അധ്യായം 9
‘ദൈവം പക്ഷപാതമുള്ളവനല്ല’
പരിച്ഛേദനയേൽക്കാത്ത ജനതകളിൽപ്പെട്ടവരുടെ പക്കൽ സന്തോഷവാർത്ത എത്തുന്നു
ആധാരം: പ്രവൃത്തികൾ 10:1–11:30
1-3. പത്രോസിന് എന്തു ദർശനം ലഭിച്ചു, അതിന്റെ അർഥം ഗ്രഹിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
എ.ഡി. 36-ലെ ശരത്കാലം. തുറമുഖ പട്ടണമായ യോപ്പയിൽ കടൽക്കരയിലുള്ള ഒരു വീടിന്റെ മുകളിൽ പത്രോസ് പ്രാർഥനാനിരതനായി ഇരിക്കുകയാണ്. അദ്ദേഹം അവിടെ എത്തിയിട്ട് കുറെ ദിവസമായി. വീട്ടുടയവനായ ശിമോൻ ഒരു തോൽപ്പണിക്കാരനാണ്. അങ്ങനെയുള്ള ഒരാളുടെ വീട്ടിൽ താമസിക്കാൻ സാധാരണഗതിയിൽ ജൂതന്മാർ തയ്യാറാകില്ല. a ആ വീട്ടിൽ താമസിക്കാൻ പത്രോസ് മനസ്സുകാണിച്ചു എന്നത് സൂചിപ്പിക്കുന്നത് മറ്റു പശ്ചാത്തലങ്ങളിൽനിന്നുള്ളവരോട് അദ്ദേഹത്തിന് ഒരു പരിധിവരെയെങ്കിലും മുൻവിധിരഹിതമായ ഒരു മനോഭാവം ഉണ്ടായിരുന്നുവെന്നാണ്. എന്നിരുന്നാലും അവിടെയായിരിക്കെ, യഹോവ പക്ഷപാതമുള്ളവനല്ല എന്നതിനെക്കുറിച്ച് പത്രോസ് സുപ്രധാനമായ ഒരു പാഠം പഠിക്കാൻ പോകുകയായിരുന്നു.
2 പത്രോസ് പ്രാർഥിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന് ഒരു ദിവ്യദർശനമുണ്ടായി. അതിൽ പത്രോസ് കണ്ട കാര്യങ്ങൾ ഏതൊരു ജൂതനെയും അസ്വസ്ഥനാക്കാൻപോന്നതായിരുന്നു. വലിയ ലിനൻവിരിപോലുള്ള ഒരുതരം പാത്രം ആകാശത്തുനിന്ന് ഇറങ്ങിവരുന്നത് പത്രോസ് കണ്ടു. മോശയുടെ നിയമപ്രകാരം അശുദ്ധമെന്നു കണക്കാക്കിയിരുന്ന ജീവികളായിരുന്നു അതിലുണ്ടായിരുന്നത്. അവയെ അറുത്തു ഭക്ഷിക്കാൻ ഒരു ശബ്ദം പത്രോസിനോട് ആവശ്യപ്പെട്ടു. അപ്പോൾ പത്രോസ്, “അയ്യോ, അങ്ങനെ പറയരുതു കർത്താവേ, മലിനമോ അശുദ്ധമോ ആയ ഒന്നും ഞാൻ ഇതുവരെ കഴിച്ചിട്ടില്ല” എന്നു പറഞ്ഞു. എന്നാൽ “ദൈവം ശുദ്ധീകരിച്ചവയെ നീ മലിനമെന്നു വിളിക്കരുത്” എന്ന് മൂന്നു പ്രാവശ്യം ആ ശബ്ദം പത്രോസിനോടു പറയുകയുണ്ടായി. (പ്രവൃ. 10:14-16) ഈ ദർശനത്തിന്റെ അർഥമെന്താണെന്നോർത്ത് പത്രോസ് ചിന്താപരവശനായി. എന്നാൽ പെട്ടെന്നുതന്നെ അതിന്റെ അർഥം പത്രോസ് മനസ്സിലാക്കുമായിരുന്നു.
3 പത്രോസ് കണ്ട ദർശനത്തിന്റെ അർഥമെന്തായിരുന്നു? അതു മനസ്സിലാക്കുന്നത് ആളുകളെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം അറിയാൻ നമ്മെ സഹായിക്കും. യഹോവയുടെ അതേ വീക്ഷണം ഉണ്ടായിരുന്നാൽമാത്രമേ സത്യക്രിസ്ത്യാനികളെന്നനിലയിൽ ദൈവരാജ്യത്തെക്കുറിച്ചു സമഗ്രമായി അറിയിക്കാൻ നമുക്കു സാധിക്കൂ. അതുകൊണ്ട് പത്രോസിനു ലഭിച്ച ദർശനത്തിന്റെ അർഥം ഗ്രഹിക്കുന്നതിനായി നമുക്കിപ്പോൾ അതിനോടു ബന്ധപ്പെട്ടുണ്ടായ സംഭവങ്ങൾ ഒന്നു പരിചിന്തിക്കാം.
അദ്ദേഹം ‘പതിവായി ദൈവത്തോട് ഉള്ളുരുകി പ്രാർഥിച്ചുപോന്നു’ (പ്രവൃ. 10:1-8)
4, 5. കൊർന്നേല്യൊസ് ആരായിരുന്നു, അദ്ദേഹം പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ എന്തു സംഭവിച്ചു?
