കഴിഞ്ഞ വർഷത്തെ സവിശേഷതകൾ
“നിങ്ങളാണ് ഏറ്റവും നല്ല അയൽക്കാർ”
ന്യൂയോർക്കിലെ ബ്രൂക്ലിനിൽ ലോകാസ്ഥാനം സ്ഥിതി ചെയ്യുന്ന 25 കൊളംബിയ ഹൈറ്റ്സിൽ 2016 മെയ് 7, 8 തീയതികളിൽ, ആളുകളുടെ വലിയ തിരക്കായിരുന്നു. സാധാരണയായി ശനി, ഞായർ ദിവസങ്ങളിൽ അവിടത്തെ പ്രദർശനങ്ങൾ കാണാനുള്ള ടൂർ ലഭ്യമല്ല. എന്നിട്ടും ഇത്രയധികം ആളുകൾ അന്ന് അവിടെ കൂടിവരാൻ എന്തായിരുന്നു കാരണം? ആ ദിവസങ്ങളിൽ ബഥേലിന്റെ ചുറ്റുവട്ടത്തുള്ള അയൽക്കാർക്ക് അവിടെ വന്ന് ചരിത്രപ്രധാനമായ ബൈബിളുകൾ കാണാനുള്ള ഒരു ക്ഷണം നൽകിയിരുന്നു.
പ്രദർശനത്തിനായി ആളുകളെ ക്ഷണിക്കുന്ന ഈ പരിപാടി ആ പ്രദേശത്ത് നല്ലൊരു സാക്ഷ്യമായിത്തീർന്നു. അതിൽ പങ്കെടുത്തവരും ആത്മീയമായി നവോന്മിഷിതരായി. കുറെ വർഷങ്ങളായി അവിടെ താമസിക്കുന്ന അയൽക്കാരുടെ നല്ല അഭിപ്രായങ്ങൾ കേട്ടതു ശരിക്കും ഒരു പ്രോത്സാഹനമായിരുന്നു.
ബഥേലിനടുത്ത് താമസിക്കുന്ന ഒരാൾ ഇങ്ങനെ പറഞ്ഞു: “1960-കൾമുതൽ ഈ ചുറ്റുവട്ടത്ത് പല സ്ഥലങ്ങളിലായി താമസിച്ചിട്ടുള്ളയാളാണു ഞാൻ. നിങ്ങൾ നല്ല അയൽക്കാരാണ്. നിങ്ങൾ ഇവിടെനിന്ന് പോകുന്നതു ശരിക്കും ഒരു നഷ്ടംതന്നെ. നിങ്ങൾ ഇവിടെത്തന്നെ തുടരുകയായിരുന്നെങ്കിൽ എത്ര നന്നായിരുന്നു!”
ഒരു സ്ത്രീ ഇങ്ങനെ അഭിപ്രായപ്പെട്ടു: “നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇവിടമൊന്നും ഇത്രയും വികസിക്കില്ലായിരുന്നു. ഈ കാലമെല്ലാം നിങ്ങൾ ഞങ്ങളുടെ അയൽക്കാരായിരുന്നതിൽ ഞങ്ങൾക്കു സന്തോഷമേ ഉള്ളൂ.”
ക്ഷണക്കത്തു വിതരണത്തിൽ പങ്കെടുത്ത മുൻനിരസേവകരെ ബഥേലിനടുത്തുള്ള അയൽക്കാർ സ്നേഹത്തോടെ സ്വീകരിച്ചു. ചുറ്റുവട്ടത്തുള്ള ഒരു സംഘടനയുടെ പ്രതിനിധി നമ്മുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിലമതിപ്പോടെ സംസാരിച്ചു. നമ്മൾ പ്രദർശനം ക്രമീകരിച്ചിരിക്കുന്ന ദിവസങ്ങളിൽ അദ്ദേഹം അവിടെയില്ലായിരിക്കുമെന്നും അതിൽ പങ്കുപറ്റാൻ കഴിയാത്തതിൽ അദ്ദേഹത്തിനു വിഷമമുണ്ടെന്നും അറിയിച്ചു.
നമ്മുടെ ഈ ശ്രമത്തിനു നല്ല ഫലമുണ്ടായി. രണ്ടു ദിവസംകൊണ്ട് സാക്ഷികളല്ലാത്ത 48 പേരാണു ബൈബിൾപ്രദർശനം കാണാൻ എത്തിയത്. ആ അയൽക്കാരെ സ്വാഗതം ചെയ്യുന്നതിനും അവരോടു സംസാരിക്കുന്നതിനും ആയി ആവശ്യത്തിനു ബഥേലംഗങ്ങളെ നമ്മുടെ പ്രവേശനകവാടത്തിൽ ക്രമീകരിച്ചിരുന്നു.
