ആവർത്തനം 29:1-29
29 ഹോരേബിൽവെച്ച് ഇസ്രായേൽ ജനവുമായി ചെയ്ത ഉടമ്പടിക്കു പുറമേ മോവാബ് ദേശത്തുവെച്ച് അവരുമായി മറ്റൊരു ഉടമ്പടി ചെയ്യാൻ യഹോവ മോശയോടു കല്പിച്ചു. ആ ഉടമ്പടിയിലെ വാക്കുകളാണ് ഇവ.+
2 മോശ ഇസ്രായേലിനെ മുഴുവൻ വിളിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞു: “ഈജിപ്ത് ദേശത്ത് നിങ്ങളുടെ കൺമുന്നിൽവെച്ച് യഹോവ ഫറവോനോടും ഫറവോന്റെ എല്ലാ ദാസന്മാരോടും ഫറവോന്റെ ദേശത്തോടു മുഴുവനും ചെയ്തതു നിങ്ങൾ കണ്ടിരിക്കുന്നു;+
3 മഹത്തായ ന്യായവിധികളും* വലിയ അടയാളങ്ങളും അത്ഭുതങ്ങളും നിങ്ങൾ സ്വന്തം കണ്ണുകൊണ്ട് കണ്ടു.+
4 പക്ഷേ യഹോവ നിങ്ങൾക്കു തിരിച്ചറിവുള്ള ഒരു ഹൃദയവും കാണുന്ന കണ്ണുകളും കേൾക്കുന്ന ചെവികളും ഇന്നുവരെ നൽകിയിട്ടില്ല.+
5 ‘ഞാൻ നിങ്ങളെ വിജനഭൂമിയിലൂടെ നയിച്ച 40 വർഷം+ നിങ്ങൾ ധരിച്ചിരുന്ന വസ്ത്രം പഴകുകയോ നിങ്ങളുടെ കാലിലെ ചെരിപ്പു തേഞ്ഞുപോകുകയോ ചെയ്തില്ല.+
6 നിങ്ങൾക്കു തിന്നാൻ അപ്പമോ കുടിക്കാൻ വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ ഇല്ലായിരുന്നു. എങ്കിലും ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ തിരിച്ചറിയാൻ ഞാൻ നിങ്ങളെ പരിപാലിച്ചു.’
7 ഒടുവിൽ നിങ്ങൾ ഈ സ്ഥലത്ത് എത്തി. അപ്പോൾ ഹെശ്ബോനിലെ രാജാവായ സീഹോനും+ ബാശാനിലെ രാജാവായ ഓഗും+ നമുക്കെതിരെ യുദ്ധത്തിനു വന്നു. എന്നാൽ നമ്മൾ അവരെ തോൽപ്പിച്ചു.+
8 നമ്മൾ അവരുടെ ദേശം പിടിച്ചടക്കി രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയരുടെ പാതി ഗോത്രത്തിനും അവകാശമായി കൊടുത്തു.+
9 അതുകൊണ്ട് ഈ ഉടമ്പടിയിലെ വാക്കുകൾ പാലിച്ച് അവ അനുസരിക്കുക. അപ്പോൾ നിങ്ങൾ ചെയ്യുന്നതെല്ലാം സഫലമാകും.+
10 “നിങ്ങൾ എല്ലാവരും ഇന്ന് ഇതാ, നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ നിൽക്കുന്നു; നിങ്ങളുടെ ഗോത്രത്തലവന്മാരും നിങ്ങളുടെ മൂപ്പന്മാരും നിങ്ങളുടെ അധികാരികളും ഇസ്രായേലിലെ എല്ലാ പുരുഷന്മാരും
11 നിങ്ങളുടെ കുട്ടികളും നിങ്ങളുടെ ഭാര്യമാരും+ നിങ്ങളുടെ പാളയത്തിൽ താമസിച്ച് നിങ്ങൾക്കുവേണ്ടി വിറകു ശേഖരിക്കുകയും വെള്ളം കോരുകയും ചെയ്യുന്ന വിദേശിയും+ ഇവിടെയുണ്ട്.
