ആവർത്തനം 5:1-33
5 മോശ അപ്പോൾ ഇസ്രായേലിനെ മുഴുവൻ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ഇസ്രായേലേ, ഞാൻ ഇന്നു നിങ്ങളെ അറിയിക്കുന്ന ചട്ടങ്ങളും ന്യായത്തീർപ്പുകളും കേൾക്കുക. നിങ്ങൾ അവ പഠിക്കുകയും ശ്രദ്ധയോടെ പിൻപറ്റുകയും വേണം.
2 നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ച് നമ്മളുമായി ഒരു ഉടമ്പടി ചെയ്‌തു.+
3 യഹോവ ആ ഉടമ്പടി ചെയ്‌തതു നമ്മുടെ പൂർവികരുമായല്ല നമ്മളുമായാണ്, ഇന്ന് ഇവിടെ ജീവിച്ചിരിക്കുന്ന നമ്മളോടെല്ലാമാണ്.
4 മലയിൽവെച്ച് യഹോവ തീയിൽനിന്ന് നിങ്ങളോടു മുഖാമുഖം സംസാരിച്ചു.+
5 തീ കണ്ട് ഭയന്ന നിങ്ങൾ മലയിലേക്കു കയറിയില്ല.+ അതിനാൽ ആ സമയത്ത് യഹോവയുടെ വാക്കുകൾ നിങ്ങളെ അറിയിക്കാൻ ഞാൻ യഹോവയ്ക്കും നിങ്ങൾക്കും മധ്യേ നിന്നു.+ അപ്പോൾ ദൈവം പറഞ്ഞു:
6 “‘അടിമവീടായ ഈജിപ്ത് ദേശത്തുനിന്ന് നിന്നെ പുറത്ത് കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയാണു ഞാൻ.+
7 ഞാനല്ലാതെ* മറ്റു ദൈവങ്ങൾ നിനക്കുണ്ടാകരുത്.+
8 “‘മീതെ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കു കീഴെ വെള്ളത്തിലോ ഉള്ള എന്തിന്റെയെങ്കിലും രൂപമോ വിഗ്രഹമോ നീ ഉണ്ടാക്കരുത്.+
9 നീ അവയുടെ മുന്നിൽ കുമ്പിടുകയോ അവയെ സേവിക്കുകയോ അരുത്.+ കാരണം നിന്റെ ദൈവമായ യഹോവ എന്ന ഞാൻ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്.+ എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ തെറ്റിനുള്ള ശിക്ഷ ഞാൻ അവരുടെ മക്കളുടെ മേലും മൂന്നാമത്തെ തലമുറയുടെ മേലും നാലാമത്തെ തലമുറയുടെ മേലും വരുത്തും.+
10 എന്നാൽ എന്നെ സ്നേഹിച്ച് എന്റെ കല്‌പനകൾ അനുസരിക്കുന്നവരോട് ആയിരം തലമുറവരെ ഞാൻ അചഞ്ചലമായ സ്‌നേഹം കാണിക്കും.
