ഇയ്യോബ് 32:1-22
32 താൻ നീതിമാനാണെന്ന് ഇയ്യോബ് ഉറച്ച് വിശ്വസിച്ചു.+ അതുകൊണ്ട്, ആ മൂന്നു പുരുഷന്മാർ ഇയ്യോബിനോടു സംസാരിക്കുന്നതു നിറുത്തി.
2 എന്നാൽ രാമിന്റെ കുടുംബത്തിലെ ബൂസ്യനായ+ ബറഖേലിന്റെ മകൻ എലീഹു കോപംകൊണ്ട് വിറച്ചു. താൻ ദൈവത്തെക്കാൾ നീതിമാനാണെന്നു സ്ഥാപിക്കാൻ ഇയ്യോബ് ശ്രമിച്ചതുകൊണ്ട്+ എലീഹു ഇയ്യോബിനോടു കോപിച്ചു.
3 ഇയ്യോബിന്റെ മൂന്നു കൂട്ടുകാർ ഇയ്യോബിനു തക്ക മറുപടി കൊടുക്കാഞ്ഞതുകൊണ്ടും ദൈവം ദുഷ്ടനാണെന്ന് ആരോപിച്ചതുകൊണ്ടും എലീഹുവിന് അവരോടും ദേഷ്യം തോന്നി.+
4 അവർ എലീഹുവിനെക്കാൾ പ്രായമുള്ളവരായതുകൊണ്ട് ഇയ്യോബിനോടു സംസാരിക്കാൻ എലീഹു കാത്തുനിൽക്കുകയായിരുന്നു.+
5 ഇയ്യോബിനു മറുപടി കൊടുക്കാൻ ആ മൂന്നു പേർക്കും കഴിയുന്നില്ലെന്നു കണ്ടപ്പോൾ എലീഹുവിനു വല്ലാതെ ദേഷ്യം വന്നു.
6 അതുകൊണ്ട് ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹു പറഞ്ഞു:
“ഞാൻ ചെറുപ്പമാണ്; നിങ്ങളെല്ലാം പ്രായമുള്ളവർ.+
അതുകൊണ്ട് ഞാൻ ആദരവോടെ മിണ്ടാതെ നിന്നു;+എനിക്ക് അറിയാവുന്നതു പറയാൻ ഞാൻ മുതിർന്നില്ല.
7 ‘പ്രായം സംസാരിക്കട്ടെ,പ്രായാധിക്യം ജ്ഞാനം മൊഴിയട്ടെ’ എന്നു ഞാൻ കരുതി.
8 എന്നാൽ ഉള്ളിലെ ദൈവാത്മാവാണ്, സർവശക്തന്റെ ശ്വാസമാണ്,മനുഷ്യർക്കു വിവേകം നൽകുന്നത്.+
9 പ്രായമുള്ളതുകൊണ്ട് മാത്രം ഒരാൾ ജ്ഞാനിയാകണമെന്നില്ല;ശരി എന്തെന്നു മനസ്സിലാക്കാനാകുന്നതു വൃദ്ധർക്കു മാത്രമല്ല.+
10 അതുകൊണ്ട് ഞാൻ പറയുന്നു:‘എനിക്ക് അറിയാവുന്നതു ഞാനും പറയാം; എന്റെ വാക്കു കേൾക്കുക.’
11 എന്തു പറയണം എന്നു നിങ്ങൾ ആലോചിച്ചുകൊണ്ടിരുന്നപ്പോൾ+ഞാൻ നിങ്ങളുടെ വാക്കുകൾക്കായി കാത്തിരുന്നു;+നിങ്ങളുടെ ന്യായവാദങ്ങളെല്ലാം ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
12 നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ ശ്രദ്ധിച്ചുകേട്ടു;ഇയ്യോബിന്റെ ഭാഗം തെറ്റാണെന്നു തെളിയിക്കാനോ*ഇയ്യോബിന്റെ വാദങ്ങൾക്കു മറുപടി പറയാനോ നിങ്ങൾക്കു കഴിഞ്ഞില്ല.
13 അതുകൊണ്ട്, ‘ഞങ്ങൾ ജ്ഞാനം കണ്ടെത്തിയിരിക്കുന്നു;മനുഷ്യനല്ല, ദൈവമാണ് അവനെ വാദിച്ചുതോൽപ്പിക്കുന്നത്’ എന്നു നിങ്ങൾ പറയരുത്.
14 ഇയ്യോബ് സംസാരിച്ചത് എന്നോടായിരുന്നില്ല;അതുകൊണ്ട് നിങ്ങളുടെ വാദങ്ങൾ ഉപയോഗിച്ച് ഞാൻ ഇയ്യോബിനു മറുപടി കൊടുക്കില്ല.
15 ഇവർ നിരാശരാണ്, ഇവർക്ക് ഉത്തരം മുട്ടിയിരിക്കുന്നു;ഇവർക്ക് ഇനി ഒന്നും പറയാനില്ല.
16 ഞാൻ കാത്തിരുന്നു, പക്ഷേ ഇവർ ഒന്നും മിണ്ടുന്നില്ല;കൂടുതലൊന്നും പറയാനില്ലാതെ ഇവർ ഇവിടെ വെറുതേ നിൽക്കുന്നു.
17 അതുകൊണ്ട് ഞാനും സംസാരിക്കും;എനിക്ക് അറിയാവുന്നതു ഞാൻ പറയും.
18 എനിക്ക് ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്;എന്റെ ഉള്ളിലെ ആത്മാവ്* എന്നെ നിർബന്ധിക്കുന്നു.
19 എന്റെ ഉള്ളം വീഞ്ഞു നിറഞ്ഞിരിക്കുന്ന തുരുത്തിപോലെയാണ്;വായു പോകാൻ ദ്വാരമില്ലാത്ത, വീർത്ത് പൊട്ടാറായ, പുതിയ വീഞ്ഞുതുരുത്തിപോലെ!+
20 ഞാൻ ഒന്നു സംസാരിക്കട്ടെ, എങ്കിലേ എനിക്ക് ആശ്വാസം കിട്ടൂ!
ഞാൻ എന്റെ വായ് തുറന്ന് മറുപടി തരാം.
21 ഞാൻ ആരോടും പക്ഷപാതം കാണിക്കില്ല;+ഞാൻ ആരോടും മുഖസ്‌തുതി പറയില്ല.*
22 മുഖസ്‌തുതി പറയാൻ എനിക്ക് അറിയില്ല;പറഞ്ഞാൽ, എന്നെ നിർമിച്ചവൻ പെട്ടെന്ന് എന്നെ ഇല്ലാതാക്കും.
അടിക്കുറിപ്പുകള്‍
^ അഥവാ “ഇയ്യോബിനെ ശാസിക്കാനോ.”
^ അഥവാ “ദൈവാത്മാവ്.”
^ അഥവാ “ഞാൻ ആർക്കും ആദരസൂചകമായി ഒരു സ്ഥാനപ്പേര് കൊടുക്കില്ല.”