ഇയ്യോബ് 36:1-33
36 എലീഹു തുടർന്നു:
2 “അൽപ്പം ക്ഷമ കാണിക്കൂ, ഞാൻ വിശദീകരിച്ചുതരാം;ദൈവത്തിനുവേണ്ടി എനിക്ക് ഇനിയും ചിലതു പറയാനുണ്ട്.
3 എനിക്ക് അറിയാവുന്നതു ഞാൻ വിശദമായി പറയും;എന്നെ നിർമിച്ചവൻ നീതിമാനാണെന്നു ഞാൻ പ്രഖ്യാപിക്കും.+
4 ഞാൻ പറയുന്നതു നുണയല്ല;സർവജ്ഞാനിയായ ദൈവം+ ഇവിടെ ഇയ്യോബിന്റെ മുമ്പാകെയുണ്ട്.
5 ദൈവം ശക്തനാണ്,+ ആരെയും തള്ളിക്കളയുന്നില്ല;കാര്യങ്ങൾ മനസ്സിലാക്കാൻ ദൈവത്തിന് അപാരമായ കഴിവുണ്ട്.
6 ദൈവം ദുഷ്ടന്മാരുടെ ജീവൻ സംരക്ഷിക്കില്ല;+എന്നാൽ കഷ്ടപ്പെടുന്നവനു ദൈവം നീതി നടത്തിക്കൊടുക്കും.+
7 ദൈവം കണ്ണെടുക്കാതെ നീതിമാനെ നോക്കിക്കൊണ്ടിരിക്കുന്നു;+അവരെ രാജാക്കന്മാരോടുകൂടെ സിംഹാസനത്തിൽ ഇരുത്തുന്നു;*+ അവർ എന്നും ഉയർന്നിരിക്കുന്നു.
8 എന്നാൽ അവരെ വിലങ്ങുകളിൽ ബന്ധിക്കുമ്പോൾ,ദുരിതത്തിന്റെ കയറുകൊണ്ട് അവരെ പിടിച്ചുകെട്ടുമ്പോൾ,
9 അവർ ചെയ്തത് എന്താണെന്നു ദൈവം അവർക്കു വെളിപ്പെടുത്തിക്കൊടുക്കുന്നു;അഹങ്കാരത്താൽ അവർ ചെയ്ത ലംഘനങ്ങൾ അവരോടു പറയുന്നു.
10 ദൈവം അവരുടെ കാതുകൾ തുറന്ന് അവരെ തിരുത്തും;ഇനി തെറ്റു ചെയ്യരുതെന്ന് അവരോടു പറയും.+
11 അത് അനുസരിച്ച് അവർ ദൈവത്തെ സേവിച്ചാൽ,അവരുടെ നാളുകൾ ഐശ്വര്യസമൃദ്ധമായിരിക്കും.അവരുടെ വർഷങ്ങൾ സന്തോഷം നിറഞ്ഞതായിരിക്കും.+
12 എന്നാൽ അനുസരിച്ചില്ലെങ്കിൽ അവർ വാളുകൊണ്ട്* നശിച്ചൊടുങ്ങും;+അറിവ് നേടാതെ അവർ മരിക്കും.
13 എന്നാൽ ഹൃദയത്തിൽ ദുഷ്ടതയുള്ളവർ* കോപം വെച്ചുകൊണ്ടിരിക്കും;
ദൈവം അവരെ ബന്ധിക്കുമ്പോഴും അവർ സഹായത്തിനായി കരഞ്ഞപേക്ഷിക്കുന്നില്ല.
14 ക്ഷേത്രവേശ്യാവൃത്തി ചെയ്യുന്ന പുരുഷന്മാരുടെകൂടെ+ അവർ ജീവിക്കുന്നു;*ചെറുപ്പത്തിലേ അവർ മരിക്കുന്നു.+
15 എന്നാൽ കഷ്ടതകൾ അനുഭവിക്കുന്നവരെ ദൈവം കഷ്ടപ്പാടിൽനിന്ന് രക്ഷിക്കുന്നു;അന്യായം സഹിക്കേണ്ടിവരുമ്പോൾ ദൈവം അവരുടെ ചെവി തുറക്കുന്നു.
16 ദുരിതത്തിന്റെ വക്കിൽനിന്ന് രക്ഷിച്ച്+ദൈവം ഇയ്യോബിനെ ഇടുക്കമില്ലാത്ത വിശാലസ്ഥലത്തേക്കു നയിക്കുന്നു;+ആശ്വാസമായി ഇയ്യോബിന്റെ മേശയിൽ രുചികരമായ* ഭക്ഷണമുണ്ടായിരിക്കും.+
17 ദൈവം ന്യായം വിധിക്കുകയും നീതി നടപ്പാക്കുകയും ചെയ്യുമ്പോൾദുഷ്ടന്റെ മേൽ വന്ന ന്യായവിധി+ കണ്ട് ഇയ്യോബ് തൃപ്തിയടയും.
18 എന്നാൽ സൂക്ഷിക്കുക! കോപം ഇയ്യോബിനെ വിദ്വേഷത്തിലേക്കു* നയിക്കരുത്;+കൈക്കൂലിയുടെ വലുപ്പം ഇയ്യോബിനെ വഴിതെറ്റിക്കരുത്.
19 ഇയ്യോബിന്റെ കഠിനശ്രമങ്ങൾക്കോ സഹായത്തിനായുള്ള നിലവിളിക്കോഇയ്യോബിനെ കഷ്ടതയിൽനിന്ന് രക്ഷിക്കാനാകുമോ?+
20 മനുഷ്യർ തങ്ങളുടെ സ്ഥലത്തുനിന്ന് അപ്രത്യക്ഷരാകുന്നരാത്രിക്കുവേണ്ടി ഇയ്യോബ് കൊതിക്കരുത്.
21 തെറ്റിലേക്കു തിരിയാതിരിക്കാൻ ശ്രദ്ധിക്കുക!കഷ്ടപ്പാടിനു പകരം അതു തിരഞ്ഞെടുക്കരുത്.+
22 ദൈവത്തിന്റെ ശക്തി അപാരമാണ്;ദൈവത്തെപ്പോലെ ഒരു അധ്യാപകൻ വേറെയുണ്ടോ?
23 ആരെങ്കിലും ദൈവത്തിനു വഴി കാണിച്ചുകൊടുത്തിട്ടുണ്ടോ?*+‘അങ്ങ് ചെയ്തതു തെറ്റാണ്’ എന്നു ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?+
24 ദൈവത്തിന്റെ പ്രവൃത്തികളെ വാഴ്ത്താൻ മറക്കരുത്;+മനുഷ്യർ അവയെ പാടിപ്പുകഴ്ത്തിയിട്ടുണ്ടല്ലോ.+
25 മനുഷ്യരെല്ലാം അവ കണ്ടിട്ടുണ്ട്;മർത്യൻ അവ ദൂരെനിന്ന് നോക്കിക്കാണുന്നു.
26 നമുക്കു മനസ്സിലാക്കാൻ കഴിയുന്നതിലും ശ്രേഷ്ഠനാണു ദൈവം;+ദൈവത്തിന്റെ നാളുകളുടെ* എണ്ണം+ നമുക്കു ഗ്രഹിക്കാനാകില്ല.*
27 ദൈവം വെള്ളത്തുള്ളികൾ വലിച്ചെടുക്കുന്നു;+നീരാവി ഘനീഭവിച്ച് മഴയായി രൂപം കൊള്ളുന്നു.
28 പിന്നെ മേഘങ്ങൾ അതു ചൊരിയുന്നു;+അതു മനുഷ്യരുടെ മേൽ പെയ്തിറങ്ങുന്നു.
29 മേഘപാളികളെക്കുറിച്ച് മനസ്സിലാക്കാൻ ആർക്കു കഴിയും?ദൈവത്തിന്റെ കൂടാരത്തിൽനിന്നുള്ള+ ഇടിമുഴക്കം ആർക്കു ഗ്രഹിക്കാനാകും?
30 ദൈവം മിന്നലിനെ*+ അതിൽ ചിതറിക്കുന്നതുംസമുദ്രത്തിന്റെ ആഴങ്ങളെ* മൂടുന്നതും കണ്ടോ!
31 ഇവയാൽ ദൈവം മനുഷ്യരെ പുലർത്തുന്നു;*അവർക്കു സമൃദ്ധമായി ആഹാരം കൊടുക്കുന്നു.+
32 ദൈവം കൈകൊണ്ട് മിന്നലിനെ മറയ്ക്കുന്നു;അതിനെ ലക്ഷ്യത്തിലേക്കു തിരിച്ചുവിടുന്നു.+
33 ദൈവത്തിന്റെ ഇടിമുഴക്കം ദൈവത്തെക്കുറിച്ച് സംസാരിക്കുന്നു;ആരാണു* വരുന്നതെന്നു മൃഗങ്ങൾപോലും പറയുന്നു.
അടിക്കുറിപ്പുകള്
^ മറ്റൊരു സാധ്യത “ദൈവം രാജാക്കന്മാരെ വാഴിക്കുന്നു.”
^ അഥവാ “ഒരു ആയുധംകൊണ്ട്.”
^ അഥവാ “വിശ്വാസത്യാഗികളായവർ.”
^ മറ്റൊരു സാധ്യത “അവരുടെ ജീവിതം അവസാനിക്കുന്നു.”
^ അഥവാ “കൊഴുപ്പു നിറഞ്ഞ.”
^ അഥവാ “വെറുപ്പോടെ കൈ കൊട്ടുന്നതിലേക്ക്.”
^ മറ്റൊരു സാധ്യത “ദൈവം ചെയ്തതിനെ കുറ്റപ്പെടുത്തിയിട്ടുണ്ടോ?; ദൈവം ചെയ്തതിനു കണക്കു ചോദിച്ചിട്ടുണ്ടോ?”
^ അഥവാ “മനുഷ്യബുദ്ധിക്ക് അതീതമാണ്.”
^ അക്ഷ. “വർഷങ്ങളുടെ.”
^ അക്ഷ. “വെളിച്ചത്തെ.”
^ അക്ഷ. “വേരുകളെ.”
^ മറ്റൊരു സാധ്യത “മനുഷ്യർക്കുവേണ്ടി വാദിക്കുന്നു.”
^ മറ്റൊരു സാധ്യത “എന്താണ്.”