ആവർത്തനം 28:1-68
28 “ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെല്ലാം ശ്രദ്ധാപൂർവം പാലിച്ചുകൊണ്ട് നിങ്ങൾ ദൈവത്തിന്റെ വാക്കുകൾ അനുസരിക്കുന്നതിൽ വീഴ്ച വരുത്താതിരുന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഭൂമിയിലെ എല്ലാ ജനതകൾക്കും മീതെ ഉയർത്തും.+
2 നിങ്ങൾ എപ്പോഴും നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേൾക്കുന്നതിനാൽ ഈ അനുഗ്രഹങ്ങളെല്ലാം ദൈവം നിങ്ങളുടെ മേൽ സമൃദ്ധമായി വർഷിക്കും:+
3 “നഗരത്തിൽ നിങ്ങൾ അനുഗൃഹീതരായിരിക്കും; നാട്ടിൻപുറത്തായാലും നിങ്ങൾ അനുഗൃഹീതരായിരിക്കും.+
4 “നിങ്ങളുടെ മക്കൾ* അനുഗൃഹീതരായിരിക്കും;+ നിങ്ങളുടെ നിലത്തെ വിളവും നിങ്ങളുടെ മൃഗങ്ങളുടെ കുഞ്ഞുങ്ങളും—നിങ്ങളുടെ കന്നുകാലിക്കിടാങ്ങളും നിങ്ങളുടെ ആട്ടിൻകുട്ടികളും—അനുഗൃഹീതമായിരിക്കും.+
5 “നിങ്ങളുടെ കൊട്ടയും+ മാവ് കുഴയ്ക്കുന്ന പാത്രവും+ അനുഗൃഹീതമായിരിക്കും.
6 “പോകുന്നിടത്തെല്ലാം നിങ്ങൾ അനുഗൃഹീതരായിരിക്കും; നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും നിങ്ങൾ അനുഗൃഹീതരാകും.
7 “നിങ്ങളുടെ നേരെ വരുന്ന ശത്രുക്കളെ യഹോവ നിങ്ങളുടെ മുമ്പാകെ തോൽപ്പിച്ചുകളയും.+ അവർ ഒരു ദിശയിൽനിന്ന് നിങ്ങളെ ആക്രമിക്കും; എന്നാൽ നിങ്ങളുടെ മുന്നിൽനിന്ന് ഏഴു ദിശകളിലേക്ക് അവർ ഓടിപ്പോകും.+
8 യഹോവ നിങ്ങളുടെ സംഭരണശാലകളുടെ മേലും നിങ്ങളുടെ എല്ലാ പ്രയത്നങ്ങളുടെ മേലും അനുഗ്രഹം അയയ്ക്കും;+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശത്ത് ദൈവം നിങ്ങളെ തീർച്ചയായും അനുഗ്രഹിക്കും.
9 നിങ്ങൾ എപ്പോഴും നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ പാലിക്കുകയും ദൈവത്തിന്റെ വഴികളിൽ നടക്കുകയും ചെയ്യുന്നതിനാൽ നിങ്ങളോടു സത്യം ചെയ്തതുപോലെ+ യഹോവ നിങ്ങളെ തന്റെ വിശുദ്ധജനമായി സ്ഥിരപ്പെടുത്തും.+
10 നിങ്ങൾ യഹോവയുടെ പേര് വഹിക്കുന്നവരാണെന്നു ഭൂമിയിലെ ജനങ്ങളെല്ലാം കാണുകതന്നെ ചെയ്യും;+ അവർ നിങ്ങളെ ഭയപ്പെടും.+
11 “നിങ്ങൾക്കു തരുമെന്നു നിങ്ങളുടെ പൂർവികരോട് യഹോവ സത്യം ചെയ്ത ദേശത്ത്+ സന്താനസമൃദ്ധിയും മൃഗസമ്പത്തും ഫലപുഷ്ടിയുള്ള മണ്ണും നൽകി യഹോവ നിങ്ങളെ കടാക്ഷിക്കും.+
12 യഹോവ തന്റെ സമ്പന്നമായ സംഭരണശാല തുറന്ന്, അതായത് ആകാശം തുറന്ന്, യഥാസമയം നിങ്ങളുടെ ദേശത്ത് മഴ പെയ്യിക്കുകയും+ നിങ്ങളുടെ പ്രവൃത്തികളെയെല്ലാം അനുഗ്രഹിക്കുകയും ചെയ്യും. നിങ്ങൾ അനേകം ജനതകൾക്കു വായ്പ കൊടുക്കും; എന്നാൽ നിങ്ങൾ വായ്പ വാങ്ങേണ്ടിവരില്ല.+
13 അനുസരിക്കണമെന്നു പറഞ്ഞ് ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ എപ്പോഴും അനുസരിക്കുന്നെങ്കിൽ യഹോവ നിങ്ങളെ ആരുടെയും കാൽക്കീഴാക്കില്ല, പകരം തലപ്പത്താക്കും. നിങ്ങൾ എല്ലാവർക്കും മീതെയായിരിക്കും,+ ആരുടെയും കീഴിലായിരിക്കില്ല.
