വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സോഖുമിയിലെ ഒരു കടൽത്തീരത്തു മീറ്റിങ്ങ് നടത്തുന്നു, 1989

ജോർജി​യ | 1924-1990

ആദ്യകാലത്തെ സത്യാന്വേഷികൾ

ആദ്യകാലത്തെ സത്യാന്വേഷികൾ

ബൈബിൾവി​ദ്യാർഥി​കൾ 1920-കളുടെ ആരംഭ​ത്തിൽ ജോർജി​യ​യി​ലുള്ള സത്യാ​ന്വേ​ഷി​കളെ കണ്ടെത്താ​നുള്ള ശ്രമങ്ങൾ തുടങ്ങി. അർമേ​നിയ, ജോർജിയ, സിറിയ, തുർക്കി എന്നിവി​ട​ങ്ങ​ളി​ലെ പ്രസം​ഗ​പ്ര​വർത്ത​നത്തെ സഹായി​ക്കു​ന്ന​തി​നാ​യി 1924-ൽ ലബാ​നോ​നി​ലെ ബെയ്‌റൂ​ട്ടിൽ ഒരു ഓഫീസ്‌ ആരംഭി​ച്ചു.

ഈ കാലയ​ള​വിൽ സത്യത്തി​ന്‍റെ വിത്ത്‌ ജോർജി​യ​യിൽ വിത​ച്ചെ​ങ്കി​ലും, പ്രകട​മായ ഫലങ്ങൾ ആദ്യകാ​ല​ങ്ങ​ളിൽ കാണാൻ കഴിഞ്ഞില്ല. (മത്താ. 13:33) എന്നാൽ കാലങ്ങൾ കടന്നു​പോ​കവെ രാജ്യ​സ​ന്ദേശം വ്യാപി​ച്ചു. അതു ജോർജി​യ​യി​ലെ അനേകം ആളുക​ളു​ടെ ജീവി​ത​ത്തിൽ കാര്യ​മായ മാറ്റങ്ങൾ ഉണ്ടാക്കി.

അദ്ദേഹം നീതി​ക്കാ​യി വാഞ്‌ഛി​ച്ചു

രണ്ടാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെ​ടു​മ്പോൾ വാസോ ക്വിനി​യ​ഷ്വി​ലി ഒരു ചെറു​പ്പ​ക്കാ​ര​നാ​യി​രു​ന്നു. ജോർജിയ സോവി​യറ്റ്‌ യൂണി​യന്‍റെ ഭാഗമാ​യി​രു​ന്ന​തി​നാൽ അദ്ദേഹ​ത്തി​ന്‍റെ പിതാ​വി​നു സോവി​യറ്റ്‌ പട്ടാള​ത്തിൽ ചേരേ​ണ്ട​താ​യി വന്നു. ആ കാലയ​ള​വിൽത്തന്നെ വാസോ​യു​ടെ അമ്മയും മരിച്ചു​പോ​യി. ആ കുടും​ബ​ത്തി​ന്‍റെ മൂത്ത മകനാ​യ​തി​നാൽ സ്വന്തം കൂടെ​പ്പി​റ​പ്പു​ക​ളു​ടെ സംരക്ഷ​ണ​വും വാസോ​യു​ടെ ചുമലി​ലാ​യി. ആ ഭാരം താങ്ങാൻ ഒരു വഴിയും കാണാ​തെ​വ​ന്ന​പ്പോൾ വാസോ മോഷണം തുടങ്ങി.

പിന്നീട്‌ വാസോ ഒരു ഗുണ്ടാ​സം​ഘ​ത്തിൽ ചേരു​ക​യും പല സംഘടിത അക്രമ​പ്ര​വർത്ത​ന​ങ്ങ​ളി​ലും ഏർപ്പെ​ടു​ക​യും ചെയ്‌തു. അദ്ദേഹം പറയുന്നു: “ഗവൺമെ​ന്‍റി​ലോ സമൂഹ​ത്തി​ലോ ഉള്ളതി​ലും അധികം നീതി കുറ്റവാ​ളി​ക​ളു​ടെ ലോക​ത്തിൽ ഉണ്ടെന്ന് എനിക്കു തോന്നി.” അക്രമ​പ്ര​വർത്ത​ന​ത്തി​ലൂ​ടെ നീതി​യും ന്യായ​വും കണ്ടെത്താ​മെന്നു വിചാ​രിച്ച വാസോ പെട്ടെന്നു തന്നെ ഒരു കാര്യം തിരി​ച്ച​റി​ഞ്ഞു. മനുഷ്യ​സ​മൂ​ഹ​ത്തിന്‌ ഒരിക്ക​ലും നൽകാൻ കഴിയാത്ത ഒന്നിനു​വേ​ണ്ടി​യാണ്‌ താൻ ഇപ്പോ​ഴും തിരയു​ന്ന​തെന്ന്. അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർത്തു: “നീതി​ക്കാ​യി ഞാൻ വാഞ്‌ഛി​ച്ചു.”

