ജോർജിയ | 1991-1997
കരുതലുള്ള ഇടയന്മാർ പരിശീലനം നൽകുന്നു
ജോർജിയയിലെ മിക്ക സഭകളിലും,1990-കളുടെ ആരംഭത്തിൽ, ഒരു മൂപ്പനോ, ശുശ്രൂഷാദാസനോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിശാലമായ ഒരു ഭൂപ്രദേശത്ത്, പ്രചാരകർ പല പട്ടണങ്ങളിലും ഗ്രാമങ്ങളിലും ആയി താമസിക്കുകയായിരുന്നു. അതുകൊണ്ട് അവർ ചെറിയ ഗ്രൂപ്പുകളിലാണു യോഗങ്ങൾക്കു കൂടിവന്നിരുന്നത്. അങ്ങനെയുള്ള പല ഗ്രൂപ്പുകൾ ചേരുന്നതായിരുന്നു ഓരോ സഭകളും.
കാഖേറ്റി മേഖലയിലെ ഒരു പട്ടണമായ ടെലാവിയിലെ സഹോദരങ്ങളെ സഹായിക്കുന്നതിനു ജോണി ഷലാംബെറഡ്സെ, പാവെൽ അബ്ഡുഷേലിഷ്വിലി എന്നീ സഹോദരന്മാരെ നിയമിച്ചു. ഇവർക്കു വിദൂരപ്രദേശങ്ങളിൽ പ്രവർത്തിച്ച് പരിചയമുണ്ടായിരുന്നു. 300 പ്രചാരകരുള്ള അവിടത്തെ സഭയിൽ ഒരു മൂപ്പൻപോലും ഉണ്ടായിരുന്നില്ല. പല സ്ഥലങ്ങളിലായി കൂടിവന്നിരുന്ന 13 ഗ്രൂപ്പുകൾ ചേരുന്നതായിരുന്നു ഈ സഭ.
പരിഹാരമായി ജോണിയും പാവെലും നല്ലൊരു നിർദേശം മുന്നോട്ടുവെച്ചു. കൃഷിപ്പണികൾക്കും വിളവെടുപ്പിനും സഹോദരങ്ങൾതന്നെ പരസ്പരം സഹായിക്കുക. അങ്ങനെയാകുമ്പോൾ അവർക്കു നല്ല സഹവാസത്തിന്റെ പ്രയോജനം കിട്ടും. (സഭാ. 4:9, 10) ജോണി പറയുന്നു: “സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധം വർധിച്ചു.” മൂന്നു വർഷം കഴിഞ്ഞ് ജോണിയും പാവെലും കാഖേറ്റി വിട്ടുപോകുമ്പോൾ 5 പ്രാദേശിക മൂപ്പന്മാരും 12 ശുശ്രൂഷാദാസന്മാരും അവിടെ ഉണ്ടായിരുന്നു.
മീറ്റിങ്ങുകൾ പ്രസംഗപ്രവർത്തനത്തിന് ഒരുക്കുന്നു
സാക്ഷികളുടെ പ്രവർത്തനങ്ങൾക്ക് 1990 വരെ നിയന്ത്രണം ഉണ്ടായിരുന്നതിനാൽ ചെറിയ കൂട്ടങ്ങളായാണ് അവർ മീറ്റിങ്ങുകൾക്കു കൂടിവന്നിരുന്നത്. സഭാപുസ്തകാധ്യയനവും വീക്ഷാഗോപുരപഠനവും മാത്രമാണു നടത്തിയിരുന്നത്. ആ കൂടിവരവുകൾ പ്രയോജനം ചെയ്തെങ്കിലും ആ മീറ്റിങ്ങുകൾ ശുശ്രൂഷയിലെ കഴിവുകൾ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുള്ളവയായിരുന്നില്ല.
കമ്മ്യൂണിസ്റ്റ് ഭരണം നിലംപതിച്ചപ്പോൾ ഇക്കാര്യത്തിൽ മാറ്റം വന്നു. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളും സേവനയോഗവും മധ്യവാരയോഗത്തിൽ ഉൾപ്പെടുത്താനുള്ള നിർദേശം സംഘടനയിൽനിന്ന് സഭകൾക്കു ലഭിച്ചു.
