അധ്യായം 10
“യഹോവയുടെ വചനം കൂടുതൽ സ്ഥലങ്ങളിലേക്കു പ്രചരിച്ചു”
പത്രോസ് മോചിതനാകുന്നു, സന്തോഷവാർത്തയുടെ വ്യാപനത്തിനു തടയിടാൻ ഉപദ്രവത്തിനു കഴിയുന്നില്ല
ആധാരം: പ്രവൃത്തികൾ 12:1-25
1-4. പത്രോസ് വിഷമകരമായ ഏതു സാഹചര്യത്തെ നേരിടുന്നു, പത്രോസിന്റെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ നിങ്ങൾക്ക് എന്തു തോന്നുമായിരുന്നു?
പത്രോസ് അകത്തേക്കു കടക്കുന്ന ഉടൻ കാതടപ്പിക്കുന്ന ശബ്ദത്തോടെ കാരാഗൃഹത്തിന്റെ കൂറ്റൻ കവാടം അടയുന്നു. വിലങ്ങുവെച്ച്, രണ്ടു ഭടന്മാരോടു ബന്ധിച്ച് പത്രോസിനെ തടവറയിലേക്കു കൊണ്ടുപോകുകയാണ്. അവിടെ പത്രോസ് തനിക്ക് എന്താണു സംഭവിക്കാൻ പോകുന്നതെന്നോർത്ത് മണിക്കൂറുകളോളം ഒരുപക്ഷേ, ദിവസങ്ങളോളംപോലും കഴിച്ചുകൂട്ടുന്നു. ചുവരുകളും അഴികളും ചങ്ങലകളും കാവൽഭടന്മാരും അല്ലാതെ മറ്റൊന്നും കാണാനില്ല.
2 ഒടുവിൽ ആ വാർത്ത എത്തി: ഹെരോദ് അഗ്രിപ്പ ഒന്നാമൻ രാജാവ് പത്രോസിനെ വധിക്കാൻ തീരുമാനിച്ചിരിക്കുന്നു. a അതു വെറുതെയുള്ള ഒരു ഭീഷണിയായിരുന്നില്ല; കാരണം, ഈ രാജാവുതന്നെയാണ് അടുത്തയിടെ പത്രോസിന്റെ ഒരു സഹ അപ്പോസ്തലനായിരുന്ന യാക്കോബിനെ കൊന്നുകളഞ്ഞത്. പെസഹയ്ക്കുശേഷം പത്രോസിനെ ജനത്തിന്റെ മുമ്പാകെ കൊണ്ടുവരാനാണ് അയാൾ ഉദ്ദേശിച്ചിരിക്കുന്നത്. പത്രോസിന്റെ വധശിക്ഷ തനിക്ക് ജനപിന്തുണ നേടിയെടുക്കാനുള്ള ഒരു മാർഗമായി അയാൾ കരുതുന്നു.
3 വധശിക്ഷ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നതിന്റെ തലേ രാത്രി. ആ തടവറയുടെ ഇരുളിലിരുന്ന് പത്രോസ് ഇപ്പോൾ എന്തായിരിക്കും ആലോചിക്കുന്നത്? വർഷങ്ങൾക്കുമുമ്പ് യേശു തന്നോടു പറഞ്ഞ ആ വാക്കുകളെക്കുറിച്ച് പത്രോസ് ചിന്തിക്കുകയായിരിക്കുമോ, അതായത്, ഒരുനാൾ പത്രോസിനെ ബന്ധിച്ച് പത്രോസിന് ഇഷ്ടമില്ലാത്തിടത്തേക്ക്—മരണത്തിലേക്ക്—കൊണ്ടുപോകുമെന്നു പറഞ്ഞത്? (യോഹ. 21:18, 19) ആ സമയം വന്നെത്തിയെന്ന് ഒരുപക്ഷേ, പത്രോസ് ചിന്തിക്കുന്നുണ്ടായിരിക്കും.
4 അത്തരമൊരു സാഹചര്യത്തിലായിരുന്നെങ്കിൽ നിങ്ങൾക്ക് എന്തു തോന്നുമായിരുന്നു? പ്രത്യാശയ്ക്കു വകയില്ലെന്നു കരുതി നിങ്ങൾ തളർന്നുപോകുമായിരുന്നോ? യേശുക്രിസ്തുവിന്റെ ഒരു യഥാർഥ അനുഗാമിയെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും ഒരു സാഹചര്യം ആശയറ്റതാണോ? പത്രോസും സഹക്രിസ്ത്യാനികളും അവർക്കുണ്ടായ ഉപദ്രവത്തോടു പ്രതികരിച്ച വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും? നമുക്കു നോക്കാം.
“ദൈവത്തോട് ഉള്ളുരുകി പ്രാർഥിച്ചുകൊണ്ടിരുന്നു” (പ്രവൃ. 12:1-5)
5, 6. (എ) ഹെരോദ് രാജാവ് ക്രിസ്തീയ സഭയെ ഉപദ്രവിച്ചത് എന്തുകൊണ്ട്, എങ്ങനെ? (ബി) യാക്കോബിന്റെ മരണം സഭയ്ക്ക് ഒരു പരിശോധനയായിത്തീർന്നത് എങ്ങനെ?
