ആവർത്തനം 3:1-29

3  “പിന്നെ നമ്മൾ തിരിഞ്ഞ്‌ ബാശാൻ വഴിയി​ലൂ​ടെ ചെന്നു. അപ്പോൾ ബാശാ​നി​ലെ രാജാ​വായ ഓഗ്‌ നമ്മളോ​ടു യുദ്ധം ചെയ്യാൻ അയാളു​ടെ ജനത്തെ മുഴുവൻ കൂട്ടി എദ്രെ​യിൽ വന്നു.+  എന്നാൽ യഹോവ എന്നോടു പറഞ്ഞു: ‘ഓഗിനെ പേടി​ക്കേണ്ടാ. അവനെ​യും അവന്റെ ജനത്തെ​യും അവന്റെ ദേശ​ത്തെ​യും ഞാൻ നിന്റെ കൈയിൽ തരും. ഹെശ്‌ബോ​നിൽ താമസി​ച്ചി​രുന്ന അമോ​ര്യ​രാ​ജാ​വായ സീഹോ​നോ​ടു ചെയ്‌ത​തു​പോ​ലെ​തന്നെ നീ അവനോ​ടും ചെയ്യും.’  അങ്ങനെ നമ്മുടെ ദൈവ​മായ യഹോവ ബാശാ​നി​ലെ ഓഗ്‌ രാജാ​വി​നെ​യും ഓഗിന്റെ മുഴുവൻ ജനത്തെ​യും നമ്മുടെ കൈയിൽ തന്നു. നമ്മൾ ഓഗ്‌ രാജാ​വി​നോ​ടു പൊരു​തി അവരെ സംഹരി​ച്ചു; അയാളു​ടെ ജനത്തിൽ ആരും ശേഷി​ച്ചില്ല.  ഓഗിന്റെ എല്ലാ നഗരങ്ങ​ളും നമ്മൾ പിടി​ച്ച​ടക്കി; അവരിൽനി​ന്ന്‌ പിടി​ച്ചെ​ടു​ക്കാത്ത ഒരു പട്ടണവു​മു​ണ്ടാ​യി​രു​ന്നില്ല. ആ 60 നഗരങ്ങൾ, ബാശാ​നി​ലെ ഓഗിന്റെ രാജ്യ​മായ അർഗോ​ബ്‌ പ്രദേശം മുഴു​വ​നും, നമ്മൾ കൈവ​ശ​മാ​ക്കി.+  ഉയർന്ന മതിലു​ക​ളും ഓടാ​മ്പ​ലു​കൾ വെച്ച വലിയ വാതി​ലു​ക​ളും കൊണ്ട്‌ സുരക്ഷി​ത​മാ​ക്കിയ നഗരങ്ങ​ളാ​യി​രു​ന്നു അവയെ​ല്ലാം. അനേകം ഉൾനാടൻ പട്ടണങ്ങ​ളും ആ പ്രദേ​ശ​ത്തു​ണ്ടാ​യി​രു​ന്നു.  എന്നാൽ ഹെശ്‌ബോൻരാ​ജാ​വായ സീഹോ​നോ​ടു ചെയ്‌ത​തു​പോ​ലെ നമ്മൾ അവയെ നശിപ്പി​ച്ചു.+ എല്ലാ നഗരങ്ങ​ളെ​യും അവയി​ലുള്ള പുരു​ഷ​ന്മാ​രെ​യും സ്‌ത്രീ​ക​ളെ​യും കുട്ടി​ക​ളെ​യും നമ്മൾ നിശ്ശേഷം നശിപ്പി​ച്ചു​ക​ളഞ്ഞു.+  കൊള്ളവസ്‌തുക്കളോടൊപ്പം ആ നഗരങ്ങ​ളി​ലെ എല്ലാ മൃഗങ്ങ​ളെ​യും നമ്മൾ കൊണ്ടു​പോ​ന്നു.  “യോർദാൻ പ്രദേ​ശ​ത്തു​ണ്ടാ​യി​രുന്ന രണ്ട്‌ അമോ​ര്യ​രാ​ജാ​ക്ക​ന്മാ​രു​ടെ​യും ദേശം ആ സമയത്ത്‌ നമ്മൾ പിടി​ച്ച​ടക്കി.