നൈലി കുട്സിഷ്വിലിക്കും അവളുടെ ചേച്ചിയായ ലാലി അലക്പിറോവക്കും ആ മീറ്റിങ്ങുകളെക്കുറിച്ച് രസകരമായ നല്ല ഓർമകൾ പങ്കുവെക്കാനുണ്ട്. ലാലി പറയുന്നു: “ഞങ്ങൾ ശരിക്കും ആസ്വദിച്ച നിമിഷങ്ങളായിരുന്നു അവ. സഹോദരിമാർക്കും പരിപാടികളിൽ പങ്കെടുക്കാമെന്നു കേട്ടപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായി.”
നൈലി പറയുന്നു: “ഒരു അവതരണത്തിൽ, വീട്ടുകാരി പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഇതാ വീട്ടുവാതിൽക്കൽ ആരോ വിളിക്കുന്നു. കയറിവരാൻ ക്ഷണിച്ചപ്പോൾ രണ്ടു സഹോദരിമാർ
രാജ്യഹാളിന്റെ മുൻവാതിൽ വഴി നേരെ സ്റ്റേജിലേക്കു വന്നുകയറി.” ലാലി തുടരുന്നു: “പല മീറ്റിങ്ങുകളും പുതുമ നിറഞ്ഞതായിരുന്നു. അതു ഞങ്ങളുടെ പ്രസംഗപ്രവർത്തനത്തിലെ കഴിവുകൾ വളർത്തി.”ആത്മീയഭക്ഷണത്തിന്റെ ആവശ്യം വർധിക്കുന്നു
വർഷങ്ങളോളം വീടുകളിൽവെച്ചാണു നമ്മുടെ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കിയിരുന്നത്. കുറച്ച് സഹോദരങ്ങൾ കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു കോപ്പികളെടുത്തിരുന്നത്. എന്നാൽ പ്രസിദ്ധീകരണങ്ങളുടെ ആവശ്യം വർധിച്ചുവന്നപ്പോൾ അവർ മിതമായ നിരക്കിൽ മാസികകൾ അച്ചടിച്ചുതരുന്ന സ്ഥാപനങ്ങളിലേക്കു തിരിഞ്ഞു.
മാസികയുടെ അച്ചടിക്കാനുള്ള മാതൃക വളരെ കരുതലോടെയും ശ്രദ്ധയോടെയും ആണ് സഹോദരങ്ങൾ തയ്യാറാക്കിയിരുന്നത്. ഇംഗ്ലീഷിലുള്ള നമ്മുടെ മാസികയുടെ അതേ കെട്ടുംമട്ടും ആണ് ജോർജിയൻ മാസികയിലും സ്വീകരിച്ചത്. പരിഭാഷ ചെയ്ത വിവരങ്ങൾ സഹോദരങ്ങൾ ആദ്യം ഭംഗിയായി ടൈപ്പ് ചെയ്ത് തയ്യാറാക്കും. പിന്നീട്, ഇംഗ്ലീഷ് മാസികയിൽനിന്ന് ചിത്രങ്ങൾ വെട്ടിയെടുത്ത് ടൈപ്പ് ചെയ്ത ആ കോപ്പിയിൽ ഒട്ടിച്ചുചേർക്കും. അവസാനമായി, കവർപേജിനുവേണ്ട ആകർഷകമായ അക്ഷരങ്ങൾ പത്രങ്ങളിൽനിന്ന് വെട്ടിയെടുത്ത് ഒട്ടിക്കും. അങ്ങനെ പ്രസ്സിലേക്കു പോകാനുള്ള മാസികയുടെ മാതൃകാകോപ്പി തയ്യാറായി!
കമ്പ്യൂട്ടറുകൾ കിട്ടിയപ്പോൾ ലെവാനി കൊപലിയാനി, ലെറി മിർസ്വാഷ്വിലി എന്നീ രണ്ടു യുവസഹോദരന്മാർ കമ്പ്യൂട്ടർ പരിശീലനകോഴ്സിൽ ചേർന്ന് അത് ഉപയോഗിക്കാൻ പഠിച്ചു. ലെറി ഓർമിക്കുന്നു: “ഞങ്ങളുടെ പരിചയക്കുറവ് പലപ്പോഴും ഒരു പ്രശ്നമായിരുന്നിട്ടുണ്ട്. പക്ഷേ, യഹോവയുടെ സഹായം കൊണ്ട് വളരെ പെട്ടെന്നുതന്നെ മാസികകൾ ടൈപ്പ് ചെയ്യാനും കമ്പോസ് ചെയ്യാനും ഞങ്ങൾക്കു കഴിഞ്ഞു.”
തടസ്സങ്ങൾ ഉണ്ടായിട്ടും ജോർജിയയിലെ സഭകൾക്ക് അവിടെത്തന്നെ അച്ചടിച്ച ചതുർവർണത്തിലുള്ള മാസികകൾ കിട്ടാൻ തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ അതും ആവശ്യത്തിനു തികയാതെയായി. എന്നാൽ അതു പരിഹരിക്കാൻ കൃത്യസമയത്ത് യഹോവയുടെ സംഘടനയിൽനിന്ന് അവർക്കു സ്നേഹപൂർവമായ മാർഗനിർദേശങ്ങൾ ലഭിച്ചു.
ഒരു വഴിത്തിരിവ്
1992-ൽ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽവെച്ച് ഒരു അന്താരാഷ്ട്ര കൺവെൻഷൻ നടന്നു. ഇതു ജോർജിയയിലെ സഹോദരങ്ങൾക്കു ജർമനിയിൽനിന്നുള്ള ബ്രാഞ്ച് പ്രതിനിധികളെ കാണാനുള്ള അവസരം നൽകി. ഗെനാഡി ഗുഡാഡ്സെ സഹോദരൻ പറയുന്നു: “പരിഭാഷയോടു ബന്ധപ്പെട്ട ജോലികൾ സാധാരണയായി എങ്ങനെയാണു ചെയ്യാറുള്ളതെന്ന് അവർ വിശദീകരിച്ചു. പരിഭാഷ ചെയ്യാൻ ഞങ്ങളെ പരിശീലിപ്പിക്കുന്നതിനു അധികം താമസിയാതെ സഹോദരങ്ങളെ അയയ്ക്കാമെന്നും അവർ പറഞ്ഞു.”
ജോർജിയൻ ഭാഷയിൽ ബൈബിൾപ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നത് അത്ര എളുപ്പമല്ല. ആ ഭാഷയുടെ തനതായ അക്ഷരമാലാശൈലി സംഘടന വികസിപ്പിച്ചെടുത്ത മെപ്സ് പ്രോഗ്രാമിൽ ഇല്ലാതിരുന്നതാണു കാരണം. അതുകൊണ്ട് പ്രിന്റിങ്ങിനുവേണ്ടി ജോർജിയൻ ഭാഷയ്ക്കു പുതിയ ഒരു അക്ഷരമാതൃക ഡിസൈൻ ചെയ്യണമായിരുന്നു.
1970-കളുടെ അവസാനത്തിൽ ജോർജിയയിലെ ഡാറ്റികാഷ്വിലി എന്ന കുടുംബം ഐക്യനാടുകളിലേക്കു കുടിയേറി. ആ കുടുംബത്തിലെ മറീന എന്ന പെൺകുട്ടി പിന്നീട് അവിടെവെച്ച് സത്യം പഠിച്ചു. ബ്രൂക്ലിൻ ബഥേലിലുള്ള നമ്മുടെ സഹോദരങ്ങൾക്കു ജോർജിയൻ ഭാഷയിലെ ഓരോ അക്ഷരവും മെപ്സ് പ്രോഗ്രാമിൽ ചിട്ടപ്പെടുത്തുന്നതിനും ഉൾപ്പെടുത്തുന്നതിനും ഈ പെൺകുട്ടി ചെയ്ത സഹായം വളരെ വലുതായിരുന്നു. പെട്ടെന്നുതന്നെ ചില ലഘുലേഖകളും “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു” എന്ന ലഘുപത്രികയും ജർമനിയിൽനിന്ന് പ്രിന്റു ചെയ്യാനായി.
പരിഭാഷാ ജോലികൾ സംഘടിപ്പിക്കുന്നു
1993-ൽ ജർമൻ ബ്രാഞ്ചോഫീസിൽനിന്ന് മൈക്കിൾ ഫ്ളെക്കൻസ്റ്റീൻ സഹോദരനും ഭാര്യ സിൽവിയയും ഒരു പരിഭാഷാകേന്ദ്രം സംഘടിപ്പിക്കുന്നതിനു ടിബിലിസിയിൽ എത്തി. മൈക്കിൾ പറയുന്നു: “സെന്റ് പീറ്റേഴ്സ്ബർഗിൽ വെച്ച് നടന്ന മീറ്റിങ്ങായിരുന്നു അപ്പോഴും എന്റെ മനസ്സിൽ. ആ മീറ്റിങ്ങിനു ശേഷം 18 മാസം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഞങ്ങൾ ടിബിലിസിയിൽ എത്തുമ്പോൾ നന്നായി പ്രവർത്തിക്കുന്ന ഒരു പരിഭാഷാസംഘത്തെയാണു കാണുന്നത്.”
ഏതാനും മാസങ്ങൾക്കകം 11 മുഴുസമയപരിഭാഷകർ ഒരു ചെറിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. യഹോവയുടെ സംഘടന
നൽകിയ വിലമതിക്കാനാകാത്ത പരിശീലനത്തിനാണു നന്ദിപറയേണ്ടത്. കാരണം ഇപ്പോൾ സഭകൾക്ക് ആത്മീയഭക്ഷണം മുടങ്ങാതെ ക്രമമായി വിതരണം ചെയ്യാൻ കഴിയുന്നുണ്ട്.കുഴപ്പങ്ങൾക്കിടയിലും ആത്മീയഭക്ഷണം വിതരണം ചെയ്യുന്നു
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം അതിന്റെ ഭാഗമായിരുന്ന പല രാജ്യങ്ങളിലും പ്രക്ഷോഭങ്ങളും വർഗീയ സംഘട്ടനങ്ങളും തലപൊക്കി. ജോർജിയയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അതിന്റെ ഫലമായി രാജ്യത്ത് എവിടെയും വിശേഷിച്ച് അതിർത്തിപ്രദേശങ്ങളിൽ സഞ്ചരിക്കുന്നത് അപകടം വിളിച്ചുവരുത്തുമായിരുന്നു.
1994 നവംബർ മാസത്തിൽ അലേക്കോ ഗ്രിറ്റിഷ്വിലി സഹോദരനും മറ്റ് രണ്ടു സഹോദരന്മാരും ഒരു അതിർത്തിപ്രദേശം കടക്കുകയായിരുന്നു. ആയുധധാരികളായ ഒരു കൂട്ടം ആളുകൾ അവരുടെ കാർ തടഞ്ഞ് അവരോടു പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. അലേക്കോ പറയുന്നു: “നമ്മുടെ ബൈബിൾപ്രസിദ്ധീകരണങ്ങൾ കണ്ടതേ അവർക്കു കലികയറി. അവർ ഞങ്ങളെ നിരനിരയായി നിറുത്തി. വെടിവെച്ചുകൊല്ലാൻ പോകുകയാണെന്നു തോന്നിപ്പോയി. ഞങ്ങൾ യഹോവയോട് ഉള്ളുരുകി പ്രാർഥിച്ചു. ഏതാണ്ട് രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ അതിലൊരാൾ ഇങ്ങനെ പറഞ്ഞു. ‘നിങ്ങളുടെ പുസ്തകവുംകൊണ്ട് വേഗം സ്ഥലം കാലിയാക്ക്. മേലിൽ ഇവിടെങ്ങാനും കണ്ടാൽ നിങ്ങളുടെ കാറും കത്തിക്കും നിങ്ങളെയും കത്തിക്കും.’”
