ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
ഞാൻ ഞാൻ എന്ന ഒറ്റ വിചാരമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ
ജനനം: 1951
രാജ്യം: ജർമനി
ചരിത്രം: അഹങ്കാരി, ആരെയും കൂസാത്ത പ്രകൃതം
എന്റെ പഴയ കാലം:
ഞാൻ തീരെ ചെറുതായിരുന്നപ്പോൾ ഞങ്ങളുടെ കുടുംബം താമസിച്ചിരുന്നത് കിഴക്കൻ ജർമനിയിലെ ലൈപ്സിഗിന് അടുത്തായിരുന്നു. ചെക്കിന്റെയും പോളണ്ടിന്റെയും അതിർത്തികൾക്ക് അടുത്തായിരുന്നു ആ സ്ഥലം. പിന്നെ എനിക്ക് ആറു വയസ്സായപ്പോൾ അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് വിദേശത്തേക്കു പോകേണ്ടിവന്നു. ആദ്യം ബ്രസീലിലേക്ക്, പിന്നെ ഇക്വഡോറിലേക്ക്.
എനിക്കു 14 വയസ്സായപ്പോൾ എന്നെ ജർമനിയിലെ ഒരു ബോർഡിങ് സ്കൂളിലാക്കി. എന്റെ അച്ഛനും അമ്മയും അങ്ങ് ദൂരെ തെക്കേ അമേരിക്കയിൽ, ഞാൻ ജർമനിയിലും. എന്റെ കാര്യങ്ങളൊക്കെ ഞാൻതന്നെയാണ് നോക്കിയിരുന്നത്. അതുകൊണ്ടുതന്നെ എനിക്ക് ആരുടെയും സഹായം ആവശ്യമില്ല എന്നൊരു ചിന്തയായിരുന്നു, ആരെയും കൂസാത്ത ഒരു പ്രകൃതം. എന്തെങ്കിലും ചെയ്യുമ്പോൾ മറ്റുള്ളവർക്ക് അതു വിഷമമുണ്ടാക്കുമോ എന്നൊന്നും ഞാൻ ചിന്തിച്ചേയില്ല.
എനിക്കു 17 വയസ്സായപ്പോൾ അച്ഛനും അമ്മയും ജർമനിയിലേക്കു തിരിച്ചുവന്നു. ഞാൻ അവരുടെകൂടെ താമസിക്കാൻ തുടങ്ങി. പക്ഷേ എന്റെ ഈ പ്രകൃതം അവിടെയും ഒരു പ്രശ്നമായി. അവർ പറയുന്നതു കേട്ട് ജീവിക്കാനൊന്നും എന്നെക്കൊണ്ടു കഴിഞ്ഞില്ല. അങ്ങനെ 18-ാം വയസ്സിൽ ഞാൻ വീടു വിട്ടിറങ്ങി.
‘ഈ ജീവിതംകൊണ്ട് ഞാൻ എന്തു ചെയ്യും?’ ആ ചോദ്യം എന്നെ അലട്ടിക്കൊണ്ടേയിരുന്നു. പലപല ആളുകളുടെ ജീവിതരീതികൾ ഞാൻ വിലയിരുത്തിനോക്കി. പല പ്രസ്ഥാനങ്ങളെക്കുറിച്ചും പഠിച്ചു. അവസാനം ഒരു കാര്യം എനിക്കു മനസ്സിലായി. മനുഷ്യർ ഈ ഭൂമി നശിപ്പിക്കുന്നതിനുമുമ്പ് അതു മുഴുവൻ ചുറ്റിനടന്ന് കാണുക. അതാണ് ഈ ജീവിതത്തിൽ എനിക്കു ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം.
അങ്ങനെ ഞാൻ ജർമനി വിട്ടു. ഒരു ബൈക്കു വാങ്ങി അതിൽ ആഫ്രിക്കയിലേക്കു യാത്ര തിരിച്ചു. പക്ഷേ അധികം വൈകാതെ എന്റെ ബൈക്കു കേടായി. അങ്ങനെ ബൈക്കു ശരിയാക്കാൻ എനിക്കു യൂറോപ്പിലേക്കു തിരിച്ചുവരേണ്ടിവന്നു. ഒരു ദിവസം പോർച്ചുഗലിലെ ഒരു കടൽത്തീരത്ത് ഇരിക്കുമ്പോൾ ഞാനൊരു തീരുമാനം എടുത്തു. ഇനി ബൈക്കു വേണ്ട. കുറെ നാൾ കരയിലൂടെ യാത്ര ചെയ്തല്ലോ. ഇനി യാത്ര കടലിലൂടെയാകാം.