4 യോപ്പയിൽനിന്ന് ഏതാണ്ട് 50 കിലോമീറ്റർ വടക്കുള്ള കൈസര്യയിൽ താമസിച്ചിരുന്ന കൊർന്നേല്യൊസിനും ഒരു ദിവ്യദർശനമുണ്ടായി. തലേദിവസം ഉണ്ടായ ആ ദർശനത്തെക്കുറിച്ച് പത്രോസ് പക്ഷേ, അറിഞ്ഞിരുന്നില്ല. റോമൻ സൈന്യത്തിലെ ഒരു ശതാധിപനായിരുന്ന കൊർന്നേല്യൊസ് ‘ദൈവഭക്തിയുള്ള’ ഒരാളായിരുന്നു. b അദ്ദേഹത്തിന്റെ ‘വീട്ടിലുള്ളവരും ദൈവഭയം’ ഉള്ളവരായിരുന്നുവെന്നു വിവരണം പറയുന്നു. അതു കാണിക്കുന്നത് കൊർന്നേല്യൊസ് മാതൃകായോഗ്യനായ ഒരു കുടുംബനാഥൻ ആയിരുന്നുവെന്നാണ്. കൊർന്നേല്യൊസ് ജൂതമതത്തിലേക്കു പരിവർത്തനംചെയ്ത ഒരാളായിരുന്നില്ല, മറിച്ച് പരിച്ഛേദനയേൽക്കാത്ത ജനതകളിൽപ്പെട്ട ഒരാളായിരുന്നു. എന്നിട്ടും, കൊർന്നേല്യൊസ് ബുദ്ധിമുട്ടനുഭവിച്ചിരുന്ന ജൂതന്മാരോടു ദയ കാണിക്കുകയും അവർക്കു ഭൗതിക സഹായം നൽകുകയും ചെയ്തു. ആത്മാർഥതയുള്ള ഈ മനുഷ്യൻ ‘പതിവായി ദൈവത്തോട് ഉള്ളുരുകി പ്രാർഥിച്ചുപോന്നു.’—പ്രവൃ. 10:2.
5 ഉച്ചകഴിഞ്ഞ് ഏതാണ്ട് മൂന്നുമണിയോടെ, പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൊർന്നേല്യൊസിനു ദർശനം ഉണ്ടാകുന്നത്. “നിന്റെ പ്രാർഥനകളും ദാനധർമങ്ങളും ദൈവമുമ്പാകെ എത്തി, ദൈവം നിന്നെ ഓർത്തിരിക്കുന്നു” എന്ന് ഒരു ദൂതൻ അദ്ദേഹത്തോടു പറയുകയുണ്ടായി. (പ്രവൃ. 10:4) ദൂതൻ നിർദേശിച്ചതനുസരിച്ച് പത്രോസിനെ കൂട്ടിക്കൊണ്ടുവരുന്നതിന് കൊർന്നേല്യൊസ് ചിലരെ യോപ്പയിലേക്ക് അയച്ചു. പരിച്ഛേദനയേൽക്കാത്ത ജനതകളിൽപ്പെട്ടവനെന്നനിലയിൽ കൊർന്നേല്യൊസിനു മുമ്പിൽ അതുവരെ അടഞ്ഞുകിടന്നിരുന്ന ഒരു വാതിലാണ് ഇപ്പോൾ അദ്ദേഹത്തിനു തുറന്നുകിട്ടുമായിരുന്നത്. അതെ, വൈകാതെതന്നെ കൊർന്നേല്യൊസ് രക്ഷാദൂത് കേൾക്കാൻ പോകുകയായിരുന്നു.
6, 7. (എ) ദൈവത്തെക്കുറിച്ചുള്ള സത്യം അറിയാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരുടെ പ്രാർഥനയ്ക്ക് ദൈവം ഉത്തരം നൽകുന്നുവെന്നു കാണിക്കുന്ന ഒരു അനുഭവം പറയുക. (ബി) ഇത്തരം അനുഭവങ്ങളിൽനിന്ന് നമുക്ക് എന്തു മനസ്സിലാക്കാം?
6 ദൈവത്തെക്കുറിച്ചുള്ള സത്യം അറിയാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരുടെ പ്രാർഥനയ്ക്ക് ദൈവം ഇന്നും ഉത്തരം നൽകുന്നുണ്ടോ? പിൻവരുന്ന അനുഭവം ശ്രദ്ധിക്കുക: അൽബേനിയയിലുള്ള ഒരു സ്ത്രീക്ക് സാക്ഷികളിൽനിന്ന് ഒരു വീക്ഷാഗോപുരം മാസിക ലഭിച്ചു. കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം അതിൽ ഉണ്ടായിരുന്നു. c തന്റെ വീട്ടിൽ വന്ന സഹോദരിയോട് അവർ പറഞ്ഞു: “പറഞ്ഞാൽ ഒരുപക്ഷേ, വിശ്വസിക്കില്ലായിരിക്കും, ദൈവമാണ് നിങ്ങളെ ഇപ്പോൾ ഇങ്ങോട്ട് അയച്ചത്! കാരണം, എന്റെ മക്കളെ നന്നായി വളർത്തിക്കൊണ്ടുവരാൻ സഹായിക്കണമേയെന്ന് ഞാൻ ദൈവത്തോടു പ്രാർഥിക്കുകയായിരുന്നു. ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന അതേ വിവരങ്ങളാണ് നിങ്ങൾ എനിക്ക് എത്തിച്ചുതന്നിരിക്കുന്നത്.” ആ സ്ത്രീയും അവരുടെ മക്കളും പെട്ടെന്നുതന്നെ ബൈബിൾ പഠിക്കാൻ തുടങ്ങി; പിന്നീട് അവരുടെ ഭർത്താവും അവരോടൊപ്പം ചേർന്നു.
7 ഇത് വെറും ഒറ്റപ്പെട്ട ഒരു സംഭവമാണോ? അല്ല. ലോകമെമ്പാടും ഇത്തരം ധാരാളം അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്. അതുകൊണ്ടുതന്നെ അതിനെ വെറും യാദൃച്ഛികം എന്നു പറഞ്ഞ് എഴുതിത്തള്ളാനാകില്ല. ഇത്തരം സംഭവങ്ങൾ ഏതു വസ്തുതകളിലേക്കാണു വിരൽചൂണ്ടുന്നത്? ഒന്ന്, തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവരുടെ പ്രാർഥനയ്ക്ക് യഹോവ ഉത്തരം നൽകുന്നു. (1 രാജാ. 8:41-43; സങ്കീ. 65:2) രണ്ട്, നമ്മുടെ പ്രസംഗവേലയ്ക്ക് ദൂതന്മാരുടെ പിന്തുണയുണ്ട്.—വെളി. 14:6, 7.