14 ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന ഈ വാക്കുകൾ വിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.+ അങ്ങനെ അന്യദൈവങ്ങൾക്കു പിന്നാലെ പോയി അവയെ സേവിക്കരുത്.+
15 “എന്നാൽ, ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളും നിയമങ്ങളും പാലിക്കാൻ കൂട്ടാക്കാതെ നിങ്ങൾ ദൈവത്തിന്റെ വാക്കുകൾ അവഗണിക്കുന്നെങ്കിൽ ഈ ശാപങ്ങളെല്ലാം നിങ്ങളുടെ മേൽ വരുകയും നിങ്ങളെ വിടാതെ പിന്തുടരുകയും ചെയ്യും:+
16 “നഗരത്തിൽ നിങ്ങൾ ശപിക്കപ്പെട്ടവരായിരിക്കും; നാട്ടിൻപുറത്തായാലും നിങ്ങൾ ശപിക്കപ്പെട്ടവരായിരിക്കും.+
17 “നിങ്ങളുടെ കൊട്ടയും+ മാവ് കുഴയ്ക്കുന്ന പാത്രവും ശപിക്കപ്പെട്ടതായിരിക്കും.+
18 “നിങ്ങളുടെ മക്കൾ ശപിക്കപ്പെട്ടവരായിരിക്കും;+ നിങ്ങളുടെ നിലത്തെ വിളവും നിങ്ങളുടെ കന്നുകാലിക്കിടാങ്ങളും നിങ്ങളുടെ ആട്ടിൻകുട്ടികളും ശപിക്കപ്പെട്ടതായിരിക്കും.+
19 “പോകുന്നിടത്തെല്ലാം നിങ്ങൾ ശപിക്കപ്പെട്ടവരായിരിക്കും; നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും നിങ്ങൾ ശപിക്കപ്പെട്ടവരായിരിക്കും.
20 “എന്നെ ഉപേക്ഷിച്ച് നിങ്ങൾ ചെയ്തുകൂട്ടുന്ന ദുഷ്പ്രവൃത്തികൾ കാരണം, നിങ്ങളെ തുടച്ചുനീക്കുകയും നിങ്ങൾ പെട്ടെന്നു നശിച്ചുപോകുകയും ചെയ്യുന്നതുവരെ നിങ്ങളുടെ മേലും നിങ്ങളുടെ എല്ലാ പ്രയത്നങ്ങളുടെ മേലും യഹോവ ശാപവും പരിഭ്രമവും ശിക്ഷയും അയയ്ക്കും.+
21 നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്തുനിന്ന് ദൈവം നിങ്ങളെ തുടച്ചുനീക്കുംവരെ നിങ്ങൾക്കു മാറാരോഗങ്ങൾ വരാൻ യഹോവ ഇടയാക്കും.+
22 ക്ഷയരോഗം, ചുട്ടുപൊള്ളുന്ന പനി,+ വീക്കം, അതികഠിനമായ ചൂട്, വാൾ,+ ഉഷ്ണക്കാറ്റ്, പൂപ്പൽരോഗം+ എന്നിവയെല്ലാം നിങ്ങളെ ബാധിക്കാൻ യഹോവ ഇടവരുത്തും; നിങ്ങൾ നശിച്ചൊടുങ്ങുംവരെ അവ നിങ്ങളെ വിടാതെ പിന്തുടരും.
