ജോർജിയ
യഥാർഥ ക്രിസ്തീയസ്നേഹം ഒരിക്കലും നിലച്ചുപോകില്ല!
ഇഗോർ: അബ്ഖാസിയയിലെ ക്വർച്ചെലി പട്ടണത്തിലുണ്ടായിരുന്ന സാക്ഷികളുടെ ഒരു ചെറിയ കൂട്ടത്തോടൊപ്പമായിരുന്നു ഞങ്ങൾ പ്രവർത്തിച്ചിരുന്നത്. ജ്വാരി നഗരത്തിൽനിന്നും 85 കിലോമീറ്റർ അകലെയുള്ള സഭയുടെ ഭാഗമായിരുന്നു ഞങ്ങൾ. അതുകൊണ്ട് ഞങ്ങൾക്കു വേണ്ട ബൈബിൾപ്രസിദ്ധീകരണങ്ങൾ മാസംതോറും ജ്വാരിയിൽ പോയി ഞാൻ കൊണ്ടുവരും. സ്വയംഭരണമേഖലയായ അബ്ഖാസിയ, സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം 1992-ൽ ജോർജിയയിൽനിന്ന് വേർപെട്ടുപോകാൻ ശ്രമിച്ചു. ഇതിന്റെ പിന്നിലുള്ള വിഭജനവാദികളും ജോർജിയൻ സൈന്യവും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അതു ഞങ്ങൾക്ക് ഒട്ടേറെ കഷ്ടപ്പാടു വരുത്തിവെച്ചു.
ഗിസോ: സംഘർഷം തുടങ്ങുന്നതിന് ഒരു വർഷം മുമ്പ്, എന്റെ 21-ാമത്തെ വയസ്സിലാണു ഞാൻ സ്നാനമേറ്റത്. പെട്ടെന്നു യുദ്ധം ആരംഭിച്ചപ്പോൾ താത്കാലികമായാണെങ്കിലും സഹോദരങ്ങളെ ഭയവും അനിശ്ചിതത്വവും തളർത്തിക്കളഞ്ഞു. പക്ഷേ ഒരു നല്ല ഇടയനായി എപ്പോഴും ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഇഗോർ സഹോദരൻ ഇങ്ങനെ പറഞ്ഞ് ഞങ്ങളെ പ്രോത്സാഹിപ്പിക്കുമായിരുന്നു: “ഇപ്പോഴാണ് ആളുകൾക്ക് ആശ്വാസം വേണ്ടത്. ശുശ്രൂഷയുമായി മുന്നോട്ടുപോയാലേ നമുക്ക് ആത്മീയമായി പിടിച്ചുനിൽക്കാൻ
കഴിയൂ.” അതുകൊണ്ട് അയൽക്കാരോടു വളരെ ജാഗ്രതയോടെ ദൈവവചനത്തിലെ ആശ്വാസം നൽകുന്ന സന്ദേശം ഞങ്ങൾ എന്നും പങ്കുവെച്ചിരുന്നു.ഇഗോർ: പ്രസിദ്ധീകരണങ്ങൾ കൊണ്ടുവരുന്നതിനു ജ്വാരി നഗരത്തിലേക്കു പോകാനും വരാനും ഉപയോഗിച്ചിരുന്ന വഴി, സംഘർഷം കാരണം ഞങ്ങൾക്ക് ഉപേക്ഷിക്കേണ്ടിവന്നു. ആ പ്രദേശത്ത് വളർന്ന ആളായതുകൊണ്ട് എനിക്കു തേയിലത്തോട്ടങ്ങളിലൂടെയും മലഞ്ചെരിവുകളിലൂടെയും ഉള്ള സുരക്ഷിതമായ മറ്റൊരു വഴി അറിയാമായിരുന്നു. എന്നാലും വഴിക്കുവെച്ച് ആയുധധാരികളായ ആളുകളെ കണ്ടുമുട്ടാനും ഒരുപക്ഷേ കുഴിബോംബിൽ ചവിട്ടി അപകടമുണ്ടാകാനും ഉള്ള സാധ്യത ഉണ്ടായിരുന്നു. സഹോദരങ്ങളുടെ ജീവൻ ഇങ്ങനെ അപകടത്തിലാകാതിരിക്കാൻ ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് ഞാൻ മാസത്തിൽ ഒരിക്കൽ ഒറ്റയ്ക്കാണു ജ്വാരിയിൽ പോയിവന്നിരുന്നത്. യഹോവയുടെ സഹായത്താൽ എനിക്ക് എപ്പോഴും തക്കസമയത്തെ ആത്മീയാഹാരം കൃത്യമായി കൊണ്ടുവരുന്നതിനു കഴിഞ്ഞു. അതു ഞങ്ങളെ ആത്മീയമായി ശക്തരാക്കി നിറുത്തി.