5 ജനതകളിൽപ്പെട്ട കൊർന്നേല്യൊസിന്റെയും കുടുംബത്തിന്റെയും പരിവർത്തനം ക്രിസ്തീയ സഭയുടെ ചരിത്രത്തിലെ ഒരു നിർണായക സംഭവമായിരുന്നുവെന്ന് മുൻ അധ്യായത്തിൽ നാം കണ്ടല്ലോ. ജൂത പശ്ചാത്തലത്തിൽനിന്ന് ക്രിസ്ത്യാനികളായിത്തീർന്ന പലരും ഇപ്പോൾ ജനതകളിൽപ്പെട്ടവരോടൊപ്പം ദൈവത്തെ ആരാധിക്കുന്നുവെന്ന വസ്തുത പല ജൂതന്മാരെയും ഞെട്ടിച്ചിരിക്കണം.
6 ഈ അവസരം മുതലെടുത്തുകൊണ്ട് കുശാഗ്രബുദ്ധിയായ ഹെരോദ് ജൂതന്മാരുടെ പ്രീതിപിടിച്ചുപറ്റാൻ ശ്രമിക്കുന്നു: ക്രിസ്ത്യാനികളെ ഉപദ്രവിക്കുക എന്നതാണ് അയാൾ അതിനു കണ്ടെത്തിയ മാർഗം. യേശുക്രിസ്തുവിന്റെ ഏറ്റവും അടുത്ത ഒരു സഹകാരിയായിരുന്നു അപ്പോസ്തലനായ യാക്കോബ് എന്ന വസ്തുത അയാൾ മനസ്സിലാക്കി. അതുകൊണ്ട് ഹെരോദ് “യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളുകൊണ്ട് കൊന്നു.” (പ്രവൃ. 12:2) ക്രിസ്തീയ സഭയ്ക്കു നേരിട്ട എത്ര വലിയൊരു പരിശോധന! യേശുവിന്റെ രൂപാന്തരീകരണവും മറ്റ് അപ്പോസ്തലന്മാർ കണ്ടിട്ടില്ലാത്ത ചില അത്ഭുതങ്ങളും നേരിൽക്കണ്ട മൂന്നു പേരിൽ ഒരാളായിരുന്നു യാക്കോബ്. (മത്താ. 17:1, 2; മർക്കോ. 5:37-42) യാക്കോബിന്റെയും അദ്ദേഹത്തിന്റെ സഹോദരനായ യോഹന്നാന്റെയും ജ്വലിക്കുന്ന തീക്ഷ്ണതനിമിത്തം യേശു അവരെ “ഇടിമുഴക്കത്തിന്റെ മക്കൾ” എന്നു വിളിച്ചിരുന്നു. (മർക്കോ. 3:17) യാക്കോബിന്റെ മരണത്തോടെ ധീരനും വിശ്വസ്തനും ആയ ഒരു സാക്ഷിയെ, പ്രിയങ്കരനായ ഒരു അപ്പോസ്തലനെ ആണ് സഭയ്ക്കു നഷ്ടമായത്.
7, 8. പത്രോസ് തടവിലായപ്പോൾ സഹവിശ്വാസികൾ എന്തു ചെയ്തു?
7 അഗ്രിപ്പ രാജാവ് പ്രതീക്ഷിച്ചതുപോലെതന്നെ യാക്കോബിന്റെ വധം ജൂതന്മാരെ സന്തോഷിപ്പിച്ചു. അതുകൊണ്ട് അയാൾ അടുത്തതായി പത്രോസിനെ നോട്ടമിട്ടു. ഈ അധ്യായത്തിന്റെ തുടക്കത്തിൽ കണ്ടതുപോലെ, അയാൾ പത്രോസിനെ തടവിലാക്കി. എന്നാൽ ഈ പുസ്തകത്തിന്റെ 5-ാം അധ്യായത്തിൽ വിവരിച്ച സംഭവം, അതായത് അപ്പോസ്തലന്മാർ മുമ്പ് തടവിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുള്ള കാര്യം അയാളുടെ മനസ്സിലുണ്ടായിരുന്നിരിക്കണം. അതുകൊണ്ട് പത്രോസിന്റെ കാര്യത്തിൽ അങ്ങനെ സംഭവിക്കാതിരിക്കാൻ ഹെരോദ് എല്ലാ മുൻകരുതലുകളും സ്വീകരിച്ചു. പത്രോസിനെ വിലങ്ങുവെച്ച് ഇരുവശത്തും ഓരോ ഭടനുമായി ബന്ധിച്ചു. രാവുംപകലും ഊഴമനുസരിച്ചു കാവൽനിൽക്കുന്നതിനായി മൊത്തം 16 ഭടന്മാരെ അയാൾ നിയോഗിച്ചു. ഏതെങ്കിലും കാരണവശാൽ പത്രോസ് രക്ഷപ്പെടുന്നെങ്കിൽ, പത്രോസിനു ലഭിക്കാനിരുന്ന ശിക്ഷ ആ കാവൽക്കാർക്കു ലഭിക്കുമായിരുന്നു. ഈ വിഷമഘട്ടത്തിൽ പത്രോസിന്റെ സഹക്രിസ്ത്യാനികൾക്ക് എന്തു ചെയ്യാനാകുമായിരുന്നു?
