ആവർത്തനം 31:1-30
31 പിന്നെ മോശ ചെന്ന് ഇസ്രായേലിനോടു മുഴുവൻ സംസാരിച്ചു.
2 മോശ പറഞ്ഞു: “എനിക്ക് ഇപ്പോൾ 120 വയസ്സായി.+ ഇനി നിങ്ങളെ നയിക്കാൻ* എനിക്കു കഴിയില്ല. കാരണം, ‘നീ ഈ യോർദാൻ കടക്കില്ല’+ എന്ന് യഹോവ എന്നോടു പറഞ്ഞിരിക്കുന്നു.
3 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പാകെ പോകും. ദൈവം ഈ ജനതകളെ നിങ്ങളുടെ മുന്നിൽനിന്ന് തുടച്ചുനീക്കുകയും+ നിങ്ങൾ അവരുടെ ദേശം സ്വന്തമാക്കുകയും ചെയ്യും. യഹോവ പറഞ്ഞതുപോലെ യോശുവയായിരിക്കും നിങ്ങളെ മറുകരയിലേക്കു നയിക്കുക.+
4 അമോര്യരാജാക്കന്മാരായ സീഹോൻ,+ ഓഗ്+ എന്നിവരെയും അവരുടെ ദേശത്തെയും നശിപ്പിച്ചതുപോലെ യഹോവ അവിടെയുള്ളവരെയും പരിപൂർണമായി നശിപ്പിക്കും.+
5 യഹോവ നിങ്ങൾക്കുവേണ്ടി അവരെ തോൽപ്പിക്കും. അപ്പോൾ, ഞാൻ നിങ്ങളോടു കല്പിച്ചതുപോലെയെല്ലാം അവരോടു ചെയ്യണം.+
6 ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കുക.+ അവരുടെ മുന്നിൽ നടുങ്ങുകയോ ഭയപ്പെടുകയോ അരുത്.+ കാരണം നിങ്ങളുടെ ദൈവമായ യഹോവയാണു നിങ്ങളോടൊപ്പം വരുന്നത്. ദൈവം നിങ്ങളെ കൈവിടില്ല, ഉപേക്ഷിക്കുകയുമില്ല.”+
7 പിന്നെ മോശ യോശുവയെ വിളിച്ച് ഇസ്രായേൽ മുഴുവൻ കാൺകെ ഇങ്ങനെ പറഞ്ഞു: “ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കുക.+ കാരണം നീയായിരിക്കും ജനത്തെ യഹോവ അവർക്കു നൽകുമെന്ന് അവരുടെ പൂർവികരോടു സത്യം ചെയ്‌ത ദേശത്തേക്കു കൊണ്ടുപോകുന്നത്. നീ അത് അവർക്ക് ഒരു അവകാശമായി കൊടുക്കും.+
8 യഹോവ നിനക്കു മുന്നിൽ പോകുകയും നിന്നോടുകൂടെയിരിക്കുകയും ചെയ്യും.+ ദൈവം നിന്നെ കൈവിടില്ല, ഉപേക്ഷിക്കുകയുമില്ല. നീ പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ.”+
9 തുടർന്ന് മോശ ഈ നിയമം എഴുതി+ യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന ലേവ്യപുരോഹിതന്മാർക്കും ഇസ്രായേലിലെ എല്ലാ മൂപ്പന്മാർക്കും കൊടുത്തു.
10 മോശ അവരോട് ഇങ്ങനെ കല്പിച്ചു: “എല്ലാ ഏഴാം വർഷത്തിന്റെയും അവസാനം, വിമോചനത്തിനുള്ള വർഷത്തിൽ+ നിശ്ചിതസമയത്ത്, അതായത് കൂടാരോത്സവത്തിൽ,*+
11 ഇസ്രായേൽ മുഴുവൻ നിങ്ങളുടെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് ദൈവത്തിന്റെ മുമ്പാകെ വരുമ്പോൾ+ അവരെല്ലാം കേൾക്കാൻ നിങ്ങൾ ഈ നിയമം വായിക്കണം.+
12 ഈ നിയമത്തിലെ വാക്കുകളെല്ലാം കേട്ടുപഠിക്കാനും ശ്രദ്ധാപൂർവം പാലിക്കാനും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാനും വേണ്ടി ജനത്തെയെല്ലാം, പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും നിങ്ങളുടെ നഗരങ്ങളിൽ* വന്നുതാമസമാക്കിയ വിദേശികളെയും, വിളിച്ചുകൂട്ടുക.+
13 അപ്പോൾ, ഈ നിയമം അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കൾ ഇതു കേൾക്കുകയും+ യോർദാൻ കടന്ന് നിങ്ങൾ കൈവശമാക്കുന്ന ദേശത്ത് ജീവിച്ചിരിക്കുന്നിടത്തോളം കാലം നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കുകയും ചെയ്യും.”+
14 യഹോവ മോശയോടു പറഞ്ഞു: “ഇതാ, നീ മരിക്കാനുള്ള സമയം അടുത്തിരിക്കുന്നു.+ യോശുവയെയും കൂട്ടി സാന്നിധ്യകൂടാരത്തിലേക്കു* വരുക; ഞാൻ യോശുവയെ നിയമിക്കട്ടെ.”+ അങ്ങനെ മോശയും യോശുവയും സാന്നിധ്യകൂടാരത്തിലേക്കു ചെന്നു.
15 അപ്പോൾ യഹോവ മേഘസ്തംഭത്തിൽ സാന്നിധ്യകൂടാരത്തിങ്കൽ പ്രത്യക്ഷനായി. മേഘസ്തംഭം കൂടാരത്തിന്റെ പ്രവേശനകവാടത്തിൽ നിന്നു.+
16 യഹോവ മോശയോടു പറഞ്ഞു: “നീ ഇതാ മരിക്കാൻപോകുന്നു.* ഈ ജനം, അവർ പോകുന്ന ദേശത്ത് അവർക്കു ചുറ്റുമുള്ള അന്യദൈവങ്ങളുമായി ആത്മീയവേശ്യാവൃത്തിയിൽ ഏർപ്പെടും.+ അവർ എന്നെ ഉപേക്ഷിക്കുകയും+ ഞാൻ അവരുമായി ചെയ്‌ത എന്റെ ഉടമ്പടി ലംഘിക്കുകയും ചെയ്യും.+
17 അപ്പോൾ എന്റെ കോപം അവർക്കു നേരെ ആളിക്കത്തും.+ ഞാൻ അവരെ ഉപേക്ഷിക്കും.+ അവർ നശിച്ചൊടുങ്ങുംവരെ അവരിൽനിന്ന് ഞാൻ എന്റെ മുഖം മറയ്‌ക്കും.+ അനേകം ആപത്തുകളും കഷ്ടതകളും അവരുടെ മേൽ വന്നശേഷം,+ ‘നമ്മുടെ ദൈവം നമ്മുടെകൂടെയില്ലാത്തതുകൊണ്ടല്ലേ ഈ ആപത്തുകൾ നമുക്കു വന്നത്’ എന്ന് അവർ പറയും.+
18 എന്നാൽ അന്യദൈവങ്ങളിലേക്കു തിരിഞ്ഞ് അവർ ചെയ്തുകൂട്ടിയ എല്ലാ ദുഷ്ടതകളും കാരണം ഞാൻ അന്ന് എന്റെ മുഖം അവരിൽനിന്ന് മറയ്‌ക്കും.+
19 “ഇപ്പോൾ ഈ പാട്ട് എഴുതിയെടുത്ത്+ ഇസ്രായേല്യരെ പഠിപ്പിക്കുക.+ അവർ അതു പഠിക്കട്ടെ;* അങ്ങനെ ആ പാട്ട് ഇസ്രായേൽ ജനത്തിന് എതിരെ എന്റെ സാക്ഷിയായിരിക്കും.+
20 അവരുടെ പൂർവികരോടു സത്യം ചെയ്‌ത ദേശത്തേക്ക്,+ പാലും തേനും ഒഴുകുന്ന ദേശത്തേക്ക്,+ ഞാൻ അവരെ കൊണ്ടുപോകുകയും അവർ തിന്ന് തൃപ്തരായി അഭിവൃദ്ധി നേടുകയും ചെയ്യുമ്പോൾ+ അവർ അന്യദൈവങ്ങളിലേക്കു തിരിഞ്ഞ് അവയെ സേവിക്കുകയും എന്നോട് അനാദരവ് കാണിച്ച് എന്റെ ഉടമ്പടി ലംഘിക്കുകയും ചെയ്യും.+
21 അനേകം ആപത്തുകളും കഷ്ടതകളും അവരുടെ മേൽ വരുമ്പോൾ+ ഈ പാട്ട് അവർക്കെതിരെ ഒരു സാക്ഷിയായിരിക്കും. (അവരുടെ വരുംതലമുറകൾ ഇതു മറക്കാൻ പാടില്ല.) കാരണം ഞാൻ അവരോടു സത്യം ചെയ്‌ത ദേശത്തേക്ക് അവരെ കൊണ്ടുപോകുന്നതിനു മുമ്പുതന്നെ അവർ വളർത്തിയെടുത്തിരിക്കുന്ന മനോഭാവം+ എങ്ങനെയുള്ളതാണെന്ന് എനിക്കു നന്നായി അറിയാം.”