അറ്റ്ലാന്റിക് സമുദ്രത്തിലൂടെ യാത്ര ചെയ്യാനിരിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂടെ ഞാനും കൂടി. അക്കൂട്ടത്തിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു, ലൗറി. അവളെയാണ് ഞാൻ പിന്നീട് വിവാഹം കഴിച്ചത്. അതിനെക്കുറിച്ച് വഴിയേ പറയാം. കരീബിയൻ ദ്വീപുകളിലേക്കാണ് ആദ്യം ഞങ്ങൾ എല്ലാവരുംകൂടെ പോയത്. അവിടെ പോർട്ടോ റീക്കോയിൽ കുറച്ചു ദിവസം തങ്ങി. പിന്നെ യൂറോപ്പിലേക്കു തിരിച്ചുവന്നു. ഒരു ചെറിയ പായ്ക്കപ്പൽ വാങ്ങണമെന്നൊക്കെ ഞങ്ങൾ വിചാരിച്ചിരുന്നു. അതിൽത്തന്നെ താമസസൗകര്യമൊക്കെ ഉണ്ടാക്കാനായിരുന്നു പ്ലാൻ. മൂന്നുമാസം അതിന്റെ പുറകേയായിരുന്നു. പക്ഷേ പെട്ടെന്നുതന്നെ ആ പദ്ധതി പൊളിഞ്ഞു. എനിക്കു ജർമൻ സൈന്യത്തിൽ ചേരാൻ ഓർഡർ കിട്ടി.
15 മാസം ഞാൻ ജർമൻ നാവികസേനയിൽ ജോലി ചെയ്തു. ആ സമയത്താണ് ലൗറിയെ കല്യാണം കഴിക്കുന്നത്. കല്യാണം കഴിഞ്ഞാലും സഞ്ചാരജീവിതംതന്നെ മതിയെന്ന് ഞങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു. അതുകൊണ്ട് സേനയിൽ ചേരുന്നതിന് മുമ്പുതന്നെ ഒരു ലൈഫ് ബോട്ടിന്റെ ബോഡി ഞങ്ങൾ വാങ്ങി വെച്ചിരുന്നു. നേവിയിലായിരുന്ന സമയത്ത് ബോട്ടിനെ പായ്ക്കപ്പലാക്കി മാറ്റാനുള്ള പണികൾ ഞങ്ങൾ ചെയ്യുമായിരുന്നു. ആ ചെറിയ പായ്ക്കപ്പലിൽ താമസിച്ച് ലോകം മുഴുവൻ ചുറ്റിക്കാണുക, അതായിരുന്നു ഞങ്ങളുടെ സ്വപ്നം. അങ്ങനെയൊക്കെ വിചാരിച്ചിരിക്കുമ്പോഴാണ് ഞങ്ങൾ യഹോവയുടെ സാക്ഷികളെ കാണുന്നതും ബൈബിൾ പഠിക്കാൻ തുടങ്ങുന്നതും. അത് ഏതായാലും പറ്റിയ സമയമായിരുന്നു. കാരണം എന്റെ പട്ടാളജീവിതം അവസാനിച്ചിരുന്നു. പായ്ക്കപ്പലിന്റെ പണിയാണെങ്കിൽ തീർന്നിരുന്നുമില്ല.
ബൈബിൾ എന്റെ ജീവിതത്തിനു മാറ്റം വരുത്തുന്നു:
ഞാൻ ജീവിതത്തിൽ വലിയ മാറ്റം വരുത്തേണ്ട ആവശ്യമുണ്ടെന്ന് ആദ്യമൊന്നും എനിക്കു തോന്നിയില്ല. ഞങ്ങൾ നിയമപരമായി വിവാഹം കഴിച്ചിരുന്നു. പുകവലിയാണെങ്കിൽ ഞാൻ നേരത്തെ നിറുത്തിയിരുന്നു. (എഫെസ്യർ 5:5) പിന്നെ ലോകം ചുറ്റിക്കാണുന്ന കാര്യം. അതിലെന്താ കുഴപ്പം? നല്ല കാര്യമല്ലേ? ദൈവത്തിന്റെ സൃഷ്ടികൾ കാണാനല്ലേ പോകുന്നത്?
പക്ഷേ ശരിക്കും ഞാൻ ഒരുപാടു മാറണമായിരുന്നു, പ്രത്യേകിച്ച് എന്റെ സ്വഭാവം. എന്തും എന്നെക്കൊണ്ട് ഒറ്റയ്ക്ക് ചെയ്യാനാകും എന്നൊരു ഭാവവും അഹങ്കാരവും ഒക്കെയായിരുന്നു എന്റെ പ്രശ്നം. എന്റെ കഴിവുകളും നേട്ടങ്ങളും മാത്രമായിരുന്നു എന്റെ മനസ്സിൽ. ഞാൻ ഞാൻ എന്ന ഒറ്റ വിചാരമേ എനിക്കുണ്ടായിരുന്നുള്ളൂ.
ഒരു ദിവസം ഞാൻ യേശുവിന്റെ ഗിരിപ്രഭാഷണത്തിന്റെ ഭാഗം വായിക്കുകയായിരുന്നു. (മത്തായി 5-7) അവിടെ യേശു പറയുന്ന സന്തോഷം എന്താണെന്ന് ആദ്യം എനിക്കു മനസ്സിലായില്ല. കാരണം ഒരു സ്ഥലത്തു പറയുന്നുണ്ട്, വിശന്നും ദാഹിച്ചും ഇരിക്കുന്നവർ സന്തുഷ്ടർ എന്ന്. (മത്തായി 5:6) അങ്ങനെയിരിക്കുന്ന ഒരാൾക്ക് എങ്ങനെ സന്തോഷം തോന്നാനാണ് എന്നു ഞാൻ ചിന്തിച്ചു. പക്ഷേ പിന്നീട് പഠിച്ചുവന്നപ്പോൾ എനിക്കു മനസ്സിലായി എല്ലാ മനുഷ്യർക്കും ആത്മീയ കാര്യങ്ങളോടുള്ള ഒരു വിശപ്പും ദാഹവും ഉണ്ടെന്ന്. അതു തിരിച്ചറിയാനുള്ള താഴ്മ നമ്മൾ ആദ്യം കാണിക്കണം. എങ്കിൽ മാത്രമേ അതു ശമിപ്പിക്കാൻ പറ്റൂ. അപ്പോഴാണ് സന്തോഷം തോന്നുന്നത്. യേശുവും അതാണല്ലോ പറഞ്ഞത്, “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ സന്തുഷ്ടർ” എന്ന്.—മത്തായി 5:3.
ഞങ്ങൾ ബൈബിൾപഠനം തുടങ്ങിയത് ജർമനിയിൽ വെച്ചാണെങ്കിലും പിന്നീട് ഞങ്ങൾ ഫ്രാൻസിലേക്കും അവിടെനിന്ന് ഇറ്റലിയിലേക്കും മാറിത്താമസിച്ചു. പോയ എല്ലാ സ്ഥലങ്ങളിലും ഞങ്ങൾ യഹോവയുടെ സാക്ഷികളെ കണ്ടു. അവർ അങ്ങോട്ടും ഇങ്ങോട്ടും ഉള്ളുതുറന്ന് സ്നേഹിക്കുന്നതും ഒറ്റക്കെട്ടായി നിൽക്കുന്നതും ഒക്കെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ലോകത്ത് എവിടെ ജീവിച്ചാലും മനസ്സുകൊണ്ട് അവർ ഒന്നാണ്, ഒരു കുടുംബമാണ്. അത് എനിക്ക് ഒത്തിരി ഇഷ്ടമായി. (യോഹന്നാൻ 13:34, 35) കുറച്ചുനാൾ കഴിഞ്ഞ് ഞാനും ലൗറിയും സ്നാനമേറ്റ് യഹോവയുടെ സാക്ഷികളായി.
സ്നാനത്തിനുശേഷവും ഞാൻ എന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരുന്നു. പക്ഷേ ലോകം ചുറ്റാനുള്ള ഞങ്ങളുടെ ഇഷ്ടം അപ്പോഴും ഉണ്ടായിരുന്നു. നേരത്തെ തീരുമാനിച്ചുവെച്ചിരുന്നതുപോലെ ഞങ്ങൾ യാത്ര തിരിച്ചു. പായ്ക്കപ്പലിൽ ആഫ്രിക്കൻ തീരത്തുകൂടെ സഞ്ചരിച്ച് അറ്റ്ലാന്റിക് സമുദ്രം കുറുകെക്കടന്ന് അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള യാത്ര. ചുറ്റും കരകാണാക്കടൽ. അതിൽ ഒരു ചെറിയ പൊട്ടുപോലെ ഒരു കൊച്ചു ബോട്ട്. അതിൽ ഞങ്ങൾ രണ്ടേ രണ്ടു മനുഷ്യർ. ഈ കടലും കരയും ഒക്കെ സൃഷ്ടിച്ച ആ വലിയ സ്രഷ്ടാവിന്റെ മുമ്പിൽ ഞാൻ എത്ര നിസ്സാരനാണ് എന്നു തോന്നിയ നിമിഷങ്ങൾ! നടുക്കടലിൽ വേറൊന്നും ചെയ്യാനില്ലല്ലോ. ഇഷ്ടംപോലെ സമയം കിട്ടി. അതുകൊണ്ട് ഞാൻ കുത്തിയിരുന്ന് ബൈബിൾ വായിച്ചു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് യേശുവിന്റെ ഭൂമിയിലെ ജീവിതത്തെക്കുറിച്ചുള്ള ബൈബിൾ ഭാഗങ്ങളാണ്. യേശു ഒരു പൂർണ മനുഷ്യനായിരുന്നു. എനിക്കൊക്കെ ചിന്തിക്കാൻ പറ്റുന്നതിനെക്കാൾ കഴിവുള്ള മനുഷ്യൻ. എന്നിട്ടും യേശു ഒരിക്കലും താൻ വലിയ ആളാണെന്ന് കാണിക്കാൻ ശ്രമിച്ചില്ല. ഞാൻ ഞാൻ എന്നു ചിന്തിച്ചുകൊണ്ടിരുന്നുമില്ല. യേശുവിന്റെ ചിന്ത മുഴുവൻ തന്റെ സ്വർഗീയപിതാവിനെക്കുറിച്ചായിരുന്നു.
ഒരു കാര്യം എനിക്കു മനസ്സിലായി. എന്റെ ജീവിതത്തിൽ ദൈവരാജ്യത്തിനായിരിക്കണം ഒന്നാം സ്ഥാനം
യേശുവിനെക്കുറിച്ച് ഞാൻ ശരിക്കും ചിന്തിച്ചു. അപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി. ജീവിതത്തിൽ എനിക്ക് ഇഷ്ടമുള്ള പലപല കാര്യങ്ങൾ ചെയ്യുന്നതിനിടയ്ക്ക് എങ്ങനെയെങ്കിലുമൊക്കെ കുറച്ചുസമയം ദൈവരാജ്യത്തിനു കൊടുത്താൽ പോരാ. ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കണം. (മത്തായി 6:33) ലൗറിയും ഞാനും അവസാനം ഐക്യനാടുകളിൽ എത്തിയപ്പോൾ ഞങ്ങൾ ഒരു തീരുമാനം എടുത്തു. ഇനി കറക്കമൊക്കെ മതിയാക്കി ഇവിടെ സ്ഥിരതാമസമാക്കാം. ആത്മീയകാര്യങ്ങൾക്കായിരിക്കും ഇനി ഞങ്ങളുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ:
എന്നെക്കൊണ്ടെല്ലാം ഒറ്റയ്ക്കു ചെയ്യാൻ പറ്റും എന്നു വിചാരിച്ച് നടന്നിരുന്നകാലത്ത് എന്റെ തീരുമാനങ്ങൾ എങ്ങാനും തെറ്റിപ്പോകുമോ എന്നൊരു സംശയം ഇടയ്ക്കൊക്കെ തോന്നുമായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. ഇന്ന് എനിക്ക് വഴികാട്ടിയായി ദൈവമുണ്ട്. ദൈവത്തിന്റെ തെറ്റുപറ്റാത്ത ജ്ഞാനത്തിലാണ് ഞാൻ ആശ്രയിക്കുന്നത്. (യശയ്യ 48:17, 18) പണ്ടത്തെപ്പോലെയല്ല, ജീവിതത്തിന്റെ ശരിക്കുമുള്ള ഉദ്ദേശ്യം എന്താണെന്ന് ഇന്ന് എനിക്ക് അറിയാം. യഹോവയെ ആരാധിക്കുന്നതും യഹോവയെക്കുറിച്ച് അറിയാൻ മറ്റുള്ളവരെ സഹായിക്കുന്നതും ആണ് ഇപ്പോൾ എന്റെ ജീവിതലക്ഷ്യം.
ബൈബിൾ പറയുന്നത് അനുസരിക്കുന്നതുകൊണ്ട് ഞങ്ങളുടെ വിവാഹബന്ധം മുമ്പത്തേതിലും ഒക്കെ ശക്തമാണ് ഇപ്പോൾ. ഞങ്ങൾക്ക് ഒരു മോളുണ്ട്. അവളും സന്തോഷത്തോടെ യഹോവയെ സേവിക്കുന്നു.
എന്നുവെച്ച് ഞങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടേയില്ല എന്നല്ല. ഞങ്ങൾക്കും ചെറിയ ചില കാറ്റും കോളും നേരിടേണ്ടിവന്നിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെ മടുത്തുപോകാതെ ഞങ്ങൾ യഹോവയിൽ ആശ്രയിച്ചുകൊണ്ടേയിരുന്നു. അതിനു ഞങ്ങളെ സഹായിച്ചതും യഹോവ തന്നെയാണ്.—സുഭാഷിതങ്ങൾ 3:5, 6.