ഇയ്യോബ് 8:1-22
8 ശൂഹ്യനായ+ ബിൽദാദ്+ അപ്പോൾ പറഞ്ഞു:
2 “നീ എത്ര നേരം ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും?+
നിന്റെ വായിൽനിന്ന് വരുന്ന വാക്കുകൾ വീശിയടിക്കുന്ന ഒരു കൊടുങ്കാറ്റുപോലെയാണ്!
3 ദൈവം ന്യായം തടഞ്ഞുവെക്കുമോ?സർവശക്തൻ നീതി നിഷേധിക്കുമോ?
4 നിന്റെ പുത്രന്മാർ ദൈവത്തോടു പാപം ചെയ്തിരിക്കാം,അവരുടെ ധിക്കാരത്തിനു ദൈവം അവരെ ശിക്ഷിച്ചതാകാം.
5 എന്നാൽ നീ ദൈവത്തിലേക്കു നോക്കുകയും+സർവശക്തന്റെ പ്രീതിക്കായി അപേക്ഷിക്കുകയും ചെയ്താൽ,
6 നീ നിർമലനും നേരുള്ളവനും ആണെങ്കിൽ,+ദൈവം നിന്നെ ശ്രദ്ധിക്കുകയുംഅർഹമായ സ്ഥലത്ത് നിന്നെ തിരികെ എത്തിക്കുകയും ചെയ്യും.
7 നിന്റേത് എളിയ തുടക്കമാണെങ്കിലുംനിന്റെ ഭാവി ശോഭനമായിത്തീരും.+
8 പഴയ തലമുറയോടു ചോദിക്കുക;അവരുടെ പിതാക്കന്മാർ കണ്ടെത്തിയ കാര്യങ്ങൾ ശ്രദ്ധിച്ചുകേൾക്കുക.+
9 നമ്മൾ ഇന്നലെ ജനിച്ചവരല്ലേ? നമുക്ക് ഒന്നും അറിയില്ല.ഭൂമിയിലെ നമ്മുടെ ദിനങ്ങൾ ഒരു നിഴൽ മാത്രമാണ്.
10 അവർ നിനക്ക് ഉപദേശം തരും.അവർക്ക് അറിയാവുന്നതെല്ലാം* നിനക്കു പറഞ്ഞുതരും.
11 ചതുപ്പുനിലമല്ലെങ്കിൽ പപ്പൈറസ്* ചെടി തഴച്ചുവളരുമോ?
വെള്ളമില്ലാത്തിടത്ത് ഈറ്റ വളർന്നുപൊങ്ങുമോ?
12 അവ മൊട്ടിട്ടാലും ആരും മുറിച്ചെടുക്കാതെതന്നെ ഉണങ്ങിപ്പോകും,മറ്റു ചെടികൾക്കു മുമ്പേ അവ കരിഞ്ഞുപോകും.
13 ദൈവത്തെ മറക്കുന്നവരുടെ ഗതിയും* ഇതായിരിക്കും,ദുഷ്ടന്മാരുടെ* പ്രത്യാശ നശിച്ചുപോകും.
14 ചിലന്തിവലപോലെ ദുർബലമായതിൽ അവൻ ആശ്രയം വെച്ചിരിക്കുന്നു,അവന്റെ അഭയം തകർന്നുപോകും.
15 അവൻ തന്റെ വീടിനെ ചാരിനിൽക്കും, എന്നാൽ അതു തകർന്നുവീഴും,അവൻ അതിൽ പിടിച്ചുനിൽക്കാൻ നോക്കും; പക്ഷേ അതു നിൽക്കില്ല.
16 സൂര്യപ്രകാശത്തിൽ തഴച്ചുനിൽക്കുന്ന ഒരു ചെടിയാണ് അവൻ,അവന്റെ ശാഖകൾ തോട്ടത്തിൽ പടർന്നുപന്തലിക്കുന്നു.+
17 ഒരു കൽക്കൂമ്പാരത്തിൽ അവന്റെ വേരുകൾ ചുറ്റിപ്പിണഞ്ഞുകിടക്കുന്നു,ആ കല്ലുകൾക്കിടയിൽ അവൻ ഒരു ഭവനം തേടുന്നു.*
18 എന്നാൽ അവനെ അവിടെനിന്ന് പറിച്ചുമാറ്റിക്കഴിയുമ്പോൾ,‘ഞാൻ നിന്നെ കണ്ടിട്ടുപോലുമില്ല’ എന്നു പറഞ്ഞ് ആ സ്ഥലം അവനെ തള്ളിപ്പറയും.+
19 അതെ, അങ്ങനെ അവൻ അപ്രത്യക്ഷനാകും;+പിന്നെ മറ്റു ചിലർ ആ മണ്ണിൽനിന്ന് പൊട്ടിമുളയ്ക്കും.
20 നിഷ്കളങ്കരായി നടക്കുന്നവരെ* ദൈവം ഒരിക്കലും ഉപേക്ഷിക്കില്ലല്ലോ;ദൈവം ദുഷ്ടരെ പിന്താങ്ങുകയുമില്ല.*
21 ദൈവം വീണ്ടും നിന്റെ വായിൽ ചിരി നിറയ്ക്കും;നിന്റെ ചുണ്ടുകളിൽ ആർപ്പുവിളി നൽകും.
22 നിന്നെ വെറുക്കുന്നവർ ലജ്ജ ധരിക്കും,ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതാകും.”
അടിക്കുറിപ്പുകള്
^ അക്ഷ. “അവരുടെ ഹൃദയത്തിലുള്ളതെല്ലാം.”
^ അക്ഷ. “പാതയും.”
^ അഥവാ “വിശ്വാസത്യാഗികളുടെ.”
^ അഥവാ “കല്ലുകൊണ്ടുള്ള ഭവനത്തിലേക്ക് അവൻ നോക്കുന്നു.”
^ അഥവാ “കുറ്റമറ്റവരെ; ധർമനിഷ്ഠ പാലിക്കുന്നവരെ.” പദാവലിയിൽ “ധർമനിഷ്ഠ” കാണുക.
^ അക്ഷ. “ദുഷ്ടരുടെ കൈ പിടിക്കുകയുമില്ല.”