കഴിഞ്ഞ വർഷത്തെ സവിശേഷതകൾ
നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും എന്ന പുതിയ മീറ്റിങ്ങ്
വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് പെൻസിൽവേനിയയുടെ 2015 ഒക്ടോബർ 3-ലെ വാർഷികയോഗത്തിൽ ഭരണസംഘാംഗമായ ആന്തണി മോറിസ് സഹോദരൻ, നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും എന്ന പുതിയ ഒരു മീറ്റിങ്ങിനെക്കുറിച്ചുള്ള അറിയിപ്പു നടത്തി. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ, സേവനയോഗം, സഭാ ബൈബിൾപഠനം എന്നിവയ്ക്കു പകരമായുള്ള മീറ്റിങ്ങാണ് ഇത്. നമ്മുടെ രാജ്യശുശ്രൂഷയ്ക്കു പകരം ചതുർവർണത്തിൽ തയ്യാറാക്കുന്ന എട്ടു പേജുകളുള്ള ഈ പുതിയ പ്രസിദ്ധീകരണത്തിന്റെ പേര് നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി എന്നാണെന്നും അറിയിച്ചു. അതിൽ ഓരോ ആഴ്ചയിലെയും മീറ്റിങ്ങിനുള്ള പട്ടികയും വ്യക്തിപരമായ ബൈബിൾവായന അർഥപൂർണമാക്കുന്ന ചിത്രങ്ങളും ഉണ്ടെന്നു മോറിസ് സഹോദരൻ വിശദീകരിച്ചു.
ഈ പുതിയ മീറ്റിങ്ങ് മൂന്നു പ്രധാനഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
-
ദൈവവചനത്തിലെ നിധികൾ. ഈ ഭാഗത്തെ ആദ്യപരിപാടി പത്തു മിനിട്ട് ദൈർഘ്യംവരുന്ന ഒരു പ്രസംഗമാണ്. ഓരോ ആഴ്ചയിലെയും ബൈബിൾ വായനാഭാഗത്തെയും പഠനസഹായിയിലെ ചിത്രങ്ങളെയും ആധാരമാക്കിയാണ് ഇതു നടത്തുന്നത്. രണ്ടാമത്തെ പരിപാടി “ആത്മീയമുത്തുകൾക്കായി കുഴിക്കുക” എന്ന എട്ടു മിനിട്ട് ദൈർഘ്യമുള്ള ചോദ്യോത്തരചർച്ചയാണ്. ഓരോ ആഴ്ചയിലെയും ബൈബിൾ വായനാഭാഗത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ചർച്ചനടത്തുന്നത്. അതെത്തുടർന്ന് നാലു മിനിട്ട് ദൈർഘ്യമുള്ള ബൈബിൾവായനയുമുണ്ട്.
-
വയൽസേവനത്തിനു സജ്ജരാകാം. സാധാരണയായി ഈ ഭാഗത്ത് മൂന്നു വിദ്യാർഥികൾ ആദ്യസന്ദർശനം, മടക്കസന്ദർശനം, ബൈബിൾപഠനം എന്നിവ എങ്ങനെ നടത്തണമെന്ന് അവതരിപ്പിച്ചുകാണിക്കും.
-
ക്രിസ്ത്യാനികളായി ജീവിക്കാം. ഈ ഭാഗത്ത്, അനുദിനജീവിതത്തിൽ ബൈബിൾതത്ത്വങ്ങൾ പ്രായോഗികമാക്കാവുന്ന വിധങ്ങളെക്കുറിച്ച് ചിന്തിക്കും. ചോദ്യോത്തരപരിചിന്തനം ഉൾപ്പെടുന്ന സഭാ ബൈബിൾപഠനമാണു പ്രധാനപ്പെട്ട മറ്റൊരു പരിപാടി.
