ഇയ്യോബ് 31:1-40
31 “ഞാൻ എന്റെ കണ്ണുമായി ഒരു ഉടമ്പടി ചെയ്തിരിക്കുന്നു;+
പിന്നെ മോശമായ രീതിയിൽ ഞാൻ ഒരു കന്യകയെ നോക്കുമോ?+
2 അങ്ങനെ ചെയ്താൽ ഉയരത്തിലുള്ള ദൈവം എനിക്കു തരുന്ന ഓഹരി എന്തായിരിക്കും?ഉന്നതങ്ങളിലുള്ള സർവശക്തൻ തരുന്ന അവകാശം എന്തായിരിക്കും?
3 കുറ്റം ചെയ്യുന്നവനെ ആപത്തുംദ്രോഹം ചെയ്യുന്നവനെ ദുരിതങ്ങളും കാത്തിരിക്കുന്നല്ലോ.+
4 ദൈവം എന്റെ വഴികൾ കാണുകയും+എന്റെ കാലടികളെല്ലാം എണ്ണുകയും ചെയ്യുന്നില്ലേ?
5 ഞാൻ എന്നെങ്കിലും അസത്യത്തിന്റെ പാതയിൽ* നടന്നിട്ടുണ്ടോ?
വഞ്ചന കാട്ടാനായി എന്റെ കാലുകൾ ധൃതി കൂട്ടിയിട്ടുണ്ടോ?+
6 ദൈവം എന്നെ കൃത്യതയുള്ള ഒരു ത്രാസ്സിൽ തൂക്കിനോക്കട്ടെ;+ഞാൻ നിഷ്കളങ്കനാണെന്ന്* അപ്പോൾ ദൈവത്തിനു മനസ്സിലാകും.+
7 എന്റെ കാലടികൾ നേർവഴി വിട്ട് സഞ്ചരിച്ചിട്ടുണ്ടെങ്കിൽ,+എന്റെ ഹൃദയം എന്റെ കണ്ണുകളുടെ പിന്നാലെ പോയിട്ടുണ്ടെങ്കിൽ,+എന്റെ കൈകൾ മലിനമായിട്ടുണ്ടെങ്കിൽ,
8 ഞാൻ വിതച്ചതു മറ്റാരെങ്കിലും തിന്നട്ടെ;+ഞാൻ നട്ടതു വേരോടെ പറിഞ്ഞുപോകട്ടെ.*
9 എന്റെ ഹൃദയം ഒരു സ്ത്രീയെ കണ്ട് മോഹിച്ചുപോയെങ്കിൽ,+ഞാൻ എന്റെ അയൽക്കാരന്റെ വാതിൽക്കൽ ഒളിച്ചിരുന്നിട്ടുണ്ടെങ്കിൽ,+
10 എന്റെ ഭാര്യ മറ്റൊരുവനുവേണ്ടി ധാന്യം പൊടിക്കട്ടെ;അന്യപുരുഷന്മാർ അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടട്ടെ.+
11 കാരണം, ഞാൻ ചെയ്തതു നാണംകെട്ട ഒരു പ്രവൃത്തിയാണല്ലോ;ന്യായാധിപന്മാർ ശിക്ഷ നൽകേണ്ട ഒരു തെറ്റാണ് അത്.+
12 സകലവും വിഴുങ്ങുകയും നശിപ്പിക്കുകയും ചെയ്യുന്ന ഒരു തീയായിരിക്കും അത്;+ഞാൻ സമ്പാദിച്ചതെല്ലാം അതു വേരോടെ ദഹിപ്പിച്ചുകളയും.*
13 എന്റെ ദാസന്മാരോ ദാസിമാരോ എനിക്ക് എതിരെ പരാതിപ്പെട്ടപ്പോൾഞാൻ അവർക്കു നീതി നിഷേധിച്ചിട്ടുണ്ടെങ്കിൽ,
14 ദൈവം എനിക്ക് എതിരെ വരുമ്പോൾ ഞാൻ എന്തു ചെയ്യും?