8 എന്താണു ചെയ്യേണ്ടതെന്ന് അവർക്കു നല്ല നിശ്ചയമുണ്ടായിരുന്നു. പ്രവൃത്തികൾ 12:5-ൽ നാം ഇങ്ങനെ വായിക്കുന്നു: “അങ്ങനെ പത്രോസ് ജയിലിൽ കഴിഞ്ഞു. എന്നാൽ സഭ ഒന്നടങ്കം പത്രോസിനുവേണ്ടി ദൈവത്തോട് ഉള്ളുരുകി പ്രാർഥിച്ചുകൊണ്ടിരുന്നു.” അതെ, തങ്ങളുടെ പ്രിയ സഹോദരനുവേണ്ടി അവർ മുട്ടിപ്പായി, ഹൃദയംഗമമായി യാചനകഴിച്ചു. യാക്കോബിന്റെ മരണം അവരെ നിരാശയിലാഴ്ത്തിയില്ല; പ്രാർഥിച്ചിട്ട് കാര്യമില്ലെന്നും അവർ വിചാരിച്ചില്ല. തന്റെ ദാസന്മാരുടെ പ്രാർഥനകൾ യഹോവ അത്യന്തം വിലമതിക്കുന്നു; അത് യഹോവയുടെ ഹിതത്തിനു ചേർച്ചയിലുള്ളതാണെങ്കിൽ യഹോവ തീർച്ചയായും ഉത്തരമരുളും. (എബ്രാ. 13:18, 19; യാക്കോ. 5:16) ക്രിസ്ത്യാനികളെന്നനിലയിൽ നമുക്കു മനസ്സിൽപ്പിടിക്കാവുന്ന ഒരു സുപ്രധാന പാഠമാണിത്.
9. പ്രാർഥനയെക്കുറിച്ച് പത്രോസിന്റെ സഹവിശ്വാസികളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
9 സഹവിശ്വാസികളിൽ ആരെങ്കിലും കഠിന പരിശോധനകളെ നേരിടുന്നതായി നിങ്ങൾക്കറിയാമോ? ഉപദ്രവമോ നിരോധനമോ പ്രകൃതിദുരന്തങ്ങളോ മൂലം കഷ്ടത്തിലായിരിക്കാം അവർ. അവർക്കുവേണ്ടി നിങ്ങൾക്ക് ഹൃദയംഗമമായി പ്രാർഥിക്കരുതോ? ഇനി, കുടുംബപ്രശ്നങ്ങളോ നിരുത്സാഹമോ വിശ്വാസത്തിന്റെ ഏതെങ്കിലും പരിശോധനയോ പോലെ അധികം ശ്രദ്ധിക്കപ്പെടാത്ത പ്രശ്നങ്ങൾ നേരിടുന്നവരെയും നിങ്ങൾക്ക് അറിയാമായിരിക്കും. പ്രാർഥനയ്ക്കുമുമ്പ് അൽപ്പം സമയമെടുത്ത് ഒന്നു ചിന്തിക്കുന്നെങ്കിൽ, പ്രാർഥനയിൽ പേരെടുത്തുപറയാനാകുന്ന പലരെയും നമുക്ക് ഓർക്കാനായേക്കും. പ്രയാസപൂർണമായ സാഹചര്യങ്ങളിലൂടെ നിങ്ങൾ കടന്നുപോകുമ്പോൾ സഹവിശ്വാസികൾ നിങ്ങൾക്കുവേണ്ടി പ്രാർഥിക്കാൻ നിങ്ങൾ പ്രതീക്ഷിക്കില്ലേ? അതുതന്നെ നിങ്ങൾ അവർക്കുവേണ്ടിയും ചെയ്യുക. അത്തരം പ്രാർഥനകൾ യഹോവ കേൾക്കും എന്നതിനു സംശയമില്ല.—സങ്കീ. 65:2.
“എന്റെ പിന്നാലെ വരുക” (പ്രവൃ. 12:6-11)
10, 11. യഹോവയുടെ ദൂതൻ പത്രോസിനെ തടവിൽനിന്നു മോചിപ്പിച്ചത് എങ്ങനെയെന്ന് വിവരിക്കുക.
10 തനിക്കു സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചോർത്ത് പത്രോസ് ഉത്കണ്ഠപ്പെട്ടോ? അതു നമുക്കറിയില്ല. എന്നാൽ തടവറയിലെ ആ അവസാന രാത്രിയിൽ, ജാഗ്രതയോടെ കാവൽനിന്നിരുന്ന രണ്ടു ഭടന്മാർക്കു നടുവിൽ കിടന്ന് പത്രോസ് സുഖമായി ഉറങ്ങുകയായിരുന്നുവെന്ന് ബൈബിൾ പറയുന്നു. പിറ്റേന്ന് എന്തുതന്നെ സംഭവിച്ചാലും യഹോവയുടെ കരങ്ങളിൽ താൻ സുരക്ഷിതനായിരിക്കുമെന്ന് വിശ്വസ്തനായ ആ ദൈവദാസന് ഉറപ്പുണ്ടായിരുന്നു. (റോമ. 14:7, 8) എന്നാൽ യഥാർഥത്തിൽ സംഭവിക്കാനിരുന്ന അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് പത്രോസിന് ഒരു ഊഹവുമില്ലായിരുന്നു. പെട്ടെന്ന് അതാ, ഒരു ഉജ്ജ്വല വെളിച്ചം ആ തടവറയെ പ്രകാശമാനമാക്കുന്നു! ഒരു ദൈവദൂതൻ അവിടെ പ്രത്യക്ഷപ്പെട്ട് പത്രോസിനെ തട്ടിയുണർത്തി. കാവൽക്കാർക്ക് പക്ഷേ, ആ ദൂതനെ കാണാനായില്ല. പത്രോസിനെ ബന്ധിച്ചിരുന്ന, ഒരുതരത്തിലും പൊട്ടിച്ചെറിയാനാവില്ലെന്നു തോന്നിച്ച ആ ചങ്ങലകൾ താനേ അഴിഞ്ഞുവീണു!
