ഉത്തമഗീതം 2:1-17
2 “തീരസമതലത്തിലെ വെറുമൊരു കുങ്കുമപ്പൂവാണു ഞാൻ,താഴ്വാരങ്ങളിൽ വിരിഞ്ഞ ഒരു ലില്ലിപ്പൂ.”+
2 “മുൾച്ചെടികൾക്കിടയിൽ നിൽക്കുന്ന ലില്ലിപ്പൂപോലെയാണുപെൺകൊടികൾക്കിടയിൽ എൻ പ്രിയ.”
3 “യുവാക്കന്മാർക്കിടയിൽ എൻ പ്രിയൻകാട്ടുമരങ്ങൾക്കിടയിൽ നിൽക്കുന്ന ആപ്പിൾ മരംപോലെ.
അവന്റെ തണലിൽ ഇരിക്കാൻ ഞാൻ എത്ര കൊതിക്കുന്നു!അവന്റെ കനികൾ എന്റെ നാവിൽ മധുരിക്കുന്നു.
4 അവൻ എന്നെ വിരുന്നുശാലയിൽ* കൊണ്ടുവന്നു.എന്റെ മീതെ അവൻ സ്നേഹക്കൊടി പാറിച്ചു.
5 ഞാൻ പ്രണയപരവശയാണ്.ഉണക്കമുന്തിരിയടകൾകൊണ്ട്+ എനിക്കു ചൈതന്യം പകരൂ!ആപ്പിൾപ്പഴം തന്ന് എനിക്ക് ഉന്മേഷം പകരൂ!
6 അവന്റെ ഇടങ്കൈ എനിക്കു തലയണയായുണ്ട്.അവന്റെ വലങ്കൈ എന്നെ പുണരുന്നു.+
7 യരുശലേംപുത്രിമാരേ, കാട്ടിലെ ചെറുമാനുകളുടെയും പേടമാനുകളുടെയും+ പേരിൽഞാൻ നിങ്ങളെക്കൊണ്ട് ആണയിടുവിക്കുന്നു:
പ്രേമിക്കാൻ താത്പര്യം തോന്നാത്തിടത്തോളം എന്നിൽ പ്രേമം ഉണർത്തരുതേ, അത് ഇളക്കിവിടരുതേ.+
8 എന്റെ പ്രിയന്റെ സ്വരം കേൾക്കുന്നു.
മലകൾ താണ്ടി, കുന്നുകൾ ചാടിക്കടന്ന്അതാ, അവൻ വരുന്നു!
9 എന്റെ പ്രിയൻ ചെറുമാനിനെപ്പോലെയാണ്, ഒരു കലമാൻകുട്ടിയെപ്പോലെ!+
അവൻ അതാ, നമ്മുടെ ചുവരിനു പിന്നിൽ നിന്ന്ജനാലയിലൂടെ കണ്ണിമയ്ക്കാതെ നോക്കുന്നു,ജനലഴികൾക്കിടയിലൂടെ അവൻ സൂക്ഷിച്ചുനോക്കുന്നു.
10 എന്റെ പ്രിയൻ എന്നോടു സംസാരിക്കുന്നു. അവൻ പറയുന്നു:
‘എന്റെ പ്രിയേ, എഴുന്നേൽക്കൂ!എന്റെ സുന്ദരീ, എന്റെകൂടെ വരൂ.
11 ശൈത്യകാലം* തീർന്നു,
മഴയും മാറി.
12 നാട്ടിലെങ്ങും പൂക്കൾ വിരിഞ്ഞുതുടങ്ങി.+മുന്തിരിവള്ളി വെട്ടിയൊരുക്കുംകാലം വന്നെത്തി.+ചെങ്ങാലിപ്രാവിന്റെ+ പാട്ടും നമ്മുടെ നാട്ടിൽ കേൾക്കുന്നു.
13 അത്തി മരത്തിൽ ആദ്യം കായ്‌ച്ചവ പഴുത്തുതുടങ്ങി;+മുന്തിരിവള്ളികൾ പൂത്തുലഞ്ഞ് സുഗന്ധം പരത്തുന്നു.
എന്റെ പ്രിയേ, എഴുന്നേറ്റ് വരൂ!
എന്റെ സുന്ദരീ, എന്റെകൂടെ വരൂ.
14 ചെങ്കുത്തായ പാറയിലെ ഒളിയിടങ്ങളിലുംപാറയിടുക്കുകളിലും ഇരിക്കുന്ന എന്റെ പ്രാവേ,+ഞാൻ നിന്നെ കാണട്ടെ, നിന്റെ സ്വരമൊന്നു കേൾക്കട്ടെ.+നിൻ സ്വരം മധുരസ്വരം, നിൻ രൂപം അതിമനോഹരം!’”+
15 “ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തുലഞ്ഞിരിക്കയാൽഅവ നശിപ്പിക്കുന്ന കുറുക്കന്മാരെ,ആ കുട്ടിക്കുറുക്കന്മാരെ, പിടിച്ചുതരൂ!”
16 “എന്റെ പ്രിയൻ എന്റേതു മാത്രം, ഞാൻ അവന്റേതു മാത്രവും.+
അവൻ ലില്ലികൾക്കിടയിൽ ആടു മേയ്ക്കുന്നു.+
17 ഇളങ്കാറ്റു വീശുംമുമ്പേ,* നിഴൽ മറയുംമുമ്പേ,നമുക്കിടയിലുള്ള മലകളിലെ* ചെറുമാനിനെയും+ കലമാൻകുട്ടിയെയും+ പോലെഎന്റെ പ്രിയനേ, നീ വേഗം മടങ്ങിവരൂ.
അടിക്കുറിപ്പുകള്‍
^ അക്ഷ. “വീഞ്ഞുവീട്ടിൽ.”
^ അഥവാ “മഴക്കാലം.”
^ അക്ഷ. “പകൽ മന്ദമായി വീശുംമുമ്പേ.”
^ മറ്റൊരു സാധ്യത “ഇടയിൽ വിടവുള്ള മലകളിലെ.” അഥവാ “ബീതെർമലകളിലെ.”