വിവരങ്ങള്‍ കാണിക്കുക

സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം

സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം

സമാധാ​ന​പൂർണ്ണ​മായ ഒരു പുതിയ ലോക​ത്തി​ലെ ജീവിതം

ഈ ലഘു​ലേ​ഖ​യി​ലെ രംഗത്തെ നിങ്ങൾ വീക്ഷി​ക്കു​മ്പോൾ നിങ്ങൾക്ക്‌ എന്തു വിചാ​ര​ങ്ങ​ളാ​ണു​ള​ളത്‌? അവിടെ കാണുന്ന സമാധാ​ന​ത്തി​നും സന്തുഷ്ടി​ക്കും ഐശ്വ​ര്യ​ത്തി​നും വേണ്ടി നിങ്ങളു​ടെ ഹൃദയം കാംക്ഷി​ക്കു​ന്നി​ല്ലേ? തീർച്ച​യാ​യു​മുണ്ട്‌. എന്നാൽ ഈ അവസ്ഥകൾ എന്നെങ്കി​ലും ഭൂമി​യിൽ നിലവിൽ വരു​മെന്നു വിശ്വ​സി​ക്കു​ന്നത്‌ വെറും സ്വപ്‌നം അഥവാ വിചി​ത്ര​ഭാ​വന അല്ലയോ?

മിക്കയാ​ളു​ക​ളും അങ്ങനെ വിചാ​രി​ക്കാ​നി​ട​യുണ്ട്‌. ഇന്നത്തെ യാഥാർത്ഥ്യ​ങ്ങൾ—ചുരുക്കം ചിലതു പറഞ്ഞാൽ—യുദ്ധം, കുററ​കൃ​ത്യം, വിശപ്പ്‌, രോഗം, വാർദ്ധ​ക്യം, എന്നിവ​യാണ്‌. എന്നാലും പ്രത്യാ​ശക്കു കാരണ​മുണ്ട്‌. “നാം [ദൈവ​ത്തി​ന്റെ] വാഗ്‌ദ​ത്ത​പ്ര​കാ​രം കാത്തി​രി​ക്കുന്ന പുതിയ ആകാശ​ങ്ങ​ളും ഒരു പുതിയ ഭൂമി​യു​മുണ്ട്‌, ഇവയിൽ നീതി വസി​ക്കേ​ണ്ട​താണ്‌” എന്ന്‌ ഭാവി​യി​ലേക്കു നോക്കി​ക്കൊ​ണ്ടു ബൈബിൾ പറയുന്നു.—2 പത്രോസ്‌ 3:13; യെശയ്യാവ്‌ 65:17.

ബൈബി​ള​നു​സ​രി​ച്ചു, ഈ “പുതിയ ആകാശ​ങ്ങ​ളും” “പുതി​യ​ഭൂ​മി​യും” ഒരു പുതിയ ഭൗതി​കാ​കാ​ശ​മോ പുതിയ അക്ഷരീയ ഭൂമി​യോ അല്ല. ഭൗതിക ഭൂമി​യും ആകാശ​ങ്ങ​ളും പൂർണ്ണ​ത​യു​ള​ള​വ​യാ​യി നിർമ്മി​ക്ക​പ്പെട്ടു. അവ എന്നേക്കും സ്ഥിതി​ചെ​യ്യു​മെന്ന്‌ ബൈബിൾ പറയുന്നു. (സങ്കീർത്തനം 89:36, 37; 104:5) “പുതി​യ​ഭൂ​മി” ഭൂമി​യിൽ ജീവി​ക്കുന്ന നീതി​യു​ളള ഒരു ജനസമു​ദാ​യ​മാ​യി​രി​ക്കും. “പുതിയ ആകാശങ്ങൾ” ഈ ഭൗമിക ജനസമു​ദാ​യ​ത്തിൻമേൽ ഭരിക്കുന്ന പൂർണ്ണ​ത​യു​ളള ഒരു സ്വർഗ്ഗീയ രാജ്യ​മോ ഭരണകൂ​ട​മോ ആണ്‌. എന്നാൽ “ഒരു പുതി​യ​ഭൂ​മി” അഥവാ മഹത്തായ പുതിയ ലോകം സാദ്ധ്യ​മാ​ണെന്നു വിശ്വ​സി​ക്കു​ന്നത്‌ പ്രാ​യോ​ഗി​ക​മാ​ണോ?

