തനിക്കും ബർന്നബാസിനും ഇടയിലുണ്ടായ അഭിപ്രായഭിന്നത തങ്ങൾ വേർപിരിയുന്നതിലേക്കുപോലും നയിച്ചുവെന്ന കാര്യം അദ്ദേഹം ഓർത്തിരിക്കാം.
3 അഭിപ്രായവ്യത്യാസങ്ങൾ ഏറ്റവും മെച്ചമായി എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് ഈ അധ്യായത്തിലൂടെ നാം പഠിക്കുന്നതാണ്. കൂടാതെ, പൗലോസ് തന്റെ സഞ്ചാര കൂട്ടാളിയായി തിമൊഥെയൊസിനെ തിരഞ്ഞെടുത്തതിന്റെ കാരണത്തെക്കുറിച്ചും അതുപോലെ ഇന്ന് സർക്കിട്ട് മേൽവിചാരകന്മാർ ചെയ്യുന്ന വിലയേറിയ സേവനത്തെക്കുറിച്ചും നാം മനസ്സിലാക്കും.
“മടങ്ങിച്ചെന്ന് സഹോദരന്മാർ എങ്ങനെയിരിക്കുന്നെന്ന് അന്വേഷിക്കാം” (പ്രവൃ. 15:36)
4. തന്റെ രണ്ടാം മിഷനറി പര്യടനത്തിൽ എന്തു ചെയ്യാൻ പൗലോസ് നിശ്ചയിച്ചിരുന്നു?
4 നാലു സഹോദരന്മാരുടെ—പൗലോസ്, ബർന്നബാസ്, യൂദാസ്, ശീലാസ്—ഒരു പ്രതിനിധിസംഘം, പരിച്ഛേദനയെക്കുറിച്ചുള്ള ഭരണസംഘത്തിന്റെ തീരുമാനം അറിയിച്ചുകൊണ്ട് അന്ത്യോക്യ സഭയെ ബലപ്പെടുത്തിയതിനെക്കുറിച്ച് കഴിഞ്ഞ അധ്യായത്തിൽ നാം കണ്ടിരുന്നല്ലോ. തുടർന്ന് പൗലോസ് എന്താണു ചെയ്തത്? ഒരു പുതിയ സന്ദർശന പരിപാടിക്ക് പൗലോസ് പദ്ധതിയിട്ടു. പൗലോസ് ബർന്നബാസിനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: “വരൂ, നമ്മൾ യഹോവയുടെ വചനം അറിയിച്ച നഗരങ്ങളിലെല്ലാം മടങ്ങിച്ചെന്ന് സഹോദരന്മാർ എങ്ങനെയിരിക്കുന്നെന്ന് അന്വേഷിക്കാം.” (പ്രവൃ. 15:36) പുതുതായി ക്രിസ്ത്യാനികളായിത്തീർന്നവരുടെ അടുക്കൽ ഒരു സൗഹൃദസന്ദർശനം നടത്തുന്നതിനെക്കുറിച്ചല്ല പൗലോസ് ഇവിടെ പറയുന്നത്. പൗലോസിന്റെ രണ്ടാം മിഷനറി പര്യടനത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് പ്രവൃത്തികളുടെ പുസ്തകം വ്യക്തമാക്കുന്നുണ്ട്: ഒന്നാമതായി, ഭരണസംഘത്തിന്റെ തീർപ്പുകൾ തുടർന്നും സഭകളെ അറിയിക്കുക. (പ്രവൃ. 16:4) രണ്ടാമത്, ഒരു സഞ്ചാര മേൽവിചാരകനെന്നനിലയിൽ, വിശ്വാസത്തിൽ ഉറപ്പുള്ളവരായിത്തീരാൻ സഹോദരങ്ങളെ സഹായിച്ചുകൊണ്ട് സഭകളെ ആത്മീയമായി ബലപ്പെടുത്തുക. (റോമ. 1:11, 12) അപ്പോസ്തലന്മാർ വെച്ച ഈ മാതൃക ഇന്ന് യഹോവയുടെ സാക്ഷികളുടെ സംഘടന പിൻപറ്റുന്നത് എങ്ങനെയാണ്?
