ജോർജിയ
“ഇതെല്ലാം യഹോവയുടെ ദാസരുടെ ജന്മാവകാശമാണ്!”—യശ. 54:17.
ജോർജിയയിലുള്ള യഹോവയുടെ ദാസന്മാർ സന്തോഷവാർത്ത തീക്ഷ്ണതയോടെ പ്രസംഗിച്ചിരിക്കുന്നു. അവരുടെ കഠിനാധ്വാനത്തെ യഹോവ അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായി സന്തോഷവാർത്ത രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിച്ചേർന്നിരിക്കുന്നു.
എങ്കിലും വളരെ കുറച്ച് മാത്രം പ്രവർത്തിച്ചിട്ടുള്ള പ്രദേശങ്ങളുമുണ്ട്. അവിടെ കഴിഞ്ഞ കുറെ വർഷങ്ങളായി ഉത്സാഹികളായ പ്രചാരകരും മുൻനിരസേവകരും കൂടുതൽ ശ്രദ്ധ കൊടുത്തുവരുന്നു. അവർക്കു
പർവതപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ചില വിദൂരഗ്രാമങ്ങളിൽ എത്തിച്ചേരാൻ മലകയറാൻ പറ്റുന്ന നാലുചക്രവാഹനങ്ങളോ കേബിൾ കാറുകളോ ഇല്ലാതെപറ്റില്ല.2009 മുതൽ ഓരോ വർഷവും ജോർജിയ ബ്രാഞ്ച്, ആർക്കും നിയമിച്ചുകൊടുത്തിട്ടില്ലാത്ത പ്രദേശങ്ങളുടെ ഒരു പട്ടിക സഭകൾക്ക് അയച്ചുകൊടുക്കാറുണ്ട്. ആ പ്രദേശങ്ങളിലെ പ്രസംഗപ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനു പ്രചാരകരെ ക്ഷണിക്കുകയും ചെയ്യും. ഈ പ്രവർത്തനത്തിൽ പങ്കു ചേരാൻ അനേകരും ശ്രദ്ധേയമായ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്.
ഈയിടെ വിവാഹിതരായ ടെമൂറി ബ്ലിയാഡ്സെയും അനയും പർവതപ്രദേശമായ അജാരിയമേഖലയിൽ പ്രചാരകരുടെ ആവശ്യം കൂടുതലുണ്ടെന്ന് അറിഞ്ഞു. ഒരു പുതിയ വീടു പണിയാൻ അവർ സ്ഥലം വാങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇപ്പോൾ അവർക്കു ശുശ്രൂഷ വികസിപ്പിക്കാനുള്ള ഒരു അവസരം ഒത്തുവന്നിരിക്കുകയാണ്.
ആദ്യം അവർ അജാരിയമേഖലയിൽ പോയി ഒരാഴ്ച അവിടെ തങ്ങി. ടെമൂറി പറയുന്നു: “അവിടങ്ങളിലെ പ്രചാരകർക്കു ചെറിയ ഗ്രാമങ്ങളിൽ എത്തിച്ചേരാൻ വളരെ ദൂരം നടക്കേണ്ടിവരുന്നുണ്ട്. ഞങ്ങൾക്കാണെങ്കിൽ ഈ സ്ഥലത്ത് ഓടിക്കാൻ പറ്റിയ ഒരു ഫോർ വീൽ ഡ്രൈവ് വണ്ടിയുണ്ട്. അത് ഇവിടെ ഉപയോഗിക്കാമല്ലോ എന്ന് എനിക്ക് അപ്പോഴേ തോന്നി.”
അന കൂട്ടിച്ചേർക്കുന്നു: “ഞങ്ങളുടെ സ്വന്തം കുടുംബക്കാരെയും സഭയെയും വിട്ടു പോരുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. കാരണം ഞങ്ങൾക്ക് അവരുമായി അത്ര അടുത്തബന്ധമാണ് ഉണ്ടായിരുന്നത്. പക്ഷേ ഞങ്ങളുടെ തീരുമാനത്തെ യഹോവ അനുഗ്രഹിക്കുന്നുണ്ടായിരുന്നു.” ഏതാണ്ടു മൂന്നു വർഷത്തിലേറെയായി അജാരിയ മേഖലയിലെ കേഡാ എന്ന സ്ഥലത്തുള്ള ഒരു ഗ്രൂപ്പിനെ പിന്തുണച്ചുകൊണ്ട് ടെമൂറിയും അനയും അവിടെ സേവിക്കുന്നു.
പ്രതിബന്ധങ്ങൾ മറികടക്കുന്ന മുൻനിരസേവകർ
രാജ്യത്തിന്റെ ഈ വിദൂരഭാഗങ്ങളിൽ പ്രസംഗപ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിൽ താത്കാലിക പ്രത്യേകമുൻനിരസേവകർ നൽകിയ സഹായം എടുത്തുപറയത്തക്കതാണ്. എന്നാൽ ഈ മുൻനിരസേവകരുടെ നിയമനകാലം അവസാനിച്ചപ്പോൾ മിക്കവരും മടങ്ങിപ്പോകാതെ അവരെ നിയമിച്ച സ്ഥലങ്ങളിൽ തന്നെ തുടർന്നു. അങ്ങനെ അവരുടെ ബൈബിൾവിദ്യാർഥികളെ പിന്നീടും സഹായിക്കാൻ കഴിഞ്ഞു.
മനോഹരമായ മാൻഗ്ലിസി പട്ടണത്തിലേക്കു രണ്ടു മുൻനിരസേവികമാരെ നിയമിച്ചു. ഖാട്ടുന എന്നായിരുന്നു രണ്ടു പേരുടെയും പേരുകൾ. ആ സ്ഥലത്ത് സാക്ഷികൾ ആരും ഇല്ലായിരുന്നു. പക്ഷേ, രണ്ടു സഹോദരിമാർക്കും ശുശ്രൂഷയിൽ നല്ല ഫലം കാണാൻ കഴിഞ്ഞു. ഓരോ മാസവും അവരുടെ ബൈബിൾപഠനങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു. ആദ്യമാസം അവർ 9 ബൈബിൾപഠനങ്ങൾ നടത്തി. പിന്നീട് 12-ഉം, 15-ഉം, 18-ഉം ആയി സംഖ്യ ഉയർന്നു. ബൈബിൾവിദ്യാർഥികളെ തുടർന്നും സഹായിക്കാൻ ആ സഹോദരിമാർ മാൻഗ്ലിസിൽതന്നെ താമസിക്കാൻ തീരുമാനിച്ചു.
എന്നാൽ ജീവിതച്ചെലവുകൾക്കുള്ള പണത്തിന് അവർ എന്തെങ്കിലും മാർഗം കണ്ടെത്തണമായിരുന്നു. മാൻഗ്ലിസി സന്ദർശിക്കാൻ വരുന്ന മിക്കവർക്കും പൈൻകോൺ ഉപയാഗിച്ചുണ്ടാക്കുന്ന അവിടത്തെ ഒരു പ്രത്യേകവിഭവം ഇഷ്ടമായിരുന്നു. ഇത് ആരോഗ്യപരമായി വളരെ ഗുണങ്ങളുള്ള ഒന്നായിരുന്നു. സഹോദരിമാർ പച്ചപൈൻകോൺ ശേഖരിച്ച് പേരുകേട്ട ഈ വിഭവം തയ്യാറാക്കി അവിടത്തെ ചന്തയിൽ കൊണ്ടുപോയി വിൽക്കും. അങ്ങനെയിരിക്കെ അവർക്ക് അപ്രതീക്ഷിതമായ മറ്റൊരു വരുമാനമാർഗം ഒത്തുവന്നു.
ഒരു ദിവസം ബൈബിൾവിദ്യാർഥികളിൽ ഒരാൾ കുറെ കോഴിക്കുഞ്ഞുങ്ങളെ
കൊണ്ടുവന്ന് തന്നു. അവരുടെ ഒരു കോഴി മറ്റെവിടെയോ മുട്ടയിട്ട് അടയിരുന്ന് ഇപ്പോൾ കുറെ കുഞ്ഞുങ്ങളുമായി വന്നിരിക്കുകയാണെന്നു പറഞ്ഞു. ഈ കോഴിക്കുഞ്ഞുങ്ങളെ ബൈബിൾ പഠിപ്പിക്കുന്നവർക്കു നൽകാനാണു കൊണ്ടുവന്നതെന്ന് അവർ പറഞ്ഞു. സഹോദരിമാരിൽ ഒരാൾക്കു കോഴിയെ വളർത്താൻ അറിയാമായിരുന്നു. അതുകൊണ്ട് തങ്ങളുടെ ചെലവിനായി ചെറിയതോതിൽ കോഴിവളർത്തൽ തുടങ്ങാൻ അവർ തീരുമാനിച്ചു.ഒരു സഹോദരി പറയുന്നു: “യഹോവയുടെയും സഹോദരങ്ങളുടെയും ബൈബിൾവിദ്യാർഥികളുടെയും സഹായം കൊണ്ട് ഞങ്ങൾക്ക് അഞ്ചു വർഷം മാൻഗ്ലിസിയിൽ താമസിക്കാൻ കഴിഞ്ഞു.” ഇപ്പോൾ അവിടെ ഒരു ഗ്രൂപ്പ് സജീവമായി പ്രവർത്തിക്കുന്നു.