ശരി, അത്തരം ആദർശ​യു​ക്ത​മായ അവസ്ഥകൾ ഈ ഭൂമിയെ സംബന്ധിച്ച ദൈവ​ത്തി​ന്റെ ആദിമ ഉദ്ദേശ്യ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു​വെന്ന വസ്‌തുത പരിചി​ന്തി​ക്കുക. അവൻ ആദ്യമ​നു​ഷ്യ​ജോ​ടി​യെ ഏദെൻ എന്ന ഭൗമിക പരദീ​സ​യിൽ ആക്കി​വെ​ക്കു​ക​യും അവർക്ക്‌ അത്ഭുത​ക​ര​മായ ഒരു നിയോ​ഗം കൊടു​ക്കു​ക​യും ചെയ്‌തു: “സന്താന​പു​ഷ്ടി​യു​ള​ള​വ​രാ​യി പെരുകി ഭൂമിയെ നിറയ്‌ക്കു​ക​യും അതിനെ കീഴട​ക്കു​ക​യും ചെയ്യുക.” (ഉല്‌പത്തി 1:28) അതെ, അവരെ സംബന്ധിച്ച ദൈ​വോ​ദ്ദേ​ശ്യം അവർ മക്കളെ ഉളവാ​ക്ക​ണ​മെ​ന്നും ഒടുവിൽ തങ്ങളുടെ പരദീസാ സർവ്വഭൂ​മി​യി​ലും വ്യാപി​പ്പി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു. അവർ പിന്നീട്‌ ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കു​ന്ന​തി​നെ തെര​ഞ്ഞെ​ടു​ക്കു​ക​യും അങ്ങനെ എന്നേക്കും ജീവി​ക്കു​ന്ന​തിന്‌ അയോ​ഗ്യ​രെന്നു തെളി​യി​ക്കു​ക​യും ചെയ്‌തെ​ങ്കി​ലും ദൈവ​ത്തി​ന്റെ ആദി​മോ​ദ്ദേ​ശ്യ​ത്തിന്‌ മാററ​മു​ണ്ടാ​യില്ല. അത്‌ ഒരു പുതിയ ലോക​ത്തിൽ നിവർത്തി​ക്ക​പ്പെ​ടണം.—യെശയ്യാവ്‌ 55:11.

യഥാർത്ഥ​ത്തിൽ, നിങ്ങൾ ദൈവ​രാ​ജ്യം വരാൻ അഭ്യർത്ഥി​ച്ചു​കൊണ്ട്‌ കർത്താ​വി​ന്റെ പ്രാർത്ഥന അഥവാ ഞങ്ങളുടെ പിതാവേ എന്നപ്രാർത്ഥന ചൊല്ലു​മ്പോൾ അവന്റെ സ്വർഗ്ഗീയ ഗവൺമെൻറ്‌ ഭൂമി​യിൽനിന്ന്‌ ദുഷ്ടത നീക്കാ​നും ഈ പുതിയ ലോക​ത്തിൻമേൽ ഭരിക്കാ​നു​മാണ്‌ പ്രാർത്ഥി​ക്കു​ന്നത്‌. (മത്തായി 6:9, 10) “നീതി​മാൻമാർതന്നെ ഭൂമിയെ കൈവ​ശ​മാ​ക്കും, അവർ അതിൽ എന്നേക്കും വസിക്കും” എന്ന്‌ ദൈവ​വ​ചനം വാഗ്‌ദത്തം ചെയ്യു​ന്ന​തു​കൊണ്ട്‌ ദൈവം ആ പ്രാർത്ഥ​നക്ക്‌ ഉത്തരം നൽകു​മെന്ന്‌ നമുക്ക്‌ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ കഴിയും.—സങ്കീർത്തനം 37:29.

ദൈവ​ത്തി​ന്റെ പുതി​യ​ലോ​ക​ത്തി​ലെ ജീവിതം

ദൈവ​രാ​ജ്യം അതുല്യ​മായ ഭൗമിക പ്രയോ​ജ​നങ്ങൾ കൈവ​രു​ത്തു​ക​യും തന്റെ ജനം ഭൂമി​യിൽ ആസ്വദി​ക്ക​ണ​മെന്ന്‌ ദൈവം ആദിയിൽ ഉദ്ദേശി​ച്ചി​രുന്ന സകല നൻമയും സഫലമാ​ക്കു​ക​യും ചെയ്യും. വിദ്വേ​ഷ​ങ്ങ​ളും മുൻവി​ധി​ക​ളും ഇല്ലാതാ​കും, ഒടുവിൽ ഭൂമി​യി​ലു​ളള ഓരോ​രു​ത്ത​രും മറെറ​ല്ലാ​വ​രു​ടെ​യും യഥാർത്ഥ സുഹൃ​ത്താ​യി​രി​ക്കും. ബൈബി​ളിൽ, ദൈവം ‘ഭൂമി​യു​ടെ അററ​ത്തോ​ളം യുദ്ധങ്ങളെ നിർത്ത​ലാ​ക്കു’മെന്ന്‌ വാഗ്‌ദത്തം ചെയ്യുന്നു. “ജനത ജനത​ക്കെ​തി​രെ വാളു​യർത്തു​ക​യില്ല, അവർ മേലാൽ യുദ്ധം അഭ്യസി​ക്കു​ക​യു​മില്ല.”—സങ്കീർത്തനം 46:9; യെശയ്യാവ്‌ 2:4.

ഒടുവിൽ മുഴു​ഭൂ​മി​യും ഒരു ഉദ്യാ​ന​തു​ല്യ പരദീ​സാ​വ​സ്ഥ​യി​ലേക്കു വരുത്ത​പ്പെ​ടും. ബൈബിൾ പറയുന്നു: “മരുഭൂ​മി​യും വെളള​മി​ല്ലാത്ത പ്രദേ​ശ​വും ആനന്ദി​ക്കും, മരുസ​മ​തലം സന്തോ​ഷിച്ച്‌ കുങ്കു​മം​പോ​ലെ പുഷ്‌പി​ക്കും. . . . എന്തെന്നാൽ മരുഭൂ​മി​യിൽ വെളളം പൊട്ടി​പ്പു​റ​പ്പെ​ടും, മരുസ​മ​ത​ല​ത്തിൽ നിർഝ​ര​ങ്ങ​ളും. വരണ്ടനി​ലം ഞാങ്ങണ നിറഞ്ഞ ഒരു കുളം​പോ​ലെ​യും ദാഹമു​ളള നിലം നീരു​റ​വ​കൾപോ​ലെ​യും ആയിത്തീ​രും.”—യെശയ്യാവ്‌ 35:1, 6, 7.

പരദീ​സാ​ഭൂ​മി​യിൽ സന്തുഷ്ട​രാ​യി​രി​ക്കു​ന്ന​തിന്‌ സകല കാരണ​വു​മു​ണ്ടാ​യി​രി​ക്കും. വീണ്ടു​മൊ​രി​ക്ക​ലും ആളുകൾ ആഹാര​മി​ല്ലാ​തെ വിശന്നു നടക്കു​ക​യില്ല. “ഭൂമി​തന്നെ തീർച്ച​യാ​യും അതിന്റെ വിളവു നൽകും” എന്ന്‌ ബൈബിൾ പറയുന്നു. (സങ്കീർത്തനം 67:6; 72:16) എല്ലാവ​രും തങ്ങളുടെ സ്വന്തം അദ്ധ്വാ​ന​ഫലം അനുഭ​വി​ക്കും. നമ്മുടെ സ്രഷ്ടാവു വാഗ്‌ദത്തം ചെയ്യു​ന്ന​പ്ര​കാ​രം “അവർ തീർച്ച​യാ​യും മുന്തി​രി​ത്തോ​ട്ടം നട്ടുണ്ടാ​ക്കു​ക​യും അവയുടെ ഫലം ഭക്ഷിക്കു​ക​യും ചെയ്യും . . . അവർ നടുക​യും മറെറാ​രാൾ തിന്നു​ക​യു​മില്ല.”—യെശയ്യാവ്‌ 65:21, 22.

