ഇയ്യോബ് 10:1-22
10 “എന്റെ ഈ ജീവിതം ഞാൻ വെറുക്കുന്നു,+
എന്റെ പരാതികൾ ഞാൻ തുറന്നുപറയും.
അതിവേദനയോടെ ഞാൻ സംസാരിക്കും!
2 ഞാൻ ദൈവത്തോട് ഇങ്ങനെ പറയും:
‘അങ്ങ് എന്നെ കുറ്റക്കാരനെന്നു വിധിക്കരുത്.
എന്നെ എതിർക്കുന്നത് എന്തിനെന്ന് എന്നോടു പറയൂ.
3 ദുഷ്ടന്മാരുടെ ഉപദേശങ്ങളിൽ പ്രസാദിക്കുകയുംഅങ്ങയുടെ സൃഷ്ടികളെ+ പുച്ഛിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നതുകൊണ്ട്അങ്ങയ്ക്ക് എന്തു പ്രയോജനം?
4 അങ്ങയ്ക്കും മനുഷ്യനേത്രങ്ങളാണോ ഉള്ളത്?നശ്വരനായ മനുഷ്യൻ കാണുന്നതുപോലെയോ അങ്ങും കാണുന്നത്?
5 അങ്ങയുടെ നാളുകൾ മർത്യരുടെ നാളുകൾപോലെയാണോ?അങ്ങയുടെ വർഷങ്ങൾ മനുഷ്യന്റെ വർഷങ്ങൾപോലെയാണോ?+
6 പിന്നെ അങ്ങ് എന്തിന് എന്റെ തെറ്റുകൾ അന്വേഷിച്ച് കണ്ടുപിടിക്കുന്നു?ഞാൻ പാപം ചെയ്യുന്നുണ്ടോ എന്നു നോക്കിക്കൊണ്ടിരിക്കുന്നു?+
7 ഞാൻ തെറ്റുകാരനല്ലെന്ന് അങ്ങയ്ക്ക് അറിയാമല്ലോ;+ആർക്കും അങ്ങയുടെ കൈയിൽനിന്ന് എന്നെ രക്ഷിക്കാനാകില്ല.+
8 അങ്ങയുടെ കൈകളാണ് എനിക്കു രൂപം നൽകിയത്, എന്നെ സൃഷ്ടിച്ചത്;+എന്നാൽ ഇപ്പോൾ അങ്ങ് എന്നെ ഇല്ലാതാക്കാൻ നോക്കുന്നു.
9 അങ്ങ് എന്നെ നിർമിച്ചതു കളിമണ്ണുകൊണ്ടാണെന്ന് ഓർക്കേണമേ,+പക്ഷേ അങ്ങ് ഇതാ, എന്നെ പൊടിയിലേക്കു തിരിച്ചയയ്ക്കുന്നു.+
10 അങ്ങ് എന്നെ പാലുപോലെ പകരുകയുംതൈരുപോലെ ഉറ കൂട്ടുകയും ചെയ്തില്ലേ?
11 അങ്ങ് എന്നെ മാംസവും തൊലിയും ധരിപ്പിച്ചു,അസ്ഥികളും പേശികളും* കൊണ്ട് എന്നെ നെയ്തെടുത്തു.+
12 അങ്ങ് എനിക്കു ജീവൻ തന്നു; എന്നോട് അചഞ്ചലസ്നേഹം കാണിച്ചു;എന്റെ ജീവൻ* കാത്തുസംരക്ഷിച്ചു.+
13 എന്നാൽ ഇപ്പോൾ, എന്നോട് ഇങ്ങനെയെല്ലാം ചെയ്യാൻ അങ്ങ് രഹസ്യമായി തീരുമാനിച്ചു.*
ഇതിന്റെയെല്ലാം പിന്നിൽ അങ്ങാണെന്ന് എനിക്ക് അറിയാം.
14 ഞാൻ പാപം ചെയ്യുമ്പോൾ, അങ്ങ് എന്നെ നിരീക്ഷിക്കുന്നു;+എന്റെ തെറ്റുകൾ അങ്ങ് ക്ഷമിച്ചുതരുന്നില്ല.
15 ഞാൻ തെറ്റുകാരനാണെങ്കിൽ എന്റെ കാര്യം കഷ്ടംതന്നെ.
ഞാൻ തെറ്റുകാരനല്ലെങ്കിലും എനിക്കു തല ഉയർത്താനാകില്ല,+എന്റെ ഉള്ളിൽ അപമാനവും ക്ലേശവും തിങ്ങിനിറഞ്ഞിരിക്കുന്നു.+
16 ഞാൻ തല ഉയർത്തുമ്പോൾ ഒരു സിംഹത്തെപ്പോലെ അങ്ങ് എന്നെ വേട്ടയാടുന്നു,+എനിക്ക് എതിരെ വീണ്ടും ശക്തി പ്രയോഗിക്കുന്നു.
17 കഷ്ടങ്ങൾ ഒന്നൊന്നായി എന്റെ മേൽ ആഞ്ഞടിക്കുമ്പോൾ,അങ്ങ് എനിക്ക് എതിരെ പുതിയ സാക്ഷികളെ നിരത്തുന്നു,എന്നോടു കൂടുതൽ ഉഗ്രമായി കോപിക്കുന്നു.
18 എന്തിനാണ് അങ്ങ് എന്നെ ഗർഭപാത്രത്തിൽനിന്ന് പുറത്ത് കൊണ്ടുവന്നത്?+
ആരും കാണുംമുമ്പേ ഞാൻ മരിച്ചാൽ മതിയായിരുന്നു.
19 അപ്പോൾ ഞാൻ അസ്തിത്വത്തിൽ വരാത്തവനെപ്പോലെയായേനേ.ഗർഭപാത്രത്തിൽനിന്ന് എന്നെ നേരെ ശവക്കുഴിയിലേക്കു കൊണ്ടുപോയേനേ.’
20 എന്റെ നാളുകൾ ചുരുക്കമല്ലേ?+ അത് ഓർത്ത് ദൈവം എന്നെ വെറുതേ വിടട്ടെ.ദൈവം എന്നിൽനിന്ന് ദൃഷ്ടി തിരിക്കട്ടെ; അപ്പോൾ എനിക്ക് അൽപ്പം ആശ്വാസം* കിട്ടുമല്ലോ.+
21 തിരിച്ചുവരവില്ലാത്ത ഒരു ദേശത്തേക്കു+ ഞാൻ പോകുംമുമ്പേ,അതെ, കൂരിരുട്ടിന്റെ* ദേശത്തേക്ക്,+
22 കനത്ത മൂടലിന്റെ ദേശത്തേക്ക്,ഇരുണ്ട നിഴലുകളുടെയും ക്രമക്കേടിന്റെയും ദേശത്തേക്ക്,വെളിച്ചംപോലും ഇരുളായിരിക്കുന്ന ദേശത്തേക്ക്, പോകുംമുമ്പേഎനിക്ക് അൽപ്പം ആശ്വാസം ലഭിക്കുമല്ലോ.”
അടിക്കുറിപ്പുകള്
^ അക്ഷ. “സ്നായുക്കളും.”
^ അഥവാ “ആത്മാവിനെ; ശ്വാസത്തെ.”
^ അക്ഷ. “ഇക്കാര്യങ്ങൾ അങ്ങ് ഹൃദയത്തിൽ ഒളിപ്പിച്ചു.”
^ അഥവാ “സന്തോഷം.”
^ അഥവാ “ഇരുട്ടിന്റെയും മരണത്തിന്റെ നിഴലിന്റെയും.”