+ അതായത്‌, അർന്നോൻ താഴ്‌വര* മുതൽ ഹെർമോൻ പർവതം വരെയുള്ള പ്രദേശം.+  (സീദോ​ന്യർ ആ പർവതത്തെ സീറി​യോൻ എന്നും അമോ​ര്യർ സെനീർ എന്നും ആണ്‌ വിളി​ച്ചി​രു​ന്നത്‌.) 10  അങ്ങനെ പീഠഭൂ​മി​യി​ലെ എല്ലാ നഗരങ്ങ​ളും ഗിലെ​യാദ്‌ മുഴു​വ​നും ബാശാ​നി​ലെ ഓഗിന്റെ രാജ്യത്തെ സൽക്ക, എദ്രെ+ എന്നീ നഗരങ്ങൾവ​രെ​യുള്ള ബാശാൻ മുഴു​വ​നും നമ്മൾ കൈവ​ശ​മാ​ക്കി. 11  ബാശാൻരാജാവായ ഓഗാ​യി​രു​ന്നു അവസാ​നത്തെ രഫായീ​മ്യൻ. അയാളു​ടെ ശവമഞ്ചം ഇരുമ്പു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു.* അത്‌ ഇപ്പോ​ഴും അമ്മോ​ന്യ​ന​ഗ​ര​മായ രബ്ബയി​ലുണ്ട്‌. അതിന്‌ ഒൻപതു മുഴം* നീളവും നാലു മുഴം വീതി​യും ഉണ്ടായി​രു​ന്നു. 12  ആ സമയത്ത്‌ നമ്മൾ ഈ ദേശം, അതായത്‌ അർന്നോൻ താഴ്‌വ​ര​യു​ടെ അടുത്തുള്ള അരോവേർ+ മുതൽ ഗിലെ​യാദ്‌ മലനാ​ടി​ന്റെ പകുതി വരെയുള്ള പ്രദേശം, കൈവ​ശ​മാ​ക്കി. അതിലെ നഗരങ്ങൾ ഞാൻ രൂബേ​ന്യർക്കും ഗാദ്യർക്കും കൊടു​ത്തു.+ 13  ഗിലെയാദിന്റെ ബാക്കി പ്രദേ​ശ​വും ഓഗിന്റെ രാജ്യത്തെ ബാശാൻപ്ര​ദേശം മുഴു​വ​നും മനശ്ശെ​യു​ടെ പാതി ഗോ​ത്ര​ത്തി​നു കൊടു​ത്തു.+ ബാശാ​നി​ലുള്ള അർഗോ​ബ്‌ പ്രദേ​ശ​മെ​ല്ലാം രഫായീ​മ്യ​രു​ടെ ദേശം എന്നാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌. 14  “ഗശൂര്യ​രു​ടെ​യും മാഖാത്യരുടെയും+ അതിർത്തി​വ​രെ​യുള്ള അർഗോ​ബ്‌ പ്രദേശം മുഴുവനും+ മനശ്ശെ​യു​ടെ വംശജ​നായ യായീർ+ പിടി​ച്ച​ടക്കി. യായീർ ബാശാ​നി​ലെ ആ ഗ്രാമ​ങ്ങൾക്കു തന്റെ പേരു​കൂ​ടെ ചേർത്ത്‌ ഹവ്വോത്ത്‌-യായീർ*+ എന്നു പേരിട്ടു. ഇന്നും അതുത​ന്നെ​യാണ്‌ അവയുടെ പേര്‌. 15  ഗിലെയാദ്‌ ഞാൻ മാഖീരിനു+ കൊടു​ത്തു. 