ജോർജിയ
“ദൈവത്തിന് എല്ലാം സാധ്യം”
നറ്റേലാ ഗ്രിഗോറിയാഡിസ്
-
ജനനം 1960
-
സ്‌നാനം 1987
-
ജീവിതരേഖ ഒരു വാണിജ്യ ഉദ്യോഗസ്ഥയായിരുന്ന നറ്റേലാ സ്നാനമേറ്റതിനു ശേഷം തന്‍റെ അനുഭവപരിചയവും ബന്ധങ്ങളും പ്രസിദ്ധീകരണങ്ങൾ രഹസ്യത്തിൽ പ്രിന്‍റ് ചെയ്യുന്നതിന് ഉപയോഗിച്ചു.
1980-കളുടെ അവസാനത്തിൽ, ഞങ്ങളുടെ മീറ്റിങ്ങുകളിൽ വീക്ഷാഗോപുരം മാസിക അതു നടത്തുന്ന സഹോദരനു മാത്രമാണ് ഉണ്ടായിരുന്നത്. സാധാരണഗതിയിൽ, എഴുതിയെടുത്ത ഒരു കോപ്പിയായിരിക്കും അത്. മൂപ്പനായി സേവിക്കുന്ന ഗെനാഡി ഗുഡാഡ്സെ സഹോദരനെ സമീപിച്ച് നമ്മുടെ മാസികകൾ പ്രിന്‍റ് ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കൽ സംസാരിച്ചു.
സഹോദരങ്ങൾ സ്വയം നിർമിച്ച ഒരു മിമിയോഗ്രാഫ് യന്ത്രം ഉപയോഗിച്ചാണ് അതുവരെ ഏതാനും പ്രസിദ്ധീകരണങ്ങൾ ഉണ്ടാക്കിയിരുന്നത്. സ്ഥിരമായി മാസികകൾ പ്രിന്‍റ് ചെയ്യുന്നതിനു കുറച്ചുകൂടി നല്ല മിമിയോഗ്രാഫ് യന്ത്രവും അനുഭവപരിചയമുള്ള ഒരു ടൈപ്പിസ്റ്റും ടൈപ്പ്റൈറ്ററും ആവശ്യത്തിനു സ്റ്റെൻസിൽ പേപ്പറുകളും വേണമായിരുന്നു. പക്ഷേ എല്ലാ അച്ചടി ഉപകരണങ്ങളും, കടലാസ് പോലും ഗവൺമെന്റിന്റെ നിയന്ത്രണത്തിലായിരുന്നു. ഒരു പ്രത്യേക സുരക്ഷാവിഭാഗമായിരുന്നു അതു കൈകാര്യം ചെയ്തിരുന്നത്.
ഗവൺമെന്റിന്റെ നിയന്ത്രണത്തിൽപ്പെടാത്ത കാലഹരണപ്പെട്ട ചില പഴയ ഉപകരണങ്ങളെക്കുറിച്ച് എന്‍റെ ഒരു പരിചയക്കാരന് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെ ഞാൻ ഒരു ടൈപ്പ്റൈറ്റർ സംഘടിപ്പിച്ചു. എന്‍റെ അനിയത്തിക്കു ടൈപ്പ് ചെയ്യാൻ അറിയാമായിരുന്നു. സഹോദരങ്ങൾ ഒരു പുതിയ മിമിയോഗ്രാഫ് യന്ത്രം ഉണ്ടാക്കി. അതുപോലെ
സ്റ്റെൻസിലുകൾ വാങ്ങാൻ ഒരിടവും അവർ കണ്ടെത്തി. ആഗ്രഹിച്ചതുപോലെ കാര്യങ്ങളെല്ലാം ഒത്തുവന്നു. അങ്ങനെ, അധികംതാമസിയാതെ ജോർജിയൻ ഭാഷയിലുള്ള വീക്ഷാഗോപുരത്തിന്റെ ഒരു ലക്കം ആദ്യമായി ഞങ്ങൾ നിർമിച്ചു.എന്നാൽ പുതിയൊരു പ്രശ്‌നം ഉടലെടുത്തു. ഒരു ദിവസം, ഗെനാഡി സഹോദരൻ എന്നോടു പറഞ്ഞു: “സ്റ്റെൻസിലുകൾ വാങ്ങാൻ നമുക്കു വേറൊരു സ്ഥലം നോക്കണം.” ഒരു ഗവൺമെന്‍റ് ഓഫീസിൽ കുറെയധികം സ്റ്റെൻസിലുകൾ അദ്ദേഹം കണ്ടിരുന്നു. പക്ഷേ അധികാരികൾ അദ്ദേഹത്തെ നോട്ടമിട്ടിരുന്നതിനാൽ അതു വാങ്ങാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അത് എങ്ങനെ വാങ്ങാൻ കഴിയും? ഞാൻ അദ്ദേഹത്തോട് ആവർത്തിച്ച് പറഞ്ഞു: “അതു നടക്കില്ല!” എന്നാൽ ഗെനാഡി സഹോദരന്റെ ഉറച്ച മറുപടി ഇതായിരുന്നു; “‘അതു നടക്കില്ല!’ എന്ന പറച്ചിൽ നിറുത്ത്. കാരണം ‘ദൈവത്തിന് എല്ലാം സാധ്യമാണ്!’’’—മത്താ. 19:26.
അൽപ്പം ഭയം ഉണ്ടായിരുന്നെങ്കിലും ഗെനാഡി സഹോദരന്റെ വാക്കിന്‍റെ ബലത്തിൽ അടുത്ത ദിവസം ഞാൻ ആ ഓഫീസിലേക്കു പോയി. യഹോവയുടെ സഹായത്താൽ എനിക്കു സഹായമനസ്ഥിതിയുള്ള ഒരു ടൈപ്പിസ്റ്റിനെ കാണാൻ കഴിഞ്ഞു. അവർ എന്‍റെ അപേക്ഷ അവിടത്തെ ഓഫീസറുടെ മുമ്പാകെ വെക്കാമെന്നു പറഞ്ഞു. അവരുടെ ഭർത്താവായിരുന്നു ആ ഓഫീസർ! പെട്ടെന്നുതന്നെ ഞങ്ങൾ അവിടെ നിന്നും സ്ഥിരമായി സ്റ്റെൻസിലുകൾ വാങ്ങാൻ തുടങ്ങി. പിന്നീടങ്ങോട്ടു സാധനങ്ങൾ കിട്ടുന്നതിനു ഞങ്ങൾക്ക് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല.