ഇയ്യോബ് 12:1-25
12 ഇയ്യോബ് ഇങ്ങനെ പറഞ്ഞു:
2 “ശരിയാണ്, നിങ്ങളാണ് അറിവുള്ളവർ!നിങ്ങൾ മരിക്കുന്നതോടെ ജ്ഞാനം ഇല്ലാതാകും!
3 എന്നാൽ എനിക്കും അറിവുണ്ട്.*
ഞാൻ നിങ്ങളെക്കാൾ മോശമൊന്നുമല്ല.
ഇക്കാര്യങ്ങൾ അറിയാത്ത ആരെങ്കിലുമുണ്ടോ?
4 ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന ഈ ഞാൻ+എന്റെ കൂട്ടുകാരുടെ മുന്നിൽ ഒരു വിഡ്ഢിയായിരിക്കുന്നു.+
നീതിമാന്മാരെയും നിഷ്കളങ്കരെയും ആളുകൾ എപ്പോഴും പരിഹസിക്കുമല്ലോ!
5 സുഖിച്ച് ജീവിക്കുന്നവർ വിപത്തിനെ പുച്ഛിക്കുന്നു;ഇടറിവീഴുന്നവരെ* മാത്രമേ അതു ബാധിക്കൂ എന്ന് അവർ കരുതുന്നു.
6 കള്ളന്മാരുടെ കൂടാരത്തിൽ സമാധാനമുണ്ട്;+തങ്ങളുടെ ദൈവത്തെ കൈയിൽ കൊണ്ടുനടക്കുന്നവർ സുരക്ഷിതരായുംസത്യദൈവത്തെ കോപിപ്പിക്കുന്നവർ സമാധാനത്തോടെയും കഴിയുന്നു.+
7 എന്നാൽ മൃഗങ്ങളോടു ചോദിച്ചുനോക്കൂ, അവ നിന്നെ പഠിപ്പിക്കും;ആകാശത്തിലെ പക്ഷികളോടു ചോദിക്കൂ, അവ നിനക്കു പറഞ്ഞുതരും.
8 ഭൂമിക്കു ശ്രദ്ധ നൽകൂ,* അതു നിന്നെ ഉപദേശിക്കും;കടലിലെ മത്സ്യങ്ങൾ നിനക്കു വിവരിച്ചുതരും.
9 യഹോവയുടെ കൈയാണ് ഇതെല്ലാം ചെയ്തതെന്ന്ഇവയിൽ ഏതിനാണ് അറിയില്ലാത്തത്?
10 സകല ജീവജാലങ്ങളുടെയും ജീവൻ ദൈവത്തിന്റെ കൈയിലാണ്;എല്ലാ മനുഷ്യരുടെയും ശ്വാസം* തൃക്കരങ്ങളിലാണ്.+
11 നാവ്* ഭക്ഷണം രുചിച്ചുനോക്കുന്നതുപോലെചെവി വാക്കുകളെ പരിശോധിച്ചുനോക്കില്ലേ?+
12 പ്രായമായവർ ജ്ഞാനികളായിരിക്കില്ലേ?+പ്രായം ചെല്ലുമ്പോൾ വിവേകം വർധിക്കില്ലേ?
13 ദൈവം ജ്ഞാനിയും ശക്തനും ആണ്;+ദൈവം അറിവും ഉപദേശവും പകർന്നുനൽകുന്നു.+
14 ദൈവം പൊളിച്ചതു പുതുക്കിപ്പണിയാൻ ആർക്കുമാകില്ല;+ദൈവം അടച്ചതു തുറക്കാൻ ഒരു മനുഷ്യനും കഴിയില്ല.
15 ദൈവം വെള്ളം തടഞ്ഞുനിറുത്തുമ്പോൾ സകലവും ഉണങ്ങിപ്പോകുന്നു;+അതു തുറന്നുവിടുമ്പോൾ ഭൂമി മുങ്ങിപ്പോകുന്നു.+
16 ദൈവം ജ്ഞാനിയും* ബലവാനും ആണ്;+വഴി തെറ്റുന്നവനും വഴി തെറ്റിക്കുന്നവനും ദൈവത്തിന്റെ കൈയിലാണ്.
17 ദൈവം ഉപദേശകരെ ചെരിപ്പില്ലാതെ* നടത്തുന്നു;ന്യായാധിപന്മാരെ വിഡ്ഢികളാക്കുന്നു.+
18 ദൈവം രാജാക്കന്മാർ കെട്ടിയ ബന്ധനങ്ങൾ അഴിക്കുന്നു;+അവർക്ക് അടിമയുടെ അരപ്പട്ട കെട്ടിക്കൊടുക്കുന്നു.
19 ദൈവം പുരോഹിതന്മാരെ ചെരിപ്പില്ലാതെ നടത്തുന്നു;+ശക്തരായ ഭരണാധികാരികളെ താഴെ ഇറക്കുന്നു.+
20 ദൈവം വിശ്വസ്തരായ ഉപദേശകരെ നിശ്ശബ്ദരാക്കുന്നു;പ്രായമായ പുരുഷന്മാരുടെ* വിവേകം എടുത്തുകളയുന്നു.
21 ദൈവം പ്രധാനികളുടെ മേൽ നിന്ദ ചൊരിയുന്നു;+ശക്തരുടെ ബലം ചോർത്തിക്കളയുന്നു.*
22 ദൈവം ഇരുട്ടിലിരിക്കുന്ന ആഴമേറിയ കാര്യങ്ങൾ വെളിപ്പെടുത്തുന്നു;+കൂരിരുട്ടിനെ പ്രകാശത്തിലേക്കു കൊണ്ടുവരുന്നു.
23 നശിപ്പിക്കാനായി ദൈവം ജനതകളെ വളർത്തുന്നു;ബന്ദികളായി കൊണ്ടുപോകാൻ ജനതകളെ വലുതാക്കുന്നു.
24 ദൈവം ജനത്തിന്റെ നായകന്മാരുടെ വിവേകം* എടുത്തുകളയുന്നു;വഴിയില്ലാത്ത പാഴ്നിലങ്ങളിലൂടെ അവർക്ക് അലഞ്ഞുതിരിയേണ്ടിവരുന്നു.+
25 അവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിനടക്കുന്നു;+കുടിയന്മാരെപ്പോലെ അവർ അലഞ്ഞുനടക്കാൻ ഇടയാക്കുന്നു.+
അടിക്കുറിപ്പുകള്
^ അക്ഷ. “ഒരു ഹൃദയമുണ്ട്.”
^ അഥവാ “കാൽ തെറ്റി വീഴുന്നവരെ.”
^ മറ്റൊരു സാധ്യത “ഭൂമിയോടു സംസാരിച്ചുനോക്കൂ.”
^ അഥവാ “ആത്മാവ്; ജീവശക്തി.”
^ അക്ഷ. “അണ്ണാക്ക്.”
^ അഥവാ “പ്രായോഗികജ്ഞാനമുള്ളവനും.”
^ അഥവാ “നഗ്നരായി.”
^ അഥവാ “മൂപ്പന്മാരുടെ.”
^ അക്ഷ. “അരപ്പട്ട അഴിക്കുന്നു.”
^ അക്ഷ. “ഹൃദയം.”