ഭീഷണികൾക്കു നടുവിലും സഹോദരങ്ങൾ ആത്മീയഭക്ഷണം വിതരണം ചെയ്യുന്നതിൽ തുടർന്നു. ജോർജിയയിലേക്കു പ്രസിദ്ധീകരണങ്ങൾ കടത്തിക്കൊണ്ടുവരാൻ ഒരുപാടു ത്യാഗങ്ങൾ സഹിച്ച സാസാ ജിക്കുറാഷ്വിലി സഹോദരൻ പറയുന്നു: “സഹോദരങ്ങൾക്ക് ആത്മീയഭക്ഷണം ആവശ്യമാണെന്നു ഞങ്ങൾക്ക് അറിയാമായിരുന്നു. ഞങ്ങളുടെ ഭാര്യമാർ നൽകിയ പിന്തുണ ഞങ്ങൾ അതിയായി വിലമതിക്കുന്നു.”
അലേക്കോ സഹോദരൻ പറയുന്നു: “പ്രസിദ്ധീകരണങ്ങൾ കൊണ്ടുവന്നവരിൽ ഏറിയപങ്കും കുടുംബനാഥന്മാർ ആയിരുന്നു.” അപകടഭീഷണി ഉണ്ടായിരുന്നിട്ടും ഇതിന് അവരെ പ്രേരിപ്പിച്ചത് എന്താണ്? അദ്ദേഹം തുടരുന്നു: “പ്രധാനമായും യഹോവയോടുള്ള സ്നേഹവും നന്ദിയും ആണ് ഞങ്ങളെ അതിനു പ്രേരിപ്പിച്ചത്. ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരന്മാരെയും സഹോദരിമാരെയും യഹോവ എത്രയേറെ കരുതുന്നു! ഈ കാര്യത്തിൽ യഹോവയെ അനുകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”
ഈ സഹോദരങ്ങളുടെ ആത്മത്യാഗമനോഭാവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകുകയില്ല! ജോർജിയയിലെ കുഴപ്പങ്ങളുടെ കാലത്തുടനീളം പ്രസിദ്ധീകരണങ്ങളുടെ വിതരണം മുടങ്ങാതെ നടന്നു. പ്രസിദ്ധീകരണങ്ങൾ എത്തിക്കാൻ സഹോദരന്മാർ ജർമനിക്കും ജോർജിയയ്ക്കും ഇടയിൽ കുറെക്കൂടി സുരക്ഷിതമായ പാതകൾ പിന്നീടു കണ്ടെത്തി.
തക്കസമയത്തെ ആത്മീയപ്രോത്സാഹനം
1995-ൽ രാജ്യത്തെ രാഷ്ട്രീയരംഗത്ത് സ്വസ്ഥത കൈവന്നതോടെ സാക്ഷികൾ അവരുടെ ആദ്യ ഡിസ്ട്രിക്റ്റ് കൺവെൻഷൻ നടത്താനുള്ള ഒരുക്കങ്ങൾ ചെയ്തു. 1996-ലെ വേനൽക്കാലത്ത് ഗോറി, മർന്യൂലി, സ്നോറി എന്നീ മൂന്നു സ്ഥലങ്ങളിൽ നടന്ന കൺവെൻഷനുകളിൽ ജോർജിയയിൽ എല്ലായിടത്തുനിന്നുമായി ഏതാണ്ട് 6,000 പ്രതിനിധികൾ പങ്കെടുത്തു.