അന്യഭാഷാവയലിലെ മുൻനിരസേവനം
അടുത്തകാലത്തായി ജോർജിയയിലേക്കു വിദേശികളുടെ ഒരു ഒഴുക്കു തന്നെ ഉണ്ടായിട്ടുണ്ട്. സേവനത്തിന്റെ ഒരു പുതിയ വയൽ തുറന്നുവരുന്നതായി മിക്ക മുൻനിരസേവകരും മനസ്സിലാക്കി. അതുകൊണ്ട് അവർ അറബി, അസർബയ്ജാനി, ചൈനീസ്, ഇംഗ്ലീഷ്, പേർഷ്യൻ, ടർക്കിഷ്, കുർദിഷ് തുടങ്ങിയ ഭാഷകൾ പഠിക്കാൻ തുടങ്ങി.
പല മുൻനിരസേവകരും അന്യഭാഷാഗ്രൂപ്പുകളിലും സഭകളിലും ചേർന്ന് പ്രവർത്തിക്കുന്നു. എന്നാൽ മറ്റു ചിലരാകട്ടെ ഇതിലും ആവശ്യം കൂടുതലുള്ള വിദേശരാജ്യങ്ങളിലേക്കു മാറിത്താമസിച്ചിരിക്കുന്നു. ഏതാണ്ട് 20-കളിലായിരുന്ന ജോർജി, ഗെല എന്നീ സഹോദരന്മാർ ഒരു അയൽരാജ്യത്തേക്കു മാറിത്താമസിക്കാൻ തീരുമാനിച്ചു. ജോർജി പറയുന്നു: “യഹോവയ്ക്കു ഞങ്ങളുടെ ഏറ്റവും നല്ലതു കൊടുക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. അതിനു ഏറ്റവും പറ്റിയ അവസരമായിരുന്നു അത്.”
അവിടെയായിരുന്ന സമയത്തെക്കുറിച്ച് ഓർത്തുകൊണ്ട് ഗെല പറയുന്നു: “അങ്ങനെയൊരു പ്രദേശത്ത് മൂപ്പനായി സേവിച്ചത് എന്നെ ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചു. യഹോവ തന്റെ ‘കുഞ്ഞാടുകളെ’ സഹായിക്കാൻ നിങ്ങളെ ഉപയോഗിക്കുന്നത് ഒരു വലിയ പദവിയാണ്.”—യോഹ. 21:17.
ജോർജി കൂട്ടിച്ചേർക്കുന്നു: “വെല്ലുവിളികൾ ഉണ്ടായിരുന്നെങ്കിലും മറിച്ചൊന്നും ചിന്തിക്കാതെ ഞങ്ങൾ സേവനത്തിൽ ശ്രദ്ധിച്ചു. ചെയ്യേണ്ടിയിരുന്നതു ചെയ്തു എന്നു മാത്രമേ ഞങ്ങൾക്കു തോന്നിയിട്ടുള്ളൂ.”
ഗെല എന്നുതന്നെ പേരുള്ള മറ്റൊരു സഹോദരൻ തുർക്കിയിൽ കുറച്ച് വർഷങ്ങൾ സേവിച്ചിരുന്നു. അദ്ദേഹം ഓർക്കുന്നു: “തുടക്കത്തിൽ അവിടത്തെ ഭാഷ എനിക്ക് ഒരു പ്രശ്നമായിരുന്നതുകൊണ്ട് എന്റെ സന്തോഷം നിലനിറുത്തുന്നത് ഒരു വെല്ലുവിളി ആയിരുന്നു. എന്നാൽ പിന്നീട് അവിടെയുള്ളവരോടും സഹോദരങ്ങളോടും ആ ഭാഷയിൽ സംസാരിച്ച് തുടങ്ങിയപ്പോൾ എനിക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു.”
പത്തു വർഷത്തിലധികം തുർക്കിയിലെ ഇസ്താൻബുള്ളിൽ മുൻനിരസേവികയായി പ്രവർത്തിച്ച നീനൊ എന്ന സഹോദരി പറയുന്നു: “അവിടേക്കു മാറിത്താമസിച്ച ആദ്യദിവസം മുതൽ യഹോവയുടെ സഹായം ഞാൻ അനുഭവിച്ചറിഞ്ഞു. വാർഷികപുസ്തകത്തിൽ വരുന്നതുപോലുള്ള അനുഭവങ്ങളാണ് ഓരോ ദിവസവും അന്യഭാഷാവയലിൽ സേവിക്കുമ്പോൾ ഉണ്ടാകുന്നത്.”