“പത്രോസിന് ഒരു എത്തും പിടിയും കിട്ടിയില്ല” (പ്രവൃ. 10:9-23എ)
8, 9. പരിശുദ്ധാത്മാവ് പത്രോസിന് എന്തു വെളിപ്പെടുത്തിക്കൊടുത്തു, പത്രോസ് അതിനോട് എങ്ങനെ പ്രതികരിച്ചു?
8 താൻ കണ്ട ദർശനത്തിന്റെ അർഥത്തെക്കുറിച്ച് “പത്രോസിന് ഒരു എത്തും പിടിയും” കിട്ടാതെ ഇരിക്കുമ്പോഴാണ് കൊർന്നേല്യൊസ് അയച്ച ആളുകൾ അവിടെ എത്തുന്നത്. (പ്രവൃ. 10:17) മോശയുടെ നിയമം അശുദ്ധമെന്നു കണക്കാക്കിയിരുന്ന ഭക്ഷണം കഴിക്കുകയില്ലെന്നു മൂന്നു തവണ ആവർത്തിച്ച പത്രോസ് ഇപ്പോൾ അവരോടൊപ്പം ജനതകളിൽപ്പെട്ട ഒരാളുടെ വീട്ടിലേക്കു പോകുമോ? എന്തായാലും, ഇതു സംബന്ധിച്ച ദൈവേഷ്ടം എന്താണെന്ന് പരിശുദ്ധാത്മാവ് പത്രോസിനു വെളിപ്പെടുത്തിക്കൊടുത്തു. “അതാ, നിന്നെ അന്വേഷിച്ച് മൂന്നു പേർ വന്നിരിക്കുന്നു. താഴേക്കു ചെന്ന് ഒട്ടും മടിക്കാതെ അവരുടെകൂടെ പോകുക. ഞാനാണ് അവരെ അയച്ചത്” എന്ന് പരിശുദ്ധാത്മാവ് പത്രോസിനോടു പറഞ്ഞു. (പ്രവൃ. 10:19, 20) പത്രോസ് കണ്ട ആ ദർശനം, പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനു ചേർച്ചയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തെ മാനസികമായി ഒരുക്കി എന്നതിനു സംശയമില്ല.
9 തന്നെ കൂട്ടിക്കൊണ്ടുവരുന്നതിന് കൊർന്നേല്യൊസ് ആളെ അയച്ചിരിക്കുന്നത് ദിവ്യനിർദേശപ്രകാരമാണെന്നു മനസ്സിലാക്കിയ പത്രോസ് ജനതകളിൽപ്പെട്ട ആ പുരുഷന്മാരെ അകത്തേക്കു ക്ഷണിച്ച് “അതിഥികളായി” താമസിപ്പിച്ചു. (പ്രവൃ. 10:23എ) ദൈവേഷ്ടത്തെക്കുറിച്ചു മനസ്സിലാക്കിയ കാര്യങ്ങൾക്കു ചേർച്ചയിൽ പത്രോസ് തന്റെ ചിന്താഗതിക്ക് അപ്പോൾത്തന്നെ മാറ്റം വരുത്താൻ തുടങ്ങിയിരുന്നുവെന്നാണ് അതു കാണിക്കുന്നത്.
10. യഹോവ തന്റെ ജനത്തെ നയിക്കുന്നത് എങ്ങനെ, ഏതെല്ലാം ചോദ്യങ്ങൾ നമുക്കു നമ്മോടുതന്നെ ചോദിക്കാവുന്നതാണ്?
10 ഇന്നും ക്രമാനുഗതമായി കാര്യങ്ങൾ വെളിപ്പെടുത്തിക്കൊടുത്തുകൊണ്ടാണ് യഹോവ തന്റെ ജനത്തെ നയിക്കുന്നത്. (സുഭാ. 4:18) യഹോവ തന്റെ പരിശുദ്ധാത്മാവുമുഖാന്തരം ‘വിശ്വസ്തനും വിവേകിയും ആയ അടിമയെ’ നയിച്ചുകൊണ്ടിരിക്കുന്നു. (മത്താ. 24:45) തിരുവെഴുത്തു ഗ്രാഹ്യത്തിലെ പൊരുത്തപ്പെടുത്തലുകളെയും സംഘടനാപരമായ ക്രമീകരണങ്ങളിലെ മാറ്റങ്ങളെയും കുറിച്ച് അവർ നമ്മെ അറിയിക്കുമ്പോൾ നമുക്കു നമ്മോടുതന്നെ പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്: ‘ഇത്തരം പൊരുത്തപ്പെടുത്തലുകളോട് ഞാൻ എങ്ങനെ പ്രതികരിക്കുന്നു? ഇത്തരം കാര്യങ്ങൾ സംബന്ധിച്ച പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിന് ഞാൻ കീഴ്പെടുന്നുണ്ടോ?’
“അവരെ സ്നാനപ്പെടുത്താൻ പത്രോസ് കല്പിച്ചു” (പ്രവൃ. 10:23ബി-48)
11, 12. കൈസര്യയിൽ എത്തിയ പത്രോസ് എന്തു ചെയ്തു, പത്രോസ് അതിനോടകം എന്തു മനസ്സിലാക്കിയിരുന്നു?
11 പത്രോസിന് ദർശനം ലഭിച്ചതിന്റെ പിറ്റേന്ന് അദ്ദേഹവും കൊർന്നേല്യൊസ് അയച്ച മൂന്നു പുരുഷന്മാരും യോപ്പയിൽനിന്നുള്ള “ആറു (ജൂത) സഹോദരന്മാരും” കൈസര്യയിലേക്കു യാത്രയായി. (പ്രവൃ. 11:12) ജനതകളിൽപ്പെട്ട തന്റെ “ബന്ധുക്കളെയും ഉറ്റ സുഹൃത്തുക്കളെയും” വിളിച്ചുകൂട്ടി കൊർന്നേല്യൊസ് അവർക്കായി കാത്തിരിക്കുകയായിരുന്നു. (പ്രവൃ. 10:24) അവിടെ എത്തിയ പത്രോസ് പരിച്ഛേദനയേൽക്കാത്ത, ജനതകളിൽപ്പെട്ട ആ വ്യക്തിയുടെ വീട്ടിൽ പ്രവേശിച്ചു! പത്രോസിനെ സംബന്ധിച്ചിടത്തോളം മുമ്പൊരിക്കലും ചിന്തിക്കാൻപോലും കഴിയാത്ത ഒരു കാര്യമായിരുന്നു അത്. പത്രോസ് വിശദീകരിച്ചു: “ഒരു ജൂതൻ അന്യജാതിക്കാരന്റെ അടുത്ത് ചെല്ലുന്നതും അയാളോട് അടുത്ത് ഇടപഴകുന്നതും ഞങ്ങളുടെ നിയമത്തിനു വിരുദ്ധമാണെന്നു നിങ്ങൾക്കു നന്നായി അറിയാമല്ലോ; എന്നാൽ ഞാൻ ഒരാളെയും മലിനനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു.” (പ്രവൃ. 10:28) തനിക്കു ലഭിച്ച ദർശനത്തെക്കുറിച്ച് പത്രോസിന് അപ്പോഴേക്കും വ്യക്തമായ ഒരു ധാരണ ലഭിച്ചിരുന്നു: അത് വെറും ഭക്ഷ്യവസ്തുക്കളെക്കുറിച്ചുള്ളതായിരുന്നില്ല, അതിൽക്കവിഞ്ഞ ഒരു കാര്യം പഠിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ‘ഒരാളെയും (ജനതകളിൽപ്പെട്ടവനെപ്പോലും) മലിനനായി’ കണക്കാക്കരുത് എന്നുള്ളതായിരുന്നു ആ പാഠം.
12 പത്രോസ് പറയുന്നതു കേൾക്കാനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു അവിടെ കൂടിയിരുന്നവർ. “പറയാൻ യഹോവ അങ്ങയോടു കല്പിച്ചിരിക്കുന്ന കാര്യങ്ങൾ കേൾക്കാനായി ഞങ്ങൾ ഇപ്പോൾ ദൈവമുമ്പാകെ കൂടിവന്നിരിക്കുകയാണ്,” കൊർന്നേല്യൊസ് പത്രോസിനോടു പറഞ്ഞു. (പ്രവൃ. 10:33) ഒരു താത്പര്യക്കാരൻ അങ്ങനെ പറഞ്ഞുകേട്ടാൽ എത്ര സന്തോഷം തോന്നും, അല്ലേ? ശക്തമായ ഒരു പ്രസ്താവനയോടെ പത്രോസ് തന്റെ പ്രഭാഷണം ആരംഭിച്ചു: “ദൈവം പക്ഷപാതമുള്ളവനല്ലെന്ന് എനിക്ക് ഇപ്പോൾ ശരിക്കും മനസ്സിലായി. ഏതു ജനതയിൽപ്പെട്ട ആളാണെങ്കിലും, ദൈവത്തെ ഭയപ്പെട്ട് ശരിയായതു പ്രവർത്തിക്കുന്ന മനുഷ്യനെ ദൈവം അംഗീകരിക്കുന്നു.” (പ്രവൃ. 10:34, 35) അതെ, ദൈവം ഒരുവനെ എങ്ങനെ വീക്ഷിക്കുന്നുവെന്നു നിർണയിക്കുന്നത് വർഗമോ ദേശമോ മറ്റേതെങ്കിലും ബാഹ്യഘടകങ്ങളോ അല്ലെന്ന് പത്രോസ് അതിനോടകം മനസ്സിലാക്കിയിരുന്നു. പത്രോസ് തുടർന്ന്, യേശുവിന്റെ ശുശ്രൂഷയെയും മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ച് അവരോടു സാക്ഷീകരിക്കാൻ തുടങ്ങി.
13, 14. (എ) എ.ഡി. 36-ലെ, കൊർന്നേല്യൊസിന്റെയും ജനതകളിൽപ്പെട്ട മറ്റുള്ളവരുടെയും പരിവർത്തനം എന്തർഥമാക്കി? (ബി) ബാഹ്യഘടകങ്ങളുടെ അടിസ്ഥാനത്തിൽ നാം ആളുകളെ വിധിക്കരുതാത്തത് എന്തുകൊണ്ട്?
13 മുമ്പൊരിക്കലും നടന്നിട്ടില്ലാത്ത ഒരു കാര്യം അപ്പോൾ സംഭവിച്ചു: “പത്രോസ് ഈ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ” ‘ജനതകളിൽപ്പെട്ട’ ആ വ്യക്തികളുടെ മേൽ പരിശുദ്ധാത്മാവ് പകരപ്പെട്ടു. (പ്രവൃ. 10:44, 45) സ്നാനമേൽക്കുന്നതിനുമുമ്പ് പരിശുദ്ധാത്മാവ് ലഭിക്കുന്നതു സംബന്ധിച്ച് തിരുവെഴുത്തുകളിൽ കാണുന്ന ഒരേയൊരു പരാമർശമാണിത്. ദൈവാംഗീകാരത്തിന്റെ അടയാളമാണിതെന്നു തിരിച്ചറിഞ്ഞ പത്രോസ്, ‘അവരെ (അവിടെ കൂടിയിരുന്ന ജനതകളിൽപ്പെട്ടവരെ) സ്നാനപ്പെടുത്താൻ കല്പിച്ചു.’ (പ്രവൃ. 10:48) ജൂതന്മാർക്കുള്ള പ്രത്യേക പ്രീതിയുടെ കാലം അവസാനിച്ചെന്ന് എ.ഡി. 36-ലെ ജനതകളിൽപ്പെട്ടവരുടെ ഈ പരിവർത്തനം തെളിയിച്ചു. (ദാനി. 9:24-27) ഈ പ്രത്യേക സന്ദർഭത്തിൽ സാക്ഷീകരിക്കുന്നതിനു നേതൃത്വം വഹിച്ചുകൊണ്ട് പത്രോസ് മൂന്നാമത്തേതും അവസാനത്തേതുമായ ‘രാജ്യത്തിന്റെ താക്കോൽ’ ഉപയോഗിച്ചു. (മത്താ. 16:19) പരിച്ഛേദനയേൽക്കാത്ത ജനതകളിൽപ്പെട്ടവർക്ക് ആത്മാഭിഷിക്ത ക്രിസ്ത്യാനികളാകാനുള്ള അവസരം അതിലൂടെ തുറന്നുകിട്ടി.
