ആമോസ് 6:1-14
6 “സീയോനിൽ കൂസലില്ലാതിരിക്കുന്നവരേ,*ശമര്യമലയിൽ സുരക്ഷിതരായി കഴിയുന്നവരേ,+ശ്രേഷ്ഠജനത്തിന്റെ പ്രധാനികളേ,ഇസ്രായേൽഗൃഹം സഹായത്തിനായി സമീപിക്കുന്നവരേ, നിങ്ങളുടെ കാര്യം കഷ്ടം!
2 കൽനെയിലേക്കു ചെന്ന് നോക്കൂ!
അവിടെനിന്ന് ഹമാത്ത് മഹാരാജ്യത്തിലേക്കു പോകൂ.+പിന്നെ ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലൂ.
അവ ഈ രാജ്യങ്ങളെക്കാളെല്ലാം* ശ്രേഷ്ഠമല്ലേ?അവരുടെ ദേശം നിങ്ങളുടേതിനെക്കാൾ വലുതല്ലേ?
3 ആപത്തിന്റെ ദിവസത്തെക്കുറിച്ച് ഒരു ചിന്തയുമില്ലാതെ+അക്രമം ഊട്ടിവളർത്തുകയാണോ* നിങ്ങൾ?+
4 അവർ ദന്തനിർമിതമായ കട്ടിലുകളിൽ വിശ്രമിക്കുകയും+കിടക്കയിൽ നീണ്ടുനിവർന്ന് കിടക്കുകയും ചെയ്യുന്നു.+ആട്ടിൻപറ്റത്തിലെ ആൺചെമ്മരിയാടുകളെയും കൊഴുപ്പിച്ച കാളക്കുട്ടികളെയും തിന്നുന്നു.+
5 കിന്നരനാദം* കേട്ടാൽ അതിനൊപ്പിച്ച് പാട്ടുകൾ തട്ടിക്കൂട്ടുന്നു.+ദാവീദിനെപ്പോലെ അവർ പുതിയപുതിയ സംഗീതോപകരണങ്ങൾ നിർമിക്കുന്നു.+
6 പാനപാത്രം നിറയെ അവർ വീഞ്ഞു കുടിക്കുന്നു.+വിശേഷപ്പെട്ട എണ്ണ ഒഴിച്ച് അവർ സ്വയം അഭിഷേകം ചെയ്യുന്നു.
എന്നാൽ യോസേഫിനു വരുന്ന നാശത്തെക്കുറിച്ച് അവർക്ക് ഒരു ചിന്തയുമില്ല.*+
7 അതുകൊണ്ട് ആദ്യം നാടുകടത്തുന്നത് അവരെയായിരിക്കും.+പുളച്ച് മറിയുന്നവരുടെ തിമിർപ്പ് അതോടെ അവസാനിക്കും.
8 സൈന്യങ്ങളുടെ ദൈവമായ യഹോവ പറയുന്നു:
‘പരമാധികാരിയായ യഹോവ തന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു,+“യാക്കോബിന്റെ അഹങ്കാരം ഞാൻ വെറുക്കുന്നു.+അവന്റെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ കാണുന്നതുതന്നെ എനിക്ക് ഇഷ്ടമല്ല.+അവരുടെ നഗരവും അതിലുള്ളതൊക്കെയും ഞാൻ ശത്രുവിനു കൈമാറും.+
9 “‘“ഒരു ഭവനത്തിൽ പത്തു പേർ ശേഷിച്ചാൽ അവരും മരിച്ചുപോകും.
10 അവരുടെ ശരീരങ്ങൾ ദഹിപ്പിക്കാൻവേണ്ടി ഒരു ബന്ധു* വന്ന് അവ ഓരോന്നായി എടുത്തുകൊണ്ടുപോകും. അയാൾ അവരുടെ അസ്ഥികളെല്ലാം വീട്ടിൽനിന്ന് പുറത്ത് കൊണ്ടുവരും. എന്നിട്ട് വീട്ടിലെ ഉൾമുറികളിലേക്കു നോക്കി, ‘ഇനി ആരെങ്കിലുമുണ്ടോ’ എന്നു ചോദിക്കും. ‘ആരുമില്ല’ എന്ന് ഒരാൾ പറയും. അപ്പോൾ അയാൾ പറയും: ‘മിണ്ടാതിരിക്കൂ. യഹോവയുടെ പേര് ഉപയോഗിക്കരുത്. ഇപ്പോൾ അതിനുള്ള സമയമല്ല.’”
11 കല്‌പന നൽകുന്നത് യഹോവയാണ്.+ദൈവം വലിയ വീടുകൾ തകർത്ത് തരിപ്പണമാക്കും,ചെറിയ വീടുകൾ പൊളിച്ചുകളയും.+
12 കുതിരകൾ പാറക്കെട്ടിലൂടെ ഓടുമോ,അവിടെ ഒരാൾ കാളയെ പൂട്ടി ഉഴുമോ?
നിങ്ങൾ ന്യായത്തെ വിഷച്ചെടിയാക്കി,നീതിയുടെ ഫലത്തെ കയ്പുചെടിയാക്കി.*+
13 ഒരു ഗുണവുമില്ലാത്ത കാര്യങ്ങളിൽ നിങ്ങൾ ആനന്ദിക്കുന്നു.“നമ്മൾ സ്വന്തം കഴിവുകൊണ്ടാണ് ഇത്ര ശക്തരായത്”* എന്നു നിങ്ങൾ പറയുന്നു.+
14 അതുകൊണ്ട് ഇസ്രായേൽ ജനമേ, ഞാൻ നിനക്ക് എതിരെ ഒരു ജനതയെ വരുത്തും.+അവർ ലബോ-ഹമാത്ത്*+ മുതൽ അരാബ നീർച്ചാൽ* വരെ നിങ്ങളെ കഷ്ടപ്പെടുത്തും’
എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവ പ്രഖ്യാപിക്കുന്നു.”
അടിക്കുറിപ്പുകള്‍
^ അഥവാ “കുലുക്കമില്ലാതിരിക്കുന്നവരേ.”
^ തെളിവനുസരിച്ച് യഹൂദയെയും ഇസ്രായേലിനെയും കുറിക്കുന്നു.
^ അക്ഷ. “അക്രമത്തിന് ഇടംകൊടുക്കുകയാണോ.”
^ അഥവാ “തന്ത്രിവാദ്യങ്ങളുടെ ശബ്ദം.”
^ അക്ഷ. “നാശത്തെക്കുറിച്ച് ഓർത്ത് അവർ രോഗികളാകുന്നില്ല.”
^ അക്ഷ. “അപ്പന്റെ സഹോദരൻ.”
^ അഥവാ “കയ്പാക്കി.”
^ അക്ഷ. “നമുക്കായി കൊമ്പ് ഉയർത്തിയത്.”
^ അഥവാ “ഹമാത്തിന്റെ പ്രവേശനകവാടം.”