12 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുമായി ആണയിട്ട് ചെയ്യുന്ന ഉടമ്പടിയിൽ പങ്കാളികളാകാനാണു നിങ്ങൾ ഇവിടെ വന്നിരിക്കുന്നത്. നിങ്ങളുടെ ദൈവമായ യഹോവ ഇന്നു നിങ്ങളുമായി ഈ ഉടമ്പടി ചെയ്യുന്നതു+
13 നിങ്ങളെ സ്വന്തം ജനമായി സ്ഥിരപ്പെടുത്താനും+ അവിടുന്ന് നിങ്ങളുടെ ദൈവമാകാനും വേണ്ടിയാണ്.+ ദൈവം നിങ്ങളോടു വാഗ്ദാനം ചെയ്തതും നിങ്ങളുടെ പൂർവികരായ അബ്രാഹാം,+ യിസ്ഹാക്ക്,+ യാക്കോബ്+ എന്നിവരോടു സത്യം ചെയ്തതും ഇതായിരുന്നല്ലോ.
14 “ഞാൻ ഇപ്പോൾ ആണയിടുന്നതും ഈ ഉടമ്പടി ചെയ്യുന്നതും നിങ്ങളോടു മാത്രമല്ല,
15 ഇന്ന് ഇവിടെ നമ്മളോടൊപ്പം നമ്മുടെ ദൈവമായ യഹോവയുടെ മുമ്പാകെ കൂടിവന്നിരിക്കുന്നവരോടും ഇന്നു നമ്മളോടൊപ്പം ഇവിടെ വന്നിട്ടില്ലാത്തവരോടും കൂടെയാണ്.
16 (നമ്മൾ ഈജിപ്ത് ദേശത്ത് കഴിഞ്ഞത് എങ്ങനെയാണെന്നും പല ജനതകൾക്കിടയിലൂടെ കടന്നുപോന്നത് എങ്ങനെയാണെന്നും നിങ്ങൾക്കു നന്നായി അറിയാം.+
17 അവരുടെ വൃത്തികെട്ട വസ്തുക്കളും മരം, കല്ല്, സ്വർണം, വെള്ളി എന്നിവയിൽ തീർത്ത അവരുടെ മ്ലേച്ഛവിഗ്രഹങ്ങളും*+ നിങ്ങൾ അപ്പോൾ കാണാറുണ്ടായിരുന്നല്ലോ.)
18 നമ്മുടെ ദൈവമായ യഹോവയിൽനിന്ന് ഹൃദയംകൊണ്ട് അകന്നുപോകുകയും ആ ജനതകളുടെ ദൈവങ്ങളെ സേവിക്കാൻ ചായ്വ് കാണിക്കുകയും ചെയ്യുന്ന ഒരു പുരുഷനോ സ്ത്രീയോ ഒരു കുടുംബമോ ഗോത്രമോ ഇന്നു നിങ്ങൾക്കിടയിൽ ഉണ്ടാകാതെ സൂക്ഷിച്ചുകൊള്ളുക.+ വിഷക്കായും കാഞ്ഞിരവും ഉണ്ടാകുന്ന അത്തരമൊരു വേരു നിങ്ങൾക്കിടയിൽ ഉണ്ടാകാതിരിക്കട്ടെ.+
19 “എന്നാൽ ഈ ആണയിലെ വാക്കുകൾ കേട്ടിട്ടും, ‘എനിക്കു മനസ്സിൽ* തോന്നുന്നതുപോലെ നടന്നാലും ഞാൻ സമാധാനത്തോടെ കഴിയും’ എന്നു പറഞ്ഞ് ഒരു വ്യക്തി തന്റെ ഹൃദയത്തിൽ വീമ്പിളക്കിക്കൊണ്ട് തന്റെ വഴിയിലുള്ള എല്ലാത്തിനും* നാശം വിതച്ചാൽ
20 യഹോവ അയാളോടു ക്ഷമിക്കില്ല.+ യഹോവയുടെ ഉഗ്രകോപം അയാൾക്കു നേരെ ആളിക്കത്തുകയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപങ്ങളെല്ലാം അയാളുടെ മേൽ വരുകയും ചെയ്യും.+ യഹോവ ഉറപ്പായും അയാളുടെ പേര് ആകാശത്തിൻകീഴിൽനിന്ന് മായ്ച്ചുകളയും.
21 ഈ നിയമപുസ്തകത്തിൽ എഴുതിയിരിക്കുന്ന ഉടമ്പടിയിലെ എല്ലാ ശാപങ്ങൾക്കും ചേർച്ചയിൽ അയാളുടെ മേൽ ആപത്തു വരുത്താനായി യഹോവ അയാളെ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിൽനിന്നും വേർതിരിക്കും.