23 നിങ്ങളുടെ തലയ്ക്കു മീതെയുള്ള ആകാശം ചെമ്പും നിങ്ങളുടെ കാലിനു കീഴെയുള്ള ഭൂമി ഇരുമ്പും ആയിരിക്കും.+
24 യഹോവ നിങ്ങളുടെ ദേശത്ത് മഴയായി പെയ്യിക്കുന്നതു പൂഴിയും പൊടിയും ആയിരിക്കും; നിങ്ങൾ പൂർണമായി നശിക്കുന്നതുവരെ അവ ആകാശത്തുനിന്ന് നിങ്ങളുടെ മേൽ പെയ്യും.
25 ശത്രുക്കളുടെ മുമ്പാകെ നിങ്ങൾ തോറ്റുപോകാൻ യഹോവ ഇടവരുത്തും.+ ഒരു ദിശയിൽനിന്ന് നിങ്ങൾ അവരെ ആക്രമിക്കും; എന്നാൽ അവരുടെ മുന്നിൽനിന്ന് ഏഴു ദിശകളിലേക്കു നിങ്ങൾ ഓടിപ്പോകും. നിങ്ങളുടെ അവസ്ഥയെക്കുറിച്ച് അറിയുന്ന ഭൂമിയിലെ രാജ്യങ്ങളെല്ലാം ഭയന്നുവിറയ്ക്കും.+
26 നിങ്ങളുടെ ശവങ്ങൾ ആകാശത്തിലെ എല്ലാ പക്ഷികൾക്കും നിലത്തെ ജന്തുക്കൾക്കും ആഹാരമായിത്തീരും; അവയെ ആട്ടിയോടിക്കാൻ ആരുമുണ്ടാകില്ല.+
27 “യഹോവ നിന്നെ ഈജിപ്തിലെ പരുക്കളാലും മൂലക്കുരു, ചിരങ്ങ്, ചൊറി എന്നിവയാലും പ്രഹരിക്കും; അവ ഒരിക്കലും ഭേദമാകില്ല.
28 യഹോവ നിനക്കു ഭ്രാന്തും അന്ധതയും+ പരിഭ്രമവും* വരുത്തും.
29 അന്ധൻ ഇരുട്ടിൽ തപ്പിത്തടയുന്നതുപോലെ നീ നട്ടുച്ചയ്ക്കു തപ്പിനടക്കും.+ നീ എന്തു ചെയ്താലും അതു വിജയിക്കില്ല. നീ എപ്പോഴും കവർച്ചയ്ക്കും ചതിക്കും ഇരയാകും; നിന്നെ രക്ഷിക്കാൻ ആരുമുണ്ടാകില്ല.+
30 നീ ഒരു സ്ത്രീയുമായി വിവാഹനിശ്ചയം ചെയ്യും; എന്നാൽ മറ്റൊരാൾ അവളെ ബലാത്സംഗം ചെയ്യും. നീ ഒരു വീടു പണിയും; എന്നാൽ നീ അതിൽ താമസിക്കില്ല.+ നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; എന്നാൽ നീ അതിന്റെ ഫലം അനുഭവിക്കില്ല.+
31 നിന്റെ കൺമുന്നിൽവെച്ച് നിന്റെ കാളയെ അറുക്കും; എന്നാൽ അൽപ്പംപോലും നിനക്കു തിന്നാനാകില്ല. നിന്റെ മുന്നിൽവെച്ച് നിന്റെ കഴുതയെ മോഷ്ടിച്ചുകൊണ്ടുപോകും; എന്നാൽ നിനക്ക് അതിനെ തിരികെ ലഭിക്കില്ല. നിന്റെ ആടുകളെ ശത്രുക്കൾ കൈവശമാക്കും; ആരും നിന്റെ രക്ഷയ്ക്ക് എത്തില്ല.
32 നീ നോക്കിക്കൊണ്ടിരിക്കെ നിന്റെ ആൺമക്കളും പെൺമക്കളും മറ്റു ജനങ്ങളുടെ പിടിയിലാകും.+ നീ അവരെ കാണാൻ കൊതിക്കും; എന്നാൽ നിന്റെ കൈകൾക്കു ശക്തിയുണ്ടാകില്ല.
33 നീ അറിയാത്ത ഒരു ജനം നിന്റെ നിലത്തെ വിളവും നിന്റെ അധ്വാനഫലവും തിന്നും;+ നീ എന്നും വഞ്ചനയ്ക്കും മർദനത്തിനും ഇരയാകും.
34 നീ കാണുന്ന കാര്യങ്ങൾ കാരണം നിന്റെ സമനില തെറ്റും.
35 “വേദനയുളവാക്കുന്ന, ഭേദപ്പെടാത്ത പരുക്കൾ നിങ്ങളുടെ കാലിലും കാൽമുട്ടിലും വരുത്തി യഹോവ നിങ്ങളെ ശിക്ഷിക്കും; ഉള്ളങ്കാൽമുതൽ നെറുകവരെ അതു നിങ്ങളെ ബാധിക്കും.
36 നിങ്ങളും നിങ്ങളുടെ പൂർവികരും അറിഞ്ഞിട്ടില്ലാത്ത ഒരു ജനതയുടെ അടുത്തേക്ക് യഹോവ നിങ്ങളെയും നിങ്ങൾ നിങ്ങളുടെ മേൽ ആക്കിവെച്ച രാജാവിനെയും ഓടിച്ചുകളയും.+ അവിടെ നിങ്ങൾ, മരംകൊണ്ടും കല്ലുകൊണ്ടും ഉണ്ടാക്കിയ അന്യദൈവങ്ങളെ സേവിക്കും.+
37 യഹോവ നിങ്ങളെ ഓടിച്ചുകളയുന്ന സ്ഥലങ്ങളിലുള്ള എല്ലാ ജനങ്ങൾക്കുമിടയിൽ നിങ്ങൾ ഭീതിക്കും നിന്ദയ്ക്കും* പരിഹാസത്തിനും പാത്രമായിത്തീരും.+
38 “നീ കുറെ വിത്തുമായി വയലിലേക്കു പോകും; എന്നാൽ കുറച്ച് മാത്രമേ കൊയ്തുകൊണ്ടുവരൂ.+ കാരണം വെട്ടുക്കിളി അവയെല്ലാം തിന്നുകളയും.
39 നീ മുന്തിരിത്തോട്ടങ്ങൾ നട്ട് പരിപാലിക്കും; എന്നാൽ നീ വീഞ്ഞു കുടിക്കുകയോ മുന്തിരിപ്പഴം ശേഖരിക്കുകയോ ഇല്ല.+ കാരണം പുഴു അതെല്ലാം തിന്നുതീർക്കും.
40 നിന്റെ പ്രദേശത്തെല്ലാം ഒലിവ് മരങ്ങളുണ്ടായിരിക്കും; എന്നാൽ നീ ദേഹത്ത് എണ്ണ പുരട്ടില്ല. കാരണം ഒലിവുകായ്കളെല്ലാം പൊഴിഞ്ഞുപോകും.
41 നിനക്ക് ആൺമക്കളും പെൺമക്കളും ഉണ്ടാകും. എന്നാൽ അവർ എന്നും നിന്റെ സ്വന്തമായിരിക്കില്ല. കാരണം ആളുകൾ അവരെ ബന്ദികളായി പിടിച്ചുകൊണ്ടുപോകും.+
42 കീടങ്ങൾ* കൂട്ടമായി വന്ന് നിന്റെ എല്ലാ വൃക്ഷങ്ങളും നിന്റെ നിലത്തെ വിളവുകളും നശിപ്പിക്കും.
43 നിങ്ങൾക്കിടയിൽ താമസമാക്കിയ വിദേശി നിനക്കു മീതെ ഉയർന്നുയർന്നുവരും; എന്നാൽ നീ താണുതാണുപോകും.
44 വിദേശി നിനക്കു വായ്പ തരും; എന്നാൽ അയാൾക്കു വായ്പ കൊടുക്കാൻ നിനക്കാകില്ല.+ വിദേശി തലപ്പത്തും നീ കാൽക്കീഴും ആകും.+
45 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ച നിയമങ്ങളും കല്പനകളും പാലിക്കാതെ നിങ്ങൾ ദൈവത്തിന്റെ വാക്ക് അവഗണിച്ചതുകൊണ്ട്+ നിങ്ങൾ നശിച്ചൊടുങ്ങുംവരെ ഈ ശാപങ്ങളെല്ലാം+ നിങ്ങളുടെ മേൽ വരുകയും അവ നിങ്ങളെ പിന്തുടർന്ന് പിടിക്കുകയും ചെയ്യും.+
46 സ്ഥിരമായ ഒരു അടയാളവും മുന്നറിയിപ്പും ആയി+ അവ നിങ്ങളുടെയും നിങ്ങളുടെ സന്തതികളുടെയും മേലുണ്ടായിരിക്കും.
47 കാരണം നിങ്ങൾക്കു സമ്പദ്സമൃദ്ധി ഉണ്ടായപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ ആഹ്ലാദത്തോടും സന്തുഷ്ടഹൃദയത്തോടും കൂടെ സേവിച്ചില്ല.+
48 യഹോവ നിങ്ങളുടെ ശത്രുക്കളെ നിങ്ങൾക്കു നേരെ അയയ്ക്കും. തിന്നാനോ+ കുടിക്കാനോ ഉടുക്കാനോ ഇല്ലാതെ ഇല്ലായ്മയിൽ നിങ്ങൾ അവരെ സേവിക്കേണ്ടിവരും.+ നിങ്ങളെ പാടേ നശിപ്പിക്കുന്നതുവരെ ദൈവം നിങ്ങളുടെ കഴുത്തിൽ ഇരുമ്പുനുകം വെക്കും.
49 “യഹോവ വിദൂരത്തുനിന്ന്, ഭൂമിയുടെ അറ്റത്തുനിന്ന്, ഒരു ജനതയെ നിങ്ങൾക്കെതിരെ എഴുന്നേൽപ്പിക്കും.+ നിങ്ങൾക്കു മനസ്സിലാകാത്ത ഭാഷ സംസാരിക്കുന്ന ആ ജനത+ ഒരു കഴുകനെപ്പോലെ വേഗത്തിൽ വന്ന് നിങ്ങളെ റാഞ്ചിയെടുക്കും.+
50 ക്രൂരഭാവമുള്ള ആ ജനത വൃദ്ധരെ ബഹുമാനിക്കുകയോ കുഞ്ഞുങ്ങളോടു കരുണ കാണിക്കുകയോ ഇല്ല.+
51 നിങ്ങൾ നശിച്ചൊടുങ്ങുംവരെ നിങ്ങളുടെ മൃഗങ്ങളുടെ കുട്ടികളെയും നിങ്ങളുടെ നിലത്തെ വിളവുകളെയും അവർ ആഹാരമാക്കും. നിങ്ങളെ ഇല്ലായ്മ ചെയ്യുന്നതുവരെ ധാന്യം, പുതുവീഞ്ഞ്, എണ്ണ, കന്നുകാലിക്കിടാങ്ങൾ, ആട്ടിൻകുട്ടികൾ എന്നിവ അവർ കൈവശമാക്കും; അവർ നിങ്ങൾക്കായി ഒന്നും ബാക്കി വെക്കില്ല.+
52 അവർ നിങ്ങളെ ഉപരോധിക്കും. നിങ്ങൾ ആശ്രയം വെച്ചിരിക്കുന്ന, നിങ്ങളുടെ കോട്ടകെട്ടി ഉറപ്പിച്ച വൻമതിലുകൾ നിലംപൊത്തുന്നതുവരെ അവർ നിങ്ങളെ നിങ്ങളുടെ നഗരങ്ങൾക്കുള്ളിൽ* തളച്ചിടും. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയ ദേശത്തെങ്ങുമുള്ള നഗരങ്ങളിൽ അവർ നിങ്ങളെ ഉപരോധിക്കും.+
53 ഉപരോധത്തിന്റെ കാഠിന്യവും ശത്രുക്കൾ നിങ്ങളുടെ മേൽ വരുത്തുന്ന കഷ്ടതയും കാരണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയ നിങ്ങളുടെ കുട്ടികളെ നിങ്ങൾ തിന്നേണ്ടിവരും. നിങ്ങളുടെ സ്വന്തം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മാംസം നിങ്ങൾ തിന്നും.+
54 “നിങ്ങൾക്കിടയിലുള്ള ഏറ്റവും ലോലഹൃദയനും ദയാലുവും ആയ പുരുഷനുപോലും തന്റെ സഹോദരനോടോ പ്രിയപത്നിയോടോ ശേഷിച്ചിരിക്കുന്ന മക്കളോടോ അലിവ് തോന്നില്ല.