11 “‘നിന്റെ ദൈവമായ യഹോവയുടെ പേര് നീ വിലയില്ലാത്ത രീതിയിൽ ഉപയോഗിക്കരുത്.+ തന്റെ പേര് വിലയില്ലാത്ത രീതിയിൽ ഉപയോഗിക്കുന്ന ആരെയും യഹോവ ശിക്ഷിക്കാതെ വിടില്ല.+
12 “‘നിന്റെ ദൈവമായ യഹോവ നിന്നോടു കല്‌പിച്ചതുപോലെ നീ ശബത്തുദിവസം വിശുദ്ധമായി കണക്കാക്കി അത് ആചരിക്കണം.+
13 ആറു ദിവസം നീ അധ്വാനിക്കണം, നിന്റെ പണികളെല്ലാം ചെയ്യണം.+
14 ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയ്ക്കുള്ള ശബത്താണ്.+ അന്നു നീ ഒരു പണിയും ചെയ്യരുത്.+ നീയോ, നിന്റെ മകനോ മകളോ, നിനക്ക് അടിമപ്പണി ചെയ്യുന്ന സ്ത്രീയോ പുരുഷനോ, നിന്റെ കാളയോ കഴുതയോ ഏതെങ്കിലും വളർത്തുമൃഗമോ, നിന്റെ നഗരങ്ങളിൽ* വന്നുതാമസമാക്കിയ വിദേശിയോ ആ ദിവസം പണിയൊന്നും ചെയ്യരുത്.+ അങ്ങനെ, നിനക്ക് അടിമപ്പണി ചെയ്യുന്ന സ്ത്രീയും പുരുഷനും നിന്നെപ്പോലെ അന്നു വിശ്രമിക്കട്ടെ.+
15 നീയും ഈജിപ്ത് ദേശത്ത് അടിമയായിരുന്നെന്ന് ഓർക്കണം. നിന്റെ ദൈവമായ യഹോവ തന്റെ ബലമുള്ള കൈകൊണ്ടും നീട്ടിയ കരംകൊണ്ടും നിന്നെ അവിടെനിന്ന് വിടുവിച്ചു.+ അതുകൊണ്ടാണ് ശബത്തുദിവസം ആചരിക്കാൻ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചത്.
16 “‘നീ ദീർഘായുസ്സോടിരിക്കാനും നിന്റെ ദൈവമായ യഹോവ തരുന്ന ദേശത്ത് നിനക്ക് അഭിവൃദ്ധി ഉണ്ടാകാനും,* നിന്റെ ദൈവമായ യഹോവ നിന്നോടു കല്‌പിച്ചതുപോലെ+ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.+
17 “‘കൊല ചെയ്യരുത്.+
18 “‘വ്യഭിചാരം ചെയ്യരുത്.+
19 “‘മോഷ്ടിക്കരുത്.+
20 “‘സഹമനുഷ്യന് എതിരെ കള്ളസാക്ഷി പറയരുത്.+
21 “‘സഹമനുഷ്യന്റെ ഭാര്യയെ മോഹിക്കരുത്.+ സഹമനുഷ്യന്റെ വീട്, വയൽ, അവന് അടിമപ്പണി ചെയ്യുന്ന സ്‌ത്രീ, അവന് അടിമപ്പണി ചെയ്യുന്ന പുരുഷൻ, അവന്റെ കാള, കഴുത എന്നിങ്ങനെ സഹമനുഷ്യന്റേതൊന്നും നീ മോഹിക്കരുത്.’+
22 “യഹോവ പർവതത്തിൽവെച്ച് തീയുടെയും മേഘത്തിന്റെയും കനത്ത മൂടലിന്റെയും മധ്യേനിന്ന് ഗംഭീരസ്വരത്തോടെ ഈ കല്‌പനകൾ* നിങ്ങളുടെ സഭയെ മുഴുവൻ അറിയിച്ചു,+ കൂടുതലൊന്നും ദൈവം കല്പിച്ചില്ല. പിന്നെ ദൈവം അവയെല്ലാം രണ്ടു കൽപ്പലകകളിൽ എഴുതി എനിക്കു തന്നു.+
23 “എന്നാൽ പർവതം കത്തിജ്വലിച്ചുകൊണ്ടിരുന്ന സമയത്ത് ഇരുട്ടിൽനിന്ന് നിങ്ങൾ ആ ശബ്ദം+ കേട്ട ഉടനെ നിങ്ങളുടെ ഗോത്രത്തലവന്മാരും മൂപ്പന്മാരും* എന്റെ അടുത്ത് വന്നു.