വാസോ ക്വിനി​യ​ഷ്വി​ലി, 1964-ൽ ജയിൽ മോചി​ത​നാ​യ​തി​നു ശേഷം

പിന്നീട്‌, അക്രമ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ട്ട​തി​നു വാസോ​യെ അറസ്റ്റ് ചെയ്യു​ക​യും സൈബീ​രി​യ​യി​ലെ തൊഴിൽപ്പാ​ള​യ​ത്തി​ലേക്ക് അയയ്‌ക്കു​ക​യും ചെയ്‌തു. വിശ്വാ​സ​ത്തി​ന്‍റെ പേരിൽ തടവി​ലായ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളെ വാസോ അവി​ടെ​വെച്ച് പരിച​യ​പ്പെട്ടു. അതെക്കു​റിച്ച് വാസോ പറയുന്നു: “ഞാൻ തേടി​യ​ല​ഞ്ഞത്‌ എന്താണോ അത്‌ എനിക്കു കിട്ടി. ഞങ്ങൾക്കു പഠിക്കാൻ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഒന്നും ഇല്ലായി​രു​ന്നു. എങ്കിലും സഹോ​ദരൻ പറഞ്ഞു​ത​ന്നി​രുന്ന കാര്യ​ങ്ങ​ളിൽനിന്ന് പഠിക്കാൻ ഞാൻ പരമാ​വധി ശ്രമിച്ചു.”

1964-ൽ മോചനം ലഭിച്ച വാസോ ജോർജി​യ​യി​ലേക്കു തിരികെ പോയി. അവിടെ ചെന്ന അദ്ദേഹം യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടെത്താ​നുള്ള ശ്രമങ്ങൾ തുടങ്ങി. ആ സമയങ്ങ​ളി​ലെ​ല്ലാം തനിക്കു സത്യം പകർന്നു​തന്ന ആ സഹതട​വു​കാ​ര​നു​മാ​യി കത്തുക​ളി​ലൂ​ടെ വാസോ ബന്ധപ്പെ​ട്ടി​രു​ന്നു. എന്നാൽ സങ്കടക​ര​മായ ഒരു കാര്യം തുടർന്നു​ണ്ടാ​യി. ആ വിശ്വസ്‌തസ്‌നേ​ഹി​തന്‍റെ മരണമാ​യി​രു​ന്നു അത്‌. അങ്ങനെ ദൈവ​ജ​ന​വു​മാ​യുള്ള വാസോ​യു​ടെ ബന്ധം അറ്റു​പോ​യി. വീണ്ടു​മൊ​രു സാക്ഷിയെ കണ്ടുമു​ട്ടു​ന്ന​തി​നു പിന്നെ​യും രണ്ടു പതിറ്റാ​ണ്ടോ​ളം വാസോ​യ്‌ക്കു കാത്തി​രി​ക്കേ​ണ്ടി​വന്നു. അതെക്കു​റിച്ച് നമ്മൾ പിന്നീടു ചിന്തി​ക്കും.