ദൈവ​ത്തി​ന്റെ പുതി​യ​ലോ​ക​ത്തിൽ ആളുകൾ മേലാൽ വലിയ ബഹുശാ​ലാ​ഭ​വ​ന​ങ്ങ​ളി​ലോ ജീർണ്ണിച്ച ചേരി​പ്ര​ദേ​ശ​ങ്ങ​ളി​ലോ തിങ്ങി​പ്പാർക്കാൻ ഇടയാ​ക്ക​പ്പെ​ടു​ക​യില്ല, എന്തു​കൊ​ണ്ടെ​ന്നാൽ “അവർ തീർച്ച​യാ​യും വീടുകൾ പണിതു പാർക്കും . . . അവർ പണിയു​ക​യും മറെറാ​രാൾ പാർക്കു​ക​യു​മില്ല” എന്നതു ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​മാണ്‌. “അവർ വൃഥാ അദ്ധ്വാ​നി​ക്കു​ക​യു​മില്ല” എന്നും ബൈബിൾ വാഗ്‌ദത്തം ചെയ്യുന്നു. (യെശയ്യാവ്‌ 65:21-23) അങ്ങനെ ആളുകൾക്ക്‌ ഉല്‌പാ​ദ​ന​ക്ഷ​മ​വും തൃപ്‌തി​ക​ര​വു​മായ വേല ഉണ്ടായി​രി​ക്കും. ജീവിതം വിരസ​മാ​യി​രി​ക്കു​ക​യില്ല.

കാല​ക്ര​മ​ത്തിൽ, ദൈവ​രാ​ജ്യം മൃഗങ്ങൾ തമ്മിലും, മൃഗങ്ങ​ളും മനുഷ്യ​രും തമ്മിലും, ഏദൻ തോട്ട​ത്തിൽ നിലവി​ലി​രുന്ന സമാധാ​ന​പ​ര​മായ ബന്ധങ്ങൾ പുനഃ​സ്ഥി​തീ​ക​രി​ക്കു​ക​പോ​ലും ചെയ്യും. ബൈബിൾ പറയുന്നു: “ചെന്നായ്‌ ആണാട്ടിൻകു​ട്ടി​യോ​ടു​കൂ​ടെ യഥാർത്ഥ​ത്തിൽ അല്‌പ​കാ​ലം വസിക്കും, പുളളി​പ്പു​ലി​തന്നെ കോലാ​ട്ടിൻ കുട്ടി​യോ​ടു​കൂ​ടെ കിടക്കും, പശുക്കി​ടാ​വും കുഞ്ചി​രോ​മ​മു​ളള ബാലസിം​ഹ​വും നന്നായി പോഷി​പ്പിച്ച മൃഗവു​മെ​ല്ലാം ഒരുമി​ച്ചാ​യി​രി​ക്കും; ഒരു വെറും ബാലൻ അവയുടെ നായകൻ ആയിരി​ക്കും.”—യെശയ്യാവ്‌ 11:6-9; ഹോ​ശെയാ 2:18.

ചിന്തി​ക്കു​ക, പരദീ​സാ​ഭൂ​മി​യിൽ സകല രോഗ​വും ശാരീ​രിക ദൗർബ്ബ​ല്യ​ങ്ങ​ളും സൗഖ്യ​മാ​ക്ക​പ്പെ​ടും! ദൈവ​ത്തി​ന്റെ വചനം നമുക്ക്‌ ഉറപ്പു​നൽകു​ന്നു: “‘എനിക്ക്‌ രോഗ​മാണ്‌’ എന്ന്‌ യാതൊ​രു നിവാ​സി​യും പറയു​ക​യില്ല.” (യെശയ്യാവ്‌ 33:24) “[ദൈവം] അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണുനീ​രെ​ല്ലാം തുടച്ചു​ക​ള​യും, മേലാൽ മരണമു​ണ്ടാ​യി​രി​ക്കു​ക​യില്ല, വിലാ​പ​മോ മുറവി​ളി​യോ വേദന​യോ ഇനി ഉണ്ടായി​രി​ക്കു​ക​യില്ല. മുൻകാ​ര്യ​ങ്ങൾ നീങ്ങി​പ്പോ​യി​രി​ക്കു​ന്നു.”—വെളി​പ്പാട്‌ 21:4.