11 ആ ദൈവദൂതൻ പത്രോസിന് ഒന്നിനു പുറകേ ഒന്നായി ചില നിർദേശങ്ങൾ നൽകി: ‘വേഗം എഴുന്നേൽക്ക്, വസ്ത്രം ധരിക്കൂ, ചെരിപ്പ് ഇടൂ, പുറങ്കുപ്പായം ധരിക്കൂ.’ പത്രോസ് അതൊക്കെയും അനുസരിച്ചു. ഒടുവിൽ ദൂതൻ പറഞ്ഞു: “എന്റെ പിന്നാലെ വരുക.” പത്രോസ് അങ്ങനെതന്നെ ചെയ്തു. തടവറയിൽനിന്നു പുറത്തുകടന്ന അവർ ശബ്ദമുണ്ടാക്കാതെ വെളിയിൽ കാവൽനിന്നിരുന്ന ഭടന്മാരെയും കടന്ന് ആ കൂറ്റൻ ഇരുമ്പു കവാടം ലക്ഷ്യമാക്കി നീങ്ങി. എങ്ങനെ അതുവഴി പുറത്തുകടക്കും എന്നൊരു സംശയം പത്രോസിന്റെ മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ അതു പെട്ടെന്നുതന്നെ മാറുമായിരുന്നു. അവർ കവാടത്തിങ്കൽ എത്തിയ ഉടനെ “അതു തനിയെ തുറന്നു!” എന്താണു സംഭവിക്കുന്നതെന്ന് പത്രോസ് തിരിച്ചറിഞ്ഞപ്പോഴേക്കും അവർ ആ കവാടം കടന്ന് തെരുവിൽ എത്തിയിരുന്നു. ഉടനടി ആ ദൂതൻ അപ്രത്യക്ഷനാകുകയും ചെയ്തു. ഇതൊന്നും ഒരു ദർശനമല്ല, യാഥാർഥ്യമാണെന്ന് പത്രോസിനു ബോധ്യമായി. അതെ, പത്രോസ് സ്വതന്ത്രനാക്കപ്പെട്ടിരിക്കുന്നു!—പ്രവൃ. 12:7-11.
12. യഹോവ പത്രോസിനെ രക്ഷിച്ചതിനെക്കുറിച്ച് ധ്യാനിക്കുന്നത് നമുക്ക് എങ്ങനെ ആശ്വാസദായകമായിരുന്നേക്കാം?
12 തന്റെ ദാസന്മാരെ രക്ഷിക്കാൻ യഹോവയ്ക്ക് അതിരറ്റ ശക്തിയുണ്ടെന്നറിയുന്നത് എത്ര ആശ്വാസദായകമാണ്, അല്ലേ? ലോകം കണ്ടിട്ടുള്ളതിലേക്കും ശക്തമായ ഭരണകൂടത്തിന്റെ പിന്തുണയുണ്ടായിരുന്ന ഒരു രാജാവാണ് പത്രോസിനെ തടവിലാക്കിയത്. എന്നിട്ടും, പത്രോസ് നിഷ്പ്രയാസം ആ തടവറയിൽനിന്നു പുറത്തുവന്നു! യഹോവ തന്റെ ദാസന്മാർക്കായി എല്ലായ്പോഴും ഇത്തരത്തിൽ അത്ഭുതം പ്രവർത്തിച്ചെന്നുവരില്ല. ഉദാഹരണത്തിന് യാക്കോബിന്റെ കാര്യത്തിൽ യഹോവ അങ്ങനെ ചെയ്തില്ല; അതുപോലെ പത്രോസിനുവേണ്ടിയും പിന്നീട് യഹോവ അത്തരത്തിൽ പ്രവർത്തിച്ചില്ല, അതായത് പത്രോസിനെക്കുറിച്ച് യേശു പറഞ്ഞ വാക്കുകൾ നിവൃത്തിയേറിയ ആ സമയത്ത്. ക്രിസ്ത്യാനികളായ നാം ഇന്ന് അത്ഭുതകരമായ വിടുതൽ പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും യഹോവ മാറ്റമില്ലാത്തവനാണെന്ന വസ്തുത നാം മനസ്സിൽപ്പിടിക്കുന്നു. (മലാ. 3:6) പെട്ടെന്നുതന്നെ യഹോവ തന്റെ പുത്രൻമുഖാന്തരം കോടിക്കണക്കിന് ആളുകളെ, മരണമാകുന്ന തടവറയിൽനിന്നുപോലും വിടുവിക്കും. (യോഹ. 5:28, 29) ഇന്നു പരിശോധനകൾ ഉണ്ടാകുമ്പോൾ അത്തരം വാഗ്ദാനങ്ങളിൽനിന്ന് നമുക്ക് ഏറെ ധൈര്യം ആർജിക്കാനാകും.