55 തന്റെ മക്കളുടെ മാംസം തിന്നുമ്പോൾ അയാൾ അത് അവർക്കു കൊടുക്കില്ല. ഉപരോധത്തിന്റെ കാഠിന്യവും ശത്രുക്കൾ നിങ്ങളുടെ നഗരങ്ങളിൽ വരുത്തുന്ന കഷ്ടതയും കാരണം അയാൾക്കു തിന്നാൻ മറ്റൊന്നുമുണ്ടാകില്ല.+
56 ഉള്ളങ്കാൽ നിലത്ത് കുത്താൻപോലും മടിക്കുന്ന, ഏറ്റവും ലോലഹൃദയയും മൃദുലയും ആയ സ്ത്രീപോലും+ തന്റെ പ്രിയപ്പെട്ട ഭർത്താവിനോടോ മകനോടോ മകളോടോ കനിവ് കാണിക്കില്ല.
57 താൻ പ്രസവിക്കുന്ന കുഞ്ഞുങ്ങളോടും പ്രസവാനന്തരം സ്വന്തം ശരീരത്തിൽനിന്ന്, തന്റെ കാലുകൾക്കിടയിൽനിന്ന്, പുറത്തുവരുന്നവയോടുപോലും അവൾ കനിവ് കാണിക്കില്ല. ഉപരോധത്തിന്റെ കാഠിന്യവും ശത്രുക്കൾ നിങ്ങളുടെ നഗരങ്ങളിൽ വരുത്തുന്ന കഷ്ടതയും കാരണം ആ സ്ത്രീ അവ രഹസ്യമായി തിന്നും.
58 “ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിലെ വാക്കുകളെല്ലാം+ നിങ്ങൾ ശ്രദ്ധാപൂർവം പാലിക്കുകയോ മഹത്ത്വമാർന്നതും ഭയാദരവ് ഉണർത്തുന്നതും ആയ, നിങ്ങളുടെ ദൈവമായ യഹോവയുടെ പേര്+ ഭയപ്പെടുകയോ ചെയ്യുന്നില്ലെങ്കിൽ+
59 യഹോവ നിങ്ങളുടെയും നിങ്ങളുടെ സന്തതികളുടെയും മേൽ അതികഠിനമായ ബാധകൾ, അതായത് മാരകവും ദീർഘനാൾ നിൽക്കുന്നതും ആയ ബാധകൾ, വരുത്തും.+ വേദനാജനകവും വിട്ടുമാറാത്തതും ആയ രോഗങ്ങളും ദൈവം നിങ്ങളുടെ മേൽ അയയ്ക്കും.
60 നിങ്ങൾ ഭയപ്പെട്ടിരുന്ന ഈജിപ്തിലെ രോഗങ്ങളെല്ലാം നിങ്ങളുടെ മേൽ തിരികെ വരുത്തും. അവ ഒരിക്കലും നിങ്ങളെ വിട്ടുമാറില്ല.