ഗോറിയിൽ നടന്ന കൺവെൻഷനിൽ പങ്കെടുത്തവർക്കെല്ലാം അതു മറക്കാൻ പറ്റാത്ത ഒരു അനുഭവമായിരുന്നു. സഹോദരങ്ങൾ 2,000-ത്തോളം പേരെയാണു പ്രതീക്ഷിച്ചത്. പക്ഷേ അത്രയും പേർക്ക് ഇരിക്കാവുന്ന ഒരു ഹാൾ അവർക്കു കിട്ടിയില്ല. അതുകൊണ്ട് നഗരത്തിൽനിന്ന് അധികം അകലെയല്ലാതെ മനോഹരമായ
ഒരു മലഞ്ചെരുവിൽവെച്ച് കൺവെൻഷൻ നടത്താൻ തീരുമാനിച്ചു. ഇതേ ഗോറിപട്ടണത്തിൽ സ്മാരകാചരണത്തിന് ഒരു ഹാൾ നിറയെ ആളുകൾ വരുമോ എന്നു സംശയിച്ച ഒരുകാലം ഉണ്ടായിരുന്നു. എത്ര വലിയ മാറ്റം!കൺവെൻഷൻ കമ്മിറ്റിയിൽ സേവിച്ചിരുന്ന കക്കോ ലോമിഡ്സെ സഹോദരൻ പറയുന്നു: “പരിപാടികൾ കഴിഞ്ഞിട്ടും സഹോദരങ്ങൾ പെട്ടെന്നു പിരിഞ്ഞു പോയില്ല. അവർ പാട്ടുകൾ പാടി . . . നല്ല സഹവാസം ആസ്വദിച്ച് . . . സമയം ചെലവഴിച്ചു. ദൈവജനം സ്നേഹത്തിൽ ഏകീകൃതരാണെന്ന് എല്ലാവർക്കും ഈ കൺവെൻഷൻ കാണിച്ചുകൊടുത്തു.”—യോഹ. 13:35.
സ്നേഹപൂർവമായ കരുതലുകൾ വളർച്ചയ്ക്ക് ഉതകുന്നു
സഞ്ചാര മേൽവിചാരകന്മാർ ഓരോ സഭയും സന്ദർശിച്ച് ഒരാഴ്ച മുഴുവൻ അവിടെ ചെലവഴിക്കുന്ന ക്രമീകരണം 1996 മുതൽ ജോർജിയയിൽ ഏർപ്പെടുത്തി. ഈ ലക്ഷ്യത്തിൽ എത്തിച്ചേരാൻ രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും മേഖലകളിൽ സേവിച്ചുകൊണ്ടിരുന്ന സഹോദരന്മാരോടൊപ്പം ചേരാൻ ധാരാളം പുതിയ സഞ്ചാര മേൽവിചാരകന്മാരെ നിയമിച്ചു.
ഈ സഞ്ചാര മേൽവിചാരകൻമാരുടെ ആത്മാർഥതയും അവർ ‘സ്നേഹത്തോടെ ചെയ്യുന്ന കഠിനാധ്വാനവും’ സഭകൾ എണ്ണത്തിൽ പെരുകാൻ ഇടയാക്കി. കൂടാതെ, സംഘടനയിലൂടെ ലഭിക്കുന്ന നിർദേശങ്ങൾ കൃത്യമായി അനുസരിക്കാനും അവർ സഹോദരങ്ങളെ സഹായിച്ചു. (1 തെസ്സ. 1:3) 1990 മുതൽ 1997 വരെയുള്ള കാലത്ത് അസാധാരണമായ വളർച്ചയാണ് ഉണ്ടായത്. 1990-ൽ 904 പ്രചാരകർ പ്രവർത്തനം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വെറും ഏഴു വർഷം കഴിഞ്ഞപ്പോൾ 11,082 പേർ സന്തോഷവാർത്ത വ്യാപിപ്പിക്കുന്നതിൽ പങ്കെടുക്കുന്നുണ്ടായിരുന്നു.
പതിറ്റാണ്ടുകൾക്കു മുമ്പേ ആരംഭിച്ച ആത്മീയവളർച്ച ഇപ്പോൾ വളരെ പ്രകടമാണ്. അതു രാജ്യം മുഴുവൻ വ്യാപിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ അതുകൊണ്ടും തീരുന്നില്ല, ജോർജിയയിലെ തന്റെ ജനത്തിന് യഹോവ ഭാവിയിലേക്കു കരുതിവെച്ചിരിക്കുന്നത് എത്രയെത്ര അനുഗ്രഹങ്ങളാണ്!