“അവർ . . . പത്രോസിനെ കണ്ട് അത്ഭുതപ്പെട്ടുപോയി” (പ്രവൃ. 12:12-17)
13-15. (എ) പത്രോസ് എത്തിയപ്പോൾ മറിയയുടെ വീട്ടിൽ കൂടിയിരുന്നവരുടെ പ്രതികരണം എന്തായിരുന്നു? (ബി) പ്രവൃത്തികളുടെ പുസ്തകത്തിലെ തുടർന്നുള്ള വിവരണങ്ങൾ ആരെക്കുറിച്ചുള്ളതാണ്, എന്നാൽ പത്രോസ് തുടർന്നും തന്റെ സഹവിശ്വാസികൾക്കുവേണ്ടി എന്തു ചെയ്തു?
13 രാത്രിയിൽ ഇനി എങ്ങോട്ടു പോകണമെന്ന് ആലോചിച്ച് പത്രോസ് ഒരു നിമിഷം അവിടെ നിന്നു. പെട്ടെന്നാണ് തൊട്ടടുത്തുതന്നെ താമസിക്കുന്ന മറിയ എന്ന ക്രിസ്തീയ സഹോദരിയുടെ കാര്യം പത്രോസിന് ഓർമവന്നത്. സാധ്യതയനുസരിച്ച് ഒരു വിധവയായിരുന്ന മറിയ സാമാന്യം സാമ്പത്തികശേഷിയുള്ളവളായിരുന്നു; കാരണം, സഭായോഗം നടത്താൻമാത്രം വലുപ്പമുള്ള ഒരു വീട് മറിയയ്ക്ക് സ്വന്തമായി ഉണ്ടായിരുന്നു. മറിയയുടെ മകനാണ് യോഹന്നാൻ മർക്കോസ്. പ്രവൃത്തികളുടെ പുസ്തകത്തിൽ ഈ ഭാഗത്താണ് ആദ്യമായി മർക്കോസിനെക്കുറിച്ച് പരാമർശിക്കുന്നത്. മർക്കോസ് പിന്നീട് പത്രോസിന് സ്വന്തം മകനെപ്പോലെയായിത്തീർന്നു. (1 പത്രോ. 5:13) രാത്രി ഏറെ വൈകിയിട്ടും ആ സഭയിലുള്ള പലരും മറിയയുടെ വീട്ടിൽ ഒരുമിച്ചുകൂടി പ്രാർഥിക്കുകയായിരുന്നു. പത്രോസിന്റെ മോചനത്തിനുവേണ്ടിയാണ് അവർ പ്രാർഥിച്ചിരുന്നത് എന്നതിനു സംശയമില്ല. എന്നാൽ യഹോവ ഇത്തരത്തിൽ പ്രാർഥനയ്ക്ക് ഉത്തരമേകുമെന്ന് അവർ തീരെ പ്രതീക്ഷിച്ചില്ല!
14 പത്രോസ് മറിയയുടെ വീടിന്റെ പടിപ്പുരവാതിലിൽ മുട്ടിവിളിച്ചു. അപ്പോൾ രോദ (സർവസാധാരണമായ ഈ ഗ്രീക്ക് പേരിന്റെ അർഥം “റോസാപ്പൂവ്” എന്നാണ്.) എന്ന ദാസിപ്പെൺകുട്ടി അതാരാണെന്ന് അറിയാനായി അങ്ങോട്ടു ചെന്നു. പത്രോസിന്റെ ശബ്ദം! രോദയ്ക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല. എന്നാൽ വാതിൽ തുറന്നുകൊടുക്കുന്നതിനു പകരം സന്തോഷത്താൽ മതിമറന്ന് അകത്തേക്ക് ഓടിപ്പോയ രോദ പത്രോസ് വന്നിരിക്കുന്ന കാര്യം അവിടെ കൂടിയിരുന്നവരെ അറിയിച്ചു. അതു വിശ്വസിക്കാൻ കൂട്ടാക്കാതിരുന്ന അവർ രോദയ്ക്കു വട്ടാണെന്ന് പറഞ്ഞു. എന്നാൽ രോദ താൻ പറഞ്ഞത് വാസ്തവമാണെന്ന് തറപ്പിച്ചുപറഞ്ഞുകൊണ്ടിരുന്നു. അങ്ങനെയെങ്കിൽ, അത് ഒരുപക്ഷേ പത്രോസിന്റെ പ്രതിനിധിയായി വന്ന ദൈവദൂതനായിരിക്കുമെന്ന് അവരിൽ ചിലർ അഭിപ്രായപ്പെട്ടു. (പ്രവൃ. 12:12-15) ആ സമയമത്രയും പത്രോസ് വാതിൽക്കൽ മുട്ടിക്കൊണ്ടിരിക്കുകയായിരുന്നു. ഒടുവിൽ അവർ ചെന്ന് വാതിൽ തുറന്നു.
15 വാതിൽക്കൽ പത്രോസ് നിൽക്കുന്നതു ‘കണ്ട് അവർ അത്ഭുതപ്പെട്ടുപോയി.’ (പ്രവൃ. 12:16) അവർക്കു സന്തോഷമടക്കാനായില്ല. പത്രോസ് അവരോട് നിശ്ശബ്ദരായിരിക്കാൻ ആംഗ്യം കാണിച്ചശേഷം, തടവിൽനിന്ന് യഹോവ തന്നെ പുറത്തുകൊണ്ടുവന്നത് എങ്ങനെയെന്ന് വിവരിച്ചു. ഈ കാര്യങ്ങൾ ശിഷ്യനായ യാക്കോബിനെയും മറ്റു സഹോദരന്മാരെയും അറിയിക്കാനും പത്രോസ് അവരോടു പറഞ്ഞു. എന്നിട്ട്, ഹെരോദിന്റെ ഭടന്മാർ തേടിയെത്തുന്നതിനുമുമ്പ് പത്രോസ് അവിടം വിട്ട് പോയി. കുറെക്കൂടി സുരക്ഷിതമായ ഒരിടത്ത് പത്രോസ് വിശ്വസ്തതയോടെ തന്റെ സേവനം തുടർന്നു. പ്രവൃത്തികളുടെ പുസ്തകം 15-ാം അധ്യായത്തിൽ, പരിച്ഛേദനയോടു ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിനെക്കുറിച്ചു വിവരിക്കുന്ന സന്ദർഭത്തിൽമാത്രമേ വീണ്ടും പത്രോസിനെക്കുറിച്ചുള്ള പരാമർശം കാണുന്നുള്ളൂ. പ്രവൃത്തികളുടെ പുസ്തകത്തിലെ തുടർന്നുള്ള വിവരണങ്ങൾ പൗലോസ് അപ്പോസ്തലന്റെ പ്രവർത്തനങ്ങളെയും പര്യടനങ്ങളെയും കേന്ദ്രീകരിച്ചുള്ളതാണ്. എന്നാൽ പത്രോസ് താൻ പോയിടത്തെല്ലാം സഹോദരങ്ങളെ വിശ്വാസത്തിൽ ബലപ്പെടുത്തിയെന്ന കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം. മറിയയുടെ വീട്ടിൽ കൂടിയിരുന്നവരെ വിട്ട് പത്രോസ് പോകുമ്പോഴേക്കും അവർ സന്തോഷചിത്തരായിരുന്നു.
16. സന്തോഷിക്കുന്നതിനുള്ള അനേകം അവസരങ്ങൾ ഭാവിയിൽ ലഭിക്കുമെന്ന കാര്യത്തിൽ നമുക്ക് എങ്ങനെ ഉറപ്പുള്ളവരായിരിക്കാം?
16 ചിലപ്പോൾ യഹോവ തന്റെ ദാസന്മാർക്ക് അവർ ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിൽ അനുഗ്രഹങ്ങൾ ചൊരിഞ്ഞുകൊണ്ട് സന്തോഷത്തിനുള്ള കാരണങ്ങൾ നൽകാറുണ്ട്. പത്രോസിന്റെ സഹവിശ്വാസികൾക്ക് ആ രാത്രിയിൽ ഉണ്ടായത് അത്തരത്തിലുള്ള ഒരനുഭവമാണ്. യഹോവയിൽനിന്ന് സമൃദ്ധമായ അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ ഇന്ന് നമുക്കും ചിലപ്പോൾ അങ്ങനെ തോന്നിയേക്കാം. (സുഭാ. 10:22) യഹോവയുടെ എല്ലാ വാഗ്ദാനങ്ങളും ഭൂവ്യാപകമായി നിവൃത്തിയേറുന്നത് ഭാവിയിൽ നാം കാണാൻ പോകുകയാണ്. നമുക്കിന്ന് ഭാവനയിൽ കാണാനാകുന്നതിനെക്കാൾ മഹത്തായ അനുഗ്രഹങ്ങളായിരിക്കും അവ. അതുകൊണ്ട് വിശ്വസ്തരായി തുടരുന്നെങ്കിൽ അത്തരം അനേകം അനുഗ്രഹങ്ങൾ നമുക്ക് തീർച്ചയായും ആസ്വദിക്കാനാകും.
“യഹോവയുടെ ദൂതൻ അയാളെ പ്രഹരിച്ചു” (പ്രവൃ. 12:18-25)
17, 18. ജനം ഹെരോദിനു സ്തുതിപാടുന്നതിലേക്കു നയിച്ചത് എന്ത്?
17 പത്രോസ് രക്ഷപ്പെട്ടത് ഹെരോദിന് ഒട്ടും വിശ്വസിക്കാനായില്ല. അയാൾ പെട്ടെന്നുതന്നെ സമഗ്രമായ ഒരു അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് അയാൾ പത്രോസിന്റെ കാവൽക്കാരെ വിസ്തരിച്ച് “അവരെ ശിക്ഷിക്കാൻ ഉത്തരവിട്ടു.” വധശിക്ഷയായിരിക്കണം ഹെരോദ് അവർക്കു നൽകിയത്. (പ്രവൃ. 12:19) ഹെരോദ് അൽപ്പംപോലും കരുണയും ദയയും ഇല്ലാത്തവനായിരുന്നു. ക്രൂരനായ ഈ മനുഷ്യൻ എന്നെങ്കിലും ശിക്ഷിക്കപ്പെടുമായിരുന്നോ?
18 പത്രോസിനെ വധിക്കാൻ കഴിയാതെ പോയതിൽ അഗ്രിപ്പയ്ക്ക് അങ്ങേയറ്റം നാണക്കേടു തോന്നിയിരിക്കണം. എന്നാൽ അഹങ്കാരിയായ ആ ഭരണാധികാരിക്ക് തന്റെ മുഖംരക്ഷിക്കാൻ പെട്ടെന്നുതന്നെ ഒരവസരം വീണുകിട്ടി. അയാളുടെ ശത്രുക്കൾ ഒരു സമാധാനസന്ധിക്കായി അയാളോട് അപേക്ഷിച്ചു. അങ്ങനെ, വലിയൊരു ജനക്കൂട്ടത്തോടു സംസാരിക്കാൻ ഹെരോദിന് അവസരം ലഭിച്ചു. അത് അയാളെ അങ്ങേയറ്റം ആവേശഭരിതനാക്കിയിരിക്കണം. ഹെരോദ് “രാജകീയവസ്ത്രം ധരിച്ച് ന്യായാസനത്തിൽ ഉപവിഷ്ടനായി” എന്ന് ലൂക്കോസ് രേഖപ്പെടുത്തുന്നു. അയാളുടെ വസ്ത്രം വെള്ളികൊണ്ടുള്ളതായിരുന്നുവെന്നും അതിന്മേൽ പ്രകാശം വീണപ്പോൾ ഹെരോദ് മഹത്ത്വം അണിഞ്ഞവനെപ്പോലെ കാണപ്പെട്ടുവെന്നും ജൂത ചരിത്രകാരനായ ജോസീഫസ് പറയുന്നു. അഹങ്കാരിയായ ആ ഭരണാധികാരി തുടർന്ന് ഒരു പ്രസംഗം നടത്തി. ഹെരോദിന്റെ പ്രീതിനേടാൻ ആഗ്രഹിച്ച ആ ജനക്കൂട്ടം അപ്പോൾ, “ഇതു മനുഷ്യന്റെ ശബ്ദമല്ല, ഒരു ദൈവത്തിന്റെ ശബ്ദമാണ്” എന്ന് ആർത്തുവിളിച്ചു.—പ്രവൃ. 12:20-22.
19, 20. (എ) ഹെരോദിനെ യഹോവ ശിക്ഷിച്ചത് എന്തുകൊണ്ട്? (ബി) ഹെരോദിനു സംഭവിച്ചതിനെക്കുറിച്ചുള്ള വിവരണം നമുക്ക് ആശ്വാസം പകരുന്നത് എങ്ങനെ?
19 എന്നാൽ അത്തരം സ്തുതി ദൈവത്തിനുമാത്രം അർഹതപ്പെട്ടതാണ്. അവിടെ നടന്നതൊക്കെയും ദൈവം നിരീക്ഷിക്കുന്നുണ്ടായിരുന്നു! ഹെരോദിനു വേണമെങ്കിൽ ആ ജനത്തെ ശാസിക്കുകയോ അവർ പറഞ്ഞതിനോടു വിയോജിപ്പു പ്രകടമാക്കുകയോ ചെയ്തുകൊണ്ട് ഒരു ദുരന്തം ഒഴിവാക്കാമായിരുന്നു. എന്നാൽ “തകർച്ചയ്ക്കു മുമ്പ് അഹങ്കാരം” എന്ന ജ്ഞാനമൊഴി ഹെരോദിന്റെ കാര്യത്തിൽ സത്യമായി ഭവിച്ചു. (സുഭാ. 16:18) ജനം ആർത്തുവിളിക്കുമ്പോൾത്തന്നെ “യഹോവയുടെ ദൂതൻ അയാളെ പ്രഹരിച്ചു.” അങ്ങനെ അഹംഭാവിയും പൊങ്ങച്ചക്കാരനും ആയ അയാൾ അങ്ങേയറ്റം നിന്ദാകരവും ഭീകരവും ആയ ഒരു മരണത്തിനു വിധേയനായി. “കൃമികൾക്കിരയായി ഹെരോദ് മരിച്ചു” എന്ന് വിവരണം പറയുന്നു. (പ്രവൃ. 12:23) അഗ്രിപ്പയുടെ ഈ ദുരന്തം പെട്ടെന്നു സംഭവിച്ചതായും ജനത്തിന്റെ സ്തുതി ഏറ്റുവാങ്ങിയതുകൊണ്ടാണ് തനിക്കിതു സംഭവിച്ചതെന്ന് അഗ്രിപ്പ നിഗമനംചെയ്തതായും ജോസീഫസും രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ദിവസം നരകിച്ചു കിടന്നശേഷമാണ് അഗ്രിപ്പ മരിച്ചതെന്നും അദ്ദേഹം പറയുന്നു. b
20 വളരെയധികം ദുഷ്ടത പ്രവർത്തിക്കുന്നവർപോലും ശിക്ഷിക്കപ്പെടാതെ പോകുന്നതായി ചിലപ്പോൾ തോന്നിയേക്കാം. ‘ലോകം മുഴുവനും ദുഷ്ടന്റെ നിയന്ത്രണത്തിലായതിനാൽ’ അതിൽ അതിശയിക്കാനില്ല. (1 യോഹ. 5:19) എന്നാൽ ഇത്തരത്തിൽ ദുഷ്ടന്മാർ ശിക്ഷിക്കപ്പെടാതെ പോകുന്നത് ചിലപ്പോഴെങ്കിലും ദൈവത്തിന്റെ വിശ്വസ്ത ദാസന്മാരെ അസ്വസ്ഥരാക്കാറുണ്ട്. അതുകൊണ്ടുതന്നെ യഹോവ നീതി നടപ്പാക്കിയതിനെക്കുറിച്ചുള്ള ഇത്തരം വിവരണങ്ങൾ ആശ്വാസദായകമാണ്. അന്യായത്തിനും അനീതിക്കും എതിരെ യഹോവ നടപടിയെടുക്കുന്നതായാണ് ഈ വിവരണത്തിൽ നാം കാണുന്നത്. അതിലൂടെ, താൻ നീതിയും ന്യായവും ഇഷ്ടപ്പെടുന്നവനാണെന്ന് യഹോവ തന്റെ ദാസന്മാരെ ഓർമിപ്പിക്കുന്നു. (സങ്കീ. 33:5) ആത്യന്തികമായി ദൈവത്തിന്റെ നീതി തഴയ്ക്കുകതന്നെ ചെയ്യും.
