ഇയ്യോബ് 41:1-34
41 “നിനക്കു ലിവ്യാഥാനെ*+ ചൂണ്ടയിട്ട് പിടിക്കാമോ?ഒരു കയറുകൊണ്ട് അതിന്റെ നാവ് അമർത്തിപ്പിടിക്കാമോ?
2 അതിനു മൂക്കുകയർ ഇടാനോ*ഒരു കൊളുത്തുകൊണ്ട്* അതിന്റെ താടിയെല്ല് തുളയ്ക്കാനോ നിനക്കു കഴിയുമോ?
3 അതു നിന്നോടു വീണ്ടുംവീണ്ടും യാചിക്കുമോ?നിന്നോടു മൃദുവായി സംസാരിക്കുമോ?
4 ജീവിതകാലം മുഴുവൻ നിന്റെ അടിമയായിരിക്കാമെന്ന്അതു നിന്നോട് ഉടമ്പടി ചെയ്യുമോ?
5 ഒരു പക്ഷിയുടെകൂടെ കളിക്കുന്നതുപോലെ നിനക്ക് അതിന്റെകൂടെ കളിക്കാമോ?നീ അതിനു തുടൽ കെട്ടി നിന്റെ പെൺകുട്ടികൾക്കു കളിക്കാൻ കൊടുക്കുമോ?
6 അതിനെ വാങ്ങാൻ വ്യാപാരികൾ തയ്യാറാകുമോ?
അതിനെ കച്ചവടക്കാർക്കു വീതിച്ചുകൊടുക്കുമോ?
7 അതിന്റെ ശരീരം നിറയെ ചാട്ടുളി കയറ്റാനാകുമോ?+അതിന്റെ തലയിൽ കുന്തങ്ങൾ തറയ്ക്കാമോ?
8 അതിനെ ഒന്നു തൊട്ടുനോക്കൂ;ആ യുദ്ധം നീ ഒരിക്കലും മറക്കില്ല, പിന്നെ അതു ചെയ്യാൻ നീ ധൈര്യപ്പെടില്ല.
9 അതിനെ കീഴടക്കാമെന്ന് ഒരു പ്രതീക്ഷയും വേണ്ടാ.
അതിനെ കാണുമ്പോഴേ നീ പേടിച്ചുവിറയ്ക്കും.*
10 അതിനെ ദേഷ്യം പിടിപ്പിക്കാൻ ആരും മുതിരില്ല.
അങ്ങനെയെങ്കിൽ, എന്നെ എതിർക്കാൻ ആർക്കു കഴിയും?+
11 ഞാൻ ആർക്കും ഒന്നും തിരികെ കൊടുക്കാനില്ല; എനിക്ക് ആരും ഒന്നും തന്നിട്ടില്ലല്ലോ.+
ആകാശത്തിനു കീഴിലുള്ളതെല്ലാം എന്റേതാണ്.+
12 അതിന്റെ കാലുകളെക്കുറിച്ചും കരുത്തിനെക്കുറിച്ചുംഅതിന്റെ അതിശയകരമായ ശരീരത്തെക്കുറിച്ചും എനിക്കു പറയാതിരിക്കാനാകില്ല.
13 ആരെങ്കിലും അതിന്റെ പുറംതോൽ ഉരിഞ്ഞെടുത്തിട്ടുണ്ടോ?
അതിന്റെ തുറന്നുപിടിച്ച വായിൽ കയറിയിട്ടുണ്ടോ?
14 അതിന്റെ മുഖത്തിന്റെ* കവാടങ്ങൾ ബലം പ്രയോഗിച്ച് തുറക്കാനാകുമോ?
അതിന്റെ പല്ലുകൾ കണ്ടാൽ ഭയന്നുപോകും.
15 അതിന്റെ പുറത്ത് നിരനിരയായി ശൽക്കങ്ങളുണ്ട്;*വിടവില്ലാതെ അവ ചേർത്തുവെച്ചിരിക്കുന്നു.
16 വായുപോലും കയറാത്ത വിധംഅവ ഒന്നോടൊന്നു ചേർന്നിരിക്കുന്നു.
17 അവ പരസ്പരം ഒട്ടിയിരിക്കുന്നു;വേർപെടുത്താനാകാത്ത വിധം ഒട്ടിപ്പിടിച്ചിരിക്കുന്നു.
18 അതു ചീറ്റുമ്പോൾ പ്രകാശം ചിതറുന്നു;അതിന്റെ കണ്ണുകൾ പ്രഭാതകിരണങ്ങൾപോലെയാണ്.