പുതിയ മീറ്റിങ്ങിൽനിന്ന് ലഭിക്കുന്ന പ്രായോഗികപരിശീലനത്തെക്കുറിച്ച് വിലമതിപ്പുനിറഞ്ഞ വാക്കുകളാണു ലോകമെങ്ങുമുള്ള പ്രചാരകർ അറിയിച്ചത്. ഓസ്ട്രേലിയയിലുള്ള ഒരു സഹോദരൻ ഇങ്ങനെ എഴുതി: “ജീവിത-സേവന യോഗം എത്ര നല്ലതാണെന്നോ! അതിലെ വിവരങ്ങൾ ജീവിതത്തെ കൂടുതൽ സ്പർശിക്കുന്നവയാണ്. അവതരണങ്ങളാണെങ്കിൽ ഏറെ ലളിതവും. ചെറിയചെറിയ ഭാഗങ്ങളും കുറിക്കുകൊള്ളുന്ന വിവരങ്ങളും ആകർഷകമായ വീഡിയോ പരിപാടികളും കുട്ടികളുടെ പങ്കുപറ്റലും ഒക്കെയാകുമ്പോൾ സമയം പോകുന്നത് അറിയുകയേ ഇല്ല!”
ഇറ്റലിയിലെ മൂപ്പന്മാരുടെ ഒരു സംഘം ഈ അഭിപ്രായം അറിയിച്ചു: “വളരെ നന്നായി തയ്യാറാകാൻ ഈ പുതിയ മീറ്റിങ്ങ് ഞങ്ങളെയെല്ലാം പ്രചോദിപ്പിച്ചു. അതിന്റെ ഫലമായി പഠിപ്പിക്കലിന്റെ ഗുണനിലവാരവും മെച്ചപ്പെട്ടിട്ടുണ്ട്. തന്റെ ജനത്തെ ഏറ്റവും മെച്ചമായി പഠിപ്പിക്കാൻ യഹോവ വരുത്തിയ ശ്രദ്ധേയമായ ഒരു ക്രമീകരണമാണ് ഈ പുതിയ മധ്യവാരയോഗം. 15 വയസ്സുള്ള ഒരു പ്രചാരകൻ പറഞ്ഞു: ‘മീറ്റിങ്ങ് മുഴുവൻ ശ്രദ്ധിച്ചിരിക്കാൻ മുമ്പ് എനിക്കു വലിയ പ്രയാസമായിരുന്നു.
ഈ പുതിയ മീറ്റിങ്ങ് വന്നതിൽപ്പിന്നെ കാര്യങ്ങൾ എളുപ്പമായി. ശ്രദ്ധിച്ചിരിക്കാനും വീട്ടിൽവെച്ച് നന്നായി തയ്യാറാകാനും ഇപ്പോൾ എനിക്കു കഴിയുന്നു.’”ഓസ്ട്രിയയിലുള്ള ഒരു കുടുംബം ഇങ്ങനെ എഴുതി: “ഞങ്ങളുടെ പത്തുവയസ്സുകാരിയായ മകളുമൊത്തുള്ള ബൈബിൾവായന എപ്പോഴും ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ ‘ദൈവവചനത്തിലെ നിധികൾ’ എന്ന പരിപാടി എളുപ്പത്തിൽ അഭിപ്രായങ്ങൾ പറയാൻ ഞങ്ങളെ സഹായിച്ചിരിക്കുന്നു. ഓരോ ആഴ്ചയിലെയും ബൈബിൾ വായനാഭാഗം നന്നായി തയ്യാറാകുന്നതു ഞങ്ങൾ മൂന്നുപേരും ഇപ്പോൾ ആസ്വദിക്കുന്നു. അതുമാത്രമല്ല, മോളുടെ ആത്മീയപുരോഗതിയും ഞങ്ങൾക്കു കാണാൻ കഴിയുന്നു.”
ജർമനിയിൽനിന്നുള്ള ഈനെസ് വിശദീകരിക്കുന്നു: “നന്നായി തയ്യാറാകാനും ആഴത്തിൽ ചിന്തിക്കാനും എനിക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. മുമ്പ് ഞാൻ ഇത്രയും ഗവേഷണമൊന്നും നടത്തിയിരുന്നില്ല. യഹോവയുമായി ഒരു നല്ല ബന്ധം ഇപ്പോൾ ഞാൻ ആസ്വദിക്കുന്നു. സാത്താന്റെ ലോകം എന്നെ തളർത്തിക്കളയാറുണ്ടെങ്കിലും പിടിച്ചുനിൽക്കാനും മുമ്പോട്ടുപോകാനും ഉള്ള ഊർജം മീറ്റിങ്ങുകൾ എനിക്കു തരുന്നു.”