16  രൂബേന്യർക്കും ഗാദ്യർക്കും+ ഞാൻ ഗിലെ​യാദ്‌ മുതൽ അർന്നോൻ താഴ്‌വര വരെയുള്ള പ്രദേശം കൊടു​ത്തു. താഴ്‌വ​ര​യു​ടെ മധ്യഭാ​ഗ​മാ​യി​രു​ന്നു അതിന്റെ ഒരു അതിർത്തി. അമ്മോ​ന്യ​രു​ടെ അതിർത്തി​യായ യബ്ബോക്ക്‌ താഴ്‌വ​ര​യി​ലേ​ക്കും 17  മറുവശത്ത്‌ അരാബ​യി​ലേ​ക്കും യോർദാ​നി​ലേ​ക്കും അതിന്റെ അതിർത്തി​പ്ര​ദേ​ശ​ത്തേ​ക്കും അതു വ്യാപി​ച്ചു​കി​ടന്നു. കിന്നേ​രെത്ത്‌ മുതൽ കിഴക്ക്‌ പിസ്‌ഗ​യു​ടെ ചെരി​വി​നു താഴെ അരാബ കടൽ എന്ന ഉപ്പുകടൽ* വരെ അതു നീണ്ടു​കി​ടന്നു.+ 18  “പിന്നെ ഞാൻ നിങ്ങ​ളോട്‌ ഇങ്ങനെ കല്‌പി​ച്ചു: ‘നിങ്ങളു​ടെ ദൈവ​മായ യഹോവ ഈ ദേശം നിങ്ങൾക്ക്‌ ഒരു അവകാ​ശ​മാ​യി തന്നിരി​ക്കു​ന്നു. നിങ്ങൾക്കി​ട​യി​ലെ വീരന്മാ​രെ​ല്ലാം ആയുധം ഏന്തി, നിങ്ങളു​ടെ സഹോ​ദ​ര​ന്മാ​രായ ഇസ്രാ​യേ​ല്യർക്കു മുമ്പാകെ നദി കടക്കണം.+ 19  നിങ്ങളുടെ ഭാര്യ​മാ​രും കുട്ടി​ക​ളും മൃഗങ്ങ​ളും മാത്രം (നിങ്ങൾക്ക്‌ അനവധി മൃഗങ്ങ​ളു​ണ്ടെന്ന്‌ എനിക്ക്‌ അറിയാം.) ഞാൻ നിങ്ങൾക്കു തന്ന നഗരങ്ങ​ളിൽ തുടർന്നും താമസി​ക്കും. 20  നിങ്ങൾക്കു നൽകി​യ​തു​പോ​ലെ യഹോവ നിങ്ങളു​ടെ സഹോ​ദ​ര​ന്മാർക്കും വിശ്രമം നൽകു​ക​യും യോർദാ​ന്റെ മറുക​ര​യിൽ നിങ്ങളു​ടെ ദൈവ​മായ യഹോവ അവർക്കു കൊടു​ക്കുന്ന ദേശം അവർ കൈവ​ശ​മാ​ക്കു​ക​യും ചെയ്‌ത​ശേഷം ഞാൻ തന്ന ഈ അവകാ​ശ​ത്തി​ലേക്കു നിങ്ങൾക്ക്‌ ഓരോ​രു​ത്തർക്കും മടങ്ങി​വ​രാം.’+ 21  “ആ സമയത്ത്‌ ഞാൻ യോശുവയോട്‌+ ഇങ്ങനെ കല്‌പി​ച്ചു: ‘നിങ്ങളു​ടെ ദൈവ​മായ യഹോവ ഈ രണ്ടു രാജാ​ക്ക​ന്മാ​രോ​ടും ചെയ്‌തതു നീ നിന്റെ കണ്ണു​കൊണ്ട്‌ കണ്ടല്ലോ. നീ കടന്നു​ചെ​ല്ലുന്ന എല്ലാ രാജ്യ​ങ്ങ​ളോ​ടും യഹോവ ഇതുതന്നെ ചെയ്യും.+ 22  നിങ്ങൾ അവരെ പേടി​ക്ക​രുത്‌, നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാ​ണു നിങ്ങൾക്കു​വേണ്ടി പോരാ​ടു​ന്നത്‌.’