ഇയ്യോബ് 24:1-25
24 “സർവശക്തൻ ഒരു സമയം നിശ്ചയിക്കാത്തത് എന്ത്?+
ദൈവത്തെ അറിയുന്നവർ അവിടുത്തെ ദിവസം* കാണാത്തത് എന്ത്?
2 ആളുകൾ ഇതാ, അതിർത്തി മാറ്റുന്നു;+തങ്ങളുടെ മേച്ചിൽപ്പുറങ്ങളിലേക്ക് ആടുകളെ പിടിച്ചുകൊണ്ടുപോകുന്നു.
3 അവർ അനാഥന്റെ* കഴുതയെ അപഹരിക്കുന്നു;വിധവയുടെ കാളയെ ജാമ്യവസ്‌തുവായി* കൊണ്ടുപോകുന്നു.+
4 അവർ ദരിദ്രനെ വഴിയിൽനിന്ന് തള്ളിമാറ്റുന്നു;അവരെ കണ്ട് ഭൂമിയിലെ നിസ്സഹായർക്ക് ഒളിക്കേണ്ടിവരുന്നു.+
5 വിജനഭൂമിയിലെ* കാട്ടുകഴുതയെപ്പോലെ+ ദരിദ്രർ ആഹാരം തേടി അലയുന്നു;കുട്ടികൾക്കായി അവർ മരുഭൂമിയിൽ ഭക്ഷണം തേടുന്നു.
6 അവർക്ക് അന്യന്റെ വയലുകൾ കൊയ്യേണ്ടിവരുന്നു;*ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കേണ്ടിവരുന്നു.*
7 അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രികഴിക്കുന്നു,+തണുപ്പത്ത് പുതയ്‌ക്കാൻ അവർക്ക് ഒന്നുമില്ല.
8 പർവതങ്ങളിലെ മഴയിൽ അവർ നനഞ്ഞുകുതിരുന്നു;അഭയം തേടി അവർ പാറകളോടു ചേർന്നുനിൽക്കുന്നു.
9 പിതാവില്ലാത്ത കുഞ്ഞിനെ അമ്മയുടെ മാറിൽനിന്ന് പറിച്ചുമാറ്റുന്നു;+വായ്പയുടെ ഈടായി പാവങ്ങളുടെ വസ്‌ത്രങ്ങൾ കൊണ്ടുപോകുന്നു,+
10 അങ്ങനെ, പാവങ്ങൾ വസ്ത്രമില്ലാതെ നഗ്നരായി നടക്കുന്നു,അവർ വിശപ്പു സഹിച്ചുകൊണ്ട് കറ്റകൾ ചുമക്കുന്നു.
11 പൊരിവെയിലത്ത് അവർ മലഞ്ചെരിവുകളിൽ അധ്വാനിക്കുന്നു;*അവർ മുന്തിരിച്ചക്കു* ചവിട്ടുന്നെങ്കിലും ദാഹിച്ചുവലയുന്നു.+
12 മരിക്കാറായവരുടെ ഞരക്കം നഗരത്തിൽ കേൾക്കുന്നു;മാരകമായി മുറിവേറ്റവർ സഹായത്തിനായി കേഴുന്നു;+എന്നാൽ ദൈവം ഇതൊന്നും കാര്യമാക്കുന്നില്ല.*
13 വെളിച്ചത്തെ എതിർക്കുന്ന ചിലരുണ്ട്;+അവർക്കു വെളിച്ചത്തിന്റെ വഴികൾ അറിയില്ല;അവർ അതിന്റെ വഴികളിൽ നടക്കുന്നില്ല.
14 കൊലപാതകി അതിരാവിലെ എഴുന്നേൽക്കുന്നു;അവൻ നിസ്സഹായരെയും പാവപ്പെട്ടവരെയും നിഷ്കരുണം കൊല്ലുന്നു;+രാത്രി അവൻ മോഷണം നടത്തുന്നു.
15 സന്ധ്യയാകാൻ വ്യഭിചാരിയുടെ കണ്ണു കാത്തിരിക്കുന്നു;+‘ആരും എന്നെ കാണില്ല!’+ എന്നു പറഞ്ഞ്
അവൻ മുഖം മറയ്ക്കുന്നു.
