ഇയ്യോബ് 5:1-27
5 “വിളിച്ചുനോക്കൂ! ആരെങ്കിലും നിന്റെ വിളി കേൾക്കാനുണ്ടോ?
സഹായത്തിനായി നീ ഏതു വിശുദ്ധനിലേക്കു തിരിയും?
2 അമർഷം വിഡ്ഢിയെ കൊല്ലും,അസൂയ മണ്ടനെ ഇല്ലാതാക്കും.
3 വിഡ്ഢി വേരു പിടിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്,എന്നാൽ പെട്ടെന്നുതന്നെ അവന്റെ വാസസ്ഥലം ശപിക്കപ്പെടുന്നു.
4 അവന്റെ പുത്രന്മാർ ഒട്ടും സുരക്ഷിതരല്ല,അവരെ നഗരകവാടത്തിൽവെച്ച് തകർക്കുന്നു,+ അവരെ രക്ഷിക്കാൻ ആരുമില്ല.
5 അവൻ കൊയ്യുന്നതു വിശന്നിരിക്കുന്നവൻ തിന്നുന്നു,മുള്ളുകൾക്കിടയിലുള്ളതുപോലും അവൻ എടുക്കുന്നു,അവരുടെ സമ്പത്തു കെണിയിൽ കുരുങ്ങുന്നു.
6 ദുരിതങ്ങൾ മുളയ്ക്കുന്നതു മണ്ണിൽനിന്നല്ല;കഷ്ടതകൾ കിളിർക്കുന്നതു നിലത്തുനിന്നുമല്ല.
7 മനുഷ്യൻ കഷ്ടതകളിലേക്കു പിറന്നുവീഴുന്നു.തീയിൽനിന്ന് തീപ്പൊരികൾ പറക്കാതിരിക്കില്ലല്ലോ.
8 എന്നാൽ ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കും,ദൈവത്തോട് എന്റെ പരാതി ബോധിപ്പിക്കും.
9 ആർക്കും മനസ്സിലാക്കാനാകാത്ത മഹാകാര്യങ്ങൾ,എണ്ണമില്ലാത്തത്ര അത്ഭുതകാര്യങ്ങൾ, ചെയ്യുന്നവനോടു ഞാൻ അപേക്ഷിക്കും.
10 ദൈവം ഭൂമിക്കു മഴ നൽകുന്നു,വയലുകൾ നനയ്ക്കുന്നു;
11 താണവരെ ഉയർത്തുന്നു,വിഷാദിച്ചിരിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.
12 ദൈവം സൂത്രശാലികളുടെ പദ്ധതികൾ തകർക്കുന്നു,അവരുടെ പ്രവൃത്തികൾ പരാജയപ്പെടുത്തുന്നു;
13 ദൈവം ജ്ഞാനികളെ അവരുടെതന്നെ ഉപായങ്ങളിൽ കുടുക്കുന്നു,+തന്ത്രശാലികളുടെ തന്ത്രങ്ങൾ തകിടംമറിക്കുന്നു.
14 അവർ പട്ടാപ്പകൽ ഇരുട്ടിലാകുന്നു,രാത്രിയിൽ എന്നപോലെ നട്ടുച്ചയ്ക്കു തപ്പിത്തടയുന്നു.
15 അവരുടെ വായെന്ന വാളിൽനിന്ന് ദൈവം രക്ഷ നൽകുന്നു,ബലവാന്റെ കരങ്ങളിൽനിന്ന് പാവങ്ങളെ സംരക്ഷിക്കുന്നു.
16 താണവരിൽ പ്രത്യാശ നിറയ്ക്കുന്നു,അനീതിയുടെ വായ് അടയ്ക്കുന്നു.
17 സർവശക്തന്റെ ശിക്ഷണം നിരസിക്കരുത്;ദൈവം ശാസിക്കുന്ന മനുഷ്യൻ സന്തുഷ്ടൻ.
18 ദൈവം വേദന നൽകുന്നു, മുറിവ് കെട്ടുകയും ചെയ്യുന്നു,ദൈവം തകർത്തുകളയുന്നു, എന്നാൽ സ്വന്തം കൈയാൽ സുഖപ്പെടുത്തുകയും ചെയ്യുന്നു.
19 ആറ് ആപത്തുകളിൽനിന്ന് ദൈവം നിന്നെ രക്ഷിക്കും,ഏഴാമത്തേതിനും നിന്നെ തൊടാനാകില്ല.
20 ക്ഷാമകാലത്ത് ദൈവം നിന്നെ മരണത്തിൽനിന്നുംയുദ്ധകാലത്ത് വാളിന്റെ കൈയിൽനിന്നും വിടുവിക്കും.
21 നാവിന്റെ പ്രഹരത്തിൽനിന്ന്+ നിനക്കു സംരക്ഷണം ലഭിക്കും,നാശം അടുത്ത് വന്നാലും നീ പേടിക്കില്ല.
22 വിനാശത്തെയും വിശപ്പിനെയും നോക്കി നീ കളിയാക്കിച്ചിരിക്കും,വന്യമൃഗങ്ങളെ നീ ഭയപ്പെടില്ല.
23 നിലത്തെ കല്ലുകൾ നിനക്കു ദ്രോഹം ചെയ്യില്ല;*വന്യമൃഗങ്ങളുമായി നീ സമാധാനത്തിലായിരിക്കും.
24 നിന്റെ കൂടാരത്തിൽ പേടികൂടാതെ* നീ താമസിക്കും,നിന്റെ മേച്ചിൽപ്പുറങ്ങളിലുള്ളതൊന്നും കാണാതെപോകില്ല.
25 നിനക്ക് അനേകം മക്കൾ ഉണ്ടാകും,നിന്റെ വംശജർ ഭൂമിയിലെ സസ്യങ്ങൾപോലെ അസംഖ്യമായിരിക്കും.
26 ശവക്കുഴിയിലേക്കു പോകുമ്പോഴും നീ ശക്തനായിരിക്കും;കൊയ്ത്തുകാലത്തെ ധാന്യക്കറ്റകൾപോലെ കരുത്തനായിരിക്കും.
27 ഇതെല്ലാം സത്യമാണെന്നു ഞങ്ങൾ പരിശോധിച്ചറിഞ്ഞിരിക്കുന്നു;
അതുകൊണ്ട് ശ്രദ്ധിച്ചുകേട്ട് ഇത് അംഗീകരിക്കുക.”
അടിക്കുറിപ്പുകള്
^ അഥവാ “കല്ലുകളുമായി നിനക്കൊരു ഉടമ്പടിയുണ്ടായിരിക്കും (കരാറുണ്ടായിരിക്കും).”
^ അക്ഷ. “സമാധാനത്തോടെ.”