ഞങ്ങൾ താമസിച്ചിരുന്ന ക്വർച്ചെലി പട്ടണത്തിൽ പോരാട്ടങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും പെട്ടെന്നുതന്നെ അവിടത്തെ റോഡുകളെല്ലാം അടച്ചു. അതിന്റെ ഫലമായി യുദ്ധകാലത്തെ അവസ്ഥകളാണു ഞങ്ങൾ അനുഭവിക്കേണ്ടിവന്നത്. തണുപ്പുകാലം അടുത്തുവരുകയായിരുന്നു. ഭക്ഷണസാധനങ്ങൾ തീർന്നുകൊണ്ടിരുന്നതു ഞങ്ങളെ ഉത്കണ്ഠാകുലരാക്കി. ജ്വാരി നഗരത്തിലെ നമ്മുടെ സഹോദരങ്ങൾ ഞങ്ങൾക്കുവേണ്ടി ദുരിതാശ്വാസപ്രവർത്തനം ക്രമീകരിച്ചിട്ടുണ്ടെന്നു കേട്ടതു ഞങ്ങളെ എത്ര സന്തോഷിപ്പിച്ചെന്നോ!
ഗിസോ: ഒരു ദിവസം ഇഗോർ സഹോദരൻ ഞങ്ങളുടെ വീട്, ഭക്ഷണസാധനങ്ങൾ സൂക്ഷിക്കാനും വിതരണം ചെയ്യാനും ഉള്ള സ്ഥലമായി ഉപയോഗിക്കാമോ എന്നു ചോദിച്ചു. സഹോദരങ്ങൾ സംഘടിപ്പിച്ച ഭക്ഷ്യസാധനങ്ങളും മറ്റും ജ്വാരിയിൽനിന്നും എത്തിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. ഞങ്ങളുടെ അടുക്കൽ എത്തുന്നതിന് അദ്ദേഹത്തിനു പല ചെക്ക്പോസ്റ്റുകളും കടക്കേണ്ടതുണ്ടായിരുന്നു. അതുപോലെ അക്രമികളെയും കള്ളന്മാരെയും നേരിടേണ്ടിവരുമല്ലോ എന്ന് ഓർത്തപ്പോൾ ഇഗോർ സഹോദരന്റെ സുരക്ഷയിൽ ഞങ്ങൾക്കു വളരെയധികം ഉത്കണ്ഠ തോന്നി.—യോഹ. 15:13.
ഏതാനും ദിവസം കഴിഞ്ഞ് ഒരു വാഹനത്തിൽ മഞ്ഞുകാലത്തേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളുമായി ഇഗോർ സഹോദരൻ സുരക്ഷിതനായി എത്തിച്ചേർന്നു. അപ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷം ഒന്ന് ഓർത്തുനോക്കൂ! ആ വിഷമസമയങ്ങളിൽ യഥാർഥ ക്രിസ്തീയസ്നേഹം ഒരിക്കലും നിലച്ചുപോകില്ല എന്നു ഞങ്ങൾക്കു നേരിട്ട് അനുഭവിച്ചറിയാൻ കഴിഞ്ഞു.—1 കൊരി. 13:8.