5. ആധുനികകാല ഭരണസംഘം സഭകൾക്ക് മാർഗനിർദേശവും പ്രോത്സാഹനവും നൽകുന്നത് എങ്ങനെ?
5 ഇന്ന് തന്റെ സഭയെ നയിക്കുന്നതിനായി ക്രിസ്തു യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തെ ഉപയോഗിക്കുന്നു. വിശ്വസ്തരായ ഈ അഭിഷിക്ത സഹോദരന്മാർ കത്തുകൾ, ഇലക്ട്രോണിക് രൂപത്തിലും അച്ചടിച്ച രൂപത്തിലും ഉള്ള പ്രസിദ്ധീകരണങ്ങൾ, യോഗങ്ങൾ തുടങ്ങിയവയിലൂടെ ലോകമെങ്ങുമുള്ള സഭകൾക്ക് മാർഗനിർദേശവും പ്രോത്സാഹനവും നൽകുന്നു. ഓരോ സഭയുമായും അടുത്ത ബന്ധം പുലർത്താനും ഭരണസംഘം ശ്രമിക്കുന്നു. അവർ അതു ചെയ്യുന്നത് സഞ്ചാര മേൽവിചാരകന്മാരിലൂടെയാണ്. ലോകമെങ്ങും സർക്കിട്ട് മേൽവിചാരകന്മാരായി സേവിക്കുന്നതിനു യോഗ്യരായ ആയിരക്കണക്കിന് മൂപ്പന്മാരെ ഭരണസംഘം നേരിട്ട് നിയമിച്ചിട്ടുണ്ട്.
6, 7. സർക്കിട്ട് മേൽവിചാരകന്മാരുടെ ചില ഉത്തരവാദിത്വങ്ങൾ എന്തെല്ലാം?
6 തങ്ങൾ സന്ദർശിക്കുന്ന സഭകളിലുള്ള എല്ലാവർക്കും വ്യക്തിഗതമായ ശ്രദ്ധയും ആത്മീയ പ്രോത്സാഹനവും നൽകാൻ ആധുനികകാല സഞ്ചാര മേൽവിചാരകന്മാർ പ്രത്യേകം ശ്രദ്ധിക്കുന്നു. പൗലോസിനെപ്പോലെയുള്ള ആദിമകാല ക്രിസ്ത്യാനികളുടെ മാതൃക പിൻപറ്റിക്കൊണ്ടാണ് അവർ അതു ചെയ്യുന്നത്. പൗലോസ് തന്റെ സഹമേൽവിചാരകനെ ഉദ്ബോധിപ്പിച്ചത് എങ്ങനെയെന്നു നോക്കുക: “ദൈവവചനം പ്രസംഗിക്കുക. അനുകൂലകാലത്തും പ്രതികൂലകാലത്തും ചുറുചുറുക്കോടെ അതു ചെയ്യുക. വിദഗ്ധമായ പഠിപ്പിക്കൽരീതി ഉപയോഗിച്ച് അങ്ങേയറ്റം ക്ഷമയോടെ ശാസിക്കുകയും താക്കീതു ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. . . . സുവിശേഷകന്റെ ജോലി ചെയ്യുക.”—2 തിമൊ. 4:2, 5.