ദൈവം എന്നോടു കണക്കു ചോദിക്കുമ്പോൾ ഞാൻ എന്ത് ഉത്തരം പറയും?+
15 എന്നെ ഗർഭപാത്രത്തിൽ നിർമിച്ചവൻതന്നെയല്ലേ അവരെയും നിർമിച്ചത്?+
ഒരാൾത്തന്നെയല്ലേ ഞങ്ങൾ പിറക്കുംമുമ്പേ ഞങ്ങൾക്കെല്ലാം രൂപം നൽകിയത്?*+
16 ദരിദ്രൻ ആഗ്രഹിച്ചതു ഞാൻ അവനു കൊടുത്തിട്ടില്ലെങ്കിൽ,+വിധവയുടെ കണ്ണുകളെ ഞാൻ ദുഃഖിപ്പിച്ചിട്ടുണ്ടെങ്കിൽ,*+
17 അനാഥർക്കു കൊടുക്കാതെഞാൻ തനിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ,+
18 (എന്നോടൊപ്പം വളർന്ന അനാഥന്* എന്റെ ചെറുപ്പംമുതൽ ഞാൻ ഒരു പിതാവിനെപ്പോലെയായിരുന്നു,ചെറുപ്രായംമുതൽ* ഞാൻ വിധവയ്ക്ക്* ഒരു വഴികാട്ടിയായിരുന്നു.)
19 വസ്ത്രമില്ലാതെ ഒരുവൻ നശിക്കുന്നതുംഉടുതുണിയില്ലാതെ ദരിദ്രൻ ഇരിക്കുന്നതും ഞാൻ വെറുതേ നോക്കിനിന്നെങ്കിൽ,+
20 എന്റെ ചെമ്മരിയാടിന്റെ കമ്പിളി പുതച്ച് തണുപ്പ് അകറ്റിഅവൻ* എന്നെ അനുഗ്രഹിച്ചിട്ടില്ലെങ്കിൽ,+
21 നഗരവാതിൽക്കൽ+ അനാഥന് എന്റെ സഹായം ആവശ്യമായിവന്നപ്പോൾഞാൻ അവനു നേരെ* മുഷ്ടി കുലുക്കിയിട്ടുണ്ടെങ്കിൽ,+
22 എങ്കിൽ, എന്റെ കൈ* തോളിൽനിന്ന് ഊരിപ്പോകട്ടെ;എന്റെ കൈ മുട്ടിൽവെച്ച് ഒടിഞ്ഞുപോകട്ടെ.
23 ഞാൻ ദൈവത്തിൽനിന്നുള്ള ദുരന്തത്തെ ഭയപ്പെട്ടു;ദൈവത്തിന്റെ മഹത്ത്വത്തിനു മുന്നിൽ നിൽക്കാൻ എനിക്കു കഴിയില്ല.
24 ഞാൻ സ്വർണത്തിൽ ആശ്രയിക്കുകയുംതങ്കത്തോട്, ‘നീയാണ് എന്നെ സംരക്ഷിക്കുന്നത്’+ എന്നു പറയുകയും ചെയ്തെങ്കിൽ,
25 ഞാൻ സമ്പാദിച്ചുകൂട്ടിയ+ വസ്തുവകകൾ നിമിത്തംഎന്റെ സമ്പത്തിൽ ഞാൻ ആനന്ദിച്ചെങ്കിൽ,+
26 സൂര്യൻ* പ്രകാശിക്കുന്നതുംചന്ദ്രൻ പ്രഭയോടെ നീങ്ങുന്നതും കണ്ട്+
27 അറിയാതെ എന്റെ ഹൃദയം അവയിൽ മയങ്ങിപ്പോയെങ്കിൽ,അവയെ ആരാധിക്കാനായി+ ഞാൻ എന്റെ കൈയിൽ ചുംബിച്ചെങ്കിൽ,
28 എങ്കിൽ, അതു ന്യായാധിപന്മാർ ശിക്ഷ നൽകേണ്ട ഒരു തെറ്റാണ്;മീതെയുള്ള സത്യദൈവത്തെയാണു ഞാൻ തള്ളിക്കളഞ്ഞിരിക്കുന്നത്.
29 ഞാൻ എന്നെങ്കിലും എന്റെ ശത്രുവിന്റെ നാശത്തിൽ സന്തോഷിക്കുകയോ+അവനു വന്ന ആപത്തിൽ ആഹ്ലാദിക്കുകയോ ചെയ്തിട്ടുണ്ടോ?
30 അവൻ മരിച്ചുപോകട്ടെ എന്നു ശപിച്ച്ഞാൻ ഒരിക്കലും വായ്കൊണ്ട് പാപം ചെയ്തിട്ടില്ല.+
31 ‘അവന്റെ കൈയിൽനിന്ന് വയറു നിറയെ ആഹാരം* വാങ്ങിക്കഴിക്കാത്ത ആരെങ്കിലുമുണ്ടോ’ എന്ന്എന്റെ കൂടാരത്തിലുള്ളവർ ചോദിച്ചിട്ടില്ലേ?+
32 അപരിചിതർക്ക്* ആർക്കും രാത്രി പുറത്ത് തങ്ങേണ്ടിവന്നിട്ടില്ല;+സഞ്ചാരികൾക്കായി ഞാൻ എന്റെ വാതിൽ തുറന്നുകൊടുത്തു.
