ആമോസ് 5:1-27
5 “ഇസ്രായേൽഗൃഹമേ, നിന്നെക്കുറിച്ചുള്ള എന്റെ വിലാപഗീതം കേൾക്കൂ:
2 ‘ഇസ്രായേൽ കന്യക വീണിരിക്കുന്നു.അവൾക്ക് ഇനി എഴുന്നേൽക്കാനാകില്ല.
അവൾ സ്വദേശത്ത് ഉപേക്ഷിക്കപ്പെട്ടവളായി വീണുകിടക്കുന്നു.അവളെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ആരുമില്ല.’
3 “പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്:
‘ആയിരം പേരുമായി യുദ്ധത്തിനു പോകുന്ന നഗരത്തിനു നൂറു പേരേ ശേഷിക്കൂ,നൂറു പേരെയും കൂട്ടി പോകുന്ന നഗരത്തിനു പത്തു പേരേ ശേഷിക്കൂ.
ഇതായിരിക്കും ഇസ്രായേൽഗൃഹത്തിനു സംഭവിക്കുന്നത്.’+
4 “ഇസ്രായേൽഗൃഹത്തോട് യഹോവ പറയുന്നു:
‘എന്നെ അന്വേഷിക്കൂ, ജീവനോടിരിക്കൂ!+
5 ബഥേലിനെ അന്വേഷിക്കേണ്ടാ,+ഗിൽഗാലിലേക്കു+ പോകുകയോ ബേർ-ശേബയിലേക്കു+ കടക്കുകയോ അരുത്.കാരണം ഗിൽഗാൽ നിശ്ചയമായും ബന്ദിയായി പോകേണ്ടിവരും.+ബഥേൽ നാമാവശേഷമാകും.*
6 യഹോവയെ അന്വേഷിക്കൂ, ജീവിച്ചിരിക്കൂ!+അങ്ങനെയാകുമ്പോൾ ആർക്കും അണയ്ക്കാനാകാത്ത തീപോലെ ദൈവം യോസേഫുഗൃഹത്തിൽ ആളിപ്പടരില്ല,ബഥേലിനെ ചുട്ടുചാമ്പലാക്കുകയുമില്ല.
7 നിങ്ങൾ ന്യായത്തെ കയ്പുചെടിയാക്കി* മാറ്റുന്നു,നീതിയെ നിലത്തേക്കു വലിച്ചെറിയുന്നു.+
8 കിമാ നക്ഷത്രസമൂഹവും* കെസിൽ നക്ഷത്രസമൂഹവും* ഉണ്ടാക്കിയവൻ,+കൂരിരുട്ടിനെ പ്രഭാതമാക്കി മാറ്റുന്നവൻ,പ്രഭാതത്തെ രാത്രിപോലെ ഇരുളാക്കുന്നവൻ,+ഭൂമിയിൽ പെയ്യേണ്ടതിനു സമുദ്രത്തിലെ വെള്ളത്തെ വിളിച്ചുവരുത്തുന്നവൻ,+യഹോവ എന്നല്ലോ ആ ദൈവത്തിന്റെ പേര്.
9 ദൈവം കോട്ടമതിലുള്ള സ്ഥലങ്ങൾ നശിപ്പിക്കുന്നു;ബലമുള്ളതിനു നേരെ വിനാശം വരുത്തുന്നു.
10 നഗരകവാടത്തിൽ ശാസന നൽകുന്നവനെ അവർ വെറുക്കുന്നു.സത്യം സംസാരിക്കുന്നവരോട് അവർക്കു പുച്ഛമാണ്.+
11 നിങ്ങൾ ദരിദ്രനു ഭൂമി പാട്ടത്തിനു കൊടുത്ത് പണം ഈടാക്കുകയും*അവന്റെ ധാന്യം കപ്പമായി വാങ്ങുകയും ചെയ്യുന്നു.+അതുകൊണ്ട്, ചെത്തിയ കല്ലുകൊണ്ട് നിർമിച്ച നിങ്ങളുടെ വീടുകളിൽ നിങ്ങൾ താമസിക്കില്ല.+നിങ്ങൾ നട്ടുപിടിപ്പിച്ച വിശേഷപ്പെട്ട മുന്തിരിത്തോട്ടത്തിലെ വീഞ്ഞു നിങ്ങൾ കുടിക്കുകയുമില്ല.+
12 നിങ്ങളുടെ കുറ്റകൃത്യങ്ങൾ എത്രയധികമാണെന്നുംനിങ്ങളുടെ പാപങ്ങൾ എത്ര വലുതാണെന്നും എനിക്ക് അറിയാം.നീതിമാനോടു നിങ്ങൾ ക്രൂരത കാട്ടുന്നു,നിങ്ങൾ കൈക്കൂലി വാങ്ങുന്നു,നഗരകവാടത്തിൽ ഇരുന്ന് ദരിദ്രന്റെ അവകാശങ്ങൾ നിഷേധിക്കുന്നു.+
13 അതുകൊണ്ട് ഉൾക്കാഴ്ചയുള്ളവർ ആ സമയത്ത് മൗനമായിരിക്കും;വിപത്തിന്റെ ഒരു സമയമായിരിക്കും അത്.+
14 മോശമായതിനു പകരം നല്ലത് അന്വേഷിക്കുക.+അങ്ങനെയെങ്കിൽ നിങ്ങൾ എന്നെന്നും ജീവിച്ചിരിക്കും.+
അപ്പോൾ, നിങ്ങൾ പറയാറുള്ളതുപോലെതന്നെസൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെകൂടെയുണ്ടാകും.+
15 മോശമായതു വെറുത്ത് നല്ലതിനെ സ്നേഹിക്കുക.+നഗരകവാടത്തിൽ നീതി കളിയാടട്ടെ.+
യോസേഫുഗൃഹത്തിൽ ശേഷിക്കുന്നവരോട്സൈന്യങ്ങളുടെ ദൈവമായ യഹോവ പ്രീതി കാണിക്കട്ടെ.’+
16 “അതുകൊണ്ട് യഹോവ, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്:
‘പൊതുസ്ഥലങ്ങളിലെല്ലാം* വിലാപം കേൾക്കും.തെരുവുകളിൽ “അയ്യോ, അയ്യോ” എന്ന് അവർ നിലവിളിക്കും.വിലപിക്കാനായി കർഷകരെയും കരയാനായി കരച്ചിൽ തൊഴിലാക്കിയവരെയും അവർ വിളിക്കും.’