കഷ്ടപ്പാ​ടു​കൾ അനു​ഗ്ര​ഹ​ങ്ങൾക്കു വഴിമാ​റു​ന്നു

കാടി​നു​ള്ളിൽ നടത്തിയ ഒരു മീറ്റിങ്ങ്

നാസി തടങ്കൽപ്പാ​ള​യ​ത്തി​ലാ​യതു വാലെ​ന്‍റീന മിമി​നോ​ഷ്വി​ലി എന്ന ജോർജി​യൻ ചെറു​പ്പ​ക്കാ​രി​ക്കു വലിയ അനു​ഗ്ര​ഹ​മാ​യി. അവി​ടെ​വെ​ച്ചാണ്‌ അവൾ യഹോ​വ​യു​ടെ സാക്ഷി​കളെ ആദ്യമാ​യി കണ്ടുമു​ട്ടി​യത്‌. അവരുടെ അചഞ്ചല​മായ വിശ്വാ​സ​മാണ്‌ അവളിൽ ഏറ്റവും മതിപ്പു​ള​വാ​ക്കി​യത്‌. ബൈബി​ളിൽനിന്ന് അവർ പഠിപ്പിച്ച കാര്യങ്ങൾ അവളെ ആഴത്തിൽ സ്‌പർശി​ച്ചു.

യുദ്ധത്തി​നു ശേഷം സ്വന്തം നാട്ടി​ലേക്കു വന്ന വാലെ​ന്‍റീന, താൻ കണ്ടെത്തിയ പുതിയ വിശ്വാ​സ​ത്തെ​ക്കു​റിച്ച് ആളുക​ളോ​ടു പറയാൻ തുടങ്ങി. പക്ഷേ, പെട്ടെ​ന്നു​തന്നെ അത്‌ അധികാ​രി​ക​ളു​ടെ കണ്ണിൽപ്പെ​ടു​ക​യും അവർ വാലെ​ന്‍റീ​നയെ റഷ്യയി​ലെ തൊഴിൽപ്പാ​ള​യ​ത്തിൽ പത്തു വർഷത്തെ തടവിനു ശിക്ഷി​ക്കു​ക​യും ചെയ്‌തു. അവി​ടെ​വെച്ച് വാലെ​ന്‍റീന യഹോ​വ​യു​ടെ സാക്ഷി​കളെ വീണ്ടും കണ്ടുമു​ട്ടു​ക​യും തുടർന്ന് സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തു.

1967-ൽ പാളയ​ത്തിൽനിന്ന് മോചി​ത​യാ​യ​തി​നു ശേഷം വാലെ​ന്‍റീന ജോർജി​യ​യു​ടെ പടിഞ്ഞാ​റൻ ഭാഗ​ത്തേക്കു മാറു​ക​യും വളരെ വിവേ​ക​ത്തോ​ടെ പ്രസം​ഗ​പ്ര​വർത്തനം തുടരു​ക​യും ചെയ്‌തു. എന്നാൽ വാലെ​ന്‍റീ​നയെ, ഹൃദയം​ഗ​മ​മായ ഒരു പ്രാർഥ​നയ്‌ക്ക് ഉത്തരം എന്ന നിലയിൽ യഹോവ ഉടൻതന്നെ ഉപയോ​ഗി​ക്കാൻ പോകു​ക​യാ​യി​രു​ന്നെന്ന് അവൾ അറിഞ്ഞില്ല.

യഹോവ അവളുടെ പ്രാർഥ​നയ്‌ക്ക് ഉത്തരം നൽകി

സൈബീ​രി​യ​യി​ലേക്കു നാടു​ക​ട​ത്ത​പ്പെട്ട സാക്ഷി​ക​ളിൽനി​ന്നാണ്‌ അന്‍റോ​ണിന ഗുഡാ​ഡ്‌സെ എന്ന സഹോ​ദരി സത്യം പഠിച്ചത്‌. എന്നാൽ 1962-ൽ, സഹോ​ദ​രി​യു​ടെ അവിശ്വാ​സി​യായ ഭർത്താവ്‌ അദ്ദേഹ​ത്തി​ന്‍റെ സ്വന്തം നാടായ ജോർജി​യ​യി​ലേക്കു മടങ്ങി​പ്പോ​കാൻ തീരു​മാ​നി​ച്ചു. അങ്ങനെ സഹോ​ദ​രി​ക്കു സൈബീ​രി​യ​യിൽനിന്ന് കിഴക്കൻ ജോർജി​യ​യി​ലെ ഒരു നഗരമായ ഖഷൂരി​യി​ലേക്കു മാറേ​ണ്ടി​വന്നു. സാക്ഷി​ക​ളിൽനിന്ന് ഒറ്റപ്പെ​ട്ടു​പോ​യ​തി​ന്‍റെ വിഷമ​ത്തോ​ടെ സഹോ​ദരി അവിടെ താമസം തുടങ്ങി.

ഗുഡാഡ്‌സെ കുടും​ബം, 1960-കളിൽ

തന്‍റെ പ്രാർഥ​നയ്‌ക്ക് യഹോവ ഉത്തരം നൽകി​യത്‌ എങ്ങനെ​യെന്ന് അന്‍റോ​ണിന സഹോ​ദരി പറയുന്നു: “ഒരു ദിവസം, സൈബീ​രി​യ​യി​ലുള്ള എന്‍റെ അമ്മയിൽനിന്ന് എനിക്ക് ഒരു പൊതി കിട്ടി. അതിൽ ചില ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ വിദഗ്‌ധ​മാ​യി ഒളിപ്പി​ച്ചു​വെ​ച്ചി​രു​ന്നു. തുടർന്നുള്ള ആറു വർഷ​ത്തോ​ളം എനിക്ക് ഈ വിധത്തിൽ ആത്മീയ​ഭ​ക്ഷണം ലഭിച്ചു​പോ​ന്നു. ഒരോ തവണയും എന്നെ വഴിന​ട​ത്തു​ന്ന​തി​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും കരുതു​ന്ന​തി​നും ഞാൻ യഹോ​വയ്‌ക്കു നന്ദി പറഞ്ഞു.”

എന്നിരു​ന്നാ​ലും അന്‍റോ​ണിന ഒറ്റയ്‌ക്കാ​യി​രു​ന്നു. അവൾ പറയുന്നു: “സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം വീണ്ടും എന്നെ ഒന്നിപ്പി​ക്കണേ എന്നു ഞാൻ എപ്പോ​ഴും യഹോ​വ​യോ​ടു പ്രാർഥി​ച്ചി​രു​ന്നു. ഒരു ദിവസം ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത്‌ രണ്ടു സ്‌ത്രീ​കൾ എത്തി എന്നോട്‌ ചോദി​ച്ചു: ‘നിങ്ങൾ അന്‍റോ​ണിന അല്ലേ?’ ദയ നിറഞ്ഞ അവരുടെ മുഖഭാ​വ​ത്തിൽനിന്ന് അവർ എന്‍റെ ആത്മീയ​സ​ഹോ​ദ​രി​മാ​രാ​ണെന്ന് എനിക്കു പെട്ടെന്നു മനസ്സി​ലാ​യി. ഉടൻതന്നെ ഞങ്ങൾ കെട്ടി​പ്പി​ടിച്ച് സന്തോ​ഷം​കൊണ്ട് കരഞ്ഞു​പോ​യി.”

വാലെ​ന്‍റീ​ന മിമി​നോ​ഷ്വി​ലി ആയിരു​ന്നു വന്നതിൽ ഒരു സഹോ​ദരി. പടിഞ്ഞാ​റൻ ജോർജി​യ​യിൽ മീറ്റി​ങ്ങു​ക​ളു​ണ്ടെന്നു കേട്ട​പ്പോൾ അന്‍റോ​ണി​നയ്‌ക്കു വളരെ സന്തോ​ഷ​മാ​യി. വീട്ടിൽനി​ന്നും 300 കിലോ​മീ​റ്റർ ദൂരത്താ​ണു മീറ്റി​ങ്ങു​കൾ നടക്കു​ന്ന​തെ​ങ്കി​ലും അതിൽ പങ്കെടു​ക്കാ​നാ​യി മാസത്തിൽ ഒരു തവണ അന്‍റോ​ണിന അങ്ങോട്ടു പോകു​മാ​യി​രു​ന്നു.

പടിഞ്ഞാ​റൻ ജോർജി​യ​യിൽ സത്യം വേരു​റയ്‌ക്കു​ന്നു

സോവി​യറ്റ്‌ യൂണി​യന്‍റെ പല ഭാഗത്തും അധികാ​രി​ക​ളു​ടെ ഉപദ്ര​വ​മേൽക്കേ​ണ്ടി​വന്ന ചില സഹോ​ദ​രങ്ങൾ 1960-കളോടെ, പ്രവർത്തി​ക്കാൻ കുറെ​ക്കൂ​ടെ അനുകൂ​ല​മായ സ്ഥലങ്ങൾ അന്വേ​ഷി​ക്കാൻ തുടങ്ങി. അതിൽ ഒരാളാ​യി​രു​ന്നു വ്‌ലാ​ഡി​മർ ഗ്ലാഡ്യുക്ക്, ചുറു​ചു​റു​ക്കുള്ള ഉത്സാഹി​യായ ഒരു സഹോ​ദരൻ. 1969-ൽ യു​ക്രെ​യി​നിൽനിന്ന് പടിഞ്ഞാ​റൻ ജോർജി​യ​യി​ലെ സുഗ്‌ദി​ദി എന്ന പട്ടണത്തി​ലേക്ക് അദ്ദേഹം മാറി​ത്താ​മ​സി​ച്ചു.

ലിയൂബയും വ്‌ലാ​ഡി​മർ ഗ്ലാഡ്യു​ക്കും

ജോർജി​യ​യി​ലേക്കു വന്നവർ റഷ്യൻ ഭാഷയി​ലാണ്‌ ആദ്യം മീറ്റി​ങ്ങു​കൾ നടത്തി​യി​രു​ന്നത്‌. എന്നാൽ കൂടുതൽ ജോർജി​യ​ക്കാർ മീറ്റി​ങ്ങു​കൾക്കു ക്രമമാ​യി വന്നുതു​ട​ങ്ങി​യ​പ്പോൾ ജോർജി​യൻ ഭാഷയിൽ മീറ്റി​ങ്ങു​കൾ നടത്താ​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു. ശിഷ്യ​രാ​ക്കൽവേല വിജയ​ത്തി​ന്‍റെ പാതയിൽ ആയിരു​ന്നു. 1970 ആഗസ്റ്റിൽ അവിട​ത്തു​കാ​രായ 12 പേർ സ്‌നാ​ന​മേറ്റു.

1972-ൽ വ്‌ലാ​ഡി​മ​റും കുടും​ബ​വും പടിഞ്ഞാ​റൻ ഭാഗത്തെ കരിങ്ക​ട​ലി​ന്‍റെ തീരത്തുള്ള സോഖു​മി എന്ന പട്ടണത്തി​ലേക്കു താമസം മാറി. വ്‌ലാ​ഡി​മർ പറയുന്നു: “ഞങ്ങൾ ആത്മീയ​മാ​യി സമ്പന്നരാ​യി, ഞങ്ങളെ അനു​ഗ്ര​ഹി​ച്ച​തിന്‌ യഹോ​വയ്‌ക്കു നന്ദി. അവി​ടെ​യുള്ള സഭ വളരെ പെട്ടെന്നു വളർന്നു.” ആ വർഷം ആദ്യമാ​യി സോഖു​മി​യിൽ സ്‌മാ​രകം നടത്തി, 45 പേർ അതിൽ ഹാജരാ​യി.

“ഞാൻ മുഴു​ഹൃ​ദ​യ​ത്തോ​ടെ​യും മുഴു​ദേ​ഹി​യോ​ടെ​യും ശ്രദ്ധിച്ചു”

1973-ന്‍റെ തുടക്ക​ത്തിൽ സോഖു​മി​യിൽ സത്യം സ്വീക​രി​ച്ച​വ​രിൽ ഒരാളാണ്‌, ഇപ്പോൾ 90 വയസ്സുള്ള ബാപു​റ്റ്‌സാ ജെജ്‌ലാ​വാ സഹോ​ദരി. അവിടത്തെ ആദ്യകാ​ല​സാ​ക്ഷി​ക​ളിൽ ഒരാളായ അവർ പറയുന്നു: “ഒരു ദിവസം, നാലു പേർ ഒരുമി​ച്ചു​കൂ​ടി​യി​രുന്ന് കാര്യ​മാ​യി എന്തോ ചർച്ച ചെയ്യു​ന്നതു ഞാൻ ശ്രദ്ധിച്ചു. അതിൽ രണ്ടു പേർ കന്യാസ്‌ത്രീ​ക​ളാ​യി​രു​ന്നു. മറ്റു രണ്ടുപേർ, ഞാൻ പിന്നീടു മനസ്സി​ലാ​ക്കി​യ​തു​പോ​ലെ, യഹോ​വ​യു​ടെ സാക്ഷി​ക​ളും.” അതിൽ ഒരു സഹോ​ദരി വ്‌ലാ​ഡി​മർ ഗ്ലാഡ്യു​ക്കി​ന്‍റെ ഭാര്യ ലിയൂ​ബ​യും മറ്റൊ​രാൾ യു​ക്രെ​യി​നിൽനി​ന്നുള്ള മുൻനി​ര​സേ​വി​ക​യായ ഇറ്റാ സുഡാ​രെൻകോ എന്ന സഹോ​ദ​രി​യും ആയിരു​ന്നു.

ബാപുറ്റ്‌സാ ജെജ്‌ലാ​വാ, 1979-ലും 2016-ലും

ആ സംഭാ​ഷണം ഒളിച്ച് നിന്ന് കേട്ട ബാപു​റ്റ്‌സാ അന്നു തനിക്കു​ണ്ടായ വികാരം ഇങ്ങനെ പ്രകടി​പ്പി​ച്ചു: “അവർ പറഞ്ഞ​തെ​ല്ലാം ഞാൻ മുഴു​ഹൃ​ദ​യ​ത്തോ​ടെ​യും മുഴു​ദേ​ഹി​യോ​ടെ​യും ശ്രദ്ധിച്ചു.” ദൈവ​ത്തിന്‌ ഒരു പേരു​ണ്ടെന്നു കേട്ട​പ്പോൾ, പെട്ടെ​ന്നു​തന്നെ ബാപുറ്റ്‌സാ​യും ആ സംഭാ​ഷ​ണ​ത്തിൽ ചേർന്നു. ആ പേര്‌ ബൈബി​ളിൽനിന്ന് കാണി​ക്കാ​മോ എന്നു ചോദി​ച്ചു. പിന്നീടു പല ചോദ്യ​ങ്ങ​ളും സഹോ​ദരി ചോദി​ച്ചു. അങ്ങനെ ആ സംഭാ​ഷണം മൂന്നു മണിക്കൂ​റോ​ളം നീണ്ടു.

സാക്ഷി​ക​ളെ പിന്നെ​യും കാണണ​മെ​ന്നും സംസാ​രി​ക്ക​ണ​മെ​ന്നും ബാപു​റ്റ്‌സാ​യ്‌ക്ക് ആഗ്രഹം തോന്നി. അതു​കൊണ്ട് അവൾ ഇങ്ങനെ ചോദി​ച്ചു: “എന്നെ വിട്ട് നിങ്ങൾ പോകു​ക​യാ​ണോ?”

സഹോ​ദ​രി​മാർ പറഞ്ഞു: “ഇല്ല, അങ്ങനെ വിട്ടിട്ട് പോകില്ല. അടുത്ത ശനിയാഴ്‌ച ഞങ്ങൾ മടങ്ങി​വ​രാം.”

ശനിയാഴ്‌ച​യാ​യി, ബാപുറ്റ്‌സാ​യു​ടെ കാത്തി​രി​പ്പു വെറു​തെ​യാ​യില്ല. ആ സഹോ​ദ​രി​മാർ വീണ്ടും വന്നു! ഉടൻതന്നെ ഒരു ബൈബിൾപ​ഠ​ന​വും ആരംഭി​ച്ചു. അന്നത്തെ ചർച്ച കഴിഞ്ഞ​പ്പോൾ, ദൈവ​ജ​ന​വു​മാ​യുള്ള ബന്ധം ഇനി ഒരിക്ക​ലും കൈവി​ടാൻ പാടില്ല എന്നു ബാപു​റ്റ്‌സാ​യ്‌ക്കു തോന്നി. അവൾ മനസ്സിൽ ഇങ്ങനെ പറഞ്ഞു: ‘ഈ ആളുകളെ ഞാൻ കണ്ടുമു​ട്ടി, ഈ ബന്ധം ഒരിക്ക​ലും നഷ്ടപ്പെ​ടു​ത്താ​തെ നോക്കണം.’