19 അതിന്റെ വായിൽനിന്ന് മിന്നൽപ്പിണരുകൾ പുറപ്പെടുന്നു;തീപ്പൊരികൾ ചിതറിത്തെറിക്കുന്നു.
20 ഞാങ്ങണ ഇട്ട് കത്തിക്കുന്ന ഒരു ചൂളപോലെഅതിന്റെ മൂക്കിൽനിന്ന് പുക ഉയരുന്നു.
21 അതിന്റെ ശ്വാസമേറ്റ് കനലുകൾ ജ്വലിക്കുന്നു,അതിന്റെ വായിൽനിന്ന് തീജ്വാല പുറപ്പെടുന്നു.
22 അതിന്റെ കഴുത്തിന് അസാമാന്യശക്തിയുണ്ട്;ഭയം അതിനു മുന്നിൽ ഓടുന്നു.
23 അതിന്റെ തൊലിയിലെ മടക്കുകൾ ഒട്ടിച്ചേർന്നിരിക്കുന്നു;ലോഹം വാർത്തുണ്ടാക്കിയതുപോലെ അത് ഉറച്ചിരിക്കുന്നു, അത് ഇളക്കിമാറ്റാനാകില്ല.
24 അതിന്റെ ഹൃദയം കല്ലുപോലെ കട്ടിയുള്ളതാണ്;ഒരു തിരികല്ലുപോലെ കടുപ്പമുള്ളതാണ്.
25 അത് എഴുന്നേൽക്കുമ്പോൾ വീരന്മാർപോലും പേടിച്ചുപോകുന്നു;അത് ഇളകിമറിയുമ്പോൾ അവർ അന്ധാളിച്ചുപോകുന്നു.
26 വാളിന് അതിനെ കീഴ്പെടുത്താനാകില്ല;കുന്തമോ ചാട്ടുളിയോ അമ്പോ ഉപയോഗിച്ചാലും ഫലമില്ല.+
27 ഇരുമ്പ് അതിനു വയ്ക്കോൽപോലെയുംചെമ്പ് അതിനു ദ്രവിച്ച തടിപോലെയും ആണ്.
28 അമ്പു കണ്ട് അതു ഭയന്നോടില്ല;കവണക്കല്ലുകൾ അതിന്റെ മുന്നിൽ വെറും വയ്ക്കോൽപോലെയാണ്.
29 കുറുവടി അതിനു കച്ചിപോലെ തോന്നുന്നു;ശൂലത്തിന്റെ ശബ്ദം കേട്ട് അതു പരിഹസിച്ച് ചിരിക്കുന്നു.
30 അതിന്റെ അടിഭാഗം കൂർത്ത മൺപാത്രക്കഷണങ്ങൾപോലെയാണ്;ഒരു മെതിവണ്ടിപോലെ+ പാടുകൾ അവശേഷിപ്പിച്ച് അതു ചെളിയിലൂടെ പോകുന്നു.
31 ആഴി ഒരു കലംപോലെ തിളച്ചുമറിയാൻ അത് ഇടയാക്കുന്നു;അതു കടലിനെ ഒരു തൈലക്കുടംപോലെ ഇളക്കുന്നു.
32 അതു പോകുമ്പോൾ വെള്ളത്തിൽ തിളങ്ങുന്ന ഒരു പാത ഉണ്ടാകുന്നു.
അതു കണ്ടാൽ ആഴിക്കു നര ബാധിച്ചെന്നു തോന്നും.
33 ഭൂമിയിൽ അതിനെപ്പോലെ മറ്റൊരു ജന്തുവില്ല;അതിന് ഒന്നിനെയും ഭയമില്ല, അങ്ങനെയാണ് അതിനെ സൃഷ്ടിച്ചിരിക്കുന്നത്.
34 അഹങ്കാരമുള്ള എല്ലാത്തിനെയും അതു തുറിച്ചുനോക്കുന്നു.
അത് എല്ലാ വന്യമൃഗങ്ങളുടെയും രാജാവാണ്.”
അടിക്കുറിപ്പുകള്
^ സാധ്യതയനുസരിച്ച്, മുതല.
^ അക്ഷ. “മൂക്കിലൂടെ ഞാങ്ങണ കടത്താനോ.”
^ അക്ഷ. “മുള്ളുകൊണ്ട്.”
^ അഥവാ “വീണുപോകും.”
^ അഥവാ “വായുടെ.”
^ മറ്റൊരു സാധ്യത “നിരനിരയായുള്ള ശൽക്കങ്ങളാണ് അതിന്റെ അഭിമാനം.”