61 കൂടാതെ ഈ നിയമപുസ്തകത്തിൽ എഴുതിയിട്ടില്ലാത്ത രോഗങ്ങളും ബാധകളും പോലും യഹോവ നിങ്ങളുടെ മേൽ വരുത്തും. നിങ്ങൾ പൂർണമായി നശിക്കുന്നതുവരെ ദൈവം അങ്ങനെ ചെയ്യും.
62 നിങ്ങൾ ഇന്ന് ആകാശത്തിലെ നക്ഷത്രങ്ങൾപോലെ അസംഖ്യമായിത്തീർന്നെങ്കിലും+ നിങ്ങളിൽ കുറച്ച് പേർ മാത്രമേ ശേഷിക്കൂ.+ കാരണം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചില്ല.
63 “നിങ്ങൾക്ക് അഭിവൃദ്ധി തരാനും നിങ്ങളെ വർധിപ്പിക്കാനും ഒരു കാലത്ത് യഹോവ പ്രസാദിച്ചിരുന്നതുപോലെ, നിങ്ങളെ സംഹരിക്കാനും തുടച്ചുനീക്കാനും യഹോവയ്ക്കു താത്പര്യം തോന്നും; നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്തുനിന്ന് നിങ്ങളെ ദൈവം പിഴുതെറിയും.
64 “യഹോവ നിങ്ങളെ എല്ലാ ജനതകൾക്കുമിടയിൽ, ഭൂമിയുടെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ, ചിതറിച്ചുകളയും.+ നിങ്ങളോ നിങ്ങളുടെ പൂർവികരോ അറിഞ്ഞിട്ടില്ലാത്ത, മരവും കല്ലും കൊണ്ടുള്ള ദൈവങ്ങളെ അവിടെ നിങ്ങൾ സേവിക്കേണ്ടിവരും.+
65 ആ ജനതകൾക്കിടയിൽ നിങ്ങൾക്കു സമാധാനമുണ്ടായിരിക്കില്ല;+ അവിടെ നിങ്ങളുടെ കാലിനു വിശ്രമം ലഭിക്കില്ല. ഉത്കണ്ഠ നിറഞ്ഞ ഹൃദയവും+ മങ്ങിയ കണ്ണുകളും നിരാശയുള്ള മനസ്സും+ ആയിരിക്കും യഹോവ നിങ്ങൾക്കു തരുന്നത്.
66 നിങ്ങളുടെ ജീവിതം കഷ്ടത്തിലാകും. രാവും പകലും നിങ്ങൾ പേടിച്ചുവിറയ്ക്കും. നിങ്ങളുടെ ജീവന് ഒരു ഉറപ്പുമുണ്ടാകില്ല.
67 നിങ്ങളുടെ ഉള്ളിലെ ഭയവും നിങ്ങൾ കാണുന്ന കാഴ്ചകളും കാരണം, ‘വൈകുന്നേരമായിരുന്നെങ്കിൽ!’ എന്നു രാവിലെയും ‘രാവിലെയായിരുന്നെങ്കിൽ!’ എന്നു വൈകുന്നേരവും നിങ്ങൾ പറഞ്ഞുപോകും.
68 ‘നിങ്ങൾ ഇനി ഒരിക്കലും കാണില്ല’ എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വഴിയേ യഹോവ നിങ്ങളെ ഈജിപ്തിലേക്കു കപ്പൽ കയറ്റി തിരികെ കൊണ്ടുപോകും. അവിടെ നിങ്ങളുടെ എല്ലാ സ്ത്രീകളും പുരുഷന്മാരും തങ്ങളെത്തന്നെ അടിമകളായി ശത്രുക്കൾക്കു വിൽക്കേണ്ടിവരും. എന്നാൽ നിങ്ങളെ വാങ്ങാൻ ആരുമുണ്ടാകില്ല.”
അടിക്കുറിപ്പുകള്
^ അക്ഷ. “ഗർഭഫലം.”
^ അഥവാ “ഹൃദയസംഭ്രമവും.”
^ അക്ഷ. “പഴഞ്ചൊല്ലിനും.”
^ അഥവാ “മൂളിപ്പറക്കുന്ന കീടങ്ങൾ.”
^ അക്ഷ. “കവാടങ്ങൾക്കുള്ളിൽ.”