ഇയ്യോബ് 29:1-25
29 ഇയ്യോബ് സംഭാഷണം* തുടർന്നു:
2 “കടന്നുപോയ ആ മാസങ്ങളിലായിരുന്നു ഞാനെങ്കിൽ!ദൈവം എന്നെ കാത്തുരക്ഷിച്ചിരുന്ന ദിവസങ്ങളിലായിരുന്നു ഞാനെങ്കിൽ!
3 അന്നു ദൈവം തന്റെ വിളക്ക് എന്റെ തലയ്‌ക്കു മീതെ പ്രകാശിപ്പിച്ചു,ഞാൻ ഇരുട്ടിലൂടെ നടന്നപ്പോൾ ദൈവം പ്രകാശം ചൊരിഞ്ഞു.+
4 അന്ന് എന്റെ യൗവനം പൂത്തുലഞ്ഞുനിന്നിരുന്നു;ദൈവത്തിന്റെ സൗഹൃദം എന്റെ കൂടാരത്തിലുണ്ടായിരുന്നു.+
5 സർവശക്തൻ എന്റെകൂടെയുണ്ടായിരുന്നു;എന്റെ കുട്ടികൾ* എനിക്കു ചുറ്റുമുണ്ടായിരുന്നു.
6 അന്ന് എന്റെ കാലടികൾ വെണ്ണയിൽ കുളിച്ചിരുന്നു;പാറകൾ എനിക്കായി നദിപോലെ എണ്ണ ഒഴുക്കി.+
7 ഞാൻ നഗരകവാടത്തിലേക്കു+ ചെന്ന്‌പൊതുസ്ഥലത്ത്* ഇരിക്കുമ്പോൾ,+
8 ചെറുപ്പക്കാർ എന്നെ കണ്ട് വഴിമാറുമായിരുന്നു,*പ്രായമായവർപോലും എന്റെ മുന്നിൽ എഴുന്നേറ്റുനിൽക്കുമായിരുന്നു.+
9 പ്രഭുക്കന്മാർ മിണ്ടാതിരുന്നു;അവർ വായ് പൊത്തി നിന്നു.
10 പ്രമാണിമാരുടെ ശബ്ദം ഉയർന്നില്ല;അവരുടെ നാവ് അണ്ണാക്കിൽ പറ്റിയിരുന്നു.
11 എന്റെ വാക്കുകൾ കേട്ടവരെല്ലാം എന്നെക്കുറിച്ച് നല്ലതു പറഞ്ഞു;എന്നെ കണ്ടവർ എനിക്കുവേണ്ടി സാക്ഷി പറഞ്ഞു.
12 അനാഥനെയും* നിസ്സഹായനെയും+സഹായത്തിനായി നിലവിളിച്ച ദരിദ്രനെയും ഞാൻ രക്ഷിച്ചു.+
13 നശിക്കാറായവൻ എന്നെ അനുഗ്രഹിച്ചു,+ഞാൻ വിധവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ചു.+
14 ഞാൻ നീതിയെ വസ്ത്രമായി ധരിച്ചു;ന്യായം എന്റെ മേലങ്കിയും തലപ്പാവും ആയിരുന്നു.
15 ഞാൻ കാഴ്ചയില്ലാത്തവനു കണ്ണുംമുടന്തനു കാലും ആയിത്തീർന്നു.
16 ഞാൻ പാവപ്പെട്ടവന് അപ്പനെപ്പോലെയായി;+പരിചയമില്ലാത്തവരുടെ പരാതിയിന്മേൽ ഞാൻ അന്വേഷണം നടത്തി.+
17 ഞാൻ കുറ്റവാളിയുടെ താടിയെല്ലു തകർത്ത്+ഇരയെ അവന്റെ പല്ലുകൾക്കിടയിൽനിന്ന് വലിച്ചെടുത്തു.
18 ഞാൻ ഇങ്ങനെ പറഞ്ഞിരുന്നു: ‘എന്റെ സ്വന്തം വീട്ടിൽ* കിടന്ന് ഞാൻ മരിക്കും,+എന്റെ ദിനങ്ങൾ മണൽത്തരികൾപോലെ അസംഖ്യമായിരിക്കും.
19 എന്റെ വേരുകൾ വെള്ളത്തിന് അരികിലേക്കു പടർന്നിറങ്ങും;എന്റെ ശാഖകളിൽ രാത്രി മുഴുവൻ മഞ്ഞുതുള്ളികൾ പറ്റിയിരിക്കും.
20 എന്റെ മഹത്ത്വം എന്നും പുതുമയുള്ളതായി നിൽക്കും;എന്റെ കൈയിലെ വില്ലിൽനിന്ന് അസ്‌ത്രങ്ങൾ തുരുതുരെ പായും.’
21 ആളുകൾ നിശ്ശബ്ദരായി എന്റെ ഉപദേശത്തിനുവേണ്ടി കാത്തുനിന്നു;അവർ ആകാംക്ഷയോടെ എന്റെ വാക്കുകൾ കേട്ടുനിന്നു.+
22 ഞാൻ സംസാരിച്ചുകഴിയുമ്പോൾ അവർക്കു പിന്നെ ഒന്നും പറയാനുണ്ടായിരുന്നില്ല;എന്റെ വാക്കുകൾ അവരുടെ കാതുകളിൽ ഇറ്റിറ്റുവീണു.
23 മഴയ്‌ക്കായി എന്നപോലെ അവർ എനിക്കുവേണ്ടി കാത്തുനിന്നു;വസന്തകാലത്തെ മഴയ്‌ക്കായി എന്നപോലെ അവർ വായ് തുറന്നുനിന്നു.+
24 ഞാൻ അവരെ നോക്കി പുഞ്ചിരിച്ചപ്പോൾ അവർക്ക് അതു വിശ്വസിക്കാനായില്ല;എന്റെ മുഖത്തെ പ്രകാശം അവർക്കു ധൈര്യം പകർന്നു.*
25 അവരുടെ തലവനായിരുന്ന് ഞാൻ അവർക്കു നിർദേശങ്ങൾ നൽകി;പടയാളികളോടൊപ്പം കഴിയുന്ന ഒരു രാജാവിനെപ്പോലെയും+ദുഃഖിച്ചുകരയുന്നവരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ ജീവിച്ചു.+
അടിക്കുറിപ്പുകള്‍
^ അക്ഷ. “പഴഞ്ചൊല്ല്.”
^ അഥവാ “ഭൃത്യന്മാർ.”
^ അഥവാ “പൊതുചത്വരത്തിൽ.”
^ അക്ഷ. “ഒളിക്കുമായിരുന്നു.”
^ അഥവാ “പിതാവില്ലാത്ത കുട്ടിയെയും.”
^ അക്ഷ. “എന്റെ കൂട്ടിൽ.”
^ മറ്റൊരു സാധ്യത “അവർ എന്റെ മുഖത്തിന്റെ പ്രകാശം കെടുത്തിയില്ല.”