+ 23  “അപ്പോൾ ഞാൻ യഹോ​വ​യോട്‌ ഇങ്ങനെ യാചിച്ചു: 24  ‘പരമാ​ധി​കാ​രി​യായ യഹോവേ, അങ്ങയുടെ മാഹാ​ത്മ്യ​വും അങ്ങയുടെ ബലമുള്ള കൈയും അങ്ങ്‌ അടിയനെ കാണി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്നു.+ അങ്ങയെ​പ്പോ​ലെ അത്ഭുതങ്ങൾ ചെയ്യുന്ന വേറെ ഏതു ദൈവ​മാ​ണു സ്വർഗ​ത്തി​ലോ ഭൂമി​യി​ലോ ഉള്ളത്‌!+ 25  യോർദാന്‌ അക്കരെ​യുള്ള ആ നല്ല ദേശ​ത്തേക്കു കടന്നു​ചെ​ല്ലാൻ, മനോ​ഹ​ര​മായ ആ മലനാ​ടും ലബാ​നോ​നും കാണാൻ, അങ്ങ്‌ എന്നെ അനുവ​ദി​ക്കേ​ണമേ.’+ 26  എന്നാൽ നിങ്ങൾ കാരണം യഹോവ അപ്പോ​ഴും എന്നോട്‌ ഉഗ്രമാ​യി കോപി​ച്ച്‌ എന്റെ അപേക്ഷ കേൾക്കാൻ വിസമ്മ​തി​ച്ചു.+ യഹോവ എന്നോടു പറഞ്ഞത്‌ ഇതാണ്‌: ‘മതി! ഇനി എന്നോട്‌ ഇക്കാര്യം സംസാ​രി​ക്ക​രുത്‌. 27  നീ ഈ യോർദാൻ കടക്കില്ല; പിസ്‌ഗയുടെ+ മുകളിൽ ചെന്ന്‌ പടിഞ്ഞാ​റോ​ട്ടും വടക്കോ​ട്ടും തെക്കോ​ട്ടും കിഴ​ക്കോ​ട്ടും നോക്കി ആ ദേശം കണ്ടു​കൊ​ള്ളുക.+ 28  നീ യോശു​വയെ നിയോഗിച്ച്‌+ അവനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും വേണം. യോശു​വ​യാ​യി​രി​ക്കും അവി​ടേക്ക്‌ ഈ ജനത്തെ നയിച്ചു​കൊ​ണ്ടു​പോ​കു​ന്നത്‌.+ നീ കാണാൻപോ​കുന്ന ആ ദേശം ജനത്തിന്‌ അവകാ​ശ​മാ​ക്കി​ക്കൊ​ടു​ക്കു​ന്ന​തും യോശു​വ​യാ​യി​രി​ക്കും.’ 29  നമ്മൾ ബേത്ത്‌-പെയോ​രി​നു മുന്നി​ലുള്ള താഴ്‌വ​ര​യിൽ താമസി​ക്കു​മ്പോ​ഴാണ്‌ ഇതെല്ലാം സംഭവി​ച്ചത്‌.+

അടിക്കുറിപ്പുകള്‍

അഥവാ “നീർച്ചാൽ.”
മറ്റൊരു സാധ്യത “കറുത്ത കല്ലു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു.”
ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്‌). അനു. ബി14 കാണുക.
അർഥം: “കൂടാ​രങ്ങൾ നിറഞ്ഞ യായീ​രി​ന്റെ ഗ്രാമങ്ങൾ.”
അതായത്‌, ചാവു​കടൽ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം