ഉത്തമഗീതം 3:1-11
3 “രാത്രികളിൽ എന്റെ കിടക്കയിൽവെച്ച്എന്റെ പ്രിയനെ ഞാൻ അന്വേഷിച്ചു.+
പക്ഷേ അവനെ കണ്ടില്ല.+
2 ഞാൻ എഴുന്നേറ്റ് നഗരത്തിലൂടെ തേടിയലയും.തെരുവുകളിലും പൊതുസ്ഥലങ്ങളിലും*എന്റെ പ്രിയനെ ഞാൻ അന്വേഷിക്കട്ടെ.
ഞാൻ അന്വേഷിച്ചു. പക്ഷേ അവനെ കണ്ടില്ല.
3 നഗരത്തിൽ റോന്തു ചുറ്റുന്ന കാവൽക്കാർ എന്നെ കണ്ടു.+
‘എന്റെ പ്രിയനെ നിങ്ങൾ കണ്ടോ’ എന്നു ഞാൻ തിരക്കി.
4 അവരെ കടന്ന് മുന്നോട്ടു നീങ്ങിയതുംഎന്റെ പ്രിയനെ ഞാൻ കണ്ടു.
ഞാൻ അവനെ മുറുകെ പിടിച്ചു.എന്റെ അമ്മയുടെ വീട്ടിൽ,+ എന്നെ പ്രസവിച്ചവളുടെ ഉൾമുറിയിൽ,കൊണ്ടുചെല്ലുംവരെ ഞാൻ ആ പിടി വിട്ടില്ല.
5 യരുശലേംപുത്രിമാരേ, കാട്ടിലെ ചെറുമാനുകളുടെയും പേടമാനുകളുടെയും പേരിൽഞാൻ നിങ്ങളെക്കൊണ്ട് ആണയിടുവിക്കുന്നു:
പ്രേമിക്കാൻ താത്പര്യം തോന്നാത്തിടത്തോളം എന്നിൽ പ്രേമം ഉണർത്തരുതേ, അത് ഇളക്കിവിടരുതേ.”+
6 “മീറയുടെയും കുന്തിരിക്കത്തിന്റെയുംവ്യാപാരിയുടെ സകല സുഗന്ധചൂർണങ്ങളുടെയും പരിമളം പരത്തിപുകത്തൂണുപോലെ വിജനഭൂമിയിൽനിന്ന്* ആ വരുന്നത് എന്താണ്?”+
7 “അതാ! അതു ശലോമോന്റെ മഞ്ചമാണ്.
ഇസ്രായേലിലെ വീരന്മാരിൽ+ 60 പേർഅതിന് അകമ്പടിയായുണ്ട്.
8 അവർക്കെല്ലാം വാളുണ്ട്.എല്ലാവരും യുദ്ധപരിശീലനം നേടിയവർ.രാത്രിയിലെ ഭീകരതകളിൽനിന്ന് രക്ഷ നേടാൻഅവരെല്ലാം അരയിൽ വാൾ ധരിച്ചിരിക്കുന്നു.”
9 “അതു ശലോമോൻ രാജാവിന്റെ രാജപല്ലക്കാണ്.*ലബാനോനിലെ മരങ്ങൾകൊണ്ട്+ രാജാവ് തനിക്കായി തീർത്ത പല്ലക്ക്.
10 രാജാവ് വെള്ളികൊണ്ട് അതിലെ കാലുകളും*സ്വർണംകൊണ്ട് ചാരുകളും പണിതു.
ഇരിപ്പിടം പർപ്പിൾ നിറമുള്ള കമ്പിളിരോമംകൊണ്ടുള്ളത്.ഉൾവശം യരുശലേംപുത്രിമാർസ്നേഹപൂർവം അലങ്കരിച്ചതാണ്.”
11 “സീയോൻപുത്രിമാരേ, ചെല്ലൂ!ശലോമോൻ രാജാവിനെ നോക്കൂ!രാജാവിന്റെ വിവാഹദിനത്തിൽ,അദ്ദേഹത്തിന്റെ ഹൃദയാനന്ദത്തിൻനാളിൽ,രാജമാതാവ്+ ഉണ്ടാക്കിക്കൊടുത്ത വിവാഹകിരീടം* അണിഞ്ഞ് അതാ, അദ്ദേഹം വരുന്നു.”
അടിക്കുറിപ്പുകള്‍
^ അഥവാ “പൊതുചത്വരങ്ങളിലും.”
^ വിശിഷ്ടവ്യക്തികളെ ചുമന്നുകൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന മൂടിയുള്ള മഞ്ചം.
^ പല്ലക്കിന്റെ മേലാപ്പു താങ്ങുന്ന കാലുകളായിരിക്കാനാണു സാധ്യത.
^ അഥവാ “പുഷ്പകിരീടം.”