20 വയസ്സുള്ള സാലി എന്ന യുവതി അരമണിക്കൂറോളം സമയമെടുത്താണു നമ്മുടെ പ്രദർശനം കണ്ടത്. സാലിക്കു ക്ഷണക്കത്തു കൊടുത്ത മുൻനിരസേവകരും പ്രവേശനകവാടത്തിൽത്തന്നെ ഉണ്ടായിരുന്നു. ഇത്രയും ബൈബിളുകൾ പ്രദർശനത്തിൽ ഉണ്ടായിരിക്കുമെന്നു താൻ വിചാരിച്ചതേ ഇല്ലെന്നു സാലി പറഞ്ഞു. ബൈബിളിൽ ഇത്രയും താത്പര്യം കാണിച്ച ഒരു ചെറുപ്പക്കാരിയെ കണ്ടതിന്റെ സന്തോഷം മുൻനിരസേവകർ അവളെ അറിയിച്ചു. സാലി ഇങ്ങനെ മറുപടി പറഞ്ഞു; “അതു ശരിക്കും പ്രധാനമാണ്. കാരണം ദൈവത്തിൽനിന്നുള്ള സന്ദേശം ലഭിക്കാനുള്ള ഒരേ ഒരു മാർഗം ബൈബിളാണ്. നമ്മളെ സ്വാധീനിക്കുന്ന ജീവനുള്ള താളുകളാണ് അവ.”
ബൈബിളിനോടുള്ള താത്പര്യം കാരണം ലത്തീനും ഗ്രീക്കും പഠിക്കാൻ സാലി തീരുമാനിച്ചു. കൂടാതെ, പരിഭാഷയിലും അവൾക്കു താത്പര്യമുണ്ടായിരുന്നു. കൃത്യമായ പരിഭാഷ വളരെ
പ്രധാനമാണെന്നും അല്ലെങ്കിൽ വ്യക്തികളുടെ അഭിപ്രായങ്ങൾ അതിൽ കടന്നുകൂടിയേക്കാം എന്നും അവൾ അഭിപ്രായപ്പെട്ടു. എന്നാൽ നമ്മുടെ jw.org വെബ്സൈറ്റ് 800-ലധികം ഭാഷകളിൽ ബൈബിൾവിഷയങ്ങൾ പരിഭാഷപ്പെടുത്തുന്നുണ്ടെന്നു മുൻനിരസേവകർ പറഞ്ഞപ്പോൾ സാലി അന്തംവിട്ടുപോയി! യഹോവ എന്ന പേര് ബൈബിൾപരിഭാഷകർ നീക്കം ചെയ്തതിനെക്കുറിച്ച് സഹോദരിമാർ പറഞ്ഞപ്പോൾ, സാലി ആശ്ചര്യത്തോടെ ഇങ്ങനെ ചോദിച്ചു: “എന്തിനാണ് യഹോവ എന്ന പേര് ബൈബിളിൽനിന്ന് എടുത്തുകളഞ്ഞത്?” പ്രദർശനം കണ്ട് മടങ്ങുന്നതിനു മുമ്പ് സാലി ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഈ പ്രദേശത്താണ് ഞാൻ വളർന്നത്. നിങ്ങളാണ് ഏറ്റവും നല്ല അയൽക്കാർ.”പ്രദർശനത്തിനു ശേഷമുള്ള തിങ്കളാഴ്ച ഒരു മതശുശ്രൂഷകൻ, പരസ്യസാക്ഷീകരണത്തിൽ ഏർപ്പെട്ടിരുന്ന ബഥേലിലെ ജോൺ സഹോദരന്റെ അടുത്തെത്തി. ബൈബിൾപ്രദർശനം നന്നായി ആസ്വദിച്ചെന്നും യഹോവയുടെ സാക്ഷികൾ ബൈബിളിനോടു പറ്റിനിൽക്കുന്നത് എത്ര നല്ലതാണെന്നും അദ്ദേഹം ജോൺ സഹോദരനോടു പറഞ്ഞു. കുറച്ച് സംസാരിച്ചതിനുശേഷം അദ്ദേഹം പെട്ടെന്ന് ഇങ്ങനെ പറഞ്ഞു: “ഈ സാക്ഷികൾക്ക് ഇതെന്തു പറ്റി?” ആ പ്രസ്താവന ജോൺ സഹോദരനെ ആശയക്കുഴപ്പത്തിലാക്കി. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നു ചോദിക്കുകയും ചെയ്തു. “കാരണം നിങ്ങൾ ഇവിടം ഇട്ടെറിഞ്ഞ് പോകുകയാണല്ലോ, ഇവിടെത്തന്നെ നിൽക്ക്. വേണമെങ്കിൽ വലിയ കെട്ടിടങ്ങൾ വാങ്ങ്. അല്ലെങ്കിൽ ആവശ്യമുള്ളതു പണിതോ. പക്ഷേ ഇവിടെത്തന്നെ തുടരൂ. നിങ്ങളാണു ഞങ്ങൾക്കൊരു ബലം. നിങ്ങൾ ഇവിടെനിന്ന് പോകുന്നത് എനിക്ക് ഒട്ടും ഇഷ്ടമില്ല.”
മൊത്തത്തിൽ, ബൈബിൾപ്രദർശനവും അതിനായി ആളുകളെ ക്ഷണിച്ചതും ആ പ്രദേശത്ത് നല്ലൊരു സാക്ഷ്യം ലഭിക്കാൻ ഇടയായി. മാത്രമല്ല, മുമ്പ് ഒരിക്കലും കഴിയാത്തവിധത്തിൽ ദൈവത്തിന്റെ പേര് നമ്മുടെ അയൽക്കാർക്കിടയിൽ ഉയർത്തിക്കാട്ടാനും അതിലൂടെ കഴിഞ്ഞു.