ഇയ്യോബ് 7:1-21
7 “ഈ ഭൂമിയിലെ മനുഷ്യജീവിതം അടിമപ്പണിപോലെയുംനശ്വരനായ മനുഷ്യന്റെ നാളുകൾ ഒരു കൂലിക്കാരന്റെ നാളുകൾപോലെയും അല്ലോ.+
2 ഒരു അടിമയെപ്പോലെ അവൻ തണലിനായി കൊതിക്കുന്നു,കൂലിക്കാരനെപ്പോലെ കൂലിക്കായി കാത്തിരിക്കുന്നു.+
3 നിഷ്‌ഫലമായ മാസങ്ങൾ എനിക്കു നിയമിച്ചുകിട്ടിയിരിക്കുന്നു,കഷ്ടപ്പാടിന്റെ രാത്രികൾ എനിക്ക് എണ്ണിത്തന്നിരിക്കുന്നു.+
4 ‘എപ്പോൾ എഴുന്നേൽക്കും’* എന്ന് ഓർത്ത് ഞാൻ ഉറങ്ങാൻ കിടക്കുന്നു,+
പക്ഷേ രാത്രി ഇഴഞ്ഞുനീങ്ങുന്നു,
നേരം വെളുക്കുംവരെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.
5 ചെളിയും പുഴുക്കളും എന്റെ ശരീരത്തെ പൊതിഞ്ഞിരിക്കുന്നു;+എന്റെ ദേഹം മുഴുവൻ പൊറ്റയും പഴുപ്പും നിറഞ്ഞിരിക്കുന്നു.+
6 നെയ്‌ത്തുതറിയെക്കാൾ* വേഗത്തിൽ എന്റെ നാളുകൾ നീങ്ങുന്നു,+പ്രതീക്ഷയ്ക്കു വകയില്ലാതെ അവ അവസാനിക്കുന്നു.+
7 എന്റെ ജീവിതം വെറും കാറ്റാണെന്ന് ഓർക്കേണമേ,+എന്റെ കണ്ണുകൾ ഇനി നന്മ* കാണില്ല.
8 ഇപ്പോൾ എന്നെ കാണുന്ന കണ്ണുകൾ ഇനി എന്നെ കാണില്ല,അങ്ങയുടെ കണ്ണുകൾ എന്നെ തേടും; പക്ഷേ ഞാൻ പോയിക്കഴിഞ്ഞിരിക്കും.+
9 ശവക്കുഴിയിലേക്കു* പോകുന്നവൻ തിരിച്ചുവരുന്നില്ല;+ഒരു മേഘംപോലെ അവൻ മാഞ്ഞുമറഞ്ഞുപോകുന്നു.
10 അവൻ തന്റെ വീട്ടിലേക്കു തിരിച്ചുവരില്ല,അവന്റെ നാട് അവനെ മറന്നുപോകും.+
11 അതുകൊണ്ട് ഞാൻ എന്റെ വായ് അടയ്‌ക്കില്ല.
എന്റെ ആത്മാവിന്റെ നൊമ്പരം നിമിത്തം ഞാൻ സംസാരിക്കും,അതിവേദനയോടെ ഞാൻ പരാതി പറയും!+
12 അങ്ങ് എനിക്കു കാവൽ ഏർപ്പെടുത്താൻഞാൻ കടലോ കടലിലെ ഒരു ഭീമാകാരജന്തുവോ ആണോ?
13 ‘എന്റെ കിടക്ക എന്നെ ആശ്വസിപ്പിക്കും,എന്റെ മെത്ത എന്റെ സങ്കടം ശമിപ്പിക്കും’ എന്നു ഞാൻ പറയുമ്പോൾ,
14 അങ്ങ് എന്നെ സ്വപ്നങ്ങൾകൊണ്ട് ഭയപ്പെടുത്തുന്നു,ദിവ്യദർശനങ്ങൾകൊണ്ട് ഭീതിയിൽ ആഴ്ത്തുന്നു.
15 അതുകൊണ്ട് ശ്വാസം കിട്ടാതെ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,ഈ ശരീരത്തെക്കാൾ* മരണമാണ് എനിക്ക് ഇഷ്ടം.+
16 ഈ ജീവിതത്തോട് എനിക്കു വെറുപ്പാണ്,+ എനിക്ക് ഇനി ജീവിക്കേണ്ടാ,
എന്നെ വെറുതേ വിടൂ, എന്റെ നാളുകൾ വെറും ശ്വാസംപോലെയല്ലോ.+
17 നശ്വരനായ മനുഷ്യൻ എത്ര നിസ്സാരൻ!അങ്ങ് അവനെക്കുറിച്ച് ചിന്തിക്കാനുംഅവനെ നിരീക്ഷിക്കാനും* അവൻ ആരാണ്?+
18 അങ്ങ് എന്തിനു രാവിലെതോറും അവനെ പരിശോധിക്കുന്നു,ഓരോ നിമിഷവും അവനെ പരീക്ഷിക്കുന്നു?+
19 അങ്ങ് എന്നെ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കരുതേ;തുപ്പൽ ഇറക്കാനെങ്കിലും എന്നെ അനുവദിക്കൂ.+
20 മനുഷ്യരെ നിരീക്ഷിക്കുന്നവനേ,+ ഞാൻ പാപം ചെയ്‌താൽ അത് എങ്ങനെ അങ്ങയെ ബാധിക്കും?
അങ്ങ് എന്തിന് എന്നെ ലക്ഷ്യം വെച്ചിരിക്കുന്നു,
ഞാൻ അങ്ങയ്‌ക്ക് ഒരു ഭാരമായിത്തീർന്നോ?
21 അങ്ങ് എന്റെ ലംഘനങ്ങൾ ക്ഷമിക്കുകയുംഎന്റെ തെറ്റുകൾ പൊറുക്കുകയും ചെയ്യാത്തത് എന്ത്?
വൈകാതെ ഞാൻ മണ്ണോടു ചേരും,+അങ്ങ് എന്നെ അന്വേഷിക്കും; പക്ഷേ ഞാൻ പോയിക്കഴിഞ്ഞിരിക്കും.”
അടിക്കുറിപ്പുകള്‍
^ അഥവാ “നേരം വെളുക്കും.”
^ അഥവാ “നെയ്ത്തുകാരന്റെ ഓടത്തെക്കാൾ.”
^ അഥവാ “സന്തോഷം.”
^ അക്ഷ. “അസ്ഥികളെക്കാൾ.”
^ അക്ഷ. “അവനിൽ ഹൃദയം ഉറപ്പിക്കാനും.”