22 “ദൂരദേശത്തുനിന്ന് വരുന്നവരും നിങ്ങളുടെ മക്കളുടെ ഭാവിതലമുറയും യഹോവ നിങ്ങളുടെ ദേശത്തിന്മേൽ വരുത്തിയ ബാധകളും ദുരിതങ്ങളും കാണും.
23 യഹോവ കോപത്തിലും ക്രോധത്തിലും നശിപ്പിച്ചുകളഞ്ഞ സൊദോം, ഗൊമോറ,+ ആദ്മ, സെബോയിം+ എന്നിവയെപ്പോലെ ദേശം ഒന്നാകെ നശിക്കുന്നത് അവർ കാണും. ഗന്ധകവും* ഉപ്പും തീയും കാരണം വിതയും വിളയും അവിടെയുണ്ടാകില്ല, സസ്യജാലങ്ങളൊന്നും മുളച്ചുവരില്ല.
24 അപ്പോൾ അവരും എല്ലാ ജനതകളും ഇങ്ങനെ ചോദിക്കും: ‘യഹോവ എന്തുകൊണ്ടാണ് ഈ ദേശത്തോട് ഇങ്ങനെ ചെയ്തത്?+ ദൈവം ഇത്രയധികം കോപിക്കാൻ എന്താണു കാരണം?’
25 അപ്പോൾ അവർ പറയും: ‘അവർ അവരുടെ പൂർവികരുടെ ദൈവമായ യഹോവയുടെ ഉടമ്പടി, അതായത് അവരെ ഈജിപ്ത് ദേശത്തുനിന്ന് കൊണ്ടുവന്നപ്പോൾ ദൈവം അവരോടു ചെയ്ത ഉടമ്പടി,+ തള്ളിക്കളഞ്ഞു. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.+
26 മാത്രമല്ല, അവർ ചെന്ന് തങ്ങൾ അറിഞ്ഞിട്ടില്ലാത്ത, ആരാധിക്കാൻ അവർക്ക് അനുവാദമില്ലാതിരുന്ന,* അന്യദൈവങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പാകെ കുമ്പിടുകയും ചെയ്തു.+
27 അപ്പോൾ യഹോവയുടെ കോപം ആ ദേശത്തിനു നേരെ ആളിക്കത്തുകയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപങ്ങളെല്ലാം ദൈവം അതിന്മേൽ വരുത്തുകയും ചെയ്തു.+
28 തന്റെ കോപവും ക്രോധവും കടുത്ത ധാർമികരോഷവും നിമിത്തം യഹോവ അവരെ അവരുടെ മണ്ണിൽനിന്ന് പിഴുതെടുത്ത് മറ്റൊരു ദേശത്തേക്ക് എറിഞ്ഞുകളഞ്ഞു.+ അവർ ഇന്നും അവിടെ കഴിയുന്നു.’+
29 “മറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം നമ്മുടെ ദൈവമായ യഹോവയ്ക്കുള്ളതാണ്.+ വെളിപ്പെടുത്തിക്കിട്ടിയ കാര്യങ്ങളോ നമ്മൾ ഈ നിയമത്തിലെ വാക്കുകളെല്ലാം എന്നെന്നും പാലിക്കാൻവേണ്ടി, നമുക്കും നമ്മുടെ വരുംതലമുറകൾക്കും ഉള്ളതാണ്.+
അടിക്കുറിപ്പുകള്
^ അഥവാ “വിചാരണകളും.”
^ എബ്രായപദത്തിന് “കാഷ്ഠം” എന്ന് അർഥമുള്ള ഒരു വാക്കിനോടു ബന്ധമുണ്ടായിരിക്കാം. ഇത് അങ്ങേയറ്റത്തെ അറപ്പിനെ കുറിക്കുന്നു.
^ അക്ഷ. “ഹൃദയത്തിൽ.”
^ അക്ഷ. “വരണ്ടതിനോടൊപ്പം നനവുള്ളതിനും.”
^ അതായത്, സൾഫർ.
^ അക്ഷ. “അവർക്കു ഭാഗിച്ചുകൊടുത്തിട്ടില്ലാത്ത.”