അതു നടപ്പി​ലാ​ക്കാൻ ബാപുറ്റ്‌സാ​യു​ടെ മനസ്സിൽ ഒരു ആശയം തോന്നി. അതെക്കു​റിച്ച് അവൾ പറഞ്ഞു: “ലിയൂ​ബ​യു​ടെ കല്ല്യാണം കഴിഞ്ഞ​താ​ണെന്ന് എനിക്ക് അറിയാ​മാ​യി​രു​ന്നു. എന്നാൽ ഇറ്റാ​യോ​ടു കല്ല്യാണം കഴിഞ്ഞ​താ​ണോ എന്നു ഞാൻ ചോദി​ച്ചു. ഇല്ല എന്നു അവൾ പറഞ്ഞ​പ്പോൾ, ഞാൻ എന്‍റെ മനസ്സിൽ തോന്നിയ ആശയം ആവേശ​ത്തോ​ടെ പറഞ്ഞു, ‘എന്നാൽ പിന്നെ എന്‍റെ വീട്ടിൽ താമസി​ക്കാം! അവിടെ രണ്ടു കട്ടിൽ ഉണ്ട്, അതിനി​ട​യിൽ ഒരു വിളക്കും. അതു​കൊണ്ട് രാത്രി​യിൽപ്പോ​ലും നമുക്ക് ഒരുമിച്ച് പഠിക്കാം!’” ഇറ്റാ ആ ക്ഷണം സ്വീക​രി​ച്ചു, ബാപുറ്റ്‌സാ​യു​ടെ വീട്ടി​ലേക്കു മാറി.

ആ നല്ലകാ​ല​ത്തെ​ക്കു​റിച്ച് ബാപു​റ്റ്‌സാ സഹോ​ദരി പറയുന്നു: “പഠിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ഓർത്ത്‌ ചില രാത്രി​ക​ളിൽ ഞാൻ ഉറങ്ങാതെ കിടക്കും. പെട്ടെ​ന്നാ​യി​രി​ക്കും ഒരു ചോദ്യം മനസ്സിൽ വരുന്നത്‌. അപ്പോൾത്തന്നെ ഞാൻ ഇറ്റായെ ഉറക്കത്തിൽനിന്ന് എഴു​ന്നേൽപ്പി​ക്കും, ‘ഇറ്റാ, ബൈബിൾ എടുക്ക്. എനി​ക്കൊ​രു ചോദ്യം ഉണ്ട്!’ കണ്ണുകൾ തിരു​മ്മി​ക്കൊണ്ട് ഇറ്റാ പറയും, ‘അതി​നെന്താ, ഞാൻ പറഞ്ഞു തരാം.’ ഇറ്റാ ബൈബിൾ തുറന്ന് എന്‍റെ ചോദ്യ​ത്തി​നുള്ള ഉത്തരം തരും.” ഇറ്റാ വീട്ടിൽവന്ന് മൂന്നാം ദിവസം​തന്നെ ബാപുറ്റ്‌സാ​യും സന്തോ​ഷ​വാർത്ത അറിയി​ക്കാൻ പോയി!

ബാപുറ്റ്‌സാ​യു​ടെ ഒരു അടുത്ത കൂട്ടു​കാ​രി​യാ​യി​രു​ന്നു നറ്റേലാ ചർഗീ​ഷ്വി​ലി. അവളെ​ക്കു​റിച്ച് ബാപു​റ്റ്‌സാ ഓർക്കു​ന്നു: “പണക്കാ​രി​യാ​യ​തു​കൊണ്ട് അവൾ സത്യം സ്വീക​രി​ക്കില്ല എന്നാണു ഞാൻ വിചാ​രി​ച്ചത്‌. എന്നാൽ സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, എനിക്കു തെറ്റി. ഞങ്ങളുടെ ആദ്യസം​ഭാ​ഷണം മുതൽ സത്യം അവളുടെ ഹൃദയ​ത്തിൽ ശോഭി​ക്കാൻ തുടങ്ങി.” വൈകാ​തെ​തന്നെ ഇരുവ​രും ഉത്സാഹ​ത്തോ​ടെ ഭാവി​പ്ര​ത്യാ​ശ​യെ​ക്കു​റിച്ച് സുഹൃ​ത്തു​ക്ക​ളോ​ടും സഹജോ​ലി​ക്കാ​രോ​ടും അയൽക്കാ​രോ​ടും പറയാൻ തുടങ്ങി.