സോളമൻ ദ്വീപുകളിലെ സഭകൾ മധ്യവാരയോഗം നന്നായി ആസ്വദിക്കുന്നു. അതിൽനിന്ന് ശരിക്കും പ്രയോജനം ലഭിക്കുന്നതിനായി അവർ ചെയ്യുന്ന ശ്രമങ്ങൾ ചെറുതൊന്നുമല്ല. ഉൾപ്രദേശങ്ങളിലുള്ള പല സഭകളിലും വൈദ്യുതിയോ ഇന്റർനെറ്റ് സൗകര്യമോ ഇല്ല. സഹോദരങ്ങളാകട്ടെ തീർത്തും സാധാരണക്കാരും. ഓരോ മാസത്തെയും മീറ്റിങ്ങുകൾക്ക് ആവശ്യമായ വീഡിയോഫയലുകളും അവ കാണിക്കാൻവേണ്ട സൗകര്യങ്ങളും അവർക്ക് എങ്ങനെ കിട്ടും? മലെയ്റ്റ ദ്വീപിലുള്ള ഒരു സഭയിലെ പ്രചാരകർ ഒരുമിച്ചുചേർന്ന് കൊപ്ര വിൽക്കാൻ തീരുമാനിച്ചു. അതു വിറ്റുകിട്ടിയ പണം സംഭാവനയായി സഭയ്ക്കു കൊടുത്തു. ആ പണം ഉപയോഗിച്ച് സൗരോർജത്തിൽ പ്രവർത്തിക്കുന്ന ചെറിയൊരു വീഡിയോ സംവിധാനം വാങ്ങാൻ അവർക്കു കഴിഞ്ഞു. ഇനി ഓരോ മാസത്തെയും വീഡിയോഫയലുകൾക്കായി സഹോദരന്മാർ ഇന്റർനെറ്റ് സൗകര്യമുള്ള സ്ഥലത്ത് പോയി അതു ഡൗൺലോഡ് ചെയ്യുന്നു. അതിനു ശേഷം ആ സഭയിലെ മറ്റു സഹോദരങ്ങൾക്ക് അതു കൊടുക്കുകയും ചെയ്യുന്നു.
ഐക്യനാടുകളിലെ ഒരു സഹോദരൻ ഇങ്ങനെ എഴുതി: “ചിത്രങ്ങളും മറ്റും ഉപയോഗിച്ച് കാര്യങ്ങൾ കണ്ടുപഠിക്കുന്നതാണ് എന്റെ രീതി. മറ്റൊരാളോട് ഒരു കാര്യം വിശദീകരിക്കണമെങ്കിൽ അക്കാര്യം ഞാൻ ആദ്യം പലതവണ വായിച്ച് മനസ്സിലാക്കണമായിരുന്നു. 40 വർഷത്തിലധികമായി ഇങ്ങനെ കഷ്ടപ്പെട്ടാണു ഞാൻ കാര്യങ്ങൾ പഠിച്ചിരുന്നത്. അതുകൊണ്ട് ഇപ്പോൾ പഠനത്തിനായി നമുക്ക് ലഭ്യമായിരിക്കുന്ന, എല്ലാ ദൃശ്യോപാധികൾക്കും ഞാൻ ഭരണസംഘത്തോടു നന്ദി പറയുന്നു. അതുപോലെ, ബൈബിൾപുസ്തകത്തിന്റെ ആമുഖവീഡിയോകൾ വളരെ നല്ലതാണ്. കൂടാതെ, പഠനസഹായിയിലെ ചിത്രങ്ങൾ അത്യുഗ്രൻ! ഞാൻ ആഗ്രഹിച്ചതുതന്നെ എനിക്കു കിട്ടി. ദൈവജനത്തിനുവേണ്ടി നിങ്ങൾ ചെയ്യുന്ന ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുന്നുണ്ടെന്നു വ്യക്തമാണ്. നിങ്ങൾക്കു വളരെ നന്ദി!”