7 ആ വാക്കുകൾക്കു ചേർച്ചയിൽ സർക്കിട്ട് മേൽവിചാരകന്മാർ—വിവാഹിതരാണെങ്കിൽ അവരുടെ ഭാര്യമാരും—പ്രചാരകരോടൊപ്പം വയൽശുശ്രൂഷയുടെ വിവിധ വശങ്ങളിൽ പങ്കെടുക്കുന്നു. അവർ തീക്ഷ്ണതയുള്ള ശുശ്രൂഷകരും വിദഗ്ധരായ അധ്യാപകരുമാണ്. അവരുടെ ആ തീക്ഷ്ണതയും വൈദഗ്ധ്യവും പ്രചാരകരുടെമേൽ ഒരു ക്രിയാത്മക സ്വാധീനം ചെലുത്തുന്നു. (റോമ. 12:11; 2 തിമൊ. 2:15) സർക്കിട്ട് വേലയിലുള്ള സഹോദരങ്ങൾ ആത്മത്യാഗപരമായ സ്നേഹം കാണിക്കുന്നതിലും ഉത്തമ മാതൃകകളാണ്. അവർ മനസ്സോടെ മറ്റുള്ളവരെ സേവിക്കുന്നു. പ്രതികൂല കാലാവസ്ഥയെയും നേരിടേണ്ടി വന്നേക്കാവുന്ന അപകടങ്ങളെയും ഗണ്യമാക്കാതെയാണ് അവർ ഈ വേലയിൽ തുടരുന്നത്. (ഫിലി. 2:3, 4) ബൈബിളധിഷ്ഠിത പ്രസംഗങ്ങൾ നടത്തിക്കൊണ്ടും അവർ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുകയും പഠിപ്പിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. സർക്കിട്ട് മേൽവിചാരകന്മാരുടെ ജീവിതഗതി നിരീക്ഷിക്കുകയും അവരുടെ വിശ്വാസം അനുകരിക്കുകയും ചെയ്യുന്നതിൽനിന്ന് മുഴുസഭയും പ്രയോജനംനേടുന്നു.—എബ്രാ. 13:7.
“അവർ തമ്മിൽ വലിയൊരു വഴക്ക് ഉണ്ടായി” (പ്രവൃ. 15:37-41)
8. പൗലോസിന്റെ നിർദേശത്തോട് ബർന്നബാസ് എങ്ങനെ പ്രതികരിച്ചു?
8 സഹോദരങ്ങളെ സന്ദർശിക്കാനുള്ള പൗലോസിന്റെ നിർദേശം ബർന്നബാസിനു സ്വീകാര്യമായിരുന്നു. (പ്രവൃ. 15:36) അവർ ഇരുവരും ഒരുമയോടെ സഞ്ചാര കൂട്ടാളികളായി പ്രവർത്തിച്ചിട്ടുണ്ട്. മാത്രമല്ല, സന്ദർശിക്കാനിരുന്ന പ്രദേശങ്ങളെയും ആളുകളെയും കുറിച്ച് അവർക്ക് നല്ലൊരു ധാരണയുമുണ്ടായിരുന്നു. (പ്രവൃ. 13:2–14:28) അതുകൊണ്ട് ഒരുമിച്ച് ഈ ദൗത്യത്തിനായി പുറപ്പെടുന്നത് യുക്തിസഹവും പ്രായോഗികവുമായി അവർക്കു തോന്നിയിരിക്കണം. എന്നാൽ ഒരു പ്രശ്നം ഉയർന്നുവന്നു. പ്രവൃത്തികൾ 15:37 അതേക്കുറിച്ചു പറയുന്നു: “മർക്കോസ് എന്ന് അറിയപ്പെട്ടിരുന്ന യോഹന്നാനെയും കൂടെക്കൊണ്ടുപോകണമെന്നു ബർന്നബാസ് നിർബന്ധം പിടിച്ചു.” ബർന്നബാസ് ഇക്കാര്യത്തിൽ വെറുതെ ഒരു നിർദേശംവെക്കുകയായിരുന്നില്ല. മറിച്ച് ഈ മിഷനറി പര്യടനത്തിൽ ബന്ധുവായ മർക്കോസിനെ കൂടെക്കൊണ്ടുപോകണമെന്ന് അദ്ദേഹം ‘നിർബന്ധം പിടിക്കുകയായിരുന്നു.’
9. പൗലോസ് ബർന്നബാസിനോടു വിയോജിക്കാൻ കാരണമെന്ത്?
9 പൗലോസ് അതിനോടു യോജിച്ചില്ല. എന്തായിരുന്നു കാരണം? വിവരണം പറയുന്നു: “പംഫുല്യയിൽവെച്ച് അവരെ വിട്ട് പോകുകയും പ്രവർത്തനത്തിൽ പങ്കുചേരാതിരിക്കുകയും ചെയ്ത മർക്കോസിനെ കൂടെക്കൊണ്ടുപോകാൻ പൗലോസിനു താത്പര്യമില്ലായിരുന്നു.” (പ്രവൃ. 15:38) പൗലോസിനോടും ബർന്നബാസിനോടും ഒപ്പം ആദ്യ മിഷനറി പര്യടനത്തിൽ മർക്കോസും ഉണ്ടായിരുന്നെങ്കിലും അത് പൂർത്തീകരിക്കുന്നതുവരെ മർക്കോസ് അവരോടൊപ്പം തുടർന്നില്ല. (പ്രവൃ. 12:25; 13:13) ആ പര്യടനത്തിനിടയിൽ പംഫുല്യയിൽവെച്ച് മർക്കോസ് തന്റെ നിയമനം ഉപേക്ഷിച്ച് യരുശലേമിലെ വീട്ടിലേക്കു മടങ്ങിപ്പോയിരുന്നു. മർക്കോസ് അങ്ങനെ ചെയ്തതിന്റെ കാരണം ബൈബിൾ വ്യക്തമാക്കുന്നില്ല. എന്നാൽ പൗലോസ് അപ്പോസ്തലൻ അതിനെ നിരുത്തരവാദിത്വപരമായ ഒരു നടപടിയായിട്ടാണു കണ്ടത്. അതുകൊണ്ട് മർക്കോസിനെ എത്രത്തോളം ആശ്രയിക്കാം എന്നതിൽ അദ്ദേഹത്തിനു സംശയം ഉണ്ടായിരുന്നിരിക്കണം.
10. പൗലോസും ബർന്നബാസും തമ്മിലുണ്ടായ തർക്കം എന്തിലേക്കു നയിച്ചു, അനന്തരഫലം എന്തായിരുന്നു?
10 പൗലോസ് തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. എന്നാൽ വിട്ടുകൊടുക്കാൻ ബർന്നബാസും തയ്യാറായില്ല. “ഇതിന്റെ പേരിൽ അവർ തമ്മിൽ വലിയൊരു വഴക്ക് ഉണ്ടായി. ഒടുവിൽ രണ്ടു പേരും രണ്ടു വഴിക്കു പോയി” എന്ന് പ്രവൃത്തികൾ 15:39 പറയുന്നു. ബർന്നബാസ്, മർക്കോസിനെയും കൂട്ടി തന്റെ സ്വന്തനാടായ സൈപ്രസിലേക്കു പോയി. പൗലോസ് തന്റെ പദ്ധതികളുമായി മുന്നോട്ടുപോകുകയും ചെയ്തു. വിവരണം പറയുന്നു: “പൗലോസ് ശീലാസിനെയും കൂട്ടി യാത്ര തിരിച്ചു. സഹോദരന്മാർ പൗലോസിനെ യഹോവയുടെ കൈയിൽ ഭരമേൽപ്പിച്ച് യാത്രയാക്കി.” (പ്രവൃ. 15:40) അവർ ഒരുമിച്ച് “സിറിയയിലൂടെയും കിലിക്യയിലൂടെയും സഞ്ചരിച്ച് സഭകളെ ശക്തിപ്പെടുത്തി.”—പ്രവൃ. 15:41.
11. നമ്മെ വേദനിപ്പിച്ച ഒരാളുമായുള്ള ബന്ധത്തിൽ സ്ഥായിയായ വിള്ളൽ ഉണ്ടാകാതിരിക്കാൻ ഏതെല്ലാം ഗുണങ്ങൾ അനിവാര്യമാണ്?