16 ഇരുട്ടത്ത് അവർ വീടുകളിൽ അതിക്രമിച്ച് കടക്കുന്നു;*പകൽനേരത്ത് അവർ പുറത്ത് ഇറങ്ങുന്നില്ല.
വെളിച്ചം എന്താണെന്ന് അവർക്ക് അറിയില്ല.+
17 പ്രഭാതം അവർക്കു കൂരിരുട്ടുപോലെയാണ്;കൂരിരുട്ടിലെ ഭീതികൾ അവർക്കു സുപരിചിതമാണ്.
18 പക്ഷേ, വെള്ളം കുതിച്ചെത്തി അവരെ ഒഴുക്കിക്കൊണ്ടുപോകുന്നു;
ദേശത്ത് അവരുടെ അവകാശം ശപിക്കപ്പെട്ടതായിരിക്കും.+
അവർ ഒരിക്കലും അവരുടെ മുന്തിരിത്തോട്ടങ്ങളിലേക്കു മടങ്ങിവരില്ല.
19 മഞ്ഞുരുകിയ വെള്ളത്തെ ചൂടും വരൾച്ചയും ഇല്ലാതാക്കുന്നതുപോലെ,പാപം ചെയ്തവരെ ശവക്കുഴി* കൊണ്ടുപോകുന്നു!+
20 അവന്റെ അമ്മ* അവനെ മറന്നുപോകും; അവൻ പുഴുക്കൾക്കു വിരുന്നാകും;
ആരും അവനെ ഇനി ഓർക്കില്ല;+
അനീതി ഒരു മരംപോലെ ഒടിഞ്ഞുപോകും.
21 വന്ധ്യയായ സ്ത്രീയെ അവൻ വേട്ടയാടുന്നു;വിധവയോടു മോശമായി പെരുമാറുന്നു.
22 ദൈവം തന്റെ ബലം ഉപയോഗിച്ച് ശക്തരെ ഇല്ലാതാക്കും;എഴുന്നേൽക്കാൻ കഴിഞ്ഞാലും, ജീവിച്ചിരിക്കുമെന്ന് അവർക്കു യാതൊരു പ്രതീക്ഷയുമുണ്ടാകില്ല.
23 അവർക്കു ധൈര്യവും സുരക്ഷിതത്വവും തോന്നാൻ ദൈവം ഇടയാക്കുന്നു;+എന്നാൽ അവർ ചെയ്യുന്നതെല്ലാം* ദൈവത്തിന്റെ കണ്ണുകൾ കാണുന്നു.+
24 കുറച്ച് കാലത്തേക്ക് അവർ ഉന്നതരായിരിക്കും, പിന്നെ അവർ ഇല്ലാതാകും;+
അവരെ താഴ്‌ത്തുകയും+ എല്ലാവരെയുംപോലെ ശേഖരിക്കുകയും ചെയ്യും.കതിരുകൾപോലെ അവരെ കൊയ്തെടുക്കും.
25 ഞാൻ ഒരു നുണയനാണെന്ന് ആർക്കു തെളിയിക്കാനാകും?ആർക്ക് എന്റെ വാക്കുകൾ ഖണ്ഡിക്കാനാകും?”
അടിക്കുറിപ്പുകള്‍
^ അതായത്, ദൈവത്തിന്റെ ന്യായവിധിദിവസം.
^ അഥവാ “പിതാവില്ലാത്ത കുട്ടിയുടെ.”
^ അഥവാ “വായ്പയ്ക്കുള്ള പണയമായി.”
^ മറ്റൊരു സാധ്യത “വയലുകളിൽനിന്ന് മൃഗങ്ങളുടെ തീറ്റ ശേഖരിക്കേണ്ടിവരുന്നു.”
^ മറ്റൊരു സാധ്യത “കയ്യാല വെച്ച് തട്ടുതട്ടായി തിരിച്ചിരിക്കുന്ന സ്ഥലത്ത് അവർ എണ്ണയാട്ടുന്നു.”
^ മറ്റൊരു സാധ്യത “ദൈവം ആരെയും കുറ്റക്കാരായി വിധിക്കുന്നില്ല.”
^ അക്ഷ. “തുരന്ന് കയറുന്നു.”
^ അക്ഷ. “ഗർഭപാത്രം.”
^ അക്ഷ. “അവരുടെ വഴികൾ.”