നൂറു വർഷങ്ങൾക്കു മുമ്പ്—1917
“പുതുവർഷം പിറന്നിരിക്കുന്നതു കലാപങ്ങളുടെയും കഷ്ടപ്പാടുകളുടെയും രക്തച്ചൊരിച്ചിലുകളുടെയും ഇടയിലേക്കാണ്,” എന്ന് 1917 ജനുവരി 1 ലക്കം വീക്ഷാഗോപുരം പറഞ്ഞു. അതെ, മഹായുദ്ധം എന്നു വിളിക്കപ്പെട്ട ആഗോളകശാപ്പ്, ഒന്നാം ലോകയുദ്ധം, യൂറോപ്പിൽ അരങ്ങുതകർക്കുകയായിരുന്നു.
യഥാർഥ ക്രിസ്തീയനിഷ്പക്ഷതയിൽ എന്തെല്ലാമാണ് ഉൾപ്പെടുന്നതെന്ന് അന്നു ബൈബിൾവിദ്യാർഥികൾക്കു മുഴുവനായി മനസ്സിലായിരുന്നില്ല. എങ്കിലും അവരിൽ ധാരാളം പേർ രക്തപാതകക്കുറ്റം ഒഴിവാക്കാൻ തങ്ങളാലാകുന്നതു ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, ഇംഗ്ലണ്ടിലെ സ്റ്റാൻലീ വിൽസ് എന്ന 19-കാരൻ നിഷ്പക്ഷത പാലിക്കാൻ ഉറച്ച തീരുമാനമെടുത്തു. ഇതിന്റെ പേരിൽ വിചാരണയ്ക്കു കൊണ്ടുപോകുന്നതിനു മുമ്പ് അദ്ദേഹം
ഇങ്ങനെ എഴുതി: “ഈ സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് ഒരു മഹത്തായ പദവിയായി ഞാൻ കരുതുന്നു. ഞാൻ പട്ടാളവേഷം ധരിക്കണമെന്നും അതിനു തയ്യാറല്ലെങ്കിൽ സൈനികകോടതിയുടെ വിചാരണ നേരിടേണ്ടി വരുമെന്നും കേണൽ ഇന്നു രാവിലെ എന്നോടു പറഞ്ഞു.”വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിച്ച സ്റ്റാൻലീയെ ജയിലിൽ കഠിനജോലികൾ ചെയ്യാൻ അയച്ചു. പക്ഷേ, അദ്ദേഹം അപ്പോഴും ഒരു നല്ല മനോഭാവം പുലർത്തി. രണ്ടു മാസം കഴിഞ്ഞ് അദ്ദേഹം ഇങ്ങനെ എഴുതി: “സത്യം തരുന്ന ‘ശക്തിയുടെ ആത്മാവ്’ നിമിത്തം, മറ്റുള്ളവർക്കു സാധാരണ സഹിക്കാൻ പ്രയാസമായ കാര്യങ്ങൾ പോലും. . . ഒരാൾക്കു ക്ഷമയോടെ സഹിച്ചുനിൽക്കാൻ കഴിയും.” ജയിലിൽ തന്റെ സമയം ജ്ഞാനപൂർവം ഉപയോഗിച്ച അദ്ദേഹം ഇങ്ങനെ പറഞ്ഞു: “പ്രാർഥിക്കാനും ധ്യാനിക്കാനും പഠിക്കാനും ഉള്ള ശാന്തമായ അന്തരീക്ഷം ഈ കാലയളവിൽ എനിക്കു കിട്ടി. പരിശോധനകളിൽനിന്ന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹങ്ങൾ ഇതൊക്കെയാണ്.”
അധികം വൈകാതെ ലോകമെങ്ങും ഉരുണ്ടുകൂടിയ സംഘർഷത്തിൽ ഐക്യനാടുകൾ കക്ഷി ചേർന്നു. 1917 ഏപ്രിൽ 2-നു പ്രസിഡന്റ് വുഡ്രോ വിൽസൺ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ജർമനിയോടുള്ള യുദ്ധപ്രഖ്യാപനം ഔദ്യോഗികമായി അറിയിച്ചു. നാലു ദിവസം കഴിഞ്ഞപ്പോൾ ഐക്യനാടുകൾ യുദ്ധം തുടങ്ങി. ഉടൻതന്നെ ഐക്യനാടുകളിലെ ക്രിസ്ത്യാനികൾക്കു നിഷ്പക്ഷതയുടെ പ്രശ്നം നേരിടേണ്ടിവന്നു.
പട്ടാളക്കാരുടെ പെട്ടെന്നുള്ള ആവശ്യം നികത്താൻവേണ്ടി സൈനികസേവനം നിർബന്ധിതമാക്കുന്ന നിയമം (Selective Service Act) മെയ് മാസത്തിൽ ഗവൺമെന്റ് നടപ്പിൽവരുത്തി. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നതു കുറ്റകരമാക്കുന്ന മറ്റൊരു നിയമവും (Espionage Act) ഒരു മാസത്തിനു ശേഷം കൊണ്ടുവന്നു. ഇതിൽ ആദ്യത്തെ നിയമം ഗവൺമെന്റിന് ആയിരക്കണക്കിന് ആളുകളെ സൈന്യത്തിൽ ചേർക്കാനുള്ള അധികാരം നൽകി. രണ്ടാമത്തെ നിയമം, യുദ്ധത്തോടു ബന്ധപ്പെട്ട ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾക്കു തടസ്സം ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഒരു കുറ്റകൃത്യമായി കണക്കാക്കി. സമാധാനപ്രേമികളായ യഹോവയുടെ ആരാധകർക്കെതിരെ ‘നിയമത്തിന്റെ പേരും പറഞ്ഞ് കുഴപ്പങ്ങൾ ഉണ്ടാക്കാൻ’ സത്യത്തിന്റെ ശത്രുക്കൾ ഈ നിയമം ഉപയോഗപ്പെടുത്താൻ ഒട്ടും വൈകിയില്ല.—സങ്കീ. 94:20.
യുദ്ധം നടക്കുന്ന ഒരു ലോകത്തിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ ബൈബിൾവിദ്യാർഥികളെ ഒട്ടും അതിശയിപ്പിച്ചില്ല. കാരണം, ലോകം നേരിടുന്ന ഇങ്ങനെയുള്ള അവസ്ഥകളെക്കുറിച്ച് മുൻകൂട്ടി പറയുന്ന ബൈബിൾപ്രവചനങ്ങളിലേക്കു പതിറ്റാണ്ടുകളായി അവർ ആളുകളുടെ ശ്രദ്ധ
ക്ഷണിച്ചുവരുകയായിരുന്നു. എന്നാൽ യഹോവയുടെ ജനത്തിലെ ചിലർക്കിടയിൽ പെട്ടെന്നുതന്നെ പൊങ്ങിവന്ന ചില അഭിപ്രായവ്യത്യാസങ്ങൾ അവരിൽ അനേകരെയും അമ്പരപ്പിച്ചു.പരിശോധനയും ശുദ്ധീകരണവും
ചാൾസ് റ്റെയ്സ് റസ്സൽ സഹോദരൻ മരിച്ച് അധികം കഴിയുന്നതിനു മുമ്പ് ഐക്യനാടുകളിൽ പ്രശ്നങ്ങൾ തലപൊക്കിത്തുടങ്ങി. യഹോവയുടെ സംഘടനയുടെ കാര്യങ്ങൾ എങ്ങനെ നടത്തിക്കൊണ്ടുപോകണം എന്നതായിരുന്നു തർക്കവിഷയം. 1884-ൽ റസ്സൽ സഹോദരൻ സയൺസ് വാച്ച് ടവർ ട്രാക്റ്റ് സൊസൈറ്റി സ്ഥാപിക്കുകയും 1916 ഒക്ടോബറിൽ മരിക്കുന്നതുവരെ ആ നിയമാനുസൃത കോർപ്പറേഷന്റെ പ്രസിഡന്റായി തുടരുകയും ചെയ്തു. പിന്നീട്, ജോസഫ് എഫ്. റഥർഫോർഡ് സഹോദരൻ നേതൃത്വമെടുക്കാൻ തുടങ്ങിയപ്പോൾ ഡയറക്ടർ ബോർഡിലെ നാലു പേർ ഉൾപ്പെടെ സംഘടനയിലെ ഏതാനും പ്രമുഖരായ വ്യക്തികൾ അധികാരമോഹത്തോടെ അദ്ദേഹത്തിനെതിരെ തിരിഞ്ഞു.
ഈ നാലു പേർക്കും അവരോടൊപ്പം കൂടിയ മറ്റു ചിലർക്കും റഥർഫോർഡ് സഹോദരൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിധം ഇഷ്ടപ്പെട്ടില്ല. ഒരു പിൽഗ്രിം അഥവാ സഞ്ചാര മേൽവിചാരകൻ ആയിരുന്ന പോൾ എസ്. എൽ. ജോൺസന്റെ സേവനത്തോടു ബന്ധപ്പെട്ടുള്ളതായിരുന്നു ഒരു പ്രശ്നം.
റസ്സൽ സഹോദരൻ മരിക്കുന്നതിനു കുറച്ചുനാൾ മുമ്പ് അദ്ദേഹം ജോൺസനെ സംഘടനയുടെ ഒരു സഞ്ചാര പ്രതിനിധിയായി ഇംഗ്ലണ്ടിലേക്ക് അയയ്ക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. സന്തോഷവാർത്ത പ്രസംഗിക്കുക, സഭകൾ സന്ദർശിക്കുക, ആ പ്രദേശത്തെ പ്രവർത്തനങ്ങളുടെ ഒരു റിപ്പോർട്ട് അയച്ചുകൊടുക്കുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ജോലികൾ. 1916 നവംബറിൽ ഇംഗ്ലണ്ടിൽ എത്തിച്ചേർന്ന അദ്ദേഹത്തെ സഹോദരങ്ങൾ ഊഷ്മളമായി സ്വീകരിച്ചു. സങ്കടകരമെന്നു പറയട്ടെ, സഹോദരങ്ങളുടെ കലവറയില്ലാത്ത പ്രശംസയും അഭിനന്ദനങ്ങളും അദ്ദേഹത്തിന്റെ ന്യായബോധം വികലമാക്കി. റസ്സൽ സഹോദരന്റെ പിൻഗാമി താൻതന്നെ എന്ന് അദ്ദേഹം ഉറപ്പിച്ചു.
തന്നെ എതിർത്ത ഇംഗ്ലണ്ടിലെ ചില ബഥേൽ കുടുംബാംഗങ്ങളെ ജോൺസൻ പിരിച്ചുവിട്ടു. അതിനുള്ള അധികാരം അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹം സംഘടനയുടെ ലണ്ടനിലെ ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും ശ്രമിച്ചു. ഇത്രയും ആയപ്പോഴേക്കും റഥർഫോർഡ് സഹോദരൻ അദ്ദേഹത്തെ ഐക്യനാടുകളിലേക്കു തിരിച്ചുവിളിച്ചു.
ജോൺസൻ ബ്രൂക്ലിനിലേക്കു മടങ്ങിവന്നു. തനിക്കു കിട്ടിയ തിരുത്തൽ അദ്ദേഹം സ്വീകരിച്ചില്ല. വീണ്ടും ഇംഗ്ലണ്ടിലേക്കു മടങ്ങിപ്പോകണമെന്നും അവിടത്തെ തന്റെ ജോലി തുടരണമെന്നും ആവശ്യപ്പെട്ട്
റഥർഫോർഡ് സഹോദരനെ അദ്ദേഹം നിർബന്ധിച്ചുകൊണ്ടേയിരുന്നു. ഈ ശ്രമത്തിൽ പരാജയപ്പെട്ട അദ്ദേഹം അടുത്തപടിയായി ഡയറക്ടർ ബോർഡ് അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചു. നാലു പേർ അദ്ദേഹത്തിന്റെകൂടെ ചേരുകയും ചെയ്തു.ജോൺസൻ ഇംഗ്ലണ്ടിൽ ചെയ്യാൻ ശ്രമിച്ചതുപോലെ ഈ നാലുപേരും ചേർന്ന് ഐക്യനാടുകളിലുള്ള സംഘടനയുടെ സാമ്പത്തിക ആസ്തികൾ കയ്യടക്കാനുള്ള സാധ്യത റഥർഫോർഡ് സഹോദരൻ മുൻകൂട്ടിക്കണ്ടു. അതിനാൽ അവരെ ഡയറക്ടർ ബോർഡ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ അദ്ദേഹം നടപടികൾ സ്വീകരിച്ചു. നിയമമനുസരിച്ച്, ഡയറക്ടർ ബോർഡിലെ ഓരോ അംഗത്തെയും കോർപ്പറേഷനിൽ ഉൾപ്പെട്ട ആളുകൾ ചേർന്ന് വർഷംതോറും തെരഞ്ഞെടുക്കണമായിരുന്നു. എന്നാൽ 1917 ജനുവരി 6-നു നടന്ന വാർഷികയോഗം ജോസഫ് എഫ്. റഥർഫോർഡ്, ആൻഡ്രൂ എൻ. പിയെഴ്സൺ, വില്യം ഇ. വാൻ അംബർഗ് എന്നീ മൂന്നു ബോർഡ് അംഗങ്ങളെ മാത്രമാണു തെരഞ്ഞെടുത്തത്. അവർ യഥാക്രമം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി-ട്രഷറർ എന്നീ ചുമതലകൾ കൈകാര്യം ചെയ്തു. ഡയറക്ടർ ബോർഡിലെ മറ്റു നാലു സ്ഥാനങ്ങൾക്കായി തെരഞ്ഞെടുപ്പുകൾ ഒന്നും നടന്നില്ല. എതിരാളികളായി മാറിയ ആ നാലു പേരാണു മുമ്പ് ഈ സ്ഥാനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ടതും ആ സ്ഥാനങ്ങൾ കൈകാര്യം ചെയ്തിരുന്നതും. ചിലർ വിചാരിച്ചത് ഈ സ്ഥാനങ്ങളിൽ അവർക്ക് ആജീവനാന്തം തുടരാം എന്നായിരുന്നു. എന്നാൽ അവർ വാർഷികയോഗത്തിൽ വീണ്ടും തെരഞ്ഞെടുക്കപ്പെടാഞ്ഞതിനാൽ അവർക്കു നിയമപരമായി ഡയറക്ടർ ബോർഡ് അംഗങ്ങളായി തുടരാൻ കഴിയുമായിരുന്നില്ല. 1917 ജൂലൈയിൽ റഥർഫോർഡ് സഹോദരൻ ഒഴിവ് വന്ന ഈ നാലു സ്ഥാനങ്ങളിലേക്കു വിശ്വസ്തരായ വേറെ നാലു പേരെ പുതിയ ബോർഡ് അംഗങ്ങളായി നിയമിച്ചു.
പ്രതീക്ഷിച്ചതുപോലെ, കലികയറിയ ആ നാലു പേരും തങ്ങളുടെ സ്ഥാനം തിരിച്ചുപിടിക്കാനുള്ള പ്രചാരണപ്രവർത്തനങ്ങൾ തുടങ്ങി. എന്നാൽ അവരുടെ ശ്രമങ്ങൾ അമ്പേ പരാജയപ്പെട്ടു. ചില ബൈബിൾവിദ്യാർഥികൾ ഇവരോടൊപ്പം ചേർന്ന് പുതിയ സംഘടനകൾ തുടങ്ങാൻ ശ്രമിച്ചെങ്കിലും ബഹുഭൂരിപക്ഷം ബൈബിൾവിദ്യാർഥികളും വിശ്വസ്തരായി നിലകൊണ്ടു. അങ്ങനെ ആ നാലു പേർക്ക് ബോർഡ് അംഗങ്ങളാകാൻ കഴിഞ്ഞില്ല.
തടസ്സങ്ങൾക്കിടയിലും മുന്നേറ്റം
റഥർഫോർഡ് സഹോദരനും ബഥേലിലെ മറ്റു വിശ്വസ്തരായ സഹോദരങ്ങളും രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്നു. മുമ്പ് പിൽഗ്രിമുകൾ എന്നറിയപ്പെട്ടിരുന്ന സഞ്ചാര മേൽവിചാരകൻമാരുടെ എണ്ണം 69-തിൽനിന്ന് 93 ആയി ഉയർന്നു. കോൽപോർട്ടർമാരുടെ
അഥവാ സാധാരണ മുൻനിരസേവകരുടെ എണ്ണം 372-ൽനിന്ന് 461 ആയി ഉയർന്നു. കൂടാതെ പ്രത്യേക കോൽപോർട്ടർമാർ എന്ന പുതിയ ഒരു ക്രമീകരണം നിലവിൽ വന്നു. ഇന്നത്തെ സഹായ മുൻനിരസേവനം പോലെയുള്ള ഒന്നായിരുന്നു അത്. ചില സഭകളിൽ 100-ഓളം പേർ തീക്ഷ്ണതയോടെ ഈ സേവനത്തിൽ പങ്കെടുത്തു.1917 ജൂലൈ 17-നു പൂർത്തിയായ മർമം (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രകാശനം ചെയ്തു. ആ വർഷാവസാനം ഈ പുസ്തകത്തിന്റെ കോപ്പികൾ തീരുകയും നമ്മുടെ പ്രസിദ്ധീകരണങ്ങൾ അച്ചടിച്ചുതരുന്ന സ്ഥാപനത്തോട് 8,50,000 കോപ്പികൾ കൂടുതലായി അച്ചടിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. *
റസ്സൽ സഹോദരൻ 1916-ൽ തുടങ്ങിവെച്ച ബഥേലിലെ പുനഃസംഘടനാക്രമീകരണങ്ങൾ 1917-ൽ പൂർത്തിയായി. ആ വർഷം ഡിസംബർ മാസം വീക്ഷാഗോപുരം ഇങ്ങനെ റിപ്പോർട്ട് ചെയ്തു: “ഓഫീസ് അംഗങ്ങളുടെ പുനഃക്രമീകരണം . . . ഇപ്പോൾ കഴിഞ്ഞിരിക്കുകയാണ്. ഒരു നല്ല സംഘടനയ്ക്കുവേണ്ട എല്ലാ ഗുണങ്ങളോടെയും അതായത് കാര്യക്ഷമമായും സുഖകരമായും പ്രവർത്തനങ്ങൾ മുമ്പോട്ടു പോകുന്നു. . . ഇവിടെയുള്ള അംഗങ്ങൾ അവരുടെ സേവനം ഒരു അവകാശമായല്ല മറിച്ച് താഴ്മയോടെ തങ്ങൾക്കു ലഭിച്ച ഒരു പദവിയായി കാണുകയും തിരിച്ചറിയുകയും ചെയ്യുന്നു.”
1917 സെപ്റ്റംബർ മാസത്തിൽ വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞു: “ജനുവരി 1 മുതലുള്ള ഓരോ മാസവും മുൻവർഷത്തിലെ ഇതേ മാസവും ആയി താരതമ്യം ചെയ്താൽ പ്രസിദ്ധീകരണങ്ങളുടെ എണ്ണത്തിൽ വർധനവ് കാണുന്നുണ്ട്. . . ഇതു ബ്രൂക്ലിൻ കേന്ദ്രീകരിച്ചുള്ള നമ്മുടെ വേലയുടെ മേൽ കർത്താവിന്റെ അനുഗ്രഹം ഉണ്ടെന്നുള്ളതിന്റെ ശക്തമായ തെളിവാണ് എന്നു കരുതാം.”
പരിശോധനയും ശുദ്ധീകരണവും തുടർന്നും. . .
എതിരാളികൾ സംഘടനയ്ക്കു പുറത്തായി. സഭകളിൽ നടത്തിയ ജനഹിതപരിശോധനയുടെ ഫലം വീക്ഷാഗോപുരം അറിയിച്ചു. സഹോദരങ്ങളിൽ ഭൂരിപക്ഷവും റഥർഫോർഡ് സഹോദരനും ബഥേലിലുള്ള മറ്റു വിശ്വസ്തരായ സഹോദരങ്ങൾക്കും ഒപ്പമായിരുന്നു. എന്നാൽ ഈ സഹോദരന്മാരുടെ പരിശോധന അപ്പോഴും കഴിഞ്ഞിരുന്നില്ല. 1918 ആരംഭിച്ചതു ശുഭസൂചകമായിട്ടായിരുന്നു. എന്നാൽ അതു വരാനിരുന്ന ഇരുണ്ടനാളുകളുടെ വെറുമൊരു തുടക്കമായിരുന്നു.
^ ഖ. 18 1920 വരെ നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ അച്ചടി നടത്തിയിരുന്നതു പുറത്തുള്ള അച്ചടിശാലകളിലായിരുന്നു.