17 ‘എല്ലാ മുന്തിരിത്തോട്ടത്തിൽനിന്നും വിലാപം കേൾക്കും.+കാരണം ഞാൻ നിങ്ങളുടെ ഇടയിലൂടെ കടന്നുപോകും,’ എന്ന് യഹോവ പറയുന്നു.
18 ‘യഹോവയുടെ ദിവസം വന്നുകാണാൻ അതിയായി ആഗ്രഹിക്കുന്നവരുടെ കാര്യം കഷ്ടം!+
യഹോവയുടെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കും?+
അത് ഒട്ടും വെളിച്ചമില്ലാതെ ഇരുൾ നിറഞ്ഞതായിരിക്കും.+
19 ഒരാൾ സിംഹത്തെ കണ്ട് ഓടി കരടിയുടെ മുന്നിൽ ചെന്നുപെടുന്നതുപോലെയുംഅവിടെനിന്ന് ഓടി വീട്ടിൽ ചെന്ന് ചുവരിൽ ചാരി നിൽക്കുമ്പോൾ പാമ്പു കടിക്കുന്നതുപോലെയും ആയിരിക്കും അത്.
20 യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുളായിരിക്കും.തെളിച്ചമല്ല, മൂടലായിരിക്കും.
21 നിങ്ങളുടെ ഉത്സവങ്ങൾ ഞാൻ വെറുക്കുന്നു. അവയോട് എനിക്കു പുച്ഛമാണ്.+നിങ്ങളുടെ പവിത്രമായ സമ്മേളനങ്ങളിൽ പരക്കുന്ന സുഗന്ധത്തിൽ എനിക്ക് യാതൊരു താത്പര്യവുമില്ല.
22 നിങ്ങൾ എനിക്കു സമ്പൂർണദഹനയാഗങ്ങളും കാഴ്ചകളും അർപ്പിച്ചാലുംഞാൻ അവയിൽ പ്രസാദിക്കില്ല.+നിങ്ങളുടെ കൊഴുപ്പിച്ച മൃഗങ്ങളുടെ സഹഭോജനബലി എനിക്ക് ഇഷ്ടമല്ല.+
23 എന്നെ കേൾപ്പിക്കാനായി പാട്ടു പാടി ബഹളമുണ്ടാക്കിയതു മതി.നിങ്ങളുടെ തന്ത്രിവാദ്യങ്ങളുടെ മധുരനാദം എനിക്കു കേൾക്കേണ്ടാ.+
24 ന്യായം നദിപോലെയുംനീതി നിലയ്ക്കാത്ത അരുവിപോലെയും ഒഴുകട്ടെ.+
25 ഇസ്രായേൽഗൃഹമേ, വിജനഭൂമിയിലായിരുന്ന 40 വർഷംനിങ്ങൾ എനിക്കു ബലികളും കാഴ്ചകളും അർപ്പിച്ചിരുന്നോ?+
26 എന്നാൽ, നിങ്ങൾ ഉണ്ടാക്കിയ നിങ്ങളുടെ നക്ഷത്രദൈവത്തിന്റെ രൂപങ്ങളെ,രാജാവായ സിക്കൂത്തിന്റെയും കീയൂന്റെയും* രൂപങ്ങളെ,നിങ്ങൾ ഇപ്പോൾ എടുത്തുകൊണ്ട് പോകേണ്ടിവരും.
27 ഞാൻ ദമസ്കൊസിനും അപ്പുറത്തേക്കു നിങ്ങളെ പ്രവാസികളായി അയയ്ക്കും,’+ എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നു പേരുള്ളവൻ പറയുന്നു.”+
അടിക്കുറിപ്പുകള്
^ മറ്റൊരു സാധ്യത “നിഗൂഢതകൾ നിറഞ്ഞ ഒന്നായിത്തീരും.”
^ അഥവാ “കയ്പാക്കി.”
^ ഇതു മകയിരം എന്ന നക്ഷത്രസമൂഹമായിരിക്കാം.
^ ഇത് ഇടവരാശിയിലെ കാർത്തിക നക്ഷത്രസമൂഹമായിരിക്കാം.
^ അഥവാ “ദരിദ്രനിൽനിന്ന് ഭൂനികുതി ഈടാക്കുകയും.”
^ അഥവാ “പൊതുചത്വരങ്ങളിലെല്ലാം.”
^ ഒരു ദൈവമായി ആരാധിച്ചിരുന്ന ശനി ഗ്രഹത്തെയായിരിക്കാം ഈ ദേവന്മാർ സൂചിപ്പിക്കുന്നത്.