ജോർജിയ
എന്‍റെ ഭർത്താവിന് വായന നിറുത്താൻ കഴിഞ്ഞില്ല!
മറീന കൊപലിയാനി
-
ജനനം 1957
-
സ്‌നാനം 1990
-
ജീവിതരേഖ തീക്ഷ്ണതയുള്ള പ്രചാരകരായിരുന്നു മറീനയും ഭർത്താവ് ബാദ്രിയും. ഉത്സാഹത്തോടെ പ്രവർത്തിക്കുന്നതിനിടയിൽ രണ്ട് ആൺമക്കളെ വളർത്തിക്കൊണ്ടുവരുന്ന ഉത്തരവാദിത്വവും അവർക്കുണ്ടായിരുന്നു. ബാദ്രി പിന്നീടു കൺട്രി കമ്മിറ്റിയിൽ സേവിച്ചു. 2010-ൽ മരിക്കുന്നതുവരെ അദ്ദേഹം വിശ്വസ്തനായി തുടർന്നു.
എന്‍റെ ഭർത്താവും ഞാനും 1989-ൽ, അയൽപക്കത്തെ ഒരു വീട്ടിൽവെച്ച് സാക്ഷികളെ കണ്ടുമുട്ടി. അന്ന് അവിടെ ബൈബിളധ്യയനത്തിനു വന്നിരുന്ന ഗിവി ബെർനാഡ്സെ സഹോദരനു ബൈബിളിന്റെ ഒരു കോപ്പിപോലും ഇല്ലായിരുന്നു. കാരണം, അക്കാലത്ത് ജോർജിയയിൽ ബൈബിളുകൾ കിട്ടാൻ വളരെ ബുദ്ധിമുട്ടായിരുന്നു.
കേട്ട കാര്യങ്ങളിൽ താത്പര്യമുണ്ടായ ഞങ്ങൾക്ക് ഒരു ബൈബിൾ വേണമെന്ന ആഗ്രഹം തോന്നി. എന്‍റെ ഭർത്താവ് അദ്ദേഹത്തിന്റെ ചേട്ടനെ കണ്ടപ്പോൾ ഈ ആഗ്രഹം പറഞ്ഞു. അതിശയകരമെന്നു പറയട്ടെ, ചേട്ടൻ ആയിടെ ജോർജിയൻ ഭാഷയിലുള്ള ബൈബിളിന്റെ ഒരു പുതിയ പതിപ്പ് വാങ്ങിയെന്നും അതൊരു സമ്മാനമായി അനിയനു തരാൻ സന്തോഷമേ ഉള്ളൂ എന്നും പറഞ്ഞു.
വീട്ടിൽ വന്ന ഭർത്താവ് ഇരുട്ട് വീഴുന്നതുവരെ ആ ബൈബിൾ വായിച്ചുകൊണ്ടിരുന്നു. പിറ്റേന്ന് ഉറക്കമുണർന്ന അദ്ദേഹം വായന വീണ്ടും തുടർന്നു. ഞാൻ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴും ബൈബിൾ വായിച്ചുകൊണ്ടിരിക്കുന്ന
ഭർത്താവിനെയാണു കണ്ടത്. അദ്ദേഹത്തിനു തിരുവെഴുത്തു വായിക്കുന്നതു നിറുത്താൻ കഴിഞ്ഞില്ല! അതുകൊണ്ട് കുറച്ച് ദിവസം അവധിയെടുത്ത് വായന പൂർത്തിയാക്കിക്കൂടേ എന്നു ഞാൻ ചോദിച്ചു. അധികം താമസിയാതെ അദ്ദേഹത്തിനു ബൈബിൾ മുഴുവൻ വായിച്ച് തീർക്കാൻ കഴിഞ്ഞു.പിന്നീടു ഞങ്ങൾ ബെർനാഡ്സെ സഹോദരനുമൊത്ത് നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്‌തകം പഠിച്ചപ്പോൾ ഞങ്ങൾക്കു ബൈബിൾ ഉണ്ടായിരുന്നതു വളരെ പ്രയോജനം ചെയ്‌തു. രസകരമെന്നു പറയട്ടെ, ഞങ്ങൾക്കു സത്യം പുസ്തകത്തിന്റെ കോപ്പി ഇല്ലായിരുന്നു, പക്ഷേ ബൈബിൾ ഉണ്ടായിരുന്നു. ഞങ്ങളുടെ അധ്യാപകന്റെ കൈവശമാകട്ടെ ബൈബിൾ ഇല്ലായിരുന്നു, പക്ഷേ സത്യം പുസ്‌തകം ഉണ്ടായിരുന്നു! അങ്ങനെ ഞങ്ങളുടെ പഠനം നന്നായി നടന്നു. ഏതാണ്ട് ഒരു വർഷം കഴിഞ്ഞ് ഞങ്ങൾ സ്നാനമേറ്റു.