21. പ്രവൃത്തികൾ 12-ാം അധ്യായം പ്രധാനമായും നമ്മെ എന്തു പഠിപ്പിക്കുന്നു, അത് നമുക്ക് ആശ്വാസപ്രദമായിരുന്നേക്കാവുന്നത് എന്തുകൊണ്ട്?
21 അത്യന്തം പ്രോത്സാഹജനകമായ വാക്കുകളോടെയാണ് ഈ വിവരണം അവസാനിക്കുന്നത്. “യഹോവയുടെ വചനം കൂടുതൽ സ്ഥലങ്ങളിലേക്കു പ്രചരിച്ചു” എന്ന് അവിടെ നാം വായിക്കുന്നു. (പ്രവൃ. 12:24) പ്രസംഗവേലയുടെ വളർച്ചയെക്കുറിച്ചുള്ള ഈ റിപ്പോർട്ട്, യഹോവ ഈ വേലയെ ഇക്കാലത്തും എങ്ങനെ അനുഗ്രഹിച്ചിരിക്കുന്നുവെന്ന് നമ്മെ ഓർമിപ്പിച്ചേക്കാം. ഒരു അപ്പോസ്തലന്റെ മരണത്തെക്കുറിച്ചും മറ്റൊരു അപ്പോസ്തലന്റെ വിടുതലിനെക്കുറിച്ചും ഉള്ള വിവരങ്ങൾ മാത്രമല്ല പ്രവൃത്തികൾ 12-ാം അധ്യായത്തിൽ നാം കാണുന്നത്. പ്രധാനമായും അവിടെ നാം വായിക്കുന്നത്, യഹോവയെക്കുറിച്ചും അതുപോലെ ക്രിസ്തീയ സഭയെ നശിപ്പിക്കാനും പ്രസംഗപ്രവർത്തനത്തിനു തടയിടാനും ഉള്ള സാത്താന്റെ ശ്രമങ്ങൾ യഹോവ വിഫലമാക്കിയതിനെക്കുറിച്ചും ആണ്. അതെ, സാത്താന്റെ തന്ത്രങ്ങൾക്ക് എന്നും പരാജയംതന്നെ സംഭവിക്കും! (യശ. 54:17) അതേസമയം യഹോവയുടെയും യേശുവിന്റെയും ഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നവർ ചെയ്തുകൊണ്ടിരിക്കുന്ന ആ വേല ഒരിക്കലും പരാജയപ്പെടുകയില്ല. ആ അറിവ് നമുക്കു പ്രോത്സാഹനം പകരുന്നില്ലേ? “യഹോവയുടെ വചനം” പ്രചരിപ്പിക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കുന്നത് എത്ര വലിയ പദവിയാണ്!
a “ ഹെരോദ് അഗ്രിപ്പ ഒന്നാമൻ രാജാവ്” എന്ന ചതുരം കാണുക.
b ഡോക്ടറും ഗ്രന്ഥകാരനുമായ ഒരാൾ പറയുന്നത്, ജോസീഫസും ലൂക്കോസും വിവരിക്കുന്ന ലക്ഷണങ്ങൾ, കൃമികൾ പെരുകി കുടലിൽ തടസ്സം ഉണ്ടാകുന്ന മാരകമായ ഒരു രോഗത്തിന്റേതായിരിക്കാം എന്നാണ്. ഈ രോഗമുള്ളവർ ചിലപ്പോൾ കൃമികളെ ഛർദിച്ചേക്കാം; അല്ലെങ്കിൽ രോഗി മരിക്കുന്നതോടെ അവയെല്ലാംകൂടി ശരീരത്തിനു വെളിയിലേക്കു വന്നേക്കാം. ഒരു പരാമർശഗ്രന്ഥം ഇങ്ങനെ പറയുന്നു: “ഒരു വൈദ്യനെന്നനിലയിൽ ലൂക്കോസ് ഹെരോദിന്റെ മരണത്തോടു ബന്ധപ്പെട്ട വിശദാംശങ്ങൾ കൃത്യമായി രേഖപ്പെടുത്തിയത് അതിന്റെ ഭീകരത മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.”