22 അങ്ങനെ, അന്നേ ദിവസം മോശ ഈ പാട്ട് എഴുതി ഇസ്രായേല്യരെ പഠിപ്പിച്ചു.
23 പിന്നെ ദൈവം നൂന്റെ മകനായ യോശുവയെ നിയമിച്ചിട്ട്+ ഇങ്ങനെ പറഞ്ഞു: “ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കുക.+ കാരണം നീയായിരിക്കും ഇസ്രായേല്യരെ ഞാൻ അവർക്കു നൽകുമെന്ന് അവരോടു സത്യം ചെയ്‌ത ദേശത്തേക്കു കൊണ്ടുപോകുന്നത്;+ ഞാൻ നിന്നോടുകൂടെയുണ്ടായിരിക്കും.”
24 ഈ നിയമത്തിലെ വാക്കുകൾ മുഴുവനും ഒരു പുസ്തകത്തിൽ എഴുതിയ ഉടനെ മോശ+
25 യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന ലേവ്യരോട് ഇങ്ങനെ പറഞ്ഞു:
26 “ഈ നിയമപുസ്തകം എടുത്ത്+ നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിന് അടുത്ത് വെക്കുക.+ അതു നിങ്ങൾക്കെതിരെ ഒരു സാക്ഷിയായിരിക്കും.
27 കാരണം നിങ്ങളുടെ ധിക്കാരവും ദുശ്ശാഠ്യവും+ എനിക്കു നന്നായി അറിയാം.+ ഞാൻ ജീവിച്ചിരിക്കുമ്പോൾ നിങ്ങൾ യഹോവയെ ഇത്രയധികം ധിക്കരിക്കുന്നെങ്കിൽ എന്റെ മരണശേഷം നിങ്ങളുടെ ധിക്കാരം എത്രയധികമായിരിക്കും!
28 നിങ്ങളുടെ ഗോത്രങ്ങളിലെ എല്ലാ മൂപ്പന്മാരെയും അധികാരികളെയും എന്റെ മുന്നിൽ കൂട്ടിവരുത്തുക. അവർ കേൾക്കെ ഞാൻ ഇക്കാര്യങ്ങൾ പറയാം. ആകാശവും ഭൂമിയും അവർക്കെതിരെ സാക്ഷിയായിരിക്കും.+
29 എന്റെ മരണശേഷം നിങ്ങൾ ദുഷ്ടത ചെയ്യുമെന്നും+ ഞാൻ നിങ്ങളോടു കല്‌പിച്ച വഴി വിട്ടുമാറുമെന്നും എനിക്കു നന്നായി അറിയാം. നിങ്ങൾ യഹോവയുടെ മുമ്പാകെ തിന്മ പ്രവർത്തിക്കുകയും നിങ്ങളുടെ ചെയ്തികളാൽ ദൈവത്തെ കോപിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ഭാവിയിൽ നിങ്ങൾക്ക് ആപത്തു വരും.”+
30 പിന്നെ ഇസ്രായേൽസഭ മുഴുവൻ കേൾക്കെ മോശ ഈ പാട്ട് ആദ്യംമുതൽ അവസാനംവരെ ചൊല്ലി:+
അടിക്കുറിപ്പുകള്‍
^ അക്ഷ. “ഇനി പുറത്ത് പോകാനും അകത്ത് വരാനും.”
^ അഥവാ “താത്കാലിക വാസസ്ഥലങ്ങളുടെ ഉത്സവത്തിൽ.”
^ അക്ഷ. “കവാടങ്ങൾക്കുള്ളിൽ.”
^ അക്ഷ. “പിതാക്കന്മാരോടൊപ്പം കിടക്കാൻപോകുന്നു.”
^ അക്ഷ. “അവരുടെ വായിൽ അതു വെക്കുക.”