14 “ദൈവത്തിനു പക്ഷപാതമില്ല” എന്ന കാര്യം രാജ്യഘോഷകരായ നാമും തിരിച്ചറിയുന്നു. (റോമ. 2:11) ‘എല്ലാ തരം ആളുകൾക്കും രക്ഷ കിട്ടണമെന്നതാണ്’ ദൈവേഷ്ടം. (1 തിമൊ. 2:4) അതുകൊണ്ട് ബാഹ്യഘടകങ്ങളുടെ അടിസ്ഥാനത്തിൽ നാം ആരെയും വിധിക്കരുത്. വർഗമോ ദേശമോ രൂപമോ മതപശ്ചാത്തലമോ ഒന്നും കണക്കിലെടുക്കാതെ എല്ലാവരോടും നാം പ്രസംഗിക്കേണ്ടതുണ്ട്. അതെ, ദൈവരാജ്യത്തെക്കുറിച്ചു സമഗ്രമായി അറിയിക്കുക എന്നതാണ് നമ്മുടെ നിയോഗം.
അവർ “വിമർശിക്കുന്നതു നിറുത്തി . . . ദൈവത്തെ മഹത്ത്വപ്പെടുത്തി” (പ്രവൃ. 11:1-18)
15, 16. ജൂത പശ്ചാത്തലത്തിൽനിന്നുള്ള ചില ക്രിസ്ത്യാനികൾ പത്രോസിനെ വിമർശിച്ചത് എന്തുകൊണ്ട്, അതിനെതിരെ പത്രോസ് എന്തെല്ലാം വാദങ്ങൾ നിരത്തി?
15 സംഭവിച്ച കാര്യങ്ങളെക്കുറിച്ച് എത്രയും വേഗം യരുശലേമിലെ ഭരണസംഘത്തെ അറിയിക്കുന്നതിന് പത്രോസ് അങ്ങോട്ടു യാത്രയായി. എന്നാൽ പത്രോസ് അവിടെ എത്തുന്നതിനുമുമ്പുതന്നെ, പരിച്ഛേദനയേൽക്കാത്ത ജനതകളിൽപ്പെട്ടവർ “ദൈവവചനം സ്വീകരിച്ചെന്ന” വാർത്ത അവിടെയുള്ളവർ അറിഞ്ഞിരുന്നുവെന്നു വ്യക്തം. പത്രോസ് അവിടെയെത്തിയ ഉടനെ “പരിച്ഛേദനയെ അനുകൂലിച്ചിരുന്നവർ” വിമർശനവുമായി രംഗത്തെത്തി. പത്രോസ് ജനതകളിൽപ്പെട്ടവരുടെ ‘വീട്ടിൽ പോയി അവരോടൊപ്പം ഭക്ഷണം കഴിച്ചത്’ അവർക്കു തീരെ ഉൾക്കൊള്ളാനായില്ല. (പ്രവൃ. 11:1-3) ജനതകളിൽപ്പെട്ടവർക്ക് ക്രിസ്തുവിന്റെ അനുഗാമികളായിത്തീരാൻ കഴിയുമോ എന്നത് അവർക്കൊരു വിഷയമായിരുന്നില്ല. യഹോവയെ സ്വീകാര്യമായി ആരാധിക്കുന്നതിന് ജനതകളിൽപ്പെട്ടവർ പരിച്ഛേദനയുൾപ്പെടെയുള്ള മോശയുടെ നിയമം അനുസരിക്കണം എന്ന കാര്യത്തിലാണ് ജൂത പശ്ചാത്തലത്തിൽനിന്നുള്ള ആ ശിഷ്യന്മാർ നിർബന്ധംപിടിച്ചത്. മോശയുടെ നിയമം നീക്കംചെയ്യപ്പെട്ടുവെന്ന് അംഗീകരിക്കാൻ അവർക്കു ബുദ്ധിമുട്ടായിരുന്നു.
16 എന്നാൽ താൻ അങ്ങനെ ചെയ്തതിന്റെ കാരണം പത്രോസ് വിശദീകരിച്ചു. പ്രവൃത്തികൾ 11:4-16-ൽ നാം കാണുന്നതുപോലെ, ദിവ്യവഴിനടത്തിപ്പിന്റെ തെളിവെന്നനിലയിൽ നാലു കാര്യങ്ങൾ പത്രോസ് ചൂണ്ടിക്കാട്ടി: (1) തനിക്കു ദിവ്യദർശനം ലഭിച്ചത് (4-10 വാക്യങ്ങൾ); (2) പരിശുദ്ധാത്മാവ് നിർദേശം നൽകിയത് (11, 12 വാക്യങ്ങൾ); (3) ദൂതൻ കൊർന്നേല്യൊസിനെ സന്ദർശിച്ചത് (13, 14 വാക്യങ്ങൾ); (4) ജനതകളിൽപ്പെട്ടവർക്കു പരിശുദ്ധാത്മാവ് ലഭിച്ചത്. (15, 16 വാക്യങ്ങൾ) തുടർന്ന് വിമർശകരുടെ വായടപ്പിക്കാൻപോന്ന ഒരു ചോദ്യത്തോടെ പത്രോസ് തന്റെ വാദം ഉപസംഹരിച്ചു: “കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നമുക്കു നൽകിയ അതേ സമ്മാനംതന്നെ ദൈവം അവർക്കും നൽകിയെങ്കിൽ, ദൈവത്തെ തടയാൻ ഞാൻ ആരാണ്?”—പ്രവൃ. 11:17.
17, 18. (എ) പത്രോസിന്റെ വാദം കേട്ട ജൂത ക്രിസ്ത്യാനികൾ നിർണായകമായ ഏതു തീരുമാനമെടുക്കാൻ നിർബന്ധിതരായി? (ബി) സഭയുടെ ഐക്യം കാത്തുസൂക്ഷിക്കുന്നത് ഒരു വെല്ലുവിളിയായിരുന്നേക്കാവുന്നത് എന്തുകൊണ്ട്, നമുക്കു നമ്മോടുതന്നെ ഏതെല്ലാം ചോദ്യങ്ങൾ ചോദിക്കാം?
17 പത്രോസിന്റെ വാദം കേട്ട ആ ജൂത ക്രിസ്ത്യാനികൾ നിർണായകമായ ഒരു തീരുമാനമെടുക്കാൻ നിർബന്ധിതരായി. അവർ തങ്ങളുടെ മുൻവിധി ഉപേക്ഷിക്കുകയും പുതുതായി സ്നാനമേറ്റ ജനതകളിൽപ്പെട്ടവരെ സഹക്രിസ്ത്യാനികളായി അംഗീകരിക്കുകയും ചെയ്യുമോ എന്നതായിരുന്നു അത്. അവരുടെ പ്രതികരണത്തെക്കുറിച്ച് വിവരണം പറയുന്നു: “ഈ കാര്യങ്ങൾ കേട്ടപ്പോൾ അവർ (അപ്പോസ്തലന്മാരും മറ്റ് ജൂത ക്രിസ്ത്യാനികളും) പത്രോസിനെ വിമർശിക്കുന്നതു നിറുത്തി. ‘ജനതകളിൽപ്പെട്ടവർക്കും ജീവൻ ലഭിക്കാൻവേണ്ടി, അവർക്കു മാനസാന്തരപ്പെടാൻ ദൈവം അവസരം നൽകിയിരിക്കുന്നു’ എന്നു പറഞ്ഞ് അവർ ദൈവത്തെ മഹത്ത്വപ്പെടുത്തി.” (പ്രവൃ. 11:18) അവരുടെ ആ ക്രിയാത്മക മനോഭാവം സഭയുടെ ഐക്യം കാത്തുസൂക്ഷിച്ചു.
18 സഭയുടെ ഐക്യം കാത്തുസൂക്ഷിക്കുന്നത് ഇന്നും ഒരു വെല്ലുവിളിയായിരുന്നേക്കാം; കാരണം, പല ‘ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ളവരാണ്’ സത്യാരാധകർ. (വെളി. 7:9) വ്യത്യസ്ത വർഗങ്ങളിൽനിന്നും സംസ്കാരങ്ങളിൽനിന്നും പശ്ചാത്തലങ്ങളിൽനിന്നും ഉള്ള ആളുകളെ നമുക്കു പല സഭകളിലും കാണാനാകും. അതുകൊണ്ട് നമുക്ക് നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘ഞാൻ മനസ്സിൽനിന്നും മുൻവിധികൾ പൂർണമായി പിഴുതെറിഞ്ഞിട്ടുണ്ടോ? ലോകത്തിൽ ഇന്നു പ്രബലമായിരിക്കുന്ന വിഭാഗീയ ചിന്താഗതികൾ—ദേശം, സംസ്കാരം, വർഗം, വർണം എന്നിവയുടെ അടിസ്ഥാനത്തിലുള്ളവ—ക്രിസ്തീയ സഹോദരങ്ങളോട് ഇടപെടുന്ന വിധത്തെ സ്വാധീനിക്കാൻ അനുവദിക്കുകയില്ലെന്ന് ഞാൻ തീരുമാനിച്ചുറച്ചിട്ടുണ്ടോ?’ ജനതകളിൽപ്പെട്ടവരിൽനിന്ന് ആദ്യമായി ചിലർ ക്രിസ്തുശിഷ്യരായിത്തീർന്ന് ഏതാനും വർഷങ്ങൾക്കുശേഷം പത്രോസിനുതന്നെ (കേഫ) സംഭവിച്ചത് എന്താണെന്നു നോക്കുക. ജൂത പശ്ചാത്തലത്തിൽനിന്നുള്ള ചിലരുടെ മുൻവിധി പത്രോസിനെയും സ്വാധീനിച്ചു. അങ്ങനെ പത്രോസ് ജനതകളിൽപ്പെട്ട ക്രിസ്ത്യാനികളിൽനിന്ന് ‘അകലം പാലിക്കുകയും’ ഒടുവിൽ പൗലോസിന് അദ്ദേഹത്തെ തിരുത്തേണ്ടിവരുകയും ചെയ്തു. (ഗലാ. 2:11-14) മുൻവിധിയുടേതായ ഒരു മനോഭാവം നമ്മിൽ വളർന്നുവരാതെ നാം സദാ ജാഗ്രതയുള്ളവരായിരിക്കണം എന്നല്ലേ ഇതു കാണിക്കുന്നത്?
“അനേകം ആളുകൾ വിശ്വാസികളായിത്തീർന്നു” (പ്രവൃ. 11:19-26എ)
19. അന്ത്യോക്യയിലെ ജൂത ക്രിസ്ത്യാനികൾ ആരോടു സാക്ഷീകരിച്ചു, അതിന്റെ ഫലമെന്തായിരുന്നു?
19 യേശുവിന്റെ ഒന്നാം നൂറ്റാണ്ടിലെ അനുഗാമികൾ പരിച്ഛേദനയേൽക്കാത്ത ജനതകളിൽപ്പെട്ടവരോടു പ്രസംഗിക്കാൻ തയ്യാറായോ? സിറിയയിലെ അന്ത്യോക്യയിൽ സംഭവിച്ചത് എന്താണെന്നു നോക്കാം. d വളരെയധികം ജൂതന്മാരുള്ള ഒരു പട്ടണമായിരുന്നു അത്. ജൂതന്മാർക്കും ജനതകളിൽപ്പെട്ടവർക്കും ഇടയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നുമില്ല. ജനതകളിൽപ്പെട്ടവരോടു പ്രസംഗിക്കുന്നതിന് തികച്ചും അനുകൂലമായ ഒരു സ്ഥിതിവിശേഷം! അങ്ങനെ, ജൂത പശ്ചാത്തലത്തിൽനിന്നുള്ള ചില ശിഷ്യന്മാർ ആദ്യമായി “ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരോടു” സന്തോഷവാർത്ത ഘോഷിക്കാൻ തുടങ്ങി. (പ്രവൃ. 11:20) ഗ്രീക്ക് ഭാഷ സംസാരിക്കുന്ന ജൂതന്മാരോടു മാത്രമല്ല, പരിച്ഛേദനയേൽക്കാത്ത ജനതകളിൽപ്പെട്ടവരോടും അവർ സാക്ഷീകരിച്ചു. യഹോവ അവരുടെ വേലയെ അനുഗ്രഹിച്ചു. “അനേകം ആളുകൾ വിശ്വാസികളായിത്തീർന്നു, അവർ കർത്താവിലേക്കു തിരിഞ്ഞു.”—പ്രവൃ. 11:21.
20, 21. ബർന്നബാസ് തന്റെ പരിമിതി തിരിച്ചറിഞ്ഞു പ്രവർത്തിച്ചത് എങ്ങനെ, അദ്ദേഹത്തെ അനുകരിച്ചുകൊണ്ട് ശുശ്രൂഷയിൽ നമുക്ക് എങ്ങനെ എളിമ കാണിക്കാം?
20 അന്ത്യോക്യയിലെ വിളഞ്ഞു പാകമായിരുന്ന ഈ വയലിലേക്ക് യരുശലേമിലെ സഭ ബർന്നബാസിനെ അയച്ചു. എന്നാൽ അവിടെ താത്പര്യക്കാർ ധാരാളം ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിന് ഒറ്റയ്ക്ക് അവരുടെ കാര്യത്തിൽ ശ്രദ്ധിക്കാൻ കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിൽ, ബർന്നബാസിനെ സഹായിക്കാൻ ജനതകളുടെ അപ്പോസ്തലൻ എന്നു പിൽക്കാലത്ത് അറിയപ്പെട്ട ശൗലിനെക്കാൾ അനുയോജ്യനായ മറ്റൊരാൾ ഇല്ലായിരുന്നു എന്നതാണ് വാസ്തവം. (പ്രവൃ. 9:15; റോമ. 1:5) എന്നാൽ ശൗലിനോടുള്ള ബർന്നബാസിന്റെ മനോഭാവം എന്തായിരുന്നു? ശൗൽ തനിക്കൊരു ഭീഷണിയായിത്തീരുമെന്ന് അദ്ദേഹം ചിന്തിച്ചോ? ഒരിക്കലുമില്ല. തന്റെ പരിമിതി തിരിച്ചറിഞ്ഞ ബർന്നബാസ്, തർസൊസിലേക്കു ചെന്ന് ശൗലിനെ തേടിക്കണ്ടുപിടിച്ച് അന്ത്യോക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു. അവർ ഒരുമിച്ച് സഭയോടൊത്തു പ്രവർത്തിക്കുകയും ശിഷ്യന്മാരെ ബലപ്പെടുത്തുകയും ചെയ്തുകൊണ്ട് ഒരു വർഷം മുഴുവൻ അവിടെ ചെലവഴിച്ചു.—പ്രവൃ. 11:22-26എ.
21 ശുശ്രൂഷയിൽ നമുക്ക് എങ്ങനെ എളിമ കാണിക്കാനാകും? നമ്മുടെ പരിമിതികൾ തിരിച്ചറിഞ്ഞ് അത് അംഗീകരിക്കുന്നതാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്. നമ്മുടെ ഓരോരുത്തരുടെയും കഴിവുകളും പ്രാപ്തികളും വ്യത്യസ്തമാണ്. ചിലർ, അനൗപചാരിക സാക്ഷീകരണം നടത്തുന്നതിലും വീടുതോറും പ്രസംഗിക്കുന്നതിലും സമർഥരായിരുന്നേക്കാം; എന്നാൽ മടക്കസന്ദർശനം നടത്തുന്നതിലും ബൈബിൾപഠനം ആരംഭിക്കുന്നതിലും അവർക്ക് ബുദ്ധിമുട്ട് ഉണ്ടായിരിക്കും. ശുശ്രൂഷയുടെ ഏതെങ്കിലും വശത്ത് പുരോഗതിവരുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ മറ്റുള്ളവരുടെ സഹായം തേടരുതോ? അങ്ങനെ ചെയ്യാൻ തയ്യാറാകുന്നെങ്കിൽ ശുശ്രൂഷയിൽ നിങ്ങൾക്ക് കൂടുതൽ ഫലപ്രദരായിത്തീരാനും വർധിച്ച സന്തോഷം കണ്ടെത്താനും കഴിയും.—1 കൊരി. 9:26.
‘സഹായം എത്തിച്ചുകൊടുക്കുന്നു’ (പ്രവൃ. 11:26ബി-30)
22, 23. അന്ത്യോക്യയിലുള്ള ക്രിസ്ത്യാനികൾ സഹോദരസ്നേഹത്തിന്റെ എന്തു മാതൃകവെച്ചു, ഇന്നത്തെ ദൈവദാസരും സമാനമായി എന്തു ചെയ്യാറുണ്ട്?
22 അന്ത്യോക്യയിൽവെച്ചാണ് “ദൈവഹിതമനുസരിച്ച് ശിഷ്യന്മാരെ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിച്ചത്.” (പ്രവൃ. 11:26ബി) ദൈവാംഗീകാരമുള്ള ആ പേര് ക്രിസ്തുവിനെ മാതൃകയാക്കി ജീവിക്കുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമായിരുന്നു. ജനതകളിൽപ്പെട്ടവർ ക്രിസ്ത്യാനികളായിത്തീർന്നപ്പോൾ അവരും ജൂത ക്രിസ്ത്യാനികളും തമ്മിൽ ദൃഢമായ ഒരു സഹോദരബന്ധം നിലവിൽ വന്നു. എ.ഡി. 46-നോടടുത്ത് വലിയൊരു ക്ഷാമം ഉണ്ടായപ്പോൾ സംഭവിച്ചതെന്താണെന്നു നോക്കുക. e അന്നൊക്കെ, പണവും ഭക്ഷണസാധനങ്ങളും മറ്റും കരുതിവെക്കാൻ വകയില്ലാത്ത പാവപ്പെട്ടവരെ ക്ഷാമം അങ്ങേയറ്റം ബാധിച്ചിരുന്നു. യഹൂദ്യയിൽ താമസിച്ചിരുന്ന ജൂത ക്രിസ്ത്യാനികൾ പലരും ദരിദ്രരായിരുന്നു. ആ ക്ഷാമകാലത്ത് ആഹാരവും മറ്റും ഇല്ലാതെ അവർ വലഞ്ഞു. അവരുടെ അവസ്ഥ മനസ്സിലാക്കിയ അന്ത്യോക്യയിലെ സഹോദരങ്ങൾ—അവരിൽ ജനതകളിൽപ്പെട്ട ക്രിസ്ത്യാനികളും ഉൾപ്പെട്ടിരുന്നു—‘യഹൂദ്യയിലുള്ള സഹോദരങ്ങൾക്കു സഹായം എത്തിച്ചുകൊടുത്തു.’ (പ്രവൃ. 11:29) സഹോദരസ്നേഹത്തിന്റെ എത്ര നല്ല മാതൃക!
23 ഇന്നത്തെ ദൈവജനത്തിന്റെ കാര്യത്തിലും അതു സത്യമാണ്. മറ്റൊരു ദേശത്തോ നമ്മുടെ സ്ഥലത്തുതന്നെയോ ഉള്ള സഹോദരങ്ങൾ ഞെരുക്കത്തിലാണെന്ന് അറിയുമ്പോൾ നാം മനസ്സോടെ അവരെ സഹായിക്കാൻ മുന്നോട്ടുവരുന്നു. ചുഴലിക്കൊടുങ്കാറ്റ്, ഭൂകമ്പം, സുനാമി എന്നിവപോലുള്ള പ്രകൃതിദുരന്തങ്ങൾക്ക് ഇരയാകുന്ന സഹോദരങ്ങളെ സഹായിക്കുന്നതിനായി ദുരിതാശ്വാസ കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ട് ബ്രാഞ്ച് കമ്മിറ്റികൾ സത്വര നടപടി സ്വീകരിക്കാറുണ്ട്. ആത്മാർഥമായ സഹോദരസ്നേഹം നമുക്കിടയിൽ ഉണ്ടെന്നല്ലേ അതൊക്കെയും കാണിക്കുന്നത്?—യോഹ. 13:34, 35; 1 യോഹ. 3:17.
24. പത്രോസിനു ലഭിച്ച ദർശനത്തിലൂടെ വെളിപ്പെട്ട സത്യം ഗൗരവമായി എടുക്കുന്നുവെന്ന് നമുക്ക് എങ്ങനെ തെളിയിക്കാം?
24 പത്രോസിന് ഒന്നാം നൂറ്റാണ്ടിൽ ലഭിച്ച ദർശനത്തിലൂടെ വെളിപ്പെട്ട കാര്യം, സത്യക്രിസ്ത്യാനികളായ നാം ഗൗരവത്തോടെ എടുക്കുന്നു. നാം ആരാധിക്കുന്നത് പക്ഷപാതമില്ലാത്ത ദൈവത്തെയാണ്. ദൈവരാജ്യത്തെക്കുറിച്ചു നാം സമഗ്രമായി അറിയിക്കണമെന്നതാണ് യഹോവയുടെ ഇഷ്ടം. വർഗമോ ദേശമോ സാമൂഹികനിലയോ ഒന്നും കണക്കിലെടുക്കാതെ എല്ലാവരോടും സന്തോഷവാർത്ത പ്രസംഗിക്കുന്നത് അതിൽ ഉൾപ്പെട്ടിരിക്കുന്നു. സന്തോഷവാർത്ത കേൾക്കാൻ മനസ്സൊരുക്കമുള്ള ഏതൊരാൾക്കും അതിനുള്ള അവസരം നൽകുകയും അങ്ങനെ ദൈവരാജ്യത്തിന് അനുകൂലമായി ഒരു നിലപാടെടുക്കാൻ അവരെ സഹായിക്കുകയും ചെയ്യുക എന്നതായിരിക്കട്ടെ നമ്മുടെ ദൃഢതീരുമാനം.—റോമ. 10:11-13.
a തോൽപ്പണിക്കാരെ ചില ജൂതന്മാർ തരംതാഴ്ന്നവരായിട്ടാണു കണക്കാക്കിയിരുന്നത്; കാരണം, ജോലിയോടു ബന്ധപ്പെട്ട് അവർക്ക് മൃഗങ്ങളുടെ ജഡവും അതുപോലെ അവയുടെ തോലിൽനിന്നു രോമം നീക്കംചെയ്യുന്നതിനായി നായ്ക്കളുടെ കാഷ്ഠവും മറ്റും കൈകാര്യം ചെയ്യേണ്ടിയിരുന്നു. അശുദ്ധരായി കണക്കാക്കപ്പെട്ടിരുന്നതിനാൽ തോൽപ്പണിക്കാർക്ക് ആലയത്തിൽ പ്രവേശനമുണ്ടായിരുന്നില്ല. അവരുടെ പണിസ്ഥലം പട്ടണത്തിൽനിന്ന് കുറഞ്ഞത് 50 മുഴം (ഏകദേശം 70 അടിയിലേറെ) അകലെ ആയിരിക്കണമായിരുന്നു. ശിമോന്റെ വീട് “കടൽത്തീരത്ത്” ആയിരുന്നതിന്റെ കാരണം ഒരുപക്ഷേ അതായിരിക്കാം.—പ്രവൃ. 10:6.
b “ കൊർന്നേല്യൊസും റോമൻ സൈന്യവും” എന്ന ചതുരം കാണുക.
c 2006 നവംബർ 1 ലക്കത്തിന്റെ 4 മുതൽ 7 വരെയുള്ള പേജുകളിലെ, “കുട്ടികളെ വളർത്തൽ—ആശ്രയയോഗ്യമായ മാർഗനിർദേശം” എന്ന ലേഖനം.
d “ സിറിയയിലെ അന്ത്യോക്യ” എന്ന ചതുരം കാണുക.
e ക്ലൗദ്യൊസ് ചക്രവർത്തിയുടെ ഭരണകാലത്തുണ്ടായ (എ.ഡി. 41-54) ഈ “ക്ഷാമ”ത്തെക്കുറിച്ച് ജൂത ചരിത്രകാരനായ ജോസീഫസ് പരാമർശിക്കുന്നുണ്ട്.