33 മറ്റുള്ളവർ ചെയ്യുംപോലെ ഞാൻ എന്നെങ്കിലും എന്റെ ലംഘനങ്ങൾ മറച്ചുവെക്കാൻ ശ്രമിച്ചിട്ടുണ്ടോ?+എന്റെ തെറ്റുകൾ കുപ്പായക്കീശയിൽ ഒളിപ്പിച്ചിട്ടുണ്ടോ?
34 ആളുകൾ എന്തു പറയും എന്നുംമറ്റു കുടുംബങ്ങൾ വെറുക്കുമോ എന്നും ഭയന്ന്ഞാൻ മിണ്ടാതിരുന്നിട്ടുണ്ടോ? പുറത്ത് ഇറങ്ങാതിരുന്നിട്ടുണ്ടോ?
35 ഞാൻ പറയുന്നത് ആരെങ്കിലും ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ!+
ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്നു ഞാൻ ഒപ്പിട്ടുതന്നേനേ.*
സർവശക്തൻ എനിക്ക് ഉത്തരം തരട്ടെ!+
എനിക്ക് എതിരെ പരാതിയുള്ളവൻ എന്റെ കുറ്റങ്ങളെല്ലാം ഒരു രേഖയിൽ എഴുതിത്തന്നിരുന്നെങ്കിൽ!
36 ഞാൻ അത് എന്റെ തോളിൽ ചുമന്നുകൊണ്ട് നടന്നേനേ;ഒരു കിരീടംപോലെ എന്റെ തലയിൽ വെച്ചേനേ.
37 എന്റെ ഓരോ കാൽവെപ്പിന്റെയും കണക്കു ഞാൻ ബോധിപ്പിച്ചേനേ;ഒരു പ്രഭുവിനെപ്പോലെ ധൈര്യമായി ദൈവത്തിന്റെ മുന്നിലേക്കു ചെന്നേനേ.
38 എന്റെ നിലം എനിക്ക് എതിരെ നിലവിളിക്കുകയോഅതിലെ ഉഴവുചാലുകൾ കൂട്ടത്തോടെ കരയുകയോ ചെയ്തിട്ടുണ്ടെങ്കിൽ,
39 വില കൊടുക്കാതെ ഞാൻ അതിന്റെ വിളവ് തിന്നുകയോ+അതിന്റെ ഉടമകളെ നിരാശരാക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ,+
40 എങ്കിൽ, എന്റെ പാടത്ത് ഗോതമ്പിനു പകരം മുള്ളുകൾ മുളയ്ക്കട്ടെ;ബാർളിക്കു പകരം ദുർഗന്ധമുള്ള കളകൾ ഉണ്ടാകട്ടെ.”
ഇയ്യോബിന്റെ വാക്കുകൾ അവസാനിച്ചു.
അടിക്കുറിപ്പുകള്
^ മറ്റൊരു സാധ്യത “കാപട്യം കാണിക്കുന്നവരുടെകൂടെ.”
^ അഥവാ “ധർമനിഷ്ഠയുള്ളവനാണെന്ന്.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
^ അഥവാ “എന്റെ വംശജർ വേരറ്റുപോകട്ടെ.”
^ അഥവാ “പിഴുതുകളയും.”
^ അക്ഷ. “ഒരാൾത്തന്നെയല്ലേ ഗർഭപാത്രത്തിൽ ഞങ്ങളെ രൂപപ്പെടുത്തിയത്?”
^ അക്ഷ. “വിധവയുടെ കണ്ണുകൾ മങ്ങാൻ ഞാൻ ഇടയാക്കിയിട്ടുണ്ടെങ്കിൽ.”
^ അക്ഷ. “അവന്.”
^ അക്ഷ. “അവൾക്ക്.”
^ അക്ഷ. “എന്റെ അമ്മയുടെ ഗർഭപാത്രത്തിലായിരുന്നപ്പോൾമുതൽ.”
^ അക്ഷ. “അവന്റെ അര.”
^ മറ്റൊരു സാധ്യത “നഗരവാതിൽക്കൽ എന്നെ പിന്തുണയ്ക്കുന്നവരുണ്ടെന്നു കണ്ട് ഞാൻ അനാഥനു നേരെ.”
^ അഥവാ “തോൾപ്പലക.”
^ അക്ഷ. “വെളിച്ചം.”
^ അക്ഷ. “ഇറച്ചി.”
^ അഥവാ “അന്യദേശക്കാർക്ക്.”
^ അഥവാ “ഇതാ, എന്റെ ഒപ്പ്.”