മടങ്ങിച്ചെല്ലുന്നതിന്
പാഠം 8
ക്ഷമ
തത്ത്വം: ‘സ്നേഹം ക്ഷമയുള്ളതാണ്.’—1 കൊരി. 13:4.
യേശുവിന്റെ മാതൃക
1. വീഡിയോ കാണുക, അല്ലെങ്കിൽ യോഹന്നാൻ 7:3-5-ഉം 1 കൊരിന്ത്യർ 15:3, 4, 7-ഉം വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചിന്തിക്കുക:
യേശുവിൽനിന്ന് എന്തു പഠിക്കാം?
2. ചില ആളുകൾ സന്തോഷവാർത്തയോടു പ്രതികരിക്കാൻ മറ്റുള്ളവരെക്കാൾ കൂടുതൽ സമയമെടുത്തേക്കാം. അതുകൊണ്ട് നമ്മൾ ക്ഷമ കാണിക്കണം.
യേശുവിനെ അനുകരിക്കുക
3. വേറൊരു രീതിയിൽ ശ്രമിച്ചുനോക്കുക. ഒരു വ്യക്തി ആദ്യമൊന്നും ബൈബിൾ പഠിക്കാൻ മനസ്സുകാണിക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ നിർബന്ധിക്കരുത്. പകരം, ഉചിതമായ സമയത്ത് വീഡിയോകളോ ലേഖനങ്ങളോ ഉപയോഗിച്ചുകൊണ്ട് ഒരു ബൈബിൾപഠനം എങ്ങനെയാണെന്നും ബൈബിൾ പഠിക്കുന്നതിന്റെ പ്രയോജനം എന്താണെന്നും മനസ്സിലാക്കാൻ സഹായിക്കുക.
4. താരതമ്യം ചെയ്യരുത്. ഓരോരുത്തരും വ്യത്യസ്തരാണ് എന്ന് ഓർക്കുക. ഒരു കുടുംബാംഗമോ താത്പര്യം കാണിച്ച വ്യക്തിയോ, ബൈബിൾ പഠിക്കാനോ ഏതെങ്കിലും ബൈബിൾപഠിപ്പിക്കലുകൾ അംഗീകരിക്കാനോ മടി കാണിക്കുന്നെങ്കിൽ, അതിന്റെ കാരണം എന്തായിരിക്കുമെന്ന് ചിന്തിക്കുക. അദ്ദേഹത്തിന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഏതെങ്കിലും ഒരു മതവിശ്വാസംകൊണ്ടാണോ? അതോ ബന്ധുക്കളിൽനിന്നോ അയൽക്കാരിൽനിന്നോ എന്തെങ്കിലും എതിർപ്പുകൾ അദ്ദേഹം നേരിടുന്നുണ്ടോ? നമ്മൾ പങ്കുവെച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും ബൈബിൾ പറയുന്നതിന്റെ മൂല്യം തിരിച്ചറിയാനും അവർക്കു വേണ്ടത്ര സമയം കൊടുക്കണം.
5. താത്പര്യം കാണിച്ച വ്യക്തിയെക്കുറിച്ച് പ്രാർഥിക്കുക. പ്രതീക്ഷ നഷ്ടപ്പെടാതിരിക്കാനും നയത്തോടെ ഇടപെടാനും വേണ്ട സഹായത്തിനായി യഹോവയോട് അപേക്ഷിക്കുക. ഒപ്പം, ഒരാൾക്ക് ശരിക്കും താത്പര്യം ഉണ്ടോ ഇല്ലയോ, അയാളെ സന്ദർശിക്കുന്നതു നിറുത്തണോ എന്നൊക്കെ മനസ്സിലാക്കാനുള്ള വിവേകത്തിനായും പ്രാർഥിക്കുക.—1 കൊരി. 9:26.