24 നിങ്ങൾ പറഞ്ഞു: ‘ഇതാ, നമ്മുടെ ദൈവമായ യഹോവ തന്റെ മഹത്ത്വവും ശ്രേഷ്ഠതയും ഞങ്ങൾക്കു കാണിച്ചുതന്നിരിക്കുന്നു. തീയിൽനിന്ന് ഞങ്ങൾ ദൈവത്തിന്റെ സ്വരവും കേട്ടു.+ ദൈവം മനുഷ്യരോടു സംസാരിക്കുകയും അവർ ജീവനോടിരിക്കുകയും ചെയ്യുമെന്ന് ഇന്നു ഞങ്ങൾ കണ്ടിരിക്കുന്നു.+
25 പക്ഷേ, ഞങ്ങൾ എന്തിനു മരിക്കണം? ഈ വലിയ തീ ഞങ്ങളെ വിഴുങ്ങിക്കളയുമല്ലോ. നമ്മുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടുകൊണ്ടിരുന്നാൽ ഞങ്ങൾ ഉറപ്പായും മരിച്ചുപോകും.
26 ജീവനുള്ള ദൈവം തീയിൽനിന്ന് സംസാരിക്കുന്നതു കേട്ട ഞങ്ങളെപ്പോലെ, ദൈവം സംസാരിക്കുന്നതു കേൾക്കുകയും ജീവനോടിരിക്കുകയും ചെയ്‌ത മറ്റ് ഏതെങ്കിലും മനുഷ്യരുണ്ടോ?
27 അതുകൊണ്ട് അങ്ങ് അടുത്ത് ചെന്ന് നമ്മുടെ ദൈവമായ യഹോവ പറയുന്നതെല്ലാം കേൾക്കണം. ദൈവമായ യഹോവ അങ്ങയോടു പറയുന്നതെല്ലാം അങ്ങ് ഞങ്ങളെ അറിയിച്ചാൽ മതി. ഞങ്ങൾ അതു കേട്ടനുസരിച്ചുകൊള്ളാം.’+
28 “നിങ്ങൾ എന്നോടു പറഞ്ഞതെല്ലാം യഹോവ കേട്ടു. യഹോവ എന്നോടു പറഞ്ഞു: ‘ഈ ജനം നിന്നോടു പറഞ്ഞതെല്ലാം ഞാൻ കേട്ടിരിക്കുന്നു. അവർ പറഞ്ഞതെല്ലാം ശരിയാണ്.+
29 എന്നെ ഭയപ്പെടാനും എന്റെ കല്പനകളെല്ലാം പാലിക്കാനും+ ചായ്‌വുള്ള ഒരു ഹൃദയം എക്കാലവും അവർക്കുണ്ടായിരുന്നെങ്കിൽ!+ എങ്കിൽ എന്നും അവർക്കും അവരുടെ മക്കൾക്കും നന്മ വരുമായിരുന്നു.+
30 ചെന്ന്, “നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകുക” എന്ന് അവരോടു പറയുക.
31 പക്ഷേ നീ ഇവിടെ എന്റെ അടുത്ത് നിൽക്കണം. അവരെ പഠിപ്പിക്കേണ്ട എല്ലാ കല്പനകളും ചട്ടങ്ങളും ന്യായത്തീർപ്പുകളും ഞാൻ നിനക്കു പറഞ്ഞുതരാം. ഞാൻ അവർക്ക് അവകാശമായി കൊടുക്കുന്ന ദേശത്ത് അവർ അവ പാലിക്കണം.’
32 അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചതെല്ലാം അതേപടി ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക;+ അതിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.+
33 നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്ത് നിങ്ങൾ ജീവിച്ചിരിക്കാനും നിങ്ങൾക്ക് അഭിവൃദ്ധിയും ദീർഘായുസ്സും ഉണ്ടാകാനും+ നിങ്ങളുടെ ദൈവമായ യഹോവ കല്‌പിച്ച വഴിയേതന്നെ നിങ്ങൾ നടക്കണം.+
അടിക്കുറിപ്പുകള്‍
^ അഥവാ “എന്നെ ധിക്കരിച്ചുകൊണ്ട്.” അക്ഷ. “എന്റെ മുഖത്തിന് എതിരെ.”
^ അക്ഷ. “കവാടങ്ങൾക്കുള്ളിൽ.”
^ അഥവാ “നീ സുഖമായിരിക്കാനും.”
^ അക്ഷ. “വചനങ്ങൾ.”