11 ഈ വിവരണം നമ്മുടെ സ്വന്തം അപൂർണതയെക്കുറിച്ച് നമ്മെ ഓർമപ്പെടുത്തിയേക്കാം. ഭരണസംഘത്തിന്റെ പ്രത്യേക പ്രതിനിധികളായി വർത്തിച്ചവരായിരുന്നു പൗലോസും ബർന്നബാസും. പൗലോസാകട്ടെ, ആ ഭരണസംഘത്തിലെ ഒരു അംഗമായിത്തീരുകപോലും ചെയ്തിരിക്കണം. എന്നിരുന്നാലും ഈ പ്രത്യേക സാഹചര്യത്തിൽ അവർ ഇരുവരും തങ്ങളുടെ അപൂർണതയ്ക്ക് വശംവദരായി. ആകട്ടെ, തങ്ങൾക്കിടയിൽ ഉണ്ടായ ഈ അകൽച്ച എക്കാലവും തുടരാൻ അവർ അനുവദിച്ചോ? അപൂർണരായിരുന്നെങ്കിലും അവർ ഇരുവരും താഴ്മയുള്ളവരായിരുന്നു, ക്രിസ്തുവിന്റെ മാനസികഭാവമുള്ളവർ. പിന്നീട് അവർ സഹോദരസ്നേഹവും ക്ഷമിക്കാനുള്ള മനസ്സൊരുക്കവും കാണിച്ചുവെന്നതിനു സംശയമില്ല. (എഫെ. 4:1-3) കാലാന്തരത്തിൽ പൗലോസും മർക്കോസും മറ്റു ദിവ്യാധിപത്യ നിയമനങ്ങളിൽ ഒരുമിച്ചു പ്രവർത്തിക്കുന്നതായി നാം കാണുന്നുണ്ട്. a—കൊലോ. 4:10.
12. പൗലോസിനെയും ബർന്നബാസിനെയും അനുകരിച്ചുകൊണ്ട് ഇന്നത്തെ മേൽവിചാരകന്മാർ ഏതു ഗുണങ്ങൾ പ്രകടമാക്കണം?
12 ദേഷ്യംകൊണ്ടു പൊട്ടിത്തെറിക്കുന്നത് ബർന്നബാസിന്റെയോ പൗലോസിന്റെയോ സ്വഭാവമായിരുന്നില്ല. സ്നേഹവും ഔദാര്യവും ഉള്ളവനായിരുന്നു ബർന്നബാസ്. യോസേഫ് എന്ന യഥാർഥ പേര് വിളിക്കുന്നതിനു പകരം, അപ്പോസ്തലന്മാർ അദ്ദേഹത്തെ “ആശ്വാസപുത്രൻ” എന്നർഥമുള്ള ബർന്നബാസ് എന്നു വിളിച്ചിരുന്നു എന്നതുതന്നെ കാണിക്കുന്നത് അതാണ്. (പ്രവൃ. 4:37) ആർദ്രതയും സൗമ്യതയും ഉള്ളവനായിട്ടാണ് പൗലോസും അറിയപ്പെട്ടിരുന്നത്. (1 തെസ്സ. 2:7, 8) ഇന്ന് സർക്കിട്ട് മേൽവിചാരകന്മാർ ഉൾപ്പെടെ എല്ലാ ക്രിസ്തീയ മേൽവിചാരകന്മാരും പൗലോസിനെയും ബർന്നബാസിനെയും പോലെ താഴ്മ കാണിക്കാനും സഹമൂപ്പന്മാരോടും മറ്റു സഭാംഗങ്ങളോടും ആർദ്രതയോടെ ഇടപെടാനും എപ്പോഴും ശ്രമിക്കേണ്ടതാണ്.—1 പത്രോ. 5:2, 3.
“തിമൊഥെയൊസിനെക്കുറിച്ച് വളരെ നല്ല അഭിപ്രായമായിരുന്നു” (പ്രവൃ. 16:1-3)
13, 14. (എ) തിമൊഥെയൊസ് ആരായിരുന്നു, പൗലോസ് എപ്പോഴായിരിക്കാം തിമൊഥെയൊസിനെ ആദ്യമായി കണ്ടത്? (ബി) പൗലോസ് തിമൊഥെയൊസിനെ പ്രത്യേകം ശ്രദ്ധിച്ചത് എന്തുകൊണ്ടായിരുന്നു? (സി) തിമൊഥെയൊസിന് എന്തു നിയമനം ലഭിച്ചു?
13 രണ്ടാം മിഷനറി പര്യടനത്തിന്റെ ഭാഗമായി പൗലോസ് റോമൻ സംസ്ഥാനമായ ഗലാത്യ സന്ദർശിച്ചു. അവിടെ ചില സഭകൾ ഉണ്ടായിരുന്നു. പിന്നീട് “പൗലോസ് ദർബ്ബെയിലും പിന്നെ ലുസ്ത്രയിലും എത്തി.” വിവരണം തുടർന്ന് പറയുന്നു: “അവിടെ തിമൊഥെയൊസ് എന്നൊരു ശിഷ്യനുണ്ടായിരുന്നു. തിമൊഥെയൊസിന്റെ അമ്മ വിശ്വാസിയായ ഒരു ജൂതസ്ത്രീയും അപ്പൻ ഗ്രീക്കുകാരനും ആയിരുന്നു.”—പ്രവൃ. 16:1. b
14 തെളിവനുസരിച്ച്, ഏകദേശം എ.ഡി. 47-ൽ പൗലോസ് ആദ്യമായി ഈ പ്രദേശത്തു വന്നപ്പോൾ തിമൊഥെയൊസിന്റെ കുടുംബത്തെ പരിചയപ്പെട്ടിരിക്കണം. ഇപ്പോൾ രണ്ടുമൂന്നു വർഷത്തിനുശേഷം തന്റെ രണ്ടാം സന്ദർശനത്തിൽ പൗലോസ് തിമൊഥെയൊസിനെ പ്രത്യേകം ശ്രദ്ധിക്കുന്നു. എന്തുകൊണ്ടാണത്? കാരണം, “സഹോദരന്മാർക്കു തിമൊഥെയൊസിനെക്കുറിച്ച് വളരെ നല്ല അഭിപ്രായമായിരുന്നു.” സ്വന്തം പട്ടണത്തിലുള്ള സഹോദരന്മാർക്ക് തിമൊഥെയൊസ് പ്രിയങ്കരനായിരുന്നു എന്നു മാത്രമല്ല അയൽസഭയിലും തിമൊഥെയൊസിനു നല്ലൊരു പേരുണ്ടായിരുന്നു. ലുസ്ത്രയിലും ഏതാണ്ട് 30 കിലോമീറ്റർ അകലെയുള്ള ഇക്കോന്യയിലും ഉള്ള സഹോദരന്മാർക്ക് തിമൊഥെയൊസിനെക്കുറിച്ചു നല്ലതുമാത്രമേ പറയാനുണ്ടായിരുന്നുള്ളുവെന്ന് വിവരണം പറയുന്നു. (പ്രവൃ. 16:2) പരിശുദ്ധാത്മാവിന്റെ മാർഗനിർദേശത്തിൻകീഴിൽ മൂപ്പന്മാർ തിമൊഥെയൊസിനെ ഭാരിച്ച ഒരു ഉത്തരവാദിത്വം ഭരമേൽപ്പിച്ചു. എന്തായിരുന്നു അത്? ഒരു സഞ്ചാര ശുശ്രൂഷകൻ എന്നനിലയിൽ പൗലോസിനെയും ശീലാസിനെയും സഹായിക്കുക!—പ്രവൃ. 16:3.
15, 16. തിമൊഥെയൊസിന് നല്ലൊരു പേര് സമ്പാദിക്കാനായത് എങ്ങനെ?
15 വളരെ ചെറുപ്പത്തിൽത്തന്നെ തിമൊഥെയൊസിന് എങ്ങനെയാണ് ഇത്ര നല്ലൊരു പേര് സമ്പാദിക്കാനായത്? തിമൊഥെയൊസിന്റെ ബുദ്ധിസാമർഥ്യമോ ആകാരമോ കഴിവുകളോ നിമിത്തമായിരുന്നോ അത്? ഇത്തരം കാര്യങ്ങൾക്കാണ് മനുഷ്യർ പലപ്പോഴും കൂടുതൽ പ്രാധാന്യം കല്പിക്കുന്നത്. പ്രവാചകനായ ശമുവേൽപോലും ഒരിക്കൽ പുറമേ കാണുന്ന കാര്യങ്ങളാൽ വളരെയധികം സ്വാധീനിക്കപ്പെട്ടു. എന്നാൽ യഹോവ ശമുവേലിനെ പിൻവരുന്നപ്രകാരം ഓർമപ്പെടുത്തി: “മനുഷ്യൻ കാണുന്നതുപോലെയല്ല ദൈവം കാണുന്നത്. കണ്ണിനു കാണാനാകുന്നതു മാത്രം മനുഷ്യൻ കാണുന്നു. യഹോവയോ ഹൃദയത്തിന് ഉള്ളിലുള്ളതു കാണുന്നു.” (1 ശമു. 16:7) കഴിവുകളോ പ്രാപ്തികളോ അല്ല, തിമൊഥെയൊസിന്റെ ആന്തരിക ഗുണങ്ങളാണ് സഹവിശ്വാസികൾക്കിടയിൽ തിമൊഥെയൊസിനു നല്ലൊരു പേര് നേടിക്കൊടുത്തത്.
16 വർഷങ്ങൾക്കുശേഷം അപ്പോസ്തലനായ പൗലോസ് തിമൊഥെയൊസിന്റെ ചില ആത്മീയ ഗുണങ്ങളെക്കുറിച്ചു പരാമർശിക്കുകയുണ്ടായി. തിമൊഥെയൊസിന്റെ സന്മനസ്സിനെയും നിസ്സ്വാർഥ സ്നേഹത്തെയും ദിവ്യാധിപത്യ നിയമനങ്ങൾ നിറവേറ്റുന്നതിലുള്ള ശുഷ്കാന്തിയെയും കുറിച്ച് പൗലോസ് വിവരിച്ചു. (ഫിലി. 2:20-22) തിമൊഥെയൊസിന്റെ “കാപട്യമില്ലാത്ത വിശ്വാസത്തെപ്പറ്റിയും” പൗലോസ് സംസാരിച്ചു.—2 തിമൊ. 1:5.
17. ഇന്ന് യുവജനങ്ങൾക്ക് തിമൊഥെയൊസിനെ എങ്ങനെ അനുകരിക്കാനാകും?
17 ഇന്ന് അനേകം യുവജനങ്ങൾ ദൈവത്തിനു പ്രസാദകരമായ ഗുണങ്ങൾ വളർത്തിയെടുത്തുകൊണ്ട് തിമൊഥെയൊസിനെ അനുകരിക്കുന്നു. അങ്ങനെ വളരെ ചെറുപ്പത്തിൽത്തന്നെ ദൈവമുമ്പാകെയും അതുപോലെ സഹാരാധകർക്കിടയിലും അവർക്കു നല്ലൊരു പേര് നേടിയെടുക്കാനായിരിക്കുന്നു. (സുഭാ. 22:1; 1 തിമൊ. 4:15) ഇരട്ടജീവിതം നയിക്കാൻ വിസമ്മതിച്ചുകൊണ്ട് അവർ കാപട്യമില്ലാത്ത വിശ്വാസം പ്രകടമാക്കുന്നു. (സങ്കീ. 26:4) ഈ ചെറുപ്പക്കാർ സഭയ്ക്ക് ഒരു മുതൽക്കൂട്ടാണ്. അവർ സന്തോഷവാർത്തയുടെ പ്രചാരകരായിത്തീരാൻ യോഗ്യത പ്രാപിക്കുകയും പിന്നീട് യഹോവയ്ക്ക് തങ്ങളെത്തന്നെ സമർപ്പിച്ച് സ്നാനമേൽക്കുകയും ചെയ്യുന്നത് കാണുമ്പോൾ അവരുടെ സഹാരാധകർ എത്ര പ്രോത്സാഹിതരായിത്തീരുന്നു!
“സഭകളുടെ വിശ്വാസം ശക്തമായി” (പ്രവൃ. 16:4, 5)
18. (എ) സഞ്ചാര ശുശ്രൂഷകർ എന്നനിലയിൽ പൗലോസിനും തിമൊഥെയൊസിനും ഏതെല്ലാം പ്രത്യേക നിയമനങ്ങൾ ആസ്വദിക്കാനായി? (ബി) സഭകൾ എങ്ങനെ അനുഗ്രഹിക്കപ്പെട്ടു?
18 പൗലോസും തിമൊഥെയൊസും വർഷങ്ങളോളം ഒരുമിച്ചു പ്രവർത്തിച്ചു. സഞ്ചാര ശുശ്രൂഷകർ എന്നനിലയിൽ ഭരണസംഘത്തിനുവേണ്ടി പല ദൗത്യങ്ങളും അവർ നിറവേറ്റിയിട്ടുണ്ട്. ബൈബിൾ വിവരണം പറയുന്നു: “അവർ നഗരംതോറും സഞ്ചരിച്ച്, യരുശലേമിലെ അപ്പോസ്തലന്മാരും മൂപ്പന്മാരും എടുത്ത തീരുമാനങ്ങൾ അവിടെയുള്ളവരെ അറിയിച്ചു. അവർ അവ പിൻപറ്റി.” (പ്രവൃ. 16:4) യരുശലേമിലുള്ള അപ്പോസ്തലന്മാരും മൂപ്പന്മാരും കൈക്കൊണ്ട തീർപ്പുകൾ സഭകൾ പിൻപറ്റിയെന്നുള്ളതിനു സംശയമില്ല. അവരുടെ ആ അനുസരണത്തിന്റെ ഫലമായി “സഭകളുടെ വിശ്വാസം ശക്തമായി; അംഗസംഖ്യ ദിവസേന വർധിച്ചു.”—പ്രവൃ. 16:5.
19, 20. ക്രിസ്ത്യാനികൾ ‘നേതൃത്വമെടുക്കുന്നവരെ’ അനുസരിക്കേണ്ടത് എന്തുകൊണ്ട്?
19 സമാനമായി, ഇന്നത്തെ യഹോവയുടെ സാക്ഷികളും ‘തങ്ങൾക്കിടയിൽ നേതൃത്വമെടുക്കുന്നവരിൽ’ നിന്നുള്ള നിർദേശങ്ങൾക്ക് അനുസരണയോടെ കീഴ്പെടുകയും അങ്ങനെ അനുഗ്രഹങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നു. (എബ്രാ. 13:17) ഈ ലോകത്തിന്റെ രംഗം സദാ മാറിക്കൊണ്ടിരിക്കുന്നതിനാൽ, “വിശ്വസ്തനും വിവേകിയും ആയ അടിമ” പ്രദാനംചെയ്യുന്ന ആത്മീയ ആഹാരം നാം അപ്പപ്പോൾ ഭക്ഷിക്കേണ്ടതു വളരെ പ്രധാനമാണ്. (മത്താ. 24:45; 1 കൊരി. 7:29-31) അങ്ങനെ ചെയ്യുന്നത് സത്യത്തിൽനിന്ന് അകന്നുപോകാതിരിക്കാനും “ലോകത്തിന്റെ കറ പറ്റാതെ” സൂക്ഷിക്കാനും നമ്മെ സഹായിക്കും.—യാക്കോ. 1:27.
20 പൗലോസിനെയും ബർന്നബാസിനെയും മർക്കോസിനെയും ഒന്നാം നൂറ്റാണ്ടിലെ മറ്റ് അഭിഷിക്ത മൂപ്പന്മാരെയും പോലെ, ഭരണസംഘാംഗങ്ങൾ ഉൾപ്പെടെയുള്ള ഇന്നത്തെ ക്രിസ്തീയ മേൽവിചാരകന്മാരും അപൂർണരാണെന്നുള്ളതു സത്യംതന്നെ. (റോമ. 5:12; യാക്കോ. 3:2) എന്നിരുന്നാലും ദൈവവചനം കർശനമായി പിൻപറ്റുകയും അപ്പോസ്തലന്മാരുടെ മാതൃകയോടു പറ്റിനിൽക്കുകയും ചെയ്തുകൊണ്ട് ഭരണസംഘം തങ്ങൾ ആശ്രയയോഗ്യരാണെന്നു തെളിയിക്കുന്നു. (2 തിമൊ. 1:13, 14) തത്ഫലമായി സഭകൾ ശക്തിപ്പെടുകയും വിശ്വാസത്തിൽ ഉറയ്ക്കുകയും ചെയ്തിരിക്കുന്നു.
a “ മർക്കോസ് പല പ്രത്യേക നിയമനങ്ങളും നിർവഹിക്കുന്നു” എന്ന ചതുരം കാണുക.
b “ തിമൊഥെയൊസ്—‘സന്തോഷവാർത്തയുടെ വളർച്ചയ്ക്കുവേണ്ടി അധ്വാനിച്ചവൻ’” എന്ന ചതുരം കാണുക.