നിങ്ങൾക്ക്‌ അത്‌ എങ്ങനെ സാദ്ധ്യം

നീതി​യു​ളള തന്റെ പുതി​യ​ലോ​ക​ത്തി​ലെ ജീവി​തത്തെ സംബന്ധിച്ച ദൈവ​ത്തി​ന്റെ വാഗ്‌ദ​ത്ത​ങ്ങ​ളാൽ തീർച്ച​യാ​യും നിങ്ങളു​ടെ ഹൃദയം വികാ​ര​ത​ര​ളി​ത​മാ​യി​രി​ക്കണം. അങ്ങനെ​യു​ളള അനു​ഗ്ര​ഹ​ങ്ങ​ളു​ടെ സാക്ഷാ​ത്‌ക​രണം സത്യമാ​യി​രി​ക്കാൻ കഴിയാ​ത്ത​വി​ധം അത്ര മികച്ച​താ​ണെന്ന്‌ ചിലർ പരിഗ​ണി​ച്ചേ​ക്കാ​മെ​ങ്കി​ലും അവ നമ്മുടെ സ്‌നേ​ഹ​നി​ധി​യായ സ്രഷ്ടാ​വിൽനിന്ന്‌ ലഭിക്കാൻ കഴിയാ​ത്ത​വയല്ല.—സങ്കീർത്തനം 145:16; മീഖാ. 4:4.

തീർച്ച​യാ​യും, വരാനി​രി​ക്കുന്ന ഭൂമി​യി​ലെ പരദീ​സ​യിൽ നാം എന്നേക്കും ജീവി​ക്ക​ണ​മെ​ങ്കിൽ, പാലി​ക്കേണ്ട വ്യവസ്ഥ​ക​ളുണ്ട്‌. “ഏകസത്യ​ദൈ​വ​മായ നിന്നെ​യും നീ അയച്ചവ​നായ യേശു​ക്രി​സ്‌തു​വി​നെ​യും കുറി​ച്ചു​ളള അറിവ്‌ ഉൾക്കൊ​ള​ളു​ന്നത്‌ നിത്യ​ജീ​വനെ അർത്ഥമാ​ക്കു​ന്നു” എന്ന്‌ ദൈവ​ത്തോ​ടു​ളള പ്രാർത്ഥ​ന​യിൽ പറഞ്ഞു​കൊണ്ട്‌ യേശു ഒരു മുഖ്യ വ്യവസ്ഥ കാണി​ച്ചു​തന്നു.—യോഹ​ന്നാൻ 17:3.

അതു​കൊണ്ട്‌ നാം ദൈവ​ത്തി​ന്റെ പുതി​യ​ലോ​ക​ത്തിൽ ജീവി​ക്കാൻ യഥാർത്ഥ​മാ​യി ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ, നാം ആദ്യം ദൈ​വേഷ്ടം പഠിക്കു​ക​യും അനന്തരം അതു ചെയ്യു​ക​യും വേണം. എന്തെന്നാൽ ഇത്‌ ഒരു വസ്‌തു​ത​യാണ്‌: ഈ “ലോകം നീങ്ങി​പ്പോ​കു​ക​യാണ്‌, അതിന്റെ ആഗ്രഹ​വും അങ്ങനെ​തന്നെ, എന്നാൽ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്നവൻ എന്നേക്കും സ്ഥിതി​ചെ​യ്യു​ന്നു,” നമ്മുടെ സ്‌നേ​ഹ​നി​ധി​യായ സ്രഷ്ടാവ്‌ വർഷി​ക്കാ​നി​രി​ക്കുന്ന അനു​ഗ്ര​ഹങ്ങൾ എന്നേക്കും അനുഭ​വി​ക്കു​ന്ന​തി​നു​തന്നെ.—1 യോഹ​ന്നാൻ 2:17.

മററു​പ്ര​കാ​ര​ത്തിൽ സൂചി​പ്പി​ക്കാ​ത്ത​പക്ഷം, എല്ലാ ബൈബി​ളു​ദ്ധ​ര​ണി​ക​ളും വിശു​ദ്ധ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോ​ക​ഭാ​ഷാ​ന്ത​ര​ത്തിൽ നിന്നാണ്‌.